മലബാർ കലാപം; സംഘപരിവാർ നുണകളും യാഥാർത്ഥ്യവും

“മലബാർ കലാപത്തിന്റെ സാർവദേശീയ പശ്ചാത്തലവും വർഗ ഉള്ളടക്കവുമാണ് സംഘപരിവാറും വലതുപക്ഷശക്തികളും എല്ലാകാലത്തും മറച്ചുപിടിച്ചിട്ടുള്ളത്. ഹൈന്ദവദേശീയതക്കെതിരായ ഇസ്ലാമിക ആക്രമണമായിട്ടാണ് മലബാർ കലാപത്തെ ആർ.എസ്.എസ് വ്യാഖ്യാനിച്ചിട്ടുള്ളത്. ആർ.എസ്.എസിനുവേണ്ടി ദാശരഥി തയ്യാറാക്കിയിട്ടുള്ള മലബാർ കലാപത്തെക്കുറിച്ചുള്ള പഠനം അങ്ങേയറ്റം ചരിത്രവിരുദ്ധവും അതിന്റെ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഉള്ളടക്കത്തെ മറച്ചുപിടിക്കുന്നതുമാണ്,” - കെ.ടി. കുഞ്ഞിക്കണ്ണൻ എഴുതുന്നു.

ലബാർ കലാപത്തിന്റെ 106-ാം വാർഷികദിനമായ ആഗസ്റ്റ് 20-ന് ഞാനിട്ട ഒരു എഫ്.ബി പോസ്റ്റിനടിയിൽ സംഘപരിവാർ അനുകൂലികൾ അശ്ലീലകരമായ ആക്ഷേപവർഷം നടത്തിക്കൊണ്ടിരിക്കുകയാണ്. ചരിത്രവിരുദ്ധവും വസ്തുതകളുമായി ബന്ധമില്ലാത്തതുമായ നുണകളും അർദ്ധസത്യങ്ങളും എടുത്തിട്ട് മലബാർ കലാപം ഹിന്ദു വംശഹത്യയായിരുന്നുവെന്ന ആർ.എസ്.എസിന്റെ പതിവ് പല്ലവി ഉറക്കത്തിൽ പഴന്തുണി ചവയ്ക്കുന്നവരെ പോലെ അവർ ആക്ഷേപവർഷം നടത്തുകയാണ്. കഥയും കാര്യവുമില്ലാത്ത ആക്ഷേപങ്ങളും വ്യക്തിഹത്യയുമല്ലാതെ ചരിത്രത്തിന്റെ ഒരടിസ്ഥാനവുമില്ലാത്ത നുണകൾ പറഞ്ഞ് മുസ്ലീം വിരുദ്ധത പടർത്തുകയാണ്.

ഇ.എം.എസിനെയും മാധവൻനായരെയുമെല്ലാം കൂട്ടുപിടിച്ച് കലാപം ഹിന്ദുവിരുദ്ധമായിരുന്നു ഹിന്ദുക്കൾക്ക് നേരെ നടന്ന വംശഹത്യയായിരുന്നുവെന്ന് ഗീബൽസിന്റെ ഇന്ത്യൻ സന്തതികൾ ക്ഷുദ്രവികാരമുണർത്തുന്ന ഭാഷയിലും വാക്കുകളിലും ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. മലബാർ കലാപത്തിൽ ജീവനുംകൊണ്ട് ഇ.എം.എസിന് വരെ ഓടി രക്ഷപ്പെടേണ്ടിവന്നിട്ടുണ്ട് എന്നാണ് നുണപ്രചരണം നടത്തിക്കൊണ്ടിരിക്കുന്നത്. ഇവരോട് വായിക്കണമെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. ഈ പടർത്തുന്ന നുണകൾ മുസ്ലീം വിദ്വേഷം പടർത്താനുള്ള ആസൂത്രിതമായ വർഗീയഫാഷിസ്റ്റുകളുടെ പ്രൊപ്പഗണ്ടയുടെ ഭാഗമാണ് താനും.

ഇ.എം.എസ്.
ഇ.എം.എസ്.

മലബാർ കലാപകാലത്ത് താനും കുടുംബവും എന്താണ് നേരിട്ടതെന്ന് ഇ.എം.എസ് തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ഒരുപക്ഷെ അതിനെ മലബാർ സമരത്തിന്റെ നേരനുഭവങ്ങളായി തന്നെ കാണാം. ഇ.എം.എസ് തന്റെ ആത്മകഥയിലെ ഖിലാഫത്ത് എന്ന അദ്ധ്യായത്തിൽ എഴുതിയിരിക്കുന്നു;

മലബാറിൽ സമരം നടക്കുന്ന കാലത്താണ് ഗാന്ധിജി ദേശീയതലത്തിൽ നിസ്സഹകരണമെന്ന ആശയം മുന്നോട്ടുവെച്ചത്. ഈ ആശയം രാജ്യമാകെ ഏറ്റെടുക്കുകയും വിദ്യാർത്ഥികൾ സ്‌കൂളുകളും കോളേജുകളും ബഹിഷ്‌ക്കരിക്കുകയും വക്കീലന്മാർ കോടതി ബഹിഷ്‌ക്കരിക്കുകയും നിയമസഭാ അംഗങ്ങൾ തങ്ങളുടെ പദവികൾ ഉപേക്ഷിക്കുകയും ചെയ്തു. നികുതി നിഷേധവും തൊഴിൽ നിസ്സഹകരണവും ആരംഭിച്ചു. ഗാന്ധിജിയാണ് ഖിലാഫത്തിനെ നിസ്സഹകരണപ്രസ്ഥാനവുമായി ബന്ധിപ്പിച്ചത്. തുർക്കി ഖിലാഫത്ത് ഭരണത്തിന് അറുതിവരുത്തിയ ബ്രിട്ടനെ ലോകമാസകലമുള്ള മുസ്ലീങ്ങൾ തങ്ങളുടെ ശത്രുവായിട്ടാണ് കണ്ടത്. മലബാറിലെയും മുസ്ലീങ്ങൾ ബ്രിട്ടനെ വെറുത്തു. ജന്മിത്വശക്തികൾക്കുവേണ്ടി കുടിയാന്മാരായ കർഷകരെ അടിച്ചമർത്തുന്നതിനെതിരായ വികാരവും മലബാറിൽ ബ്രിട്ടനെതിരായ പ്രതിഷേധങ്ങൾക്ക് ശക്തികൂട്ടി. മലബാർ സമരം ശക്തിപ്പെടുന്ന കാലയളവിൽ ഞങ്ങൾ ഏലംകുളത്ത് തന്നെ നിന്നു, അവിടെ ഒരു പ്രശ്‌നവുമുണ്ടായില്ല. ആ സമയത്ത് ഞങ്ങളുടെ മനയ്ക്ക് ഒരു പോറൽപോലും ഏൽക്കാതിരിക്കാൻ കാവൽ നിന്നത് മാപ്പിളമാർ തന്നെയായിരുന്നു.

എന്നുവെച്ചാൽ ബ്രിട്ടീഷ് നയം ഏറ്റെടുത്ത ജന്മിമാർക്കെതിരെ മാത്രമെ അന്ന് ഖിലാഫത്ത് പ്രവർത്തകർ രംഗത്തിറങ്ങിയിട്ടുള്ളൂ എന്നാണ് ഇ.എം.എസ് വ്യക്തമാക്കുന്നത്.

''എത്ര കാവലുണ്ടായാലും കുടുംബത്തോടൊപ്പം ഒന്ന് മാറിതാമസിക്കുകയാണ് നല്ലതെന്ന് തോന്നി. അങ്ങനെ തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള വെള്ളാങ്ങല്ലൂരിലുള്ള ബന്ധുവീട്ടിലേക്ക് പുറപ്പെട്ടു. യാത്രാവഴികളിലെല്ലാം ഹിന്ദുക്കളെയും മുസ്ലീങ്ങളെയും കാണാമായിരുന്നു. അവർക്കൊന്നും ഒരു വ്യത്യാസവുമില്ലായിരുന്നു.'' ആത്മകഥയിൽ പറയുന്നു.

ആറ് മാസം കഴിഞ്ഞ് ഏലംകുളം മനയിലേക്ക് തിരിച്ചുവരുമ്പോഴേക്കും ബ്രിട്ടീഷ് അടിച്ചമർത്തലും അതിനോട് കോൺഗ്രസ് എടുത്ത നിലപാടും മൂലം ഹിന്ദുമുസ്ലിം ഐക്യം തകർന്നുകഴിഞ്ഞിരുന്നുവെന്നും ഇ.എം.എസ് വിവരിക്കുന്നുണ്ട്. പല കോൺഗ്രസ് നേതാക്കളും സവർണജന്മിമാരുടെ മനോനിലയിൽനിന്ന് ഖിലാഫത്ത് പ്രവർത്തകരെ മാത്രമല്ല ഗാന്ധിജിയെയും നിസ്സഹകരണത്തിന് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതൃത്വത്തെയും വരെ പഴിക്കുന്ന അവസ്ഥയിലായിരുന്നുവെന്ന് ഇ.എം.എസ് എഴുതിയിട്ടുണ്ട്.

മലബാർ കലാപകാലത്ത് താനും കുടുംബവും എന്താണ് നേരിട്ടതെന്ന് ഇ.എം.എസ് തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.
മലബാർ കലാപകാലത്ത് താനും കുടുംബവും എന്താണ് നേരിട്ടതെന്ന് ഇ.എം.എസ് തന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്.

മലബാർ സമരത്തെ വർഗീയമായി ചിത്രികരിക്കാനുള്ള എല്ലാ നീക്കങ്ങളെയും സൗമേന്ദ്രനാഥ ടാഗോറിന്റെ 1921-ലെ മലബാറിലെ കാർഷികലഹള എന്ന പുസ്തകം അക്കമിട്ട് തുറന്നുകാണിക്കുന്നുണ്ട്. സമരത്തിൽ കൊല്ലപ്പെട്ടവർ ഹിന്ദുക്കളായതുകൊണ്ടല്ല അവർ കൊല്ലപ്പെട്ടത്. ബ്രിട്ടീഷുകാരുടെ ഏജന്റുമാരായതുകൊണ്ടും പാവപ്പെട്ട കുടിയാൻ കർഷകരെ അടിച്ചമർത്തുന്നവർ ആയതുകൊണ്ടാണെന്നും സൗമേന്ദ്രനാഥടാഗോർ നിരവധി കേസുകൾ വിശകലനം ചെയ്തുകൊണ്ട് പറയുന്നുണ്ട്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ സഹായത്തോടുകൂടി മലബാറിലേക്ക് വന്ന ആര്യസമാജം പ്രവർത്തകരാണ് കൊല്ലപ്പെട്ടവരിൽ ചുരുക്കംചില ഹിന്ദുക്കളുടെ ഫോട്ടോ മാത്രം എടുത്ത് മലബാറിൽ മാപ്പിളമാർ ഹിന്ദുക്കളെ കൊലചെയ്യുകയാണ് എന്ന പ്രചാരണം നടത്തിയത്.

ബ്രിട്ടീഷ് പോലീസും അവരോടൊപ്പം ചേർന്ന ജന്മിമാരും ക്രൂരമായി പീഢിപ്പിക്കുകയും കൊലചെയ്യുകയും ചെയ്ത നൂറുകണക്കിന് മാപ്പിള കൃഷിക്കാരുടെ ഫോട്ടോകൾ എടുക്കാനോ അതുകൂടി പ്രചരിപ്പിക്കാനോ ആര്യസമാജം തയ്യാറായില്ല. ബ്രിട്ടീഷുകാരുടെയും ജന്മിമാരുടെയും താൽപര്യങ്ങൾക്കുവേണ്ടി മലബാറിലെ മഹത്തായ കാർഷികസമരത്തെ വർഗീയമായി ചിത്രീകരിക്കാനാണ് സാമ്രാജ്യത്വസഹായത്തോടെ ആര്യസമാജം നീക്കങ്ങൾ നടത്തിയത്. മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ കെ. മാധവൻനായർ വാഗൺ ട്രാജഡി ഉൾപ്പെടെയുള്ള, മലബാറിലെ കലാപകാരികൾക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ നരഹത്യകളെ ശക്തമായി അപലപിക്കുന്നുണ്ടെന്ന കാര്യം സംഘപരിവാറുകാർക്ക് വായിക്കാൻ പോലും കഴിയില്ലല്ലോ. മാധവൻ നായർ മറ്റുപല കോൺഗ്രസ് നേതാക്കളെയും പോലെ കലാപഘട്ടത്തിലുണ്ടായ ഒറ്റപ്പെട്ട വർഗീയമായ ആക്രമണങ്ങളെയും ഹിന്ദുക്കൾക്കെതിരായ നീക്കങ്ങളെയും സാമാന്യവൽക്കരിക്കാനുള്ള ശ്രമം തന്റെ പുസ്തകത്തിൽ നടത്തുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.

എന്നാൽ മാധവൻ നായർ തന്റെ പുസ്തകത്തിൽ ഒരിടത്തുപോലും മലബാർ സമരത്തിന് നേതൃത്വംകൊടുത്ത വാര്യംകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെയോ ആലി മുസ്ല്യാരെയുമൊന്നും വർഗീയവാദിയായി ചിത്രീകരിക്കാൻ ഒരു ശ്രമവും നടത്തിയിട്ടില്ലെന്നു മാത്രമല്ല അവരുടെ ദേശസ്‌നേഹത്തിനും പോരാട്ടധീരതയിലുമുള്ള ശക്തമായ തന്റെ വിശ്വാസം ഉറപ്പിച്ചുപറയുകയാണ് ചെയ്തിട്ടുള്ളത്. അതൊന്നും കാണാതെ മാധവൻ നായർ കലാപഘട്ടത്തിലുണ്ടായ ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പറയുന്ന ഭാഗം മാത്രം ഫോട്ടോയെടുത്ത് സോഷ്യൽ സാമൂഹ്യമാധ്യമങ്ങളിൽ തങ്ങളുടെ മുസ്ലീംവിരുദ്ധ വർഗീയ അജണ്ടയ്ക്കാവശ്യമായ രീതിയിൽ പ്രചരിപ്പിക്കുന്നവർ കെ. ദാശരഥിയുടെ മലബാറിലെ മാപ്പിള ലഹളകളിൽ നിന്നുള്ള വിവരങ്ങൾ മാത്രമുള്ളവരാണ്.

മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ കെ. മാധവൻനായർ വാഗൺ ട്രാജഡി ഉൾപ്പെടെയുള്ള, മലബാറിലെ കലാപകാരികൾക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ നരഹത്യകളെ ശക്തമായി അപലപിക്കുന്നുണ്ടെന്ന കാര്യം സംഘപരിവാറുകാർക്ക് വായിക്കാൻ പോലും കഴിയില്ലല്ലോ.
മലബാർ കലാപം എന്ന തന്റെ പുസ്തകത്തിൽ കെ. മാധവൻനായർ വാഗൺ ട്രാജഡി ഉൾപ്പെടെയുള്ള, മലബാറിലെ കലാപകാരികൾക്കെതിരെ ബ്രിട്ടീഷുകാർ നടത്തിയ നരഹത്യകളെ ശക്തമായി അപലപിക്കുന്നുണ്ടെന്ന കാര്യം സംഘപരിവാറുകാർക്ക് വായിക്കാൻ പോലും കഴിയില്ലല്ലോ.

മലബാർ കലാപത്തിന്റെ വർഗപരവും ദേശീയവും സാമ്രാജ്യത്വവിരുദ്ധവുമായ ഉള്ളടക്കത്തെ കുറിച്ച് അജ്ഞത സൃഷ്ടിച്ച് അതൊരു ഹിന്ദു വിരുദ്ധകലാപമായിരുന്നുവെന്ന് ആവർത്തിച്ചുറപ്പിക്കാനാണ് എന്നും വർഗീയവാദികൾ ഉത്സാഹിച്ചിട്ടുള്ളത്. അവരെന്നും അങ്ങിനെയായിരുന്നു. മലബാർ കലാപത്തെയും ധീരദേശാഭിമാനി വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെയും ഇസ്ലാമോഫോബിയ പടർത്താനായി അപനിർമ്മിച്ചെടുക്കാനാണ് സംഘപരിവാറും തീവ്രവലതുപക്ഷ വിഭാഗങ്ങളും നോക്കുന്നത്. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ദേശീയവിപ്ലവകാരികളെയും മലബാർ കലാപത്തെയും അതിന്റെ വർഗപരമായ ഉള്ളടക്കത്തിൽ നിന്നും സാർവ്വദേശീയ, ദേശീയപശ്ചാത്തലിൽ നിന്നുമാണ് വിലയിരുത്തേണ്ടത്. ചരിത്രസംഭവങ്ങളെയും അതിലിടപെട്ട വ്യക്തികളെയും അത് പ്രവർത്തിച്ച സാഹചര്യങ്ങളിൽ നിന്നും അതിനെ നിർണയിച്ച വർഗശക്തികളിൽ നിന്നും വിലയിരുത്തുക എന്നതാണ് ശരിയായ രീതി. ബ്രിട്ടീഷ് ഉദ്യോഗസ്ഥരും അവരൊടോപ്പം ചേർന്നുനിന്ന സവർണ്ണ ജന്മിത്വവാദികളുമായിരുന്നു കലാപത്തെ ഇസ്ലാമികാക്രമണമായി ചിത്രീകരിച്ചതും അടിച്ചമർത്തിയതും.

ബ്രിട്ടന്റെയും പാശ്ചാത്യസാമ്രാജ്യത്വത്തിന്റെയും അധിനിവേശം സൃഷ്ടിച്ച അടിമത്വത്തിനും ജന്മിത്വത്തിന്റെ നൃശംസതകൾക്കുമെതിരായ ഉയിർത്തെഴുന്നേൽപായിരുന്നു കലാപം. ഇസ്ലാമിന്റെ ഉദ്‌ബോധനങ്ങളാൽ പ്രചോദിതരുമായിരുന്നു ആലിമുസല്യാരും വാരിയൻകുന്നനുമെല്ലാം. എന്നാൽ അവർ ഒരിക്കൽപോലും അപരമതങ്ങളെ ശത്രുതയോടുകൂടി കാണാത്തവരാണെന്ന് ചരിത്രരേഖകളെല്ലാം വ്യക്തമാക്കുന്നുണ്ട്. മലബാർ കലാപമെന്ന കോൺഗ്രസ് നേതാവായിരുന്ന കെ.മാധവൻ നായരുടെ കൃതി ഉയർത്തിപ്പിടിച്ചാണല്ലോ ഹിന്ദുഐക്യവേദിക്കാരും ആർ.എസ്.എസ് നേതാക്കളും 1921-ലെ കലാപത്തെ ഹിന്ദുവംശഹത്യയായി തെറ്റായി അവതരിപ്പിക്കുന്നത്. അപഭ്രംശങ്ങളെയും അപവാദങ്ങളെയും സാമാന്യവൽക്കരിക്കുകയെന്നതാണല്ലോ സംഘപരിവാറിന്റെയും വലതുപക്ഷശക്തികളുടെയും സാംസ്‌കാരികയുക്തി. മാധവൻനായരുടെ കൃതിയിൽ വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെ ഒരിടത്തും ഹിന്ദുവിരുദ്ധനായി രേഖപ്പെടുത്തിയിട്ടില്ല എന്നതാണ് വസ്തുത.

ആലിമുസ്ലിയാരും വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയും സ്ഥാപിച്ച 'മലയാളരാജ്യ'-ത്തെക്കുറിച്ച് പറയുന്നത് നോക്കുക; ''ഭരണകാര്യത്തിൽ മുസ്ലീമെന്നോ ഹിന്ദുവെന്നോയുള്ള വ്യത്യാസം അദ്ദേഹത്തിനുണ്ടായിരുന്നില്ല. സർക്കാരും (ബ്രിട്ടീഷ്) അതിന്റെ അനുകൂലികളുമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യലക്ഷ്യം. നിർബന്ധിത മതപരിവർത്തനം നടത്തിയതായി അദ്ദേഹത്തിനെതിരായി ആരോപണമില്ല'' (പേജ് 257).

കെ. മാധവൻ നായർ
കെ. മാധവൻ നായർ

മാധവൻനായർക്ക് വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയുടെ ദേശാഭിമാനത്തിലോ ബ്രിട്ടീഷ് വിരുദ്ധതയിലോ ഒരു സംശയവും ഉണ്ടായിരുന്നില്ല. വാരിയൻകുന്നന്റെ കറകളഞ്ഞ ദേശാഭിമാനബോധത്തെയും ആദർശധീരതയെയും വാഴ്ത്തിക്കൊണ്ട് മാധവൻനായർ പറയുന്നത്; ''പ്രത്യാഘാതങ്ങൾ എന്തുതന്നെയായിരുന്നാലും വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിക്ക് ഉറച്ച് ചില ധാരണകളുണ്ടായിരുന്നു. അവയ്ക്കുവേണ്ടി ജീവൻവെടിയാൻ അദ്ദേഹം ഒരുക്കമായിരുന്നു. അത്തരത്തിലുള്ള ആളുകൾ ലോകത്ത് എന്നും ആദരിക്കപ്പെടുകതന്നെ ചെയ്യും.''

'ദി മാപ്പിള റിബല്ല്യൻ' എന്ന കൃതിയിൽ സി. ഗോപാലൻനായർ 1920-ൽ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗം വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെ ആവേശംകൊള്ളിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഗാന്ധിജി ആഹ്വാനം ചെയ്ത ആശയങ്ങൾക്കുവേണ്ടി ആത്മസമർപ്പണം ചെയ്ത ദേശാഭിമാനിയായിരുന്നു അദ്ദേഹം. കോൺഗ്രസിന് ബഹുജനപങ്കാളിത്തം കൂട്ടാനുള്ള നീക്കങ്ങളുടെ ഭാഗമായി മുസ്ലീം വിപ്ലവകാരികൾ എങ്ങനെയാണ് ദേശീയപ്രസ്ഥാനത്തിന്റെ നീക്കങ്ങളിൽ തൽപരരായിരുന്നതെന്നും വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജി ഉൾപ്പെടെയുള്ള വിപ്ലവകാരികൾ നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനത്തിൽ അണിചേർന്നതെന്നും കോൺഗ്രസിന്റെ ഔദ്യോഗിക ചരിത്രകാരർ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെ കവലചട്ടമ്പി എന്നൊക്കെ ആക്ഷേപിക്കുന്നവർ കോൺഗ്രസ് ചരിത്രമെങ്കിലും വായിക്കണമെന്ന് ആഗ്രഹിക്കുന്നതിൽ അർത്ഥമില്ലല്ലോ. അവർ ചരിത്രത്തെയും മഹദ് വ്യക്തികളെയും തങ്ങളുടെ വർഗീയ അജണ്ടക്കാവശ്യമായ രീതിയിൽ അപനിർമ്മിച്ച് ക്ഷുദ്രവികാരങ്ങൾ കുത്തിയിളക്കാനാണല്ലോ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്.

എ.കെ. പിള്ളയുടെ കോൺഗ്രസും കേരളവും, പി.കെ. മേനോന്റെ ദി ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ ഇന്ത്യ, വി.ആർ. മേനോന്റെ മാതൃഭൂമിയുടെ ചരിത്രം തുടങ്ങിയ ചരിത്രഗ്രന്ഥങ്ങൾ പോലും മലബാർ കലാപത്തിന്റെ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഉള്ളടക്കത്തെ വിശദീകരിക്കുന്നവയാണ്. പി.കെ. മുഹമ്മദ് അബ്ദുൾകരീം തയ്യാറാക്കിയ വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയുടെ ജീവചരിത്രത്തിൽ അദ്ദേഹം പാണ്ടിക്കാട് വെച്ച് നടത്തിയ പ്രസംഗം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു; “ബ്രിട്ടീഷ് സർക്കാരിനെ പിന്താങ്ങുന്നവരെ സമുദായം നോക്കാതെ കർശനമായി കൈകാര്യം ചേയ്യേണ്ടതുണ്ട്. നിസ്സഹകരണപ്രസ്ഥാനത്തിന്റെ വിജയത്തിനുവേണ്ടി ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ പ്രവർത്തിക്കേണ്ടിയിരിക്കുന്നു.” മഹാത്മാഗാന്ധിയുടെയും അലി സഹോദരങ്ങളുടെയും നേതൃത്വത്തിൽ ഒരു സർക്കാർ അനതിവിദൂരമല്ലാത്ത നാളുകളിൽ ഇന്ത്യയിൽ അധികാരത്തിൽ വരുമെന്നും അദ്ദേഹം പ്രത്യാശിച്ചിരുന്നു.

കേരളത്തിലെ ആദ്യകാല വർത്തമാനപത്രങ്ങളിൽ പ്രധാനമായിരുന്നു കോഴിക്കോട് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കേരളപത്രിക. അതിന്റെ പത്രാധിപരും പ്രസാധകനും കോൺഗ്രസ് നേതാവായിരുന്ന ചെങ്കുളത്ത് വലിയ കുഞ്ഞിരാമമേനോനായിരുന്നു (മലബാർ ഡി.സി.സിയുടെ ആദ്യത്തെ പ്രസിഡന്റാണ് കുഞ്ഞിരാമമേനോൻ). കേരളപത്രികയിലെ ഒരു റിപ്പോർട്ട് കുഞ്ഞമ്മദ്ഹാജി സ്ഥാപിച്ച 'മലയാളരാജ്യം' ഒരു മുസ്ലീംരാജ്യമായിരുന്നുവെന്ന പ്രചരണം വ്യാജോക്തികൾ നിറഞ്ഞതായിരുന്നുവെന്ന് വ്യക്തമാക്കുന്നു; ''അപ്പുനായർ എന്നൊരാൾ തന്നെ അക്രമിച്ചതായി ഹാജിക്ക് പരാതിപ്പെട്ടതിന്മേൽ അനേ്വഷണം നടത്തുകയും കുറ്റക്കാരാണെന്ന് കണ്ടെത്തിയവരെ പിടികൂടി ചമ്മട്ടിക്കൊണ്ട് അടിക്കുകയും ചെയ്തിരിക്കുന്നു''. മലബാർ കലാപത്തിന്റെ അനുഭവസാക്ഷ്യമാണ് മോഴികുന്നത്ത് ബ്രഹ്‌മദത്തൻ നമ്പൂതിരിപ്പാടിന്റെ 'ഖിലാഫത് സ്മരണകൾ'. കുഞ്ഞമ്മദ്ഹാജിയെ കവർച്ചക്കാരനും പിടിച്ചുപറിക്കാരനുമായി ചിത്രീകരിക്കുന്ന സംഘപരിവാർ നേതാക്കൾ മോഴികുന്നന്റെ ഖിലാഫത്ത് സ്മരണകളെങ്കിലും വായിച്ചിരിക്കണം. ബ്രിട്ടീഷ് പോലീസിന്റെ കേസ് രേഖകളെ അവലംബമാക്കിയല്ല സ്വാതന്ത്ര്യസമരസേനാനികളെ വിലയിരുത്തേണ്ടതെന്ന് സംഘികളോട് പറഞ്ഞിട്ട് കാര്യമില്ലല്ലോ. ധീരദേശാഭിമാനികളായ ഭഗത്സിംഗിനെയും സുഖ്‌ദേവിനെയും രാജ്ഗുരുവിനെയും ചന്ദ്രശേഖർ ആസാദിനെയുമെല്ലാം ബ്രിട്ടീഷുകാർ കൊള്ളക്കാരും ഭീകരന്മാരുമായിട്ടാണല്ലോ ഗണിച്ചതും വേട്ടയാടിയതും.

'ദി മാപ്പിള റിബല്ല്യൻ' എന്ന കൃതിയിൽ സി. ഗോപാലൻനായർ 1920-ൽ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗം വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെ ആവേശംകൊള്ളിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
'ദി മാപ്പിള റിബല്ല്യൻ' എന്ന കൃതിയിൽ സി. ഗോപാലൻനായർ 1920-ൽ ഗാന്ധിജി കോഴിക്കോട് കടപ്പുറത്ത് നടത്തിയ പ്രസംഗം വാരിയൻകുന്നത്ത് കുഞ്ഞമ്മദ്ഹാജിയെ ആവേശംകൊള്ളിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.

ജന്മിമാരും അവരുടെ ഹുണ്ടികപലിശസംഘങ്ങളും ചൂഷണം ചെയ്തിരുന്ന പാവപ്പെട്ട കർഷകകുടിയാന്മാരുടെ സംരക്ഷണമാണ് വാരിയൻകുന്നത്ത്കുഞ്ഞമ്മദ്ഹാജി ഏറ്റെടുത്തത്. മോഴികുന്നത്ത് 'ഖിലാഫത് സ്മരണ'കളിൽ ബാങ്ക് കവർച്ചക്കാരെക്കൊണ്ട് പാവപ്പെട്ട സഹോദങ്ങൾക്ക് സ്വർണവും പ്രോമിസറി നോട്ടുകളും തിരിച്ചുനൽകിപ്പിച്ച ഹാജിയെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരെഴുതിയ മലബാർ കലാപത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളിൽ തന്നെ വാരിയൻകുന്നൻ സർക്കാർ പക്ഷപാതികളായ മുസ്ലീങ്ങളെ കൊലപ്പെടുത്തിയ നിരവധി സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അധികാരി ചേക്കുവിന്റെ തലയറുക്കുന്നതും കുന്തത്തിൽ നിർത്തി ഘോഷയാത്ര നടത്തുന്നതും ഒറ്റുകാർക്കും വഞ്ചകർക്കുമുള്ള താക്കീതെന്ന നിലക്കാണ്. മലബാർ കലാപത്തിന്റെ ചരിത്രരേഖകൾ പരിശോധിക്കുന്നവർക്ക് കാണാൻ കഴിയും, പട്ടാളക്കാരെയും സർക്കാർ ഉദ്യോഗസ്ഥരെയും സർക്കാർ അനുകൂലികളായ വ്യക്തികളെയും കലാപകാരികൾ നിർദ്ദാക്ഷിണ്യം കൈകാര്യം ചെയ്തിരുന്നുവെന്ന്. അതിൽ മതസമുദായഭേദമുണ്ടായിരുന്നില്ല. കലാപത്തെ എതിർത്ത് ബ്രിട്ടീഷുകാരുടെ പക്ഷം ചേർന്ന കൊണ്ടോട്ടി തങ്ങളും വാരിയൻകുന്നന്റെ പ്രതികാരത്തിന് ഇരയായവരിൽപ്പെടും. ഇരുന്നൂറോളം വരുന്ന ഭടന്മാരുമായിട്ടാണ് വാരിയംകുന്നൻ തങ്ങളെ നിലക്കുനിർത്താനായി കൊണ്ടോട്ടിയിലെത്തിയത്.

കൊണ്ടോട്ടി തങ്ങളും ഒരുവിഭാഗം അനുയായികളും ഖിലാഫത് സമരത്തിനും കോൺഗ്രസിനും എതിരായിരുന്നു. എടവണ്ണ, അരീക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ മുസ്ലീം പ്രഭുക്കളും ബ്രിട്ടീഷ് അനുകൂലികളായിരുന്നു. പണക്കാരായ മണ്ണാർക്കാട്ടെ കല്ലടി കുടുംബം അതേപോലെ കൊയപ്പത്തൊടി കുടുംബം തുടങ്ങിയവരെല്ലാം ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും പോലീസുകാരുടെയും സഹായികളായിരുന്നു. ഇത്തരം ആളുകൾചേർന്ന് പൊന്നാനിയിൽ ഒരു ഖിലാഫത് വിരുദ്ധ സമ്മേളനം വിളിച്ചുകൂട്ടാൻ ശ്രമിച്ചെങ്കിലും അത് നടന്നില്ല. ഹിച്ച്‌കോക്കിന്റെ കുറിപ്പുകളിൽ മാന്യന്മാരായ ഈ മാപ്പിളമാർ തങ്ങളെ നന്നായി സഹായിച്ചതായി കലാപകാരികളെ നേരിടുന്നതിൽ തങ്ങൾക്ക് പിന്തുണ നൽകിയതായി അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെ ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം മാന്യന്മാരായ ഹിന്ദുമുസ്ലീം ജന്മിപ്രമാണിമാർ ഒരുഭാഗത്തും സാധാരണക്കാരായ കുടിയാന്മാരായ കൃഷിക്കാർ മറുഭാഗത്തുമായി വർഗപരമായ ധ്രുവീകരണത്തിന്റെ സാഹചര്യത്തിലാണ് 1921-ലെ കലാപം നടക്കുന്നത്. മതം നോക്കാതെ ബ്രിട്ടീഷ് സഹായികളെ നേരിടുകയാണ് സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ഖിലാഫത്ത് വിപ്ലവകാരികൾ ചെയ്തത്. ഇതെല്ലാം വ്യക്തമാക്കുന്നത് മതപരമായിരുന്നില്ല വാരിയൻകുന്നന്റെ ശത്രുതയും എതിർപ്പും. മറിച്ച് ഏതുമതത്തിൽപ്പെട്ടവനായാലും അവൻ ബ്രിട്ടീഷ് പക്ഷപാതിയാണെങ്കിൽ സമരത്തെ ഒറ്റിക്കൊടുക്കുന്നവനാണെങ്കിൽ ഒരു വിട്ടിവീഴ്ചയുമില്ലാതെ അവനെ കൈകാര്യം ചെയ്യുകയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഹിന്ദുക്കളും മുസ്ലീങ്ങളും ഒന്നിച്ച് ബ്രിട്ടനെ നേരിടണമെന്നും ഹിന്ദുമുസ്ലീം ഭിന്നത ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ പരാജയമായിരിക്കും സൃഷ്ടിക്കുകയെന്നും അദ്ദേഹം എപ്പോഴും തന്റെ അനുയായികളെ ഓർമ്മിപ്പിച്ചിരുന്നു.

ജന്മിമാരും അവരുടെ ഹുണ്ടികപലിശസംഘങ്ങളും ചൂഷണം ചെയ്തിരുന്ന പാവപ്പെട്ട കർഷകകുടിയാന്മാരുടെ സംരക്ഷണമാണ് വാരിയൻകുന്നത്ത്കുഞ്ഞമ്മദ്ഹാജി ഏറ്റെടുത്തത്. മോഴികുന്നത്ത് 'ഖിലാഫത് സ്മരണ'കളിൽ ബാങ്ക് കവർച്ചക്കാരെക്കൊണ്ട് പാവപ്പെട്ട സഹോദങ്ങൾക്ക് സ്വർണവും പ്രോമിസറി നോട്ടുകളും തിരിച്ചുനൽകിപ്പിച്ച ഹാജിയെക്കുറിച്ച് എഴുതിവെച്ചിട്ടുണ്ട്.

മലബാർ കലാപത്തിന്റെ സാർവദേശീയ പശ്ചാത്തലവും വർഗഉള്ളടക്കവുമാണ് സംഘപരിവാറും വലതുപക്ഷശക്തികളും എല്ലാകാലത്തും മറച്ചുപിടിച്ചിട്ടുള്ളത്. ഹൈന്ദവദേശീയതക്കെതിരായ ഇസ്ലാമിക ആക്രമണമായിട്ടാണ് മലബാർ കലാപത്തെ ആർ.എസ്.എസ് വ്യാഖ്യാനിച്ചിട്ടുള്ളത്. ആർ.എസ്.എസിനുവേണ്ടി കെ. ദാശരഥി തയ്യാറാക്കിയിട്ടുള്ള മലബാർ കലാപത്തെക്കുറിച്ചുള്ള പഠനം അങ്ങേയറ്റം ചരിത്രവിരുദ്ധവും അതിന്റെ സാമ്രാജ്യത്വവിരുദ്ധ ദേശീയ ഉള്ളടക്കത്തെ മറച്ചുപിടിക്കുന്നതുമാണ്. ഇത്തരം വർഗീയരചനകളിലൂടെയാണ് ചരിത്രത്തെ അവർ മലീമസമാക്കുന്നത്. 'മലബാറിലെ മാപ്പിള ലഹളകൾ' എന്നാണ് ആ കൃതിയുടെ തലക്കെട്ട്. ഇസ്ലാമിന്റെ ഉൽഭവം മുതൽ മലപ്പുറം ജില്ലാ രൂപീകരണംവരെ പ്രതിപാദിക്കുന്ന ഈ കൃതി ചരിത്രവസ്തുതകളെ മുസ്ലീം വിരുദ്ധമായ വീക്ഷണത്തിൽ നിന്ന് വികൃതപ്പെടുത്തുന്നതാണ്. ഈ ദാശരഥിയെന്ന തൂലികാനാമത്തിന് പിന്നിലുള്ള യഥാർത്ഥ ഗ്രന്ഥകർത്താവ് ആരാണെന്ന കാര്യം ഇപ്പോഴും നമുക്ക് അജ്ഞാതമാണ്.

Comments