2026- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം നേടിയ ഒട്ടേറെ സ്ഥാനാർത്ഥികളുണ്ടെങ്കിലും അതിൽ അടയാളപ്പെടുത്തപ്പെടേണ്ട ചരിത്രവിജയമാണ് അഡ്വ. ഫാത്തിമാ തഹ്‌ലിയയുടേത്. തനിക്ക് കിട്ടിയ ഭൂരിപക്ഷത്തിൻ്റെയോ എതിർസ്ഥാനാർത്ഥിയുടെ വലിപ്പം കൊണ്ടോ അല്ല അത്; മറിച്ച്, മുസ്ലിം ലീഗിൻ്റെ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലെത്തുന്ന ആദ്യ വനിത എന്ന സ്ഥാനമാണ് തഹ്‌ലീയ നേടിയിരിക്കുന്നത്. ഇതൊരു ചെറിയ കാര്യമല്ല.
നാനാതരം എതിർപ്പുകളെ തൃണവൽഗണിച്ചാണ് തഹ്‌ലിയ തെരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. മതയാഥാസ്ഥിതിക, പൗരോഹിത്യ മേഖലയിൽ നിന്നെന്നപോലെ മതേതര, ലിബറൽ സ്പെയിസിൽ നിന്ന് അവർ കടുത്ത എതിർപ്പുകളാണ് നേരിട്ടത്. മുസ്‌ലിം സ്ത്രീകൾ പൊതുരംഗത്ത് ഇടപെടുന്നതും നിയമസഭയിലേക്ക് മത്സരിക്കുന്നതും സർവ്വത്മനാ അംഗീകരിക്കുവാൻ കഴിയാത്ത മതയാഥാസ്ഥിതികരുടെ എതിർപ്പ് അതിരൂക്ഷമായിരുന്നു. മതേതര,ലിബറൽ മേഖലയിൽ നിന്നുള്ള എതിർപ്പുകളാകട്ടെ, തഹ്‌ലിയയുടെ വേഷഭൂഷാദികൾ മുതൽ നിലപാടുകളോടുവരെയായിരുന്നു.
മുസ്‌ലിം ലീഗിൻ്റെ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലെത്തുന്ന സ്ത്രീയാണ് തഹ്‌ലിയ എന്ന് പറയുമ്പോൾ അതിനർത്ഥം പാർലമെൻ്ററി വ്യവസ്ഥയിൽ ഇടപെടുന്ന ആദ്യത്തെ ലീഗുകാരി എന്നതല്ല. സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സർവ്വേന്ത്യാ മുസ്‌ലിംലീഗിൽ പ്രഗത്ഭരായ ഒട്ടേറെ വനിതകളുണ്ടായിട്ടുണ്ട്. നിലപാടുകൾ കൊണ്ടും രാഷ്ട്രീയ- സാമൂഹിക ഇടപെടലുകൾകൊണ്ടും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടവരാണവർ. ഇന്ന് ചിന്തിക്കുവാൻ പോലും കഴിയാത്ത നിലപാടിനുടമകളായിരുന്നു അവർ.
മുസ്‌ലിം ലീഗിൻ്റെ ചരിത്രത്തിലാദ്യമായി കേരള നിയമസഭയിലെത്തുന്ന സ്ത്രീയാണ് തഹ്‌ലിയ എന്ന് പറയുമ്പോൾ അതിനർത്ഥം പാർലമെൻ്ററി വ്യവസ്ഥയിൽ ഇടപെടുന്ന ആദ്യത്തെ ലീഗുകാരി എന്നതല്ല.
ഉദാഹരണമായി, മുസ്‌ലിംലീഗിൻ്റെ ആദ്യകാല അഖിലേന്ത്യാ കമ്മിറ്റിയിലെ സജീവ സാന്നിധ്യമായിരുന്നു ബീഗം ജഹനാര ഷാനവാസ്. 1918 ൽ ലീഗിന്റെ അഖിലേന്ത്യാ കമ്മിറ്റിയിൽ അവർ ബഹുഭാര്യത്വത്തിനെതിരെ പ്രമേയമവതരിപ്പിച്ച് പാസാക്കുകയുണ്ടായി. 1935- ൽ അവർ പഞ്ചാബ് പ്രൊവിൻഷ്യൽ വിമൻസ് മുസ്ലലിം ലീഗ് എന്ന സംഘടന സ്ഥാപിച്ചു. 1930- ലെ വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുവാൻ ജഹനാര ഷാനവാസും രാധാബായി സുബ്ബരായനും മാത്രമാണ് വനിതാ സംഘടനകളിലെ രണ്ട് സജീവ അംഗങ്ങൾ എന്ന നിലയിൽ നാമനിർദേശം ചെയ്യപ്പെട്ടത്. 1937- ൽ പഞ്ചാബ് നിയമസഭയിലേക്ക് ബീഗം ജഹനാര തെരഞ്ഞെടുക്കപ്പെട്ടു, വിദ്യാഭ്യാസം, പൊതുജനാരോഗ്യം എന്നിവയുടെ പാർലമെൻ്ററി സെക്രട്ടറിയായി അവർ പിന്നീട് നിയമിക്കപ്പെട്ടു. 1938- ൽ ജഹനാര ഓൾ ഇന്ത്യ മുസ്ലിം ലീഗിന്റെ വനിതാ കേന്ദ്ര ഉപസമിതിയിൽ അംഗമായി. 1942- ൽ ഇന്ത്യൻ സർക്കാർ ജഹനാരയെ നാഷണൽ ഡിഫൻസ് കൗൺസിൽ അംഗമായി നിയമിച്ചു, എന്നാൽ ലീഗ് അംഗങ്ങളോട് ഡിഫൻസ് കൗൺസിലിൽ നിന്ന് രാജിവെക്കാൻ മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. അതിനോട് യോജിക്കുവാൻ ജഹനാരയ്ക്ക് കഴിഞ്ഞില്ല. അങ്ങനെ മുസ്‌ലിം ലീഗിൽ നിന്ന് അവർ പുറത്താക്കപ്പെട്ടു. അവർ നാഷണൽ ഡിഫൻസ് കൗൺസിൽ അംഗമായി തുടർന്നു. 1946-ൽ അവർ ലീഗിൽ തിരിച്ചെത്തി. അതേ വർഷം സെൻട്രൽ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയിലേക്ക് ജഹനാര തെരഞ്ഞെടുക്കപ്പെട്ടു.

1947- ൽ പഞ്ചാബിൽ നടന്ന നിയമലംഘന സമരത്തിനിടെ മറ്റ് മുസ്ലിം ലീഗ് നേതാക്കളോടൊപ്പം ജഹനാര അറസ്റ്റിലായി. വിഭജാനാനന്തരം ജഹനാര പാക്കിസ്ഥാനിലേക്ക് പോയി. പാക്കിസ്ഥാനിലും അവർ ജനകീയ പ്രക്ഷോഭരംഗത്ത് സജീവമായി തുടർന്നു. സ്ത്രീകൾക്ക് മെച്ചപ്പെട്ട സാമ്പത്തിക അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഒരു ബിൽ പാക്കിസ്ഥാൻ പാർലമെന്റിൽ പാസാക്കുന്നതിന് 1948 ൽ, ലാഹോറിലെ തെരുവുകളിൽ ആയിരക്കണക്കിന് സ്ത്രീകളുടെ പ്രതിഷേധത്തിന് ജഹനാര നേതൃത്വം നൽകി. ഭരണകൂടം അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുവാൻ തയ്യാറായി എന്നതാണ് ചരിത്രം.
ഓൾ ഇന്ത്യ മുസ്‍ലിം വിമൻസ് കോൺഫറൻസിന്റെ പ്രൊവിൻഷ്യൽ ബ്രാഞ്ചിന്റെ പ്രസിഡന്റായിരുന്ന ജഹനാര ഏഴ് വർഷക്കാലം, അഖിലേന്ത്യാ മുസ്ലിം വനിതാ കോൺഫറൻസിൻ്റെ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഏഷ്യയിലെ ഒരു നിയമസഭാ സമ്മേളനത്തിൽ അധ്യക്ഷയായ ആദ്യ വനിത എന്നൊരു ബഹുമതികൂടി ജഹനാരയ്ക്കുണ്ട്. ജഹനാര ഷാനവാസ് എഴുത്തുകാരി എന്ന നിലയിലും പ്രസിദ്ധയാണ്. അവർ രചിച്ച Hunsara Begum എന്ന നോവൽ പ്രസിദ്ധമാണ്. Father and Daughter: A political autobiography എന്ന ആത്മകഥ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
കേരളത്തിലും സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലിം ലീഗിൽ സ്ത്രീകൾ സജീവമായിരുന്നു. പ്രിൻ്ററും പബ്ലിഷറും പത്രാധിപയും പ്രഭാഷകയും സംഘാടകയുമായിരുന്ന എം. ഹലീമാബീവിയുടെ പേര് എടുത്തുപറയേണ്ടതാണ്.
ഭരണഘടനാ നിർമാണസമിതിയിലെ ഏക മുസ്‌ലിം വനിതാ സാന്നിധ്യമായിരുന്നു ബീഗം ഐസാസ് റസൂൽ. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകയായിരുന്ന അവർ ഉത്തർപ്രദേശിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു. മുസ്ലിം ലീഗിൻ്റെ ചരിത്രത്തിലെ എന്നല്ല, ഫെമിനിസ്റ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും തിളക്കമാർന്ന നാമധേയമാണ് ബീഗം ഷൈസ്ത സുഹ്റവർദി ഇഖ് റാമുള്ളയുടേത് (1915- 2000). ഒരു രാഷ്ട്രീയക്കാരി എന്നതിലുപരി നയതന്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്നു മുസ്‌ലിം ലീഗുകാരിയായ ഈ വനിത. മുസ്‍ലിം വനിതാ വിദ്യാർത്ഥി ഫെഡറേഷന്റെയും (MWSF; ഒരർത്ഥത്തിൽ ‘ഹരിത'യുടെ പഴയ രൂപം) അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ വനിതാ ഉപസമിതിയുടെയും നേതാവായിരുന്നു ഷൈസ്ത. ലണ്ടൻ സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടിയ ആദ്യ മുസ്ലിം വനിത എന്ന ബഹുമതിക്കു കൂടി അർഹയാണവർ. വിഭജനാനന്തരം പാക്കിസ്ഥാനിലേക്കു പോയ ഈ കൽക്കത്തക്കാരി 1964 മുതൽ 1967 വരെ മൊറോക്കോയിലെ പാക്കിസ്ഥാന്റെ അംബാസഡറായിരുന്നു.

1945 ൽ, പസഫിക് റിലേഷൻസ് കോൺഫറൻസിൽ പങ്കെടുക്കാൻ ബീഗം ഷൈസ്തയോട് ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ മുഹമ്മദലി ജിന്ന മുസ്‌ലിം ലീഗിന്റെ പ്രതിനിധിയായി പോകണമെന്ന് ആഗ്രഹിച്ചതിനാൽ ഈ വാഗ്‌ദാനം അവർ നിരസിച്ചു. 1946- ൽ ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലേക്ക് അവർ തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പങ്കാളിയാകാനായില്ല. വിഭജനാനന്തരം രൂപം കൊണ്ട പാകിസ്താനിലെ ആദ്യത്തെ ഭരണഘടനാ അസംബ്ലിയിലെ രണ്ട് വനിതാ പ്രതിനിധികളിൽ ഒരാളായിരുന്നു ഈ ലീഗുകാരി. കൂടാതെ, ഐക്യരാഷ്ട്രസഭയിലെ ഒരു പ്രതിനിധിയായി കൂടി അവർ പ്രവർത്തിച്ചു. ഇക്കാലത്ത് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപന സമ്മേളനത്തിലും (1948) വംശഹത്യയ്ക്കെതിരായ കൺവെൻഷനിലും (1951) അവർ സജീവ പങ്കാളിത്തം വഹിച്ചു.
മദ്രാസ് നിയമസഭയിലും 1956- ലെ കേരളത്തിലെ ആദ്യ നിയമസഭ മുതൽ ഇന്നോളവും മുസ്‌ലിം ലീഗ് പങ്കാളിയായിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ ഒരു വനിതയെ നിയമസഭയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല.
എഴുത്തുകാരി എന്ന നിലയിൽ ബീഗം ഷൈസ്തയുടെ സംഭാവനകൾ എടുത്തു പറയേണ്ടതാണ്. ഉർദു വനിതാ മാസികകളായ തെഹ്സീബ്-ഇ-നിസാനിലും ഇസ്മത്തിലും ഒട്ടേറെ ഇംഗ്ലീഷ് പ്രാദേശിക പത്രങ്ങളിലും അവരെഴുതിയ സ്ത്രീപക്ഷ രചനകൾ പ്രസിദ്ധമാണ്. 1950- ൽ ബീഗം ഷൈസ്‌തയുടെ കോഷിഷ്-ഇ- നാത്തം എന്ന ഉറുദു ചെറുകഥാ സമാഹാരവും 1951- ൽ ലെറ്റേഴ്‌സ് ടു നീന എന്ന പുസ്തകവും പ്രസിദ്ധീകരിക്കപ്പെട്ടു. ബിയോണ്ട് ദി വെയിൽ (1953) എന്ന സ്ത്രീപക്ഷ ഉപന്യാസ സമാഹാരം പർദ്ദയ്ക്കെതിരെയുള്ള കൃതി എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
കേരളത്തിലും സ്വാതന്ത്ര്യത്തിന് മുമ്പ് മുസ്ലിം ലീഗിൽ സ്ത്രീകൾ സജീവമായിരുന്നു. പ്രിൻ്ററും പബ്ലിഷറും പത്രാധിപയും പ്രഭാഷകയും സംഘാടകയുമായിരുന്ന എം. ഹലീമാബീവിയുടെ (1918- 2000) പേര് എടുത്തുപറയേണ്ടതാണ്. ഹലീമാബീവി പത്രാധിപയായിരുന്ന ഭാരതചന്ദ്രിക മാസികയുടെ സബ് എഡിറ്ററായി വൈക്കം മുഹമ്മദ് ബഷീർ പ്രവർത്തിച്ചിട്ടുണ്ട്. സർ സി.പിക്കെതിരെ ലേഖനമെഴുതിയതിന് ഭാരതചന്ദ്രിക കണ്ടുകെട്ടപ്പെട്ടത് ചരിത്രമാണ്. തിരുവല്ലാ താലൂക്ക് മുസ്‌ലിം ലീഗിൻ്റെ സെക്രട്ടറിയായി ഹലീമാബീവി പ്രവർത്തിച്ചിട്ടുണ്ട്.

മുസ്ലിം സ്ത്രീകൾ വിദ്യാഭ്യാസപരമായും സാമൂഹികമായും ഏറെ പിന്നിലായിരുന്ന കാലത്ത് മുസ്‌ലിം ലീഗിൽ സജീവമായി പ്രവർത്തിക്കുകയും രാഷ്ട്രീയ സാമൂഹിക മേഖലകളിൽ സക്രിയമായ ഇടപെടലുകൾ നടത്തുകയും ചെയ്‌ത സ്ത്രീകളായിരുന്നു ഇവരെല്ലാം.
മദ്രാസ് നിയമസഭയിലും 1956- ലെ കേരളത്തിലെ ആദ്യ നിയമസഭ മുതൽ ഇന്നോളവും മുസ്‌ലിം ലീഗ് പങ്കാളിയായിട്ടുണ്ടെങ്കിലും പല കാരണങ്ങളാൽ ഒരു വനിതയെ നിയമസഭയിലെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ചില തെരഞ്ഞെടുപ്പുകളിൽ ലീഗ് വനിതകളെ മത്സരരംഗത്തിറക്കിയിരുന്നെങ്കിലും (ഖമറുന്നിസ അൻവർ, നൂർബിനാ റഷീദ്) വിജയിക്കാനായില്ല. അതേസമയം, കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഒട്ടേറെ `വനിതാ ലീഗു`കാരികൾ വിജയിക്കുകയുണ്ടായി. അതിൻ്റെ തുടർച്ചയിലും ആവേശത്തിലുമാണ് രണ്ട് വനിതകളെ ലീഗ് നേതൃത്വം നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത്. തീർച്ചയായും തഹ്‌ലിയയുടെ വിജയം ലീഗിൻ്റെ ചരിത്രത്തിലെ പുതിയൊരദ്ധ്യായമാണ്.
