റഫീക്ക് അഹമ്മദ്

ആരെ തോൽപ്പിക്കണം എന്നറിയാം,
ആരെ ജയിപ്പിക്കണം എന്നറിഞ്ഞുകൂടാ…

‘‘പതിനാറാം ​കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി ​വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് റഫീക്ക് അഹമ്മദ് നൽകിയ മറുപടി.

തിനാറാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരേസമയം രാഷ്ട്രീയവും അരാഷ്ട്രീയവുമായതിനാൽ ഈ ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമില്ല. ‘ഏതു പാർട്ടി ഭരിച്ചാലും ഒരുപോലെത്തന്നെ’ എന്ന നാട്ടുചൊല്ലിന്റെ ലളിതവത്കൃത പൊട്ടക്കുളത്തിൽ ചാടുക വയ്യ. പക്ഷെ ഏറ്റവും സാധാരണ മനുഷ്യരെക്കൊണ്ട് അങ്ങനെ പറയിപ്പിച്ച ഒരു സാഹചര്യമുണ്ട്. അത് രാഷ്‌ട്രീയപാർട്ടികൾ ഉണ്ടാക്കിയ അരാഷ്ട്രീയതയുടെ ഫലമാണ്.

അധികാരലബ്‌ധിക്കും അതു തരുന്ന സുഖസൗകര്യങ്ങൾക്കുമുപരി മറ്റെല്ലാം അപ്രധാനമായി മാറിയതോടെ, പാർലമെൻ്ററി ജനാധിപത്യവും ജനങ്ങളുടെ ജനാധിപത്യവും രണ്ടായി മാറുമ്പോൾ അധികാരത്തിനുവേണ്ടി ഭരണവർഗപാർട്ടികൾ നടത്തുന്ന ഡീലുകളും തന്ത്രങ്ങളും മാർക്കറ്റിങ്ങും മാത്രമായുള്ള ബിസിനസ്സായി അതു മാറുകയാണ്.

ഇനി ഏത് മുന്നണി അധികാരത്തിൽ വരണം എന്ന ചോദ്യത്തിന് മറുപടി ആലോചിക്കുമ്പോൾ തെരഞ്ഞെടുപ്പു രംഗത്തുള്ള മൂന്ന് മുന്നണികൾ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തെ അഭിമുഖീകരിക്കേണ്ടിവരും.

ബി ജെ പി ഉൾപ്പെടുന്ന മുന്നണി തീർച്ചയായും വ്യത്യസ്തമാണ്. അവർക്ക് കൃത്യമായ ഒരു പ്രത്യയശാസ്ത്രവും ലക്ഷ്യവുമുണ്ട്. മറ്റു രണ്ട് മുന്നണികളിൽനിന്ന് വ്യത്യസ്തമായി അവർക്ക് അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളോട് പ്രതിബദ്ധതയുണ്ട്. എന്നാൽഅത് പ്രാകൃതവും മാനവികതെയ്ക്കെതിരുമായതിനാൽ അവർക്ക് വോട്ടു ചെയ്യുന്ന വിഷയം വരുന്നില്ല.

പിന്നെയുള്ളത് യു ഡി എഫും എൽ ഡി എഫുമാണ്. രണ്ടുകൂട്ടരുടെയും മാറിമാറിയുള്ള ഭരണം കേരളം അനുഭവിച്ചറിഞ്ഞതാണല്ലോ. വികസന വിഷയത്തിൽ ബ്രിട്ടീഷുകാരും സി. അച്യുതമേനോൻ സർക്കാരും മുതൽ പിണറായി സർക്കാർവരെ പലതും ചെയ്തിട്ടുണ്ട്. ഏതൊരു ഭരണകൂടവും വേണ്ടെന്നു വിചാരിച്ചാൽപോലും നടന്നുപോകുന്ന കാര്യമാണത്. സമൂഹത്തിൽ ഏറ്റവും താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായി എന്തു ചെയ്തു, ചെയ്യുന്നു എന്നുള്ളതാണ് യഥാർത്ഥ പ്രശ്നം. ആഡംബര വികസനപദ്ധതികൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന, ആരോഗ്യമേഖലയിലെ അടിസ്ഥാനപ്രവർത്തകരെ, അതും വനിതകളെ അവഹേളിക്കുന്ന, ഫാഷിസ്റ്റ് വിദ്യാഭ്യാസ അജണ്ടകളെ ജനാധിപത്യവിരുദ്ധമായി ഒളിച്ചുകടത്തുന്ന, വർഗീയ വിഷം തുപ്പുന്ന സാമൂഹ്യദ്രോഹികളെ തോളോടുചേർക്കുന്ന, സ്വയം പുകഴ്ത്തലിനായി പൊതുധനം ധൂർത്തടിക്കുന്ന ഒരു പക്ഷം എങ്ങനെ ഇടതാകും?

മറുപക്ഷത്തേക്കു നോക്കിയാലോ? അധികാരം എന്ന ഒരേയൊരു ലക്ഷ്യമല്ലാതെ എന്ത് ആശയമാണ്, പ്രത്യയശാസ്‌ത്രമാണ് അവരെ നയിക്കുന്നത്? യാതൊരു ഉളുപ്പുമില്ലാതെ സ്ഥാനമാനങ്ങൾക്കായി കടിപിടികൂടുന്ന ഒരു ആൾക്കൂട്ടം എന്നതിലുപരി എന്ത് വ്യത്യസ്തതയാണ് യു ഡി എഫിനുള്ളത്?

ഈ പ്രബുദ്ധമായ നാടിനെ ഇരു കൂട്ടരും കൂടി അരാഷ്‌ട്രീയ സമൂഹമാക്കി മാറ്റി. ഫാഷിസ്റ്റുകൾക്ക് എളുപ്പം കടന്നുവരാനുള്ള കളമൊരുക്കി.

ഈ തെരഞ്ഞെടുപ്പിൽ ആരെ വിജയിപ്പിക്കണം എന്ന ചോദ്യം നിർഭാഗ്യവശാൽ സങ്കീർണമായിരിക്കുന്നു.

ആരെ തോൽപ്പിക്കണം എന്നായിരുന്നു ചോദ്യമെങ്കിൽ ബി ജെ പി മുന്നണിയെ എന്ന ഉത്തരം തരാമായിരുന്നു.

ആരെ ജയിപ്പിക്കണം എന്ന് എനിക്കറിഞ്ഞുകൂടാ.


Summary: Elections are underway for the 16th Kerala Legislative Assembly. Which front do you want to come to power this time? Rafeeq Ahammed reacts.


റഫീക്ക് അഹമ്മദ്

കവി, നോവലിസ്റ്റ്, ഗാനരചയിതാവ്. സ്വപ്‌നവാങ്മൂലം, പാറയിൽ പണിഞ്ഞത്, ആൾമറ, റഫീക്ക് അഹമ്മദിന്റെ കവിതകൾ എന്നീ കവിതാ സമാഹാരങ്ങളും അഴുക്കില്ലം എന്ന നോവലും പ്രധാന കൃതികൾ.

Comments