ആലപ്പുഴയിൽ നടന്ന എസ്.എൻ.ഡി.പി കൗൺസിൽ യോഗം, നായർ- ഈഴവ ഐക്യനീക്കത്തിന് അനുകൂലമായി പ്രമേയം പാസാക്കി. ‘നായാടി മുതൽ നസ്രാണി വരെയുള്ള ഐക്യം അനിവാര്യം’ എന്ന് പ്രമേയത്തിൽ പറയുന്നു. എൻ.എസ്.എസുമായുണ്ടായിരുന്ന ഭിന്നത പഴങ്കഥയായെന്ന്, തുടർന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ- വെള്ളാപ്പള്ളി കൂടിക്കാഴ്ച ഉടൻ നടക്കും. എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസിന്റെ പ്രസിഡന്റും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളിയാണ് തുടർചർച്ചയ്ക്ക് മേൽനോട്ടം വഹിക്കുക. നായാടി മുതൽ നസ്രാണി’വയെുള്ളവർ എന്നതിൽ മുസ്‍ലിംകളുമുണ്ടെന്നും എതിർപ്പ് മുസ്‍ലിം ലീഗിനോടു മാത്രമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർക്കുന്നുണ്ട്.
തൊട്ടുപുറകേ, എസ്.എൻ.ഡി.പി യോഗത്തെ പെരുന്നയിലേക്ക് സുകുമാരൻ നായർ സ്വാഗതം ചെയ്തു. ഹിന്ദുക്കളുടെ യോജിപ്പില്ലാത്തത് വെല്ലുവിളിയാണെന്നും അതുകൊണ്ടുതന്നെ എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി ഐക്യം കാലഘട്ടത്തിന്റെ ആവശ്യമെന്നും സുകുമാരന്‍ നായര്‍ പറയുന്നു. അങ്ങനെ, നായർ- ഈഴവ ഐക്യത്തിനുള്ള മണ്ണ് സജ്ജമായി എന്നു പറയാം.
ഒന്നര പതിറ്റാണ്ടിനുശേഷം, മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വെച്ച്, വീണ്ടും നായർ- ഈഴവ ഐക്യകാഹളമുയരുമ്പോൾ, കേരളത്തിന്റെ രാഷ്ട്രീയ സമൂഹത്തിലേക്ക് ഹിന്ദുത്വ വർഗീയതയെ കടത്തിവിട്ട ചില ചരിത്രസന്ദർഭങ്ങൾ ഓർമ വരുന്നു.
ആർ.എസ്.എസാണ് നായർ- ഈഴവ സഖ്യത്തിന്റെ സ്വാഭാവിക ഗുണഭോക്താവ്. എന്നാൽ, ഇപ്പോൾ ഇടതുപക്ഷം കൂടി പങ്കാളിയാകുന്നതോടെ, അതിന്റെ ആഘാതശേഷി മാരകമാകുന്നു.
ആർ.എസ്.എസാണ് നായർ- ഈഴവ സഖ്യത്തിന്റെ സ്വാഭാവിക ഗുണഭോക്താവ്. എന്നാൽ, ഇപ്പോൾ ഇടതുപക്ഷം കൂടി പങ്കാളിയാകുന്നതോടെ, അതിന്റെ ആഘാതശേഷി മാരകമാകുന്നു, നിയമസഭാ തെരഞ്ഞെടുപ്പ് എന്ന 'അടിയന്തര സാഹചര്യം' കഴിഞ്ഞും തുടരുന്ന വർഗീയ ധ്രുവീകരണത്തിലേക്ക് അത് സഞ്ചരിക്കാനുള്ള സാധ്യതയേറുന്നു.
കേരളത്തിൽ 'വിശാല ഹിന്ദു' എന്ന പ്രയോഗത്തിന്റെ രചനയും സംവിധാനവും ആർ.എസ്.എസാണ്. പ്രധാന അഭിനേതാക്കളായി എൻ.എസ്.എസും എസ്.എൻ.ഡി.പിയും എന്നുമുണ്ടായിരുന്നു.
1950-ൽ ആർ.എസ്.എസിന്റെ കാർമികത്വത്തിൽ ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചത് ഈയൊരു ലക്ഷ്യത്തിനാണ്. അവർണ ഹിന്ദുക്കളുടെയും ന്യൂനപക്ഷങ്ങളായ അഹിന്ദുക്കളുടെയും പ്രാതിനിധ്യാവകാശങ്ങൾക്കെതിരെയാണ് ഈ സംഘടന നിലവിൽവന്നത്. ന്യൂനപക്ഷമെന്ന നിലയിൽ സംഘടനയുടെ പ്രധാന ടാർഗറ്റ് ക്രൈസ്തവ സമുദായമായിരുന്നു.

ആദ്യ കമ്യൂണിസ്റ്റ് പാർട്ടി സർക്കാറിനെ അട്ടിമറിച്ച വിമോചനലഹളയ്ക്ക് നേതൃത്വം കൊടുത്ത സാമൂഹിക വിഭാഗങ്ങളെ വർഗീയമായി ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച പ്രസ്ഥാനം കൂടിയാണിത്.
സി.പി.എം ഇന്ന് നവോത്ഥാന നായകൻ എന്ന പട്ടുടുപ്പിച്ച് ആദരിക്കുന്ന മന്നത്തു പത്മനാഭ പിള്ളയായിരുന്നു ആ ന്യൂനപക്ഷവിരുദ്ധപ്രസ്ഥാനത്തിന് രൂപം കൊടുത്തത്. എസ്.എൻ.ഡി.പി നേതാവായിരുന്ന ആർ. ശങ്കറായിരുന്നു മന്നത്തിന്റെ 'ഒക്കച്ചങ്ങാതി'. അന്നത്തെ തിരു- കൊച്ചി കോൺഗ്രസ് നേതൃത്വത്തെ സമ്പൂർണമായി വർഗീയവൽക്കരിക്കാൻ മന്നത്തിന്റെയും ശങ്കറിന്റെയും ഹിന്ദുമഹാമണ്ഡലത്തിന് കഴിഞ്ഞു. 1950 ജൂണിൽ ശബരിമല ക്ഷേത്രത്തിലുണ്ടായ അഗ്‌നിബാധ ഹിന്ദു മഹാമണ്ഡലത്തെ സംബന്ധിച്ച് സുവർണാവസരമായി. ക്രൈസ്തവ ന്യൂനപക്ഷത്തെ വർഗീയമായി ആക്രമിക്കാൻ ഈ അവസരം മന്നവും ശങ്കറും ഉപയോഗിച്ചു.
മാത്രമല്ല, മന്നം പ്രസിഡന്റായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മറവിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഹിന്ദു വിഭാഗങ്ങളെ വർഗീയമായി സംഘടിപ്പിക്കാൻ ശ്രമം നടത്തി. ഇതിന്റെ പ്രധാന പടിയായിരുന്നു നായർ- ഈഴവ ഐക്യം. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും ഹിന്ദുമഹാമണ്ഡലത്തിനുകീഴിൽ ഒരൊറ്റ സംഘടനയാക്കാനായിരുന്നു ശ്രമം.
1950 ഫെബ്രുവരി 10ന് ചങ്ങനാശ്ശേരിയിൽ നടന്ന ഹൈന്ദവ പ്രതിനിധി സമ്മേളനത്തിൽവെച്ച്, തന്റെ പേരിലുള്ള ജാതിവാലായ 'പിള്ള' ഉപേക്ഷിക്കുന്നതായി മന്നത്തു പത്മനാഭ പിള്ള പ്രഖ്യാപിച്ചു. അത് നായർ- ഈഴവ ഐക്യത്തിനുള്ള സുപ്രധാന പ്രഖ്യാപനമായി വാഴ്ത്തപ്പെട്ടു.
ബി.ജെ.പിയുടെ രൂപീകരണത്തിനുശേഷം 'വിശാല ഹിന്ദു' എന്ന മുദ്രാവാക്യത്തെ ഇലക്ടറൽ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവരാനുള്ള പ്രായോഗിക പദ്ധതികൾക്ക് ആർ.എസ്.എസാണ് രൂപം കൊടുത്തത്.
ആർ.എസ്.എസിന്റെ വർഗീയവൽക്കരണത്തെ ചെറുത്തുതോൽപ്പിച്ചത് കമ്യൂണിസ്റ്റ് പാർട്ടിയായിരുന്നു. ആർ.എസ്.എസ് ലക്ഷ്യമിട്ട സാമൂഹിക വിഭാഗങ്ങളിലെല്ലാമുള്ള ഭൂരഹിതരും കർഷക തൊഴിലാളികളുമടങ്ങുന്ന അടിസ്ഥാന മനുഷ്യരുടെ വർഗരാഷ്ട്രീയം ഉയർത്തിപ്പിടിച്ച് കമ്യൂണിസ്റ്റ് പാർട്ടി നടത്തിയ രാഷ്ട്രീയവൽക്കരണപ്രക്രിയയ്ക്ക് ഈ വർഗീയവൽക്കരണത്തെ, വിമോചനലഹള വരെയെങ്കിലും പ്രതിരോധിക്കാനായി.
തങ്ങളെ സംബന്ധിച്ച് ഹിന്ദു വർഗീയതയേക്കാൾ അപകടം കമ്യൂണിസമാണ് എന്നു കണ്ടാണ് വിമോചന ലഹളയിലേക്ക് ക്രിസ്ത്യൻ മതമേധാവിത്തം കടന്നുവന്നത്. അങ്ങനെ ഒരു കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടാകുകയും അത് കേരള ചരിത്രത്തിലെ ഏറ്റവും വംശീയവും അരാഷ്ട്രീയവുമായ അട്ടിമറിസമരത്തിന്റെ നേതൃത്വമായിത്തീരുകയുമായിരുന്നു. ജവഹർലാൽ നെഹ്‌റുവിനുപോലും എൻഗെയ്ജ് ചെയ്യാനാകാത്തവിധം വർഗീയവൽക്കരിക്കപ്പെട്ടതായിരുന്നു അന്നത്തെ കേരത്തിലെ കോൺഗ്രസ് നേതൃത്വം.
വിമോചനലഹള തുറന്നിട്ട സുവർണാവസരം ആർ.എസ്.എസ് സമർഥമായി ഉപയോഗിച്ചപ്പോൾ അതിനുമുന്നിൽ മന്നവും ഉണ്ടായിരുന്നു. 1958-ൽ ഗോൾവാൾക്കർക്ക് എറണാകുളത്ത് ഒരുക്കിയ സ്വീകരണയോഗത്തിന്റെ അധ്യക്ഷൻ മന്നത്തു പത്മനാഭനായിരുന്നു.

ബി.ജെ.പിയുടെ രൂപീകരണത്തിനുശേഷം 'വിശാല ഹിന്ദു' എന്ന മുദ്രാവാക്യത്തെ ഇലക്ടറൽ പൊളിറ്റിക്‌സിലേക്ക് കൊണ്ടുവരാനുള്ള പ്രായോഗിക പദ്ധതികൾക്ക് ആർ.എസ്.എസ് രൂപം കൊടുത്തു. 1982 ഏപ്രിൽ നാലിന് എറണാകുളത്ത് നടന്ന വിശാല ഹിന്ദുമഹാ സമ്മേളനത്തിന്റെ പ്രമേയം, വ്യത്യസ്ത ജാതിവിഭാഗങ്ങൾ ഹൈന്ദവ ഐക്യത്തിനായി ഒന്നിക്കണം എന്നതായിരുന്നു. ഇതിന്റെ തുടർച്ചയായി ഹിന്ദു മുന്നണിയുണ്ടാകുന്നു. 1982-ലെ നിലയ്ക്കൽ സംഘർഷത്തെ വർഗീയമായി തിരിച്ചുവിട്ട് ഹിന്ദുമുന്നണി കളം പിടിക്കുന്നു. 1984-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ ഹിന്ദു മുന്നണി സ്ഥാനാർഥി പി. കേരളവർമരാജാ മൂന്നാം സ്ഥാനത്തെത്തുന്നു. തിരുവനന്തപുരം ഈസ്റ്റ് നിയമസഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർഥി നീലലോഹിതദാസൻ നാടാതെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി കേരളവർമരാജാ രണ്ടാം സ്ഥാനത്തുമെത്തി.
പിന്നീട് ഹിന്ദു ഐക്യം എന്ന മുദ്രാവാക്യം കേൾക്കുന്നത് 2015-ൽ വെള്ളാപ്പള്ളി നടേശന്റെ നാവിൽനിന്നാണ്. കേരളത്തിലെ രണ്ട് മുന്നണികളും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നും അതിനെതിരെ ഹിന്ദു ഐക്യം അനിവാര്യമാണ് എന്നും വിശാല ഹിന്ദു ഐക്യയാത്രയിൽ വെള്ളാപ്പള്ളി കേരളത്തിലുടനീളം നടന്ന് പ്രസംഗിച്ചു. ഇതിനുദാഹരണമായി വെള്ളാപ്പള്ളി എടുത്തുകാട്ടിയ ഉദാഹരണമായിരുന്നു കോഴിക്കോട്ട് മാൻഹോൾ ദുരന്തത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ നൗഷാദിന് നൽകിയ ധനസഹായം. വെള്ളാപ്പള്ളിയുടെ വർഗീയനീക്കങ്ങൾക്ക് മറുപടിയായി പിണറായി വിജയൻ നടത്തിയ നവോത്ഥാന സന്ദേശയാത്രയും ചരിത്രത്തിൽനിന്ന് ഇപ്പോൾ നമ്മെ തുറിച്ചുനോക്കുന്നുണ്ട്.
നായർ- ഈഴവ ഐക്യത്തെ, വിശാല ഹിന്ദു ഐഡന്റിറ്റിയിലേക്കുള്ള പ്രധാന കാൽവെപ്പായാണ് ആർ.എസ്.എസ് രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും സംഘടനാപരമായി ഹിന്ദുത്വവൽക്കരിക്കുന്നതിന്റെ വിജയകരമായ ഘട്ടം കൂടിയാണിത്.
ആർ.എസ്.എസ് ലക്ഷ്യമിടുന്ന ഹിന്ദു വോട്ട് ബാങ്കിനുവേണ്ടിയാണ് അന്ന് വെള്ളാപ്പള്ളി 'നായാടി മുതൽ നമ്പൂതിരി' വരെ എന്ന മുദ്രാവാക്യമുയർത്തിയത്. യഥാർത്ഥത്തിൽ അത് മന്നത്തു പത്മനാഭന്റെ ആശയം കൂടിയായിരുന്നു. 1949 നവംബറിൽ കോട്ടയത്ത് നടന്ന ഹൈന്ദവ മഹാസമ്മേളനത്തിലാണ് മന്നം, 'നമ്പൂതിരി മുതൽ നായാടി വരെയുള്ള എല്ലാ ഹൈന്ദവ വിഭാഗങ്ങളെയും യോജിപ്പിച്ച് ഒരൊറ്റ ഹിന്ദു സമുദായം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചത്. തൊട്ടുപുറകേ നടന്ന എസ്.എൻ.ഡി.പി യോഗം ബോർഡ്, ഈ പ്രഖ്യാപനത്തെ അനുകൂലിച്ച് പ്രമേയവും പാസാക്കിയിരുന്നു. ഇതിന്റെ ഭാഗമായി എൻ.എസ്.എസ്- എസ്.എൻ.ഡി.പി സംയുക്ത യോഗവും സംഘടിപ്പിച്ചിരുന്നു.
മന്നത്തിന്റെ കാലത്ത് എൻ.എസ്.എസിന്റെ അടുക്കളയിൽ പാകം ചെയ്ത ആർ.എസ്.എസ് ചേരുവ, വർഷങ്ങൾക്കുശേഷം വെള്ളാപ്പള്ളിയിലൂടെ ആവർത്തിക്കുകയായിരുന്നു. യോഗക്ഷേമസഭ മുതൽ ഏതാനും ദലിത് പിന്നാക്ക സമുദായ സംഘടനാനേതാക്കളുടെ പങ്കാളിത്തത്തിൽ പുതിയൊരു ഹിന്ദുഐക്യമുന്നണിയ്ക്കായി വെള്ളാപ്പള്ളി നീക്കം നടത്തുകയും ചെയ്തു. എന്നാൽ, ആ ജാതിരാഷ്ട്രീയത്തെ കേരളം തിരിച്ചറിഞ്ഞ് തോൽപ്പിച്ചു.
ഈയൊരു മുദ്രാവാക്യത്തെ കാലത്തിനനുസരിച്ച് പുതുക്കുകയാണ് ഇപ്പോൾ വെള്ളാപ്പള്ളി. നായാടി മുതൽ നസ്രാണി വരെ എന്ന പുതിയ മുദ്രാവാക്യത്തിലൂടെ. മുസ്‌ലിം സമുദായത്തിന് ക്രൈസ്തവ സമുദായത്തോട് ഭയമുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ കണ്ടെത്തൽ. അതുകൊണ്ട് അവർക്ക് ഒരു സുരക്ഷാകവചം വേണമെന്നാണ് വെള്ളാപ്പള്ളിയുടെ വാദം.
അതായത്, കേരളത്തിൽ ക്രൈസ്തവ വോട്ടുബാങ്ക് സ്വന്തമാക്കാൻ ആർ.എസ്.എസ് നടത്തുന്ന ഇലക്ടറൽ എഞ്ചിനീയറിംഗിനായുള്ള വെള്ളാപ്പള്ളിയുടെ സംഭാവനയാണ് ഈ പുതുക്കിയ മുദ്രാവാക്യം. എല്ലാ കാലത്തും വെള്ളാപ്പള്ളി എന്ന സമുദായനേതാവിന്റെ രാഷ്ട്രീയനീക്കങ്ങൾ ആർ.എസ്.എസിന്റെ മൂശയിൽ രൂപപ്പെട്ടതായിരുന്നു. ഈ മുദ്രാവാക്യമടക്കം.

നായർ- ഈഴവ ഐക്യത്തെ, വിശാല ഹിന്ദു ഐഡന്റിറ്റിയിലേക്കുള്ള പ്രധാന കാൽവെപ്പായാണ് ആർ.എസ്.എസ് രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും സംഘടനാപരമായി ഹിന്ദുത്വവൽക്കരിക്കുന്നതിന്റെ വിജയകരമായ ഘട്ടം കൂടിയാണിത്. ആർ.എസ്.എസിന്റെ കേരള ടാർഗറ്റ് ഏറ്റവും സമർത്ഥമായി പ്രയോഗത്തിലാക്കുന്ന ഏജൻസിയായി വെള്ളാപ്പള്ളിയുടെ എൻ.എൻ.ഡി.പി നേതൃത്വം പൂർണമായും മാറിക്കഴിഞ്ഞു. ശ്രീനാരായണഗുരുവിന്റെ ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഉദാത്ത ഭാവനയെ, നായർ- ഈഴവ ഐക്യത്തിന്റെ അടയാളവാക്യമായാണ് വെള്ളാപ്പള്ളിയുടെ ആർ.എസ്.എസ് നാവ് ആവിഷ്‌കരിക്കുന്നത്.
എൻ.എസ്.എസിന്റെ സംഘടനാനേതൃത്വമായ ഡയറക്ടർ ബോർഡ് പ്രത്യക്ഷത്തിൽ സമദൂരം എന്ന അരാഷ്ട്രീയകാഴ്ചപ്പാട് വിജയകരമായി പിന്തുടരുന്നുണ്ടെങ്കിലും ഏറ്റവും അടിത്തട്ടിലെ കരയോഗം യൂണിറ്റുകളിൽ ഹിന്ദുത്വ സ്വാധീനം ശക്തമാണ്. അതുകൊണ്ടുതന്നെ കേരളത്തിൽ ആർ.എസ്.എസിന്റെ ഏറ്റവും സുരക്ഷിതമായ വരേണ്യ ജാതിമൂലധനമാണ് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ കഴിഞ്ഞ ദിവസം ശബരിമലയെ ചൂണ്ടി ബി.ജെ.പിയെ ഒന്ന് ഗുണദോഷിച്ചപ്പോൾ, അത് സ്വന്തം തറവാട്ടുതിണ്ണയിലിരുന്ന് സ്വന്തം കാരണവർ നടത്തുന്ന പരിഭവം പറച്ചിലായി ആർ.എസ്.എസിന് ക്ഷമിക്കാനാകുന്നത് അതുകൊണ്ടാണ്.
'നായാടി മുതൽ നസ്രാണി വരെ' എന്ന അജണ്ടയ്ക്കനുസരിച്ച് ആർ.എസ്.എസ് സെറ്റ് ചെയ്യുന്ന മുസ്‌ലിംവിരുദ്ധ കാമ്പയിനെ നേരിടാനുള്ള രാഷ്ട്രീയ പരിപാടിയുടെ അഭാവം മാത്രമല്ല, ഇടതുപക്ഷത്തിനില്ലാത്തത്. അമ്പതുകളിൽ ഇതേ സാഹചര്യങ്ങളെ മറികടക്കാൻ, ഇതേ സാമുദായിക വിഭാഗങ്ങളിലെ ജനസാമാന്യത്തെ മുൻനിർത്തി കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞ രാഷ്ട്രീയവൽക്കരണപ്രക്രിയ പാർട്ടി കൈയൊഴിഞ്ഞിരിക്കുന്നു.
കേരളത്തിലെ ജാതി- സാമുദായിക വിഭാഗങ്ങളുടെ ഹിന്ദുത്വവൽക്കരണത്തിന്റെ ഏക ഗുണഭോക്താവ് ആർ.എസ്.എസും ബി.ജെ.പിയുമാണ് എന്ന ലളിതയുക്തി ഇല്ലാതാകുന്നു എന്നതാണ് ഈ ചർച്ചകളിലെ ഏറ്റവും അപകടകരമായ വശം. ആർ.എസ്.എസിന്റെ ഹിന്ദുത്വ ഗുണഭോക്തൃപ്പട്ടികയുടെ പങ്കു പറ്റാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്. നായർ- ഈഴവ ഐക്യശ്രമം പോലും എൽ.ഡി.എഫിന്റെ രാഷ്ട്രീയനീക്കമായി വിലയിരുത്തപ്പെടുന്നു. പിണറായി വിജയൻ നേതൃത്വം നൽകുന്ന സി.പി.എമ്മിന് സുകുമാരൻ നായർക്കും വെള്ളാപ്പള്ളി നടേശനും ഒപ്പം ഒരേ സീറ്റ് പങ്കിടാനാകുന്നു.
ആർ.എസ്.എസ് നടത്തുന്ന വർഗീയമുതലെടുപ്പിന്റെ വാക്കും നാക്കുമായി സി.പി.എം മന്ത്രിയും നേതാവുമെല്ലാം രംഗത്തുവരുന്നു. കേരളത്തിൽ വർഗീയ ധ്രുവീകരണമുണ്ട് എന്നതിന് തെളിവായി മലപ്പുറത്തും കാസർകോട്ടും തെരഞ്ഞെടുപ്പിൽ ജയിച്ച ജനപ്രതിനിധികളുടെ മതത്തെ ചൂണ്ടിക്കാട്ടുന്ന കേരളത്തിന്റെ സാംസ്‌കാരിക മന്ത്രി, പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭകരെ ആക്ഷേപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വംശീയ പരാമർശത്തെയാണ് ഓർമിപ്പിക്കുന്നത്. വസ്ത്രം കൊണ്ടുതന്നെ ഈ അക്രമികളെ തിരിച്ചറിയാം എന്നാണ് മോദി അന്ന് പറഞ്ഞത്.

സാങ്കൽപ്പിക ചോദ്യത്തിന് സാങ്കൽപ്പിക മറുപടി പറയുകയായിരുന്നില്ല എ.കെ. ബാലൻ. പാർട്ടി ബാലന് ഒരുക്കിയ പരിച കണ്ടാലറിയാം, ലക്ഷ്യം മുസ്‌ലിം ന്യൂനപക്ഷമാണ് എന്ന്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ കാര്യത്തിൽ ആർ.എസ്.എസിന് പഥ്യമായതെല്ലാം സി.പി.എമ്മിനും പഥ്യമാകുന്നത് എന്തുകൊണ്ടാണ്? 'നായാടി മുതൽ നസ്രാണി വരെ' എന്ന അജണ്ടയ്ക്കനുസരിച്ച് ആർ.എസ്.എസ് സെറ്റ് ചെയ്യുന്ന മുസ്‌ലിംവിരുദ്ധ കാമ്പയിനെ നേരിടാനുള്ള രാഷ്ട്രീയ പരിപാടിയുടെ അഭാവം മാത്രമല്ല, ഇടതുപക്ഷത്തിനില്ലാത്തത്. അമ്പതുകളിൽ ഇതേ സാഹചര്യങ്ങളെ മറികടക്കാൻ, ഇതേ സാമുദായിക വിഭാഗങ്ങളിലെ ജനസാമാന്യത്തെ മുൻനിർത്തി കമ്യൂണിസ്റ്റ് പാർട്ടിക്ക് ഏറ്റെടുക്കാൻ കഴിഞ്ഞ രാഷ്ട്രീയവൽക്കരണപ്രക്രിയ പാർട്ടി കൈയൊഴിഞ്ഞിരിക്കുന്നു. ഈ ജാതി- സാമുദായിക വിഭാഗങ്ങളുടെ ഓണർഷിപ്പിനായി ആർ.എസ്.എസ് വിജയകരമായി നടപ്പിലാക്കുന്ന വർഗീയമായ ഐഡന്റിറ്റി പൊളിറ്റിക്‌സ് കൂടുതൽ അപകടകരമായി സി.പി.എം അനുകരിക്കുന്നു, മതനിരപേക്ഷമായ ക്ലാസ് പൊളിറ്റിക്‌സിന്റെ ഇടതുപക്ഷ മോഡൽ ചോര ചിന്തി വളർത്തിയെടുത്ത അതേ മണ്ണിൽ.
കേരളത്തെ സംബന്ധിച്ച് ഇടതുപക്ഷം ഒരു ഗൃഹാതുരതയല്ല എന്ന് ആദ്യം തിരിച്ചറിയേണ്ടത്, ഏറ്റവും ചുരുങ്ങിയത് സി.പി.എമ്മാണ്.

