കേരളത്തിലെ തദ്ദേശതല തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന പൊതുചർച്ചയിൽ ഉയർന്നുവരുന്ന വിഷയങ്ങൾ മാറിയ രാഷ്ട്രീയസാഹചര്യങ്ങളെപ്പറ്റി നമ്മെ ഓർമ്മപ്പെടുത്തേണ്ടതാണ്. ഒന്നുകിൽ തദ്ദേശതലവുമായി തീരെ ബന്ധമില്ലാത്തതായ ഏഷണി-ലൈംഗിക - വിവാദം (പ്രതിപക്ഷത്തിനെതിരെ), അല്ലെങ്കിൽ ഞെട്ടിപ്പിക്കുന്ന അഴിമതി (ഭരണകക്ഷിക്കെതിരെ).
രണ്ടുതരം ആരോപണങ്ങളും തദ്ദേശതല ഭരണവുമായി ബന്ധമുള്ളവയല്ല. വാർഡുതലപ്രചാരണം നോക്കിയാൽ അതീവ മൈക്രോ- തല സേവനവിഷയങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. അതായത്, അവിടങ്ങളിലെ പശ്ചാത്തല സൗകര്യങ്ങൾ, റോഡ്, മാലിന്യനിർമാർജനം മുതലായവ. അതല്ലെങ്കിൽ അവ്യക്തത നിറഞ്ഞ വികസന വാഗ്ദാനങ്ങളോ സാമൂഹ്യപരിചരണ വാഗ്ദാനങ്ങളോ –പൊതുവിൽ പറഞ്ഞാൽ തദ്ദേശതലത്തിൽ ലഭ്യമാകേണ്ട സേവനങ്ങൾ ഉറപ്പാക്കുമെന്ന വാഗ്ദാനം.
1990- കളിലെ ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ആവേശം ഓർമ്മയുള്ളവർക്കു മാത്രമേ ഒരുപക്ഷേ ഇതിലെ പ്രശ്നം പിടികിട്ടൂ. അന്നൊന്നും തദ്ദേശതലഭരണത്തെ നിർണയിക്കുന്ന സവിശേഷമൂല്യങ്ങളെയും വിഷയങ്ങളെയും പറ്റി സുവ്യക്തമായ അവബോധം പൊതുവെ ഉണ്ടായിരുന്നു. സംസ്ഥാനതല അധികാരമത്സരരാഷ്ട്രീയത്തിന്റേതല്ല അവ എന്ന് നിശ്ശബ്ദമായ സമ്മതം രാഷ്ട്രീയകക്ഷികൾ തമ്മിലുണ്ടായിരുന്നു.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഉപജീവനം മുതൽ മാലിന്യനിർമാർജനം വരെയുള്ള സകലപ്രശ്നങ്ങൾക്കും മുമ്പ് നാം വിഭാവനം ചെയ്തിരുന്ന ജനകീയ- തദ്ദേശതല പരിഹാരങ്ങൾക്കു പകരം, സ്ഥാപനപരമായി വലുപ്പമേറിയതും മുതലാളിത്തത്തിന് മേൽക്കൈ നൽകുന്നതുമായ പരിഹാരങ്ങൾ സ്വീകാര്യമായിത്തീർന്നിരിക്കുന്നു.
അതുപോലെ അന്ന് തദ്ദേശഭരണം, പൊതുസേവനങ്ങൾ ഉപഭോക്തൃസംസ്കാരത്തിലാണ്ടുമുങ്ങിയ വരേണ്യ- മദ്ധ്യവർഗങ്ങൾക്ക് കാര്യക്ഷമമായി എത്തിച്ചുകൊടുക്കാനുള്ള വെറും ഉപാധി മാത്രമായിരുന്നില്ല. മലയാളിരാഷ്ട്രീയമണ്ഡലത്തിന്റെ കെട്ടിൽ തന്നെ കാര്യമായ മാറ്റമാണ് തദ്ദേശഭരണസംവിധാനങ്ങളുടെ വരവ് സൂചിപ്പിച്ചത്.
അതോടെ കേരള രാഷ്ട്രീയരംഗം മേൽ- കീഴ്തലങ്ങളായി വിഭജിക്കപ്പെട്ടു. സംസ്ഥാനമൊട്ടാകെ വ്യാപിച്ചുകിടന്ന മേൽത്തലം മുതലാളിത്തവുമായുള്ള പേശൽ നടക്കുന്നതും, രാഷ്ട്രീയകക്ഷികൾ തമ്മിലുള്ള സ്ഥിരംമത്സരങ്ങൾ അരങ്ങേറുന്നതും, തികഞ്ഞ പിതൃമേധാവിത്വപരവുമായ ഇടമായി തുടർന്നു. തദ്ദേശതലമാകട്ടെ, സഹകരണത്തിന്റെയും സാമൂഹ്യവികസനത്തിന്റെയും രാഷ്ട്രീയകക്ഷികളുടെ പരസ്പരധാരണയിലൂടെ സൃഷ്ടിക്കേണ്ട പുതിയ ജനകീയ വികസന സംസ്കാരത്തിന്റെയും ഇടമായി പ്രക്ഷേപിക്കപ്പെട്ടു. ആ ഇടത്തിന്റെ വികാസത്തിലാണ് കേരളത്തിന്റെ വികസനഭാവിയെന്ന് ഇടതുപക്ഷക്കാരിലും ഇടതേതര കക്ഷികളുടെ അനുകൂലികളിൽ വലിയൊരു വിഭാഗവും കരുതി.
1990- കളിലെ ദേശീയതലത്തിൽ സ്വീകരിക്കപ്പെട്ട ആഗോളീകരണ—ഉദാരവത്ക്കരണ നയങ്ങളെ പ്രതിരോധിക്കാനുള്ള ഇടമായാണ് അവർ അതിനെ കണ്ടത്. പല പോരായ്മകളും (പ്രത്യേകിച്ച് കടലോര-ആദിവാസി വിഭാഗങ്ങളുടെ ശാക്തീകരണത്തിൽ) അപ്പോൾ തന്നെ കാണാനുണ്ടായിരുന്നെങ്കിലും നവലിബറൽ മുതലാളിത്തത്തെ പാതിവഴിക്കെങ്കിലും പ്രതിരോധിക്കുന്ന പുതിയൊരു കേരളമാതൃകാവികസനത്തിന്റെ കാമ്പായി അതിനെ തിരിച്ചറിഞ്ഞവരുടെ എണ്ണം കുറവായിരുന്നില്ല.

ഇന്നാകട്ടെ, ആ വികസനഭാവന പിൻവാങ്ങുന്നതിന്റെ ലക്ഷണമായാണ് ആദ്യം പറഞ്ഞ പ്രചാരണവിഷയങ്ങൾ. തദ്ദേശതെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ തദ്ദേശതലത്തെ സർവപ്രധാനമായി പരിഗണിക്കുന്ന വികസനസങ്കല്പം വിദൂരത്തിൽ പോലും കാണാനില്ല. കഴിഞ്ഞ രണ്ടര ദശകത്തിനുള്ളിൽ ഇവിടെ സംഭവിച്ച നവലിബറൽ-ഇരപിടിയൻ മുതലാളിത്ത വികാസവും അതോടൊപ്പം അതിസാധാരണമായിത്തീർന്ന കെട്ടിടനിർമ്മാണഭ്രാന്തും മുറിവേൽപ്പിച്ച തദ്ദേശസ്ഥലങ്ങളുടെ എണ്ണം പെരുകിക്കൊണ്ടേയിരിക്കുകയാണ് കേരളത്തിൽ. ആ നാശം അസഹ്യമായി മാറിയ പ്രദേശങ്ങളിൽ പോലും നഷ്ടപരിഹാരം, സർക്കാർവക സഹായം, സേവനങ്ങൾ മുതലായവയിൽ ഒതുങ്ങിനിൽക്കുകയാണ് തെരഞ്ഞെടുപ്പുവിഷയങ്ങൾ. അത്തരം വിഷയങ്ങളുടെ പ്രാധാന്യത്തെ കുറച്ചുകാണിക്കാനാവില്ല. പക്ഷേ ചർച്ച ഇവയിലൊതുങ്ങുമ്പോൾ തദ്ദേശതലം മിക്കവാറും ഉപഭോക്തൃതലമായി ചുരുങ്ങുന്നു.
കഴിഞ്ഞ ദശകങ്ങളിലെ മുതലാളിത്ത വളർച്ചയുടെ അഴിഞ്ഞാട്ടം ഉണ്ടാക്കിയ കേടുപാട് തീർത്ത് ഭൂമിയെ (വെള്ളത്തെയും) വീണ്ടും വാസയോഗ്യമാക്കുക എന്ന അടിസ്ഥാനപരവും അടിയന്തരവുമായ ആവശ്യത്തെ തിരിച്ചറിയണമെങ്കിൽ തദ്ദേശതലത്തെ മറ്റൊരു വിധത്തിൽ മനസ്സിലാക്കേണ്ടിവരും. ജനസംഖ്യയുടെയും ഭരണപരമായ അതിർത്തികളുടെയും കണക്കനുസരിച്ച് മുറിച്ചെടുത്ത് ഭരിക്കാവുന്ന ഭൂമിയുടെ തുണ്ടല്ല, തദ്ദേശതലം. മുതലാളിത്തത്തിന് കേരളമങ്ങിങ്ങ് നിറഞ്ഞുപരന്ന് പാഞ്ഞുനടക്കാനുള്ള പാതകൾക്ക് മുറിച്ചുകടക്കാനുള്ള ജഡസ്ഥലവുമല്ല അത്. പാരിസ്ഥിതികമായ സമഗ്രതയുള്ള, ജനങ്ങൾ തലമുറകളായി അവരുടെ അദ്ധ്വാനത്താൽ സൃഷ്ടിച്ച, ഇടങ്ങളാണ് അവ. സ്ഥലങ്ങളുടെയും ഇടങ്ങളുടെയും സമഗ്രതയെ മാനിക്കാത്ത മുതലാളിത്തവും കാലാവസ്ഥാവ്യതിയാനം പോലുള്ള അതിന്റെ സന്തതികളും നമ്മുടെ തദ്ദേശതലജീവിതത്തിനും ജീവനും എന്തു ഭീഷണികളാണ് ഉയർത്തുന്നതെന്ന് മലയാളികൾ നേരിട്ട്, അനുഭവത്തിലൂടെ, മനസ്സിലാക്കിക്കഴിഞ്ഞു എന്നത് നിസ്തർക്കമാണ്.
കേരളത്തിൽ തദ്ദേശതലത്തിന്റെ പ്രാധാന്യം കൂടുതൽക്കൂടുതൽ തെളിയുംതോറും അതിലൂന്നിയ വികസനഭാവന ദൂരേയ്ക്കു പറന്നുപോയ്ക്കൊണ്ടിരിക്കുന്നു.
തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഈ കെടുതികളിൽ ഇടപെടേണ്ടിവരുമ്പോഴൊക്കെ ഇവിടുത്തെ സിവിൽസമൂഹം ഉണർന്നുപ്രവർത്തിച്ചിട്ടുമുണ്ട്. കേരളത്തിന്റെ ജനകീയ വികസനഭാവനയെ 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളുടെ നിഴലിൽ നിൽക്കുമ്പോഴും നമുക്ക് പുതുക്കിപ്പണിയാനാകുമെന്ന ശക്തമായ സൂചനകളാണ് 2018- ലെ മഹാപ്രളയത്തിനു ശേഷമുണ്ടായ ജനകീയപ്രവർത്തനം നൽകിയത്. ശരിക്കും 1996- ൽ നടന്ന തദ്ദേശസ്ഥാപനതല വികസനരേഖാനിർമ്മാണത്തെക്കാൾ എത്രയോ വിപുലമായ ജനപങ്കാളിത്തത്തോടു കൂടിയ ഗ്രാമസഭാതലചർച്ചകൾക്കും, അവയിലൂടെ ഉരുത്തിരിയുമായിരുന്ന പുതിയ ജനകീയ വികസനഭാവനയ്ക്കും 2018-ലെ പ്രളയാനന്തരപ്രവർത്തനങ്ങൾ ഇടവരുത്തുമായിരുന്നു. പക്ഷേ തദ്ദേശഭരണവ്യവസ്ഥയുടെ ജനകീയസാധ്യതകളെ ശക്തിപ്പെടുത്താനല്ല, ഭരണത്തിലിരുന്ന ഇടതുപക്ഷസർക്കാർ ശ്രമിച്ചത് – അത്രയും കാലത്തിനിടയിൽ ഇടതുപക്ഷ- പാരിസ്ഥിതിക ധാർമ്മികതയിലൂന്നിയ വികസനത്തെ അവർക്കും പുച്ഛമായിത്തുടങ്ങിയിരുന്നു.
ഇതിന്റെ സൂചനകൾ ഒട്ടും വിരളമായിരുന്നില്ല. പ്രത്യേകിച്ചും സാമൂഹ്യമാദ്ധ്യങ്ങളിലൂടെ രാഷ്ട്രീയകക്ഷികളെ വിഡ്ഢിത്തപ്രചാരണത്തിലൂടെ മുന്നോട്ടുതള്ളുന്ന ഇടതനുകൂലികളുടെ എഴുത്തിൽ. തദ്ദേശതലത്തിന്റെ പാരിസ്ഥിതിക സമഗ്രതയെയും തദ്ദേശതല ഭക്ഷ്യലഭ്യതയും മറ്റും പുച്ഛിച്ചു തള്ളുന്ന സവിശേഷ വിഡ്ഢിത്തങ്ങളെ, സാമൂഹ്യനീതിപരമായ അവകാശവാദങ്ങളെ ഇവർ മേമ്പൊടിയോടെ വിളമ്പി. 1996- ലെ ഒരു പഞ്ചായത്ത് വികസനരേഖയിൽ കണ്ട ഒരു ആശയം – ഓരോ ഭവനത്തിൻറെയും മുറ്റത്ത് അല്പം സ്ഥലം പ്രത്യേകിച്ച് പരിചരണം ആവശ്യമില്ലാത്ത, എന്നാൽ പോഷകസമൃദ്ധമായ, പച്ചക്കറികൾ വച്ചുപിടിപ്പിക്കുന്നത് പഞ്ചായത്തിന്റെ സഹായത്തോടെ വ്യാപകമാക്കണമെന്ന നിർദ്ദേശം – ഞാൻ ഒരിടത്ത് ഉദ്ധരിച്ചത് ഇക്കൂട്ടരെ വളരെ ചൊടിപ്പിച്ചു.
2018-ലെ വെള്ളപ്പൊക്കം നമ്മുടെ ഭക്ഷ്യസുരക്ഷയുടെ അപകടനിലയെ ഒന്നുകൂടി തുറന്നുകാട്ടിയ പശ്ചാത്തലത്തിലായിരുന്നു ഞാനതിനെ ചൂണ്ടിക്കാണിച്ചത്. വിപണിയിലൂടെയല്ലാതെ ഒന്നും ഒരിക്കലും ശരിയാവില്ല എന്ന മുതലാളിത്ത സാമാന്യബോധത്തെ പിടിച്ചാണയിട്ട ഇക്കൂട്ടരുടെ മനസ്സിൽ നിന്ന് 20-ാം നൂറ്റാണ്ടിലെ കേരളത്തിന്റെ സാമൂഹ്യവികസനാനുഭവം ഏറെക്കുറെ പൂർണമായും മാഞ്ഞുപോയിരുന്നുവെന്ന് വ്യക്തമായിരുന്നു.

കാരണം, 1960-70കളിലെ കടുത്ത ദാരിദ്ര്യത്തിലും മലയാളികളുടെ പോഷകക്കുറവില്ലായ്മയുടെ രഹസ്യം സമൃദ്ധവും വിലകൊടുക്കാതെ തന്നെ കിട്ടുന്ന പ്രകൃതവിഭവങ്ങൾ കൂടിയായിരുന്നെന്ന് കേരളമാതൃകാചർച്ചയുടെ നെടുതൂണായ പഠനങ്ങൾ തന്നെ ചൂണ്ടിക്കാണിച്ചതാണ്. 1996- ലെ വികസനരേഖയിലെ ആ നിർദ്ദേശം എടുത്തുപറഞ്ഞ ആ പച്ചക്കറികളെല്ലാം ഇന്ന് കാലാവസ്ഥാവ്യതിയാനത്തെ അതിജീവിക്കാൻ ത്രാണിയുള്ള വിളകൾ, ആണെന്ന് പറയാനാണ് ഞാനാ നിർദ്ദേശത്തെ ഉദ്ധരിച്ചത്. അതായത്, 1996- ൽ നാം അറിയാതെ തന്നെ ഭാവിയിലെ ഭീഷണികളുടെ നിഴലുകളെ തിരിച്ചറിയുകയായിരുന്നു എന്നർത്ഥം. എന്നാൽ, ഇടതുരാഷ്ട്രീയ പ്രയോഗങ്ങളെയും ഇടതു വികസനവ്യവഹാരങ്ങളെയും അപ്പോഴേയ്ക്കും ഹൈജാക്ക് ചെയ്തുകഴിഞ്ഞ സാമൂഹ്യമാദ്ധ്യമ ഗുണ്ടകൾക്കോ അവരോടുള്ള പരോക്ഷവിധേയത്വത്തിൽ കഴിയുന്ന മലയാളിസാംസ്കാരിക കൊമ്പനാനകൾക്കോ അതൊരു താമശയായാണ് തോന്നിയത്.
കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഉപജീവനം മുതൽ മാലിന്യനിർമാർജനം വരെയുള്ള സകലപ്രശ്നങ്ങൾക്കും മുമ്പ് നാം വിഭാവനം ചെയ്തിരുന്ന ജനകീയ- തദ്ദേശതല പരിഹാരങ്ങൾക്കു പകരം സ്ഥാപനപരമായി വലുപ്പമേറിയതും മുതലാളിത്തത്തിന് മേൽക്കൈ നൽകുന്നതുമായ പരിഹാരങ്ങൾ സ്വീകാര്യമായിത്തീർന്നിരിക്കുന്നു. വികസനത്തിൽ നേരിട്ടടപെടാൻ, മറ്റു പൗരവ്യക്തികളുമായി മുഖാമുഖം ഇടപഴകി പൊതുകാര്യങ്ങൾ നടത്താൻ, സന്നദ്ധത കാട്ടിയിരുന്ന പൗരവ്യക്തിത്വത്തെപ്പറ്റിയുള്ള ഓർമ്മ തന്നെ ഇന്ന് കമ്മിയായിരിക്കുന്നു – ആ പൗരസങ്കല്പത്തിന്റെ പ്രസക്തി ചരിത്രത്തിലൊരിക്കലുമില്ലാത്തത്ര ശക്തവും അത്യാവശ്യവുമായി തീർന്നിരിക്കുന്ന ഈ കാലാവസ്ഥാവ്യതിയാനകാലത്ത്.
പകരം സാമൂഹ്യമാദ്ധ്യമങ്ങളിൽ സാങ്കേതികപരിഹാരങ്ങൾ നിർദ്ദേശിച്ച്, അവയെ വിമർശനാത്മകമായി പരിശോധിക്കുന്നതിനെ മഹാപാതകമായി ചിത്രീകരിച്ച്, തികഞ്ഞ അസത്യങ്ങളെ ഡേറ്റാമായയ്ക്കുള്ളിൽ ന്യായീകരിച്ച്, തങ്ങളാണ് പുരോഗമനമുൻനിര എന്ന് മൃഗസമാനമായി സ്വയം നെഞ്ചത്തടിച്ചു പ്രഖ്യാപിക്കുന്ന മുതലാളിത്തവാലാട്ടികളാണ് പലപ്പോഴും ഇന്നത്തെ ഇടതുപക്ഷശബ്ദങ്ങൾ. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിൽ തദ്ദേശതലത്തിന്റെ പ്രാധാന്യം കൂടുതൽക്കൂടുതൽ തെളിയുംതോറും അതിലൂന്നിയ വികസനഭാവന ദൂരേയ്ക്കു പറന്നുപോയ്ക്കൊണ്ടിരിക്കുന്നു.
സംസ്ഥാനതല അധികാര രാഷ്ട്രീയവും തദ്ദേശതല സാമൂഹ്യവികസന—സുസ്ഥിര ഉപജീവന രാഷ്ട്രീയവും തമ്മിൽ കല്പിക്കപ്പെട്ടിരുന്ന അതിർവരമ്പ് മാഞ്ഞുപോകുന്നതിലെ അപകടസൂചനയെ അവഗണിക്കാൻ ഇടതുപാർട്ടികളുടെ തലപ്പത്തെത്തിയ പോസ്റ്റ്- സോഷ്യലിസ്റ്റ് ഓലിഗാർക്കി വിസമ്മതിച്ചു.
ഇത് വ്യക്തികളുടെ വീഴ്ചയാണെന്നല്ല ഞാൻ പറയുന്നത്. ഇക്കഴിഞ്ഞ 25 വർഷത്തിനിടയിൽ ഇരപിടിയൻ മുതലാളിത്തം കേരളത്തിൽ നഗര-ഗ്രാമഭേദമന്യേ പടർന്നുപിടിച്ചിരിക്കുന്നു. സംസ്ഥാനതല അധികാര രാഷ്ട്രീയവും തദ്ദേശതല സാമൂഹ്യവികസന—സുസ്ഥിര ഉപജീവന രാഷ്ട്രീയവും തമ്മിൽ കല്പിക്കപ്പെട്ടിരുന്ന അതിർവരമ്പ് മാഞ്ഞുപോകുന്നതിലെ അപകടസൂചനയെ അവഗണിക്കാൻ ഇടതുപാർട്ടികളുടെ തലപ്പത്തെത്തിയ പോസ്റ്റ്- സോഷ്യലിസ്റ്റ് ഓലിഗാർക്കി വിസമ്മതിച്ചു – അവർ തന്നെ അതിന്റെ ഉത്പന്നമായിരിക്കെ അവരതിനെ എതിർക്കുമോ? അതുകൊണ്ടുതന്നെ 1996- ൽ തദ്ദേശതലഭരണത്തെപ്പറ്റി നാം വച്ചുപുലർത്തിയ പ്രതീക്ഷകൾ ഇന്നു പറഞ്ഞുകേൾക്കുമ്പോൾ ഒരു പ്രത്യേകതരം കാലഭ്രമം അനുഭവപ്പെടുന്നു.
തദ്ദേശതല തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളോട്, സ്ത്രീകൾക്ക് പൊതുസ്ഥലങ്ങളിൽ വാഷ്റൂം സൗകര്യങ്ങൾ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരു ഇടതുപക്ഷബുദ്ധിജീവി എഴുതിയതു വായിച്ചപ്പോഴും മേൽപ്പറഞ്ഞ കാലസംബന്ധമായ മാനസികക്കുഴപ്പം എനിക്കനുഭവപ്പെട്ടു. മരിച്ചുപോയ, അല്ലെങ്കിൽ മരണം കാത്തുകിടക്കുന്ന ഒരാൾ, ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നു എന്നു സങ്കല്പിച്ചുകൊണ്ട് ചുറ്റുമുള്ളവർ സംസാരിക്കുന്നതു കേൾക്കുമ്പോഴുണ്ടാകുന്ന ആ കൺഫ്യൂഷൻ. തദ്ദേശതലത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന വനിതാമെമ്പർമാർ സ്ത്രീകളുടെ പ്രത്യേക പ്രതിനിധികളാണെന്ന ധാരണ 1990- കളുടേതാണ്. 1950- കൾ മുതൽ (സ്ത്രീകളുടെ താത്പര്യങ്ങളെ പ്രതിനിധീകരിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് തെരെഞ്ഞെടുപ്പുപ്രചാരണം നടത്തിയ അക്കമ്മാ ചെറിയാന്റെ തെരെഞ്ഞെടുപ്പു പരാജയത്തിനു ശേഷമെങ്കിലും) ഇവിടുത്തെ വനിതാരാഷ്ട്രീയ നേതാക്കൾ തങ്ങൾ എല്ലാവരേയും പ്രതിനിധീകരിക്കുന്നുവെന്നും സ്ത്രീകളുടെ പ്രത്യേക പ്രതിനിധികൾ അല്ലെന്നും ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത് പതിവാക്കിയിരുന്നു. സ്വാതന്ത്ര്യപൂർവ നിയമസഭകളിലെ സ്ത്രീവിഭാഗ പ്രതിനിധികൾ ഇല്ലാതായ സാഹചര്യത്തിലായിരുന്നു അത്. എന്നാൽ 1990- കളിലെ തദ്ദേശഭരണസംവിധാനത്തിൽ ആ രീതി സ്വീകരിക്കപ്പെട്ടപ്പോൾ കുറഞ്ഞപക്ഷം സ്ത്രീകൾ എന്ന പ്രത്യേക സംവരണവിഭാഗത്തിലൂടെ അധികാരത്തിലെത്തുന്നവർക്കെങ്കിലും സ്ത്രീകളായ പൗരജനങ്ങളുടെ ജിഹ്വ കൂടിയാകാനുള്ള ബാധ്യതയുണ്ടെന്ന വാദം അസാധുവല്ലെന്നുവന്നു.

പക്ഷേ ആ ദശകത്തിനുശേഷം മുകളിൽ പറഞ്ഞ വിശാല സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങൾ, പ്രത്യേകിച്ച്, മലയാള രാഷ്ട്രീയമണ്ഡലത്തിലെ മേൽ-കീഴ്തലങ്ങൾ തമ്മിലുള്ള അതിർവരമ്പ് ഏതാണ്ട് അദൃശ്യമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, സ്ത്രീപ്രതിനിധികളുടെ ജനകീയ ഉത്തരവാദിത്വങ്ങളെപ്പറ്റിയുള്ള ധാരണകളും മാറിമറിഞ്ഞിരിക്കുന്നു. ലിംഗരാഷ്ട്രീയപരമായ പ്രത്യേക ഉത്തരവാദിത്വങ്ങൾ തങ്ങൾക്കുണ്ടെന്ന് സ്ത്രീകളായ മത്സരാർത്ഥികളിൽ വളരെപ്പേർ വിശ്വസിക്കുന്നതായി തോന്നുന്നില്ല. ആ വിഷയത്തിൽ കേൾക്കാനുള്ള ഫെമിനിസ്റ്റ് പൊതുവ്യവഹാരമാകട്ടെ, തദ്ദേശതലത്തെയല്ല, സംസ്ഥാനതല അധികാരരാഷ്ട്രീയത്തെയാണ് ഉന്നംവയ്ക്കുന്നത്.
തദ്ദേശതലത്തിൽ ഭരണത്തിലേറുന്ന സ്ത്രീകളുടെ വികസനപരിഗണനകളെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ഇന്നെന്തായാലും പൊതുവെ വിരളമാണ്. അത്തരം ശ്രമങ്ങൾക്കു മുൻകൈ എടുത്തില്ലെങ്കിൽ തുല്യപ്രാതിനിധ്യത്തിനു വേണ്ടിയുള്ള പ്രസ്ഥാനം അധികവും വരേണ്യസ്ത്രീകൾക്കുമാത്രം ഗുണമുണ്ടാക്കാൻ ഇടയുള്ള ലിബറൽ ഫെമിനിസത്തിന്റെ മിനിമം പരിപാടി – അധികാരത്തിന്റെ ഒരു കഷണം ഞങ്ങൾക്കും അവകാശപ്പെട്ടതാണെന്ന വാദം – മാത്രമാകും.
പഞ്ചായത്ത് തെരെഞ്ഞെടുപ്പിന്റെ അധികാരരാഷ്ട്രീയവത്ക്കരണവും അതിലെ ജനാധിപത്യസാധ്യതകളുടെ ശോഷണവും, പക്ഷേ, തദ്ദേശതലത്തിന്റെ പ്രാധാന്യത്തെ കുറച്ചു കാണാൻ നമ്മെ പ്രേരിപ്പിക്കരുത്. കാരണം ഭൂമിയുടെ ഇന്നത്തെ ദുരവസ്ഥ ഇതേ വഴിക്കും വേഗത്തിലുമാണ് തീവ്രമാകുന്നതെങ്കിൽ ആ തലം, ബ്രൂണോ ലാറ്റൂറിനെപ്പോലുള്ള ദീർഘദർശികൾ പറയുന്നതുപോലെ, ഭൂമിയുടെ പുനരുജ്ജിവനതലം – ഭൂതലം- തന്നെയായി മാറും, ‘മനുഷ്യന’ല്ല, ‘ഭൂവാസി’യാണ് (terrestrial) നമ്മുടെ ഭാവിയെങ്കിൽ. ആ അവബോധം കേരളരാഷ്ട്രീയത്തിൽ നിന്നല്ല, നവീകരിക്കപ്പെട്ട സിവിൽസമൂഹരാഷ്ട്രീയത്തിൽ നിന്നു മാത്രമേ ഉണ്ടാകാനിടയുള്ളൂ.
