16ാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ നിർണ്ണായക വഴിതിരിവായി ഭാവികേരളം വിലയിരുത്തും. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ നേതൃത്വം നൽകിയ ഭരണമുന്നണിയെ ജനം തിരസ്‌കരിച്ചു. ഇടതുപക്ഷ പരാജയത്തിന്റെ ആഴം എത്രമാത്രമാണെന്ന് പരിശോധിച്ചാൽ, കുറച്ചു സീറ്റുകൾ നഷ്ടപ്പെട്ടതുകൊണ്ട് തുടർഭരണം ഇല്ലാതായി എന്നതിൽമാത്രം ചുരുക്കി നിർത്താനാവുകയുമില്ല.
മുസ്ലിംലീഗിന്റെ അംഗബലത്തിന്റെ തൊട്ടരുകിലേക്ക് സി പി എം എന്ന കേരളത്തിലെ വലിയ പാർട്ടി ചുരുങ്ങി. ചരിത്രത്തിലാദ്യമായി കോൺഗസിന് 63 എം.എൽ.എമാരെ നിയമസഭയിലെത്തിക്കാനായി.
13 മന്ത്രിമാർ തോറ്റു. കേരള കോൺഗ്രസ്- മാണി വിഭാഗം ഉൾപ്പെടെ ഇടതുപാളയത്തിൽ മത്സരിച്ച പല ഘടകകക്ഷികളും സംപൂജ്യരായി. ആദ്യമായി ബി ജെ പിക്ക് ഒന്നിൽ കൂടുതൽ പേരെ കേരള നിയമ സഭയിൽ എത്തിക്കാനായി. സി.പി.എമ്മിൽനിന്ന് പുറത്തുവന്നവർ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും അമ്പലപ്പുഴയിലെയും പാർട്ടികോട്ടകളെ കുലുക്കി താഴെയിട്ടു.
പാർട്ടിനേതൃത്വം അണികളുടെ വികാരങ്ങളെ മാനിക്കാൻ തയ്യാറല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയെ തിരസ്കരിക്കാൻ അണികൾക്ക് യാതൊരു മടിയുമില്ല എന്ന പുത്തൻ പ്രവണതയാണ് ഇത്തവണ കാണാൻ കഴിഞ്ഞത്. തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്കു ശേഷം ഇടതുമുന്നണിയെ നയിച്ച സി.പി.എം പരാജയകാരണങ്ങൾ പരിശോധിക്കാൻ പാർട്ടികമ്മിറ്റികൾ ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. ജനങ്ങളെ കേൾക്കാനും തിരുത്താനും തയ്യാറാകുമെന്ന് പാർട്ടിനേതൃത്വം ആവർത്തിച്ചുകൊണ്ടിരിക്കുമ്പോഴും നിലവിലുള്ള പാർട്ടി സംഘടനാരീതികൾ അറിയുന്ന ഏതൊരാൾക്കും ഇതത്ര പ്രായോഗികമല്ലാത്ത ഒന്നായേ കാണാൻ സാധിക്കൂ.

അണികൾ തിരുത്തിയ
പയ്യന്നൂരും തളിപ്പറമ്പും അമ്പലപ്പുഴയും
സമീപകാലത്തൊന്നും അഭിമുഖിക്കാത്ത സംഘടനപരമായ പ്രതിസന്ധിയിലൂടെയാണ് സി.പി.എം കടന്നുപോകുന്നത്. രൂപീകരണത്തിന് ശേഷം ദേശീയതലത്തിൽ ആദ്യമായാണ് ഇത്ര ദുർബലമായ പാർലമെന്ററി രാഷ്ടീയപ്രാതിനിധ്യത്തിൽ സി.പി.എം എത്തിനിൽക്കുന്നത്. നയപരമായ സ്ഥിരതയില്ലായ്മയും സംഘടനാപരമായ പ്രശ്നങ്ങളും ഒന്നിച്ചുചേർന്നപ്പോഴാണ് ഇത്ര വലിയ പരാജയം കേരളത്തിലും ഇടതുപക്ഷത്തിനുണ്ടായത്
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചേരാത്ത അഴിമതി, സ്വജനപക്ഷപാതം, നേതൃത്വത്തിന്റെ ധിക്കാരപരമായ സമീപനങ്ങൾ എന്നിവയ്‌ക്കെതിരാ യാണ് പാർട്ടികേന്ദ്രങ്ങളിൽനിന്ന് ശക്തമായ പ്രതിഷേധമുയർന്നത്
സംഘടനപരമായ പ്രശ്നങ്ങൾ ഉയർത്തിയതിന്റെ പേരിൽ പാർട്ടി തള്ളിപ്പറഞ്ഞ ജി. സുധാകനെയും ടി. കെ. ഗോവിന്ദനെയും വി. കുഞ്ഞികൃഷ്ണനെയും ജനങ്ങൾ തള്ളിയില്ല, മികച്ച ഭൂരിപക്ഷത്തിൽ മൂവരെയും വിജയിപ്പിച്ചു. പരാജയശേഷം ജനങ്ങളെ കേൾക്കും, തിരുത്തും എന്നുപറയുന്ന നേതൃത്വം ഇലക്ഷനുമുമ്പ് ഈ മനുഷ്യരുടെ അഭിപ്രായം കണക്കിലെടുത്തിരുന്നെങ്കിൽ ഇത്ര വലിയ തകർച്ച ഉണ്ടാകുമായിരുന്നില്ല.
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ തിരിച്ചടി നേരിട്ട മണ്ഡലങ്ങൾ പരിശോധിച്ചാൽ, കയ്യൂരിന്റെയും കരിവെള്ളൂരിന്റെയും മുനയൻകുന്നിന്റെയും പാടിക്കുന്നിന്റെയും കാവുമ്പായിയുടെയും മൊറാഴയുടെയും കർഷക സമരങ്ങളുടെ രക്തസാക്ഷിത്വത്താൽ ഉയർന്നുവന്ന രാഷ്ട്രീയ ബോധ്യമായിരുന്നു ഈ മണ്ഡലങ്ങളുടെ പൊതു സ്വഭാവം. ഇതെങ്ങനെ പാർട്ടിസ്ഥാനാർത്ഥിയെ തോല്‌പിക്കണം എന്ന ബോധ്യമായി പരിണമിച്ചു എന്നതാണ് പ്രാധാന്യമർഹിക്കുന്ന കാര്യം.

പത്തു വർഷത്തെ ഭരണത്തിന്റെ ആലസ്യത്തിൽ മുഴുകിപ്പോയ പാർട്ടി സംസ്ഥാനനേതൃത്വവും കണ്ണൂർ ജില്ലാ നേതൃത്വവും പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ ഉയർത്തിയ സംഘടനാ പ്രശ്നങ്ങളെ സമയബന്ധിതമായി പരിഹരിക്കാൻ ശ്രമിച്ചില്ല. തുടർച്ചയായ മാധ്യമവാർത്തകൾ ഉണ്ടായപ്പോൾ മാത്രമാണ് ചില നടപടികൾ എടുത്തു എന്ന് ബോധ്യപ്പെടുത്തുന്ന തരത്തിൽ ചില തീരുമാനങ്ങളെടുത്തത്. എന്നാൽ ഇത് പയ്യന്നൂരിലെ പാർട്ടിഅണികൾക്കോ പൊതുജനങ്ങൾക്കോ ബോധ്യപ്പെടാത്തതായിരുന്നു. അവർ പാർട്ടി നിലപാടിനെ വിശ്വാസത്തിലെടുത്തില്ല.
രക്തസാക്ഷിഫണ്ട് തിരിമറിയും പാർട്ടി ഓഫീസ് നിർമ്മാണ അഴിമതിയും തെരഞ്ഞെടുപ്പു ഫണ്ടിലെ ക്രമക്കേടും നടത്തിയതിൽ കുറ്റാരോപിതനായ ആളെ തന്നെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചുകൊണ്ട് പാർട്ടിനേതൃത്വം അണികളെ വെല്ലുവിളിച്ചു. സംഘടനാ ധാർഷ്ട്യമാണ് സി.പി.എം ഇതിലൂടെ പ്രകടമാക്കിയത്. എന്നാൽ, കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് പാർട്ടിഅണികൾ വിശ്വസിച്ചു. ആരോപിതനായ സിറ്റിങ് എം.എൽ.എയെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുംവരെയെങ്കിലും മത്സരിക്കുന്നതിൽ നിന്ന് മാറ്റിനിർത്താനുള്ള ആർജ്ജവം സംസ്ഥാന- ജില്ലാ നേതൃത്വത്തിന് ഇല്ലാതെപോയി. പയ്യന്നൂരിലെ ബിസിനസ് മാഫിയയ്ക്ക് പാർട്ടിയുടെ ചില സംസ്ഥാന നേതാക്കൾ വരെയുള്ളവരുമായുള്ള ബന്ധങ്ങളാണ് ഇതിനുപുറകിൽ എന്നതാണ് യാഥാർഥ്യം. പാർട്ടിയെ വേണോ പാർട്ടിമാഫിയയെ വേണോ എന്ന ചോയ്‌സിൽ നേതൃത്വം പാർട്ടിമാഫിയയ്ക്കൊപ്പം നിന്നു. പയ്യന്നൂരിലെ ഏറ്റവും താഴെ ഘടകങ്ങളിലുള്ള അണികൾക്കൊപ്പം ലോക്കൽ- ഏരിയ തലത്തിലും ജില്ലാതലത്തിലുള്ള നേതാക്കളും ഈ തിരുത്തൽ പ്രക്രിയയിൽ പങ്കാളികളായി എന്നാണ് അറിയുന്നത്. പയ്യന്നൂരിലെ പരാജയത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന- ജില്ലാ നേതൃത്വത്തിന് മാത്രമാണ്.
തളിപ്പറമ്പ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ സ്വന്തം നാടാണ്. അവിടെയാണ് ചരിത്രപരമായ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്. കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മണ്ഡലം തെരഞ്ഞെടുപ്പു കമ്മിറ്റിയിലും മണ്ഡലത്തിലെ ലോക്കൽ തെരഞ്ഞെടുപ്പ് കമ്മിറ്റികളിലുമുള്ള മുഴുവൻ അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചിട്ടും അതിനെ മറികടന്നാണ് പാർട്ടി സെക്രട്ടറിയുടെ ഭാര്യയെ തളിപ്പറമ്പിൽ മത്സരിപ്പിച്ചത്. കമ്മ്യൂണിസ്റ്റ് രീതികൾക്ക് തീർത്തും വിരുദ്ധമായ ഈ പാർട്ടിതീരുമാനത്തെ ടി.കെ. ഗോവിന്ദനുമുമ്പേ ആ മണ്ഡലത്തിലെ പാർട്ടിഅണികളും പൊതുസമൂഹവും തിരസ്കരിച്ചതാണ്. ആ നിലപാടിന്റെ പ്രതീകമാവുകയായിരുന്നു ടി.കെ. ഗോവിന്ദൻ. അത് തിരിച്ചറിഞ്ഞ് സ്ഥാനാർത്ഥിയെ മാറ്റി നിശ്ചയിച്ചിരുന്നെങ്കിൽ തളിപ്പറമ്പ് മണ്ഡലം ഒരിക്കലും നഷ്ടപ്പെടില്ലായിരുന്നു. പൂച്ചയ്ക്കാര് മണികെട്ടും എന്ന പോലെ ആര് ആരെ തിരുത്തും എന്നതാണ് പ്രശ്നം.
ഇവിടെ തെറ്റായ നിലപാട് സ്വീകരിച്ചത് പാർട്ടി സെക്രട്ടറി തന്നെയാണ്. ഭാര്യയുടെ സ്ഥാനാർത്ഥിത്വ പ്രശ്നത്തിൽ പക്വതയുള്ള നിലപാട് സ്വീകരിക്കാൻ സംസ്ഥാന സെക്രട്ടറിക്ക് കഴിഞ്ഞില്ല. കുടുംബാധിപത്യത്തിന്റെ തടവറയിൽ കഴിയുന്ന പിണറായി എന്ന കാർക്കശ്യക്കാരനും അതിന് കഴിഞ്ഞില്ല. ഇതിന്റെ ഫലമായി തളിപ്പറമ്പിൽ പാർട്ടി അണികൾ തങ്ങളുടെ അഭിപ്രായത്തിനൊപ്പം നിന്ന ടി.കെ. ഗോവിന്ദനെ വിജയിപ്പിച്ചു.

ഈ പ്രവണതയെ ഏത് കമ്യൂണിസ്റ്റ് താത്വിക നിലപാടുകൊണ്ട് സംസ്ഥാന സെക്രട്ടറിയ്ക്ക് വിശദീകരിക്കാൻ കഴിയും?.
തളിപ്പറമ്പിലെ പരാജയത്തിന് രണ്ട് ഉത്തരവാദികളേയുള്ളൂ: ഒന്ന് പിണറായി വിജയൻ, രണ്ട് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇവരെ തിരുത്താൻ ആരുമുണ്ടായില്ല. പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടിനേതൃത്വമെടുത്ത തെറ്റായ നിലപാട് കേരളത്തിലാകെ ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമായി.
ഒരു ഫോൺ വിളിയിലോ സൗഹാർദ്ദ സന്ദർശനത്തിലോ തീരുമായിരുന്ന ജി. സുധാകരന്റെ പിണക്കത്തെ പുന്നപ്രവയലാറിന്റെ മണ്ണിൽ സി.പി.എം സ്ഥാനാർത്ഥിയുടെ തോൽവിയിൽ കൊണ്ടെത്തിച്ചു. മുഖ്യമന്ത്രിയായി പിണറായി വിജയൻ പാർട്ടിസംഘടനയെ സംസ്ഥാന ഭരണത്തിനുള്ള ഉപകരണമായാണ് കണ്ടത്, ലക്ഷക്കണക്കിന് ജീവനുള്ള അണികൾ ഒത്തുചേർന്ന പാർട്ടിയായി കണ്ടില്ല.
റുമേനിയൻ കമ്മ്യണിസ്റ്റ് പാർട്ടി നേതാവും 35 വർഷം രാജ്യത്തിന്റെ പ്രസിഡണ്ടുമായിരുന്ന ചെഷസ്ക്യുവിന് തന്റെ മുന്നിൽ കൂടിയിരിക്കുന്ന ജനം അസ്വസ്ഥരാണെന്നോ അവർ തനിക്കും പാർട്ടിനേതൃത്വത്തിനും എതിരെയായിരിക്കുന്നു എന്നോ തിരിച്ചറിയാൻ സാധിച്ചില്ല. അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ എല്ലാവർക്കും പാഠമാക്കാവുന്ന ഒന്നാണ്.
നേതൃത്വവും അണികളും തമ്മിലുഉള വിശ്വാസ്യത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലനില്പിന്റെ അടിസ്ഥാനമാണ്. കേരളത്തിൽ അതിളകിയിരിക്കുന്നു. ഇനിയത് പുനഃസ്ഥാപിക്കുക അത്ര എളുപ്പമല്ല. പുതിയ നേതൃത്വം, കാലോചിതമായ സംഘടനാതീരുമാനങ്ങൾ എന്നിവ കൊണ്ടുമാത്രമേ ഇന്നത്തെ പ്രതിസന്ധിയെ മറികടക്കാനാകൂ എന്നുറപ്പാണ്.
