പി.പി. ഷാനവാസ്

നെഞ്ചിൽ തൊട്ടു പറയൂ,
ഇടതുപക്ഷമെന്ന്…

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് പി.പി. ഷാനവാസ് നൽകിയ മറുപടി.

നങ്ങളെ വംശങ്ങളും ജാതികളും സമുദായങ്ങളുമായി വിഭജിക്കുകയും, ഒരു ജനത എന്ന നിലയിലുള്ള അവരുടെ അസ്തിത്വത്തെ ചിന്നഭിന്നമാക്കുകയും ചെയ്യുന്ന നയങ്ങൾ, ആധുനിക കാലത്തെ സർക്കാറുകളുടെ സാങ്കേതികവിദ്യയായി തീരുന്ന "പോപുലിസ്റ്റ് രാഷ്ട്രീയം’’, നമ്മുടെ ജനാധിപത്യത്തെ കയ്യാളിയതിനെപ്പറ്റി, പാർത്ഥ ചാറ്റർജി തന്റെ "രാഷ്ട്രീയ സമൂഹങ്ങളെക്കുറിച്ചുള്ള" പഠനത്തിൽ1 നിരീക്ഷിക്കുന്നുണ്ട്. ഏണസ്‌റ്റോ ലക്ലോവിന്റെ "രാഷ്ട്രീയത്തിന്റെ പോപുലിസ്റ്റ് യുക്തിയെപ്പറ്റി" ഉദ്ധരിച്ചുകൊണ്ട് പാർത്ഥ, ഈ പരിതോവസ്ഥ സൃഷ്ടിക്കുന്ന "അവ്യക്തതയും" "പ്രത്യയശാസ്ത്രശൂന്യതയും" "ധൈഷണിക വിരുദ്ധതയും," അതിന്റെ "താൽക്കാലികതയിൽ ഊന്നുന്ന പ്രയോജനവാദവും" ചൂണ്ടിക്കാണിക്കുന്നു.

മുതലാളിത്തവും അതിന്റെ ഭരണവാഴ്ചയും സൃഷ്ടിക്കുന്ന സാഹചര്യങ്ങളാണ് "പോപുലിസത്തിന്റെ" ഈ രാഷ്ട്രീയത്തിന് കളമൊരുക്കുന്നത്. ഇതു പൊതുജനങ്ങളെ, അധികാര സ്ഥാപനങ്ങളുമായി ചേർന്നു നിൽക്കുന്നവരിൽനിന്ന് അടർത്തിമാറ്റുകയും, ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്ന വിഭജനം ആഴത്തിൽ കൊണ്ടുവരികയും ചെയ്യുന്നു. ജനങ്ങളുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും, അധികാരത്തിലേക്ക് പാലം പണിയാനുള്ള, കേവലം ഉപാധികളാക്കി വെട്ടിച്ചുരുക്കുന്ന ഒരു നയപരിപാടിയാക്കി അധഃപതിപ്പിക്കുകയാണ് ഇതെല്ലാം ചെയ്യുന്നത്. അങ്ങനെ ജനങ്ങൾ അധികാരം കൊയ്യാനുള്ളവരുടെ ഇരകളായി തീരുന്നു. വർഗ്ഗങ്ങളെയും വംശങ്ങളെയും രാഷ്ട്രീയവാഴ്ചയെയും പാർട്ടിയെയും, തമ്മിൽ തമ്മിൽ ഇത്തരത്തിൽ, ജനങ്ങളുമായി എതിർനിർത്തുന്ന, ഒരു കൃത്രിമ വിഭജനരേഖ വരയ്ക്കുന്നു. രാഷ്ട്രീയ സംവാദസ്ഥലിയെ ഒരു ഭരണയന്ത്രം കൊണ്ട് പകരം വയ്ക്കുന്ന സ്ഥിതി.

ജനാധിപത്യത്തെയും സോഷ്യലിസത്തെയും മാർക്സിസത്തെയും സംബന്ധിച്ച പ്രത്യാശ നഷ്ടപ്പെട്ട ഒരു നേതൃത്വമാണ് ഇന്ന് ഇടതുപക്ഷത്തിന്റേത്.

അധികാരത്തിലിരിക്കുന്നവർക്ക് തങ്ങളുടെ ഭരണത്തുടർച്ചകൾക്ക് ജനങ്ങളിൽ സമ്മതി നിർമ്മാണമുണ്ടാക്കേണ്ടതുണ്ട്. അതിനായി ഭാവനയിലുള്ള ഒരു ശത്രുവിനെ, ജനങ്ങൾക്കു മുമ്പിൽ പ്രതിഷ്ഠിക്കുക എന്ന തന്ത്രം അവർ സ്വീകരിക്കുന്നു. തുടർച്ചയായി ഭരണത്തിലിരിക്കുന്ന ഒരു പാർട്ടി, ജനങ്ങളെ ഇപ്രകാരം പ്രത്യേക ഗ്രൂപ്പുകളായി വിഭജിക്കുകയും, അവരുടെ സവിശേഷമായ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും വർഗീകരിക്കുകയും, അവർ തമ്മിൽ തമ്മിലുള്ള വിഭജനങ്ങളെ വേർതിരിച്ചുകണ്ട് കൈകാര്യം ചെയ്യുകയും ചെയ്യുന്നു. ജനങ്ങളെ ഒന്നിപ്പിക്കേണ്ട ശക്തി വിഭജിപ്പിക്കുന്ന ഒന്നായിത്തീരുന്നു. മുതലാളിത്തത്തിനും മൂലധനത്തിന്റെ ഒഴുക്കിനും ഇത്തരം വിഭജനങ്ങൾ അനിവാര്യമാണെന്നു വരുന്നു.

അധികാരത്തിലിരിക്കുന്നവർക്ക് തങ്ങളുടെ ഭരണത്തുടർച്ചകൾക്ക് ജനങ്ങളിൽ സമ്മതി നിർമ്മാണമുണ്ടാക്കേണ്ടതുണ്ട്. അതിനായി ഭാവനയിലുള്ള ഒരു ശത്രുവിനെ, ജനങ്ങൾക്കു മുമ്പിൽ പ്രതിഷ്ഠിക്കുക എന്ന തന്ത്രം അവർ സ്വീകരിക്കുന്നു.
അധികാരത്തിലിരിക്കുന്നവർക്ക് തങ്ങളുടെ ഭരണത്തുടർച്ചകൾക്ക് ജനങ്ങളിൽ സമ്മതി നിർമ്മാണമുണ്ടാക്കേണ്ടതുണ്ട്. അതിനായി ഭാവനയിലുള്ള ഒരു ശത്രുവിനെ, ജനങ്ങൾക്കു മുമ്പിൽ പ്രതിഷ്ഠിക്കുക എന്ന തന്ത്രം അവർ സ്വീകരിക്കുന്നു.

രാഷ്ട്രീയ അർത്ഥശാസ്ത്രത്തിന്റെ ‘‘വിമൃഷ്ടിയുടെ രാഷ്ട്രീയം (Critique of Political Economy)", അദാനിയുടെ അടുക്കളപ്പണിക്കാരായി മാറുന്നു. ജനാധിപത്യപ്രക്രിയയുടെ ഈ ദുരന്തമാണ്, "ജനകീയത’’യിൽനിന്ന് "ജനപ്രിയ രാഷ്ട്രീയ’’മായി ഇടതുപക്ഷങ്ങളെയും അധഃപതിപ്പിക്കുന്നത്. പശ്ചിമബംഗാളിനുശേഷം കേരളവും ഈ പരീക്ഷണക്കെണിയിലാണ്. ജനാധിപത്യത്തെയും സോഷ്യലിസത്തെയും മാർക്സിസത്തെയും സംബന്ധിച്ച പ്രത്യാശ നഷ്ടപ്പെട്ട ഒരു നേതൃത്വമാണ് ഇന്ന് ഇടതുപക്ഷത്തിന്റേത്. അറിവിനും വിവേകത്തിനും പകരം, അതിജീവനത്തിന്, അധികാരത്തെയും സമ്പത്തിനെയുമാണ് അവർ ആശ്രയിക്കുന്നത്. രാഷ്ട്രീയം എന്നത്, ഒരു ഭരണയന്ത്രത്തിന്റെ കേവലം നയരൂപീകരണമാവുകയും, ജനങ്ങളെ കേവലം ആവശ്യക്കാരും ആൾക്കൂട്ടവുമായി കണ്ട് തൃപ്തിപ്പെടുത്താനുള്ള നടപടികൾ കൈക്കൊള്ളുകയും, അതുവഴി തങ്ങൾക്ക് തെളിച്ചു നടക്കാനുള്ള ഇച്ഛാരഹിതമായ ഒരാട്ടിൻപറ്റമായി ജനങ്ങളെ പരിവർത്തിപ്പിക്കുകയും ചെയ്യുന്നു.

കൂടുതൽ സൈദ്ധാന്തികവും ആശയപരവും ധൈഷണികവുമായ പ്രതിരോധങ്ങൾ കൊണ്ട്, ഇടതു വലതു ഭേദമില്ലാത്ത രാഷ്ട്രീയത്തിന്റെ, ഈ "പോപുലിസ്റ്റുവൽക്കരണത്തെ," നാം കേരളീയർ പ്രതിരോധിച്ചേ മതിയാകൂ.

ഭരണകൂടം ഈ നിലയിൽ പുലരുമ്പോൾ, മറുഭാഗത്ത്, സിവിൽ സമൂഹത്തെ, ജാതിയും സമുദായവുമായിക്കണ്ട് വർഗ്ഗീകരിക്കുന്ന തന്ത്രങ്ങളും അടവുകളും സ്വീകരിക്കുന്നു. അധികാരം കൈക്കലാക്കാൻ ഏതറ്റം വരെ പോകാനും തയ്യാർ എന്നു വരുമ്പോൾ, വർഗീയതയും വംശീയതയും പയറ്റി നോക്കുന്നതിലും, അത്തരം ക്യാമ്പയിനുകൾക്ക് ചുക്കാൻ പിടിക്കുന്നതിലും, യാതൊരു അപാകതയും കാണാതെയാവുന്നു. രാഷ്ട്രീയം കുതന്ത്രങ്ങളുടെ നിലമാകുകയും, പ്രൊഫഷണലുകളുടെ മേച്ചിൽ പുറമാകുകയും, കൾട്ടുകൾ രൂപം കൊള്ളുകയും ചെയ്യുന്ന 'പോസ്റ്റ്-മോഡേൺ' ദുരന്തങ്ങൾ. സ്വന്തം അന്തഃച്ഛിദ്രതയുടെമേൽ ബലതന്ത്രം കണ്ടെത്തുന്ന കേഡർ രാഷ്ട്രീയം.

നേതൃത്വം ഈ വിധം മാറിപ്പോയതറിയാതെ, തങ്ങൾ നിലകൊണ്ട പാരമ്പര്യങ്ങളുടെ വൈകാരിക അട്ടിപ്പേറുകളിൽനിന്ന് കൂടൊഴിയാൻ കഴിയാതെ, അനുയായികൾ, ഒരു ഫാഷിസ്റ്റ് സമ്മതി നിർമ്മാണത്തിനുവഴങ്ങിക്കൊടുക്കുകയും, ഫാഷിസ്റ്റ് രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരകളും മാപ്പുസാക്ഷികളുമായിത്തീരുകയും ചെയ്യുന്നു. വലതുപക്ഷം ഇടതുപക്ഷമാവുകയും, ഇടതുപക്ഷം വലതുപക്ഷമാവുകയും, അവർ കോർപ്പറേറ്റ് സഖ്യകക്ഷികളാവുകയും ചെയ്യുന്നു.

അധികാരത്തിലിരിക്കുന്നവർക്ക് തങ്ങളുടെ ഭരണത്തുടർച്ചകൾക്ക് ജനങ്ങളിൽ സമ്മതി നിർമ്മാണമുണ്ടാക്കേണ്ടതുണ്ട്. അതിനായി ഭാവനയിലുള്ള ഒരു ശത്രുവിനെ, ജനങ്ങൾക്കു മുമ്പിൽ പ്രതിഷ്ഠിക്കുക എന്ന തന്ത്രം അവർ സ്വീകരിക്കുന്നു.
അധികാരത്തിലിരിക്കുന്നവർക്ക് തങ്ങളുടെ ഭരണത്തുടർച്ചകൾക്ക് ജനങ്ങളിൽ സമ്മതി നിർമ്മാണമുണ്ടാക്കേണ്ടതുണ്ട്. അതിനായി ഭാവനയിലുള്ള ഒരു ശത്രുവിനെ, ജനങ്ങൾക്കു മുമ്പിൽ പ്രതിഷ്ഠിക്കുക എന്ന തന്ത്രം അവർ സ്വീകരിക്കുന്നു.

"മതനിരപേക്ഷതയും" "ന്യൂനപക്ഷ സംരക്ഷണവും" പ്രകടനപത്രികയിലെ മെലിഞ്ഞ ഒരു പാരഗ്രാഫായി ചുരുങ്ങുന്നു. "ജാതി മത ഭേദമില്ലാതെ സോദരത്വേനെ വാഴുന്ന ഒരു മാതൃകാസ്ഥാനം" ഫാഷിസത്തിന്റെ ബലിക്കല്ലിൽ തലവെച്ചു കൊടുക്കുന്നു. "മതമേതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന മുദ്രാവാക്യം, ഒരു മതം മറ്റൊരു മതത്തിന് എതിർ നിർത്തുന്ന, പ്രചാരണതന്ത്രമാക്കി മാറ്റുന്നു. ലജ്ജയേതുമില്ലാതെ മതവിദ്വേഷം പ്രചരിപ്പിക്കുന്ന തെരുവുകളായി നമ്മുടെ "നവോത്ഥാനത്തിന്റെ വീഥികളും പഥങ്ങളും" മാറിപ്പോകുന്നു. അവ്യക്തതകളുടേയും അസഭ്യവർഷങ്ങളുടെയും പുകമറയിൽ, രാഷ്ട്രീയം വ്യക്തിഗത താൽപര്യങ്ങളുടെയും സ്വയം പ്രൊജക്ഷനുകളുടെയും ഗിമ്മിക്കുകളും മാനിപുലേഷനുമായി തരംതാഴുന്നു. നാം സ്വപ്നത്തിൽ പോലും കാണാത്ത, രാഷ്ട്രീയ സംഖ്യങ്ങളും "അണിയറ കൈക്കൊടുക്കലുകളും" നടക്കുന്നു. സംഘപരിവാറുമായി തങ്ങൾ വോട്ട് ഷെയറിങ് നടത്തുന്നില്ല എന്നു നെഞ്ചിൽ തൊട്ടു പറയാൻ ഇടതുപക്ഷക്കാർക്ക് കഴിയാത്ത സ്ഥിതി.

നവോത്ഥാന രാഷ്ട്രീയ കേരളം, അതിന്റെ റിവേഴ്സ് ഗിയറിൽ തിരിയുന്നതിനു നാം സാക്ഷിയാവുകയാണ്. കബീർ പറഞ്ഞപോലെ "മാങ്ങാമരം തേങ്ങാമരമാകുന്ന വിചിത്രകാലം." കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ച വിമോചന സമരത്തിന്റെ ശക്തികൾ, കേരളീയ രാഷ്ട്രീയത്തെ മുച്ചൂടും ഗ്രസിച്ച ഈ പരിതോവസ്ഥ, കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയം കൊണ്ട് നേരിടാനാവാത്ത ഒരു സ്ഥിതിയാണ്. കൂടുതൽ സൈദ്ധാന്തികവും ആശയപരവും ധൈഷണികവുമായ പ്രതിരോധങ്ങൾ കൊണ്ട്, ഇടതു വലതു ഭേദമില്ലാത്ത രാഷ്ട്രീയത്തിന്റെ, ഈ "പോപുലിസ്റ്റുവൽക്കരണത്തെ," നാം കേരളീയർ പ്രതിരോധിച്ചേ മതിയാകൂ.

റഫറൻസ്:
1: Partha Chatterji, The People in Utopean and Real Time, Lineages of Political Society, Permanent Black, Ranikhet, 2011.

Comments