ഉമ്മർ ടി.കെ.

ഇടതുപക്ഷം
ജയിക്കാനാഗ്രഹം,
പക്ഷെ, UDF-നാണ് സാധ്യത

‘‘പതിനാറാം കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഇത്തവണ ഏത് മുന്നണി അധികാരത്തിൽ വരണമെന്നാണ് ആഗ്രഹിക്കുന്നത്? ഏത് മുന്നണി അധികാരത്തിൽ വരുമെന്നാണ് കരുതുന്നത്? എന്തുകൊണ്ട്?’’- ട്രൂകോപ്പി വെബ്സീൻ ചോദിച്ച ഈ ചോദ്യത്തിന് ഉമ്മർ ടി.കെ. നൽകിയ മറുപടി.

  • ടതുപക്ഷത്തോടൊപ്പമാണ് ഞാൻ. ഇടതുപക്ഷം ജയിക്കണമെന്നു തന്നെയാണാഗ്രഹം, വിമർശനങ്ങൾ ഏറെ ഉണ്ടെന്നിരിക്കിലും.

  • പക്ഷെ, ആഗ്രഹം നടക്കണമെന്നില്ലല്ലോ. എൻ്റെ അഭിപ്രായത്തിൽ ഇത്തവണ UDF വരാനാണ് സാധ്യത. അടിസ്ഥാനപരമായി കേരളം വലതുപക്ഷത്തിനനുകൂലമാണ്. കോൺഗ്രസിന് ഒരിക്കലും തുടർഭരണം കിട്ടാത്തത് അഴിമതിയും തമ്മിലടിയും കൊണ്ടാണ്. ജാതി മത വർഗീയ ട്രപ്പീസ് കളിയില്ലാതെ യു ഡി എഫിന് നിലനിൽക്കാനാവില്ല. അതിൻ്റെ ശക്തമായ സ്വാധീനം കേരളീയ സമൂഹത്തിലുള്ളതുകൊണ്ട് അവർക്ക് ഭരണം നേടാനാവും. കൈയിലിരുപ്പ് മോശമായതുകൊണ്ട് ജനം തൊട്ടടുത്ത തവണ ഇടതുപക്ഷത്തെ അധികാരത്തിലേറ്റുകയും ചെയ്യും. ഇതാണ് പതിവ്.
    ഇതിൽനിന്ന് ഭിന്നമായി ഇടതുപക്ഷത്തിന് ഭരണത്തുടർച്ച കിട്ടിയത് കഴിഞ്ഞ തവണ മാത്രമായിരുന്നു. അതിന്റെ പിന്നിൽ പ്രവർത്തിച്ചത് കോവിഡ് കാലത്ത് ഇടതുപക്ഷം മോശമല്ലാത്ത പ്രവർത്തനം കാഴ്ചവച്ചത് കൊണ്ടാണ്. ആ നിസ്സഹായമായ അവസ്ഥയിൽ ഒരു രക്ഷകബിംബമായി പിണറായി വിജയൻ മാറുന്നുണ്ട്. മാധ്യമങ്ങൾ അത് സ്ഥാപിച്ചെടുക്കുന്നുമുണ്ട്. ആ രക്ഷകപ്രതീതി ഇപ്പോൾ നിലനിൽക്കുന്നില്ല. മാത്രവുമല്ല കഴിഞ്ഞ മന്ത്രിസഭയെ അപേക്ഷിച്ച് വളരെ ദുർബലമായ ഒന്നാണ് ഈ മന്ത്രിസഭ എന്ന ബോധം ജനങ്ങളിലുണ്ട്. ചരിത്രത്തിലിതുവരെ ഇല്ലാത്തവിധം ഉയർന്നുവന്ന വിമതസ്വരങ്ങൾ സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. കോൺഗ്രസിൽ ഇത് സർവ്വസാധാരണമായിരുന്നു. എല്ലാ വിമതസ്വരങ്ങളെയും ഒതുക്കി പാർട്ടി ഒറ്റക്കെട്ടായി എന്നു മേനി നടിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്നതും ഓർക്കണം.

ഇടതുപക്ഷത്തോട്, പ്രത്യേകിച്ച്, സി പി എമ്മിനോട് ആഭിമുഖ്യമുള്ളവരെ പല ലെയറുകളായി കാണണം എന്നു തോന്നുന്നു.
- പാർട്ടി മെമ്പർമാരടങ്ങുന്ന ബേസിക് ലെയർ. - - സ്ഥിരമായി വോട്ടു ചെയ്യുന്നവരുൾപ്പെടുന്ന രണ്ടാം ലെയർ.
- വിമർശനാത്മകമായി പിന്തുണയ്ക്കുന്ന മൂന്നാം ലെയർ.

ഈ മൂന്നും കൂടാതെ പൊതുവായ നിഷ്പക്ഷവോട്ടുകളും കിട്ടിയാൽ മാത്രമേ ഇടതുപക്ഷത്തിന് വിജയസാധ്യതയുള്ളു. പിണറായി വിജയൻ എന്ന ഒരൊറ്റ വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പ്രചാരണം ഈ മൂന്നാം ലെയറിനെ അലോസരപ്പെടുത്തുന്നുണ്ട്, നിഷ്പക്ഷവോട്ടുകളെയും.

ന്യൂനപക്ഷ വോട്ടുകളെക്കുറിച്ചുള്ള, പ്രത്യേകിച്ച് മുസ്ലിം വോട്ടുകളെക്കുറിച്ചുള്ള ആശങ്ക ഇടതുപക്ഷത്തിനുണ്ട്. ഏതു പരാജയത്തിലും അവരെ ഇടതുപക്ഷം കുറ്റപ്പെടുത്തുന്നത് സാധാരണമായിട്ടുണ്ട്. സമുദായം എന്ന നിലയിൽ എന്തുതരത്തിലുള്ള പ്രാതിനിധ്യമാണ് അവർക്കായി ഇടതുപക്ഷം നൽകിയിട്ടുള്ളത് എന്നവർ ചിന്തിക്കാറില്ല. മുസ്ലിങ്ങളെയല്ല, സവർണ ഹിന്ദു- ക്രിസ്ത്യൻ സമുദായത്തിൻ്റെ വോട്ടുകൾ തങ്ങൾക്കു കിട്ടിയില്ലെങ്കിൽ അവരെയാണ് കുറ്റപ്പെടുത്തേണ്ടത്. ചരിത്രത്തിൽ ഏറ്റവും വലിയ ആനുകൂല്യം സവർണ സംവരത്തിലൂടെ അവർക്കാണ് ഇടതുപക്ഷം നൽകിയിട്ടുള്ളത്. ഹിന്ദു- മുസ്ലിം ന്യൂനപക്ഷങ്ങളോടുള്ള ചതി കൂടിയായിരുന്നു അത്.

വെള്ളാപ്പിള്ളിയെപ്പോലെ വർഗീയവിഷം ചീറ്റിയ മറ്റൊരു സമുദായ നേതാവ് അടുത്ത കാലത്ത് വേറെയുണ്ടായിട്ടുണ്ടോ? അദ്ദേഹത്തോട് കാണിക്കുന്ന അമിതമായ താല്പര്യം മുസ്ലിം ന്യൂനപക്ഷത്തെ വെറുപ്പിച്ചിട്ടുണ്ട്. ഇതും ഇലക്ഷനെ ബാധിക്കും. വികസനം ജനങ്ങൾ കാണുന്നില്ലേ, അത് വോട്ടാകാതിരിക്കുമോ എന്ന് സംശയിക്കുന്ന ഇടതുപക്ഷക്കാരുണ്ട്. പൊതുവെ സംശുദ്ധഭരണം കാഴ്ചവെച്ച 87- ലെ നായനാർ മന്ത്രിസഭയ്ക്ക് തുടർച്ച ഉണ്ടായില്ല എന്നോർക്കണം, പിന്നീട് വി. എസ് ഗവണ്മെൻ്റിനും.

നിലവിൽ 40 നടുത്ത് സീറ്റുകൾ മറിഞ്ഞാൽ മാത്രമേ യു ഡി എഫ് വിജയിക്കുകയുള്ളൂ എന്നത് ശരിയാണ്. കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊല്ലം തുടങ്ങിയ ജില്ലകളിൽ നിന്നുതന്നെ 20- 30 സീറ്റ് യു ഡി എഫ് കൂടുതലായി നേടും. ആലപ്പുഴയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തും പാലക്കാട്ടും ചെറിയ മാറ്റങ്ങളുണ്ടാവും. ആകെ നോക്കിയാൽ 70 നും 80 നും ഇടയിൽ സീറ്റ് യു ഡി എഫിന് ലഭിക്കും. അല്പം കൂടാനും സാധ്യത കാണുന്നു.

Comments