എന്തുകൊണ്ടാണ് സി.പി.എം പോലൊരു പാർട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തരമൊരു പരാജയം നേരിടേണ്ടിവന്നത്? തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു കഴിഞ്ഞപ്പോൾ ഞാനാലോചിക്കുകയായിരുന്നു.
ജനങ്ങൾക്കുവേണ്ടി പലതും ചെയ്ത ഒരു ഭരണമായിരുന്നു അവരുടെ നേതൃത്വത്തിൽ കേരളത്തിലുണ്ടായിരുന്നത്. മിക്കവാറും മന്ത്രിമാർ സാമാന്യം മികവ് പുലർത്തിയവരാണ്. മിടുക്കരായിരുന്ന എം.എൽ.എമാർ ധാരാളം അവർക്കുണ്ടായിരുന്നു. എന്നാൽ അതൊന്നും സി.പി.എമ്മിന്റെ രക്ഷയ്ക്കെത്തിയില്ല. 140 സീറ്റുള്ള നിയമസഭയിൽ 26 സീറ്റു കൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടിവന്നിരിക്കുന്നു.

യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനു പോലും 22 സീറ്റ് നേടാൻ കഴിഞ്ഞിട്ടുണ്ട്. 67- ൽ നിന്നാണ് 26- ലേക്ക് ചുരുങ്ങിയിരിക്കുന്നത്. മത്സരിച്ച 77 സീറ്റിൽ 51 ൽ അവർക്ക് തോൽവി ഏറ്റുവാങ്ങേണ്ടിവന്നു. 2021 -ലെ കണക്ക് മത്സരിച്ച 77- ൽ 62- സീറ്റിലും വിജയിച്ചു എന്നതാണ്. മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 50,123-ൽ നിന്ന് 19,247 വോട്ടായി കുറഞ്ഞു. മികച്ച പ്രകടനം കാഴ്ചവെച്ച മന്ത്രിമാർ മിക്കവരും പരാജയം ഏറ്റുവാങ്ങി. ജനനന്മയ്ക്കായി മാതൃകാപരമായി പ്രവർത്തിച്ച എം.എൽ.എമാർ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.
ഭരണം നഷ്ടപ്പെട്ടതിലല്ല, ഇത്രയും കടുത്ത പരാജയം എന്തുകൊണ്ട് സംഭവിച്ചു?
നിയമസഭയിലെ പ്രാതിനിധ്യം ഇത്രമാത്രം പരിമിതപ്പെട്ടതെന്തുകൊണ്ട്?
ഇത് ഭരണത്തിനെതിരായ വിധിയെഴുത്താണോ? അല്ലെന്ന് പലരും വിശ്വസിക്കുന്നു. ഇത് നേതാവിനെതിരായ വിധിയെഴുത്താണ്. നേതാവിനെ ജനങ്ങൾക്ക് മടുത്തിരിക്കുന്നു. അത് മനസ്സിലാക്കാൻ പാർട്ടിക്ക് മാത്രം കഴിഞ്ഞില്ല. ജനങ്ങളുടെ രോഷപ്രഹരം തന്നെ വേണ്ടി വന്നു ഈ യാഥാർത്ഥ്യത്തെ മനസ്സിലാക്കാൻ.
നേതാവിനെപ്പറ്റി ആലോചിക്കുമ്പോൾ ഞാനോർത്തത്, എം.ടി. വാസുദേവൻ നായരുടെ വാക്കുകളാണ്. 2024 ജനുവരിയിൽ കെ.എൽ.എഫ് വേദിയിലെ പ്രസംഗത്തിൽ അദ്ദേഹം ഭരണാധികാരികളുടെ അമിതാധികാര പ്രവണതകളെപ്പറ്റി സൂചിപ്പിച്ചു: “ശിഥിലീകരണത്തിന്റെ കാര്യകാരണങ്ങളെ അപഗ്രഥിക്കുക എന്നതാണ് അതിനെ നിഷേധിച്ച് ഇല്ലെന്ന് സങ്കല്പിക്കുന്നതിനുപകരം ജാഗ്രതയോടെ ചെയ്യേണ്ടത്’’ എന്ന് വിൽഹെം റീഹ് എന്ന മനഃശാസ്ത്രജ്ഞനെ ഉദ്ധരിച്ച് എം.ടി അവിടെ പറഞ്ഞു. അതൊക്കെ വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെക്കൂടി ഉദ്ദേശിച്ചാണെന്ന് വിലയിരുത്തപ്പെട്ടു. അല്ലെന്നു വരുത്തിത്തീർക്കാൻ സി.പി.എം ശ്രമിച്ചു.

എം.ടിയുടെ പ്രസ്താവന വിവാദമായപ്പോൾ എം.ടി പിണറായിയെ ഉദ്ദേശിച്ചു തന്നെയാണെന്ന് പറഞ്ഞിരിക്കുക എന്നഭിപ്രായപ്പെട്ടവരുടെ കൂട്ടത്തിൽ ഞാനുമുണ്ടായിരന്നു. എം.ടിയുമായുള്ള അടുപ്പവും ആ പ്രഭാഷണത്തിന് ഒരു ദിവസം മുമ്പ് എം.ടി ഇക്കാര്യം സ്വകാര്യ സംഭാഷണത്തിൽ സൂചന നൽകിയിരുന്നതിന്റെയും അടിസ്ഥാനത്തിലാണ് ഞാൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്. എംടി പറഞ്ഞതിൽ സത്യമുണ്ടെന്ന് ഞാനും വിശ്വസിച്ചിരുന്നു. പിണറായി വിജയനിൽ ഒരു ഏകാധിപത്യ മനോഭാവം ഉള്ളതായി തോന്നിയിരുന്നു.
ഈ അഭിപ്രായപ്രകടനം മാധ്യമങ്ങളിൽ വന്നതോടെ പരിചയക്കാരായ ചില യുവ സി പി എം നേതാക്കൾ എന്നെ വിളിക്കുകയുണ്ടായി. അവരുമായുള്ള സംഭാഷണങ്ങളിൽനിന്ന് എനിക്കു ബോധ്യപ്പെട്ടത്, അവരുടെയൊക്കെ മനസ്സിൽ പാർട്ടിയിൽ പിണറായി വിജയൻ നേടിയെടുത്ത അപ്രമാദിത്തം ഒരു പ്രശ്നമായി നിലനിൽക്കുന്നുണ്ട് എന്നു തന്നെയാണ്. പാർട്ടിയോഗങ്ങളിലൊന്നും അദ്ദേഹം വിമർശനം നേരിടുന്നില്ല. അഥവാ വിമർശനം അനുവദിക്കുന്നില്ല. കാര്യങ്ങൾ പിണറായിയുടെ ഇംഗിതപ്രകാരം നടപ്പിലാക്കപ്പെടുന്നു. പിണറായിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാർട്ടിയിലും, ഭരണത്തിലും.
അദ്ദേഹം ഒരിടത്തും തിരുത്തപ്പെടുന്നില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തോടെ സംഭവിച്ച മാറ്റമാണിതെന്ന് ചിലർ തുറന്നുപറഞ്ഞു. കോടിയേരി ഉണ്ടായിരുന്നപ്പോൾ, “അല്ല പിണറായി അത് വേണോ” എന്ന രീതിയിലുള്ള പുനരാലോചന സംഭാഷണങ്ങൾ നടക്കുമായിരുന്നു. കോടിയേരി മരിച്ചതോടെ ആ സാധ്യതയും അടഞ്ഞു.
പിണറായി വിജയൻ എന്ന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി അമിതാധികാരപ്രയോഗം നടത്തി എന്നു തന്നെ കേരളം വിശ്വസിക്കുന്നു. ആ ധാർഷ്ട്യം പത്തു വർഷം സഹിച്ച ഒരു സമൂഹം നൽകിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. അദ്ദേഹം കർക്കശനായ ഭരണാധികാരിയും ശക്തനായ നേതാവും ആയിരുന്നിരിക്കാം. പ്രതിസന്ധിക്കാലത്ത് മികച്ച നേതൃപാടവം കാണിച്ചു എന്നതും സത്യമാണ്. എന്നാൽ അടിസ്ഥാനപരമായി അദ്ദേഹമൊരു ജനാധിപത്യവാദിയോ കമ്യൂണിസ്റ്റ് മാനവികതയുടെ വക്താവോ അല്ല. ഇത് മനസ്സിലാക്കി അദ്ദേഹത്തെ തിരുത്താനോ മാറ്റിനിർത്താനോ ഉള്ള ശേഷി സി.പി.എം എന്ന പ്രസ്ഥാനത്തിന് ഇല്ലാതെ പോയോ? എന്തിനാണ് പിണറായി എന്ന നേതാവിനെ പ്രൊജക്ട് ചെയ്ത് മൂന്നാം തവണയും തെരഞ്ഞെടുപ്പിനെ നേരിട്ടത്? എന്തുകൊണ്ടാണ് കേരളം മുഴുവൻ അദ്ദേഹത്തിന്റെ ഫോട്ടോകൾ വെച്ച പോസ്റ്ററുകൾ മാത്രം നിരത്തിയത്? അത് തിരിച്ചടിയാവുമെന്ന് തിരിച്ചറിയാനുള്ള രാഷ്ട്രീയം വിവേകം ആ പാർട്ടിക്ക് ഇല്ലാതെ പോയോ? അതിനാരാണ് ഉത്തരവാദി? പാർട്ടിസെക്രട്ടറി എന്ന സ്ഥാനം വെറുമൊരു അലങ്കാരപദവിയായി ചുരുക്കിയതാര്? പിണറായി എന്ന നേതാവിനോട് ശരിയും തെറ്റും ബോധ്യപ്പെടുത്താൻ കഴിയാത്ത ഒരാൾ പാർട്ടി സെക്രട്ടറിയായിട്ടെന്തു കാര്യം?

പറഞ്ഞുവരുന്നത്, അഥവാ ജനവിധിയിൽ നിന്ന് വായിച്ചെടുക്കേണ്ടത് പിണറായി വിജയനെയും എം.വി. ഗോവിന്ദനെയും മാറ്റിനിർത്താൻ ആ പാർട്ടിക്ക് കഴിയണം എന്നു തന്നെയാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവരോട് പിന്മാറാൻ ആവശ്യപ്പെടണം. അതിനുള്ള കരുത്ത് പാർട്ടിക്കുണ്ടാവണം. കൂട്ടായ തീരുമാനങ്ങൾ എടുക്കാനും തിരുത്തി മുന്നേറാനും കഴിയണം.
പാർട്ടി എന്നത് ഒറ്റ മനുഷ്യനിലേക്ക് ചുരുങ്ങിപ്പോയതിന്റെ ദുരന്തം കൂടിയായി ഇത് മനസ്സിലാക്കേണ്ടതുണ്ട്. അങ്ങനെയായി എന്ന് തുറന്നുപറയുക സി.പി.എം പോലൊരു പാർട്ടിക്ക് എളുപ്പമല്ല. അവർ പൊതുമണ്ഡലത്തിൽ ഇതേറ്റു പറയുകയില്ലായിരിക്കാം. എന്നാൽ പാർട്ടിക്കകത്ത് അത് പറയണം. അത് പറയാൻ സ്വാതന്ത്ര്യം കൊടുക്കുന്ന ഒരു പാർട്ടിസെക്രട്ടറിയും സംവിധാനവും അവർക്കുണ്ടാവണം. രാഷ്ട്രീയ വിഗ്രഹ സംസ്കാരത്തിലേക്ക് പാർട്ടി പോയത് തെറ്റാണെന്ന് ബോധ്യപ്പെടണം. ഇടതു ബോധ്യങ്ങളെ തിരിച്ചുപിടിക്കണം.
ഈ ഭരണനഷ്ടത്തോടെ ഇന്ത്യയിൽ ഒരിടത്തും ഇടതുഭരണമില്ലാത്ത ഒരവസ്ഥ സംജാതമായിരിക്കുന്നു. 1977- നുശേഷം ഇതാദ്യമായാണ് ഇങ്ങനെയൊരവസ്ഥ ഉണ്ടാവുന്നത്. 2011 വരെ പശ്ചിമ ബംഗാളിലും 2018 വരെ ത്രിപുരയിലും 2026 വരെ കേരളത്തിലും ഇടതു സർക്കാരുകൾ ഭരണത്തിലുണ്ടായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു സ്വാധീനശക്തിയായി അവർ പ്രവർത്തിക്കുകയും ചെയ്തു. ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ ഭാവി ഇനിയെന്ത്? വലിയൊരു ചോദ്യമാണത്.

1957 മുതലുള്ള ചരിത്രമാണ് കേരളത്തിലേത്. ജനമനസ്സിന്റെ തപമറിയാനുള്ള ശേഷി ഇടതു നേതൃത്വത്തിന് നഷ്ടമായി എന്നു വേണം ഈ പരാജയത്തിൽനിന്ന് മനസ്സിലാക്കാൻ. കേരളത്തിലെന്നല്ല, കണ്ണൂരിൽ പോലും അവർക്കതിന് കഴിയാതെ വന്നിരിക്കുന്നു. ഇത്തവണ കേരളത്തിലങ്ങോളമിങ്ങോളം നിരന്നു നിന്ന പരസ്യപോസ്റ്ററുകളിൽ കൃഷ്ണപിള്ളയും എ കെ ജിയും ഇ എം എസ്സു മടങ്ങിയ സ്ഥാപക നേതാക്കളുടെ ചിത്രങ്ങൾ അപ്രത്യക്ഷ്യമായത് എന്നെ അമ്പരപ്പിച്ചിരുന്നു. ജനമനസ്സിൽ പാർട്ടിയെന്നാൽ ഇവരുമൊക്കെ ചേർന്നതാണ്. അതാണ് പിണറായി എന്ന ഒരാളിലേക്ക് ചുരുക്കാൻ ശ്രമിച്ചത്. അങ്ങനെ പാർട്ടി വെറും നിഴലായി.
ഭരണമാറ്റം കേരളത്തിന് നല്ലതു തന്നെയാണ്. നമ്മുടെ ജനാധിപത്യത്തിന്റെ ശക്തിയും ഭംഗിയുമാണ് അത് കാണിക്കുന്നത്. എന്നാൽ ഇത്ര കുറച്ചു സീറ്റുകളുമായി ഇടതു നേതാക്കാൾ പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്നത് എന്തുകൊണ്ട് എന്ന് പാർട്ടി ചിന്തിക്കണം. പ്രതിപക്ഷനിരയിൽ അവരോടൊപ്പം മൂന്ന് ഹിന്ദുത്വവാദികളും കൂട്ടിനുണ്ടാവുന്ന ഗതികേടിനെക്കുറിച്ചും.
കേരളം വർഗീയ വാദികൾക്ക് വിട്ടുകൊടുക്കില്ല എന്ന് വീമ്പു പറഞ്ഞവർക്കു വന്ന ഗതികേടാണ്. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുത്തവർ, പരസ്യ പലകയിൽ നിവർന്നുനിന്നവർ പരാജയത്തിന് ഉത്തരം പറയാനും ബാധ്യസ്ഥരാണ്. വിജയത്തിന് അവർ മതി എന്നു തീരുമാനിക്കപ്പെട്ട അതേനയം, പരാജയത്തിനും ബാധകമായിരിക്കണം.

പിഴവുകൾ പലതും പറ്റിയിട്ടുണ്ട് സഖാക്കളേ… രാഷ്ട്രീയ പ്രവർത്തനത്തെ തെരഞ്ഞെടുപ്പുകളിലേക്ക് ഒതുക്കാതെ, ജനതപമറിഞ്ഞ് കേരളത്തെ വർഗീയശക്തികളിൽ നിന്ന് രക്ഷിക്കുവാനുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുക. അക്കാര്യത്തിൽ കോൺഗ്രസിനോടൊപ്പം ചേർന്ന് പ്രവർത്തിക്കുക.
2031- ലെ നിയമസഭയിൽ കൂടെയിരിക്കാൻ മോദിയുടെയും ഷായുടെയും അനുചരന്മാർ ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തുക. കേരളത്തെ വർഗീയശക്തികൾക്ക് വിട്ടുകൊടുക്കാതിരിക്കാൻ ഏറ്റവുമധികം ശ്രമിക്കേണ്ടത് സി.പി.എം ആണ്, ഇടതുപക്ഷമാണ്. ആ ദൗത്യത്തിനായി പാർട്ടിയെ സജ്ജമാക്കുക. ചരിത്രത്തിലേക്ക് ചുരുങ്ങാതെ, ഇന്നലെകളെ മറക്കാതെ മുന്നേറുക. ഇടതുപക്ഷ ബോധ്യങ്ങളിലേക്ക് തിരിച്ചുപോവുക. അതിനു തടസ്സമാവുന്ന നേതാക്കളെ തിരുത്തുക, ഒഴിവാക്കുക, നേതാവല്ല പാർട്ടി എന്ന് തിരിച്ചറിയുകയും തുറന്നു പറയുകയും ചെയ്യുക.
ഇടതുസംസ്കാരം കേരളത്തിൽ നിലനിർത്താനുള്ള യാത്രയിൽ നിങ്ങൾക്ക്, പാർട്ടിയിലെ മിടുക്കരടങ്ങിയ യുവനേതൃത്വത്തിന് കഴിയട്ടെ എന്നാഗ്രഹിക്കുകയാണ്. പാർലമെൻ്ററി ജനാധിപത്യത്തിലൂടെ ഇടതുപക്ഷത്തിന് ഇന്ത്യയിൽ നിലനിൽക്കാൻ സാധിക്കും എന്നു വിശ്വസിക്കുന്ന ഒരു ഇടതുപക്ഷക്കാരന്റെ കുറിപ്പാണിത്.

