‘വിളിച്ചു ചൊല്ലി പ്രായശ്ചിത്തം’ എന്നൊരു ചടങ്ങുണ്ട്. നമ്മിൽ നിന്ന് അപരാധം വന്നിട്ടുണ്ടെന്നു പ്രശ്നവശാൽ തെളിഞ്ഞാൽ, ദേവതാകോപങ്ങൾ മൂലം വന്നുകൂടിയതും കൂടാനിരിക്കുന്നതുമായ വിപത്തുകൾ ഒഴിവാക്കാൻ വിളിച്ചുചൊല്ലി പ്രായശ്ചിത്തം കവടി നിരത്തി പറയും: ‘ഞങ്ങൾ അടിയങ്ങൾ, ഞങ്ങളോ ഞങ്ങളുടെ പൂർവ്വികരോ, അറിഞ്ഞോ അറിയാതെയോ ചെയ്ത അപരാധങ്ങളെല്ലാം അവിടുന്ന് മനസ്സലിഞ്ഞു പൊറുക്കേണമേ’യെന്ന് കാരണവർ ഉൾപ്പെടെ എല്ലാവരും ദേവതാസന്നിധിയിൽ കൂടി ഉറക്കെ ചൊല്ലുന്നതാണ് വിളിച്ചുചൊല്ലി പ്രായശ്ചിത്തം.
യുക്തിബോധത്തിൻ്റെ തടിച്ച പ്രത്യയശാസ്ത്രങ്ങൾ കേരളത്തിലെ ഇടതു നേതൃത്വത്തിനു പാപഭാരമായി തെളിഞ്ഞോ? ഭക്തിയുടെ നിലവിളി പോലെ കുഞ്ഞുകുട്ടി പരാധീനങ്ങളുമായി നേതാക്കളും അണികളും കൺകണ്ട കോവിലുകളിൽ തിക്കി തിരക്കുകയാണോ?
നെഹ്രു പിൻതുടർന്ന യുക്തിബോധ - മതേതര രാഷ്ട്രീയം ഒരു പരാജയമാണെന്ന് ഈയിടെ ഒരു ഇടതു സാംസ്കാരികൻ വിളിച്ചുചൊല്ലിയിരുന്നു. പകരം അയ്യപ്പസ്വാമി സന്നിധിയെ സാക്ഷിയാക്കി ഇനിയുമൊരങ്കത്തിനു കേരളത്തിൽ ബാല്യമുണ്ടെന്നു ഈ മതേതരൻ ഗണിക്കുന്നുണ്ട്. ഇടതായാലും തീവ്രവലതായാലും ഇന്ത്യൻ രാഷ്ട്രീയപാപങ്ങൾക്കെല്ലാം ഉറവിടം ഇപ്പോൾ നെഹ്രു തന്നെ.
നെഹ്രുവിനെ നിരസിക്കുന്ന മറ്റൊരു ‘പുരോഗമന മതേതര’ യുക്തി കേരളത്തിൽ ബഡ്ഡിംഗ് നടക്കുന്നതിൻ്റെ സൂചനയാണോ സജി ചെറിയാൻ സാംസ്ക്കാരിക മന്ത്രി അമൃതാനന്ദമയിക്കു നെറുകയിൽ കൊടുത്ത ഉമ്മ? ഉമ്മയെ ഉമ്മ കൊണ്ടെടുക്കുന്നത് നാലു വോട്ടിനു വേണ്ടിയുള്ള അവസരവാദമോ? അതല്ല, അത് ഉള്ളലിഞ്ഞ വിളിച്ചു ചൊല്ലി പ്രായശ്ചിത്തമോ?

അമൃതാനന്ദമയിക്കുള്ള ഇടതു സാംസ്കാരിക മുത്തത്തിൻ്റെ അർത്ഥങ്ങൾ എങ്ങനെയാണ് ഫലം കാണുക? വളർന്നുവരുന്ന ഹിന്ദു തീവ്രവാദത്തിൻ്റെ വലയിൽ നിന്ന് അണികളെ രക്ഷിക്കാനും, തീവ്രവല പൊട്ടിച്ച് ബി.ജെ.പിയിൽ നിന്ന് ഇടതിലേക്ക് ഒഴുക്കുണ്ടാക്കാനും, ഉരുളയ്ക്കുപ്പേരി കണക്ക് ഇതേ വഴിയുള്ളൂ എങ്കിൽ, ഈ അടവുനയം വോട്ടുകളായി പെട്ടിയിൽ വീണ് മൂന്നാം തുടർഭരണത്തിന് ഉതകുമോ? തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ജനങ്ങൾക്കപ്പുറം ആൾദൈവങ്ങളിലുള്ള വിശ്വാസം അധികാര വിജയത്തിൽ ആഘോഷമാകുമോ? സുകുമാരൻ നായരെയും വെള്ളാപ്പള്ളിയെയും സുധാമണിയെയും ഹിന്ദു വോട്ടെടുപ്പിൻ്റെ ഹോൾസെയിൽ ഡീലർമാരായി അവരോധിക്കാൻ കഴിയുമോ കേരളത്തിന്?
2016- ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനം ഇങ്ങനെ:
എൽ.ഡി.എഫ്- 43, യു.ഡി.എഫ്- 38.6, എൻ.ഡി.എ - 15.
2021- ൽ എൽ.ഡി.എഫ് - 45.43, യു.ഡി.എഫ് - 39.47, എൻ.ഡി.എ - 12.41.
അതായത് 2016- നേക്കാൾ രണ്ടു ശതമാനത്തിലേറെ വോട്ട് 2021- ൽ എൽ.ഡി.എഫിനു കിട്ടി. യു. ഡി. എഫിന് ഒരു ശതമാനത്തിലേറെ വോട്ട് കൂടി. എൻ. ഡി. എ ക്കു മൂന്നു ശതമാനത്തോളം വോട്ടു കുറഞ്ഞു. അങ്ങനെയെങ്കിൽ എൻ.ഡി.എയിലെ വോട്ടു ചോർച്ച പരമാവധി കൂട്ടി, അതെല്ലാം എൽ.ഡി. എഫിലേക്കു തന്നെ വരുത്തി വിജയം സുനിശ്ചിതം എന്നാണോ ഇടതുപക്ഷ കണക്കുകൂട്ടൽ? ഇടതുപക്ഷ വിജയം ഉറപ്പാക്കുന്നതിന് നല്ലത് സ്ഥിരം വോട്ടുകളോ പുതുവോട്ടുകളോ നിഷ്പക്ഷ വോട്ടുകളോ അല്ല, പകരം, എൻ. ഡി. എ. വഴി കിട്ടുന്ന വോട്ടുകളാണെന്നു ഇടതുപക്ഷം കരുതുന്നുണ്ടോ?
എന്നാൽ ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിലെ തെരഞ്ഞെടുപ്പു ഗതിമാറ്റ ചരിത്രത്തിൻ്റെ സ്ഥായീഭാവം മിക്കവാറും നിഷ്പക്ഷ വോട്ടുകളിലാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിലെ തുടർഭരണം തന്നെ ജനഹിതത്തെയല്ല, വോട്ടുകൊള്ളയെ പ്രതിനിധാനം ചെയ്യുന്നു എന്ന് തെളിവുകൾ വന്നു കൊണ്ടിരിക്കുന്നു. ഭരണവിരുദ്ധ വികാരമാണ് അധികാരമാറ്റത്തിൻ്റെ ഇന്ത്യൻ കാതൽ. അത് ദീർഘകാല കോൺഗ്രസ് ഭരണത്തെ തള്ളിയിട്ടു. ജനതാ സർക്കാരിനെ മുട്ടുകുത്തിച്ചു. എൻ.ഡി.എ യുടെ രണ്ടാം ഭരണത്തെയും അത് യഥാർത്ഥത്തിൽ അനുവദിച്ചിട്ടില്ല. കേരളമാകട്ടെ, ഇതേ പാതയിൽ ഇരു മുന്നണികൾക്കും മാറി മാറി അവസരങ്ങൾ നൽകി പോന്നു. അതിനു ഗതിമാറ്റം വന്നത് 2021- ൽ മാത്രമാണ്. അതിൻ്റെ പ്രാദേശിക സാഹചര്യം സവിശേഷവുമായിരുന്നു.
ഭരണവിരുദ്ധ വികാരത്തെ തടയിടാൻ സമുദായ നേതൃത്വങ്ങൾക്കോ ആൾദൈവങ്ങൾക്കോ മതാന്ധതയുടെ മായാജാലങ്ങൾക്കോ, ക്രമക്കേടില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇന്ത്യയിൽ സാധിച്ചിട്ടില്ല. അതിനാൽ ഭരണ നേട്ടങ്ങളിൽ സ്വയം വിശ്വാസം കുറയുമ്പോൾ കുറുക്കുവഴികൾ തേടാൻ അധികാരപർവ്വം നിർബ്ബന്ധിതമാക്കുന്നു. ഈ വിശ്വാസനഷ്ടം നിഷ്പക്ഷ വോട്ടർമാരുടെ ഭരണം വിലയിരുത്തുന്നതിലുള്ള അനുഭവബോധ്യത്തെ ഭയപ്പെടുന്നുണ്ടാകണം. അതിനാൽ വോട്ടുകൾ ഭൂരിപക്ഷ സമുദായ നേതൃത്വം വഴി ചോർത്തിയെടുക്കാം എന്ന ധാരണ ബലപ്പെട്ടിരിക്കുന്നു. നിഷ്പക്ഷനിരീക്ഷകരായ വോട്ടർമാരുടെ എണ്ണം ഹിന്ദുക്കളിൽ കുറയ്ക്കുന്നതിനുള്ള തന്ത്രമാണ് സമുദായ നേതൃത്വപൂജയിൽ പ്രകടമാകുന്നത്. വരുന്ന തെരഞ്ഞെടുപ്പായിരിക്കും അതിന് ഉത്തരം നല്കുക.

രണ്ടാമതായി, ഹിന്ദു തീവ്രവാദത്തിൻ്റെ കേന്ദ്രഭരണത്തോടെ, അവർ നിരന്തരം പ്രചരിപ്പിക്കുന്ന സാംസ്കാരികമായ മലിനീകരണം ഇന്ത്യയെ മൊത്തം വിഴുങ്ങിക്കൊണ്ടിരിക്കുന്നു. എല്ലാ നിഷ്ക്കളങ്ക മാനസരെയും മുസ്ലീം ശത്രുതയും മതഭക്തിയുടെ വോട്ടു രാഷ്ട്രീയവും കീഴടക്കുകയാണ്. ഹർഷ് മന്ദർ നേരിട്ടറിഞ്ഞ ഒരു സംഭവം ഇതു വ്യക്തമാക്കുന്നു. നോട്ടു നിരോധനത്തെ തുടർന്നു തൊഴിൽ രഹിതനായി തീർന്ന ഒരു സാധാരണ മനുഷ്യൻ, ഹിന്ദുത്വ തീവ്രവാദ സെല്ലുകൾ പടച്ചുവിടുന്ന ഓൺലൈൻ സ്റ്റോറികൾ നിരന്തരം കാണുന്നു. തുടർന്ന് 2017 ഡിസംബർ 6 ന്, ബാബറി മസ്ജിദ് തകർത്ത 25-ാം വാർഷികത്തിൽ ഒരു മുസ്ലീമിനെ കൊല്ലുമെന്നു പ്രതിജ്ഞയെടുക്കുന്നു. അന്ന് തൻ്റെ സഹോദരീപുത്രനെയും കൂട്ടി, അടുത്തെവിടെയോ കൂലിപ്പണിക്ക് ബംഗാളിൽ നിന്നു വന്ന അപരിചിതനായ ഒരാളെ അയാൾ കൊല്ലുന്നു. സഹോദരീപുത്രൻ അത് വീഡിയോയിൽ പകർത്തി; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നു. മാത്രമല്ല, ഗ്രാമവാസികൾ ചേർന്ന് കൊലപാതകത്തിൻ്റെ സ്മാരകമായി നാട്ടിൽ പ്രതിമയും നിർമ്മിക്കുന്നു.
പാർട്ടിവ്യത്യാസമില്ലാതെ മലയാളി ഹിന്ദുക്കളിൽ പലരും ഹിന്ദുത്വ ക്യാമ്പയിൻ്റെ സൈബർ കുഴിയിൽ വീണു കഴിഞ്ഞിട്ടുണ്ട്. അപര മതവിദ്വേഷം ശക്തിപ്പെടുന്നതിനൊപ്പം സ്വമതത്തിൻ്റെ ജീർണ്ണതകളിൽ അവർ ഭ്രാന്തമായി അഭിരമിക്കുകയും ചെയ്യുന്നു. അധികാരവും പുതിയ മാധ്യമസ്വരൂപവും ഒത്തുചേർന്നു നടത്തുന്ന ഈ അധിനിവേശത്തിനു കീഴ്പ്പെടുന്നവരിൽ നേതാവെന്നൊ അനുയായിയെന്നോ വിദ്യാസമ്പന്നനെന്നോ വ്യത്യാസമില്ല.
മാത്രമല്ല, അധികാര- ധനമോഹങ്ങൾ ശക്തമാകുന്തോറും യുക്തിബോധം അന്ധവിശ്വാസങ്ങൾക്കു വഴിമാറും. പണം മുഖ്യോപാധിയായി ചൂതുകളി സമാനമായ എല്ലാ മത്സരങ്ങളിലും - അതു ബിസിനസ്സായാലും സിനിമയായാലും ഇലക്ഷനായാലും - വ്യക്തിഗത വിജയത്തിൻ്റെ ആഘോഷം ആലേഖനം ചെയ്തിരിക്കുന്നതിനാൽ, തെരഞ്ഞെടുപ്പു ഗോദയിൽ ഇറങ്ങുന്നവർ പലരും വഴിപാടുകളിലും പ്രവചനങ്ങളിലും കുടുങ്ങിയവരാണ്. ഇതെല്ലാം ചേർന്ന് ഹിന്ദുത്വശക്തികൾ നിർമ്മിച്ചെടുത്ത, യുക്തിബോധവും സാമൂഹിക നീതിയും തീണ്ടാത്ത തീവ്രമത-രാഷ്ട്രീയ രോഗം ഹിന്ദുക്കളിൽ വർദ്ധിച്ചു വരുന്നു.
യുക്തി- സാമൂഹിക നീതികൾ നഷ്ടപ്പെട്ട തീവ്രമത-രാഷ്ട്രീയ രോഗാവസ്ഥയിൽ ജനങ്ങളിൽ അവരുടെ പാർട്ടിവ്യത്യാസങ്ങളും ഒലിച്ചു പോകുകയാണ്. ഈ കാറ്റിനൊത്ത് പായ കെട്ടിയാലേ മേൽഗതിയുള്ളൂ എന്നു വന്നിരിക്കുന്നു. കാരണം യുക്തിബോധം തീണ്ടാത്ത കൊടിയ വിശ്വാസത്തിൻ്റെ വ്യക്തിജീവിതം നേതൃത്ത്വത്തിലും അണികളിലും രാഷ്ട്രീയ ബോധ്യങ്ങളെയെല്ലാം അട്ടിമറിക്കുന്നു. അധികാരത്തിൻ്റെ കൃത്രിമവായു കിട്ടിയില്ലെങ്കിൽ, മുകളിൽ നിന്നും താഴേക്കു വാർഡുതലത്തിൽ വരെ ആർക്കും ഒരു നിമിഷം പിടിച്ചു നിൽക്കാൻ പറ്റില്ല ഇനി. മേൽത്തട്ടു മുതൽ അടിത്തട്ടുവരെ പല തലങ്ങളിൽ പടർന്നു കിടക്കുന്ന സാംസ്കാരിക ജീവികൾക്കും സർവ്വീസ് സംഘടനാ തട്ടുകൾക്കും മറ്റൊരു അത്താണി അചിന്ത്യം തന്നെ.
ഹിന്ദുത്വ ശക്തികളിലൂടെ സംക്രമിക്കുന്ന തീവ്ര മത - രാഷ്ട്രീയ രോഗാവസ്ഥ യഥാർത്ഥത്തിൽ നെഹ്രുവിയൻ മതേതരത്വത്തിൻ്റെ തിരിച്ചടിയല്ല. മാനുഷികവും ഭൗതികതയിൽ അടിയുറച്ചതുമായ ആത്മീയതയെ രാഷ്ട്രീയത്തിൽ നിന്നും പുറത്താക്കിയ ജ്ഞാനോദയ ഭരണസങ്കല്പമാണ് മാനുഷികതയറ്റ മതതീവ്രതക്കു രാഷ്ട്രീയ പ്രവേശനം ഒരുക്കുന്നത്. സാമൂഹികനീതി, സമത്വം, സാഹോദര്യം എന്നിവയുടെ ഉറവിടം കേവലമായ യുക്തിബോധമല്ല മാനുഷികമായ ആത്മീയതയാണ്. അതിനെ രാഷ്ട്രീയത്തിൽ നിന്നും ഊറ്റിക്കളഞ്ഞാൽ പകരം ആ സ്ഥാനത്തേക്കു വരുന്നത് ഭ്രാന്തമായ മതഭീകരതയായിരിക്കും. രാഷ്ട്രീയത്തിലെ മാനുഷികത നഷ്ടപ്പെട്ട യുക്തിബോധം മാനുഷികതയും യുക്തിബോധവും നഷ്ടപ്പെട്ട അനുഷ്ഠാനപരമായ മതഭീകരതയ്ക്കു വഴി വെട്ടിക്കൊടുക്കുന്നു.
കേരളത്തിലെ ഇടതുപക്ഷം പരിശ്രമിക്കേണ്ടത് അനുഷ്ഠാനപരമായ തീവ്രമത- രാഷ്ട്രീയത്തിൻ്റെ യുക്തിരഹിത പാതയിലേയ്ക്ക് അധികാരത്തിനു വേണ്ടി സമൂഹത്തെ തള്ളിവിടുക എന്ന കടുംകൃത്യത്തിനല്ല. പകരം മാനുഷികമായ ആത്മീയതയെ പുൽകുന്ന ഒരു ഇടതുപക്ഷ ബദൽ നിർമ്മിച്ചെടുക്കുന്നതിനാണ്. അതിന് വെള്ളാപ്പള്ളിയുടെ കൂടെയല്ല നാരായണ ഗുരുവിനൊപ്പമാണ് സഞ്ചരിക്കേണ്ടത്. അതുവഴിയേ പ്രബുദ്ധമായ വോട്ടുകൾ ഇടതു പെട്ടിയിൽ വീഴൂ. ഗുരുവും അംബേദ്കറും ഗാന്ധിജിയും മാനുഷിക ആത്മീയതയെ സാമൂഹ്യ- രാഷ്ട്രീയ ലോകത്തേക്കു കൊണ്ടുവരാൻ പരിശ്രമിച്ചവരാണ്. അനുഷ്ഠാനങ്ങളില്ലല്ല മൂല്യങ്ങളിലാണ് അവർ മനസ്സർപ്പിച്ചത്.

രാഷ്ട്രീയത്തിൽ മതം ഇടപെടരുത് എന്നതിൻ്റെ ധ്വനി മാനുഷിക മൂല്യങ്ങൾക്ക് രാഷ്ട്രീയത്തിൽ സ്ഥാനമില്ല എന്നു പഠിപ്പിക്കുന്നതിനാണ്. രാഷ്ട്രീയത്തിൽ മാനുഷിക മൂല്യങ്ങൾക്കു സ്ഥാനമില്ലെങ്കിൽ ഉല്പാദന-സാമ്പത്തിക ഇടപാടുകളിലും മൂല്യങ്ങൾക്കു സ്ഥാനമില്ലാതാകും. അതാണ് നമ്മൾ ഇന്നെവിടെയും കാണുന്നത്. അതിനാൽ ഭ്രാന്തമായ തീവ്രാനുഷ്ഠനങ്ങളല്ല വിശ്വാസമെന്നു സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് പ്രധാനം. വിശ്വാസിയായിരുന്നു കൊണ്ട് അബദ്ധജഡിലമായ അനുഷ്ഠാനങ്ങളെ സമൂഹത്തിൽ നിന്നും ഉന്മൂലനം ചെയ്ത നാരായണ ഗുരുവിനെ കാണുക. വിശ്വാസത്തിന് ഹിന്ദുത്വ തീവ്രമത -രാഷ്ട്രീയം കൊടുക്കുന്ന അർത്ഥത്തെ അതേപടി പുണരുന്നത് രാഷ്ട്രീയമായി മാത്രമല്ല ആത്മീയമായും അധാർമ്മികവും ആപൽക്കരവുമാണ്.
നാരായണ ഗുരുവിൻ്റെയും മറ്റും സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനത്തിൻ്റെ അനന്തരാവകാശികളെന്നോ, അതിൻ്റെ സ്വാഭാവികമായ വികാസമെന്നോ ആണ് ഇടതുപക്ഷം സ്വയം വിലയിരുത്തുന്നത്. സാമൂഹിക പരിഷ്ക്കരണ യത്നങ്ങൾ വിജയം കാണുകയും അവ 20-ാം നൂറ്റാണ്ടിൻ്റെ ആദ്യ പകുതിയോടെ വിടവാങ്ങുകയും ചെയ്തപ്പോൾ, ഇനി വേണ്ടത് രാഷ്ട്രീയമായ മുന്നേറ്റമാണെന്നു കേരളം തിരിച്ചറിഞ്ഞു. അങ്ങനെ സാമൂഹിക മുന്നേറ്റ പ്രസ്ഥാനങ്ങളുടെ തിരുജഡയിൽ നിന്നും ഇടതുപക്ഷം ജനിച്ചു എന്നാണ് ചരിത്രവ്യാഖ്യാനം. എന്നാൽ തിരിഞ്ഞു നോക്കുമ്പോൾ കേരളത്തിൽ പോലും സാമൂഹിക വിപ്ലവം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ടു എന്നു കാണാനാവും. രാഷ്ട്രീയ മാറ്റങ്ങൾക്കുമുന്നേ തന്നെ സാമൂഹിക നീതിക്കും സമത്വത്തിനും വേണ്ടിയുള്ള മുന്നേറ്റങ്ങൾ സാധ്യമായില്ലെങ്കിൽ, കാലക്രമേണ രാഷ്ട്രീയ മാറ്റങ്ങൾ തന്നെ അട്ടിമറിയ്ക്കപ്പെടുമെന്നു നാമിന്നറയുന്നു.
അധികാരത്തിലെത്തണമെങ്കിൽ ആർ.എസ്.എസ് കളിക്കുന്ന അതേ കളി തന്നെ ശരണം എന്ന ഗതികേടിലേക്ക് ഇടതുപക്ഷത്തെ തള്ളി വിട്ടിരിക്കുന്നു പാതിവെന്ത നമ്മുടെ സാമൂഹിക പരിഷ്കരണം. സ്വാതന്ത്ര്യസമരകാലങ്ങളിൽ രാഷ്ട്രീയ വിമോചനം പോലെ ഇന്ത്യയിൽ സാമൂഹിക വിമോചനവും പ്രസക്തമാണെന്നു പ്രഖ്യാപിച്ച അംബേദ്ക്കറിനെ ഓർക്കുക. എന്നാൽ രാഷ്ട്രീയാധികാരം കൊയ്താൽ സാമൂഹിക മാറ്റങ്ങൾ പിന്നാലെ വന്നു കൊള്ളും എന്നു ശഠിച്ച ഇടതും വലതുമായ സ്വാതന്ത്ര്യപ്രസ്ഥാന നിലപാടുകൾ ഇന്നു പുന:പരിശോധന ആവശ്യപ്പെടുന്നു.
രാഷ്ട്രീയാധികാര മുന്നേറ്റം സാമൂഹിക പരിഷ്ക്കരണ യജ്ഞത്തെ മരവിപ്പിച്ചതിനാൽ ജാതിയെ നാട്ടിൽ നിന്നും തുരത്തി അതിനെ കൂടുതൽ സുരക്ഷിതമായി വീട്ടിൽ കുടിയിരുത്തി മലയാളി. ഒരു വശത്ത് ഈ അട്ടിമറി അസ്പർശ്യ അധികാരരഹിതരെ പട്ടികജാതി കോളനികളിൽ കുടുക്കിയിട്ടപ്പോൾ, മറുവശത്ത് അത് അധികാര ജാതികളെ ഒറ്റക്കെട്ടാക്കി പുതിയ സാമൂഹിക പദവികളിൽ എയ്ഡഡ് സ്ക്കൂൾ - കോളേജ് സ്റ്റാഫ് റൂമുകളിൽ പ്രതിഷ്ഠിച്ചു പൂജിച്ചു. അങ്ങനെ സുകുമാരൻ നായർക്കും വെള്ളാപ്പള്ളിക്കും അപ്രമാദിത്വം കൊടുത്തു. ഇപ്പോൾ ആർ. എസ്. എസിൻ്റെ ഭരണാധികാരത്തോടെ, പണ്ട് നേടിയെടുത്തതുപോലും ഓരോന്നായി നഷ്ടപ്പെടുന്ന നിലയിലും എത്തിനിൽക്കുന്നു. അതിനാൽ പൂർത്തീകരിക്കാനാവാതെ പോയ സാമൂഹിക പരിഷ്ക്കരണങ്ങൾ രാഷ്ട്രീയാധികാര പ്രവർത്തനങ്ങളുടെ ഭാഗമാക്കുക എന്നത് ഇടതുപക്ഷത്തിൻ്റെ മാത്രമല്ല എല്ലാ ആർ.എസ്.എസ്. ഇതര രാഷ്ട്രീയ പാർട്ടികളുടെയും കടമയാണ്.

സാമൂഹിക പരിഷ്ക്കരണത്തിൻ്റെ ഈ രണ്ടാം വരവിലൂടെ മാത്രമേ മതേതര ശക്തികൾക്ക് ഇന്ത്യയെ ഹിംസയുടെയും അനീതിയുടെയും ഹിന്ദുത്വ രാഷ്ട്രീയത്തിൽ നിന്നും രക്ഷപ്പെടുത്താൻ കഴിയൂ. സാമൂഹിക പരിഷ്ക്കരണത്തിൻ്റെ രണ്ടാംവരവ് എന്നത് മതത്തെയും രാഷ്ട്രീയത്തെയും പുനർനിർവ്വചിക്കുന്നതാകും. മതത്തിൻ്റെ രാഷ്ട്രീയ പ്രവേശമെന്നത് മതമൂല്യങ്ങളുടെ രാഷ്ട്രീയ പ്രവേശമായി മാറും. രാഷ്ട്രീയത്തിലെ സാമൂഹിക നീതിയും തുല്യതാബോധവും തിരികെ വീണ്ടും മതത്തിലേക്കു സംക്രമിപ്പിക്കുന്നതാണ് യഥാർത്ഥ ആത്മീയത എന്നും തിരിച്ചറിയും. വിശ്വാസീ സമൂഹങ്ങളിൽ ദുരാചാരങ്ങളെ ബലപ്പെടുത്തുന്നതിനല്ല, പകരം, അവരിൽ സാമൂഹിക നീതിയുടെയും തുല്യതയുടെയും ആത്മീയ മൂല്യങ്ങളെ സന്നിവേശിപ്പിക്കാൻ സഹായിക്കുകയാണ് ഇടതുപക്ഷ രാഷ്ട്രീയ ദൗത്യം.
അയ്യപ്പസംഗമമോ അമൃതാനന്ദമയിക്കുള്ള ഉമ്മയോ കേരളം ഇന്ന് ആവശ്യപ്പെടുന്ന മാനുഷിക ആത്മീയതയിൽ നിലയുറപ്പിച്ച സാമൂഹിക വിപ്ലവത്തിൻ്റെ രണ്ടാംവരവിനെ പ്രതിനിധാനം ചെയ്യുന്നില്ല എന്നതാണ് നാം നേരിടുന്ന അത്യാപത്ത്. പകരം നമ്മുടെ സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ പ്രബുദ്ധതകളെയു നോക്കി അത് വെളുക്കെ ചിരിക്കുകയാണ്. ഈ ചിരി നവോത്ഥാനത്തിൻ്റെ രണ്ടാം പകുതിക്കു വേണ്ടിയുള്ള നൊമ്പരങ്ങളെ കൂടി മരവിപ്പിച്ചു കളയുന്നു.
