വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രിയടക്കം കോൺഗ്രസിന് 12 മന്ത്രിമാർ. വി.ഡി. സതീശൻ- മുഖ്യമന്ത്രി, രമേശ് ചെന്നിത്തല, കെ. മുരളീധരൻ, സണ്ണി ജോസഫ്, എ.പി. അനിൽകുമാർ, ബിന്ദു കൃഷ്ണ, ടി. സിദ്ദിഖ്, പി.സി. വിഷ്ണുനാഥ്, എം. ലിജു, റോജി എം. ജോൺ, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസ് മന്ത്രിമാർ.
മുസ്‍ലിംലീഗിന് അഞ്ചു മന്ത്രിമാരാണുള്ളത്.
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ എന്നിവർ.
രണ്ടര വർഷം കഴിഞ്ഞാൽ പാറയ്ക്കൽ അബ്ദുള്ള മന്ത്രിയാകും. പകരം ആരാണ് ഒഴിവാകുക എന്ന് പ്രഖ്യാപിച്ചിട്ടില്ല.
മോൻസ് ജോസഫ്- കേരള കോൺഗ്രസ് (ജോസഫ്), ഷിബു ബേബിജോൺ- ആർ.എസ്.പി, സി.പി. ജോൺ- സി.എം.പി, അനൂപ് ജേക്കബ്- കേരള കോൺഗ്രസ് (ജേക്കബ്) എന്നിവരാണ് മറ്റു ഘടകകക്ഷി മന്ത്രിമാർ.
കേരളം ഡെമോക്രാറ്റിക് പാർട്ടിയുടെ മാണി സി. കാപ്പൻ മന്ത്രിപ്പട്ടികയിലില്ല.
സ്പീക്കർ സ്ഥാനം കോൺഗ്രസിനാണ്; തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ.
മുമ്പ്, 1982-ലാണ് യു.ഡി.എഫ് സർക്കാറിന്റെ പൂർണ മന്ത്രിസഭ അധികാരമേറ്റത്. എൽ.ഡി.എഫ് 1987 ഒഴികെയുള്ള ടേമുകളിൽ മുഴുവൻ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്.
▮
കോൺഗ്രസ് മന്ത്രിമാർ:
വി.ഡി. സതീശൻ:
മുഖ്യമന്ത്രി
(ധനം, പൊതുഭരണം, നിയമം, തുറമുഖം)

2021- 26 കാലത്തെ പ്രതിപക്ഷനേതൃപദവയിൽനിന്ന് മുഖ്യമന്ത്രിസ്ഥാനത്തേക്ക്. ഉമ്മൻചാണ്ടിക്കുശേഷം സംസ്ഥാന കോൺഗ്രസിൽ നടന്ന പുതുതലമുറമാറ്റത്തിലൂടെ പ്രതിപക്ഷനേതാവായ അദ്ദേഹം കെ.എസ്.യുവിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തുന്നത്. 1986-87 കാലത്ത് എം.ജി യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർമാനായിരുന്നു. എൻ.എസ്.യു- ഐ ദേശീയ സെക്രട്ടറിയും എ.ഐ.സി.സി സെക്രട്ടറിയും കെ.പി.സി.സി സെക്രട്ടറിയുമായിരുന്നു. 12-ാം നിയമസഭയിൽ കോൺഗ്രസ് ചീഫ് വിപ്പ്, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1996 മുതൽ പറവൂരിൽനിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന സതീശൻ, കന്നി മത്സരത്തിൽ ആയിരത്തോളം വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിന് തോറ്റുവെങ്കിലും 2001 മുതൽ തുടർച്ചയായി ആറു വട്ടം വിജയിക്കുന്നു. ഇത്തവണത്തെ ജയത്തോടെ അദ്ദേഹം പറവൂർ എം.എൽ.എ എന്ന നിലയിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കി. ചുരുങ്ങിയ സമയം കൊണ്ട് മികച്ച നിയമസഭാ സാമാജികൻ എന്ന പേരെടുത്ത സതീശൻ, വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന എം.എൽ.എയാണ്.
ഒന്നും രണ്ടും എൽ.ഡി.എഫ് സർക്കാറുകളുടെ ധനകാര്യമനേജുമെന്റിനെ പ്രതിപക്ഷത്തുനിന്ന് ഏറ്റവും ശക്തമായി എതിർത്ത നേതാവെന്ന നിലയ്ക്കുകൂടിയാണ് സതീശനിലേക്ക് ധനകാര്യവകുപ്പ് എത്തുന്നത്. കിഫ്ബിക്കെതിരെയും സംസ്ഥാനത്ത് ജി.എസ്.ടി നടപ്പാക്കിയതിലെ പ്രശ്‌നങ്ങളും നികുതിവെട്ടിപ്പിനെക്കുറിച്ചുമെല്ലാം മുൻ ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കുമായി വാദപ്രതിവാദം നടത്തിയിട്ടുണ്ട് സതീശൻ.
'എനിക്ക് ഇഷ്ടമില്ലാത്തതും മനസ്സിലാകാത്തതുമായ വിഷയം സാമ്പത്തിക ശാസ്ത്രമായിരുന്നു. എന്നാൽ അത് പഠിക്കാൻ പ്രേരിപ്പിച്ചത് മുൻ ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് ആയിരുന്നു. സാമ്പത്തികശാസ്ത്രം പഠിച്ചശേഷം അദ്ദേഹത്തിന്റെ കൗശലങ്ങൾ കൂടി പഠിച്ചു. പിന്നീട് നിയമസഭയിൽ അദ്ദേഹവുമായി നിരന്തരം വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടു' എന്ന് വി.ഡി. സതീശൻ നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പറഞ്ഞിട്ടുണ്ട്.
2016-ൽ അന്ന് ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്കുമായി ഇതര സംസ്ഥാന ലോട്ടറി വിഷയത്തിൽ എം.എൽ.എയായിരുന്ന വി.ഡി. സതീശൻ നടത്തിയ പരസ്യസംവാദം ഏറെ ശ്രദ്ധേയമായിരുന്നു. നിയമസഭയിൽ ഉമ്മൻചാണ്ടിയോടും രമേശ് ചെന്നിത്തലയോടുമായിരുന്നു സംവാദത്തിന് തോമസ് ഐസക്കിന്റെ വെല്ലുവിളി. എന്നാൽ, ഉമ്മൻചാണ്ടി അന്നത്തെ യുവ എം.എൽ.എയായിരുന്ന വി.ഡി. സതീശനെയാണ് ഈ സംവാദദൗത്യം ഏൽപ്പിച്ചത്. സംവാദത്തിൽ സതീശൻ ഏറെ തിളങ്ങുകയും ചെയ്തു.
വിദ്യാർത്ഥി രാഷ്ട്രീയകാലം മുതൽ സതീശന് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. കെ.എസ്.യു, എൻ.എസ്.യു അധ്യക്ഷപദവികൾ സതീശനെ തേടിയെത്തിയില്ല. 1989-ൽ കെ.എസ്.യു പ്രസിഡന്റാകാനുളള സ്ഥാനാർഥിയായിരുന്നു സതീശൻ എങ്കിലും ആ വർഷം തെരഞ്ഞെടുപ്പ് നടന്നില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷപദവിയും ഇങ്ങനെ സതീശന് നഷ്ടമായി. എം.എൽ.എയായി തിളങ്ങിനിൽക്കുന്ന സന്ദർഭത്തിൽ, 2011-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിയാകുമെന്ന് ഉറപ്പിച്ചുവെങ്കിലും ഗ്രൂപ്പ് വടംവലിയിലും സമുദായസമവാക്യങ്ങളിലും പെട്ട് അവസാനനിമിഷം പുറത്തായി.
2021-ൽ പ്രതിപക്ഷനേതാവായതോടെ, സതീശൻ ‘ടീം യു.ഡി.എഫ്’ എന്ന ആശയം മുൻനിർത്തി മുന്നണിയെയും പാർട്ടിയെയും സജീവമാക്കാനുള്ള ഇടപെടലുകൾ നടത്തി. അത്, കോൺഗ്രസിന് ചരിത്രവിജയം സമ്മാനിക്കുന്നതിൽ നിർണായകമായി.
1964 മെയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടാശ്ശേരി ദാമോദരമേനോന്റെയും വി. വിലാസിനിയമ്മയുടെയും മകനായി ജനനം. തേവര സേക്രഡ് ഹാർട്ട് കോളേജിൽനിന്ന് ബിരുദം. രാജഗിരി കോളേജിൽനിന്ന് എം.എസ്. ഡബ്ല്യു. എറണാകുളം ലോ കോളേജിൽനിന്ന് എൽ.എൽ.ബി, തിരുവനന്തപുരം കേരള ലോ അക്കാദമിയിൽനിന്ന് എൽ.എൽ.എം. ഹൈക്കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിട്ടുണ്ട്.
ആർ. ലക്ഷ്മി പ്രിയയാണ് ജീവിതപങ്കാളി. ഏക മകൾ ഉണ്ണിമായ.
രമേശ് ചെന്നിത്തല
ആഭ്യന്തരം, വിജിലൻസ്

മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി സജീവമായി രംഗത്തുണ്ടായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുന്നത് സമവായത്തിന്റെ ഭാഗമായാണ്. 2014 മുതൽ 16 വരെ രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര- വിജിലൻസ് വകുപ്പുകളുടെ ചുമതല രമേശിനായിരുന്നു. 2016 മുതൽ 2021 വരെ നിലവിലിരുന്ന പതിനാലാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. ഇത്തവണ ഇലക്ഷനിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായിരുന്നു.
കോൺഗ്രസിൽ പ്രധാന സ്ഥാനങ്ങൾ രമേശിനെ തേടിയെത്തിയിട്ടുണ്ട്. അഞ്ചു തവണ എം.എൽ.എയായി. നാലു തവണ എം.പി, ഒമ്പതു വർഷം കെ.പി.സി.സി പ്രസിഡന്റ്.
കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.സി.സി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. 2005 മുതൽ 2014 വരെയാണ് കെ.പി.സി.സി പ്രസിഡന്റായിരുന്നത്. ഒരു ദശാബ്ദത്തോളം എ.ഐ.സി.സി സെക്രട്ടറിയെന്ന നിലയിൽ വിവിധ സംസ്ഥാനങ്ങളിലെ സംഘടനാകാര്യങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുണ്ട്.
1982 മുതൽ ഹരിപ്പാടുനിന്നുള്ള എം.എൽ.എ. മൂന്നു തവണ കോട്ടയത്തുനിന്നും ഒരു തവണ മാവേലിക്കരയിലും നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
1986-ൽ കെ. കരുണാകരൻ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു 28 വയസ്സുകാരനായ രമേശ്. അന്ന് ഗ്രാമവികസനവകുപ്പാണ് കൈകാര്യം ചെയ്തത്.
കെ. കരുണാകരന്റെ പൂർണ പിന്തുണയോടെയായിരുന്നു പാർട്ടിയിൽ രമേശിന്റെ വളർച്ച. കരുണാകരന്റെ നിർദ്ദേശപ്രകാരമായിരുന്നു 26-ാം വയസ്സിൽ ഹരിപ്പാട്ടുനിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. 1985-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ രമേശ് അങ്ങനെയാണ്, കരുണാകരൻ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായത്.
എന്നാൽ, കെ. കരുണാകരന്റെ പ്രതാപകാലത്ത് അദ്ദേഹത്തിനെതിരെ ജി. കാർത്തികേയൻ, എം.ഐ. ഷാനവാസ് എന്നിവർക്കൊപ്പം 'തിരുത്തൽവാദ'മെന്ന പേരിൽ വിമതപ്രവർത്തനം നടത്തിയ രമേശ് ചെന്നിത്തല, താൻ അതിൽ പശ്ചാത്തപിക്കുന്നുവെന്ന് പിന്നീട് തുറന്നുപറഞ്ഞിട്ടുണ്ട്. 1994-ൽ ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ നടന്ന കലാപത്തിന്റെ പിന്നണിയിൽ രമേശ് ചെന്നിത്തലയുമുണ്ടായിരുന്നു.
1956 മെയ് 25നാണ് ജനനം. തിരുവനന്തപരും ഗവ. ലോ കോളേജിൽനിന്ന് നിയമബിരുദം, ചങ്ങനാശ്ശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽനിന്ന് ധനതത്വശാസ്ത്രത്തിൽ ബിരുദം.
സണ്ണി ജോസഫ്
റവന്യു വകുപ്പ്

കെ.പി.സി.സി അധ്യക്ഷസ്ഥാനത്തുനിന്ന് മന്ത്രിപദവിയിലേക്ക്. പേരാവൂരിൽ കെ.കെ. ശൈലജയെ തോൽപ്പിച്ച് ഇത്തവണ സഭയിലെത്തിയ സണ്ണി ജോസഫ്, 74-ാം വയസ്സിൽ ആദ്യമായാണ് മന്ത്രിയാകുന്നത്. 2011 മുതൽ പേരാവൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
മുഖ്യമന്ത്രിച്ചർച്ചയിൽ പരസ്യമായി നിഷ്പക്ഷനിലപാട് പ്രഖ്യാപിച്ച സണ്ണി ജോസഫ്, ഹൈക്കമാൻഡ് നിരീക്ഷകർക്കുമുമ്പാകെ, കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്നതിന്റെ രേഖകൾ പുറത്തുവന്നത്, അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിരുന്നു. സംഘടനാപ്രവർത്തനത്തിലെ സീനിയോരിറ്റി പരിഗണിച്ചാണ് അദ്ദേഹത്തിന് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കുന്നത്.
1952 ആഗസ്റ്റ് 18ന് ഇടുക്കിയിലെ തൊടുപുഴയിൽ ജനിച്ച സണ്ണി ജോസഫ് കോഴിക്കോട് ഗവ. ലോ കോളേജിൽനിന്ന് നിയമബിരുദം നേടി. കണ്ണൂർ കേന്ദ്രമാക്കി രാഷ്ട്രീയജീവിതം തുടങ്ങി. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്, ഡി.സി.സി പ്രസിഡന്റ് പദവികൾ വഹിച്ചു. നിയമസഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാൻ, കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.
കെ. മുരളീധരൻ

മുമ്പ് ഒരു തവണയാണ് കെ. മുരളീധരൻ മന്ത്രിയായത്, അത് അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും കയ്പേറിയ അനുഭവവുമായിരുന്നു. 2004 ഫെബ്രുവരിയിലാണ് എ.കെ. ആന്റണി മന്ത്രിസഭയിൽ, എം.എൽ.എ അല്ലാതിരുന്ന മുരളി വൈദ്യുതിമന്ത്രിയായത്. അത് അന്നത്തെ ഗ്രൂപ്പു പോരിന്റെ സമവായത്തിന്റെ ഭാഗവുമായിരുന്നു. 2001-ൽ നിലവിൽവന്ന എ.കെ. ആന്റണി മന്ത്രിസഭ രണ്ടു വർഷം പൂർത്തിയാക്കുമ്പോൾ മുരളീധരൻ കെ.പി.സി.സി അധ്യക്ഷനായിരുന്നു. എ- ഐ ഗ്രൂപ്പ് തർക്കം രൂക്ഷമായപ്പോഴാണ് മുരളീധരനെ മന്ത്രിസഭയിലെടുക്കാൻ തീരുമാനമുണ്ടായത്. മുരളിക്ക് മത്സരിക്കാൻ കോൺഗ്രസിന്റെ ഉറച്ച കോട്ടയായ വടക്കാഞ്ചേരി സിറ്റിംഗ് എം എൽ എ വി. ബാലറാം ഒഴിഞ്ഞുകൊടുത്തു. 2001-ൽ വൻഭൂരിപക്ഷത്തിലാണ് ഐ ഗ്രൂപ്പ് നേതാവ് ബാലറാം ഇവിടെ നിന്ന് ജയിച്ചത്. എന്നാൽ, സി.പി.എമ്മിലെ എ.സി. മൊയ്തീൻ മുരളീധരനെതിരെ അട്ടിമറിജയം നേടി. അങ്ങനെ, എം എൽ എ അല്ലാത്ത ഒരേയൊരു മന്ത്രിയായിരുന്ന മുരളീധരൻ, നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തോറ്റ ഒരേയൊരു മന്ത്രിയുമായി മാറി.
ഇത്തരം തിരിച്ചടികളിൽനിന്ന് പിന്നീട് അദ്ദേഹം രാഷ്ട്രീയപാഠങ്ങൾ പഠിച്ചു. കെ. കരുണാകരന്റെ മകൻ എന്ന നിലയിൽ കോൺഗ്രസിലെത്തിയ മുരളീധരൻ, പിന്നീട് ആ 'ഭാര'ത്തിൽനിന്ന് മുക്തനായി. നാലു തവണ എം.പിയും രണ്ടു തവണ എം.എൽ.എയുമായി.
കടുത്ത രാഷ്ട്രീയമത്സരം നടന്ന പല സന്ദർഭങ്ങളിലും പാർട്ടി ഒരു ചവേർ എന്ന നിലയ്ക്ക് മുരളീധരനെ നിയോഗിച്ചിട്ടുണ്ട്, അവയിൽ പലതിലും തോൽവിയായിരുന്നു ഫലം.
2019-ൽ വട്ടിയൂർക്കാവ് എം.എൽ.എയായിരിക്കേയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ പി. ജയരാജനോട് ഏറ്റുമുട്ടാൻ പാർട്ടി മുരളീധരനെ നിയോഗിച്ചത്, വടകര പിടിച്ചെടുക്കുകയും ചെയ്തു. 2021-ൽ നേമത്തുനിന്ന് ബി.ജെ.പിയെ പടിയിറക്കാൻ നിയോഗിക്കപ്പെട്ടതും സിറ്റിങ് എം.പിയായിരുന്ന കെ. മുരളീധരൻ. ജയം വി. ശിവൻകുട്ടിക്കായിരുന്നുവെങ്കിലും ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിച്ചതിൽ മുരളീധരന്റെ സ്ഥാനാർഥിത്വത്തിനും പങ്കുണ്ടായിരുന്നു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിത്വം ഏതാണ്ട് ഉറപ്പായ സമയത്താണ് തൃശ്ശൂരിൽ സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പാർട്ടി മുരളീധരനെ നിയോഗിച്ചത്. സഹോദരി പദ്മജ ബി.ജെ.പിയിൽ ചേർന്നതിന്റെ ക്ഷീണം തീർക്കലും പാർട്ടിലക്ഷ്യമായിരുന്നു. എന്നാൽ, തൃശ്ശൂരിൽ മുരളീധരൻ മൂന്നാം സ്ഥാനത്തായി. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പൊതുപ്രവർത്തനത്തിനില്ലെന്നും പറഞ്ഞ് മാറിനിന്ന മുരളീധരനെ ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചെടുത്തത്.
ഇപ്പോൾ കണ്ടും കേട്ടും അഭിപ്രായപ്രകടനം നടത്തുകയും ഒരു വിഭാഗത്തോടും കൂറ് പുലർത്താൻ ശ്രമിക്കാത്തതുമായ ഏറെ പാകതയുള്ള നേതാവായി മുരളീധരൻ മാറിക്കഴിഞ്ഞു.
ബിന്ദു കൃഷ്ണ

കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം. മഹിള കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ബിന്ദു കൃഷ്ണ നിരവധി സംഘടനാ ചുമതലകൾ നിർവഹിച്ചിട്ടുണ്ട്. വിവാദങ്ങൾക്കൊപ്പം നിലപാടുകളിലൂടെയും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ അവർ ശ്രദ്ധേയയാണ്. ലൈംഗികാക്രമണക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് നിലപാടെടുത്തിരുന്നു ബിന്ദു കൃഷ്ണ.
1987ൽ കൊല്ലം എസ്.എൻ കോളേജിൽ, കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമായത്. 1993ൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റി അംഗമായി. 2004-2007 കാലത്ത് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി.
2007-2011 കാലത്ത് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും പിന്നീട് കൊല്ലം ഡി സി സി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. തുടർന്ന് മഹിളാ കോൺഗ്രസിന്റെ ഏക ദേശീയ ഉപാദ്ധ്യക്ഷയായും, സംസ്ഥാന അദ്ധ്യക്ഷയായും പ്രവർത്തിച്ചു. കേരളത്തിലെ രണ്ടാമത്തെ വനിതാ ഡി സി സി പ്രസിഡൻ്റാണ്.
തിരുവനന്തപുരം ലോ അക്കാദമിയിൽനിന്ന് നിയമബിരുദവും ഗവ. ലോ കോളേജിൽനിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദാനന്തര ബിരുദവും നേടിയ അവർ കൊല്ലം കോടതിയിൽ അഭിഭാഷകയായിരുന്നു.
തിരുവനന്തപുരം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാറാണ് ജീവിതപങ്കാളി.
പി.സി. വിഷ്ണുനാഥ്

നാലു തവണ എം.എൽ.എയായശേഷമാണ് മന്ത്രിയാകുന്നത്. ചെറുപ്പത്തിൽ തന്നെ പ്രധാനപ്പെട്ട സംഘടനാചുമതലകൾ ലഭിച്ചു. ഇപ്പോൾ കെ.പി.സി.സി വർക്കിങ് പ്രസിഡന്റായ വിഷ്ണുനാഥ് കെ.എസ്.യു- യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. എ.ഐ.സി.സി സെക്രട്ടറിയെന്ന നിലയ്ക്ക് കർണാടക, തെലങ്കാന, തമിഴ്നാട്, കർണാടക, പോണ്ടിച്ചേരി, ആൻഡമാൻ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടി ചുമതല ഏറ്റെടുത്തു.
കേരളത്തിൽ കോൺഗ്രസ് പുതുതലമുറ നേതൃത്വത്തിലേക്ക് വഴിമാറിയതോടെയാണ് പി.സി. വിഷ്ണുനാഥിനെപ്പോലുള്ള യുവ നേതാക്കൾ ഉയർന്നുവന്നത്.
1993- ൽ ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽ കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയത്തിലെത്തി. തിരുവനന്തപുരം ലോ കോളേജിൽ നിന്ന് നിയമബിരുദം നേടി.
എ.പി. അനിൽകുമാർ

മലപ്പുറത്തെ വണ്ടൂരിൽനിന്ന് തുടർച്ചയായി ആറാം തവണയും ജയിച്ചാണ് എ.പി. അനിൽകുമാർ മന്ത്രിയാകുന്നത്. 2001-ലാണ് വണ്ടൂരിൽനിന്ന് ആദ്യമായി തെരഞ്ഞെടുക്കപ്പെടുന്നത്.
2004-06 കാലത്ത് പട്ടികജാതി- പട്ടികവർഗ വകുപ്പിന്റെയും 2011-16 കാലത്ത് പട്ടികജാതി, പിന്നാക്കക്ഷേമ, വിനോദസഞ്ചാര വകുപ്പുകളുടെയും ചുമതലയുള്ള മന്ത്രിയായിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ അനിൽകുമാർ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു.
ഇത്തവണ മുഖ്യമന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ടായിരുന്ന കെ.സി. വേണുഗോപാലിനുവേണ്ടി ഗ്രൂപ്പ് മാനേജരായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് അനിൽകുമാറിനെതിരെ വണ്ടൂരിൽ വ്യാപക പോസ്റ്റർ പ്രചാരണമുണ്ടായിരുന്നു.
എം. ലിജു

'സ്ഥിരം തോൽവിക്കാരൻ' എന്നതായിരുന്നു ഇതുവരെ എം. ലിജുവിന്റെ ഇലക്ഷൻ മേൽവിലാസം. മൂന്നു തവണയും ലിജു തോറ്റു, ഇത്തവണ, നാലാം വട്ടം, കായംകുളത്തുനിന്നായിരുന്നു ജയം, അതും മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ, 15,572 വോട്ട്. 2021-ൽ അമ്പലപ്പുഴയിലാണ് ലിജു മത്സരിച്ചത്. ആലപ്പുഴ ജില്ലയിൽ കോൺഗ്രസ് നേരിട്ട കനത്ത തിരിച്ചടിയെതുടർന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം ലിജു രാജിവെച്ചിരുന്നു.
സംസ്ഥാനത്തെ തന്നെ മികച്ച സംഘടനാപ്രവർത്തകരിൽ ഒരാളാണ് ലിജു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കെ.പി.സി.സിയുടെ വാർ റൂം ചെയർമാനായിരുന്ന ലിജുവിന്റെ മേൽനോട്ടത്തിലാണ് ബൂത്ത് ഭാരവാഹികൾ വരെയുള്ള പ്രവർത്തകർക്ക് പരിശീലനം നൽകിയത്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗമായിരുന്ന ലിജുവിനെ തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചു.
കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തനങ്ങളിൽ നേതൃപാടവം കാഴ്ചവെച്ച ലിജുവിന്റെ തെരഞ്ഞെടുപ്പ് രംഗത്തും സംഘടനാ രംഗത്തുമുള്ള മികവ് കണക്കിലെടുത്താണ് ഭരണരംഗത്തേക്കുകൂടി നിയോഗിക്കുന്നത്.
ടി. സിദ്ദിഖ്

വയനാട്ടിൽനിന്ന് ഐ.സി. ബാലകൃഷ്ണനോ ടി. സിദ്ദിഖോ എന്ന ചർച്ചകൾക്കൊടുവിലാണ് സിദ്ദിഖിന് മന്ത്രിപദവി ലഭിച്ചത്. കോഴിക്കോട് സെന്റ് ജോസഫ് ദേവഗിരി കോളേജിൽ പഠിക്കുമ്പോൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. 2002 മുതൽ 2006 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായി, 2006 മുതൽ 2009 വരെ സംസ്ഥാന പ്രസിഡന്റും. കെ.പി.സി.സി ജനറൽ സെക്രട്ടറി, വർക്കിങ് പ്രസിഡന്റ് സ്ഥാനങ്ങളും സിദ്ദിഖിനെ തേടിയെത്തി. 2021-ൽ എം.വി. ശ്രേയാംസ്‌കുമാറിനെ തോൽപ്പിച്ചാണ് കൽപ്പറ്റയിൽനിന്ന് ആദ്യമായി എം.എൽ.എയായത്.
ഒ.ജെ. ജനീഷ് കുമാർ

ഇടതുകോട്ടയായ കൊടുങ്ങല്ലൂരിൽ കന്നിമത്സരത്തിൽ തന്നെ വൻ വിജയം നേടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ.ജെ. ജനീഷ് അവസാനനിമിഷമാണ് മന്ത്രിപ്പട്ടികയിൽ ഇടം പിടിച്ചത്. തൃശൂരിലെ മാള സ്വദേശിയായ ജനീഷ് പെരുമ്പാവൂർ പോളി ടെക്‌നിക്കിൽ പഠിക്കുമ്പോൾ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തൃശൂർ ലോ കോളേജിൽനിന്ന് നിയമപഠനം പൂർത്തിയാക്കി. യൂത്ത് കോൺഗ്രസ് തൃശൂർ ജില്ലാ പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. വി.എം. സുധീരനുശേഷം തൃശൂരിൽനിന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാകുന്ന ആളാണ് ജനീഷ്.
കെ.എ. തുളസി

പാലക്കാട്ടെ ഇടതുകോട്ടയായ കോങ്ങാട്ടുനിന്ന് നിയമസഭയിലെത്തുന്ന കെ.എ. തുളസി അവസാനനിമിഷമാണ് മന്ത്രിപ്പട്ടികയിലെത്തിയത്. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. അവർ ആദ്യമായാണ് നിയമസഭയിലെത്തുന്നത്. 2004-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലത്ത് കോൺഗ്രസ് സ്ഥാനാർഥിയായിരുന്നു തുളസി. പാലക്കാട് എം.പി. വി.കെ. ശ്രീകണ്ഠന്റെ പങ്കാളിയാണ് അവർ.
റോജി എം. ജോൺ

അങ്കമാലിയിൽനിന്ന് ജയിച്ച റോജി എം. ജോൺ എൻ.എസ്.യു- ഐ മുൻ ദേശീയ പ്രസിഡന്റാണ്. 2016 മുതൽ അങ്കമാലിയിൽനിന്നുള്ള എം.എൽ.എയാണ്. കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം.
▮
മുസ്‍ലിം ലീഗ് മന്ത്രിമാർ
പി.കെ. കുഞ്ഞാലിക്കുട്ടി

നാല് പതിറ്റാണ്ടോളമായി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന നേതാവാണ് പി.കെ. കുഞ്ഞാലിക്കുട്ടി. മന്ത്രിയായും എംപിയായും പ്രതിപക്ഷ ഉപനേതാവാവായുമെല്ലാമുള്ള പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. മുസ്ലിം ലീഗിലെ മുതിർന്ന നേതാവായ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നും റെക്കോർഡ് ഭൂരിപക്ഷത്തിൽ ജയിച്ചാണ് ഇത്തവണ നിയമസഭയിലെത്തിയിരിക്കുന്നത്. 1951 ജൂൺ ഒന്നിന് മലപ്പുറം ജില്ലയിലെ വേങ്ങരയ്ക്കടുത്തുള്ള ഊരകം മേൽമുറിയിലാണ് പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടിയെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ജനനം. ബി കോം ബിരുദവും ബിസിനസ് മാനേജ്മെൻറിൽ ഡിപ്ലോമയും നേടിയിട്ടുള്ള അദ്ദേഹം ഫറൂഖ് കോളേജ്, തളിപ്പറമ്പ് സർ സയ്യിദ് കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനങ്ങളിലൂടെ രാഷ്ട്രീയത്തിലിറങ്ങിയ അദ്ദേഹം 29ാം വയസ്സിൽ മലപ്പുറം നഗരസഭയുടെ ചെയർമാനായി.
1982-ൽ മലപ്പുറത്ത് നിയമസഭാ മണ്ഡലത്തിൽ നിന്ന് ജയിച്ച് ആദ്യമായി എം.എൽ.എയുമായി. പിന്നീട് 1987-ലും മലപ്പുറത്ത് നിന്ന് തന്നെ വിജയിച്ചു. 1991 മുതൽ കുറ്റിപ്പുറത്ത് നിന്നാണ് മത്സരിച്ചത്. 1996-ലും 2001ലും അവിടെ നിന്ന് വിജയിക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 2006-ൽ കുറ്റിപ്പുറത്ത് ഇടത് സ്വതന്ത്രനായ കെ.ടി. ജലീലിനോട് പരാജയപ്പെട്ടത് വലിയ അട്ടിമറിയായിരുന്നു. ഐസ്ക്രീം പാർലർ കേസ് അടക്കമുള്ള വിവാദങ്ങളാണ് കുഞ്ഞാലിക്കുട്ടിയടക്കമുള്ള ലീഗ് നേതാക്കളുടെ തോൽവിക്ക് കാരണമായത്. 2011, 2016, 2021 വർഷങ്ങളിൽ വേങ്ങരയിൽ നിന്നും വിജയിച്ച് എം.എൽ.എ ആയി. 2026-ൽ വീണ്ടും മലപ്പുറത്ത് നിന്ന് നിയമസഭയിലേക്ക്. 1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയായി. വ്യവസായവും സാമൂഹികക്ഷേമവുമായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച വകുപ്പുകൾ. പിന്നീട് 2001-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും 2011-ലെ ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും വ്യവസായ മന്ത്രിയായിരുന്നു. 2017-ൽ ഇ. അഹമ്മദിൻെറ നിര്യാണത്തെ തുടർന്ന് മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച് എംപിയായി. 2003 മുതൽ 2011 വരെ മുസ്ലിം ലീഗിൻെറ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. പിന്നീട് ദേശീയ ട്രഷററായി. നിലവിൽ പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറിയാണ്.
എൻ. ഷംസുദ്ദീൻ

മുസ്ലിം ലീഗിൻെറ പുതുമുഖ മന്ത്രിയാണ് എൻ. ഷംസുദ്ദീൻ. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിൻെറ തുടക്കം. ഇടതുമുന്നണിക്കും ഐക്യജനാധിപത്യ മുന്നണിക്കും തുല്യസാധ്യതയുള്ള മണ്ണാർക്കാട് മണ്ഡലം ഷംസുദ്ദീൻ എത്തിയതിന് ശേഷം പിന്നീട് മാറിയിട്ടില്ല. തുടർച്ചയായി നാലാം തവണയാണ് അദ്ദേഹം പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ച് എം.എൽ.എയാവുന്നത്. 25,903 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇത്തവണ ജയം. കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകൾ വെച്ച് നോക്കിയാൽ ഏറ്റവും മികച്ച ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചത്. പിണറായി വിജയൻ സർക്കാരിനെതിരെ നിയമസഭയിൽ പ്രതിപക്ഷ എം.എൽ.എയെന്ന നിലയിൽ ശക്തമായ ഇടപെടലുകളാണ് ഷംസുദ്ദീൻ നടത്തിയിരുന്നത്.
മലപ്പുറം ജില്ലയിലെ തിരൂർ പറവണ്ണയിൽ 1969 മെയ് 31-ന് ജനിച്ച ഷംസുദ്ദീൻ കൊമേഴ്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും കോഴിക്കോട് ലോ കോളേജിൽ നിന്ന് എൽ.എൽ.ബിയും നേടിയിട്ടുണ്ട്. എം.എസ്.എഫ്, മുസ്ലിം യൂത്ത് ലീഗ് എന്നിവയുടെ മലപ്പുറം ജില്ലാ ഭാരവാഹിത്വവും സംസ്ഥാന ഭാരവാഹിത്വങ്ങളും വഹിച്ചിട്ടുണ്ട്. 2005-ൽ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. നിലവിൽ മുസ്ലിം ലീഗിൻെറ ദേശീയ പ്രവർത്തക സമിതി അംഗമാണ്.
പി.കെ. ബഷീർ

ഏറനാട് നിന്നുള്ള മുസ്ലിം ലീഗ് എം.എൽ.എ പി.കെ. ബഷീർ മന്ത്രിസഭയിലെ മറ്റൊരു പുതുമുഖമാണ്. 1959 സെപ്തംബർ 25-ന് മലപ്പുറം ജില്ലയിലെ എടവണ്ണ പത്തപ്പിരിയത്ത് ജനനം. മുസ്ലിം ലീഗ് നേതാവായിരുന്ന പി. സീതിഹാജിയുടെയും ഫാത്തിമ്മയുടെയും മകനാണ്. സീതിഹാജിയെ പോലെത്തന്നെ സരസമായി സംസാരിക്കുകയും നിയമസഭയിൽ കൃത്യമായ ഇടപെടലുകളം നടത്തുന്ന നേതാവാണ് പി.കെ. ബഷീർ. എം.എസ്.എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിക്കുന്നത്. മുസ്ലിം ലീഗിൻെറ വിദ്യാർത്ഥി യുവജന സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചിരുന്നു. എടവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു. നിലവിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗമാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 41289 വോട്ടുകൾക്കാണ് പി.കെ. ബഷീർ വിജയിച്ചത്. 2011-ലാണ് അദ്ദേഹം ആദ്യമായി വിജയിച്ച് എം.എൽ.എയാവുന്നത്. ഓരോ തവണയും ഭൂരിപക്ഷം ഉയർത്തി ഇത് നാലാം തവണയാണ് ഇപ്പോൾ നിയമസഭയിലെത്തുന്നത്.
കെ.എം. ഷാജി

മുസ്ലിം ലീഗിൻെറ യുവനേതാക്കളിൽ പ്രമുഖനായ കെ.എം. ഷാജിയും മന്ത്രിസഭയിൽ പുതുമുഖമാണ്. 1971 ഡിസംബർ 22ന് വയനാട് ജില്ലയിലെ കണിയാമ്പറ്റയിൽ ജനനം. വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലെത്തി. വിദ്യാർത്ഥിയായിരുന്ന കാലത്ത് കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനായിരുന്നു. മുസ്ലിം യൂത്ത് ലീഗിൻെറ പ്രസിഡൻറ് എന്ന നിലയിൽ നടത്തിയ പ്രവർത്തനങ്ങളും പ്രസംഗങ്ങളും പൊതുജനശ്രദ്ധയാകർഷിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറും പ്രസിഡൻറുമായിരുന്നു. 1977-ൽ മണ്ഡലം ഉണ്ടായ കാലം മുതൽ ഇടതുമുന്നണിയുടെ കോട്ടയായിരുന്ന അഴീക്കോട്, 2006-ൽ എം. പ്രകാശൻ മാസ്റ്ററെ പരാജയപ്പെടുത്തിയാണ് യുവനേതാവായിരുന്ന ഷാജി ആദ്യമായി നിയമസഭയിലെത്തുന്നത്. 2016-ലും മണ്ഡലം നിലനിർത്തിയിരുന്നു. എന്നാൽ 2021-ൽ സിപിഎമ്മിലെ കെ.വി. സുമേഷിനോട് പരാജയപ്പെട്ടു. 2026-ൽ മണ്ഡലം മാറി മുസ്ലിം ലീഗിൻെറ സുരക്ഷിത മണ്ഡലമായ വേങ്ങരയിൽ നിന്നാണ് മത്സരിച്ചത്. 30325 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വേങ്ങരയിൽ നിന്ന് വിജയിച്ചത്.
വി.ഇ. അബ്ദുൽ ഗഫൂർ

ആദ്യമായി എം.എൽ.എ ആയി നിയമസഭയിലെത്തുന്ന വി.ഇ. അബ്ദുൽ ഗഫൂർ മന്ത്രിസഭയിലേക്കും എത്തുന്നു. മുൻ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായിരുന്ന അന്തരിച്ച വി.കെ. ഇബ്രാഹിം കുഞ്ഞിൻെറ മകനാണ്. ഇബ്രാഹിം കുഞ്ഞ് പ്രതിനിധീകരിച്ചിരുന്ന കളമശ്ശേരി മണ്ഡലത്തിൽ നിന്ന് മന്ത്രി പി. രാജീവിനെ 16312 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. 2021-ൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി അബ്ദുൽ ഗഫൂർ കളമശ്ശേരിയിൽ മത്സരിച്ചിരുന്നു. അത്തവണ രാജീവിനോട് പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.
▮
കേരള കോൺഗ്രസ് (ജോസഫ്):
മോൻസ് ജോസഫ്

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിലെ മുതിർന്ന നേതാവെന്ന നിലയിലാണ് മോൻസ് ജോസഫ് മന്ത്രിസഭയിലേക്ക് എത്തുന്നത്. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ 1964-ലാണ് ജനനം. കേരള കോൺഗ്രസ്സിൻെറ വിദ്യാർത്ഥി വിഭാഗമായ കേരള സ്റ്റുഡൻറ്സ് കോൺഗ്രസ്സിലൂടെയാണ് രാഷ്ട്രീയപ്രവർത്തനം ആരംഭിക്കുന്നത്. നിയമ ബിരുദധാരിയായ മോൻസ് ജോസഫ് യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡൻറ്, കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് തുടങ്ങിയ പദവികളിലൂടെ പാർട്ടിയെ നയിച്ചു. 2006 മുതൽ 2026 വരെ രണ്ട് പതിറ്റാണ്ട് കാലമായി കടുത്തുരുത്തി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു. 31300 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. നേരത്തെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ രണ്ട് വർഷക്കാലം ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു. പി.ജെ. ജോസഫ് കഴിഞ്ഞാൽ കേരള കോൺഗ്രസ്സിലെ രണ്ടാമനാണ് മോൻസ് ജോസഫ്.
▮
ആർ.എസ്.പി:
ഷിബു ബേബി ജോൺ

ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായ ഷിബു ബേബി ജോൺ ഇത് രണ്ടാം തവണയാണ് മന്ത്രിയാവുന്നത്. 1963 ജൂലൈ 27-ന് കൊല്ലത്താണ് ജനനം. മുൻ മന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബി ജോണിൻെറയും അന്നമ്മ ജോണിൻെറയും മകനാണ്. ടി.കെ.എം എഞ്ചിനീയറിങ് കോളേജിൽ നിന്ന് എഞ്ചിനീയറിങ് പാസ്സായി. വ്യവസായിയും സിനിമാ നിർമ്മാതാവും കൂടിയായ ഷിബു ബേബി ജോൺ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത് 2001-ലാണ്. ബേബി ജോൺ പതിറ്റാണ്ടുകളായി (1977 മുതൽ 1996 വരെ) മത്സരിച്ച് വിജയിച്ചിരുന്ന ചവറയിൽ നിന്ന് അച്ഛൻെറ പിൻഗാമിയായാണ് ഷിബു ബേബി ജോൺ ആദ്യമായി എം.എൽ.എയാവുന്നത്. 2005-ൽ ഔദ്യോഗിക ആർ.എസ്.പിയുമായി ഇടഞ്ഞ് ആർ.എസ്.പി (ബി) എന്ന മറ്റൊരു പാർട്ടിയുണ്ടാക്കി. 2006-ൽ ചവറയിൽ നിന്ന് മത്സരിച്ചുവെങ്കിലും ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രനോട് പരാജയപ്പെട്ടു. 2011-ൽ പ്രേമചന്ദ്രനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ച് പിടിച്ചു. ഒപ്പം ഉമ്മൻചാണ്ടി മന്ത്രസഭയിൽ തൊഴിൽ മന്ത്രിയുമായി. പിന്നീട് ഷിബു ബേബി ജോണിൻെറ പാർട്ടിയായ ആർ.എസ്.പി (ബി) ആർ.എസ്.പിയിൽ ലയിച്ച് വീണ്ടും ഒറ്റ പാർട്ടിയായി. 2016-ൽ വിജയൻ പിള്ളയോടും 2021-ൽ അദ്ദേഹത്തിൻെറ മകൻ സുജിത്ത് വിജയൻ പിള്ളയോടും ഷിബു പരാജയപ്പെട്ടിരുന്നു. എന്നാൽ 2026-ൽ പത്ത് വർഷത്തിന് ശേഷം 18573 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ മണ്ഡലം തിരിച്ചുപിടിച്ചാണ് ഷിബു ബേബി ജോൺ മന്ത്രിയാവുന്നത്. 2023 മുതൽ ആർ.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി അദ്ദേഹം പ്രവർത്തിക്കുന്നു.
▮
സി.എം.പി:
സി.പി. ജോൺ

യു.ഡി.എഫിന്റെ നയരൂപീകരണത്തിൽ ശ്രദ്ധേയമായ പങ്കുവഹിക്കുന്ന സി.പി. ജോണിന് അർഹമായ ജയവും മന്ത്രിപദവിയും ലഭിക്കാൻ ഇത്ര കാലമെടുത്തു എന്നതിൽ യു.ഡി.എഫ് നേതാക്കൾക്കുതന്നെ വിഷമമുണ്ട്. അർഹമായ സ്ഥാനം അദ്ദേഹത്തിന് ലഭിക്കാത്തതിലുള്ള വിഷമം വി.ഡി. സതീശൻ തന്നെ തുറന്ന് പ്രകടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇത്തവണ ജയസാധ്യതയുള്ള സീറ്റ് തന്നെ നൽകണമെന്ന തീരുമാനമുണ്ടായത്. ഒരു എം.എൽ.എ മാത്രമുള്ള പാർട്ടിയായിട്ടും സി.എം.പിക്ക് പൂർണ മന്ത്രിസ്ഥാനം ലഭിച്ചതിലും സി.പി. ജോണിന്റെ രാഷ്ട്രീയസംഭാവനകൾ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
1985-ൽ എം.വി. രാഘവനെ സി.പി.എമ്മിൽനിന്ന് പുറത്താക്കിയപ്പോൾ, അദ്ദേഹത്തോടൊപ്പം നിന്ന് സി.എം.പി രൂപീകരിക്കാൻ നേതൃത്വം നൽകി. 2014-ൽ എം.വി. ആർ മരിച്ചപ്പോൾ പാർട്ടി ജനറൽ സെക്രട്ടറിയായി. 2016-ൽ പാർട്ടിയിൽ പിളർപ്പുണ്ടായെങ്കിലും യു.ഡി.എഫിൽ ഉറച്ചുനിന്നു. കുന്നംകുളത്തുനിന്ന് രണ്ടു തവണ മത്സരിച്ചെങ്കിലും തോറ്റു. 2011-ൽ 481 വോട്ടിനാണ് തോറ്റത്.
എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിലെത്തിയത്. എസ്.എഫ്.ഐയുടെ പ്രായം കുറഞ്ഞ സംസ്ഥാന പ്രസിഡന്റായിരുന്ന സി.പി. ജോൺ, വിദ്യാർഥിരാഷ്ട്രീയത്തിലെ തീപ്പൊരി നേതാവായിരുന്നു. ആസൂത്രണ സമിതി അംഗമായിരുന്നു. സാമ്പത്തിക വിഷയങ്ങളിൽ ഇടപെടുന്നു, എഴുത്തുകാരനുമാണ്.
▮
കേരള കോൺഗ്രസ് (ജേക്കബ്)
അനൂപ് ജേക്കബ്

രണ്ടാം തവണയാണ് അനൂപ് ജേക്കബ് മന്ത്രിസഭയിലെത്തുന്നത്. കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാപകനേതാവ് ടി.എം. ജേക്കബിൻെറയും ആനി ജേക്കബിൻെറയും മകൻ. 1977 ഡിസംബർ 16-ന് കോട്ടയത്ത് ജനനം. കേരള സ്റ്റുഡൻറ്സ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയപ്രവേശനം. മാർ ഇവാനിയോസ് കോളേജിൽ വിദ്യാർത്ഥിയായിരിക്കെ മാഗസിൻ എഡിറ്ററായിരുന്നു. യൂത്ത് കോൺഗ്രസ് (ജേക്കബ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രസിഡൻറുമായിരുന്നു. പിതാവ് ടി.എം. ജേക്കബിൻെറ നിര്യാണത്തെ തുടർന്ന് 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിറവത്ത് നിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 2006-ൽ ടി.എം. ജേക്കബിനെ തോൽപ്പിച്ച എം.ജെ. ജേക്കബിനെ വെറും 157 വോട്ടുകൾക്കാണ് കന്നി മത്സരത്തിൽ പരാജയപ്പെടുത്തിയത്. എം.എൽ.എ ആയതിന് പിന്നാലെ അദ്ദേഹം മന്ത്രിയുമായി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ 44681 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ് നിയമസഭയിലെത്തുന്നത്.
▮
തിരുവഞ്ചൂർ രാധാകൃഷ്ണൻ
സ്പീക്കർ

എം.എൽ.എയായി മൂന്നര പതിറ്റാണ്ട് പിന്നിട്ടശേഷമാണ് മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറാകുന്നത്. 2004-ൽ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ ജലവിഭവം, വനം, ആരോഗ്യം, പാർലമെന്ററികാര്യം എന്നീ വകുപ്പുകളുടെ ചുമതല വഹിച്ചു. രണ്ടാം ഉമ്മൻചാണ്ടി മന്ത്രിസഭയിൽ റവന്യൂമന്ത്രിയായിരുന്നു. 2012-ൽ ആഭ്യന്തരമന്ത്രിയുമായി.
ഷാനിമോൾ ഉസ്മാൻ
ഡെപ്യൂട്ടി സ്പീക്കർ

‘പേരിനൊരു വനിതാമന്ത്രി പോരാ, അർഹമായ പ്രാതിനിധ്യം വേണം’ എന്ന ഉറച്ച നിലപാടെടുത്ത ഷാനിമോൾ ഉസ്മാൻ, കോൺഗ്രസിലെ സ്ത്രീപ്രാതിധിന്യത്തിന്റെ കാര്യത്തിൽ നിരന്തരമായി ശബ്ദമുയർത്തുന്ന നേതാവാണ്. പല വിഷയങ്ങളിലും നിർഭയം അഭിപ്രായപ്രകടനം നടത്താറുണ്ട്. കേരളത്തിൽനിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യ വനിത. കോൺഗ്രസ്സിലുള്ള വനിതാ എം.എൽ.എമാരിലെ മുതിർന്ന നേതാവ് എന്ന പരിഗണനയാണ് ഇത്തവണ അവർക്ക് ലഭിച്ചത്.
ആലപ്പുഴ എസ്.ഡി. കോളേജിൽ പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ കെ.എസ്.യു. വിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. തിരുവനന്തപുരം ലയോള കോളേജിൽ ബിരുദാനന്തരബിരുദത്തിനും തിരുവനന്തപുരം ലോ അക്കാദമിയിൽ നിയമബിരുദത്തിനും പഠിക്കുമ്പോൾ മുഴുവൻ സമയ വിദ്യാർത്ഥിരാഷ്ട്രീയപ്രവർത്തകയായി. തുടർന്ന് അമ്പലപ്പുഴ കോടതിയിൽ അഭിഭാഷകമായി പ്രാക്റ്റീസ് ആരംഭിച്ചു.
2019 ൽ അരൂരിൽ നടന്ന നിയമസഭാ ഉപതെരെഞ്ഞെടുപ്പിൽ 1955 വോട്ടിനാണ് ജയിച്ചത്.
കേരളത്തിൻെറ മുൻ മുഖ്യമന്ത്രിമാർ
ഇ.എം.എസ്: 1957- 59, 1967- 69.
പട്ടം താണുപ്പിള്ള: 1960- 62.
ആർ. ശങ്കർ: 1962-64.
സി. അച്യുതമേനോൻ: 1969-70, 1970- 77.
കെ. കരുണാകരൻ: 1977 മാർച്ച്- ഏപ്രിൽ, 1981-82, 1982- 87, 1991-95.
എ.കെ. ആന്റണി: 1977-78, 1995-96, 2001-2004.
പി.കെ. വാസുദേവൻ നായർ: 1978- 79.
സി.എച്ച്. മുഹമ്മദ് കോയ: 1979 ഒക്‌ടോബർ- -ഡിസംബർ.
ഇ.കെ. നായനാർ: 1980-1981, 1987-1991, 1996- 2001.
ഉമ്മൻചാണ്ടി: 2004-2006, 2011- 2016.
വി.എസ്. അച്യുതാനന്ദൻ: 2006- 2011.
പിണറായി വിജയൻ: 2016- 21, 2021- 2026.
