ഞാൻ താമസിക്കുന്ന വീടിനു ചേർന്നുള്ള പറമ്പിൽ പോച്ചയൊക്കെ മാറ്റി കുറച്ചു മരങ്ങൾ നടാനുള്ള ശ്രമത്തിലായിരുന്നു. വച്ച മരങ്ങളൊക്കെ ഒരുവിധം പിടിച്ചുകിട്ടി. ഒരു ദിവസം ചെടികളുടെ ചുവട്ടിലെ കളകൾ പറിച്ചുകൊണ്ടുനിന്ന എന്നെക്കാണാൻ രണ്ടുപേർ പറമ്പിലേക്ക് കയറിവന്നു. കുറച്ചു പ്രായമുള്ള ദമ്പതികളാണ്. സ്ത്രീ കുറച്ച് പുറത്തു തന്നെ നിന്നു. അവർ രണ്ടുപേരും എന്റെ വീടിനടുത്ത് താമസിക്കുന്നവരാണ്. പുതിയ താമസസ്ഥലത്തിനടുത്തുള്ളവരെ അധികം ഞാൻ പരിചയപ്പെട്ടിട്ടില്ല.
അവർ മരങ്ങൾ വച്ചുപിടിപ്പിക്കുന്ന എന്നെ പരിചയപ്പെടാൻ വന്നതാണ്. രണ്ടുപേരുടെയും മക്കൾ പലയിടത്തായി ദൂരെ ജോലിചെയ്ത് അവിടെത്തന്നെ താമസിക്കുന്നു. രണ്ടുപേരും അമ്പലത്തിൽ പോയിട്ടുള്ള വരവാണ്. കാര്യങ്ങളൊക്കെ ചോദിക്കുന്നതിനിടെ അമ്പലത്തിൽ ഉത്സവമല്ലേ, പോയില്ലേ എന്ന് ചോദിച്ചു. അമ്പലത്തിൽ ഉച്ചത്തിൽ വച്ചിരിക്കുന്ന പാട്ട് വീട് വരെ കേൾക്കാം. പോയില്ല എന്ന് മറുപടി പറഞ്ഞു. വിശ്വാസി അല്ലേ എന്ന അടുത്ത ചോദ്യം എന്നെ ചെറുതായി വിഷമിപ്പിച്ചു. എന്തിന്റെ വിശ്വാസി?

എത്ര ദുരിതത്തിനിടയിലും മനുഷ്യർക്ക് മറ്റുള്ളവരോട് കരുതൽ പുലർത്താൻ കഴിയും എന്ന് എനിക്ക് ഒരു വിശ്വാസമുണ്ട്. തീരെ സമ്മർദ്ദമില്ലാത്ത സമയങ്ങളിലും മറ്റുള്ളവരെ ഉപദ്രവിക്കാൻ മനുഷ്യന് കഴിയും എന്നും ഞാൻ വിശ്വസിക്കുന്നു. ഇങ്ങനെയുള്ള വിശ്വാസങ്ങളുള്ള ഞാൻ ഒരു വിശ്വാസിയാണോ എന്ന ചോദ്യമല്ല ആ മനുഷ്യൻ ചോദിച്ചത് എന്നറിയാം. മോനെ ചിലപ്പോഴൊക്കെ അമ്പലത്തിൽ കൊണ്ടു പോകാറുണ്ട് എന്ന് പറഞ്ഞൊഴിയാൻ നോക്കി. അപ്പോൾ അടുത്ത ചോദ്യം, ‘ഹിന്ദുവല്ലേ’ എന്ന്. അയാളുടെ മുഖത്ത് അസഹിഷ്ണുത തീരെ വായിച്ചെടുക്കാൻ കഴിഞ്ഞില്ല. അറിയുന്ന ഒരു കാര്യമെന്ന മട്ടിൽ ചോദിക്കുന്നു. വാസ്തവത്തിൽ എന്ത് അടിസ്ഥാനത്തിൽ അയാൾ അങ്ങനെ ഒരു നിഗമനത്തിലെത്തി എന്ന് എത്ര ആലോചിച്ചിട്ടും മനസിലായില്ല. ഒരു വിധത്തിലുമുള്ള മതചിഹ്നങ്ങളും എന്റെ ദേഹത്തില്ല. ഒരു മതചിഹ്നങ്ങളും ഇല്ലെങ്കിൽ അത് ഹിന്ദു എന്ന് അടയാളപ്പെടുത്തുന്നുണ്ടോ എന്ന് എനിക്ക് സംശയമുണ്ട്. എന്നാൽ എനിക്ക് ദൈവ വിശ്വാസമൊന്നും ഇല്ല എന്ന് ഒഴുക്കൻ മട്ടിൽ പറയാൻ ശ്രമിച്ചത് അയാൾക്ക് ചെറിയ വിഷമം ഉണ്ടാക്കി എന്ന് തോന്നുന്നു. അവർ അങ്ങനെ ഒരു ഉത്തരം പ്രതീക്ഷിക്കാതെ ചോദിച്ച ചോദ്യം. എല്ലാവരും ദൈവവിശ്വാസികളാണെന്ന് പൊതുവെ ആൾക്കാർ, പ്രത്യേകിച്ച് ഒരു പ്രായം കഴിഞ്ഞ മനുഷ്യർ, വെറുതെ വിശ്വസിക്കുന്നു എന്നു തോന്നി. ആരുമില്ലാത്തവർക്ക് ദൈവം എന്ന മട്ടിൽ.
മക്കളെ പഠിപ്പിച്ച് പലയിടത്ത് വിട്ട മാതാപിതാക്കൾ വീഡിയോകോളിൽ മക്കളെയും കൊച്ചുമക്കളെയും കണ്ടുകൊണ്ടിരിക്കുന്നിടത്ത് മനുഷ്യസമ്പർക്കം തന്നെ കുറഞ്ഞുകുറഞ്ഞുവരുന്നു എന്ന് തോന്നുന്നു. ഒറ്റയ്ക്കായിപ്പോയ അവരോട് അമ്പലത്തിലും പള്ളിയിലും പോകുന്നതിലെ യുക്തിയെക്കുറിച്ച് ചോദിയ്ക്കാൻ പാടില്ല എന്നുതന്നെ ഞാൻ കരുതുന്നു. ഒരുതരത്തിലും ദൈവവിശ്വാസിയല്ലാത്ത ഞാൻ എത്രയോ തവണ ദുഃഖപൂരിതമായ ജീവിതസന്ദർഭങ്ങളിൽ അമ്പലനടകളിലും പള്ളിമുറ്റങ്ങളിലും നിശ്ശബ്ദയായി പോയിരുന്നിട്ടുണ്ട്. പബ്ലിക് പാർക്കുകളിലെ ഊർജ്ജസ്വലമായ അന്തരീക്ഷത്തിൽ നിന്ന് വ്യത്യസ്തമായി ഏകതാനമായ ഒരു ഊർജ്ജം ആരാധനാലയങ്ങളിൽ ഞാൻ കണ്ടെത്താറുണ്ട്.

ഡൽഹിയിൽ പഠിച്ചിരുന്ന സമയത്ത് നിസാമുദ്ദിൻ ദർഗയിൽ ഞാൻ സ്ഥിരമായി പോയിരുന്നു. പരമാത്മാവിനെ വാഴ്ത്തിപ്പാടുന്ന സൂഫിസംഗീതം എത്രയും കലുഷിതമായിരുന്ന എന്റെ ആത്മാവിനെ മണ്ണിലെ ദുരിതത്തിൽ നിന്ന് ഒരിഞ്ച് ഉയർത്തിപ്പിടിച്ചിരുന്നു. ഈയിടെ എന്റെ മകനെയും കൊണ്ട് ചില നേരങ്ങളിൽ ഞാൻ അമ്പലത്തിലോ പള്ളിനടകളിലോ പോകാറുണ്ട്. എന്തിന് പോകുന്നു എന്ന് എനിക്കും അവനും അറിയില്ല. വാശി പിടിക്കുന്ന അവനെ കൊണ്ടുപോകാൻ ഒരിടം എന്ന നിലയിലാണ് ഞാൻ ആയിടങ്ങളും തിരഞ്ഞെടുക്കുന്നത്. എല്ലാവരും അവിടെ എന്തിനു പോകുന്നു എന്ന് അവൻ ചോദിച്ചിട്ടില്ല. അമ്പലത്തിലെ മണി അടിക്കാൻ അവന് ഇഷ്ടമാണ്, അതുകൊണ്ട് വീണ്ടും വീണ്ടും പോകുന്നു. ഒരു അനുഷ്ഠാനം പോലെ ഞങ്ങൾ അവിടെപ്പോയി മണി അടിക്കുന്നു. ചില അമ്പലങ്ങളിലെ പ്രദക്ഷിണം എനിക്കിപ്പോഴും തെറ്റിപ്പോകാറുണ്ട്. അപ്പോഴൊക്കെ ആൾക്കാർ ഒരു അന്യഗ്രഹജീവിയെ നോക്കുന്നതുപോലെ എന്നെ നോക്കും. ദൈവത്തെക്കാണാൻ ഒരിക്കലും എനിക്ക് ഒരു ആരാധനാലയത്തിലും പോകേണ്ടിവന്നിട്ടില്ല. പൊതുസംവിധാനത്തിൽ ജോലിയെടുന്ന മനുഷ്യരിലെ നന്മയിലാണ് എനിക്ക് പലപ്പോഴും അത്തരമൊരു ആശ്ചര്യകരമായ ആകസ്മികത അനുഭവിക്കാനായിട്ടുള്ളത്. ഗവൺമെന്റ് സിസ്റ്റത്തിലെ ദയാരഹിതമായ നീട്ടിവയ്ക്കലുകളെയും തടസങ്ങളെയും മറികടന്ന് സ്വന്തം ഉത്തരവാദിത്വത്തിൽ സാധാരണക്കാരെ സഹായിക്കാൻ തുനിയുന്ന ഉദ്യോഗസ്ഥരെ എനിക്ക് പരിചയമുണ്ട്. ആരുമില്ലാത്തവർക്ക് അവരാണ് ദൈവം. എന്നാൽ നമ്മൾ തെരഞ്ഞെടുത്ത് രാജ്യഭാരം ഏൽപ്പിക്കുന്ന നേതാക്കൾ എത്രയും ഉത്തരവാദിത്തമില്ലാത്തവരാണെന്ന് ദിനേന നമ്മൾ കണ്ടുകൊണ്ടിരിക്കുന്നു. ഇന്ന് രാഷ്ട്രീയം അവർക്ക് വയറ്റിപ്പിഴപ്പു മാത്രമാണ്.
കേരളം പോലുള്ള ഒരു സംസ്ഥാനത്തിൽ നിന്നും 2010-ൽ ഡൽഹിയിൽ പഠിക്കാൻ പോയപ്പോഴാണ് ബൗദ്ധികമായി എത്രയും വ്യത്യസ്തരാണ് കേരളത്തിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർഥികൾ എന്ന് മനസിലായത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലെ എന്റെ ക്ലാസിലുണ്ടായിരുന്നു. ഹിന്ദി ബെൽറ്റിലെ ഗ്രാമപ്രദേശങ്ങളിൽ നിന്നു വന്ന വിദ്യാർത്ഥികളിൽ പലരും വിദ്യാഭ്യാസകാര്യത്തിൽ പല നൂറ്റാണ്ടു പിന്നിലാണെന്ന് തോന്നി. കേരളത്തിലെ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ബോധം പോലും ഹരിയാനയിലെയോ പഞ്ചാബിലെയോ ഡിഗ്രി വിദ്യാഭ്യാസം കഴിഞ്ഞെത്തിയ വിദ്യാർത്ഥികളിൽ ഉണ്ടായിരുന്നില്ല. കൂട്ടമായിരുന്ന് സംസാരിക്കുമ്പോൾ ജാതിയോ മതമോ കലർത്തി തമാശ പറയാനും വർഗീയമായി അധിക്ഷേപിക്കാനുമുള്ള പ്രവണത പല വിദ്യാർത്ഥികളിലും ഞാൻ കണ്ടിരുന്നു. ക്ലാസിൽ ചെന്ന ആദ്യ ദിവസം തന്നെ ആരൊക്കെ ബ്രാഹ്മണരാണ് എന്ന സെൻസസ് എടുക്കുന്ന ഒരു വിദ്യാർത്ഥിനിയെയും കണ്ടു. കേരളത്തിലെ വിദ്യാർത്ഥികൾ ഇതൊന്നും കാര്യമാക്കുന്നില്ല എന്നത് അവർക്ക് അതിശയമായിരുന്നു. എങ്കിലും വിവേകശാലികളായ അധ്യാപകരും സെക്യുലറായ പഠനാന്തരീക്ഷവും അവിടെ ഉണ്ടായിരുന്നു. എന്നാൽ വെറും രണ്ടു മൂന്നു വർഷത്തെ ഇടവേളയിൽ തന്നെ അത് സംഘപരിവാരത്തിന്റെ സമ്മർദ്ദത്തിൽ ഒരു കലാപഠനസ്ഥാപനത്തിന്റെ അന്തഃസത്ത കളഞ്ഞുകുളിക്കുന്ന ആചാരങ്ങൾക്ക് വിധേയപ്പെടുന്നതും അറിയാൻ കഴിഞ്ഞു.

2014-ൽ നരേന്ദ്രമോദി ഗവൺമെന്റ് അധികാരത്തിൽ വന്നശേഷം ജീവിതത്തിന്റെ ഏതാണ്ട് എല്ലാ മേഖലയിലും വർഗീയതയും തീവ്രമതചിന്തയും ആഘോഷമായി തന്നെ കൊണ്ടാടുകയുണ്ടായി. ഈ പിന്തിരിപ്പൻ വർഗീയതയും മതധ്രുവീകരണ പ്രവണതകളും നമ്മൾ നേരത്തെ തന്നെ ഉള്ളിൽ കൊണ്ടു നടക്കുകയായിരുന്നോ എന്ന് പലപ്പോഴും ഞാൻ അദ്‌ഭുതപ്പെട്ടിട്ടുണ്ട്. സമാധാനപ്രിയരായ ഒരു ജനതയെ വാർത്തെടുക്കാൻ എത്രത്തോളം ശ്രമങ്ങൾ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ടോ അതിനെയൊക്കെ നിഷ്പ്രഭമാക്കാൻ ഹിന്ദുരാഷ്ട്രവാദത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് കഴിഞ്ഞു എന്നതാണ് സത്യം. എങ്കിലും കേരളത്തിൽ ഇത്ര പെട്ടെന്ന് ഇമ്മട്ടിലൊരു ധ്രുവീകരണം പ്രതീക്ഷിച്ചതല്ല.
കോളേജ് പഠനകാലത്ത് പരിചയപ്പെട്ട ഇടതുപ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ചെറുപ്പക്കാരൊക്കെയും സാമൂഹ്യമായ കാര്യങ്ങളിൽ എത്രയും ശ്രദ്ധ പുലർത്തുന്നു എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. ജാതിമത ചിന്തകൾക്കപ്പുറം ജ്ഞാനമണ്ഡലം വികസിക്കേണ്ടതുണ്ട് എന്ന ചിന്ത വളരെ ചെറിയ വയസിൽ തന്നെ ഉള്ളിലുണ്ടായിരുന്നു. അക്കാരണം കൊണ്ടുതന്നെ എനിക്ക് അക്കാലങ്ങളിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോട് പ്രതിപത്തി തോന്നിയിരുന്നു. ചില പാർട്ടിസമ്മേളനങ്ങളിലും ക്ലാസുകളിലും പങ്കെടുക്കുകയുമുണ്ടായി. എന്നാൽ അക്കാലത്ത് പങ്കെടുത്ത ചില പ്രാദേശിക പ്രതിഷേധസമരങ്ങൾ എന്നിൽ കടുത്ത ആശയസംഘർഷത്തിനിടയാക്കി. ഒട്ടും ആത്മാർഥതയില്ലാതെ ഒരു കൂട്ടം ആളുകൾ വിഷയഗൗരവം പോലുമില്ലാതെ നടത്തുന്ന പ്രതിഷേധങ്ങൾക്ക് ക്രാന്തദർശിത്വം തീരെയില്ലായിരുന്നു. അതിൽ പ്രവർത്തിച്ചിരുന്ന കൂടുതൽ വ്യക്തികളും വ്യക്തിപരമായി നല്ല മനുഷ്യരായിരുന്നെങ്കിലും ഒരു രാഷ്ട്രീയപ്രവർത്തകൻ അല്ലെങ്കിൽ രാഷ്ട്രീയപ്രവർത്തക എന്ന നിലയിൽ അഗാധമായ വായനയോ മറ്റു വിഷയങ്ങളിൽ പരിജ്ഞാനമോ തീരെയില്ലാത്തവരായിരുന്നു. കമ്യൂണിസ്റ്റ് ചട്ടക്കൂടിനപ്പുറത്തും മനുഷ്യർക്ക് സമാധാനമായി ജീവിതം സാധ്യമാണ് എന്ന സാധ്യത അവർക്ക് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. കമ്യൂണിസ്റ്റ് ആയിരിക്കുക എന്നത് പാർട്ടിക്കുവേണ്ടി പ്രവർത്തിക്കലാണെന്ന് ഭൂരിഭാഗം പേരും കരുതിയതായി തോന്നി. അലസത പൊതുവെ അതിലെ ആളുകളുടെ മുഖമുദ്രയായിരുന്നു. ഒരുപക്ഷെ മറ്റു രാഷ്ട്രീയപാർട്ടികളിലെയും സജീവപ്രവർത്തകർക്ക് ബൗദ്ധികമായ അലസതയുണ്ടെന്നുതന്നെ ഞാൻ കരുതുന്നു.

ഫാഷിസത്തെ പ്രതിരോധിക്കാൻ നമ്മൾ കരുതിയിരിക്കേണ്ടതുണ്ട് എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറയുന്നെങ്കിലും ഫാഷിസം എവിടെയാണ് ഒളിച്ചിരിക്കുന്നതെന്നു അവർക്ക് ഒരിക്കലും മനസിലാകില്ല എന്നു തോന്നി. മുകളിൽ നിന്നു വരുന്ന ആരുടെയോ നിർദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുന്ന ഒരു വിധേയസഭ പോലെ തോന്നിത്തുടങ്ങിയതുകൊണ്ട് പതിയെ ഞാൻ അതിൽനിന്ന് അകലം പാലിക്കാൻ തുടങ്ങി. ഫാഷിസം ‘ദാ ഇവിടെ’യാണെന്ന് ചൂണ്ടിക്കാണിക്കാൻ പാകത്തിന് അവർക്ക് ഒരു മൂർത്തിയെ കിട്ടി. എന്നാൽ ആ മൂർത്തിയെ അവരും വണങ്ങുന്നു. അടിസ്ഥാനവർഗം എന്നത് വിശ്വാസികളാണെന്ന് അവർ പറഞ്ഞേക്കുമെന്ന് ഞാൻ ഭയക്കുന്നു. സർവമതപ്രീണനം കൊണ്ട് ബി.ജെ.പിയെ പ്രതിരോധിക്കാമെന്ന് അവർ വെറുതെ ആശിക്കുന്നു.
ഒരേ ദൈവങ്ങളെ കുമ്പിടുന്ന ജാതികളെപോലും വ്യത്യസ്ത ചേരികളിലായി നില്ക്കാൻ പ്രേരിപ്പിച്ച ഘടകം എന്തായിരുന്നു എന്നത് അവരുടെ വിഷയമായി ഒരിക്കലും അവർ പരിഗണിച്ചില്ല എന്ന് തോന്നുന്നു. കാരണം മതപ്രീണനത്തിനു മുന്നേ തന്നെ വർഗ- ജാതീയ ശക്തികൾക്ക് വശംവദരായി പ്രവർത്തിക്കുക എന്നത് കേരളത്തിൽ എല്ലാ പാർട്ടികളും അവസരം പോലെ ചെയ്തുവന്നിരുന്ന കാര്യമാണ്.
ഇലക്ഷൻ ജയിക്കുക, അധികാരത്തിലിരിക്കുക എന്നതുമാത്രമാണ് എല്ലാ പാർട്ടികളെയും എന്ന പോലെ കമ്യുണിസ്റ്റ് പാർട്ടിയുടെയും ലക്ഷ്യം. അതുകൊണ്ടാണ് അവർക്ക് മത- ജാതി സംഘടനകളോട് മറയില്ലാതെ സന്ധി ചെയ്യേണ്ടിവരുന്നത്. അല്ലെങ്കിൽ മതേതര രാഷ്ട്രീയം തത്വത്തിലെങ്കിലും ഉയർത്തിപ്പിടിക്കും എന്ന് പ്രതീക്ഷിക്കുന്ന ഒരു രാഷ്ട്രീയപ്പാർട്ടി ജാതിസംഘടനകളുടെയും ആൾദൈവങ്ങളുടെയും സംഘബലത്തിനു മുന്നിൽ താണുവണങ്ങുമായിരുന്നില്ല. മതപ്രീണനം ഒരു കാരണവശാലും ബി.ജെ.പിയെ അതിജീവിക്കാൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് തുണയാവില്ല. മറിച്ച് പാർട്ടിക്കുള്ളിലും പുറത്തുമുള്ള സെക്യുലറായ മനുഷ്യരെ വഞ്ചിക്കുകയാണ് അതിലൂടെ അവർ ചെയ്തിരിക്കുന്നത്. ബി.ജെ.പിയെപ്പോലെ, പറയുന്ന കാര്യങ്ങൾക്ക് നൂറ് അർത്ഥങ്ങളും വ്യാഖ്യാനങ്ങളും ഉണ്ടാക്കി സ്വന്തം കാര്യം നടത്തിയെടുക്കാനുള്ള തത്രപ്പാടിലാണ് പാർട്ടി. അധികാരത്തിനു പുറത്ത് നാമാവശേഷമാകാൻ പാകത്തിലുള്ള മോറൽ അടിത്തറയാണ് ഇപ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയ്ക്കുള്ളത്. ബി.ജെ.പിയെയും സംഘ്പരിവാരത്തെയും ചെറുക്കലാണ് പാർട്ടിയുടെ അജണ്ടയെങ്കിൽ എന്ത് ചേതവും സഹിച്ച് മതേതരത്വം ഉയർത്തിപ്പിടിക്കാൻ പാർട്ടി ശ്രമിക്കുമായിരുന്നു.

വർഗീയവാദികൾക്കൊപ്പമല്ല വിശ്വാസികൾക്കൊപ്പമാണ് എന്ന് കമ്യൂണിസ്റ്റ് പാർട്ടി പറയുമ്പോൾ, എന്നെപ്പോലുള്ള വിശ്വാസികൾ അല്ലാത്ത ഒരു ന്യൂനപക്ഷമുണ്ടെന്ന് അവർ പരിഗണിക്കുന്നു കൂടിയില്ല എന്നുതോന്നും. ഒരു ദൈവത്തിലും വിശ്വസിക്കുന്നില്ല എന്നത് ഒരു കുറ്റമായി ഇനി പരിഗണിക്കപ്പെടുമോ?
ശരിക്കു പറഞ്ഞാൽ പത്രം വായിക്കുകയോ ന്യൂസ് ചാനലുകൾ സബ്സ്ക്രൈബ് ചെയ്യുകയോ ചെയ്‌താൽ മാത്രമേ ഇമ്മാതിരി വലിയ വലിയ കാര്യങ്ങൾ ചിന്തിക്കേണ്ടിവരുന്നുള്ളൂ എന്നതാണ് സത്യം. സർക്കാർ ആഗോള അയ്യപ്പസംഗമം നടത്തുന്ന വാർത്ത പത്രത്തിൽ കണ്ടപ്പോൾ മാത്രമാണ് ഇങ്ങനെയും തമാശ നാട്ടിൽ നടക്കുന്നു എന്ന് മനസിലായത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ള എന്ത് നവോത്ഥാനപ്രവർത്തനം നടത്തിയാലും അത് ഐസ്ക്രീമിന്റെ മുകളിൽ വച്ച ചെറിപ്പഴം പോലെയേ ഇരിക്കൂ. ചെറിപ്പഴം കഴിക്കാനല്ലലോ മനുഷ്യർ ഐസ്ക്രീം കഴിക്കുന്നത്. വർണ്ണവ്യവസ്ഥയും സ്ത്രീവിരുദ്ധതയും പ്രത്യക്ഷമായിത്തന്നെ പ്രതിഫലിപ്പിക്കുന്ന ആരാധനാലയങ്ങളെ തള്ളിക്കളയാൻ മനുഷ്യരുടെ ദുരിതങ്ങൾ അവരെ അനുവദിക്കുന്നില്ല എന്നതാണ് സത്യം. എല്ലാത്തരം കുറവുകളോടെയും ദുരിതസംഹാരിയായ ദൈവങ്ങളെ വീണ്ടും വീണ്ടും അവർ വിശ്വസിക്കുന്നു. മനുഷ്യരുടെ ദുരിതങ്ങൾ കേൾക്കാൻ പാകത്തിന് എന്ത് സാമൂഹ്യസംവിധാനങ്ങളാണ് കേരളത്തിലുള്ളത്? ആത്മഹത്യാനിരക്കിൽ ഇന്ത്യയിൽ മൂന്നാമത്തെ സ്ഥാനമാണ് കേരളത്തിനുള്ളത്. കൂടിയ വിദ്യാഭ്യാസയോഗ്യതയുള്ള തലമുറയിൽ ജോലിയുടെ അഭാവവും ജോലിസമ്മർദ്ദവും പ്രധാന കാരണമായി പറയപ്പെടുന്നു. കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ മുഴുവൻ ഊർജ്ജവും ബി.ജെ.പിയെയും കോൺഗ്രസിനെയും എതിർക്കുക എന്ന ഒറ്റ അജണ്ടയിലാണ് ഊന്നിയിരിക്കുന്നത്. അതുകൊണ്ടുതന്നെ സാമൂഹിക- സാംസ്കാരിക മേഖലകളിൽ ദീർഘവീക്ഷണത്തോടെ അവർക്ക് ഇടപെടാനാവുന്നില്ല. പ്രതിപക്ഷത്തെ കേൾക്കുന്നില്ല. എതിർവീക്ഷണങ്ങളെ ചർച്ചക്കെടുക്കുന്നില്ല.
ശബരിമലയിൽ സ്ത്രീകളെ കയറ്റി രണ്ടാം നവോത്ഥാനത്തിന് തുടക്കമിടുന്നു എന്ന് പറഞ്ഞ അതേ ആളുകൾ ഇപ്പോൾ സാമുദായികപ്രീണനത്തിലൂടെ വോട്ടു നേടും എന്ന് ഒരു ഉളുപ്പുമില്ലാതെ പറയുന്നു. കമ്യൂണിസ്റ്റ് പാർട്ടി അതിൽ വിശ്വസിക്കുന്ന സ്ത്രീകളോടും എൻ എസ് എസ് അവരുടെ വാക്കും കേട്ട് നാമജപത്തിനു പോയ സ്ത്രീകളോടും യാതൊരു വിധത്തിലുള്ള ഉത്തരവാദിത്വവും ഉണ്ടെന്നു ഭാവിക്കുന്നില്ല. ഇത്തരം കളക്ടീവ് പുരുഷാധികാര സ്ഥാപനങ്ങളെ യുവതലമുറയിൽപ്പെട്ട സ്ത്രീകൾ തള്ളിക്കളയും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സെലക്ടീവ് സൈലൻസ് പ്രാക്ടീസ് ചെയ്യുന്ന നവപാർട്ടിബുദ്ധിജീവികളാണ് പാർട്ടിയുടെ കരുത്ത്. അവർക്ക് പാർട്ടിയാണ് ദൈവം. ശരിക്കു പറഞ്ഞാൽ സംരക്ഷണം വേണ്ടത് പാർട്ടിവിശ്വാസികൾക്കാണ്. കമ്യൂണിസ്റ്റ് പാർട്ടിയില്ലെങ്കിൽ അന്യം നിന്നുപോകാൻ സാധ്യതയുള്ള വിഭാഗം അവരാണ്, ഏതൊരു പാർട്ടിയിലെയും പോലെ.

സമുദായികപ്രീണനം ഒരുപക്ഷെ വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് അനുകൂലമായ ഒരു ഘടകം ആയേക്കാം. ജനനനിരക്ക് കുറഞ്ഞ് വൃദ്ധസമൂഹമായിക്കൊണ്ടിരിക്കുന്ന കേരളത്തിൽ വയസ്സരുടെ ദീർഘവീക്ഷണമില്ലാത്ത ഇടപെടലുകൾ ചുരുങ്ങിവരുന്ന യുവതലമുറയെ എങ്ങനെ ബാധിക്കും എന്നത് ആരുടെയും പരിഗണയിൽ ഇല്ലെന്നു തോന്നുന്നു. കുറച്ചുകാലം കഴിയുമ്പോൾ അവർക്കുവേണ്ടി ഒന്നും ചെയ്യാത്ത കടൽക്കിഴവന്മാരെ ചുമലിൽ താങ്ങേണ്ട ആവശ്യമുണ്ടോ എന്ന് അവർ ന്യായമായും ചിന്തിക്കും. ദീർഘവീക്ഷണമില്ലാത്ത നേതാക്കൾ ഇല്ലാത്ത ഏതു പാർട്ടിയും കാലക്രമേണ ഇത്തരത്തിൽ അധഃപതിക്കും. സെക്യുലറായ ഒരു സമൂഹത്തെ, അതിന്റെ യുവതലമുറയെ പതിയെ പതിയെ വർഗീയതയിലേക്കും തമ്മിൽത്തല്ലിലേക്കും നയിക്കുംവിധം സാമ്പത്തികഭദ്രതയില്ലാത്ത ഒരു എക്കോണമിയാണ് കേരളത്തിനുള്ളത്. അടിത്തട്ടിലുള്ള യുവാക്കൾ കൂടുതലും രാഷ്ട്രീയചാവേറുകളാണ്. ഇത്രയും കാലം കമ്യൂണിസ്റ്റുകൾ ഭരിച്ച ഒരു നാട്ടിൽ ജാതി ഇത്രയും ശക്തമായ ഒരു യാഥാർഥ്യമായിരിക്കുന്നതിന് കാരണം അടിസ്ഥാനവർഗ്ഗത്തിന്റെ യാഥാർഥ്യങ്ങളുടെ നേരെ അത് കണ്ണടച്ചതാണ്.
എന്റെ കുട്ടിയെ നോക്കാൻ എന്റെ ഒപ്പമുള്ള സ്ത്രീയുടെ മകൾ എം എസ്‌സി കെമിസ്ട്രി വരെ പഠിച്ചയാളാണ്. ഇപ്പോൾ കുറെ വർഷമായി സ്‌കൂളുകളിൽ ജോലി അന്വേഷിച്ചുനടക്കുന്നു. ദലിത് വിഭാഗത്തിൽപെട്ട യുവതിയാണവർ. കണ്ടവരുടെ സ്ഥലം പാട്ടത്തിനെടുത്ത് വാഴകൃഷി നടത്തിയാണ് എന്റെ വീട്ടിൽ നിൽക്കുന്ന സ്ത്രീയും അവരുടെ ഭർത്താവും രണ്ടു കുട്ടികളെയും പഠിപ്പിച്ചത്. മകൾ എത്ര നല്ല വിഷയമാണ് പഠിച്ചതെന്നോ അതിൽ ഉന്നതവിദ്യാഭ്യാസത്തിന് പോയിരുന്നെങ്കിൽ എന്തൊക്കെ ജീവിതസാധ്യതകൾ ഉണ്ടായിരുന്നെന്നോ അവർക്കറിയില്ല. മകൾക്കും ഒരു പരിധിവരെ അതറിയില്ല. രണ്ടുമക്കളെയും പഠിപ്പിച്ചെങ്കിലും അവർക്ക് നല്ല ഉദ്യോഗമോ സ്ഥിരവരുമാനമോ ഇല്ല എന്നതിൽ അവർക്ക് ദുഖമാണ്. മകളെ കല്യാണം കഴിച്ചയപ്പിച്ച കടം തീർക്കാനാണ് അവർ ജോലിക്ക് പോകുന്നത്. ദലിത് ക്രിസ്ത്യാനിയായ അവർ ഒരു പ്രാദേശിക ഇലക്ഷനിൽ മത്സരിക്കാനുള്ള മാനദണ്ഡപ്രകാരം ഹിന്ദുവാകാൻ തീരുമാനിച്ചു. SC ഹിന്ദു വിഭാഗത്തിലെ സംവരണസീറ്റ് ആയിരുന്നു അത്. ഇലക്ഷനിൽ അവർ ജയിക്കുകയും ചെയ്തു. തന്റെ മതത്തെ തള്ളി മറ്റൊരു മതത്തിലേക്ക് മാറിയത് അവരെ മാനസികമായി തകർത്തുകളഞ്ഞു എന്നാണ് അവർ എന്നോട് പറഞ്ഞത്. ഇപ്പോഴും അതോർക്കുമ്പോൾ അവർ കരയും. മരിക്കുമ്പോൾ അവരുടെ മൃതദേഹം കരിച്ചു കളയുന്നത് അവർക്ക് ദുഃഖമാണ്. കല്ലറയിൽ സംസ്കരിച്ചാൽ അതുകണ്ടുപിടിക്കാൻ KIRTADS ഉദ്യോഗസ്ഥർ വരുമെന്ന് അവർ പറയുന്നു.
വീട്ടിൽ വരുന്ന മറ്റൊരു സ്ത്രീ പെന്തക്കോസ്റ്റ് മതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരു ഈഴവയാണ്. അവരുടെ അമ്മ ഹിന്ദു ദൈവങ്ങളെ പ്രാർത്ഥിക്കുന്നു. എന്തുകൊണ്ടാണ് മതം മാറിയതെന്ന് ചോദിച്ചപ്പോൾ അവർക്ക് പരിചയമുള്ള പെന്തകോസ്റ്റ് കുടുംബത്തെ അവർക്ക് വലിയ ഇഷ്ടമായിരുന്നു എന്നാണ് പറഞ്ഞത്. പ്രാർത്ഥനകൾക്ക് പോകുമ്പോൾ സമാധാനം കിട്ടുന്നു എന്ന് പറഞ്ഞു. എന്നാൽ അവർ എന്റെ കുട്ടിക്കുവേണ്ടി പൂക്കളമിടുന്നു. ചെറുപ്പകാലത്തെ ഓണക്കളികൾ ഓർത്തെടുക്കുന്നു.

എത്രയും ദരിദ്രമായ ചുറ്റുപാടുകളിൽ ജീവിക്കുമ്പോഴും മനുഷ്യർ അവരുടെ ദൈവങ്ങളെയും അനുഷ്‌ഠാനങ്ങളെയും ഓർത്തുവയ്ക്കുന്നത് നമ്മുടെ സാമൂഹ്യ- സർക്കാർ സംവിധാനങ്ങളിലെ മതജാതി രാഷ്ട്രീയ ചുഴികൾ അത്രയും അഗാധമായതിനാലാണ്. വെറുതെ എണീറ്റ് കുടഞ്ഞാൽ പോകുന്ന ഒന്നല്ല അത്, അല്ലെങ്കിൽ കുടഞ്ഞുകളയാൻ നമ്മുടെ സമൂഹം പാവപ്പെട്ടവരെ അനുവദിക്കില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ പാവപ്പെട്ടവർക്കും സമൂഹത്തിലെ അടിത്തട്ടിലുമുള്ള മനുഷ്യർക്കും ഉണ്ടായിരുന്ന വിശ്വാസം ഇപ്പോൾ ഉണ്ടോ എന്നത് സംശയമാണ്. ലോകമെമ്പാടുമുള്ള വലതുപക്ഷപാർട്ടികൾ സ്വീകരിക്കുന്ന നയങ്ങളിൽ നിന്നും വ്യത്യസ്തമായി എന്താണ് ഇപ്പോൾ കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പാർട്ടികൾ മുന്നോട്ടു വയ്ക്കുന്നത്? കമ്യുണിസ്റ്റ് പാർട്ടിക്കുണ്ടായ മൂല്യച്യുതി പെട്ടെന്നുണ്ടായ ഒന്നല്ല. പാവപ്പെട്ടവരും ആശയറ്റവരുമാണ് എല്ലാ രാഷ്ട്രീയപാർട്ടികളുടെയും വർഗീയ സംഘടനകളുടെയും തുറുപ്പുചീട്ട്. അവരെ എങ്ങനെ കൈകാര്യം ചെയ്യാം എന്നതിലാണ് അവർ ഗവേഷണം ചെയ്യുന്നത്.
ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താമെന്ന് രാഷ്ട്രീയപാർട്ടികൾ പറയുന്നിടത്ത് നിങ്ങളുടെ ദൈവങ്ങളെയും ജാത്യാചാരങ്ങളെയും പ്രാദേശികസ്വത്വത്തെയും സംരക്ഷിക്കാമെന്ന് വർഗീയശക്തികൾ പറയുന്നു. എന്നാൽ ഇപ്പോൾ വർഗീയശക്തികളും രാഷ്ട്രീയ- കോർപറേറ്റ് ശക്തികളും ഒറ്റയ്ക്കൊരു ശക്തിയായി ആണ് സാധാരണ ജനതയെ മാനിപ്പുലേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം ജനതയെ സ്വയംപര്യാപ്തതയിൽ എത്തിക്കാൻ സ്വജനപക്ഷപാതമില്ലാതെ പദ്ധതികൾ ആസൂത്രണം ചെയ്യാൻ ശ്രമിക്കാത്ത ഗവൺമെന്റുകൾക്ക് വർഗീയശക്തികളുടെ സഹായം സ്വീകരിക്കാതെ വയ്യ.

ഞാൻ പരിചയപ്പെട്ടിട്ടുള്ള ഒട്ടു മിക്ക സ്ത്രീകൾക്കും അയ്യപ്പസന്നിധിയിൽ ആരെങ്കിലും പോകുന്നതോ പോകാതിരിക്കുന്നതോ ഒരു വിഷയമേ അല്ല. അവരിൽ ചിലർക്കെങ്കിലും ദേവീക്ഷേത്രങ്ങൾ ഒരു ദൗർബല്യമാണ് താനും. ഒന്നാലോചിച്ചാൽ തിരുവിതാംകൂർ ദേവസ്വത്തിനും ഗവൺമെന്റിനും ശബരിമലയിൽ നേരിട്ടുള്ള ആധിപത്യത്തിന് ആഗ്രഹം കാണും. ധനവരുമാന മാർഗമാണ് ആ ക്ഷേത്രം രണ്ടുകൂട്ടർക്കും. ആ നിലയ്ക്ക് ശബരിമല നവീകരണപദ്ധതിയൊക്കെ കൊള്ളാം. ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തുകയുമാവാം. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാർ നടത്തിയ അവകാശവാദങ്ങളാണ് അവരെ വെട്ടിലാക്കുന്നത്. സുപ്രീംകോടതി വിധി അനുസരിക്കുന്നു എന്ന് പറയുന്നതിന് പകരം രണ്ടാം നവോത്ഥാനം എന്നൊക്കെ പറഞ്ഞ് സെൻസിറ്റീവ് ആയ ഒരു വിഷയത്തെ ഒട്ടും ദീർഘവീക്ഷണം ഇല്ലാതെ സമീപിച്ചതിന്റെ ഫലം അവർ തെരഞ്ഞെടുപ്പിൽ അനുഭവിച്ചു. അധികാര രാഷ്ട്രീയത്തിലുള്ള പാർട്ടി എന്ന നിലയ്ക്ക് ആ സ്വാഭാവിക വീഴ്ചയെ പോസിറ്റിവ് ആയി കാണാനും കൂട്ടാക്കിയില്ല. ഹിന്ദു സനാതന ധർമ്മത്തിന് മുകളിൽ പറക്കുന്നതാണ് കേരളത്തിലെ ജാതിസംഘടനകളുടെ ജാതിഗർവ് എന്നതാണ് എൻ എസ് എസ് ജനറൽ സെക്രട്ടറിയുടെ ഏറ്റവും പുതിയ നിലപാട് തെളിയിക്കുന്നത്. ബി.ജെ.പി വാഗ്ദാനങ്ങൾ നിറവേറ്റിയില്ല, അതുകൊണ്ട് അത് നിറവേറ്റാൻ സാധ്യതയുള്ള ഇടതുപക്ഷപാർട്ടികൾക്ക് ഞങ്ങൾ പിന്തുണ കൊടുക്കും എന്ന ജി. സുകുമാരൻ നായരുടെ നിലപാട് ഭക്തരായ നായന്മാർ എങ്ങനെ കാണും എന്ന് കാത്തിരുന്നു തന്നെ കാണണം.
കേരളത്തിലെ ഓരോ മത- ജാതിസംഘടനയും ഓരോ സ്വയംപ്രഖ്യാപിത റിപ്പബ്ലിക്കുകളാണ്. അവരെ വിശ്വസിച്ച് കളത്തിലിറങ്ങുന്ന രാഷ്ട്രീയപ്പാർട്ടികൾ ആരായാലും അവർക്ക് കേരളത്തിലെ ബി.ജെ.പിയുടെ വിധിയാണ്. എന്നാൽ ഈ രാഷ്ട്രീയ മത വർഗീയ ചേരികൾക്കു പിടിതരാത്തൊരു ജനവിഭാഗം തെരഞ്ഞെടുപ്പുകാലത്ത് ഉണർന്നെണീൽക്കാറുണ്ട്. ഏറ്റവും പ്രാഥമികമായ ജീവിതാവശ്യങ്ങൾക്കു പോലും ബുദ്ധിമുട്ടുന്നവർ. അവരാണ് ഇപ്പോഴും ഈ ജനാധിപത്യ സംവിധാനത്തിന്റെ കാവലാളുകൾ.
മുൻപ് ശാസ്ത്രസാഹിത്യ പരിഷത്തിലെ കുട്ടികളുടെ മാസികകളിൽ “എന്തുകൊണ്ടെന്തുകൊണ്ടെന്തുകൊണ്ട്?” എന്ന് അവർ അച്ചടിച്ചത് എന്തിനായിരുന്നിരിക്കും? നമുക്ക് തിട്ടമുള്ള ഉത്തരങ്ങളിലേക്ക് കുട്ടികളെ നയിക്കാനോ അതോ എല്ലാത്തിനെയും ചോദ്യം ചെയ്യാനും സംശയങ്ങൾ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനോ? ഇടതുപക്ഷത്തിന്റെ സാംസ്കാരികവിഭാഗം കൈകാര്യം ചെയ്യുന്ന ആൾക്കാരെങ്കിലും ക്രിട്ടിക്കൽ തിങ്കിങ്ങിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് എന്ന ചിന്ത വച്ചുപുലർത്തുന്നുണ്ടോ എന്നത് സംശയമാണ്.
