കോവിഡ് കാലത്തേക്കാൾ കുറഞ്ഞ പോളിങ്; ഏഴ് ജില്ലകളിലെ കണക്കുകൾ പറയുന്നത്…

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട പോളിങ്ങിൽ 70.09 ശതമാനം പോളിങ്. കോവിഡ് കാലത്ത് 2020-ലെ തെരഞ്ഞെടുപ്പിലുള്ളതിനേക്കാൾ പോളിങ് കുറഞ്ഞിരിക്കുകയാണ്.

News Desk

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻെറ ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9-ന് പൂർത്തിയായിരിക്കുകയാണ്. തെക്കൻ - മധ്യകേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിലെ ശരാശരി പോളിങ് 70.09 ശതമാനമാണ്. ഇത് കഴിഞ്ഞ തവണത്തെ കണക്കുകൾ അപേക്ഷിച്ച് കുറവാണ്. 73.85 ആയിരുന്നു ഈ ഏഴ് ജില്ലകളിൽ 2020-ൽ ഉണ്ടായ പോളിങ്. വലിയ പ്രചാരണങ്ങളും കടുത്ത രാഷ്ട്രീയ വിവാദങ്ങളുമെല്ലാം ഉണ്ടായിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എല്ലാ ജില്ലകളിലും പോളിംഗിൽ കുറവ് ഉണ്ടായിട്ടുണ്ട്. കോവിഡ് കാലത്തായിരുന്നു നേരത്തെ തെരഞ്ഞെടുപ്പ് നടന്നത്. അതിനേക്കാൾ കുറവായിരിക്കുകയാണ് ഇപ്പോഴത്തെ പോളിംഗ് ശതമാനം.

ഇത്തവണ ഏറ്റവും കൂടുതൽ പോളിംഗ് ഉണ്ടായത് എറണാകുളം (74.59%) ജില്ലയിലാണ്. കഴിഞ്ഞ തവണ ഈ ഏഴ് ജില്ലകളിൽ ആലപ്പുഴയിലായിരുന്നു കൂടിയ പോളിംഗ് (77.39%). ഇത്തവണ ഏറ്റവും കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത് പത്തനംതിട്ട ജില്ലയിലാണ് (66.78%). 2020-ലും പത്തനംതിട്ടയിൽ തന്നെയായിരുന്നു കുറഞ്ഞ പോളിംഗ് (69.72%).

നിലവിൽ മൂന്ന് കോർപ്പറേഷനുകളിലേക്കാണ് വോട്ടെടുപ്പ് പൂർത്തിയായത്. ഇതിൽ ഏറ്റവും വാശിയേറിയ പോരാട്ടം നടക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ കഴിഞ്ഞ തവണ 59.96% ആയിരുന്നു പോളിംഗ് എങ്കിൽ, ഇത്തവണ 58.24 ആയി കുറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ നിലവിൽ ഭരിക്കുന്നത് ഇടതുമുന്നണിയാണ്. യു.ഡി.എഫ് മൂന്നാം സ്ഥാനത്തുള്ള ഇവിടെ മൂന്ന് മുന്നണികളും തമ്മിൽ ശക്തമായ മത്സരം നടക്കുന്നുണ്ട്. ജില്ലയെ മൊത്തത്തിൽ എടുത്താൽ 70.02 എന്നതിൽ നിന്ന് 3 ശതമാനം കുറഞ്ഞ് 67.4 ശതമാനത്തിലേക്ക് എത്തി.

കൊല്ലം ജില്ലയിൽ 2020-ൽ 73.51 ശതമാനം പോളിംഗ് നടന്നപ്പോൾ ഇത്തവണ അത് 70.36 ആയി കുറഞ്ഞു. കോർപ്പറേഷനിൽ പോളിംഗ് ശതമാനം കുറഞ്ഞു. 66.22 ശതമാനത്തിൽ നിന്ന് 63.32 ശതമാനത്തിലെത്തി. കൊല്ലം കോർപ്പറേഷൻ വലിയ ഭൂരിപക്ഷത്തിലാണ് നിലവിൽ ഇടതുമുന്നണി ഭരിക്കുന്നത്. 3 ശതമാനത്തിലധികമാണ് ഇവിടെയും പോളിംഗ് കുറഞ്ഞത്.

പത്തനംതിട്ട ജില്ലയിൽ 69.72 ശതമാനത്തിൽ നിന്ന് 66.78 ശതമാനമായാണ് ഇടിഞ്ഞത്.

ആലപ്പുഴയിൽ 2020-ൽ മികച്ച പോളിങ്ങാണ് ഉണ്ടായിരുന്നത്. 77.39 ശതമാനം ഉണ്ടായിരുന്നതിൽ നിന്ന് ഇക്കുറി 4 ശതമാനത്തിലധികം കുറഞ്ഞ് 73.76 ശതമാനത്തിലെത്തി. പോളിങ്ങ് ശതമാനത്തിൽ ഏറ്റവും കൂടുതൽ ഇടിവുണ്ടായത് ആലപ്പുഴയിലാണ്.

കോട്ടയത്ത് 73.95 ശതമാനം ഉണ്ടായിരുന്നിടത്ത് നിന്ന് 70.94 ശതമാനമായി കുറഞ്ഞു.

ഇടുക്കിയിൽ മൂന്ന് ശതമാനത്തോളമാണ് പോളിങ്ങിൽ ഇടിവുണ്ടായത്. 74.68 ശതമാനം ഉണ്ടായിരുന്നിടത്ത് നിന്ന് 71.77 ശതമാനമായി കുറഞ്ഞു.

എറണാകുളത്ത് 77.28 %ത്തിൽ നിന്ന് 74.59 ശതമാനമായി പോളിങ്ങ് കുറഞ്ഞു. കൊച്ചി കോർപ്പറേഷനിൽ 64.71 ശതമാനത്തിൽ നിന്ന് 62.52 ശതമാനമായി. നേരിയ ഭൂരിപക്ഷമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും കൊച്ചി കോർപ്പറേഷനിൽ ഇടതുമുന്നണി അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കിയിരിക്കുകയാണ്.

കോവിഡ് കാലത്ത് ഉണ്ടായിരുന്നത്ര പോലും പോളിങ് ഇല്ലാതെ പോയത് രാഷ്ട്രീയ പാർട്ടികളെയും രാഷ്ട്രീയ വിദഗ്ദരെയും ഒരുപോലെ അമ്പരപ്പിച്ചിട്ടുണ്ട്. ഒരു ജില്ലയിൽ പോലും നേരിയ വർധനവ് പോലും ഉണ്ടായില്ലെന്നതും കൗതുകകരമാണ്.

രണ്ടാംഘട്ട തെരഞ്ഞെടുപ്പ്

സംസ്ഥാനത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത് നാളെയാണ് (11/12/2025). മധ്യ - വടക്കൻ കേരളത്തിലെ ജില്ലകളായ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടക്കാൻ പോവുന്നത്. തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇക്കൂട്ടത്തിൽ നടക്കുന്നുണ്ട്. നിലവിൽ തൃശ്ശൂർ, കോഴിക്കോട് കോർപ്പറേഷനുകൾ എൽ.ഡി.എഫും കണ്ണൂർ യു.ഡി.എഫുമാണ് ഭരിക്കുന്നത്.

Comments