യു. അജിത്​ കുമാർ

ഇനിയും
ഇടത്തോട്ട്

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് യു. അജിത്കുമാർ നൽകിയ മറുപടി.

നന്മ മാത്രമായോ തിന്മ മാത്രമായോ ഒന്നും പ്രകൃതിയിൽ കാണ്മാനില്ല. തിരഞ്ഞെടുപ്പ് മുന്നണികളിലുമില്ല. നോക്കുന്നയാളുടെ താൽപ്പര്യം പോലെ നൽപ്പു തിൽപ്പുകൾ ഓരോ തരത്തിലാകും. എങ്കിലും അഞ്ചിനു പകരം പത്തു വർഷത്തെ ഭരണവും പ്രതിപക്ഷവും പരന്നു മുന്നിലിരിക്കുമ്പോൾ ആരു നോക്കിയാലും തെളിയുന്ന നെല്ലും പതിരുമുണ്ട്.

ധനം അഥവാ വിഭവങ്ങൾ പങ്കുവയ്ക്കുന്നത് സർക്കാരിൻ്റെ ഒന്നാം ധർമ്മമാണ്. അതിലെത്ര നീതിയുണ്ട് എന്നളക്കുന്നത് പ്രധാനമാണ്. ക്ഷേമപെൻഷനായും വീടായും പട്ടയമായും അതിദാരിദ്ര്യ വിമോചനമായും സമ്പത്ത് കുറവുള്ള ഭാഗത്തേയ്ക്ക് ഇത്രയും പണമൊഴുകിയത് പോയ പത്തു വർഷത്തെ വൻസന്തോഷമാണ്. സാധാരണക്കാരുടെ കൈയിൽ പണമെത്തുമ്പോൾ അത് കൊച്ചു കടകൾ മുതൽ ഇവിടത്തെ കമ്പോളത്തിൽ ആകമാനം ഇറങ്ങും, കറങ്ങും. ചെറു സംരംഭകർക്കുണ്ടാകുന്ന വളർച്ച മടങ്ങുമടങ്ങായി നാട്ടുജീവിതത്തിൽ ധന ഊർജ്ജം പടർത്തും.

മുണ്ടക്കൈ, ചൂരൽമലക്കാരെ ശേഷം ജനതയോടൊപ്പമാക്കിയതിൽ നമ്മുടെയെല്ലാം ഹൃദയമിടിപ്പുണ്ടായിരുന്നുവെങ്കിലും സർക്കാരിൻ്റെ പിടിപ്പു തന്നെയാണ് അതിനെ നയിച്ചത്. ലോകത്ത് വേറെവിടെയെങ്കിലും പുനർജീവിതത്തിലേക്ക് ഇതുപോലെ ചാരുവായ വരവുണ്ടോ ആവോ? കൂടുതൽ മികച്ചത് നിർമ്മിച്ചു നൽകുക (Build back better) എന്ന് തത്ത്വം പറയുന്നത് പോലെ എളുതല്ലല്ലോ ചെയ്യൽ. അവരുടെ ആനന്ദക്കണ്ണീർ കേരളസമൂഹത്തിന് ഇനിയുള്ള കാലം അക്ഷയ ഇന്ധനമാണ്.

ഇന്ത്യ ഒരു യൂണിയനാണെന്നോർമ്മിപ്പിച്ചാലും അതിൽ കേരളമുണ്ടെന്ന് മറന്നുപോവുന്ന ഒരു ദില്ലി സർക്കാരിരിക്കെയാണ് കേരളം സാമൂഹിക ആസ്തിയിൽ അതിസമ്പന്നരാവുന്നത്.

സർക്കാർ സ്കൂളിലേക്കും ആശുപത്രിയിലേക്കും വിഭവങ്ങളൊഴുകി. പ്രൈമറി ക്ലാസ് മുറിയിൽ എ സി, കുട്ടിയ്ക്ക് കസേര, കുഞ്ഞു മേശ, ഓരോ ക്ലാസിനും ശുചിമുറി ഒക്കെ പലയിടത്തും വന്നു. സ്വപ്നം കണ്ടിട്ടില്ലാത്ത കാര്യങ്ങൾ. മാധ്യമങ്ങളിൽ വിഹരിക്കുന്നവരുടെ സ്കൂളും ആശുപത്രിയും സ്വകാര്യമായതുകൊണ്ട് അവരതറിഞ്ഞിട്ടില്ല. ബ്രഹ്മപുരവും ലാലൂരും പോലെ പതിറ്റാണ്ടുകൾ പ്രായമുള്ള മാലിന്യമലകൾ പൂന്തോട്ടവും ഫുട്ബോൾ ടർഫുമായി. ഒരു പാലമുണ്ടാവുമ്പോൾ രണ്ടുകരകൾ കരം നീട്ടി തൊടുന്നു. ഇഷ്ടമുള്ളവർ കാത്തിരുന്നു കണ്ടുമുട്ടുന്നതുപോലെയാണത്.

മുമ്പത് കാത്തുകാത്തുകാത്തിരുന്നതുപോലെയായിരുന്ന കഥ മാറി. അഞ്ചു വർഷംകൊണ്ട് നൂറ് പാലം ലക്ഷ്യമിട്ടത് ഇരുന്നൂറ് പാലമായി. സുസ്ഥിര മാനദണ്ഡങ്ങളോടെ കടമെടുത്തു നിർമ്മിച്ച ഇതൊക്കെയും ജനങ്ങളുടെ ആസ്തിയാണ്. ഇന്ത്യ ഒരു യൂണിയനാണെന്നോർമ്മിപ്പിച്ചാലും അതിൽ കേരളമുണ്ടെന്ന് മറന്നുപോവുന്ന ഒരു ദില്ലി സർക്കാരിരിക്കെയാണ് കേരളം സാമൂഹിക ആസ്തിയിൽ അതിസമ്പന്നരാവുന്നത്. സാധാരണക്കാർക്കു വേണ്ടി ഇത്രയും ചെയ്ത വേറൊരു സർക്കാരും ഇന്ത്യയിലുണ്ടായതായി അറിവില്ല.

മുണ്ടക്കൈ, ചൂരൽമലക്കാരെ ശേഷം ജനതയോടൊപ്പമാക്കിയതിൽ നമ്മുടെയെല്ലാം ഹൃദയമിടിപ്പുണ്ടായിരുന്നുവെങ്കിലും സർക്കാരിൻ്റെ പിടിപ്പു തന്നെയാണ് അതിനെ നയിച്ചത്.
മുണ്ടക്കൈ, ചൂരൽമലക്കാരെ ശേഷം ജനതയോടൊപ്പമാക്കിയതിൽ നമ്മുടെയെല്ലാം ഹൃദയമിടിപ്പുണ്ടായിരുന്നുവെങ്കിലും സർക്കാരിൻ്റെ പിടിപ്പു തന്നെയാണ് അതിനെ നയിച്ചത്.

മതം നോക്കി ഇന്ത്യൻ പൗരരെ പുറത്താക്കുന്നത് ഇവിടെ നടപ്പില്ല എന്നുറച്ചു പറയാൻ ആദ്യം തന്നെ കേരളം രാഷ്ട്രീയ ശക്തി കാട്ടി. അതിനുവേണ്ടി നേറ്റിവിറ്റി കാർഡ് എന്നൊരു പുതുരേഖ തന്നെ നമ്മൾ സങ്കല്പിച്ചു.

ഇപ്പറഞ്ഞതൊക്കെയാണ് ജനവീക്ഷണത്തിൽ തിരഞ്ഞെടുപ്പ് വിഷയമാവേണ്ടത്. എന്നാലതൊക്കെ വിഷയമായാൽ അതിടതുവശത്തേയ്ക്കേ ചായൂ. അത്ര തർക്കച്ചൂടുണ്ടാവില്ല, മാധ്യമ ഉപഭോക്താക്കൾക്ക് ഹരമുണ്ടാവില്ല. അതുകൊണ്ട് ഇതൊഴികെയേതുമാകാം ചർച്ച. നേതാക്കളുടെ നാവബദ്ധങ്ങൾ, ഹീറോയിസം, ഏതു സമുദായം എങ്ങോട്ടു നീങ്ങുമെന്ന ഊഹക്കച്ചവടം തുടങ്ങിയവയിലേക്ക് ഡ്രൈവ് ചെയ്യാനാണ് മാധ്യമമോഹം.

ആരു ജയിക്കും എന്ന പ്രവചന മത്സരത്തോട് ഗൂഢമായ ചിരിയാണ് കേരളത്തിന്റെ പ്രതികരണം. ഓരോ വിഭാഗത്തിനും അവരുടെ സ്വാനുഭവങ്ങളുണ്ട്.

ആൺഭരണത്തിൽനിന്ന് കേരളത്തിനും രക്ഷയാവുന്നില്ല. ഇത്തവണയും ഇരു മുന്നണിയുടെ പട്ടികയിലും സ്ത്രീകൾക്ക് പകുതി സീറ്റില്ല (എൽഡിഎഫ് 18/140, യുഡിഎഫ് 12/140). 2026ലും അതിൽ നമുക്ക് മത്സരമില്ല, ലജ്ജയുമില്ല എന്നു ലജ്ജിക്കേണ്ടിവരും. ഇരുപത് മന്ത്രിമാരിൽ പത്തുപേർ സ്ത്രീകളായാലേ നീതിയാവൂ എന്നറിയില്ല എന്നഭിനയിക്കുന്നു. ഇപ്പോൾ അവസാനിക്കുന്ന സഭയിലാണ് ആദ്യമായി മൂന്ന് സ്ത്രീ മന്ത്രിമാരെങ്കിലുമുണ്ടായത്. അതു മാറ്റാൻ പറ്റണം. തുല്യത വരണം. ഇന്ത്യയിലേക്ക് കണ്ണുതുറക്കുന്ന ആർക്കും കാണാം, ഒട്ടുവളരെ ജാതിസമൂഹങ്ങൾ എന്നും താഴ്ത്തപ്പെട്ടു തുടരുന്നത്. കേരളത്തിലെങ്കിലും ദലിതരെയും ആദിവാസികളെയും ഇതര സമുദായങ്ങൾക്ക് സമമാക്കുന്നതിൽ ഇരുമുന്നണിയും താൽപര്യമെടുക്കുന്നില്ല.

ഒരു പാലമുണ്ടാവുമ്പോൾ രണ്ടുകരകൾ കരം നീട്ടി തൊടുന്നു. ഇഷ്ടമുള്ളവർ കാത്തിരുന്നു കണ്ടുമുട്ടുന്നതുപോലെയാണത്. മുമ്പത് കാത്തുകാത്തുകാത്തിരുന്നതുപോലെയായിരുന്ന കഥ മാറി.
ഒരു പാലമുണ്ടാവുമ്പോൾ രണ്ടുകരകൾ കരം നീട്ടി തൊടുന്നു. ഇഷ്ടമുള്ളവർ കാത്തിരുന്നു കണ്ടുമുട്ടുന്നതുപോലെയാണത്. മുമ്പത് കാത്തുകാത്തുകാത്തിരുന്നതുപോലെയായിരുന്ന കഥ മാറി.

പാവപ്പെട്ടവരിലേക്ക് വിഭവങ്ങളൊഴുകുമ്പോൾ അതിനൊപ്പം ജാതിനീതിയും കുറച്ചൊഴുകുന്നുണ്ട്. കാരണം സമ്പത്തിലും അവർ പൊതുവേ താഴെയാണ്. അതൊട്ടും പോരാ. നയവേദികളിലും അധികാരവേദികളിലും ദലിതരെത്തിയേ തീരൂ. അവരോടുള്ള നീതിയുടെ മാത്രം പ്രശ്നമല്ല; ഇതുവരെ സമൂഹം എന്തു നേടിയതിലും സ്ത്രീകളുടെയും ദലിതരുടെയും ആദിവാസികളുടെയും ഭാവനയും സർഗാത്മകതയും പങ്കാളിത്തവും തീരെ കുറവാണ്. അത്രത്തോളം ശുഷ്കവുമാണ് നാമെണ്ണുന്ന നേട്ടങ്ങൾ. അവരെ ഉൾച്ചേർക്കാൻ ഇനിയും ഇടത്തോട്ടു പോകണം.

ആരു ജയിക്കും എന്ന പ്രവചന മത്സരത്തോട് ഗൂഢമായ ചിരിയാണ് കേരളത്തിന്റെ പ്രതികരണം. ഓരോ വിഭാഗത്തിനും അവരുടെ സ്വാനുഭവങ്ങളുണ്ട്. വാക്കുകളും ഫ്രെയിമുകളും എത്ര ചൊരിഞ്ഞാലും അവർക്കു മുന്നിൽ നിന്ന് അത് മറയ്ക്കാൻ പറ്റുമോ?

Comments