റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി - ആർ.എസ്.പി എന്നാണ് എൻ.കെ. പ്രേമചന്ദ്രൻ എന്ന കൊല്ലം എം.പിയുടെ പാർട്ടിയുടെ പേര്. സാമൂഹ്യ വിപ്ലവ സമരത്തിൻ്റെ മൂർധന്യത്തിൽ അദ്ദേഹം എഴുതുകയാണ്, “ശബരിമല വിശ്വാസത്തെ വികലമാക്കാൻ വനിതകളെ കൊണ്ടുവന്ന് ഗസ്റ്റ്‌ഹൗസിൽ പാർപ്പിച്ച്, ബീഫും പൊറോട്ടയും കഴിപ്പിച്ച്, പോലീസിന്റെ എസ്‌കോർട്ടോടെ മലകയറ്റിച്ച് വിശ്വാസത്തെ അവഹേളിച്ച പിണറായി സർക്കാരിന്റെ നിന്ദ്യവും ഹീനവുമായ നീക്കം കേരളം ഒരിക്കലും മറക്കില്ല.” ഫേസ്ബുക്കിൽ എഴുതുന്നതിനു മുൻപ് വിപ്ലവ നേതാവ് കൊല്ലം എം.പി അത് പ്രസംഗിക്കുകയും ചെയ്തിരുന്നു. പ്രസംഗം വിപ്ലവ വ്യതിയാനമല്ല, ഉറപ്പിച്ച് തന്നെ പറഞ്ഞ പുത്തൻ വിപ്ലവ പരിപാടിയാണ് എന്ന് സ്ഥാപിക്കാനാണ് ഒരു ഫേസ് ബുക്ക് കുറിപ്പുകൂടിയിട്ട് അദ്ദേഹം വിപ്ലവ പതാക ഒന്നുകൂടി ഉയരത്തിൽ വീശിയത്.
പ്രസംഗത്തിൽ പക്ഷേ പ്രേമചന്ദ്രൻ, വനിതകൾ എന്നല്ല പറഞ്ഞത്. ബിന്ദു അമ്മിണിയും “രഹ്ന ഫാത്തിമയും" എന്നാണ്. ബിന്ദു അമ്മിണിയും കനക ദുർഗ്ഗയുമാണ് ഒന്നിച്ച് മല കയറിയതെന്ന കാര്യം പ്രേമചന്ദ്രൻ മറന്ന് പോയതല്ല. രഹ്ന ഫാത്തിമ ഒറ്റയ്ക്കാണ് പോയതെന്നും കുറച്ച് ദൂരം കറിയപ്പോഴേക്കും തിരിച്ചിറങ്ങിയെന്നുമുള്ള വസ്തുതയും കൊല്ലം എം.പിക്ക് അറിയാം. പക്ഷേ ഒരു മുസ്ലീം പേരും ദലിത് സ്ത്രീയുടെ പേരും ഒന്നിച്ച് പറയുമ്പോൾ അതിനുണ്ടാവുന്ന വർഗ്ഗീയ ഇംപാക്ടാണ് പ്രേമചന്ദ്രൻ്റെ ലക്ഷ്യം. പൊറോട്ടയും ‘ബീഫും’ എന്നുപറഞ്ഞ പ്രേമചന്ദ്രൻ ഇന്ത്യൻ ഹിന്ദുത്വ രാഷ്ട്രീയത്തിലെ ആൾക്കൂട്ടക്കൊലകളിലെ ബീഫിനെയും കൊല്ലപ്പെട്ട മുസ്‌ലീമായ മുഹമ്മദ് അഖ്‌ലാക്കിനെയും തൊട്ട് സകല ഹിംസാ പ്രതീകങ്ങളെയും ഒരു മുന്നറിയിപ്പിൻ്റെ ധ്വനിയോടെ ഓർമിപ്പിച്ചു. സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തിലെ മുസ്ലീമിനും ബീഫിനുമുള്ള ഹിന്ദുത്വ വ്യാഖ്യാനങ്ങൾക്ക് റെവല്യൂഷണറി പാർട്ടിയിലെ എം.പിയായ നേതാവ് നൽകിയ പൊറുക്കരുതാത്ത പിന്തുണയാണത്. കണക്കുകൂട്ടി, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഭാവിയിലേക്ക് നീട്ടിത്തട്ടിയ പന്താണാ പ്രസംഗം. ശബരിമല ഗെയിമിൽ യു.ഡി.എഫിൻ്റെ ബാക്കിൽ നിന്ന് ഫോർവേഡ് പൊസിഷനിൽ വന്ന് നിന്ന് പ്രേമചന്ദ്രൻ നടത്തിയ ശക്തമായ എണ്ണം പറഞ്ഞ വർഗ്ഗീയ നീക്കം. നിരവധി മാനങ്ങളുണ്ട് പ്രേമചന്ദ്രൻ്റെ പ്രസ്താവനയിലെ ഓരോ വാക്കുകൾക്കും.
ഏഴ് വർഷം മുൻപ് 2018 സെപ്തംബർ 28-നാണ് യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിൻ്റെ വിധി വരുന്നത്. പുരുഷാധിപത്യ നിയമങ്ങൾ മാറേണ്ടതുണ്ട് എന്നും മതത്തിലെ പുരുഷാധിപത്യം, പ്രാർത്ഥിക്കാനും മതം അനുഷ്ഠിക്കാനുമുള്ള സ്ത്രീകളുടെ അവകാശത്തെ മറികടക്കാൻ അനുവദിക്കരുത് എന്നും വിധി വ്യക്തമാക്കുന്നു. ജൈവികമായ ശാരീരികാവസ്ഥകളുടെ അടിസ്ഥാനത്തിൽ സ്ത്രീകളെ മാറ്റി നിർത്തുന്നത് ഭരണഘടനയ്ക്ക് വിരുദ്ധമാണ് എന്നും അത് തൊട്ടുകൂടായ്മയ്ക്ക് തുല്യമാണെന്നും തുടങ്ങി ഒട്ടേറെ കാര്യങ്ങൾ കോടതിവിധിയിൽ ഉണ്ട്. ഇന്ത്യയെന്ന മതേതര ഭരണഘടനാ റിപ്പബ്ലിക്കിൽ മതബോധത്തിന്റെ ജീർണ്ണാചാരങ്ങളും മതധാർമ്മികതയുമല്ല ഭരണഘടനാ മൂല്യങ്ങളും ഭരണഘടനാ ധാർമ്മികതയുമാണ് പൗരാവകാശങ്ങൾ നിർണയിക്കുന്നതെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നതായിരുന്നു ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി.
ഈ കോടതിവിധി നടപ്പാക്കുകയും യുവതീ പ്രവേശനത്തിന് ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കുകയും ചെയ്യുകയെന്നത് നിയമവാഴ്ചയുള്ള ഈ നാട്ടിൽ സംശയമില്ലാതെ നടക്കേണ്ടതായിരുന്നു. കേരളത്തിലെ പുരോഗമന മതേതര സമൂഹം വിധിയുടെ സാമൂഹ്യ, രാഷ്ട്രീയ നിലപാടുകൾക്കൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ സുവർണാവസരം വീണുകിട്ടിയ സംഘപരിവാർ അവസരത്തെ വർഗ്ഗീയമായി മുതലെടുക്കുകയും നുണപ്രചരണങ്ങൾ നടത്തിയും സംഘർഷങ്ങളുണ്ടാക്കിയും സ്ത്രീകളെ തെരുവിലിറക്കിയും ശബരിമല യുവതീ പ്രവേശന വിഷയത്തെ മുൻനിർത്തി കേരളത്തിൻ്റെ സാമൂഹ്യാന്തരീക്ഷത്തെ വികലമാക്കുകയുമാണ് ചെയ്തത്. എന്നാൽ സംഘപരിവാറിനെപ്പോലും ലജ്ജിപ്പിക്കുന്ന വിധത്തിൽ കോൺഗ്രസും മുസ്ലീം ലീഗും പ്രേമചന്ദ്രൻ്റെ വിപ്ലവ പാർട്ടിയും ഉൾപ്പെട്ട യു.ഡി.എഫ്, യുവതീപ്രവേശനത്തിനെതിരായ സമരങ്ങളെ ഏറ്റെടുക്കുന്ന കാഴ്ചയാണ് പിന്നീടന്ന് കണ്ടത്.
പിന്തിരിപ്പനും നവോത്ഥാന മൂല്യങ്ങളെ വകവെയ്ക്കാത്തതും ഹിന്ദുത്വവർഗ്ഗീയതയെ പരസ്യമായി പിന്തുണയ്ക്കുന്നതുമായ ഒരു നിലപാട് സംഘപരിവാറിന് മാത്രമായി വിട്ടുകൊടുത്തില്ലല്ലോ എന്ന് അഭിമാനിക്കുകയായിരുന്നു അന്ന് യു.ഡി.എഫ് നേതാക്കൾ. നാമജപ ഘോഷയാത്രയും, സുപ്രീം കോടതി വിധിയുമനുസരിച്ച് മല കയറാനെത്തിയ സ്ത്രീകളെ തടയലും, അറസ്റ്റുകളും ഹിന്ദുത്വവാദികളുടെ പലതരം പ്ലാനുകളും സമരമെന്ന പേരിലെ ആഭാസങ്ങളും സംഘർഷങ്ങളുമൊക്കെയായി ആ കാലം കടന്നു. അത് ആധുനിക കേരളത്തിൻ്റെ മതേതര സാമൂഹിക ബോധത്തിനും ക്രമത്തിനും ഏല്പിച്ച ആഘാതം വളരെ വലുതായിരുന്നു, അതിൻ്റെ ആഫ്റ്റർ ഷോക്ക്സ് ഇപ്പോഴും തുടരുന്നു.
യു.ഡി.എഫ് പക്ഷേ അവിടം കൊണ്ട് നിർത്തിയില്ല. 2021 ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആചാരം ലംഘിക്കുന്നവർക്ക് രണ്ട് വർഷം തടവുശിക്ഷയും പിഴയും ഉറപ്പ് വരുത്തും എന്ന് പറയുന്ന ഒരു നിയമത്തിൻ്റെ കരട് - Sabarimala Ayyappa devotees (protection of Religious rights, customs and usage Act, 2021 പുറത്തിറക്കി സംഘപരിവാറിനെപ്പോലും നാണിപ്പിച്ചു ആ മുന്നണി. സംഘപരിവാറിൻ്റെ ഹിന്ദുത്വ ഗെയിമിലെ ആ പകുതിയിൽ മികച്ച ആക്രമണ തന്ത്രം പയറ്റിയത് യു.ഡി.എഫായിരുന്നു. കോൺഗ്രസ്സിൻ്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് അന്ന് ശബരിമല യുവതീ പ്രവേശന വിഷയത്തെ അങ്ങനെയല്ലായിരുന്നു സമീപിച്ചിരുന്നതെങ്കിൽ ശബരിമല യുവതീ പ്രവേശന ചരിത്രം മറ്റൊന്നാകുമായിരുന്നു. അന്നും കൊല്ലം എം.പിയായിരുന്ന പ്രേമചന്ദ്രൻ ലോക്സഭയിൽ 'Sabarimala Sreedharma Sastha Temple (Special Provisions) Act, 2019' എന്നൊരു സ്വകാര്യ ബിൽ അവതരിപ്പിച്ചുകൊണ്ട് ആചാരസംരക്ഷണത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും കാര്യത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യക്ഷ പ്രചാരകനായ ബി.ജെ.പിയെ കടത്തിവെട്ടാൻ ശ്രമിച്ചുകൊണ്ടാണ് പാർലമെന്റിലെ സുദീർഘ പ്രവർത്തനപരിചയത്തിന്റെ മിടുക്ക് കാണിച്ചത്. ഇപ്പോഴിതാ വീണ്ടുമൊരു തെരഞ്ഞെടുപ്പ് കാലം മുന്നിലെത്തുമ്പോൾ പ്രത്യക്ഷ വർഗ്ഗീയതയുടെ അതേ പിന്തിരിപ്പൻ ഗെയിംപ്ലാൻ പൂർവ്വാധികം ശക്തിയോടെ പുറത്തെടുത്തിരിക്കുകയാണ് എൻ. കെ. പ്രേമചന്ദ്രൻ.
കാലം മാറിയിട്ടുണ്ട്, ഹിന്ദുത്വ ഗെയിമിലെ സജീവ പങ്കാളികളായി അയ്യപ്പ സംഗമവും ഇസ്‌ലാമോഫോബിയയുടെ ഉസ്താദായി വെള്ളാപ്പള്ളി നടേശനും അമൃതാനന്ദമയിക്ക് ആത്മീയ സ്നേഹത്തിൻ്റ ചുംബനാദരം നൽകിയ സജി ചെറിയാനും യോഗി ആദിത്യ നാഥിൻ്റെ ആശംസ വായിച്ച് മതി വരാത്ത വി.എൻ. വാസവനും മുഷ്ടി ചുരുട്ടി സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിക്കുന്ന സഖാക്കളും ഉണ്ട്. ശബരിമല സ്ത്രീപ്രവേശന വിധക്കെതിരായ ലഹളയ്ക്ക് സവർണ്ണ, ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഒപ്പം മാത്രമല്ല മുന്നിലും നിന്ന് നേതൃത്വം നൽകിയ എൻ എസ് എസ് ആചാരസംരക്ഷണത്തിന് തയ്യാറായ പിണറായി സർക്കാരിനെ അഭിനന്ദിച്ച് ശരിദൂരം കണ്ടെത്തിയിട്ടുണ്ട്. പിണറായി വിജയൻ സർക്കാരിൻ്റെ ബാനറേന്തിയാണ് എല്ലാവരുടേയും നിൽപ്പ്. ഉണ്ണികൃഷ്ണൻ പോറ്റി പലകാല ദേവസ്വം ബോഡുകളുടെ സജീവ സഹകരണത്താൽ അയ്യപ്പൻ്റെ സ്വർണ്ണം മുഴുവൻ കട്ടുകൊണ്ടുപോയ ശബരിമലയിലാണ് ഇപ്പോൾ ചർച്ച. ഈ രാഷ്ട്രീയ സാഹചര്യത്തിലാണ്, സുവർണ്ണാവസരത്തിലാണ് ബിന്ദു അമ്മിണിയേയും രഹ്നാ ഫാത്തിമയെയും പൊറോട്ടയും ബീഫിനേയും ചേർത്തൊരു പ്രേമചന്ദ്രൻ പ്രകടനം.
ഹിന്ദുത്വരാഷ്ട്രീയം ഒരുക്കിയെടുത്ത വർഗ്ഗീയ മണ്ണ് കേരളത്തിലും പാകപ്പെടുകയാണ്. വർഗ്ഗീയതയും വികസനവുമാണ് അതിൻ്റെ തെരഞ്ഞെടുപ്പ് കോമ്പോ വിഷയം. മനുഷ്യരുടെ ജീവൽ പ്രശ്നങ്ങളോ ജീവിതമോ, മൂലധന രാഷ്ട്രീയത്തിൻ്റെ കൊള്ളക്കൊടുക്കലോ അവിടെ ചർച്ചാവിഷയമേ ആവുന്നില്ല. ആവാനും പോകുന്നില്ല.
പ്രേമചന്ദ്രൻ്റെ വർഗ്ഗീയ പ്രസംഗത്തിൽ മറ്റൊന്നു കൂടി പ്രകടമാണ്. അതിൽ, സർക്കാർ വനിതകളെ ‘കൊണ്ടുവരികയാണ്’. ഗസ്റ്റ്‌ഹൗസിൽ ‘പാർപ്പിക്കുകയാണ്’, ബീഫും പൊറോട്ടയും ‘കഴിപ്പിക്കുകയാണ്’. പോലീസിന്റെ എസ്‌കോർട്ടോടെ ‘മലകയറ്റിക്കുകയാണ്’. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ, ലിംഗനീതി ഉറപ്പു നൽകുന്നന്ന ഭരണഘടനയുടെ ഉറപ്പിൽ മലകയറുന്ന സ്ത്രീകൾക്ക് സംരക്ഷണം വാഗ്ദാനം ചെയ്യേണ്ട സംസ്ഥാന സർക്കാരിൻ്റെ നിയമവാഴ്ച്ച ഉറപ്പുവരുത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തിനെ വിശ്വസിച്ചുകൊണ്ട്, ആത്മധൈര്യത്തോടെ മലകയറാനെത്തിയ സ്ത്രീകളുടെ വ്യക്തിത്വത്തെയാണ് എൻ.കെ. പ്രേമചന്ദ്രൻ എന്ന വിപ്ലവ പാർട്ടി നേതാവ് ഒറ്റയടിക്ക് ഇല്ലാതാക്കിക്കളയാൻ തുനിഞ്ഞത്. പ്രേമചന്ദ്രനെതിരെ ബിന്ദു അമ്മിണി നിയമ നടപടി സ്വീകരിച്ചിട്ടുണ്ട്. വർഗ്ഗീയതയും സ്ത്രീവിരുദ്ധതയും ഒന്നിച്ച് പ്രയോഗിക്കുകയായിരുന്നു പ്രേമചന്ദ്രൻ. പക്ഷേ അതിൻ്റെ കുറ്റം ഒറ്റ പ്രേമചന്ദ്രനിൽ ഒതുക്കാവുന്നതല്ല. 2018 ലെ കോടതി വിധിക്കും മല കയറലിനും ശേഷം എന്തു സംഭവിച്ചിരുന്നു ബിന്ദു അമ്മിണിയ്ക്കും കനക ദുർഗ്ഗയ്ക്കും രഹ്ന ഫാത്തിമയ്ക്കും എന്നൊന്ന് തിരിഞ്ഞു നോക്കിയാൽ മനസ്സിലാവും പുരോഗമന മതേതര കേരളത്തിന് അതിൻ്റെ രാഷ്ട്രീയം. തെരുവിൽ അക്ഷരാർത്ഥത്തിൽ അടികൊള്ളുകയായിരുന്നു ബിന്ദു അമ്മിണി. അർഹിക്കുന്ന ആദരമോ അംഗീകാരമോ വേദികളോ ഓർമകളോ പോലും ആരും ഔദ്യോഗികമായും അല്ലാതെയും അവർക്ക് കേരളത്തിൽ നൽകിയില്ല. എൻ.കെ പ്രേമചന്ദ്രന് ഇത്ര പരസ്യമായി ബിന്ദു അമ്മിണിയുടേയും രഹ്നഫാത്തിമയുടേയും പേരുകൾ വർഗ്ഗീയമായും സ്ത്രീവിരുദ്ധമായും ചേർത്തു വെക്കാൻ കഴിയുന്നത് നവോത്ഥാന തുടർച്ചയും പുരോഗമനവും അവകാശപ്പെടുന്ന കേരളം ആ സ്ത്രീകളോട്, അവരുടെ സമരത്തോട് കാണിച്ച ആ നെറികേടിൻ്റെ ബലത്തിൽക്കൂടിയാണ്. ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ധീരമായൊരു സ്ത്രീപക്ഷ സമരത്തിന് സ്വന്തം ജീവനും ജീവിതവും അപകടത്തിലാക്കിക്കൊണ്ട് മുന്നിട്ടിറങ്ങിയ ആ സ്ത്രീകളെ നവോത്ഥാന സദസ്സുകളിലോ ഇടതുപക്ഷത്തിന്റേതടക്കമുള്ള സ്ത്രീ സംഘടനകളുടെ വേദികളിലോ ആരും വിളിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്യാത്തത് യാദൃച്ഛികമല്ല.
എൻ.കെ. പ്രേമചന്ദ്രൻ്റെ പ്രസംഗം ഒരു തുടക്കമോ തുടർച്ചയോ ആണ്. വർഗ്ഗീയ - സാമുദായിക രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പിൻ്റെ കോർട്ടിൽ മത്സരിക്കാൻ തയ്യാറായി നിൽക്കുന്ന മുന്നണികളുടെ മുന്നിലേക്ക് കത്തിച്ചിട്ട വിഷപ്പുക നിറഞ്ഞ ഒരു ഏറുപടക്കം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സാമൂഹ്യവും രാഷ്ട്രീയവുമായ അധികാരപദ്ധതി നടപ്പാവുന്നത് ഹിന്ദുത്വത്തെ പൊതുബോധമാക്കിക്കൊണ്ടാണ്. "Hinduise all Politics and Militarise Hindudom" എന്ന് വി.ഡി. സവർക്കർ പറഞ്ഞത് സംഘപരിവാറിന്റെ സംഘടനാരൂപത്തിനുള്ളിൽ ഒതുങ്ങിനിൽക്കുന്ന പ്രക്രിയയല്ല. ഒരു നൂറ്റാണ്ടോളമായി നടത്തുന്ന പ്രവർത്തനങ്ങളിലൂടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രത്തെയും അതിന്റെ ഹിംസാത്മകതയെയും സ്വാഭാവികമായ പൊതുബോധമാക്കി മാറ്റുന്ന പണി കൂടിയാണ് സംഘപരിവാർ ചെയ്യുന്നത്. ആർ എസ് എസിൽ ചേരാതെയും തെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ മത്സരിച്ചും ആ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പൊതുബോധത്തിനൊപ്പം രാഷ്ട്രീയ അവസരവാദത്തിന്റെ അടവുകളിലൂടെ നിൽക്കാൻ കഴിയുന്ന പ്രേമചന്ദ്രനെപ്പോലുള്ളവരെ രാഷ്ട്രീയ എതിരാളികളായി കിട്ടുന്നതോടെയാണ് Hinduise all politics എന്ന സവർക്കറുടെ ഹിന്ദുത്വ രാഷ്ട്രീയ പരിപാടി നടപ്പാക്കുന്നത്. Militarise Hindudom എന്ന അടുത്ത ഘട്ടം സംഘപരിവാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ആ പഥസഞ്ചലനത്തിനു പൂവിരിക്കണോ ദണ്ഡയും ഗണഗീതവുമായി അണിചേരണോ എന്നതുമാത്രമാകും പ്രേമചന്ദ്രനെപ്പോലുള്ളവർക്ക് ബാക്കിയാകുന്ന തെരഞ്ഞെടുപ്പ്.
മൃദുഹിന്ദുത്വയും തീവ്രഹിന്ദുത്വവും പരസ്പരം മത്സരിക്കുന്ന തെരഞ്ഞെടുപ്പു തീരുമ്പോൾ എന്തു തരം കേരളമാണ് ബാക്കിയാവുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ.
