തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം പ്രകാശ് രാജ് പങ്കെടുത്ത എസ്ഐആർ വിരുദ്ധ പ്രതിഷേധപരിപാടിയുടെ സംഘാടകരായ ചെറുപ്പക്കാർക്കെതിരെ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുകയാണ് കേരളാ പോലീസ്. മൈക്ക് അനുവാദം മുന്നേ നേടിയില്ല എന്നവകാശപ്പെട്ടുകൊണ്ടാണ് പോലീസ് പരിപാടിയിൽ ഇടപെടാൻ ശ്രമിച്ചത്. മൂന്നു ദിവസം മുമ്പേ തന്നെ അതു നേടിയിരിക്കണമെന്ന ചട്ടം നിലനിൽക്കേ രണ്ടു ദിവസം മുമ്പ് മാത്രം ഉറപ്പായ പരിപാടിയ്ക്ക് അനുവാദം നേടാൻ സംഘാടകർ സമീപത്തെ സ്റ്റേഷൻ മേധാവിയെ കണ്ടിരുന്നു, രാവിലെ. മാനവീയം വീഥിയിൽ ഗതാഗതതടസ്സം വരുത്താതെ പരിപാടി നടത്താൻ വാക്കാൽ അനുവാദം അയാൾ സംഘാടകർക്ക് കൊടുത്തതുമാണ്. പക്ഷേ പരിപാടി തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പേ അയാൾ തിരുവനന്തപുരം സിറ്റി കോർപറേഷൻ ഭരിക്കുന്ന ബിജെപി മേയറുടെ കാര്യാലയത്തിൻെറ ഭാഗമായ ഒരാളോടൊപ്പം മാനവീയം വീഥിയിലെത്തി മൈക്ക് പിടിച്ചെടുക്കാൻ ശ്രമിച്ചു. പരിപാടി സംഘടിപ്പിച്ച ചെറുപ്പക്കാരോട് അവർ കയർത്തു സംസാരിച്ചതോടെ പ്രതിരോധം ശക്തമായി. പോലീസിന് മടങ്ങേണ്ടി വന്നു. പ്രകാശ് രാജ് പങ്കെടുത്ത പരിപാടി ഗംഭീരമായി നടന്നു.
കോരിച്ചൊരിഞ്ഞ മഴത്ത് നൂറുകണക്കിന് പൗരരജനങ്ങൾ അവിടെയെത്തി ഇന്ത്യൻ ജനാധിപത്യത്തെ കാത്തുരക്ഷിക്കേണ്ട കടമ സ്വയമേറ്റു. അതിനു ശേഷമാണ് അവിടെയെത്തിയ പോലീസ് ഉദ്യോഗസ്ഥൻ സ്വയമേധയാ ഒൻപതു പേർക്കെതിരെ എഫ്ഐആർ ഇട്ട വിവരം പുറത്തുവരുന്നത്. എഫ്ഐആർ ഇട്ട വിവരം ഉടനെ അറിയിക്കണമെന്നാണ് നിയമമെങ്കിലും കേരളാ പോലീസ് അത് പലപ്പോഴും ചെയ്യാറില്ലെന്ന് എനിക്ക് സ്വന്തം അനുഭവത്തിൽ നിന്നറിയാം. പൗരരത്വഭേദഗതി ബിൽ വിരുദ്ധസമരത്തിൽ പങ്കെടുത്തതിൻെറ പേരിൽ ഉണ്ടായ കേസുകളിൽ രണ്ട് എഫ്ഐആറുകളുടെ വിവരമേ എനിക്കു കിട്ടിയിരുന്നുള്ളൂ. ബാക്കി ആറെണ്ണത്തെപ്പറ്റി രണ്ടു വർഷത്തിനുശേഷം സ്വയം അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത്. ഇവിടെ ഇട്ടിരിക്കുന്ന വകുപ്പുകളാണ് പോലീസിൻെറ പ്രതികാരബുദ്ധിയുടെ ആഴത്തെ കാണിക്കുന്നത് - വഴിതടസ്സം മാത്രമല്ല, കലാപം കൂടി നടത്താനുള്ള ഒരുക്കമാണ് അവിടെ നടന്നതെന്ന് സൂചിപ്പിക്കുന്നവ. എന്നാൽ പ്രതികാരബുദ്ധി മാത്രമല്ല, ഹിന്ദുത്വവാദ കുടിലബുദ്ധി കൂടി ഇവിടെക്കാണാനുണ്ട്. നോട്ടപ്പുള്ളികളാക്കപ്പെട്ട ഒൻപതു പേരിൽ രണ്ടു പേർ ആ സ്ഥലത്തേ ഉണ്ടായിരുന്നില്ല. അവർ എംഎൽ പ്രവർത്തകരാണത്രെ. കേരളത്തിലെ മൃദു-തീവ്രവലതുപക്ഷക്കാരുടെ ഭാവനയിലെ തീവ്രവാദികൾ. അപ്പോൾ ഇതിനൊരു തീവ്രവാദച്ചുവ വരുത്തിയാൽ നന്നാവും എന്ന് പോലീസ് കരുതിയിരിക്കുന്നുവെന്ന് തോന്നാം. കൂടാതെ മുസ്ലീം നാമധാരികളായ സംഘാടകരെ പ്രത്യേകിച്ചുൾപ്പെടുത്തിയിട്ടുണ്ട്. SUCI പ്രവർത്തകനായ ഷാജർഖാൻ മാനവീയം വീഥിയിൽ അപ്പോഴുണ്ടായിരുന്നില്ല, പക്ഷേ അദ്ദേഹത്തിനെതിരെയും എഫ്ഐആറുണ്ട്.
ലോകത്തെല്ലായിടത്തും പോലീസുകാർക്ക് സാധാരണജനങ്ങളുടെ ആത്മാഭിമാന പ്രകടനങ്ങളോടുള്ള അസഹിഷ്ണുത സാധാരണമാണ്. അതവരുടെ അഹന്തയെ ഭയങ്കരമായി വേദനിപ്പിക്കുന്നു. തങ്ങളുടെ ആത്മാഭിമാനം ഉന്നതാധികാരികളുടെ മുന്നിൽ അടിയറവയ്ക്കേണ്ടിവരുന്നതുകൊണ്ടായിരിക്കുമോ ഇത്? എന്തായാലും പൊലീസ് എല്ലാക്കാലത്തും എല്ലായിടങ്ങളിലും ഒരുപോലെ തന്നെ. അന്നത്തെ പ്രതിഷേധത്തിൽ ഗതാഗതം തെല്ലും തടസ്സപ്പെട്ടില്ലെന്ന് തെളിയിക്കുന്ന എത്രയോ റീലുകൾ ഉണ്ട്. യാതൊരുവിധ സമാധാനഭംഗവും നടന്നിട്ടില്ലെന്നും തെളിവുണ്ട്. അങ്ങനെ നോക്കുമ്പോൾ സ്വമേധയാ പരാതിയെടുത്ത പോലീസുകാരൻ കള്ളപ്പരാതിക്കാരനാവില്ലേ? മൈക്ക് പെർമിഷനില്ലായിരുന്നതിന് ഇത്ര കടുത്ത വകുപ്പുകൾ ചേർക്കാനായി ഉണ്ടാക്കിയ വ്യാജപരാതിയെപ്പറ്റി പരാതിപ്പെടേണ്ടതല്ലേ?

ഈ വിഷയത്തിൽ പോലീസുകാർക്കെതിരെ പോയിട്ട് കാര്യമില്ലെന്നു പറയാനാണ് തോന്നുന്നത്. സത്യത്തിൽ ആ ഉദ്യോഗസ്ഥനെയല്ല കുറ്റപ്പെടുത്തേണ്ടത്. ശരിക്കും പ്രതിഷേധമുയരേണ്ടത് സിറ്റി കോർപറേഷനെതിരെയാണ്. മാനവീയം വീഥി എന്ന ഇടം സ്വതന്ത്രമായ സാംസ്കാരിക പ്രവർത്തനത്തിൻെറ ഇടമായി പ്രഖ്യാപിച്ചത് സംസ്ഥാന സർക്കാരായിരുന്നു. വളരെ വർഷം അതങ്ങനെ നടന്നിരുന്നു. അതിനുശേഷം മാനവീയം വീഥിയുടെ പുനർനിർമ്മാണത്തിനു ശേഷമാണെന്ന് തോന്നുന്നു, അത് സിറ്റി കോർപ്പറേഷൻെറ കീഴിൽ, നിയന്ത്രണത്തിൽ ആയിമാറി. അതോടെ അധികൃതരുടെ സമ്മതം, അനുവാദം മുതലായവ അവിടെ പൊതുപരിപാടികൾ നടത്താനാവശ്യമായി വന്നു, കഴിഞ്ഞ സർക്കാരിൻെറ സമയത്ത്. പരിപാടികൾക്ക് കരം പിരിക്കുന്ന തനി നിയോലിബറൽ മാനേജ്മെൻറ് സംസ്കാരത്തിനു നാം വഴങ്ങിയതിൻെറ ഭാഗം തന്നെയായിരുന്നു ഇത്.
അത്തരമൊരു മാറ്റമില്ലായിരുന്നെങ്കിൽ രാവിലെ അനുവാദം തന്ന ഈ ഉദ്യോഗസ്ഥന് വൈകുന്നേരമായപ്പോൾ സ്വരം മാറ്റേണ്ടിവരില്ലായിരുന്നു. അതുപോലെ വ്യക്തമാകുന്ന മറ്റൊരു കാര്യം ബിജെപി എന്ന പാർട്ടിയുടെ സാന്നിദ്ധ്യം എത്രത്തോളം വിഷമയമാണെന്നതാണ്. കേരളമെന്ന ഇടത്തിൻെറ ജനാധിപത്യചരിത്രത്തോടും സംസ്കാരത്തോടും തികഞ്ഞ വിദ്വേഷം മാത്രം പുലർത്തുന്ന കൂട്ടരെ അധികാരത്തിലെത്തിച്ചാൽ എന്താണ് നടക്കുക എന്നു നാം കാണുന്നു.
ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയോട് അപേക്ഷിക്കുന്നു, താങ്കളുടെ നേതാവായ രാഹുൽ ഗാന്ധിയും മർദ്ദക ചൂഷകവർഗത്തെ തുറന്നെതിർക്കാൻ കെല്പുള്ള പ്രസ്ഥാനമായി ഡെൽഹിയിൽ പുനർജനിക്കുന്ന കോൺഗ്രസും നടത്തുന്ന സമരത്തെ പിൻതുണച്ചുകൊണ്ടാണ് മാനവീയം വീഥിയിൽ ആ പരിപാടി നടന്നത് - വമ്പിച്ച ജനപിന്തുണയോടെ. അതിൻെറ സംഘാടകരെ താങ്കൾ നിയന്ത്രിക്കുന്ന സേന ഇത്തരത്തിൽ പീഡിപ്പിക്കുന്നത് ന്യായമാണോ? നീതിയാണെന്ന് താങ്കൾ പറയും, പക്ഷേ നീതി പൂർണമായും ജനവിരുദ്ധരായ അധികാരിവർഗം കൈയടക്കുന്ന, ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കാൻ ഉപയോഗിക്കുന്ന, ഇന്നത്തെ സാഹചര്യത്തിൽ, രാഹുൽ ഗാന്ധിക്കു പോലും നീതിയെക്കാളധികം ന്യായത്തെപ്പറ്റി പറയേണ്ടിവരുന്നില്ലേ? ദയവു ചെയ്ത് ജനാധിപത്യത്തിനും ഈ രാജ്യത്തിനും വേണ്ടി പോരാടാനുള്ള ഞങ്ങളുടെ അവകാശത്തെ രക്ഷിക്കുക.

കേരളാ പോലീസ് ദണ്ഡനീതിക്കപ്പുറം പോകാനുള്ള പല ശ്രമങ്ങളും താങ്കളുടെ നേതൃത്വത്തിൽ നടത്തുന്നതായി അറിയുന്നു. ഗാർഹികപീഡനത്തിനിരയാകുന്ന സ്ത്രീകളുടെ വിഷയത്തെ കേവലമൊരു ദണ്ഡനീതിവിഷയമായി ചുരുക്കിക്കളയാതെ, പരാതിക്കാരികളായ സ്ത്രീകളെ മാനസികവും കായികവും സാമ്പത്തികവും സാമൂഹികവുമായി ശാക്തീകരിക്കാൻ - അങ്ങനെ കുടുംബമെന്ന സങ്കല്പനത്തെത്തന്നെ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും ഉതകുംവിധം തിരുത്തിയെഴുതാൻ ശ്രമിക്കുന്ന പുതിയ പരിപാടി കേരളാപോലീസ് വിഭാവനം ചെയ്യുന്നതിനെപ്പറ്റി ഞാൻ അറിയുന്നു, അതിനെ ഹൃദയപൂർവം അഭിനന്ദിക്കുന്നു. താങ്കളാണ് ഈ പരിപാടിയുടെ പിന്നിലെന്നും അറിയുന്നു. മുഖ്യധാരാരാഷ്ട്രീയനേതാക്കന്മാർ formal ജനാധിപത്യത്തിനു പുറമേ substantive democracyയിലേക്കു തിരിയുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു. പക്ഷേ ജനാധിപത്യസമരങ്ങൾക്കെതിരെ ഇത്രയെളുപ്പത്തിൽ തിരിയാൻ തയ്യാറായി നിൽക്കുന്ന, അല്ലെങ്കിൽ അങ്ങനെ തിരിയാൻ നിർബന്ധിക്കപ്പെടുന്ന, പോലീസ് സേനയ്ക്ക് അതു നടത്തിയെടുക്കാൻ കഴിയുമോ എന്നോർത്ത് ഞാൻ ആശങ്കപ്പെടുന്നു. ആ ആശങ്കയ്ക്ക് ഒരൊറ്റ പരിഹാരമേ ഉള്ളൂ, താങ്കളുടെ കരുത്തുറ്റ നേതൃത്വം. പോലീസ് സേനയക്ക് തങ്ങൾ ജനാധിപത്യത്തിൻെറ കാവലാളുകളാണെന്ന ആത്മവിശ്വാസം പകരാൻ അതു കൂടിയേതീരൂ.

