ഇടതുപക്ഷ ജനാധിപത്യമുണിയുടെയും ഐക്യജനാധിപത്യമുണിയുടെയും പ്രകടനപത്രികകൾ കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരിക്കുകയാണ്. എൽ.ഡി.എഫ് മാനിഫെസ്റ്റോ കോഴിക്കോടും യു.ഡി.എഫ് മാനിഫെസ്റ്റോ കൊച്ചിയിലുമാണ് പ്രകാശനം ചെയ്തത്. ഈ രണ്ട് മാനിഫെസ്റ്റോകളും മുന്നോട്ട് വെക്കുന്ന വികസന കാഴ്ചപ്പാടുകളും അതിന്റെ പ്രായോഗികതയും തീർച്ചയായും കേരളീയ പൊതുസമൂഹം ചർച്ചചെയ്യേണ്ടതുണ്ട്. അല്ലാതെ ഭരണമാറ്റത്തെക്കുറിച്ചുള്ള കേവലമായ യുഡി.എഫ് അനുകൂലികളായ സാംസ്‌കാരികപ്രവർത്തകരുടെ ആഗ്രഹചിന്തകളിലല്ല രാഷ്ട്രീയബോധമുള്ള ഒരു ജനത നിലപാട് സ്വീകരിക്കേണ്ടത്. അങ്ങേയറ്റം അപചയവിധേയമായ ഒരു മുന്നണിയും പാർടിയുമാണ് യു.ഡി.എഫും കോൺഗ്രസുമെന്നതാണ് യാഥാർത്ഥ്യം. യു.ഡി.എഫിനും എൽ.ഡി.എഫിനും വേണ്ടി വാദിക്കുന്നവർ രണ്ട് മുണികളുടെയും നയപരമായ സമീപനങ്ങളെന്ത് എ് കൂടി വ്യക്തമാക്കാൻ ബാധ്യസ്ഥരാണ്. യു.ഡി.എഫും എൽ.ഡി.എഫും മാറിമാറി ഭരിക്കട്ടെയെന്ന പ്രബോധനം നടത്തുവർ തങ്ങൾ പുൽകിക്കഴിയുന്ന വലതുപക്ഷ രാഷ്ട്രീയത്തെ സഹായിക്കാനുള്ള അരാഷ്ട്രീയ പ്രചരണങ്ങളാണ് ഏറ്റെടുത്തിരിക്കുത്. മുന്നണികളുടെയും രാഷ്ട്രീയപാർടികളുടെയും നയപരമായ സമീപനങ്ങളും വാഗ്ദാനങ്ങളും ഭാവി കേരളത്തെ സഹായിക്കുമോ എന്ന കാര്യമാണ് ജനാധിപത്യവാദികൾ പരിശോധിക്കേണ്ടത്.
കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് നവകേരളത്തിന് അടിത്തറയിട്ട ഇടതുപക്ഷജനാധിപത്യമുണി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത് ഈ നവകേരള നിർമ്മിതിയുടെ കടമകൾ പൂർത്തീകരിക്കാനുള്ള ജനവിധിക്കു വേണ്ടിയാണ്. 2016-ന് മുമ്പുണ്ടായിരുന്ന ഇരുണ്ട കാലത്തിനോട് താരതമ്യം ചെയ്താൽ വിസ്മയകരമായ മാറ്റങ്ങളും പുരോഗതിയുമാണ് കേരളത്തിനുണ്ടായിട്ടുള്ളത്. 2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ കോൺഗ്രസും ബി.ജെ.പിയും ഒരുപോലെ പിൻപറ്റുന്ന നിയോലിബറൽ നയങ്ങൾക്ക് ബദലായ വികസനസമീപനങ്ങൾ മുന്നോട്ടുവെച്ചാണ് നവകേരള നിർമ്മിതിക്കുവേണ്ടിയുള്ള ശ്രമകരമായ ഭരണനടപടികൾ ആരംഭിച്ചത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും സേവനമേഖലകൾക്കും ശമ്പളവും പെൻഷനും കൊടുക്കാനും ഉപയോഗിക്കേണ്ട സാമ്പത്തിക അവസ്ഥയാണ് കേരളത്തിന്റെ വികസനപ്രതിസന്ധിക്ക് പ്രധാന കാരണമായിരുന്നത്.

1990-കളോടെ ആരംഭിച്ച ആഗോളവൽക്കരണനയങ്ങൾ പൊതുമേഖലയെ കയ്യൊഴിയുന്നതും എല്ലാവിധ ജനോപകാരപ്രദമായ സേവനമേഖലകളിൽ നിന്നും ക്ഷേമപ്രവർത്തനങ്ങളിൽ നിന്നും ഭരണകൂടം പിൻമാറണമെന്ന സോഷ്യൽ ഡാർവിനിസ്റ്റ് സിദ്ധാന്തങ്ങളെ പിൻതുടരുതായിരുന്നു. 1970-കളിൽ അമേരിക്കയിലെ ചിക്കാഗോ സ്കൂളുകാർ ചിലി ഉൾപ്പെടെയുള്ള ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ പരീക്ഷിച്ച കടുത്ത ചെലവ് ചുരുക്കലിന്റെയും ചെലവ് വസൂലാക്കലിന്റേതുമായ നിയോലിബറൽ നയങ്ങളാണ് കേരളവികസനമാതൃകയ്ക്ക് വെല്ലുവിളിയായി തീർന്നത്. രാഷ്ട്രീയമായി ഈ നയങ്ങളുടെ സ്തുതിപാഠകരും പ്രയോക്താക്കളുമായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യു.ഡി.എഫും സംഘപരിവാർ ശക്തികളും. സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും വലതുപക്ഷ വീക്ഷണങ്ങളെയും രാഷ്ട്രീയശക്തികളെയും പ്രതിരോധിച്ചുകൊണ്ടാണ് കേരളം അതിന്റെ ബദൽനയങ്ങൾ മുന്നോട്ടു കൊണ്ടുപോയത്.
2021-ൽ തുടർഭരണം ലഭിച്ചതോടെ എൽ.ഡി.എഫ് സർക്കാർ വികസനത്തെ സംബന്ധിച്ച ദീർഘകാല പദ്ധിതകൾ മുന്നോട്ടുവെച്ചത് നടപ്പിലാക്കാനുള്ള നീക്കങ്ങളാണ് നടത്തിയത്. വരുന്ന 25 വർഷക്കാലത്തെ കേരളവികസനത്തെ സംബന്ധിച്ച പരിപ്രേക്ഷ്യത്തിൽ നിന്നാണ് ഇടതുപക്ഷസർക്കാർ അതിന്റെ ക്ഷേമ, വികസന പരിപാടികൾ ആവിഷ്കരിച്ചത്. അതായത് കോൺഗ്രസും ബി.ജെ.പിയും മുഖ്യമായും പ്രതിനിധീകരിക്കുന്ന ആഗോളവൽക്കരണ നയങ്ങൾക്കും വർഗീയധ്രുവീകരണ നീക്കങ്ങൾക്കും പ്രതിരോധമെന്ന നിലയിലാണ് ബദൽ നയങ്ങളും മതനിരപേക്ഷ കേരളത്തെ സംബന്ധിച്ച സങ്കൽപങ്ങളും ഇടതുപക്ഷം മുന്നോട്ടു വെച്ചിട്ടുള്ളത്. ആ ഒരു കാഴ്ചപ്പാടിൽ നിന്നുകൊണ്ടാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി 2026-ലെ തെരഞ്ഞെടുപ്പിൽ അതിന്റെ മാനിഫെസ്റ്റോ അവതരിപ്പിച്ചിട്ടുള്ളത്. മാനിഫെസ്റ്റോ പ്രകാശനം ചെയ്തുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞതുപോലെ;
“കഴിഞ്ഞ ഒരു ദശാബ്ദക്കാലം കേരളത്തിന്റെ വികസനചരിത്രത്തിലും രാഷ്ട്രീയചരിത്രത്തിലും ഒരു സാധാരണ ഭരണകാലമായിരുന്നില്ല. കേരളജനത അഭൂതപൂർവ്വമായ ഒട്ടേറെ ദുരന്തങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടിവന്ന കാലമായിരുന്നു കഴിഞ്ഞ 10 വർഷക്കാലം. പ്രളയങ്ങൾ, നിപ, കൊവിഡ് മഹാമാരി പോലുള്ള അസാധാരണപ്രതിസന്ധികളെ നേരിട്ടുകൊണ്ടാണ് അതുയർത്തിയ വെല്ലുവിളികളെ അതിജീവിച്ചുകൊണ്ടാണ് കേരളം മുന്നേറിയത്. അതിന് കേരളത്തെ പ്രാപ്തമാക്കിയത് ഇടതുപക്ഷ രാഷ്ട്രീയദർശനത്തിന്റെ ശക്തിയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മനുഷ്യകേന്ദ്രിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വികസനത്തെ സംബന്ധിച്ച കാഴ്ചപ്പാടാണ് ഇടതുപക്ഷത്തിന്റേത്. കൃഷിയും വ്യവസായവും പരമ്പരാഗത വ്യവസായവും ആധുനിക വ്യവസായവും നഗരസമൂഹവും നാട്ടിൻപുറങ്ങളും ജനങ്ങൾക്കിടയിലെ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളും അവരുടെ വിശ്വാസങ്ങളും തുടങ്ങി എല്ലാത്തിനെയും ഉൾക്കൊള്ളുന്നതും ഇവ തമ്മിലുള്ള സന്തുലിതത്വം കണക്കിലെടുക്കുന്നതുമായ വികസനസമീപനമാണ് ഇടതുപക്ഷത്തിനുള്ളത്.”

ജനക്ഷേമവും വികസനവും വിരുദ്ധഘടകങ്ങളല്ലെന്നും അവ പരസ്പരം ബന്ധപ്പെടുത്തി ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകാൻ കഴിയണമെതായിരുന്നു ഇടതുപക്ഷത്തിന്റെ എക്കാലത്തെയും സമീപനം. വികസനത്തിന് പണമില്ലാത്തത് ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതുകൊണ്ടാണ് എന്ന നിലപാടിൽ നിന്ന് ക്ഷേമപദ്ധതികളും സേവനമേഖലകളും കയ്യൊഴിയുകയും സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയും ചെയ്യുന്ന സമീപനമായിരുന്നു. 1990-കളിലെ കരുണാകരൻ സർക്കാരും 2000-ലെ എ.കെ. ആന്റണി സർക്കാരും 2011-ലെ ഉമ്മൻചാണ്ടി സർക്കാരും സ്വീകരിച്ചിരുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ നിന്നെല്ലാം സർക്കാർ പിൻമാറുന്നതും സ്വകാര്യവൽക്കരണം തീവ്രമാക്കുന്നതുമായ നിലപാടാണ് യു.ഡി.എഫ് സർക്കാരുകൾ സ്വീകരിച്ചത്. പ്രതിപക്ഷത്തിരിക്കുമ്പോൾ ജനകീയസമരങ്ങൾ ഉയർത്തി ഇതിനെ പ്രതിരോധിക്കുകയും അധികാരത്തിൽ വരുമ്പോൾ ക്ഷേമപദ്ധതികളെയും ആരോഗ്യ വിദ്യാഭ്യാസമേഖലകൾ ഉൾപ്പെടെയുള്ള സേവനമേഖലകളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
പുരുഷാധിപത്യപരമായ കുടുംബഘടനയും സാമൂഹ്യാവസ്ഥയും സ്ത്രീ ജീവിതത്തെ എല്ലാ മേഖലകളിലും രണ്ടാം നിലയിലേക്ക് തള്ളിയിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദക്കാലം സ്ത്രീശാക്തീകരണത്തിനുവേണ്ടി നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചു നടപ്പിലാക്കാൻ ഇടതുപക്ഷമുന്നണി സർക്കാരിന് സാധിച്ചിട്ടുണ്ട്. ഇത് സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ നില മെച്ചപ്പെടുത്തുതിന് സാഹചര്യമൊരുക്കിയിട്ടുണ്ട്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2017-18 ൽ 26.5% ആയിരുന്നു. അത് 2023-24-ൽ 36.4% ആയി ഉയർന്നു. സ്ത്രീകൾക്ക് സുരക്ഷാ ധനസഹായം, സ്വയംതൊഴിൽ അവസരങ്ങൾ, സേവനമേഖലകളിൽ സ്ത്രീകൾക്ക് കൂടുതൽ പങ്കാളിത്തം ഇതെല്ലാം കേരളത്തിന്റെ സാമൂഹ്യഘടനയിൽ വലിയ സ്വാധീനവും മാറ്റവും ഉണ്ടാക്കിയ ഇടപെടലുകളാണ്.
സാമൂഹ്യസുരക്ഷാരംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റമാണ് ഉണ്ടായത്. 2016-ൽ 600 രൂപയായിരു ക്ഷേമപെൻഷൻ 2000 ആയി ഉയർത്തി. 62 ലക്ഷം പേർ ഇതിന്റെ ഗുണഭോക്താക്കളാണ്. ലൈഫ് മിഷൻ വഴി 5 ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ചുനൽകി. പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾക്ക് 2 ലക്ഷം വീടുകളാണ് നിർമ്മിച്ചുനൽകിയത്. മത്സ്യത്തൊഴിലാളികൾക്കായി പുനർഗേഹം പദ്ധതിയിലൂടെ ആയിരക്കണക്കിന് വീടുകളാണ് നിർമ്മിച്ചുകൊടുത്തത്. 60% വീടുകളിലും പൈപ്പ് ജലം എത്തിച്ചുകൊടുത്തിട്ടുണ്ട്. ആരോഗ്യരംഗത്ത് അന്താരാഷ്ട്രതലത്തിൽ തന്നെ കേരളം ശ്രദ്ധിക്കപ്പെട്ട കാലംകൂടിയാണിത്. ശിശുമരണനിരക്ക് ഗണ്യമായി കുറയുക മാത്രമല്ല ഇന്ത്യയിലെ ആരോഗ്യസൂചികകളിലെല്ലാം കേരളം ഒന്നാമതായി. 13000 കോടി രൂപയുടെ നിക്ഷേപമാണ് ആരോഗ്യരംഗത്ത് നടത്തിയത്. 10000-ലധികം പുതിയ തസ്തികകൾ സൃഷ്ടിക്കുകയുണ്ടായി. സർക്കാർ ആശുപത്രികളിലെ ഒ.പി സന്ദർശനം 13 കോടിയാണ്. സർക്കാർ സ്കൂളുകൾ മെച്ചപ്പെട്ടതോടെ അൺ എയ്ഡഡ് സ്വകാര്യമേഖലകളിൽ നിന്നടക്കം 11 ലക്ഷത്തിലധികം കുട്ടികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. ഡിജിറ്റൽ വിദ്യാഭ്യാസം വ്യാപകമായി നടപ്പിലാക്കി. 45000-ലേറെ ക്ലാസ്മുറികൾ ഹൈടെക് ആക്കി. സർവ്വകലാശാലാ വിദ്യാഭ്യാസം സൗജന്യമാക്കുകയും ഗുണനിലവാരം വർദ്ധിപ്പിക്കുകയും ചെയ്തു.

ഒരു വിജ്ഞാന സമ്പദ്ഘടനയായി മാറാനുള്ള കേരളത്തിന്റെ മുന്നേറ്റങ്ങൾക്ക് ചാലകശക്തിയായി നിൽക്കുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയാണ്. ദേശീയതലത്തിൽ തന്നെ ഉന്നതവിദ്യാഭ്യാസരംഗത്ത് വലിയ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. അടിസ്ഥാന സൗകര്യരംഗത്ത് 2 ലക്ഷം കോടിയോളം രൂപയുടെ നിക്ഷേപപദ്ധതികളാണ് നടപ്പിലാക്കിയത്. ദേശീയപാതാ വികസനം, വിഴിഞ്ഞം തുറമുഖം, കെ-ഫോൺ തുടങ്ങി കേരളത്തിന്റെ ഭാവി സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയിടുന്നതിന് കഴിഞ്ഞ 10 വർഷം കൊണ്ട് കഴിഞ്ഞു. വ്യവസായരംഗത്തും വലിയ ഉണർവ്വാണ് സൃഷ്ടിക്കാൻ കഴിഞ്ഞത്. ഐ.ടി മേഖലയിൽ 26000-ൽ നിന്ന് തൊഴിൽ 2.5 ലക്ഷമായി ഉയർന്നു. സ്റ്റാർട്ടപ്പുകൾ 800-ൽ നിന്നും 7700-ൽ കൂടുതലായി. കൊച്ചിയിൽ നടന്ന ആഗോള നിക്ഷേപ സംഗമത്തിൽ 1.96 ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് വന്നത്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയിൽ 1,18,000 കോടിയുടെ നിക്ഷേപമാണ് ലഭിച്ചത്.
10 വർഷക്കാലം കൊണ്ട് ഇടതുപക്ഷം ജനങ്ങളുടെ മുമ്പിൽവെച്ച വികസനപദ്ധതികളെല്ലാം ഏറ്റവും കാര്യക്ഷമതയോടെ നടപ്പാക്കാനും സർക്കാരിന് കഴിഞ്ഞു. അതു തന്നെയാണ് ഇടതുപക്ഷത്തിന്റെ വിശ്വാസ്യതയും. വീണ്ടുമൊരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഈ വിശ്യാസ്യതതെയാണ് ഭരണത്തുടർച്ചയുടെ അടിസ്ഥാനമായിരിക്കുത്. രാജ്യത്തെ ഏറ്റവും ആധികാരിക ധനകാര്യസ്ഥാപനമായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് ഈ വസ്തുതകളെയെല്ലാം അംഗീകരിക്കുതാണ്. 2025 ഡിസംബർ 11 ന് പ്രസിദ്ധീകരിച്ച 'ഹാൻഡ് ബുക്ക് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓൺ ഇന്ത്യൻ സ്റ്റേറ്റ്‌സ്' അനുസരിച്ച് കേരളം അതിന്റെ സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധേയമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. 2016-ൽ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം 2024-25 ൽ 3,08,338 രൂപയായി ഉയർന്നു. അതായത് ഇരട്ടിയായി വർദ്ധിച്ചു. സംസ്ഥാനത്തിന്റെ ജി.ഡി.പി 5.61 ലക്ഷം കോടി രൂപയിൽ നിന്നും 12.48 ലക്ഷം കോടി രൂപയായി ഉയർന്നു. ഇതെല്ലാം കാണിക്കുന്നത് കേരളത്തിന്റെ സാമ്പത്തിക അടിത്തറ ശക്തമായ രീതിയിൽ വികസിച്ചുവെന്നാണ്. വ്യവസായമേഖലയിലെ മൂല്യവർദ്ധനവ് ഇരട്ടി യിലധികമായി വർദ്ധിച്ചു. ഇപ്പോഴത് 2.67 ലക്ഷം കോടി രൂപയിലെത്തി. മാനുഫാക്ചറിംഗ് മേഖലയിലെ ഉൽപാദനം 1 ലക്ഷം കോടി രൂപ കടന്നിരിക്കുന്നു. ഇത്രയും വലിയ ഉൽപാദന വർദ്ധനവ് മാനുഫാക്ചറിംഗ് മേഖലയിലെ ചരിത്രത്തിലാദ്യമാണ്. സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 38,995 കോടി രൂപയിൽ നിന്ന് 84,884 കോടി രൂപയായി ഉയർന്നു. മൂലധനചെലവ് 12,417 കോടി രൂപയിൽ നിന്ന് 39,359 കോടി രൂപയായി ഉയർന്നു. അതായത് മൂന്നരട്ടി വർദ്ധനവാണുണ്ടായത്.

ഇതെല്ലാം അടിസ്ഥാന സൗകര്യരംഗത്തെ വികസനത്തിന് നൽകിയ പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്. ബാങ്ക് നിക്ഷേപങ്ങൾ 36.61 ലക്ഷം കോടി രൂപയിൽ നിന്ന് 89.48 ലക്ഷം കോടി രൂപയായി വളർന്നത് ജനങ്ങളുടെ സാമ്പത്തികശക്തിയും വിശ്വാസവും വർദ്ധിച്ചതിന്റെ പ്രതിഫലനമാണ്. ഈയൊരു നേട്ടങ്ങളിൽ ഊന്നി നിന്നുകൊണ്ടാണ് കേരളത്തിന്റെ ഭാവിയെ നിർണയിക്കുന്ന പുതിയ വാഗ്ദാനങ്ങൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി അതിന്റെ മാനിഫെസ്റ്റോവിലൂടെ മുന്നോട്ടുവെച്ചിട്ടുള്ളത്. വിപുലമായ തലങ്ങളിൽ നടന്നിട്ടുള്ള അന്വേഷണങ്ങളുടെയും ജനകീയ സംവാദങ്ങളുടെയും ഉൽപന്നമെന്ന നിലയ്ക്കുകൂടിയാണ് ഈ മാനിഫെസ്റ്റോയെ ഇടതുപക്ഷം അവതരിപ്പിക്കുന്നത്. 950 നിർദ്ദേശങ്ങളാണ് മാനിഫെസ്റ്റോ മുന്നോട്ടു വെക്കുന്നത്.
മാനിഫെസ്റ്റോ ഊന്നുന്നതും ലക്ഷ്യംവെക്കുന്നതും കേരളത്തെ വിജ്ഞാന സമ്പദ്ഘടനയിലേക്ക് മാറ്റുന്ന പ്രവർത്തനം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ പൂർത്തിയാക്കണമെന്നാണ്. അതുവഴി ഉണ്ടാകുന്ന സാമ്പത്തിക വളർച്ചയുടെ നേട്ടം കേരളത്തിലെ എല്ലാ പൗരർക്കും ലഭ്യമാക്കുമെന്നും മാനിഫെസ്റ്റോ പറയുന്നു. തൊഴിലില്ലായ്മയും ദാരിദ്ര്യവും പരിഹരിക്കുന്നതോടൊപ്പം വികേന്ദ്രീകൃത ജനാധിപത്യം, മതനിരപേക്ഷത, തുല്യത, പുരോഗമനചിന്ത… എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹം നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് മാനിഫെസ്റ്റോ സൂചിപ്പിക്കുന്നു. കേരളത്തെ കേവല ദാരിദ്ര്യരഹിത സംസ്ഥാനമാക്കും. അതിദാരിദ്ര്യം ഇല്ലാതാക്കിയ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ, ഏകദേശം അഞ്ച് ലക്ഷം ദരിദ്രരായ കുടുംബങ്ങളെ കൃത്യമായി തിരിച്ചറിഞ്ഞ് അവരെ ദാരിദ്ര്യത്തിൽ നിന്ന് ഉയർത്താനുള്ള പ്രവർത്തനപദ്ധതി നടപ്പാക്കും. വരുമാനം, താമസം, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ ഇവയെല്ലാം ഉൾക്കൊള്ളുന്ന സമഗ്ര ഇടപെടലായിരിക്കും ഇതെന്ന് മാനിഫെസ്റ്റോ വിശദീകരിക്കുന്നു. സാമൂഹ്യസുരക്ഷയെ പുതിയ വിതാനങ്ങളിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം.
എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 3000 രൂപയായി വർദ്ധിപ്പിക്കും. കിടപ്പുരോഗികൾക്ക് അവകാശ അടിസ്ഥാനത്തിലുള്ള സമ്പൂർണ്ണ പരിചരണ സംവിധാനം നടപ്പാക്കും. വയോജനങ്ങൾക്ക് ആരോഗ്യപരിപാലനവും സമൂഹാടിസ്ഥാനത്തിലുള്ള പിന്തുണയും ഉറപ്പാക്കും. ആരോഗ്യകരമായ വാർദ്ധക്യം എന്ന ആശയം യാഥാർത്ഥ്യമാക്കുമെന്നും മാനിഫെസ്റ്റോ ഉറപ്പുനൽകുന്നു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള ബന്ധം പൂർണ്ണമായി പുനഃസംഘടിപ്പിക്കും. പഠിച്ചാൽ ജോലി ഉറപ്പ് വരുത്തും. ക്യാമ്പസ് പ്ലേസ്മെന്റ് സർവ്വസാധാരണമാക്കും. 2025-26 ൽ 60,000 വിദ്യാർത്ഥികൾക്ക് ലഭിച്ച പ്ലേസ്മെന്റിന്റെ അനുഭവം സംസ്ഥാനതലത്തിൽ വ്യാപിപ്പിക്കും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് വഴി വിദ്യാർത്ഥികളെ നേരിട്ട് തൊഴിൽ മേഖലയുമായി ബന്ധിപ്പിക്കും. ബാക്ക് ടു ക്യാമ്പസ് പദ്ധതിയിലൂടെ പഠനം പൂർത്തിയാക്കിയ യുവാക്കൾക്ക് പുതുക്കിയ നൈപുണി പരിശീലനം നൽകും. യുവജനങ്ങളെ തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽ സൃഷ്ടിക്കുന്നവരാക്കി മാറ്റുമെന്നും മാനിഫെസ്റ്റ് ഉറപ്പുനൽകുന്നു. പലിശരഹിത വായ്പകൾ നൽകി പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ പ്രോത്സാഹിപ്പിക്കും. കോളേജുകളുമായി ബന്ധിപ്പിച്ചുള്ള ഇൻക്യൂബേഷൻ, ഹാക്കത്തോൺ, ഇന്നൊവേഷൻ സെന്ററുകൾ എന്നിവ വികസിപ്പിക്കും. ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളുടെ എണ്ണം 40ൽ നിന്ന് 120 ആയി ഉയർത്തി ഏകദേശം 2 ലക്ഷം ഉയർന്ന നിലവാരത്തിലുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തത്തിൽ ചരിത്രപരമായ ചുവടുവെയ്പ്പ് നടത്തും. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 50 ശതമാനമായി ഉയർത്തും. ഇത് സാമൂഹിക സാമ്പത്തിക മാറ്റത്തിന്റെ പരിപാടിയാണ്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തൊഴിൽ ശൃംഖലകൾ വികസിപ്പിക്കും. വീടിനടുത്ത് ജോലി ചെയ്യാനുള്ള വർക്ക് നിയർ ഹോം സംവിധാനം വ്യാപിപ്പിക്കും. സുരക്ഷിത ഗതാഗതം ഉറപ്പാക്കും. കുട്ടികൾക്കായുള്ള ആഫ്റ്റർ സ്‌കൂൾ കെയർ സംവിധാനങ്ങൾ വ്യാപിപ്പിക്കും. സേവന സംരംഭങ്ങൾ, സാന്ത്വന പരിചരണം, ടെക്‌നോളജി സേവനങ്ങൾ, വാതിൽപ്പടി വിപണനം. ഇവയെല്ലാം സ്ത്രീകൾക്ക് പുതിയ തൊഴിൽ മേഖലകൾ തുറക്കും. തൊഴിലുറപ്പ് പദ്ധതി കൂടുതൽ ശക്തിപ്പെടുത്തും. കേന്ദ്ര സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ നില ഇപ്പോൾ തന്നെ സ്വീകരിച്ചു വരുന്നുണ്ട്. ആവശ്യമായാൽ സംസ്ഥാന വിഭവങ്ങൾ ഉപയോഗിച്ച് തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഗ്രാമീണ മേഖലയിലെ വരുമാനം ഉറപ്പാക്കും.
വ്യവസായവൽക്കരണത്തിന് പുതിയ വേഗം നൽകും. നിർമ്മാണ മേഖലയുടെ പങ്ക് 2015-16ൽ 10.14 ശതമാനത്തിൽ നിന്ന് 2024-25ൽ 13 ശതമാനമായി ഉയർന്നിട്ടുണ്ട്; ഇത് 2031-ഓടെ 16 ശതമാനമായി ഉയർത്തും. വ്യവസായ ഇടനാഴികൾ, ലോജിസ്റ്റിക് ഹബ്ബുകൾ, ക്ലസ്റ്ററുകൾ എന്നിവ വികസിപ്പിക്കും. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ചുള്ള വ്യവസായ വികസനം കൂടുതൽ ശക്തമാക്കും. കൃഷി, മത്സ്യബന്ധനം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയെ സംരക്ഷിക്കുകയും നവീകരിക്കുകയും ചെയ്യും. ജലസേചന വികസനം, വിപണന സൗകര്യങ്ങൾ, വിലസ്ഥിരത, പുനരധിവാസം ഇവയെല്ലാം കൂടുതൽ ശക്തിപ്പെടുത്തും. മനുഷ്യ വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള പ്രത്യേക ഇടപെടലുകൾ നടത്തും.
പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കും ഭിശേഷിക്കാർക്കും കൂടുതൽ കേന്ദ്രീകൃത വികസന പദ്ധതികൾ നടപ്പാക്കും. വിദ്യാഭ്യാസം, തൊഴിൽ, താമസം, സാമൂഹ്യ സുരക്ഷ എല്ലാ മേഖലകളിലും തുല്യത ഉറപ്പാക്കും. പൊതുവിതരണ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. വിലക്കയറ്റം പിടിച്ച് നിർത്താൻ കർശന നടപടികൾ സ്വീകരിക്കും. വിദ്യാഭ്യാസ രംഗത്ത് ഗുണമേന്മ ഉയർത്തുന്നതിനൊപ്പം നൈപുണി വികസനവും ഗവേഷണവും കൂടുതൽ ശക്തിപ്പെടുത്തും. ഉന്നതവിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. ആരോഗ്യ രംഗത്ത് എല്ലാ ജനങ്ങൾക്കുമുള്ള പരിരക്ഷ കൂടുതൽ ശക്തിപ്പെടുത്തും. പ്രാഥമിക ആരോഗ്യസംരക്ഷണം മുതൽ ഉയർന്ന ചികിത്സ വരെ സർക്കാർ സംവിധാനത്തിലൂടെ ലഭ്യമാക്കും.
അടിസ്ഥാന സൗകര്യ വികസനം അടുത്ത ഘട്ടത്തിലേക്ക് കടക്കും. റോഡുകൾ, വൈദ്യുതി, ജലം, ഡിജിറ്റൽ കണക്റ്റിവിറ്റി ഇവയെല്ലാം കൂടുതൽ ശക്തിപ്പെടുത്തും. കെ ഫോൺ പോലുള്ള പദ്ധതികൾ വഴി ഡിജിറ്റൽ ഉൾക്കൊള്ളൽ ഉറപ്പാക്കും. ടൂറിസം, ഐടി, സ്റ്റാർട്ടപ്പ് മേഖലകളിൽ കൂടുതൽ വളർച്ച ഉറപ്പാക്കും. കേരളത്തെ വിജ്ഞാന സമ്പദ്ഘടനയാക്കി മാറ്റുന്നതിനുള്ള അടിത്തറ കൂടുതൽ ശക്തമാക്കും. പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മിൽ സന്തുലിത സമീപനം സ്വീകരിക്കും. ദുരന്തനിവാരണ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കും. പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും കൂടുതൽ ശക്തമായ ഇടപെടലുകൾ നടത്തും. അവരുടെ സാമ്പത്തിക പങ്കാളിത്തം സംസ്ഥാന വികസനത്തിലേക്ക് കൊണ്ടുവരും. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തും. ജനകീയ ആസൂത്രണത്തെ പുതിയ ഘട്ടത്തിലേക്ക് ഉയർത്തും.

മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിന് പ്രതിബദ്ധതയോടെ ഇനിയും ഇടപെടുമെന്നും അഴിമതിരഹിതവും സുതാര്യവുമായ ഭരണ സംവിധാനം ഉറപ്പാക്കുമെന്നും സംസ്ഥാനത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കുന്ന നിലപാട് കൂടുതൽ ശക്തമാക്കുമെന്നും മാനിഫെസ്റ്റോ പ്രഖ്യാപിക്കുന്നു. കഴിഞ്ഞ പത്ത് വർഷം നമ്മൾ തെളിയിച്ചത്; വികസനം സാധ്യമാണ്, സാമൂഹ്യനീതി സാധ്യമാണ്, വിശ്വാസം പാലിക്കുന്ന ഭരണവും സാധ്യമാണ് എന്നതാണ്. ഇനി മുന്നിലുലുള്ളത് കൂടുതൽ വളർച്ച നേടുക, അതിനെ പൂർണ്ണതയിൽ എത്തിക്കുക എന്നതാണെന്നും മാനിഫെസ്റ്റോ വിശദീകരിക്കുന്നു. നിർണായകമായ ഒരു തെരഞ്ഞെടുപ്പാണിത്. കേരളത്തിലെ ജനങ്ങളെ ചേർത്തുപിടിച്ചാണ് ഇടതുപക്ഷം മുന്നോട്ടു പോകുന്നതെന്നും എല്ലാകാലത്തും ജനങ്ങളെ വിശ്വാസത്തിൽ എടുത്താണ് ഇടതുപക്ഷം മുന്നോട്ട് പോയിട്ടുള്ളതെന്നും മാനിഫെസ്റ്റോ അടിവരയിട്ട് പറയുന്നു. ജനങ്ങൾ ഞങ്ങളെയും ഞങ്ങൾ ജനങ്ങളെയും എന്നും വിശ്വസിച്ചിട്ടുണ്ടെന്നാണ് മാനിഫെസ്റ്റോ പ്രകാശനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞത്. ആ വഴിക്ക് തന്നെയാണ് ഇപ്പോഴും എൽഡിഎഫ് സഞ്ചരിക്കുന്നതെന്നും ജനങ്ങളുടെ ഇച്ഛകളുടെയും അവകാശങ്ങളുടെയും വഴിക്ക് തന്നെയാണ് ഇടതുപക്ഷമെന്നും നിലനിന്നിട്ടുള്ളത്. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയസമീപനവും സാമൂഹ്യനീതിയിലും സാമൂഹ്യസുരക്ഷയിലും ഉറച്ചുനിന്നുകൊണ്ടുള്ള വികസനകാഴ്ചപ്പാടുമാണ് മാനിഫെസ്റ്റോ പൊതുവെ പ്രതിഫലിപ്പിക്കുന്നത്.
എന്നാൽ അതേദിവസം കൊച്ചിയിൽ യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്തത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയായിരുന്നു. യു.ഡി.എഫിന്റെ പ്രകടനപത്രിക പുതുയുഗത്തെയാണ് വിഭാവനം ചെയ്യുന്നതെന്നാണ് ശീർഷകം തന്നെ സൂചിപ്പിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ച് ഗ്യാരന്റികളുടെ ഒരു വിപുലനം മാത്രമാണ് യു.ഡി.എഫ് മാനിഫെസ്റ്റോയായി അവതരിപ്പിച്ചത്. യാതൊരുവിധത്തിലുമുള്ള ദിശാബോധമോ നിയോലിബറലിസം ഉയർത്തുന്ന ഭീഷണിയെ സംബന്ധിച്ച അറിവോ ജാഗ്രതയോ ഒന്നും പാലിക്കാത്ത മാനിഫെസ്റ്റോ ആണിത്. ഒരർത്ഥത്തിൽ കഴിഞ്ഞ 10 വർഷംകൊണ്ട് കേരളം നേടിയ ക്ഷേമ വികസനഘടനയെയാകെ തകർക്കുന്ന സമീപനമാണ് മാനിഫെസ്റ്റോയുടെ ഉള്ളടക്കമെന്ന് പറയാം.
5 ലക്ഷം പേർക്ക് വീടുകൾ നൽകിയ ലൈഫ്മിഷൻ പദ്ധതി റിവേഴ്‌സ് ചെയ്യുമെും പുനഃപരിഷ്‌ക്കരിക്കുമെുമാണ് യു.ഡി.എഫ് പ്രകടനപത്രിക പറയുന്നത്. എന്താണ് ഇതിലൂടെ യു.ഡി.എഫ് അർത്ഥമാക്കുന്നതോ വിഭാവനം ചെയ്യുന്നതോ ഒരു വ്യക്തതയുമില്ല. മാനിഫെസ്റ്റോ വായിച്ചാൽ കിട്ടില്ല. എന്നാൽ എൽ.ഡി.എഫിന്റെ പ്രകടനപത്രികയിൽ പറയുന്നത് സമ്പൂർണ പാർപ്പിട സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നാണ്. ഇടതുപക്ഷത്തിന് ഒരു ദിശാബോധമുണ്ട്. അതിലേക്ക് നയിക്കാനുള്ള കാഴ്ചപ്പാടുണ്ട്. ലൈഫ് മിഷൻ പുനഃപരിഷ്‌ക്കരിക്കുമെന്ന് പറയുതിലൂടെ യു.ഡി.എഫ് ഏറ്റവും ബൃഹത്തായ ഒരു ഭവനപദ്ധതിയെ അനിശ്ചിതത്വത്തിലേക്ക് തള്ളുകയാണ്. തങ്ങൾക്ക് വീട് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ആയിരങ്ങൾക്ക് ഒരുതരത്തിലുമുള്ള പ്രതീക്ഷയും യു.ഡി.എഫ് പ്രകടനപത്രിക കൊടുക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം.

മറ്റൊരുകാര്യം ദേശീയപാത തൊട്ട് കേരളത്തിന്റെ അടിസ്ഥാന സൗകര്യരംഗത്ത് വിസ്മയകരമായ മാറ്റമുണ്ടാക്കിയ കിഫ്ബിയെ പുനഃപരിശോധിക്കുമെന്നാണ് പ്രകടനപത്രികയിൽ പറയുന്നത്. കിഫ്ബിയെ പുനഃപരിശോധിക്കുമെന്ന് പറയുന്നവർ തങ്ങളുടെ ബദലെന്താണെന്ന് ഒരുവരിയിൽ പോലും മാനിഫെസ്റ്റോവിൽ പറയുന്നില്ല. കിഫ്ബിക്ക് ബദൽ എന്താണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നത് എന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. യു.ഡി.എഫിന്റെ പ്രകടനപത്രികയിൽ 3000 രൂപ ക്ഷേമപെൻഷൻ നൽകുമെന്ന് ഉറപ്പുനൽകുന്നു. എന്നാലവർക്ക് അതിന് കഴിയുമോ, കോൺഗ്രസിന്റെ ചരിത്രത്തിൽ അവർ എന്തെങ്കിലും ഉറപ്പുകൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യം കേരളത്തിലെ ജനങ്ങൾ ആലോചിക്കുമെന്ന കാര്യത്തിൽ സംശയമില്ല. വോട്ട് തട്ടാനുള്ള ജനപ്രിയ വാഗ്ദാനങ്ങൾ എന്നതിലപ്പുറത്ത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ഇതൊന്നും നടപ്പാക്കാനുള്ളതല്ല. എന്നതുമാത്രമല്ല കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയെ സമ്പൂർണമായി തകർക്കുന്നതിലേക്ക് നയിക്കുന്ന നിർദ്ദേശമാണ് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയെ വാഗ്ദാനം.
കേരളത്തിലിപ്പോൾ 5 ലക്ഷം രൂപവരെയുള്ള ആരോഗ്യ ഇൻഷുറൻസ് എല്ലാവർക്കും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുമ്പോൾ അതിന് എവിടെ നിന്നാണ് പണമെന്നതുൾപ്പെടെയുള്ള ഒരുകാര്യത്തിലും വ്യക്തതയില്ല. യു.ഡി.എഫ് 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷൂറൻസ് വാഗ്ദാനമായി വെക്കുമ്പോൾ, അതിന് കവറേജ് കിട്ടാൻ ഏറ്റവും ചുരുങ്ങിയത് 20,000 രൂപയെങ്കിലും വാർഷികപ്രീമിയം അടയ്ക്കേണ്ടി വരും. 85 ലക്ഷം കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഒരു കുടുംബത്തിന് 20,000 രൂപവെച്ച് സർക്കാർ പ്രീമിയം അടച്ചാൽ മൊത്തം 17,000 കോടി രൂപ വേണ്ടിവരും. കേരള സർക്കാരിന്റെ ആരോഗ്യമേഖലയിലേക്കുള്ള മൊത്തം ബജറ്റ് വിഹിതം 10,431 കോടി രൂപയാണ്. എന്നുവെച്ചാൽ കേരളത്തിന്റെ ആരോഗ്യമേഖലയ്ക്കു വേണ്ടി ബജറ്റിൽ നീക്കിവെക്കുന്ന തുക മുഴുവനായും സർക്കാർ ഇൻഷൂറൻസ് പ്രീമിയമായി അടയ്ക്കേണ്ടി വരും.
അങ്ങനെ വരുമ്പോൾ നമ്മുടെ ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ എവിടെ നിന്ന് പണം കിട്ടും? യു.ഡി.എഫിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഫലത്തിൽ സർക്കാർ ആശുപത്രികളെയും ചികിത്സാമേഖലയെയും തകർക്കുന്നതും സ്വകാര്യ ഇൻഷൂറൻസ് കമ്പനികൾക്ക് കേരളത്തിലെ ആരോഗ്യമേഖലയിലേക്ക് കടന്നുവിരിക്കുന്ന അമേരിക്കൻ കുത്തകകൾക്കു വേണ്ടിയുള്ളതുമാണ്. കെ.എസ്.ആർ.ടി.സിയിൽ മുഴുവൻ സ്ത്രീകൾക്കും സൗജന്യയാത്രയെ ഉറപ്പ് വളരെ ജനപ്രിയമായ ഒന്നാണ്. കർണാടകയിലെ സിദ്ധരാമയ്യ സർക്കാർ തെരഞ്ഞെടുപ്പ് കാലത്ത് ഇങ്ങനെയൊരു വാഗ്ദാനം നൽകിയിരുന്നു. അത് നടപ്പിലാക്കാൻ നോക്കുമ്പോഴേക്കും ബി.പി.എൽ പരിധിയിൽ വരുന്ന സ്ത്രീകൾക്കായി പരിമിതപ്പെടുത്തുകയായിരുന്നു. ഇത്തരമൊരു തീരുമാനം കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനെ തന്നെ വൻ പ്രതിസന്ധിയിലാക്കുകയാണ് ചെയ്തത്. വാഗ്ദാനങ്ങൾ മുന്നോട്ടുവെക്കുമ്പോൾ അത് നടപ്പിലാക്കാനുള്ള പണവും സാധ്യതകളും കൂടി പരിഗണിക്കേണ്ടതാണല്ലോ.

സാമൂഹ്യക്ഷേപെൻഷൻ 3000 രൂപയാക്കുമെന്ന് ഉറപ്പുനൽകുന്ന യു.ഡി.എഫിന്റെ പ്രകടനപത്രിക പ്രകാശനം ചെയ്ത രേവന്ത് റെഡ്ഡിയും തെരഞ്ഞെടുപ്പ് കാലത്ത് തെലങ്കാനയിലെ ജനങ്ങളോട് 2500 രൂപ ക്ഷേമപെൻഷൻ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. തെലങ്കാനയിൽ ഇന്നുവരെ ആ വാഗ്ദാനം നടപ്പിലാക്കിയിട്ടില്ല. കോൺഗ്രസിന്റെ എല്ലാകാലത്തെയും വാഗ്ദാനങ്ങൾ ജനങ്ങളുടെ വോട്ട് തട്ടാനുള്ള ജനപ്രിയ മുദ്രാവാക്യങ്ങൾ മാത്രമാണെന്നതാണ് അനുഭവം. ഇന്ത്യ ദീർഘകാലം ഭരിച്ച കോൺഗ്രസിന്റെ ചരിത്രമെന്നത് പാഴായിപ്പോയ വാഗ്ദാനങ്ങളുടെ കൂടി ചരിത്രമാണ്.
