ഭാവിഭരണകൂടത്തിന്റെ സ്വഭാവം നിർണ്ണയിക്കുന്നത് ഭരണപരമായ കാര്യക്ഷമതയിലൂടെയോ സാമ്പത്തിക വളർച്ചയിലൂടെയോ മാത്രമല്ല, മറിച്ച്, ഒരു സമൂഹത്തിന്റെ നീതിബോധം, ഉൾക്കൊള്ളൽ, മനുഷ്യകേന്ദ്രിതസമീപനം, പരിസ്ഥിതി ഉത്തരവാദിത്തം എന്നിവയുടെ സമന്വയത്തിലൂടെയാണ്. ക്ഷേമരാജ്യത്തിന്റെ ദർശനം, സൽഭരണതത്വങ്ങൾ, ജെൻഡർ നീതി, ഉൾക്കൊള്ളുന്ന വികസനം, സുസ്ഥിരത എന്നിവയെ ഏകോപിപ്പിക്കുന്ന സമഗ്ര ഭരണരീതിയാണ് ഇന്ന് ആവശ്യം.
ഈ പശ്ചാത്തലത്തിൽ, ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ (Directive Principles of State Policy) ഒരു പ്രധാന ദിശാസൂചിയായി പ്രവർത്തിക്കുന്നു.
ഭരണഘടനാദർശനവും
നിർദ്ദേശക തത്വങ്ങളും
ഒരു ക്ഷേമരാജ്യത്തിന്റെ ദിശയും ലക്ഷ്യങ്ങളും നിർണ്ണയിക്കുന്ന അടിസ്ഥാന മാർഗരേഖകളാണ് ഭരണഘടനയിലെ നിർദ്ദേശകതത്വങ്ങൾ. ഭരണഘടനയുടെ നാലാം ഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ തത്വങ്ങൾ ഭരണനിർവഹണത്തിലും നിയമനിർമ്മാണത്തിലും സർക്കാർ പാലിക്കേണ്ട മാർഗനിർദ്ദേശങ്ങളാണ്. സാമ്പത്തിക, സാമൂഹിക, നൈതിക, വിദ്യാഭ്യാസ, അന്താരാഷ്ട്ര മേഖലകളെ ഉൾക്കൊള്ളുന്ന ഇവ ജനങ്ങളുടെ സമഗ്രക്ഷേമവും സാമൂഹ്യനീതിയും ഉറപ്പാക്കുന്നതിനുള്ള ദിശാബോധം നൽകുന്നു.
ക്ഷേമരാഷ്ട്രം എന്ന ആശയം സ്വീകരിച്ച്, ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും ഉറപ്പുവരുത്തേണ്ടത് രാജ്യത്തിന്റെ അടിസ്ഥാന കടമയായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് സാമ്പത്തികവും സാമൂഹികവുമായ നിരവധി തത്ത്വങ്ങൾ മാർഗനിർദ്ദേശക തത്വങ്ങളായി അംഗീകരിക്കപ്പെട്ടു. ഡോ. ബി.ആർ. അംബേദ്കർ ഈ സമീപനത്തെ, ഭരണഘടനയുടെ പ്രധാന ലക്ഷ്യം ദ്വിമുഖമാണെന്ന്- രാഷ്ട്രീയ ജനാധിപത്യവും സാമ്പത്തിക ജനാധിപത്യവും ഉറപ്പാക്കുക എന്നതാണെന്ന് വ്യക്തമാക്കിയിരുന്നു.

നിർദ്ദേശക തത്വങ്ങളുടെ
സാമൂഹിക- സാമ്പത്തിക ദിശ
നിർദ്ദേശക തത്വങ്ങൾ സാമൂഹികവും സാമ്പത്തികവുമായ നീതി അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം സൃഷ്ടിക്കാൻ ദിശാബോധം നൽകുന്നു. ജനങ്ങളുടെ ക്ഷേമവും ജീവിത നിലവാരവും ഉറപ്പുവരുത്തുന്ന ഒരു സാമൂഹ്യക്രമം നിലനിർത്തുക, എല്ലാവർക്കും തുല്യാവസരങ്ങൾ ഉറപ്പാക്കുക, സാമ്പത്തികമോ സാമൂഹികമോ ആയ പിന്നാക്കാവസ്ഥ കാരണം ഒരാളും നീതിയിൽ നിന്ന് പുറത്താക്കപ്പെടാതിരിക്കാൻ സംവിധാനങ്ങൾ ഒരുക്കുക എന്നിവ പ്രധാന ലക്ഷ്യങ്ങളാണ്.
അതോടൊപ്പം, സാമൂഹ്യസുരക്ഷയും സാമ്പത്തിക നീതിയും ഉറപ്പാക്കുന്നതിന് സമ്പത്തിന്റെ നീതിയുക്തമായ വിതരണം, തുല്യ ജോലിക്ക് തുല്യവേതനം, തൊഴിലാളികളുടെ മാനവമാനവും ആരോഗ്യവും സംരക്ഷിക്കൽ എന്നിവയും നിർദ്ദേശിക്കുന്നു. കുട്ടികൾക്കും യുവജനങ്ങൾക്കും സുരക്ഷിതവും മാന്യവുമായ സാഹചര്യത്തിൽ വളരാനുള്ള അവസരങ്ങൾ നൽകുകയും, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ദുർബല വിഭാഗങ്ങളുടെ പുരോഗതി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകുകയും ചെയ്യുന്നു.
ഒരു നല്ല സർക്കാർ ജനങ്ങളെ കേൾക്കുന്ന സംവിധാനമായിരിക്കണം. പൊതുജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ലഭിക്കണം.
സൽഭരണ നിർവ്വഹണം
ഒരു ജനകേന്ദ്രീകൃത സമീപനം
ഇന്നത്തെ സാഹചര്യത്തിൽ, ഒരു ജനകീയ സർക്കാർ ഈ ഭരണഘടനാ ദർശനത്തെ പ്രാവർത്തികമാക്കുന്ന രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. ഭരണനിർവ്വഹണ തത്വങ്ങൾ (Good Governance principles) അതിന്റെ അടിസ്ഥാനമാണ്- പങ്കാളിത്തം, സുതാര്യത, ഉത്തരവാദിത്വം, നിയമവും നയവും, കാര്യക്ഷമത, ഉൾക്കൊള്ളൽ തുടങ്ങിയവ. ജനങ്ങളുടെ ശബ്ദം കേൾക്കുന്ന ഭരണമാണ് യഥാർത്ഥ ജനാധിപത്യ ഭരണകൂടത്തിന്റേത്.
ഒരു നല്ല സർക്കാർ ജനങ്ങളെ കേൾക്കുന്ന സംവിധാനമായിരിക്കണം. പൊതുജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ലഭിക്കണം. ഗ്രാമസഭകൾ, പൊതുചർച്ചകൾ, ജനസമിതികൾ തുടങ്ങിയവ വഴി ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നത് ജനാധിപത്യത്തിന്റെ ആത്മാവാണ്. ജനങ്ങളുടെ പങ്കാളിത്തം വർദ്ധിക്കുമ്പോൾ, സർക്കാർ കൂടുതൽ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കാൻ നിർബന്ധിതമാകും.
നിയമത്തിന്റെ നടപ്പിലാക്കലിലൂടെ നീതി ഉറപ്പാക്കുക എന്നത് ഒരു സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണ്. നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാകണം, അധികാരമുള്ളവർക്കും സാധാരണക്കാർക്കും ഒരേ നീതി ലഭിക്കണം. നീതിന്യായസംവിധാനത്തിന്റെ സ്വാതന്ത്ര്യവും കാര്യക്ഷമതയും സമത്വപൂർണ്ണമായ നീതി നടപ്പാക്കലും ഇവിടെ നിർണ്ണായകമാണ്.
സുതാര്യതയും ഉത്തരവാദിത്വവും ഇല്ലാതെ ഒരു നല്ല ഭരണകൂടം നിലനിൽക്കില്ല. സർക്കാർ എടുത്ത തീരുമാനങ്ങൾ ജനങ്ങൾക്ക് വ്യക്തമായിരിക്കണം. വിവരാവകാശനിയമം പോലുള്ള സംവിധാനങ്ങൾ ജനങ്ങൾക്ക് സർക്കാരിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താൻ സഹായിക്കുന്നു. തെറ്റുകൾ സംഭവിക്കുമ്പോൾ അത് മറച്ചുവെക്കാതെ, അംഗീകരിക്കുകയും തിരുത്തുകയും ചെയ്യാനുള്ള സന്നദ്ധതയാണ് ഉത്തരവാദിത്തത്തിന്റെ അടയാളം. നല്ല ഭരണം അഴിമതി കുറയ്ക്കുമെന്നും, ന്യൂനപക്ഷങ്ങളുടെ അഭിപ്രായങ്ങൾ പരിഗണിക്കുമെന്നും, തീരുമാനമെടുക്കലിൽ സമൂഹത്തിലെ ഏറ്റവും ദുർബല വിഭാഗങ്ങളുടെ ശബ്ദം കേൾക്കുമെന്നും ഉറപ്പ് നൽകുന്നു. കൂടാതെ ഇത് നിലവിലെ ആവശ്യങ്ങൾക്കും ഭാവിയിലെ ആവശ്യങ്ങൾക്കും അനുകൂലമായി ഒരുപോലെ പ്രതികരിക്കുന്നതുമാണ്.

ഭരണാനുഭവങ്ങളുടെ
സാമൂഹിക പ്രതിഫലനം
പൊതുജന പ്രതികരണങ്ങളിലെ ഒരനുഭവം കുറിക്കട്ടെ.
യാത്രയ്ക്കിടെ ഒരു ഓട്ടോറിക്ഷ ഡ്രൈവറോട് തെരഞ്ഞെടുപ്പിനെ കുറിച്ച് ചോദിച്ചു. അദ്ദേഹം പറഞ്ഞത് സാധാരണക്കാരുടെ മനസ്സിലുള്ള യാഥാർത്ഥ്യമാണ്: “ഏത് പാർട്ടി ഭരണത്തിൽ വന്നാലും, നമ്മൾ എന്തെങ്കിലും ജോലി ചെയ്ത് ജീവിക്കേണ്ടതല്ലേ”. അദ്ദേഹത്തിന്റെ വാക്കുകളിൽ നിരാശയും, അതേസമയം യാഥാർത്ഥ്യബോധവും ഉണ്ടായിരുന്നു.
അദ്ദേഹം തുടർന്നു പറഞ്ഞത്, ഭരണ സംവിധാനത്തെക്കുറിച്ചുള്ള ഒരു കഠിന വിമർശനമാണ്: “ഏതെങ്കിലും ഒരു ആവശ്യവുമായി സർക്കാർഓഫീസിൽ പോയാൽ, ഉദ്യോഗസ്ഥരുടെ സമീപനം വളരെ മോശമാണ്. പലപ്പോഴും കാര്യങ്ങൾ നടക്കുന്നത് പണം, അധികാരം, ജാതി എന്നിവയുടെ അടിസ്ഥാനത്തിലാണ്”. ഇത് തൻ്റെ ഓട്ടോയിൽ യാത്ര ചെയ്യുന്ന പലരുടേയും അനുഭവമെന്നുകൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
അവസാനമായി, അദ്ദേഹം പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്: “ഭരണം എന്നത് വെറും നയങ്ങളും പദ്ധതികളും മാത്രമല്ല, അത് മനുഷ്യരോടുള്ള സ്നേഹവും സമീപനവുമാണ്. ഒരു നല്ല ഭരണകൂടം എന്നത്, മനുഷ്യൻ മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിപ്പിക്കുന്നതായിരിക്കണം’’.
ലൈംഗികാതിക്രമത്തോട് ‘സീറോ ടോളറൻസ്’ എന്നത് ഒരു നല്ല സർക്കാരിന്റെ സൽഭരണത്തിൽ അനിവാര്യമായ നിലപാടാണ്.
ഒരു സർക്കാർ ജനങ്ങളുടെ ആവശ്യങ്ങളോട് സമയബന്ധിതമായി പ്രതികരിക്കുന്നു എന്ന് ഉറപ്പു വരുത്തണം. പൊതുസേവനങ്ങൾ എളുപ്പം ലഭ്യമാക്കുകയും പരാതികൾക്ക് വേഗം പരിഹാരം കാണുകയും ചെയ്യുന്നത് കാര്യക്ഷമമായ ഭരണത്തിന്റെ ലക്ഷണമാണ്. സാങ്കേതിക വിദ്യയുടെ ഉപയോഗം ഇവിടെ വലിയ പങ്ക് വഹിക്കുന്നു.
സമത്വവും ഉൾക്കൊള്ളലും ശേഷിയും ഒരു നല്ല സർക്കാരിന്റെ ഹൃദയമാണ്. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന സംവിധാനങ്ങൾ — ഗ്രാമസഭകൾ, പൊതുചർച്ചകൾ, സാമൂഹിക ഓഡിറ്റുകൾ — ഭരണത്തെ കൂടുതൽ ഉത്തരവാദിത്വമുള്ളതാക്കുന്നു.
സമത്വം, ഉൾക്കൊള്ളൽ, ജെൻഡർ നീതി
ജെൻഡർ സമത്വം ഒരു നല്ല സർക്കാരിന്റെ അടിസ്ഥാന മൂല്യമാണ്. സ്ത്രീകൾക്കും ലിംഗ ഐഡന്റിറ്റികളുള്ള വ്യക്തികൾക്കും സമാന അവസരങ്ങളും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കണം. വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യസംരക്ഷണം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയിലൊക്കെയും ജെൻഡർ സമത്വം ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. ഇത് സാമൂഹിക നീതിയുടെ പ്രശ്നമെന്നതിലുപരി, സമഗ്രമായ വികസനത്തിനും നിർണ്ണായകമാണ്.
കേരളത്തിലെ ആകെ ജനസംഖ്യയിൽ സ്ത്രീകളുടെ ശതമാനം ഏകദേശം 52% ആണ്. നിയമസഭയെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീകളുടെ പങ്ക് വളരെ കുറവാണ്. ഇത് രാഷ്ട്രീയ സംവിധാനത്തിലെ ഉൾക്കൊള്ളലിന്റെ അഭാവത്തെ വ്യക്തമാക്കുന്നു.
ഈ അവസ്ഥ മാറ്റാൻ നിയമപരമായ ഇടപെടലുകൾ അനിവാര്യമാണ്. സ്ത്രീസംവരണനിയമം പ്രാബല്യത്തിൽ വരുത്തുന്നതിന് പുറമെ, അതിന്റെ ഫലപ്രദമായ നടപ്പാക്കലും ഉറപ്പാക്കേണ്ടതുണ്ട്. ചരിത്രപരമായി സ്ത്രീകൾക്ക് അവരുടെ അവകാശങ്ങൾ സ്വന്തമാക്കാൻ അവർ തന്നെ മുന്നോട്ടുവരേണ്ട സാഹചര്യം നിലനിന്നിരുന്നു; ഈ യാഥാർത്ഥ്യം സാമൂഹിക വിമർശനങ്ങളിലും സാഹിത്യങ്ങളിലും പ്രതിഫലിച്ചിട്ടുണ്ട്. നവോത്ഥാന കാലഘട്ടം പിന്നിട്ടിട്ടും, ഈ അടിസ്ഥാന പ്രശ്നങ്ങൾ പൂർണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല എന്നത് ഇന്നും ചർച്ച ചെയ്യേണ്ട വിഷയമാണ്.
ഇത്തരം സാഹചര്യത്തിൽ ഭരണഘടനാ സ്ഥാപനങ്ങളിലെയും സർക്കാർ പിന്തുണയുള്ള സാംസ്കാരിക-സാമൂഹിക സ്ഥാപനങ്ങളിലെയും സ്ത്രീപങ്കാളിത്തം വർധിപ്പിക്കുന്നത് അനിവാര്യമാണ്. ഭരണസമിതികളിലും നിർണായക സ്ഥാനങ്ങളിലുമുള്ള 50% സ്ത്രീസംവരണം ഉറപ്പാക്കുന്ന നിയമനടപടികൾ പുരോഗമനപരമായ നീക്കമായി കണക്കാക്കാം. ഇത് മാതൃകാപരമായ സാമൂഹിക മാറ്റങ്ങൾക്ക് വഴിയൊരുക്കണമെങ്കിൽ ഇതിൻ്റെ നിർവ്വഹണം വിലയിരുത്തപ്പെടണം.
അതോടൊപ്പം, സ്ത്രീസംവരണനിയമം ശക്തമായി നടപ്പാക്കുന്നതിനായി സംസ്ഥാനതലത്തിൽ പ്രമേയങ്ങൾ പാസാക്കി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്നതും ഒരു രാഷ്ട്രീയ ഉത്തരവാദിത്തമാണ്.
കേരളത്തിൽ വനിതാ ശിശു വികസന വകുപ്പ് കൂടുതൽ ഫലപ്രദമാക്കാൻ സ്ത്രീകളുടെയും കുട്ടികളുടെയും വിഷയങ്ങൾക്കായി മാത്രം സമർപ്പിതമായ ഒരു മന്ത്രിസ്ഥാനം അനിവാര്യമാണ്. മറ്റ് വകുപ്പുകളുടെ അധിക ചുമതലകളില്ലാതെ, സ്ത്രീപക്ഷ കാഴ്ചപ്പാട് പുലർത്തുന്ന നേതൃത്വമാണ് ഈ വകുപ്പിനെ കൂടുതൽ ശക്തമായി മുന്നോട്ട് നയിക്കാൻ സഹായിക്കുക.

ലൈംഗികാതിക്രമങ്ങളോട്
വിട്ടുവീഴ്ചയില്ലാത്ത സമീപനം
ലൈംഗികാതിക്രമത്തോട് ‘സീറോ ടോളറൻസ്’ എന്നത് ഒരു നല്ല സർക്കാരിന്റെ സൽഭരണത്തിൽ അനിവാര്യമായ നിലപാടാണ്. ജോലിസ്ഥലങ്ങൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ, കുടുംബം എന്നിവയെല്ലാം സുരക്ഷിതവും മാന്യവുമായ ഇടങ്ങളായിരിക്കണം. ‘Zero Tolerance’ എന്നത് ചെറിയതോ വലിയതോ എന്ന വ്യത്യാസമില്ലാതെ എല്ലാ തരത്തിലുള്ള ലൈംഗികാതിക്രമങ്ങളെയും ശക്തമായി എതിർക്കുക എന്നതാണ്. പരാതികൾക്ക് ഗൗരവം നൽകുകയും, പീഡിതർക്ക് നീതി ഉറപ്പാക്കുകയും, കുറ്റവാളികൾക്ക് കർശനശിക്ഷ നൽകുകയും വേണം. Internal Committee (IC) പോലുള്ള സംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം നടപടികൾ കൃത്യമായി വിലയിരുത്തുന്നതിനായി പ്രത്യേക മോണിറ്ററിങ് സംവിധാനം ഉണ്ടാവേണ്ടതുണ്ട്.
സുതാര്യതയും ഉത്തരവാദിത്തവും ഈ മുഴുവൻ പ്രക്രിയയുടെ അടിസ്ഥാനം തന്നെയാണ്. സർക്കാർ തീരുമാനങ്ങൾ തുറന്നതായിരിക്കണം, ജനങ്ങൾക്ക് അവയെക്കുറിച്ച് അറിയാനുള്ള അവകാശം ഉണ്ടായിരിക്കണം. ഉത്തരവാദിത്തമുള്ള ഭരണകൂടം മാത്രമാണ് ജനങ്ങളുടെ വിശ്വാസം നിലനിർത്താൻ കഴിയുക. ഒരു സർക്കാറിൻ്റെ ഭരണ നിർവ്വഹണം ശിക്ഷയും നിയന്ത്രണവും മാത്രം മുൻനിർത്തുന്ന ഒന്നല്ല; അത് ഒരു നീതിയുള്ള, സമത്വമുള്ള, സുരക്ഷിതവും സുസ്ഥിരവുമായ സമൂഹം സൃഷ്ടിക്കുന്നതിനുള്ള ദൗത്യമാണ് നിറവേറ്റുന്നത്.
പരിസ്ഥിതി സൗഹൃദവും
സുസ്ഥിരവുമായ വികസനം
ഇന്നത്തെ ലോകത്ത് പരിസ്ഥിതി സൗഹൃദ വികസനം അനിവാര്യമായ ഒന്നാണ്. കാലാവസ്ഥാ മാറ്റം, പ്രകൃതിദുരന്തങ്ങൾ, ജലക്ഷാമം എന്നിവ വർധിച്ചുവരുന്ന സാഹചര്യത്തിൽ വികസനവും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സമതുലിതാവസ്ഥ പാലിക്കേണ്ടത് നിർബന്ധമാണ്. സുസ്ഥിരമായ വികസനം മാത്രമാണ് ഭാവി തലമുറകൾക്ക് സുരക്ഷിതമായ ജീവിതം ഉറപ്പാക്കുക. കാലാവസ്ഥാവ്യതിയാനം ശക്തമായി ബാധിക്കുന്ന സാഹചര്യത്തിൽ, കേരളത്തിന്റെ വികസന സമീപനം കൂടുതൽ പരിസ്ഥിതി ബോധമുള്ളതാകണം. സുസ്ഥിര വികസനത്തിന്റെ ദിശയിൽ മുന്നേറാൻ, പരിസ്ഥിതി പ്രശ്നങ്ങളെ ഗൗരവമായി സമീപിക്കുകയും ശാസ്ത്രീയവും രാഷ്ട്രീയപരമായും ഉത്തരവാദിത്വമുള്ള തീരുമാനങ്ങൾ എടുക്കുകയും ചെയ്യേണ്ടതുണ്ട്.

ഉൾക്കൊള്ളുന്ന വികസനത്തിന്റെ രാഷ്ട്രീയം
(Politics of Inclusive Development)
‘ഉൾക്കൊള്ളുന്ന വികസനത്തിന്റെ രാഷ്ട്രീയം’ സമൂഹത്തിലെ ആരും പിന്നിലാക്കപ്പെടരുത് എന്ന അടിസ്ഥാന ദർശനത്തിൽ അധിഷ്ഠിതമാണ്. വികസനം സാമ്പത്തിക വളർച്ചയിൽ മാത്രം ഒതുങ്ങാതെ ദലിതർ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, ഭിന്നശേഷിക്കാർ, ലിംഗ ന്യൂനപക്ഷങ്ങൾ, നഗര- ഗ്രാമ ദരിദ്രർ, പ്രവാസി തൊഴിലാളികൾ, ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, വയോജനങ്ങൾ തുടങ്ങി അരികുവത്കരിക്കപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും സമാ അവസരങ്ങളും മാന്യമായ ജീവിതവും ഉറപ്പാക്കേണ്ടതുണ്ട്. സുസ്ഥിര വികസന കാഴ്ചപ്പാടോടെ, ഈ സമൂഹങ്ങളുടെ പങ്കാളിത്തവും നേതൃത്വവും ഉറപ്പാക്കി ഭൂമി, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, പോഷകാഹാരം, തൊഴിൽ, സാമൂഹിക സുരക്ഷ, ഭവനം, ശുചിത്വം, സാംസ്കാരിക അവകാശങ്ങൾ എന്നിവ ഉൾപ്പെടുന്ന മേഖലകളിൽ സമഗ്രനയങ്ങൾ രൂപപ്പെടുത്തണം. പ്രത്യേകിച്ച് ആദിവാസി സമൂഹങ്ങളുടെ അവകാശങ്ങളും ജീവിതരീതികളും സംരക്ഷിക്കുന്ന സമീപനം സ്വീകരിക്കുകയും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും ക്ഷേമവും മുൻഗണന നൽകുകയും വേണം. ഉൾക്കൊള്ളൽ എന്നത് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ ഒതുങ്ങുന്നില്ല; മറിച്ച്, തീരുമാനമെടുക്കുന്ന പ്രക്രിയകളിൽ ഈ വിഭാഗങ്ങളുടെ യഥാർത്ഥ പങ്കാളിത്തം ഉറപ്പാക്കുന്നതിലാണ് അതിന്റെ സാരാംശം. ഈ അവകാശ അധിഷ്ഠിതവും മനുഷ്യകേന്ദ്രിതവുമായ സമീപനമാണ് സമത്വപരവും സുസ്ഥിരവുമായ ഒരു സമൂഹത്തിന്റെ അടിത്തറ.
നിലവിലെ സർക്കാർ മുന്നോട്ടുവച്ച ജനനന്മയെ ലക്ഷ്യമാക്കിയ നയങ്ങളും പദ്ധതികളും തുടർച്ചയായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു നല്ല ഭരണത്തിന്റെ പ്രധാന സവിശേഷതയാണ്.
ഒരു സമൂഹത്തിൽ ആരും പിന്നിലാക്കപ്പെടരുത് എന്ന ഉറച്ച നിലപാടാണ് ജനകീയ സർക്കാരിൻ്റെ അടിസ്ഥാനം. സാമൂഹികവും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭരണ - നിർവ്വഹണത്തിൽ പങ്കാളിത്തവും അവരുടെ ശബ്ദം കേൾക്കപ്പെടുന്ന സാഹചര്യവും ഉറപ്പാക്കണം. ഉൾച്ചേർക്കൽ എന്നത് ആനുകൂല്യങ്ങൾ നൽകുന്നതിലുപരി, തീരുമാനമെടുക്കുന്ന പ്രക്രിയകളിൽ എല്ലാവർക്കും സ്ഥാനം നൽകുന്നതാണ്.
ഇവയെല്ലാം ഒരു വകുപ്പിൽ മാത്രം ഒതുങ്ങാതെ, എല്ലാ വകുപ്പുകളിലും നയങ്ങൾ, തീരുമാനങ്ങൾ, പ്രവർത്തനങ്ങൾ എന്നിവയിൽ സമന്വയിപ്പിക്കപ്പെടണം. ആരോഗ്യവകുപ്പ്, വിദ്യാഭ്യാസം, തൊഴിൽ, നഗര-ഗ്രാമ വികസനം, അടിസ്ഥാന സൗകര്യങ്ങൾ — എല്ലായിടത്തും ജെൻഡർ സെൻസിറ്റിവിറ്റി, ഉൾക്കൊള്ളൽ, പരിസ്ഥിതി സൗഹൃദതത്വങ്ങൾ എന്നിവയുടെ സംയോജനം (integration) നിർബന്ധമായും ഉണ്ടാവണം. ഒരു വികസന പദ്ധതി രൂപപ്പെടുത്തുമ്പോൾ അത് സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും എങ്ങനെ ഗുണം ചെയ്യും എന്നതും, പരിസ്ഥിതിക്ക് ദോഷകരമാണോ എന്നതും നിർബന്ധമായും വിലയിരുത്തണം. ഇത്തരത്തിൽ സമഗ്ര സമീപനം സ്വീകരിക്കുമ്പോഴാണ് വികസനം നീതിയുക്തവും സുസ്ഥിരവുമാകുക.

ഭരണത്തിലെ തുടർച്ചയും
ഫലപ്രദമായ നടപ്പാക്കലും
നിലവിലെ സർക്കാർ മുന്നോട്ടുവച്ച ജനനന്മയെ ലക്ഷ്യമാക്കിയ നയങ്ങളും പദ്ധതികളും തുടർച്ചയായി ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു നല്ല ഭരണത്തിന്റെ പ്രധാന സവിശേഷതയാണ്. ഭരണത്തിലെ തുടർച്ച (continuity) ഉറപ്പാക്കുന്നത് വികസനത്തിന്റെ സ്ഥിരതയ്ക്കും വിശ്വാസ്യതയ്ക്കും അത്യാവശ്യമാണ്. ജനങ്ങളുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതികൾ സർക്കാർ മാറുമ്പോൾ നിലച്ചുപോകാതെ, അവയെ വിലയിരുത്തി മെച്ചപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകേണ്ടത് ഉത്തരവാദിത്വമുള്ള ഭരണത്തിന്റെ അടയാളമാണ്. ഇത്തരത്തിൽ വികസന പുരോഗതിയുടെ വേഗത (momentum) നിലനിർത്തുമ്പോഴാണ് ദീർഘകാല ഫലങ്ങൾ കൈവരിക്കാൻ കഴിയുന്നത്. രാഷ്ട്രീയ വ്യത്യാസങ്ങളെ മറികടന്ന് ജനഹിതം മുൻനിർത്തി പ്രവർത്തിക്കുന്ന സമീപനമാണ് പുരോഗമനപരമായ സർക്കാരിന്റെ യഥാർത്ഥ ശക്തി.
ഫലപ്രദമായ നടപ്പാക്കൽ (implementation) എന്നത് വെറും നടപടിക്രമം പൂർത്തിയാക്കുന്നതോ പദ്ധതികൾ നടപ്പിലാക്കുന്നതോ മാത്രമല്ല; അത് ആളുകളുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പവും സുരക്ഷിതവും മെച്ചപ്പെട്ടതുമായതാക്കുന്നതാണ്. ഒരു നയം അല്ലെങ്കിൽ പദ്ധതി യഥാർത്ഥത്തിൽ ഫലപ്രദമാണോ എന്ന് അളക്കേണ്ടത്, അത് ജനങ്ങളുടെ ജീവിതത്തിലുണ്ടാക്കുന്ന സുതാര്യമായ മാറ്റങ്ങളിലൂടെയാണ്- സേവനങ്ങളിലേക്കുള്ള പ്രവേശനം, മാന്യത, സുരക്ഷ, അവസരങ്ങൾ, ആകെ ജീവിതനിലവാരം (quality of life) എന്നിവയിൽ വരുന്ന പുരോഗതിയിലൂടെയാണ്.
ഈ അടിസ്ഥാനത്തിൽ, നടപ്പാക്കലിന്റെ മുഖ്യ ലക്ഷ്യം വ്യക്തമായിരിക്കണം, അത് ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുക. ഇതാണ് നമ്മുടെ പ്രധാന ദിശാസൂചി (North Star)- എല്ലാ തീരുമാനങ്ങളും പ്രവർത്തനങ്ങളും ഈ ലക്ഷ്യത്തിലേക്കാണ് നയിക്കപ്പെടേണ്ടത്.
ഈ ദിശാസൂചിയുടെ വെളിച്ചത്തിൽ നോക്കുമ്പോൾ, മറ്റെല്ലാ ഘടകങ്ങളും - പോളിസി തെരഞ്ഞെടുപ്പുകൾ, ബജറ്റിന്റെ വിന്യാസം, നിയമങ്ങൾ, ഭരണപരമായ നടപടികൾ, സേവന വിതരണ രീതികൾ- ഇവയെല്ലാം സ്വതന്ത്ര ലക്ഷ്യങ്ങളല്ല; മറിച്ച്, ഈ കേന്ദ്രലക്ഷ്യത്തെ പിന്തുണയ്ക്കുന്നതിനുള്ള ഉപാധികളാണ്.
അതോടൊപ്പം, നടപ്പാക്കൽ പ്രക്രിയയെ (implementation process) സർക്കാർ ഉദ്യോഗസ്ഥരിൽ മാത്രം ഏൽപ്പിക്കുന്നത് മതിയാകില്ല. അവർക്ക് ചുമതല നൽകുന്നതോടൊപ്പം, അവരുടെ പ്രവർത്തനങ്ങൾക്ക് വ്യക്തമായ ഉത്തരവാദിത്വവും (accountability) ഉറപ്പാക്കേണ്ടതുണ്ട്. ഇത് വെറും നടപടിക്രമങ്ങൾ പാലിക്കുന്നതിൽ ഒതുങ്ങാതെ, അവർ നടത്തുന്ന ഇടപെടലുകൾ ജനങ്ങളുടെ ജീവിതത്തിൽ യഥാർത്ഥ മാറ്റം സൃഷ്ടിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിലേക്കാണ് നീങ്ങേണ്ടത്.
ഇതിനു പുറമെ, ഉദ്യോഗസ്ഥരുടെ നൈപുണിയും (capacity/skills) കാഴ്ചപ്പാടും നിർണായകമാണ്. ഫലപ്രദമായ നടപ്പാക്കലിന് ആവശ്യമായ അറിവും കഴിവും സമീപനവുമുള്ളവർ ആകുമ്പോഴാണ് നയങ്ങളും പദ്ധതികളും ശരിയായ രീതിയിൽ ജനങ്ങളിലേക്ക് എത്തുന്നത്. അതിനാൽ, തുടർച്ചയായ പരിശീലനം, മാർഗനിർദ്ദേശം, പിന്തുണാ സംവിധാനങ്ങൾ എന്നിവയിലൂടെ അവരുടെ കഴിവുകൾ ശക്തിപ്പെടുത്തേണ്ടതുണ്ട്.
ഇങ്ങനെ ഉത്തരവാദിത്വവും നിപുണികളും ഒരുമിച്ച് ഉറപ്പാക്കുന്ന സംവിധാനം രൂപപ്പെടുമ്പോഴാണ് സർക്കാരും ശക്തമാകുന്നത്. അതുകൊണ്ട്, നടപ്പാക്കലിൽ വിജയമെന്നത് കണക്കുകൾക്കപ്പുറം പോകണം. അത് മനുഷ്യരുടെ അനുഭവങ്ങളിൽ പ്രതിഫലിക്കണം- ഒരു സ്ത്രീക്ക്, സമൂഹത്തിൻ്റെ മുഖ്യധാരയിലല്ലാത്തവർക്ക് സേവനങ്ങൾ കൂടുതൽ എളുപ്പം ലഭിക്കുന്നുണ്ടോ, ഒരു കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷ വർധിച്ചിട്ടുണ്ടോ, ഒരു സമൂഹത്തിന് കൂടുതൽ മാന്യതയും അവസരങ്ങളും ലഭിക്കുന്നുണ്ടോ എന്നതിലാണ് യഥാർത്ഥ വിജയത്തിന്റെ അളവുകോൽ.
ഇതുപോലെ മനുഷ്യകേന്ദ്രിതമായ (people-centred) സമീപനമാണ് ദീർഘകാല ഫലപ്രാപ്തിയും സാമൂഹിക നീതിയും ഉറപ്പാക്കുന്നത്.

നടപ്പാക്കൽ ശേഷിയും
ഭരണപരിഷ്‌കാരവും
പല സമയങ്ങളിലും പ്രവർത്തനക്ഷമമല്ലാത്തതും സങ്കീർണ്ണവുമായ സംവിധാനങ്ങൾ നിറഞ്ഞ സംവിധാനത്തിലാണ് നമ്മൾ പ്രവർത്തിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ, ‘നടപ്പാക്കൽ ശേഷി’ (implementation capacity) വികസിപ്പിക്കുകയും തുടർച്ചയായി ശക്തിപ്പെടുത്തുകയും ചെയ്യുന്നത് ഒരു തിരഞ്ഞെടുപ്പല്ല (choice), അതൊരു അനിവാര്യതയാണ്. നയങ്ങളും പദ്ധതികളും രൂപപ്പെടുത്തുന്നതുപോലെ തന്നെ, അവയെ ഫലപ്രദമായി നടപ്പിലാക്കാനുള്ള കഴിവും ഒരേപോലെ പ്രധാനമാണ്.
ഇത് ഒരു പുതിയ ആശയം അല്ല. സ്വാഭാവികമായും ഫലപ്രദമായ നടപ്പാക്കലിന് ശക്തമായ സംവിധാനങ്ങൾ (systems), വ്യക്തമായ പ്രക്രിയകൾ (processes), കാര്യക്ഷമമായ ഏകോപനം (collaboration) എന്നിവ അനിവാര്യമാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സാങ്കേതികതയിലും (technological), ജനസംഖ്യയിലും (demographic), സാംസ്കാരിക തലങ്ങളിലും (cultural) അതിവേഗം മാറ്റം സംഭവിക്കുന്നു. ഈ മാറ്റങ്ങൾ ഭരണ സംവിധാനത്തിലും അതിന്റെ ചുറ്റുപാടുകളിലും പുതിയ വെല്ലുവിളികളും അവസരങ്ങളും സൃഷ്ടിക്കുന്നു.
അതുകൊണ്ട്, ഈ മാറ്റങ്ങളോട് പ്രതികരിക്കുന്ന നമ്മുടെ രീതികളും സമീപനങ്ങളും പുതുക്കപ്പെടണം. പഴയ രീതികൾ ആവർത്തിക്കുന്നതിൽ ഒതുങ്ങാതെ, കൂടുതൽ സജീവവും അനുരൂപവുമായ (adaptive) സമീപനം ആവശ്യമാണ്. ഡാറ്റ / തെളിവുകൾ (evidence) അധിഷ്ഠിതമായ തീരുമാനമെടുക്കൽ, തത്സമയ പഠനവും (real-time learning) തിരുത്തലും, വിവിധ മേഖലകളുടെ സഹകരണവും ഇതിന്റെ ഭാഗമാകണം.
സർക്കാർ മുന്നോട്ടുള്ള പ്രവാഹത്തെ പിന്തുടരുന്നു എന്നതിന് ഏറെ പ്രാധാന്യം നൽകേണ്ടതുണ്ട്. താഴത്തെ തലങ്ങളിലെ സ്ഥാപനങ്ങൾക്ക്- പഞ്ചായത്തുകൾ, നഗര / പഞ്ചായത്ത് സഭകൾ, സമൂഹ സംഘടനകൾ- കൂടുതൽ അധികാരവും (authority) ഉത്തരവാദിത്വവും (responsibility), ആവശ്യമായ ശേഷിയും (capacity) നൽകേണ്ടതുണ്ട്. കാരണം, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളും ആവശ്യങ്ങളും ഏറ്റവും വ്യക്തമായി മനസ്സിലാക്കുന്നത് ഈ തലങ്ങളിലാണ്.
അതുകൊണ്ട്, “മുന്നോട്ടുള്ള പ്രവാഹത്തെ പിന്തുടരുക” എന്നത് സിദ്ധാന്തപരമായ ആശയം മാത്രമല്ല; അത് ഒരു പ്രവർത്തന ദിശയാണ്. കേന്ദ്രീകൃത നിയന്ത്രണത്തിൽ നിന്ന് മാറി, പങ്കാളിത്തം, സഹകരണം, പ്രാദേശിക അറിവ് എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭരണ രീതിയിലേക്ക് മാറുക എന്നതാണ്. അതിനാൽ, തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ഈ തലങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യവും ശേഷിയും നൽകേണ്ടതുണ്ട്.
ഇതിനുവേണ്ടത് പുതിയ കഴിവുകളും (skills), മതിയായ വിഭവങ്ങളും (resources), ശക്തമായ പങ്കാളിത്തങ്ങളും (partnerships) മാത്രമല്ല; പുതിയ ചിന്താധാരകളും (mindsets) കൂടിയാണ്. ‘മുകളിൽ നിന്ന് താഴേക്ക്’ (top-down) എന്ന പരമ്പരാഗത സമീപനത്തിൽ നിന്ന് മാറി, സഹകരണം, പങ്കാളിത്തം, വിശ്വാസം എന്നിവയെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനസംസ്കാരം വളർത്തേണ്ടത് അത്യാവശ്യമാണ്.
ഇങ്ങനെ, മാറുന്ന ലോകത്തിനനുസരിച്ച് നടപ്പാക്കൽ ശേഷിയെ പുനർനിർവചിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുമ്പോഴാണ്, നയങ്ങളും പദ്ധതികളും യഥാർത്ഥത്തിൽ ആളുകളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കാൻ കഴിയുന്നത്.

സഹകരണവും
സഹസൃഷ്ടിയും (Co-creation)
അടിസ്ഥാന സൗകര്യ വികസനം മുതൽ സാമ്പത്തിക സഹായങ്ങൾ ഫലപ്രദമായി എത്തിക്കുന്നതിൽ വരെ, രാജ്യമെമ്പാടും വിവിധ തലങ്ങളിൽ നവീനമായ ശ്രമങ്ങൾ ഉയർന്നുവരുന്നുണ്ട്. സർക്കാരുകൾ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ശ്രദ്ധ തിരിക്കേണ്ടതുണ്ട്. അവയിൽ നിന്ന് പഠിക്കുകയും വിജയകരമായ രീതികൾ കേരളത്തിനനുയോജ്യമായ വിധത്തിൽ വ്യാപിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. പുതുതായി എല്ലാം തുടങ്ങുന്നതിനുപകരം, പ്രവർത്തിക്കുന്ന നൂതന മാതൃകകളെ തിരിച്ചറിഞ്ഞ്, അവയെ ശക്തിപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതും കൂടുതൽ ഫലപ്രദമാകും.
അതോടൊപ്പം, വിവിധ സംഘങ്ങളുമായും പ്രതിനിധികളുമായും സജീവമായ സംവാദം (dialogue) നടത്തുകയും, ആ ആശയങ്ങൾ സംയുക്തമായി രൂപപ്പെടുത്തുകയും (co-creation) ചെയ്യേണ്ടത് അനിവാര്യമാണ്. ഇത്തരം പങ്കാളിത്തപരമായ സമീപനമാണ് കൂടുതൽ ഉൾക്കൊള്ളുന്നതും (inclusive), യാഥാർത്ഥ്യബോധമുള്ളതുമായ (context-responsive) നയങ്ങളിലേക്കും നടപ്പാക്കലിലേക്കും നയിക്കുക.
ഒരു നല്ല സർക്കാർ എന്നത്…
ഭരണഘടനാമൂല്യങ്ങൾ പാലിക്കുന്ന, ജനങ്ങളുടെ ശബ്ദം കേൾക്കുന്ന, സമത്വവും ഉൾക്കൊള്ളലും ഉറപ്പാക്കുന്ന, സ്ത്രീകൾ അടക്കമുള്ള എല്ലാ ലിംഗ വിഭാഗങ്ങൾക്കും സുരക്ഷ ഉറപ്പാക്കുന്ന, പ്രകൃതിയെ സംരക്ഷിക്കുന്ന, ഒരു ഉത്തരവാദിത്വ ഭരണകൂടം. ഇങ്ങനെയുള്ള ഒരു സർക്കാർ മാത്രമാണ് ദീർഘകാല സാമൂഹികനീതിക്കും സുസ്ഥിര വികസനത്തിനും വഴിയൊരുക്കുക. ഇത്തരം മൂല്യങ്ങളെ ആധാരമാക്കിയ ജനകീയ ജനാധിപത്യ ഭരണകൂടമാണ് കേരളത്തിൽ ഉയർന്നുവരേണ്ടതും.
