സ്വാതന്ത്ര്യസമരകാലഘട്ടത്തിൽ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി ഗ്രാമവികസനത്തിനായുള്ള പഞ്ചായത്ത് രാജ് സമ്പ്രദായത്തിന് പ്രാമുഖ്യം ലഭിച്ചിരുന്നെങ്കിലും രാജ്യത്തെ ഭരണസംവിധാനത്തിൽ അവ ഉൾക്കൊള്ളിക്കാനായത് രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടത്തിലാണ്. 1957- ൽ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പഠിക്കാൻ ബൽവന്ത്റായ് മേത്ത അധ്യക്ഷനായി ഒരു കമ്മിറ്റിയെ സർക്കാർ നിയമിച്ചിരുന്നു. കമ്മിറ്റി ശുപാർശ പ്രകാരമുള്ള ജനാധിപത്യ വികേന്ദ്രീകരണത്തിനായുള്ള പഞ്ചായത്ത് രാജ് നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് പിന്നീട് സർക്കാർ തലത്തിലുണ്ടായത്.
ത്രിതല തദ്ദേശ സ്വയംഭരണ സംവിധാനത്തിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്ത് രൂപീകരിക്കാനും പരോക്ഷമായി തിരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഉൾപ്പെടുത്തി മറ്റു രണ്ടു സമിതികളായ പഞ്ചായത്ത് സമിതിയും ജില്ലാ പരിഷത്തും രൂപീകരിക്കാനുമുള്ള നിർദ്ദേശങ്ങളായിരുന്നു കമ്മിറ്റി റിപ്പോർട്ടിലുണ്ടായിരുന്നത്. ബൽവന്ത്റായ് മേത്ത കമ്മിറ്റിയിലെ അംഗവും ജവഹർലാൽ നെഹ്‌റു മന്ത്രിസഭയിലെ ഗ്രാമവികസന മന്ത്രിയുമായിരുന്ന എസ്.കെ. ഡേയുടെ നേതൃത്വത്തിലാണ് പ്രസ്തുത കമ്മിറ്റിയുടെ നിർദേശത്തിനനുസരിച്ചുള്ള പഞ്ചായത്ത് രാജ് സമ്പ്രദായത്തിന് ഇന്ത്യയിൽ തുടക്കമിട്ടത്.
രാജ്യത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലൊന്നായി കേരളത്തിലെ സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയും അറിയപ്പെടുന്നു.
ബൽവന്ത്റായ് മേത്ത കമ്മിറ്റി റിപ്പോർട്ട് പ്രകാരം ജനാധിപത്യ വികേന്ദ്രീകരണത്തിനായുള്ള പൊതു രൂപരേഖ തയ്യാറാക്കുകയും സംസ്ഥാനങ്ങളിലെ സാഹചര്യമനുസരിച്ച് ഉചിതമായ പ്രവർത്തന ഘടനകൾ രൂപപ്പെടുത്താനും സംസ്ഥാന സർക്കാരുകളെ കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കുകയുണ്ടായി.
1959 ഒക്ടോബർ 2-നാണ് പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു രാജസ്ഥാനിലെ നാഗൗറിൽ ത്രിതല പഞ്ചായത്ത് രാജ് ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ ജനാധിപത്യം കൂടുതൽ വിപുലമാക്കാനും ഗ്രാമീണ ജനതയെ രാഷ്ട്രീയമായി ശാക്തീകരിക്കാനും വികസനപ്രക്രിയയിൽ പങ്കാളികളാക്കാനും പഞ്ചായത്ത് രാജ് സമ്പ്രദായത്തിന്റെ അനിവാര്യതയാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് നെഹ്‌റു വ്യക്തമാക്കിയത്. എന്നാൽ ഒട്ടേറെ പരിമിതികൾ കാരണം ത്രിതല പഞ്ചായത്ത് സംവിധാനം രാജ്യത്തെമ്പാടും വേണ്ടത്ര ഗൗരവത്തിൽ വിജയിപ്പിക്കാനായില്ല എന്നതാണ് വാസ്തവം.
ഈ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ മോശം പ്രകടനത്തിനുള്ള കാരണങ്ങൾ പഠിക്കുന്നതിനായി കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ജനതാപാർട്ടി സർക്കാർ 1977- ൽ അശോക് മേത്ത കമ്മിറ്റി രൂപീകരിച്ചത്. ബൽവന്ത് റായ് കമ്മിറ്റി ശുപാർശ ചെയ്തതിൽ നിന്ന് വ്യത്യസ്തമായി ജില്ലാ പരിഷത്തും മണ്ഡൽ പഞ്ചായത്തും ഉൾപ്പെടുന്ന ദ്വിതല പഞ്ചായത്തീരാജ് സമ്പ്രദായം നിർദേശിക്കുകയും സ്വന്തമായി സാമ്പത്തിക സ്രോതസ്സുകൾ കണ്ടെത്തുന്നതിന് നികുതി അധികാരങ്ങൾ ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകത ഉറപ്പിക്കുന്നതുമായ ശുപാർശകളാണ് അശോക് മേത്ത കമ്മിറ്റി മുന്നോട്ടുവെച്ചത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങളെയടക്കം പ്രാദേശിക രാഷ്ട്രീയത്തിൽ ഉൾപ്പെടുത്തുന്നതിലും പ്രാതിനിധ്യം നൽകുന്നതിലും പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ ഭാഗമായുള്ള ജനാധിപത്യ പ്രക്രിയകൾ ഉത്തേജകമാകണമെന്ന കാഴ്ച്ചപ്പാടായിരുന്നു പ്രസ്തുത കമ്മിറ്റിക്കുണ്ടായിരുന്നത്.

ജനതാപാർട്ടി സർക്കാറിന് കൂടുതൽ കാലം കേന്ദ്രത്തിൽ അധികാരത്തിൽ തുടരാൻ സാധിക്കാത്ത പശ്ചാത്തലത്തിൽ അശോക് മേത്ത കമ്മിറ്റി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന് പരിമിതികളുണ്ടായി. പിന്നീട് 1980- കളിൽ അധികാരത്തിൽവന്ന സർക്കാരുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പഠിക്കാൻ രൂപീകരിച്ച ജി.വി.കെ. റാവു കമ്മിറ്റിയും എൽ.എം. സിംഗ്വി കമ്മിറ്റിയും പഞ്ചായത്ത് രാജ് സംവിധാനങ്ങൾക്ക് ആസൂത്രണപ്രക്രിയയിലുള്ള കടമകളും ഉത്തരവാദിത്യത്തവും കൂടുതൽ വ്യക്തതയോടെ പ്രതിപാദിച്ചു.
1992 -ൽ ഭരണഘടനയുടെ 73, 74 ഭേദഗതികളോടെ അംഗീകരിച്ച പഞ്ചായത്ത് രാജ് സമ്പ്രദായത്തിന് അടിസ്ഥാനമായത്, പ്രസ്തുത കമ്മിറ്റികൾ നൽകിയ നിർദ്ദേശങ്ങളാണ്. ഭരണഘടനാ ഭേദഗതിക്കനുസൃതമായിട്ടാണ് ആസൂത്രിത വികസനത്തിൽ ജനങ്ങളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉറപ്പാക്കുന്നതിന് സംസ്ഥാനത്തും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ രൂപീകരിക്കുന്നതിനായുള്ള നിയമം 1994- ൽ നിലവിൽ വന്നത്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പുകൾ
സംസ്ഥാന രൂപീകരണത്തിനുശേഷം 1957- ൽ ഇ.എം.എസ് സർക്കാർ അധികാരത്തിലേറിയശേഷം രൂപീകരിക്കപ്പെട്ട, മുഖ്യമന്ത്രി അധ്യക്ഷനായ ആദ്യത്തെ ഭരണപരിഷ്കാര സമിതിയാണ് അധികാര വികേന്ദ്രീകരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫലപ്രദമായ പങ്കാളിത്തം ലക്ഷ്യമിട്ട് ശുപാർശകൾ സർക്കാരിന് സമർപ്പിച്ചത്. ഗ്രാമതലത്തിൽ നേരിട്ട് തിരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളും ജില്ലാതലത്തിൽ ജില്ലാ കൗൺസിലുകളുമുള്ള ദ്വിതല സംവിധാനം നടപ്പിലാക്കാനുള്ള സമിതിയുടെ ശുപാർശകൾ അംഗീകരിച്ചുകൊണ്ടാണ് 1960-ലെ പഞ്ചായത്ത് നിയമം പ്രാബല്യത്തിൽ വന്നത്. അതിനുശേഷം 1963-ലാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടന്നത്. 16 വർഷത്തെ ഇടവേളക്കു ശേഷം പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായിരുന്ന 1979-ലാണ് രണ്ടാമതായി തിരഞ്ഞെടുപ്പുണ്ടായത്. പിന്നീട് നടന്ന 1988-ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള ഐക്യമുന്നണി 455 പഞ്ചായത്തുകളിലും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 469 പഞ്ചായത്തുകളിലും ഭരണത്തിലെത്തി.അതിനാൽ ഇരുമുന്നണികളും ഗ്രാമ പഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പമാണെന്ന് കണ്ടെത്താൻ കഴിയും. എന്നാൽ നഗരസഭകളിൽ ഐക്യ മുന്നണിക്കായിരുന്നു മേൽക്കൈ.
1993- ൽ ഭരണഘടനാഭേദഗതിയിലൂടെ നടപ്പാക്കിയ പഞ്ചായത്ത് രാജ് സമ്പ്രദായത്തിലൂടെ ലക്ഷ്യമിട്ടിരുന്ന അധികാര വികേന്ദ്രീകരണ പ്രക്രിയയെ കൂടുതൽ ജനകീയവൽക്കരിക്കാനാണ് ജനകീയാസൂത്രണ പ്രവർത്തനങ്ങൾ സഹായമായത്.
ഇന്നത്തെ രീതിയിലുള്ള ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വരുന്നതിനുമുൻപ് 1991- ൽ നടന്നത് ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പായിരുന്നു. 1987- ൽ അധികാരത്തിലേറിയ ഇ.കെ. നായനാർ സർക്കാരാണ് ജില്ലാ കൗൺസിലുകൾ രൂപീകരിക്കുകയും ആദ്യ തിരഞ്ഞെടുപ്പ് നടത്തുകയും ചെയ്തത്. ഗൾഫ് യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യപ്പെട്ട ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി തകർപ്പൻ വിജയം നേടി. ഇത് നൽകിയ ആത്മവിശ്വാസത്തിലാണ് ജനവികാരം അനുകൂലമാണെന്ന കണക്കുകൂട്ടലിൽ നായനാർ മന്ത്രിസഭ അഞ്ചുവർഷം പൂർത്തീകരിക്കുന്നതിനുമുമ്പ്, ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്താൻ ശുപാർശ ചെയ്തത്. എന്നാൽ ഇടതുമുന്നണിയുടെ പ്രതീക്ഷകൾ തെറ്റിച്ച അപ്രതീക്ഷിത സംഭവവികാസങ്ങളുണ്ടായി. കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനെത്തുടർന്ന് ആഞ്ഞടിച്ച സഹതാപതരംഗത്തിൽ ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുഫലം കോൺഗ്രസിന് അനുകൂലമായി, സംസ്ഥാനത്ത് യു.ഡി.എഫ് ഭൂരിപക്ഷം നേടി.
നരസിംഹറാവു പ്രധാനമന്ത്രിയായ 1991-96 കാലഘട്ടത്തിൽ പാർലമെന്റ് പാസ്സാക്കിയ പഞ്ചായത്ത് രാജ് സംവിധാനത്തിന് അനുസൃതമായിട്ടാണ് കെ. കരുണാകരൻ മന്ത്രിസഭയിലെ തദ്ദേശവകുപ്പ് മന്ത്രി സി.ടി. അഹമ്മദാലി പഞ്ചായത്ത് രാജ് ബിൽ അവതരിപ്പിച്ചത്. നിയമസഭ പാസ്സാക്കിയ ബിൽ നിയമമായതോടെ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുനിസിപ്പാലിറ്റി ആക്ടും നിലവിൽവന്നു, 1991- ൽ രൂപീകരിച്ച ജില്ലാ കൗൺസിലുകൾ ഇല്ലാതായി.
കേരള പഞ്ചായത്ത് രാജ് നിയമത്തിന്റെ അടിസ്ഥാനത്തിൽ 1995 മുതൽ അഞ്ചു വർഷം കൂടുംതോറും ത്രിതല തദ്ദേശ സ്ഥാപനങ്ങളിലേക്ക് മുടക്കമില്ലാതെ തിരഞ്ഞെടുപ്പ് നടന്നുവരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള സമയബന്ധിതമായ തിരഞ്ഞെടുപ്പുകൾ, 50 ശതമാനം സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം, ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം എന്നീ കാര്യങ്ങൾ പരിഗണിച്ചാൽ, രാജ്യത്ത് നിലവിലുള്ള ഏറ്റവും കരുത്തുറ്റ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളിലൊന്നായി കേരളത്തിലെ സ്ഥാപനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയും അറിയപ്പെടുന്നു.
കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ എം എസിന്റെ വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ എന്ന ആശയം 1996- ൽ അധികാരത്തിൽ വന്ന ഇ. കെ. നായനാർ സർക്കാർ അധികാരം ജനങ്ങളിലേക്ക് എന്ന മുദ്രാവാക്യമായി വികസിപ്പിച്ച്, ജനകീയാസൂത്രണത്തിലൂടെ നടപ്പിലാക്കിയത് രാജ്യമാകെ ശ്രദ്ധിച്ച പ്രവർത്തനങ്ങളിലൊന്നാണ്. 1993- ൽ ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്ത് നടപ്പാക്കിയ പഞ്ചായത്ത് രാജ് സമ്പ്രദായത്തിലൂടെ ലക്ഷ്യമിട്ടിരുന്ന അധികാര വികേന്ദ്രീകരണ പ്രക്രിയയെ കൂടുതൽ ജനകീയവൽക്കരിക്കാനാണ് കേരളത്തിലെ ജനകീയാസൂത്രണ പ്രവർത്തനങ്ങൾ സഹായമായത്.

തദ്ദേശ ജനവിധിയും
നിയമസഭാ തിരഞ്ഞെടുപ്പും
ജനങ്ങളുടെ പൊതുവായ രാഷ്ട്രീയാഭിമുഖ്യത്തോടൊപ്പം പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, സ്ഥാപനങ്ങളിലെ അഴിമതി, കുടിവെള്ളം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും സ്ഥാനാർത്ഥികളുമായുള്ള പ്രദേശവാസികളുടെ വ്യക്തിബന്ധവുമാണ് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിൽ സാധാരണഗതിയിൽ പ്രതിഫലിക്കാറ്. 1995 മുതലിങ്ങോട്ടുള്ള ജനവിധികൾ പരിശോധിച്ചാൽ പകുതിയിലേറെ ഗ്രാമപഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് വലിയ സ്വാധീനമുള്ളതായി മനസ്സിലാക്കാം. ആദ്യ കാലങ്ങളിൽ നഗരസഭകളിൽ ഐക്യമുന്നണിക്ക് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും സമീപകാല തിരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണി നഗരങ്ങളിലും മുന്നോട്ടുവന്നതായി കാണാം.
സംസ്ഥാനത്തെ ഭാവി രാഷ്ട്രീയമാറ്റത്തെ വ്യക്തമാക്കാൻ സഹായിക്കുന്ന സൂചികയായി മിക്ക തദ്ദേശ ജനവിധികളെയും പരിഗണിക്കാം. 1995 മുതൽ 2020 വരെയുള്ള തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടേതിന് സമാനമായ രാഷ്ട്രീയചിത്രം നൽകുന്നതായിരുന്നു 1996 മുതൽ 2021 വരെയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ.

സമീപകാല തെരഞ്ഞെടുപ്പ് ചിത്രം
തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ അധികാരങ്ങൾ നൽകിയതിനുശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു 1995- ലേത്. എ. കെ. ആന്റണി മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനവ്യാപകമായി നടന്ന ആദ്യ സമഗ്ര തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്.
1991-ലെ ആദ്യ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിലേതുപോലെ 1995- ലെ തിരഞ്ഞെടുപ്പുഫലവും എൽ ഡി എഫിന് അനുകൂലമായിരുന്നു. ആകെ 990 ഗ്രാമപഞ്ചായത്തുകളിൽ 530 എണ്ണത്തിലും (53.53 %) സി പി എം നേതൃത്വത്തിലുള്ള എൽ ഡി എഫ് ജയിച്ചു. ആകെ 54 മുനിസിപ്പാലിറ്റികളിൽ 29 എണ്ണത്തിലും 14 ജില്ലാ പഞ്ചായത്തുകളിൽ 10 എണ്ണത്തിലും എൽ ഡി എഫ് വിജയിച്ചു.
342 ഗ്രാമപഞ്ചായത്തുകളിലും (34.54 %) മൂന്ന് ജില്ലാ പഞ്ചായത്തുകളിലും 18 മുനിസിപ്പാലിറ്റികളിലുമാണ് ഭരണകക്ഷിയായ യു ഡി എഫിന് ആധിപത്യം സ്ഥാപിക്കാനായത്.
ഇരുമുന്നണിക്കുമെതിരെ മത്സരിച്ച ബി ജെ പിക്കാവട്ടെ കാസർഗോഡു ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിൽ മാത്രമാണ് കേവല ഭൂരിപക്ഷം ലഭിച്ചത്.
2020- ലെ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും ആധിപത്യം പുലർത്തിയ എൽ.ഡി.എഫ് ഇത്തവണ പ്രതീക്ഷിക്കുന്നത് അതിലും മെച്ചപ്പെട്ട ജനവിധിയാണ്. ആ പ്രതീക്ഷയ്ക്ക് അടിസ്ഥാനമായി അവർക്ക് നിരവധി അവകാശവാദങ്ങളുണ്ട്.
മുൻ തിരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ 2005- ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ഇടതുമുന്നണിക്ക് കൂടുതൽ വാർഡുകളിൽ ജയിക്കാനും ബഹുഭൂരിപക്ഷം തദ്ദേശ സ്ഥാപനങ്ങളിലും ഭരണത്തിലെത്താനും സാധിച്ചത്. ആകെ 999 ഗ്രാമപഞ്ചായത്തുകളിൽ 530 പഞ്ചായത്തുകളിലും ഇടതുമുന്നണിക്ക് ഭരണം ലഭിച്ചു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 90 എണ്ണത്തിലും 14 ജില്ലാ പഞ്ചായത്തുകളിൽ പത്തിടത്തും ഇടതുപക്ഷത്തിനാണ് ഭരണം ലഭിച്ചത്. ഈ ജനവിധിക്ക് സമാനമായ തരത്തിലാണ് അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ജനവിധിയുണ്ടായത്. 98 സീറ്റുകളോടെയാണ് ഇടതുമുന്നണി 2006- ൽ അധികാരത്തിലെത്തിയത്.
50 ശതമാനം സീറ്റുകളിൽ സ്ത്രീസംവരണം ഏർപ്പെടുത്തിയത് 2010- ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ്. യു.ഡി.എഫിനായിരുന്നു ആ വർഷം അല്പം മേൽക്കൈ. 582 ഗ്രാമപഞ്ചായത്തുകളിലും യു ഡി എഫ് ഭരണത്തിലെത്തി. 59 നഗരസഭകളിൽ 39 സ്ഥലത്താണ് യു.ഡി.എഫ് വിജയിച്ചത്. എട്ട് ജില്ലാ പഞ്ചായത്തുകളും മുന്നണി സ്വന്തമാക്കി. പരമ്പരാഗതമായി ഇടതുമുന്നണി വിജയിച്ചുകൊണ്ടിരുന്ന പല ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും യു.ഡി.എഫ് പിടിച്ചെടുത്തു. 2010- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ നേട്ടത്തിന് സമാനമായിരുന്നു 2011-ലെ നിയമസഭ തിരഞ്ഞെടുപ്പുഫലവും.
2015, 2020- ലെ തിരഞ്ഞെടുപ്പുകളിൽ മൂന്ന് തലങ്ങളിലും ഇടതുമുന്നണിക്ക് വ്യക്തമായ മേൽക്കൈ ലഭിച്ചു. ആ രാഷ്ട്രീയചിത്രം തന്നെയാണ് 2016- ലും 2021- ലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ആവർത്തിച്ചത്.

മുന്നണി പ്രതീക്ഷകൾ, പരിമിതികൾ
1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണുള്ളത്. അതിൽ 941 ഗ്രാമപഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുനിസിപ്പാലിറ്റികളും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളുമാണ്.
941 ഗ്രാമപഞ്ചായത്തുകളിലെ 15,962 വാർഡുകളിലേക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാർഡുകളിലേക്കും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാർഡുകളിലേക്കുമാണ് തിരഞ്ഞെടുപ്പ്. 87-ൽ 86 മുൻസിപ്പൽ കൗൺസിലിലായി 3113 വാർഡുകളും ആറ് കോർപ്പറേഷനുകളിലായി 414 വാർഡുകളുമാണുള്ളത്.
2020- ലെ തിരഞ്ഞെടുപ്പിൽ മൂന്ന് തലങ്ങളിലും ആധിപത്യം പുലർത്തിയ എൽ.ഡി.എഫ് ഇത്തവണ പ്രതീക്ഷിക്കുന്നത് അതിലും മെച്ചപ്പെട്ട ജനവിധിയാണ്. ആ പ്രതീക്ഷയ്ക്ക് അടിസ്ഥാനമായി അവർക്ക് നിരവധി അവകാശവാദങ്ങളുണ്ട്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിലടക്കം ഉണ്ടാക്കിയ പ്രതികരണങ്ങൾ, ക്ഷേമ പെൻഷൻ വർധിച്ചതും കൂടുതൽ മേഖലയിലേക്ക് അത് വ്യാപിപ്പിച്ചതും, ആരോഗ്യ- വിദ്യാഭ്യാസ മേഖലയിലെ പുരോഗതി, പാർപ്പിട പദ്ധതികൾ, അതി ദാരിദ്ര്യമുക്ത പ്രഖ്യാപനം, പട്ടിണി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, അഴിമതിരഹിത ഭരണനേട്ടങ്ങൾ എന്നീ അവകാശവാദങ്ങൾ തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫിനുണ്ട്.
യു.ഡി.എഫിനാകട്ടെ, ഈ തദ്ദേശ തെരഞ്ഞെടുപ്പ് ശരിക്കും ജീവന്മരണപോരാട്ടമാണ്. പത്തു വർഷമായി കാതലായ ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്ത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ കഴിഞ്ഞില്ല എന്ന വിമർശനം യു.ഡി.എഫിനെതിരെയുണ്ട്. മാധ്യമങ്ങൾ കൊണ്ടുവരുന്ന വിഷയങ്ങളുടെ പിറകെപ്പോയി വാർത്തകൾ സൃഷ്ടിക്കുന്ന പരിമിതമായ പ്രതിപക്ഷസാന്നിധ്യമായാണ് യു.ഡി.എഫ് പത്തു വർഷം നിലനിന്നുപോന്നത്. സ്വന്തം അണികളെ പോലും ആവേശം കൊള്ളിക്കാൻ കഴിയാത്ത ഒരു രാഷ്ട്രീയ സംഘടനാ സംവിധാനമായി യു.ഡി.എഫ് മാറിയ സാഹചര്യത്തിൽ, 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചുവരണമെങ്കിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം അനിവാര്യമാണ്.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി കുറഞ്ഞത് 20 ശതമാനം തദ്ദേശ വാർഡുകളിൽ വിജയം നേടും എന്ന പ്രതീക്ഷ പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം അവർക്ക് അനുകൂലമല്ല.
ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ മുന്നണി കുറഞ്ഞത് 20 ശതമാനം തദ്ദേശ വാർഡുകളിൽ വിജയം നേടും എന്ന പ്രതീക്ഷ പുറമെ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യം അവർക്ക് അനുകൂലമല്ല. തിരുവനന്തപുരം, തൃശൂർ കോർപ്പറേഷനുകളിലും, പാലക്കാട്, തൃപ്പൂണിത്തുറ, പന്തളം എന്നിവയുൾപ്പെടെ പത്തിലധികം മുനിസിപ്പാലിറ്റികളിലും 300 പഞ്ചായത്തുകളിലും അധികാരം പിടിച്ചെടുക്കാൻ പാർട്ടിക്ക് സാധിക്കുമെന്ന് നേതാക്കൾ പരസ്യ പ്രകടനം നടത്തുന്നതിന് പ്രധാന കാരണം, 2024- ലെ ലോക്സഭ തിരഞ്ഞെടുപ്പുഫലമാണ്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പുഫലത്തെ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിനോട് സമീകരിക്കുന്നതിൽ യുക്തിയില്ല. ഈ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാർ വ്യത്യസ്ത നിലപാടുകളാണ് സ്വീകരിക്കുക.
2020- ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ ഇരുപതോളം പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമാണ് അധികാരത്തിലെത്തിയത്. ആയിരത്തിനടുത്ത് വാർഡുകളിലും മുന്നണി വിജയിച്ചു. ഇത്തവണ ഈ കണക്കുകളിൽ ചെറിയ ശതമാനം മാറ്റമുണ്ടാകുമെന്നല്ലാതെ ബി ജെ പി നേതാക്കൾ മുന്നോട്ടുവെച്ച യാഥാർഥ്യബോധമില്ലാത്ത വിജയലക്ഷ്യം അപ്രസക്തമാകാനാണ് സാധ്യത.

‘ഭരിക്കാൻ’ സ്വതന്ത്രരും ചെറുപാർട്ടികളും
1200 തദ്ദേശ സ്ഥാപനങ്ങളിൽ ഏതാണ്ട് പത്തു ശതമാനത്തിലും ഏതെങ്കിലും പാർട്ടിക്കോ മുന്നണിക്കോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടാകാമെന്നാണ് മുൻകാല കണക്കുകൾ വ്യക്തമാക്കുന്നത്. കേവല ഭൂരിപക്ഷമില്ലാതെവന്നാൽ സീറ്റ് കൂടുതലുള്ള പാർട്ടികൾ സ്വതന്ത്രരുടെയും ചെറിയ കക്ഷികളുടെയും പിന്തുണയോടെ ഭരണത്തിലേറും. ഇതിന് കക്ഷിരാഷ്ട്രീയവ്യത്യാസം തടസമാകാറില്ല. പ്രാദേശിക തലത്തിൽ ഇത്തരം സഖ്യങ്ങളിൽ നിർണായക പങ്ക് വഹിക്കുന്നത് പലപ്പോഴും ജാതി -മത സംഘടനകളോട് ഐക്യപ്പെട്ട ചെറു പാർട്ടികളാണ്. ഏതെങ്കിലും പാർട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കത്ത തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരെ തിരഞ്ഞെടുക്കുന്ന നിർണായക യോഗത്തിൽ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന് തങ്ങൾക്ക് താൽപര്യമുള്ള പാർട്ടിയെ വിജയിപ്പിക്കുന്നതും ഇവരുടെ പതിവ് തന്ത്രങ്ങളാണ്. ബി ജെ പി, മുസ്ലിം ലീഗ്, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ തുടങ്ങിയ പാർട്ടികളും സ്വതന്ത്രരും പല തദ്ദേശ സ്ഥാപനങ്ങളിലും മുൻകാലങ്ങളിൽ ഇത്തരം അടവുനയങ്ങൾ സ്വീകരിച്ചതായി കാണാം.
കേരളം രാഷ്ട്രീയമായി ഏതു മുന്നണിയ്ക്ക് അനുകൂലമായി ചിന്തിക്കുന്നുവെന്ന് വ്യക്തമാകുന്ന സൂചികയായിരിക്കും വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് ഫലം.
