ഏതെങ്കിലും ഒരു ഘടകത്തെ മാത്രം മുൻനിർത്തിയോ, ഏതെങ്കിലും ഒരു രീതിശാസ്ത്രം മാത്രം അവലംബിച്ചോ കേരളത്തിലെ നിയമസഭാതെരഞ്ഞെടുപ്പിനെക്കുറിച്ച് സമഗ്ര വിശകലനം നടത്തുക അസാധ്യമായിരിക്കും. പരസ്പര പൂരകവും ചിലപ്പോഴൊക്കെ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്ന അനേക ഘടകങ്ങൾ ചേർന്നാണ് ഇപ്പോഴുള്ള നിയമസഭാ തെരഞ്ഞെടുപ്പു ഫലം.
പിണറായി വിജയന്റെ ധാർഷ്ട്യം എന്ന ഒരൊറ്റ കാര്യത്തെ ആസ്പദമാക്കിയുള്ള ചർച്ചകളാണ് ഏറെയും നടക്കുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സ്വീകരിച്ച സമീപനങ്ങളും പ്രതികരണങ്ങളും പൊതുസമൂഹത്തിൽ ഗവൺമെൻ്റിനും പാർട്ടിക്കും എതിരായ നിഷേധാത്മകമായ നിലപാടുകൾ ഉളവാക്കിയിട്ടുണ്ട് എന്ന കാര്യത്തിൽ സംശയമില്ല. പക്ഷേ ആ ഒരൊറ്റ പോയൻ്റിൽ നിന്ന് പരിശോധിക്കുമ്പോൾ കിട്ടുന്ന ഉത്തരം ഭാഗികമായിരിക്കും.
കഴിഞ്ഞ പത്തുവർഷത്തെ തുടർച്ചയായ ഭരണത്തിനെതിരായ വിധിയെഴുത്തല്ല ഇപ്പോൾ ഉണ്ടായത്. കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തിനെതിരായ വിധിയെഴുത്ത് ആദ്യത്തെ അഞ്ചു വർഷത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതാണ്. ആ വിധിയെഴുത്ത് LDF ന് അനുകൂലമായിരുന്നല്ലോ, അപ്പോൾ പിന്നെ രണ്ടാം ടേമിൻ്റെ വിലയിരുത്തലായി മാത്രം കരുതിയാൽ മതിയാകും, ഈ ജനവിധിയെ.

ധാരാളം ഘടകങ്ങൾ ഈ വിധിയെ സ്വാധീനിച്ചിട്ടുണ്ട്. തുടർഭരണം സ്വേച്ഛാധിപത്യ പ്രവണതയെ സംസ്ഥാപിച്ചെടുക്കും എന്ന പ്രതീതി ജനിപ്പിച്ചിരുന്നു. കല്പറ്റ നാരായണനും എം. എൻ. കാരശ്ശേരിയുമാണ് അതു തുടങ്ങിവെച്ചത്. അവരുടെ നിലപാടുകൾ പൊതു സമൂഹത്തിൽ ഈ അഭിപ്രായത്തിന് വലിയ സാധൂകരണം നൽകി. പൊതുജനങ്ങൾക്കുള്ള അസംതൃപ്തിയെ ഇവരുടെ അഭിപ്രായങ്ങൾ ഒന്നു ഉണർത്തിയിട്ടുണ്ടായിരുന്നു. സച്ചിദാനന്ദൻ്റെ കൂടി പരസ്യമായ നിലപാടു കൂടിയായപ്പോൾ പൊതുവെ സാംസ്കാരിക കേരളം ഗവൺമെൻ്റിനെതിരെ വിമർശനാത്‌മകമായി നിലകൊള്ളുന്ന ഒരു സ്ഥിതിവിശേഷം സൃഷ്ടിച്ചു.
കമ്മ്യൂണിസ്റ്റു പാർട്ടി വികസനഭീകരനായി നിലകൊണ്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. കിഫ്ബിയുടെ പരസ്യത്തിലെ ആ ഭീകരജീവിയുടെ മുഖം എല്ലാ സഖാക്കളിലും ദൃശ്യമായിരുന്നു.
കേരളത്തിൽ കലാ- സാംസ്കാരിക പ്രവർത്തകർ സംഘടിതമായി എൽ ഡി എഫ് പ്രചാരണത്തിനെത്തുന്നതാണ് പതിവ്. യു ഡി എഫ് അനുകൂലരായ സാഹിത്യ സാംസ്കാരിക പ്രവർത്തകർ ഉണ്ടാകാറുണ്ടെങ്കിലും പരസ്യമായി യു ഡി എഫിന് പിന്തുണയുമായി അവർ രംഗത്ത് വരാറില്ല (അതൊരു കുറച്ചിലായിട്ടാണ് പലപ്പോഴും കരുതാറ്). ഈയൊരു നിലപാടിലാണ് ഇത്തവണ പ്രകടമായ മാറ്റം സംഭവിച്ചത്. സാംസ്കാരിക കേരളം പൊതുവേ ഈ ഗവൺമെൻറ് മാറണം എന്ന നിലപാട് കൈക്കൊണ്ടു. അതിൽ ലബ്ധപ്രതിഷ്ഠരായവർ മുതൽ സാധാരണ പ്രവർത്തകർ വരെ ഉണ്ടായിരുന്നു. ഇത് ആളുകളെ സ്വാധീനിക്കാതിരുന്നില്ല. "പത്തുവർഷമായില്ലേ ഗവൺമെൻ്റ് ഒന്നു മാറട്ടെ" എന്ന സാമാന്യജനതയുടെ അഭിപ്രായത്തിന് ഇവരുടെ നിലപാടുകൾ മാന്യമായ ഒരു സാംസ്കാരികബലം നൽകി. ഇടതുപക്ഷത്തെ പിന്തുണയ്ക്കുമ്പോൾ മാത്രം ലഭിക്കുന്ന പുരോഗമനമുഖം ഈ സന്ദർഭത്തിൽ യു ഡി എഫിനെ പിന്തുണയ്ക്കുമ്പോഴാണ് സാംസ്കാരിക പ്രവർത്തകർക്ക് ലഭിച്ചത് എന്നത് കൗതുകം ജനിപ്പിച്ച കാര്യമായിരുന്നു. ഈ പ്രതിഭാസം ഈ തെരഞ്ഞെടുപ്പിൻ്റെ ഒരു സവിശേഷതയായിരുന്നു.

കമ്മ്യൂണിസ്റ്റു പാർട്ടി വികസനഭീകരനായി നിലകൊണ്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. കിഫ്ബിയുടെ പരസ്യത്തിലെ ആ ഭീകരജീവിയുടെ മുഖം എല്ലാ സഖാക്കളിലും ദൃശ്യമായിരുന്നു. കമ്മ്യൂണിസ്റ്റു രാഷ്ട്രീയത്തിൻ്റെ പാരമ്പര്യത്തിനു ചേരാത്ത ഒരു ബിംബമായി വികസനം മാറി. ആളുകൾക്ക് സൗകര്യങ്ങൾ ലഭിക്കുന്നുണ്ടെങ്കിലും കമ്മ്യൂണിസ്റ്റു പാർട്ടിയുടെ ഈ നിലയിലുള്ള അവകാശവാദം അവർക്ക് അത്ര സ്വീകാര്യമായിരുന്നില്ല. വികസന വായ്ത്താരിയും കമ്മ്യൂണിസ്റ്റ് മൂല്യബോധവും തമ്മിൽ എന്തോ ഒരു പൊരുത്തക്കേടുണ്ടെന്ന് ജനങ്ങൾക്ക് തോന്നി. വിപ്ലവത്തെക്കുറിച്ചും പുരോഗതിയെക്കുറിച്ചും പറഞ്ഞുകൊണ്ടിരുന്നവർ വികസനത്തെക്കുറിച്ച് അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ഒരു വൈരുദ്ധ്യമായി പൊതുസമൂഹത്തിന് അനുഭവപ്പെട്ടു.
ഗവൺമെൻ്റിനെക്കാൾ ജനാധിപത്യവിരുദ്ധമായി നിൽക്കുന്ന കമ്മ്യൂണിസ്സ് പാർട്ടിയുടെ ഒരു നിലയാണ് സാധാരണ ജനങ്ങളെ കൂടുതൽ അസംതൃപ്തരാക്കിയത്. പിണറായി വിജയൻ മുതൽ എം.വി. ഗോവിന്ദൻ മുതൽ താഴെ ഒരനുഭാവിസഖാവ് വരെ ഒറ്റശ്വാസത്തിൽ ഏക സ്വരത്തിൽ പറയുന്നത് ബഹുസ്വര അഭിപ്രായങ്ങൾക്ക് ഇടമില്ലാത്ത ഒരു സ്ഥലമായി കേരളത്തെ മാറ്റുന്നതുപോലെ തോന്നിച്ചു.
കമ്മ്യൂണിസ്റ്റുകാർ പണ്ട് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ഭരണത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ കൂടുതൽ കൂടുതൽ വ്യക്തമായ കാലയളവായിരുന്നു കഴിഞ്ഞുപോയ അഞ്ചു വർഷങ്ങൾ.
ഏതു വിമർശനങ്ങളെയും പാർട്ടിയെ തകർക്കാനുള്ള വലതുപക്ഷത്തിൻ്റെ ഗൂഢപദ്ധതിയായി വിലയിരുത്തപ്പെട്ടു. ശരിയായ നിലപാടെടുക്കുന്ന കമ്മ്യൂണിസ്റ്റു പാർട്ടിയുള്ളപ്പോൾ നിങ്ങൾ എന്തിന് ഞങ്ങളെ വിമർശിക്കണം? സമരം ചെയ്യണം? എന്ന നില പൊതുബോധത്തിൽ സമഗ്രാധിപത്യമായി സ്ഥാപിക്കപ്പെട്ടു. (ഇതാവട്ടെ കേരളത്തിലെ സി പി എമ്മിൻ്റെ മാത്രം സ്വഭാവമല്ലെന്നും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ അധികാരഘടനയുടെ പൊതുസ്വഭാവമാണ് എന്നതുകൊണ്ടും പാർട്ടിക്ക് ഇതിനെ തിരിച്ചറിയാനോ തിരുത്താനേ കഴിയുമെന്ന് ഞാൻ കരുതുന്നില്ല).
കമ്മ്യൂണിസ്റ്റുകാർ പണ്ട് പറഞ്ഞ കാര്യങ്ങളും ഇപ്പോൾ ഭരണത്തിൽ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ കൂടുതൽ കൂടുതൽ വ്യക്തമായ കാലയളവായിരുന്നു കഴിഞ്ഞുപോയ അഞ്ചു വർഷങ്ങൾ. സാധാരണക്കാരുടെ പാർട്ടിയാണെന്നു പറയുന്നു എന്നാൽ ആശാ വർക്കർമാരെ പോലെ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്നവർ സമരം ചെയ്പ്പോൾ അനുഭാവം കാണിച്ചില്ല എന്നു മാത്രമല്ല എതിരായ നിലപാടുകൾ ജനവിരുദ്ധമായി തന്നെ സ്വീകരിക്കുകയും ചെയ്തു. എൻ ഇ പിയെ എതിർക്കുന്നു, പി എം ശ്രീ പദ്ധതി ഒളിച്ചുകളിയിലൂടെ നടപ്പിലാക്കുന്നു. ഇത്തരം സമീപനങ്ങളുടെ ആവർത്തനങ്ങൾ പാർട്ടിക്ക് ജനങ്ങളിലുള്ള മൗലികമായ വിശ്വാസം നഷ്ടപ്പെടുത്തി. ഇതിന് ഗവൺമെൻ്റും പാർട്ടിയുടെ താഴെ തട്ടിലുള്ള സഖാക്കളും നടത്തുന്ന ന്യായവാദങ്ങൾ ജനങ്ങളെ കൂടുതൽ പാർട്ടിയിൽനിന്ന് അകറ്റി. പലപ്പോഴും തർക്കങ്ങളിൽ പാർട്ടി ജയിച്ചെങ്കിലും ആളുകളുടെ ഉള്ളിൽ അസംതൃപ്തിയായി തന്നെ കാര്യങ്ങൾ പെരുകി.

പാർട്ടിക്കുള്ളിൽ ആഭ്യന്തരമായി ഇതിൻ്റെ മുഴക്കങ്ങൾ ശക്തിപ്പെട്ടു. മുതലാളിത്ത വികസനവും തൊഴിലാളിവർഗസത്തയും പരസ്പരം പൂരകമാവാതെ ഏറ്റുമുട്ടലുകളിലായി. അതിൻ്റെ അന്തഃസ്സംഘർഷങ്ങൾ പാർട്ടിയിൽ പലവിധത്തിൽ ഉരുണ്ടുകൂടി. മൂലധനം സൃഷ്ടിക്കുന്ന വ്യാമോഹങ്ങളിൽ പാർട്ടിശരീരം കൂടുതൽ ആമഗ്നമായി. ഇതൊക്കെ തൊഴിലാളിവർഗപാർട്ടി എന്ന സഹജ അസ്തിത്വത്തിൽ നിന്ന് പാർട്ടിയെ ബഹുദൂരം അകറ്റി.
കേരളത്തിൽ ബി ജെ പി നിർമ്മിച്ചെടുത്ത മുസ്ലിം വിരുദ്ധതയെ പിൻപറ്റി ഹിന്ദുത്വ മനോഭാവത്തെ പുനരുൽപ്പാദിപ്പിച്ച് ഭരണം നിലനിർത്താൻ കഴിയുമോ എന്നായിരുന്നു സി പി എം നോക്കിയിരുന്നത്.
തെരഞ്ഞെടുപ്പിനെ തുടർന്ന് സി പി എം ആഴത്തിലുള്ള പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കാൻ പോകുന്നത്. പഴയ കാലത്തെപോലെ അഞ്ചു കൊല്ലം ഭരണം അഞ്ചു കൊല്ലം പ്രതിപക്ഷം അതു കഴിഞ്ഞ് വീണ്ടും ഭരണം എന്ന സാമാന്യമായ സമവാക്യങ്ങൾ അതേപോലെ പ്രവർത്തിക്കാൻ പാകമായ സാഹചര്യമല്ല കേരളത്തിൽ രൂപപ്പെടാൻ പോകുന്നത്. ബി ജെ പിയുടെ സാന്നിധ്യമില്ലാത്ത ഒരു കാലത്ത് ഭരണത്തിലില്ലെങ്കിൽ പ്രതിപക്ഷം, അടുത്തഘട്ടം ഭരണം എന്ന നിലയിൽ കാര്യങ്ങൾ മാറിമറിഞ്ഞു വരുമായിരുന്നു. ഇപ്പോൾ കാര്യങ്ങൾ ഒറ്റനോട്ടത്തിൽ അങ്ങനെയല്ല. മൂന്ന് സീറ്റിലേ ബി ജെ പി ജയിച്ചിട്ടുള്ളുവെങ്കിലും കേരളത്തിൻ്റെ രാഷ്ട്രീയ ഭൂപടത്തിൽ ഒരു സജീവസാന്നിധ്യമായി സംഘപരിവാർ ശക്തികൾ മാറിക്കഴിഞ്ഞു. അത് നമ്മുടെ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കാൻ കെല്പുള്ളതുമാക്കുന്നു.
കേരളത്തിൽ ബി ജെ പി നിർമ്മിച്ചെടുത്ത മുസ്ലിം വിരുദ്ധതയെ പിൻപറ്റി ഹിന്ദുത്വ മനോഭാവത്തെ പുനരുൽപ്പാദിപ്പിച്ച് ഭരണം നിലനിർത്താൻ കഴിയുമോ എന്നായിരുന്നു സി പി എം നോക്കിയിരുന്നത്. ഭരണത്തുടർച്ച എന്ന ഒരൊറ്റ സങ്കുചിതതാല്പര്യത്തെ മുൻനിർത്തി എടുത്ത ഈ നിലപാടിന് കേരളം വലിയ വിലനൽകേണ്ടിവരുമെന്ന് അവർ കരുതിയിരിക്കില്ല. ഫലത്തിൽ സംഭവിച്ചതെന്ത്? ബി ജെ പി നിർമ്മിച്ചെടുത്ത മുസ്ലിം വിരുദ്ധതയ്ക്ക് സി പി എം കൈയൊപ്പു ചാർത്തുന്ന സ്ഥിതിവന്നു. ഇത് മുസ്ലിം- ക്രിസ്ത്യൻ സമുദായ ഏകീകരണത്തിലേയ്ക്ക് വഴി തെളിച്ചു.

ഇപ്പോൾ നേരിട്ട പരാജയത്തെ തുടർന്ന് പാർട്ടിയിലെ ഹിന്ദുത്വവാദികളെ ഇത് എങ്ങനെ സ്വാധീനിക്കും എന്നതിനനുസരിച്ചായിരിക്കും കാര്യങ്ങളുടെ കിടപ്പ്. പരാജയപ്പെട്ടതോടെ ഒരുവിഭാഗത്തിന് കനത്ത ഇച്ഛാഭംഗം സംഭവിക്കുകയും കുറേ പേർ നിർവീര്യമാവുകയും അല്ലാത്തവർ ബി ജെ പി യുമായി ചേർന്ന് നിൽക്കാൻ ശ്രമിക്കുകയും ചെയ്യും. സംഘപരിവാരം നട്ടുനനച്ച ആ വിഷച്ചെടിക്ക് വെള്ളവും ഒഴിക്കുകയായിരുന്നല്ലോ കുറഞ്ഞകാലം കൊണ്ട് സി പി എം. അപ്പോൾ പിന്നെ സംഘർഷമേതുമില്ലാതെ ‘സംഘി’കളായി മാറാൻ സി പി എമ്മിലെ ഒരു വിഭാഗം ആളുകൾക്ക് എളുപ്പം സാധിക്കും. ഭാവിയിൽ അത് കോൺഗ്രസിനെയല്ല കമ്മ്യൂണിസ്റ്റു പാർട്ടിയെയാണ് ദുർബലമാക്കുക.
മതന്യൂനപക്ഷങ്ങളും ദലിത് ബഹുജൻ വിഭാഗങ്ങളും കോൺഗ്രസിനോടൊപ്പവും ഒരു വിഭാഗം ഹിന്ദുവാദികൾ ബി ജെ പിയോടൊപ്പവും ചേരുമ്പോൾ പതിറ്റാണ്ടുകളിലൂടെ ആവർത്തിക്കപ്പെട്ട രാഷ്ട്രീയ സമവാക്യങ്ങൾ മറ്റൊരു രീതിയിലേയ്ക്ക് പരിണമിക്കും. അതു തിരിച്ചറിയാൻ സി പി എമ്മിനു കഴിഞ്ഞാൽ കേരളം ബി ജെ പിക്ക് അധികം ഇടം കൊടുക്കാത്ത മതേതര കേരളമായി നിലകൊള്ളും. അല്ലാത്തപക്ഷം മലയാളികൾ തങ്ങളുടെ സെക്യുലർ ജീവിതത്തിന് വലിയ വില നൽകേണ്ടിവരും. ആകെപ്പാടെ നോക്കിയാൽ കമ്യൂണിസ്റ്റു പാർട്ടി അകപ്പെട്ട പൊരുത്തക്കേടുകൾക്ക് എതിരെയുള്ള ഒരു വിധിയെഴുത്തായിരുന്നു ഇത്. അതിൽനിന്ന് പുറത്തുകടക്കുക എന്നത് അത്ര എളുപ്പവുമല്ല.

