മുസ്ലിംകളെ ഒഴിച്ച്
മറ്റെല്ലാവരേയും പ്രീണിപ്പിക്കുന്ന
രാഷ്ട്രീയനയമാണ്
മുസ്ലിം ലീഗിന്റേത്‌
എന്ന നറേറ്റീവ്
ശരിയാണോ?

മുസ്ലിംകളുടെ മുഖ്യമന്ത്രി എന്ന നറേറ്റീവ് ആണ് വി. ഡി. സതീശനു മുന്നിലുള്ള വലിയ വെല്ലുവിളി. ഒരു ബാലൻസിങ് സ്റ്റാട്രജി ഉപയോഗിക്കാതെ, കൃത്യവും കണിശവുമായ തീരുമാനങ്ങളിലൂടെ അർഹമായത് മുസ്ലിംകൾക്ക് നേടിക്കൊടുക്കുക എന്നത് മുസ്ലിം ലീഗിൻ്റെ ബാധ്യത അല്ല, കോൺഗ്രസ്സിൻ്റെ ആണ്- താഹ മാടായി എഴുതുന്നു.

കേരളത്തിൽ ശാക്തികമായ മുഖ്യധാരാ സമൂഹമാണ് മുസ്ലിംകൾ. ഈ സമൂഹത്തിൽ രാഷ്ട്രീയമായി അധികാരം കൈയാളുന്നത് മുസ്ലിം ലീഗ് ആണ്, എത്രയോ വർഷങ്ങളായി. മുസ്ലിം ലീഗ് എന്നാൽ, മുസ്ലിം സമൂഹത്തിൻ്റെ പുരോഗതിക്ക് മാർഗ്ഗത്തടസ്സം സൃഷ്ടിക്കുന്നുണ്ടോ? ഇത് രാഷ്ട്രീയമായി തന്നെ പരിശോധിക്കേണ്ട വിഷയമാണ്.

വി. ഡി. സതീശൻ മുഖ്യമന്ത്രിയായി ഭരണമേൽക്കുമ്പോൾ പ്രവചനം പോലെ സംഭവിക്കാവുന്ന ചില കാര്യങ്ങളുണ്ട്.

മുസ്ലിം സമുദായം അധികാരത്തിൽനിന്ന് അരികുവൽക്കരിക്കപ്പെടും എന്നതാണത്. വെറും പ്രവചനമാണ്. ഉറപ്പല്ല. കാരണം; മുസ്ലിം ലീഗ് ഭരണ മുന്നണിയുടെ ഭാഗമായുമ്പോൾ ഒരു ബാലൻസിങ്ങ് നയചാതുര്യം മുസ്ലിം ലീഗ് തന്നെ കാണിക്കാറുണ്ട്. മുസ്ലിംകളെ ഒഴിച്ച് മറ്റെല്ലാവരെയും പ്രീണിപ്പിക്കുന്ന ഒരു രാഷ്ട്രീയനയമാണത്.

ഇടതുപക്ഷം മുസ്ലിംകളെയും മുസ്ലിംകൾ ഇടതുപക്ഷത്തേയും കൈവിട്ടതോടെ സ്വാഭാവികമായും ലഭിക്കേണ്ട രാഷ്ട്രീയ / സാമൂഹിക നീതി പോലും കിട്ടാക്കനിയായി മാറിയേക്കാം.

മുസ്ലിം ലീഗ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി വരാൻ പിന്തുണച്ചു എന്നതും സമ്മർദ്ദ ശാക്തിക ഘടകകക്ഷിയായി നില കൊണ്ടു എന്നതും മുസ്ലിം സമുദായത്തിന് വലിയ ബാധ്യതയായി ഇനി വരും കാലം മാറാൻ സാധ്യതയുണ്ട്. "ഞാൻ എല്ലാവരുടെയും മുഖ്യമന്ത്രി"എന്ന് തെളിയിക്കാൻ വി. ഡി. സതീശൻ ആദ്യം ചെയ്യുന്നത്, "ഞാൻ നിങ്ങളുടേതു മാത്രമല്ല" എന്ന് മുസ്ലിം ലീഗിനെ ബോധ്യപ്പെടുത്തുകയായിരിക്കുമോ?

മുസ്ലിം ലീഗ് അധികാരം കൈയാളുമ്പോൾ ഈ "ബാലൻസിങ്" രാഷ്ട്രീയം കാണാം.

യഥാർഥത്തിൽ ഇടതുപക്ഷമാണ് മുസ്ലിം സാമൂഹിക മുന്നേറ്റ താൽപര്യങ്ങൾക്ക് നല്ലത്. അത് മനസ്സിലാക്കുന്നതിൽ ഇടതുപക്ഷവും മുസ്ലിം സമൂഹവും തുല്യരീതിയിൽ പരാജയപ്പെട്ടു. "മുസ്ലിംകൾക്ക് എന്തെങ്കിലും കൂടുതലായി കിട്ടുന്നുണ്ടോ" എന്ന് എല്ലാ മുസ്ലിം ഇതര സംഘടനകളും സൂക്ഷ്മദർശിനി വെച്ചുനോക്കും. പ്രതിച്ഛായയുടെ ആശാന്മാരായ മുസ്ലിം ലീഗ് മുസ്ലിംകൾക്കെന്തു നൽകാനാണ്? ഒന്ന് "അങ്ങോട്ടോ ഇങ്ങോട്ടോ" ആയാൽ സെക്യുലർ പ്രതിച്ഛായക്ക് നിറം മങ്ങില്ലേ? ഇടതുപക്ഷം ഭരിക്കുമ്പോൾ ഇത്തരമൊരു വൈകാരിക സമ്മർദ്ദം ഒരു സമുദായം എന്ന നിലയിൽ മുസ്ലിം സമൂഹം അഭിമുഖീകരിച്ചിരുന്നില്ല.

വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി,  മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി വരാൻ പിന്തുണച്ചു എന്നതും സമ്മർദ്ദ ശാക്തിക ഘടകകക്ഷിയായി നില കൊണ്ടു എന്നതും മുസ്ലിം സമുദായത്തിന് വലിയ ബാധ്യതയായി ഇനി വരും കാലം മാറാൻ സാധ്യതയുണ്ട്.
വി.ഡി. സതീശൻ, പി.കെ. കുഞ്ഞാലിക്കുട്ടി, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി വരാൻ പിന്തുണച്ചു എന്നതും സമ്മർദ്ദ ശാക്തിക ഘടകകക്ഷിയായി നില കൊണ്ടു എന്നതും മുസ്ലിം സമുദായത്തിന് വലിയ ബാധ്യതയായി ഇനി വരും കാലം മാറാൻ സാധ്യതയുണ്ട്.

ഹിന്ദു സമൂഹം കഴിഞ്ഞാൽ ഒരു സമുദായം എന്ന നിലയിൽ പ്രമുഖമായ ജനസംഖ്യാ പ്രാതിനിധ്യം കേരളത്തിൽ മുസ്ലിംകൾക്കുണ്ട്. മലപ്പുറത്ത് 70 ശതമാനവും കോഴിക്കോട്ട് 40 ശതമാനവും വരെ കാണാം ആ സാമുദായിക പ്രാതിനിധ്യം. ജനസംഖ്യാ അനുപാതം വെച്ചു നോക്കിയാൽ പോലും മുസ്ലിംകൾക്ക് ഒരു സമുദായം എന്ന നിലയിൽ അർഹമായതൊന്നും ലഭിച്ചിട്ടില്ല എന്ന് സച്ചാർ കമ്മീഷൻ റിപ്പോർട്ട് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ മലബാർ സാംസ്കാരികമായി മുന്നിലും വികസനത്തിൽ പിന്നിലുമാണ്. മുസ്ലിം ലീഗിലൂടെ ഭരണതലത്തിൽ പ്രാതിനിധ്യം കിട്ടുമ്പോഴും, അതു തന്നെ അവസ്ഥ.

അതായത്, കൂടുതൽ അരികുവൽക്കരിക്കപ്പെടാൻ പോകുന്ന മുസ്ലിം സമുദായത്തെയാണ് നാമിനി കാണാൻ പോകുന്നത്. മുസ്ലിംകൾക്ക് കിട്ടേണ്ട നീതി പോലും കവർന്നെടുക്കും എന്നതാണ് സത്യം. ഇടതുപക്ഷം മുസ്ലിംകളെയും മുസ്ലിംകൾ ഇടതുപക്ഷത്തേയും കൈവിട്ടതോടെ സ്വാഭാവികമായും ലഭിക്കേണ്ട രാഷ്ട്രീയ / സാമൂഹിക നീതി പോലും കിട്ടാക്കനിയായി മാറിയേക്കാം.

മുസ്ലിം ലീഗ് പിന്തുണച്ച മുഖ്യമന്ത്രി എന്ന നറേറ്റീവ് വെറുതെ ഉണ്ടാവുന്നതല്ല.

മുസ്ലിംകളുടെ മുഖ്യമന്ത്രി എന്ന ആ നറേറ്റീവ് ആണ് വി. ഡി. സതീശനു മുന്നിലുള്ള വലിയ വെല്ലുവിളി. ഒരു ബാലൻസിങ് സ്റ്റാട്രജി ഉപയോഗിക്കാതെ, കൃത്യവും കണിശവുമായ തീരുമാനങ്ങളിലൂടെ അർഹമായത് മുസ്ലിംകൾക്ക് നേടിക്കൊടുക്കുക എന്നത് മുസ്ലിം ലീഗിൻ്റെ ബാധ്യത അല്ല, കോൺഗ്രസ്സിൻ്റെ ആണ്. അതായത് മുസ്ലിം ലീഗ് ഹിന്ദു സമൂഹ പുരോഗതിക്കും കോൺഗ്രസ് മുസ്ലിം / ക്രൈസ്തവ സമൂഹ പുരോഗതിക്കും നിലകൊള്ളേണ്ട രാഷ്ട്രീയ കലയാണ് കാലം ആവശ്യപ്പെടുന്നത്.


Summary: It is not the responsibility of the Muslim League to give the Muslims what they deserve, but of the Congress, Thaha Madayi writes.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments