പിണറായിമാർ
ഉണ്ടാകുന്നത്

17 വർഷം സംസ്ഥാന സെക്രട്ടറി, തുടർന്ന് മുഖ്യമന്ത്രിയായി 10 വർഷം- പിണറായി വിജയൻ അമിതാധികാരിയും അഹങ്കാരിയുമായി വളരുമ്പോൾ അതിന് കയ്യടിച്ചുകൊടുക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്ത CPM- ന്റെ വലിയ രാഷ്ട്രീയ പാരമ്പര്യവും സമരപാരമ്പര്യവും ഒക്കെയുള്ള എണ്ണമറ്റ നേതാക്കൾ എങ്ങനെ നിരപരാധികളാകും?- രാധാകൃഷ്ണൻ എം.ജി എഴുതുന്നു.

1945 ഏപ്രിൽ 27.
ജർമനിയും ഇറ്റലിയും നയിച്ച അച്ചുതണ്ടുസേന കീഴടങ്ങുന്ന രണ്ടാം ലോകയുദ്ധത്തിന്റെ അവസാന നാളുകളിൽ മിലാനിൽ ഒളിവിലായിരുന്ന തന്റെ കാമുകി ക്ലാര പെറ്റാച്ചിയുമൊത്ത് സ്വിറ്റ്സർ ലണ്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ഇറ്റലിയുടെ ഫാഷിസ്റ്റ് സ്വേഛാധികാരി ബെനിറ്റോ മുസോളിനിയെ കോമോ എന്ന തടാകക്കരയിലെ ഡോംഗോ ഗ്രാമത്തിൽ കമ്യൂണിസ്റ്റ് പ്രതിരോധസേനക്കാർ പിടിച്ച് വെടിവെച്ചുകൊന്നു.

പിറ്റേന്ന് ഇരുവരുടെയും ഒപ്പം മറ്റ് രണ്ട് ഫാഷിസ്റ്റ് നേതാക്കളുടെയും മൃതദേഹങ്ങൾ മിലാനിലെ പ്രധാന നഗരചത്വരമായ പിയത് സാലെ ലൊറേറ്റൊയിൽ ഒരു പെട്രോൾ പമ്പിന്റെ മേൽക്കൂരയിൽ ഇരുമ്പുകമ്പിയിൽ കീഴ്ക്കാംതൂക്കായി കെട്ടി തൂക്കിയിട്ടു. ഒരിക്കൽ മുസ്സോളിനിയെ ദൈവം പോലെ കണ്ടവരടക്കം ആയിരക്കണക്കിന് നാട്ടുകാർ കൂട്ടത്തോടെ ഇരച്ചെത്തി ആ മൃതദേഹങ്ങളിൽ പൊതിരെ തല്ലി, കാർക്കിച്ച് തുപ്പി. തന്റെ അഞ്ച് മക്കൾ കൊല്ലപ്പെട്ട അമ്മ കൈത്തോക്ക് വലിച്ചൂരി മുസോളിനിയുടെ മൃതദേഹത്തിലേക്ക് അഞ്ചു തവണ വെടിവെച്ചു; “എന്റെ അഞ്ച് മക്കൾക്കായുള്ള തർപ്പണം” എന്ന് അവർ അലറിക്കരഞ്ഞത്രേ. “ഒരു നികൃഷ്ട ജീവിതത്തിന് അർഹമായ അന്ത്യം”, പിറ്റേന്നത്തെ ന്യൂയോർക്ക് ടൈംസ് എഴുതി.

മയൂര സിംഹാസനങ്ങളിൽ വിലസുമ്പോൾ ആരാധകരുടെയും സ്തുതിപാഠകരുടെയും വാഴ്ത്തുപാട്ടുകളാൽ അഭിഷേകം ചെയ്യപ്പെടുന്ന അതിപ്രതാപശാലികളായ ഭരണാധികാരികൾ, അധികാരം കൈവിട്ടുപോകുന്ന ആ നിമിഷം മുതൽ, എല്ലാ ദുരന്തങ്ങൾക്കും ഉത്തരവാദിയായി, പഴയ ആരാധകർ അടക്കം എല്ലാവരാലും കുറ്റപ്പെടുത്തപ്പെടുകയും നിശിതമായി വിചാരണ ചെയ്യപ്പെടുകയും ചിലപ്പോഴൊക്കെ വധിക്കപ്പെടുകയും ചെയ്യുന്നത് ചരിത്രത്തിലുടനീളമുള്ള കാഴ്ച.

ബെനിറ്റോ മുസോളിനി
ബെനിറ്റോ മുസോളിനി

ഈ ദുർഗതി നേരിട്ടവരിൽ ഹിറ്റ്ലറെയും മുസോളിനിയെയും സ്റ്റാലിനെയും പോലെ ക്രൂരരായ സ്വേച്ഛാധികാരികൾ മാത്രമല്ല ലെനിനെ പോലെയുള്ള മഹാവിപ്ലവകാരികളും ഇന്ദിരാഗാന്ധിയെയും മുജിബൂർ റഹ്മാനെയും പോലെ ജനാധിപത്യ സമൂഹങ്ങളിലെ അധികാരികളുമുണ്ട്.

‘ഇത് പിണറായിയുടെ പരാജയം’ എന്നുപറഞ്ഞ് ഇടതുപക്ഷം ഈ തെരഞ്ഞെടുപ്പിൽ നേരിട്ട ഭീമമായ തകർച്ചയുടെ പൂർണ ഉത്തരവാദിത്തം പിണറായി വിജയന്റെ തലയിൽ മാത്രമായി ചാർത്താനുള്ള തിക്കും തിരക്കും കണ്ടപ്പോൾ ഈ ചരിത്രം ഓർത്തു പോയതാണ്. വലിയ ചരിത്രപ്രക്രിയകൾ, അത് പുരോഗമനപരമായാലും പ്രതിലോമകരമായാലും, ഏതെങ്കിലും വ്യക്തിയുടെ നേട്ടമോ കോട്ടമോ ആയി വ്യാഖ്യാനിക്കുന്നത് ചരിത്രപരമോ യുക്തിസഹമോ അല്ല. അതേസമയം ആ പ്രക്രിയകളിലൂടെ രൂപം കൊള്ളുന്ന വ്യക്തി ഈ കൊടുങ്കാറ്റുകളുടെ പ്രതീകമാകാറുണ്ട്. ആ വലിയ മാറ്റത്തിന്റെ ഏറ്റവും പ്രധാന ഉത്തരവാദിയായി അതിന് സ്വന്തം ചെയ്തികളും ചിന്തകളും പ്രദാനം ചെയ്ത ആ വ്യക്തിയെ കാണുന്നതും പതിവാണ്. പക്ഷേ അതുകൊണ്ട് മുന്നേറ്റത്തിനായാലും പിന്നോട്ടടിക്കായാലും ആ പ്രധാന വ്യക്തിയെ പ്രാപ്തനാക്കുകയും പിന്തുണക്കുകയും അതിനായി നിലമൊരുക്കുകയും ചെയ്ത മറ്റുള്ളവരും സാമൂഹ്യ ഘടകങ്ങളും അപ്രസക്തമാകുന്നത് എങ്ങനെ?

പോളിറ്റ് ബ്യൂറോ മുതൽ നൂറോളം പേരുള്ള സംസ്ഥാന കമ്മിറ്റി വരെയുള്ള സമിതികൾ എത്രമാത്രം അറിവും പഴക്കവും തഴക്കവും അനുഭവവും ഉള്ള നേതാക്കളാൽ നിറഞ്ഞതായിട്ടും എന്തുകൊണ്ട് ആഭ്യന്തര ജനാധിപത്യം നിരന്തരമായി ശോഷിച്ചു വന്നപ്പോൾ മിണ്ടിയില്ല?

സ്വാതന്ത്യലബ്‌ധിയുടെ എല്ലാ ബഹുമതിയും മഹാത്മാഗാന്ധിക്കും അടിയന്തിരാസ്ഥയുടെ എല്ലാ കുറ്റവും ഇന്ദിരാഗാന്ധിക്കും നൽകുന്നത് യുക്തിസഹമല്ല. മഹാത്മാവിനുപിന്നിൽ അണിനിരന്നവരും സ്വാതന്ത്ര്യലബ്ധിയുടെ ബഹുമതിക്ക് അർഹരാണ്. അതുപോലെ ഇന്ദിരയെന്ന അമിതാധികാരിക്ക് എല്ലാ ഒത്താശയും ചെയ്തവരും ഓശാന പാടിയവരുമായ പ്രാമാണിക കോൺഗ്രസുകാരും വിപ്ലവകാരികൾ പോലും ഉൾപ്പെട്ട സഖ്യകക്ഷിക്കാരും അതിപ്രഗത്ഭരായ ഉപദേശകരും ബുദ്ധിജീവികളും മാധ്യമ പ്രമാണികളും കലാസാംസ്കാരിക നേതാക്കളും ശാസ്ത്രപ്രതിഭകളും ധാരാളമായിരുന്നു. ഇവരെല്ലാം ഒറ്റയടിക്ക് കുറ്റവിമുക്തർ മാത്രമല്ല, പലരും ഇന്ദിരയുടെ നിശിത വിമർശകർ പോലുമായി.

നാല് ദശാബ്ദങ്ങളായി; 17 വർഷം സംസ്ഥാന സെക്രട്ടറി, തുടർന്ന് മുഖ്യമന്ത്രിയായി 10 വർഷം- പിണറായി അമിതാധികാരിയും അഹങ്കാരിയും ആയി വളരുമ്പോൾ അതിന് കയ്യടിച്ചു കൊടുക്കുകയോ നിശ്ശബ്ദരാവുകയോ ചെയ്ത CPM- ന്റെ വലിയ രാഷ്ട്രീയ പാരമ്പര്യവും സമരപാരമ്പര്യവും ഒക്കെയുള്ള എണ്ണമറ്റ നേതാക്കൾ എങ്ങനെ നിരപരാധികളാകും? അധികാരമോഹം ഏറെക്കുറേ എല്ലാ മനുഷ്യർക്കും സഹജമാണ്. അതിനെ നിയന്ത്രിക്കേണ്ട ചുമതല ആ വ്യക്തി വ്യാപരിക്കുന്ന കൂട്ടായ്മയുടേതാണ്. പോളിറ്റ് ബ്യൂറോ മുതൽ നൂറോളം പേരുള്ള സംസ്ഥാന കമ്മിറ്റി വരെയുള്ള സമിതികൾ എത്രമാത്രം അറിവും പഴക്കവും തഴക്കവും അനുഭവവും ഉള്ള നേതാക്കളാൽ നിറഞ്ഞതായിട്ടും എന്തുകൊണ്ട് ആഭ്യന്തര ജനാധിപത്യം നിരന്തരമായി ശോഷിച്ചുവന്നപ്പോൾ മിണ്ടിയില്ല?

ഇ.എം.എസ്, ഇ.പി. ജയരാൻ, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ.  Photo/ X O AjithKumar
ഇ.എം.എസ്, ഇ.പി. ജയരാൻ, പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ. Photo/ X O AjithKumar

പാർട്ടിക്കുള്ളിലെ ദീർഘകാലമായുള്ള വിഭാഗീയതയിൽ ഒരു ഭാഗത്തെ അടിച്ചമർത്തി വിജയം നേടിയതും ഇന്ത്യയിലെ അവസാനത്തെ ഇടതുപക്ഷ തുരുത്തിന്റെ കാവലാളായതും ആയിരിക്കാം പിണറായിക്ക് മറ്റൊരു കമൂണിസ്റ്റു നേതാവിനും ലഭിച്ചിട്ടില്ലാത്ത അപ്രമാദിത്വം കരഗതമായതിന്റെ പിന്നിൽ. പക്ഷേ അതൊന്നും കൂട്ടായ നേതൃത്വത്തിനും ആഭ്യന്തര ജനാധിപത്യത്തിനും വിധേയനാകുന്നതിന് തടസ്സമാകരുതെന്ന് അദ്ദേഹത്തെപ്പോലെ തന്നെ പാരമ്പര്യവും കരുത്തുമുള്ള മറ്റ് സഖാക്കൾ എന്തു കൊണ്ട് തിരിച്ചറിഞ്ഞില്ല?

സമാന പശ്ചാത്തലമുള്ള ജനനേതാക്കളുള്ള LDF- ലെ സി പി ഐ അടക്കമുള്ള സഖ്യകക്ഷികൾക്ക് എങ്ങനെ ആ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയാനാകും? തങ്ങൾ പറഞ്ഞതൊന്നും ചെയ്യാത്തതുകൊണ്ടാണ് തോറ്റതെന്നും ഇടതുപക്ഷ നയങ്ങളിൽനിന്നുള്ള വ്യതിയാനത്തെപ്പറ്റിയും മറ്റും ഇന്ന് പറയുന്ന സി പി ഐ നേതാക്കൾ എന്നിട്ടും അവസാനംവരെ അധികാരത്തിന്റെ പങ്ക് പറ്റിയതെന്തിന്? ആദ്യം തോമസ് ചാണ്ടി വിഷയത്തിലും പിന്നീട് പി.എം ശ്രീ വിഷയത്തിലും സർക്കാരിന്റെ തെറ്റ് തിരുത്തിയ സി പി ഐ എന്തുകൊണ്ട് മറ്റ് വ്യതിയാനങ്ങളിൽ ഈ നിലപാട് സ്വീകരിച്ചില്ല? അടിയന്തരാവസ്ഥ കഴിഞ്ഞും ഈ ചോദ്യങ്ങൾ സി പി ഐ നേരിട്ടതോർക്കുക. ഈ തെറ്റുകളുടെയൊക്കെ മുന്നിൽ നിശ്ശബ്ദരോ ഒത്താശക്കാരോ ആയിരുന്ന ബുദ്ധിജീവികളും സാംസ്കാരിക നായകരും കുറ്റവിമുക്തരാകുന്നത് എങ്ങനെ?

മുന്നേറ്റത്തിനായാലും പിന്നോട്ടടിക്കായാലും ആ പ്രധാന വ്യക്തിയെ പ്രാപ്തനാക്കുകയും പിന്തുണക്കുകയും അതിനായി നിലമൊരുക്കുകയും ചെയ്ത മറ്റുള്ളവരും സാമൂഹ്യ ഘടകങ്ങളും അപ്രസക്തമാകുന്നത് എങ്ങനെ?

അമിതാധികാരിയായി വളരുന്ന നേതാക്കളുടെ പിന്നിൽ ആ നേതാവിന്റെ വ്യക്തിപരമായ സവിശേഷതകൾക്ക് തുല്യമോ അതിലേറെയോ ആയ പങ്ക്, അദ്ദേഹത്തിന് ഒത്താശ ചെയ്യുന്ന സഹപ്രവർത്തകർ, അതിന് വിളനിലമാകന്ന സാംസ്കാരിക പശ്ചാത്തലം എന്നിവയ്ക്കും ഉണ്ടെന്ന് ചുണ്ടിക്കാട്ടുന്ന ഒട്ടേറെ പഠനങ്ങളുണ്ട്. അതിൽ സമീപകാലത്ത് വന്നതാണ് “Toxic Triangle: Charismatic Leaders, Willing Followers, and Weak Cultures” എന്ന 2007- ൽ പ്രസിദ്ധീകരിച്ച പഠനം. “ദൂഷിത ത്രികോണം: വശ്യശക്തരായ നേതാക്കൾ, ഒത്താശക്കാരായ അനുയായികൾ, ദുർബലമായ സംസ്കാരങ്ങൾ’’ എന്ന് ഇത് ഏതാണ്ട് തർജമ ചെയ്യാം. അമേരിക്കൻ പണ്ഡിതരായ എ. പഡില്ല, റോബർട്ട് ഹോഗൻ, ആർ. ബി. കൈസർ എന്നിവരാണ് പഠനം തയ്യാറാക്കിയിട്ടുളളത്. പഠന പ്രകാരം അമിതാധികാരികളെ സൃഷ്ടിക്കുന്നത് മൂന്ന് ഘടകങ്ങളാണ്: ‎ ‎

ആദ്യം തോമസ് ചാണ്ടി വിഷയത്തിലും പിന്നീട് പി.എം ശ്രീ വിഷയത്തിലും സർക്കാരിന്റെ തെറ്റ് തിരുത്തിയ സി പി ഐ എന്തുകൊണ്ട് മറ്റ് വ്യതിയാനങ്ങളിൽ നിലപാട് സ്വീകരിച്ചില്ല?
ആദ്യം തോമസ് ചാണ്ടി വിഷയത്തിലും പിന്നീട് പി.എം ശ്രീ വിഷയത്തിലും സർക്കാരിന്റെ തെറ്റ് തിരുത്തിയ സി പി ഐ എന്തുകൊണ്ട് മറ്റ് വ്യതിയാനങ്ങളിൽ നിലപാട് സ്വീകരിച്ചില്ല?
  1. നേതാവ്: വശ്യമായ വ്യക്തിത്വം, അധികാരത്തോടുള്ള സ്വതസിദ്ധമായ താല്പര്യം, ആത്മാനുരാഗം (Narcissism), ഭിന്നത വളർത്തുന്ന ആശയങ്ങളോടുള്ള ആഭിമുഖ്യം എന്നിവ ഉൾചേർന്ന വ്യക്തിത്വം.

  2. അനുയായികൾ: അവർ രണ്ട് തരക്കാരാണ്. ഒത്തുതീർപ്പുകാരും (conformers) പങ്കുപറ്റികളും (colluders). ആദ്യ വിഭാഗത്തിന്റെ സവിശേഷതകൾ ആത്മാഭിമാനക്കുറവും (low self esteem) സ്വന്തം ദൗർബല്യബോധവും ശക്തനായ നായകനിൽ അഭയം തേടാനുള്ള അരക്ഷിതബോധവും (insecurity ) ആണ്. പങ്കുപറ്റികളാകട്ടെ നേതാവിന്റെ അമിതാധികാരത്തിന്റെ പങ്കുപറ്റി നേട്ടങ്ങൾ കൊയ്യുന്ന സാമർത്ഥ്യക്കാരാണ്.

  3. വിളനിലം: അമിതാധികാരികൾക്ക് വളരാൻ വിളനിലമാകുന്ന രാഷ്ട്രീയവും സംസ്കാരികവുമായ സാഹചര്യങ്ങളുണ്ട്. രാഷ്ട്രീയവും സാമ്പത്തികവുമായ പ്രതിസന്ധികളും അനിശ്ചിതത്വവും, യുദ്ധം, പകർച്ചവ്യാധി, പ്രകൃതിദുരന്തങ്ങൾ തുടങ്ങിയവയുമൊക്കെ അതിശക്തരായി തങ്ങൾക്ക് തോന്നുന്ന നേതാക്കളിൽ അഭയം തേടാൻ സമൂഹത്തിന് പ്രേരകമാണ്. ഈ സാഹചര്യങ്ങളിൽ അമിതാധികാരം തടയുന്ന നിയന്ത്രണങ്ങൾ ദുർബലമാകുന്നു. (കോവിഡും തുടർഭരണവും നമ്മുടെ മുന്നിൽ ഉദാഹരണം).

ചുരുക്കത്തിൽ, ഇടതുപക്ഷത്തിന്റെ തകർച്ചക്ക് പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തിയിട്ടോ അദ്ദേഹം അധികാരം ഒഴിഞ്ഞിട്ടോ മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. ഇന്ദിരാഗാന്ധിമാരെയോ പിണറായിമാരെയോ ഒക്കെ സൃഷ്ടിക്കുന്നത് ഞാനും നിങ്ങളും അടങ്ങുന്ന നമ്മളാണ് എന്ന് ഓർക്കേണ്ടതുണ്ട്. ഒരാളിൽ എല്ലാ കുറ്റവും ആരോപിക്കുന്നതോടെ നാം പ്രശ്നപരിഹാരത്തിനുള്ള കുറുക്കുവഴിയിൽ പ്രവേശിക്കുകയും ക്രമേണ പഴയ പ്രശ്നങ്ങളിൽ തന്നെ തിരിച്ചെത്തുകയും ചെയ്യുന്നത് ചരിത്രത്തിന്റെ പാഠം.

Comments