വരിക
സഖാക്കളെ,
മലകൾ വിളിക്കുന്നു
നമ്മളെ…

‘‘കേരളത്തിലെ സി പി എം, മുതലാളിത്തത്തിന്റെ ചതിക്കുഴിയിൽ വീണു പോയിരിക്കുന്നു. അണികൾക്ക് അത് ബോധ്യമായതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിധി. മാർക്സ് പറഞ്ഞപോലെ, മരിച്ചവരെ അവർ അർഹിക്കുന്ന ബഹുമാനത്തോടെ കബറടക്കുക. നമ്മുടെ ചിന്തകളെ പുതിയ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കുക. പുതിയ ശബ്ദങ്ങൾക്കായി കാതോർക്കുക. പുതിയ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുക’’- പി.പി. ഷാനവാസ് എഴുതുന്നു.

മ്യൂണിസം അതിന്റെ കേദാർ രാഗം പാടുകയാണ്. അന്തിച്ചുവപ്പിൽ അസ്തമിക്കും മുമ്പുള്ള സായാഹ്നരാഗം. പശ്ചിമബംഗാളിൽ നിന്ന് തുടങ്ങിയ അതിന്റെ മരുഭൂവൽക്കരണം കേരളത്തിൽ പൂർത്തിയാവുകയാണ്. പിണറായി പാറപ്പുറത്ത് വെളിയിൽ വന്ന അതിന്റെ സോഷ്യലിസ്റ്റ് വാഗ്ദാനങ്ങൾ, പിണറായിയിൽത്തന്നെ പിറന്ന അതിന്റെ മുതലാളിത്ത മുഖക്കുരുവിൽ വസൂരി പിടിച്ചമരുകയാണ്.

പരാജയം ഇപ്പോൾ ഒരു ന്യൂനപക്ഷ ഏകീകരണമല്ല, സ്വന്തം അണികൾ തന്നെ മുക്കാലിൽ കെട്ടി നൽകിയ ചാട്ടവാറടിയാണ്. ഇനിയും മനസ്സിലാക്കാനോ തിരിച്ചറിയാനോ തിരുത്താനോ ഒന്നുമില്ലാത്തവിധം
ആ ചെടി വാടിപ്പോയിരിക്കുന്നു. മരിച്ച ഒരു നക്ഷത്രത്തിന്റെ വെളിച്ചമായിരുന്നു അത്. വെളിച്ചത്തിന്റെ ആ മായയും നീങ്ങി അത് മരിച്ചു പോയിരിക്കുന്നു. "വരിക സഖാക്കളെ, മലകൾ വിളിക്കുന്നു നമ്മളെ" എന്ന സച്ചിദാനന്ദന്റെ കവി വാക്യം നമ്മെ വിളിക്കുന്നു. താക്കീതുകളും വിമർശനങ്ങളും ഗുണ്ടാപടയെ വച്ച് നേരിട്ട ധാർഷ്ട്യത്തിന്റെ "ദേശാഭിമാനിക്കാലം" തീർന്നിരിക്കുന്നു. കവീ, "അഹന്തയുടെ അന്തിപ്പിറയിൽ," പയ്യാമ്പലം ശ്മശാനത്തിൽ നിന്ന് അതിന്റെ മരണവാറണ്ട് വന്നെത്തിയിരിക്കുന്നു. കണ്ണൂർ കോട്ടകൾ, സെന്റ് ആഞ്ചലോസ് മുനമ്പിൽ അധിനിവേശത്തിന്റെ പുതിയ കടൽക്കാറ്റേൽക്കുന്നു. "ആ കടൽക്കാറ്റ് മരണമാണ്" എന്ന് സ്വയം തിരിച്ചറിയാൻ ഇനിയും സമയമെടുക്കും. കാരണം മൃതദേഹമായാലും ചൂടാറാൻ നേരമെടുക്കുമല്ലോ.

ഗൊർബച്ചോവ് ചെയ്ത പോലെ, സ്വയം പിരിഞ്ഞു പോവുകയാണ് ഭേദം, എന്ന് നേതൃത്വത്തിൽ വെളിപാട് ലഭിച്ചവരുടെ വാർത്താഭിമുഖങ്ങൾ മൗനമായോതുന്നു. "സഞ്ജയാ, സംഭവിച്ചതെന്ത്" എന്ന് അന്ധനായ ധൃതരാഷ്ട്രർ, ബേപ്പൂരിലേക്ക് ഫോൺ സന്ദേശം അയക്കുന്നു. പാണ്ഡവപ്പട കൗരവപ്പടയായി വർധിച്ചുവന്ന കാഴ്ച കണ്ട്, കമ്യൂണിസ്റ്റ് കേസരിമാരുടെ പല്ലിനു ദീനം വന്നിരിക്കുകയാണ്. കർമ്മഫലം എന്നല്ലാതെ എന്തു പറയാൻ. കയ്യൂക്കും ദ്രംഷ്ട്രകളും കാണിച്ച്, സഹയാത്രികരെയും സൈദ്ധാന്തികരെയും കാട്ടിൽ പറഞ്ഞയച്ച്, "പണറായി" രക്ഷിക്കും എന്നു കരുതിവശായ സിൽബന്ധികളുടെയും, പി ആർ ഒ ചതിക്കുഴികൾ തീർത്ത വർഗ്ഗ വഞ്ചകരുടെയും കയ്യിൽ ആടിയ, ആ റിവിഷണലിസ്റ്റ് നാടകത്തിന് തിരശ്ശീല വീണിരിക്കുന്നു. സീറ്റ് നഷ്ടപ്പെട്ടവരും മൂലക്കിരുത്തിയവരും തങ്ങളുടെ സ്വാർത്ഥം പുലരാൻ, പിതാമഹൻ അവസരം തന്നില്ലല്ലോ എന്ന വേപഥു കൊള്ളുന്ന അഭിമുഖങ്ങൾ പുറത്തു വരുന്നു.

എത്ര നീചമായിരുന്നു അങ്ങേരുടെ റെടറിക് എന്ന്, തോമസ് ഐസക് തുറന്നു പറയുന്നു. പാർട്ടി പത്രത്തിന്റെ എഡിറ്റർ ഭാഗവതം പാടി നോക്കുന്നു. ധനാർത്തിയിൽ അടിതെറ്റിപ്പോയി കളമശ്ശേരിയിൽ പരാജയപ്പെട്ട പി. രാജീവന്റെ കണ്ണിൽ ഇരുട്ടു കയറുന്നു. കോൺഗ്രസുകാരുടെ ജനാധിപത്യത്തിലും സെക്യുലറിസത്തിലും ഓട്ട വീഴുന്നത് കാതോർത്ത്, കപ്പിത്താൻ സമ്പൂർണ്ണ മൗനത്തിൽ അടിവെച്ച് നീങ്ങുന്നു. ധർമ്മക്ഷേത്രേ കുരുക്ഷേത്രേ…

നായർ എന്നും ഈഴവരെന്നും മുസ്ലിമെന്നും സഖാക്കളെ പലതായി കണ്ട ഇടതുപക്ഷത്തിന്റെ വർഗീയ തിരയെണ്ണലിന് പകരംവീട്ടി, കേരളീയരുടെ സെക്യുലർ അവബോധം നൽകിയ വിജയമായി കാണണം, ഈ തെരഞ്ഞെടുപ്പ് ഫലം. വർഗീയകാർഡ് പോലും കളിക്കാൻ മടിക്കാതെ, അധികാരം എന്ന തിമിരക്കാഴ്ചയിൽ, സ്വയം മറന്ന നേതൃത്വത്തിന്റെ പിടലിക്ക് വീണ മഴു. മെജോറിറ്റേറിയൻ ഹിന്ദുത്വയുടെ അതേ മാർജിനിൽ കളിച്ച കളിക്ക്, കേരളീയരുടെ പ്രബുദ്ധതയുടെ തിരിച്ചടി. ഇത് തിരിച്ചറിയാതെ, ജാതിയിലും മതസ്പർദ്ധയിലും രാഷ്ട്രീയത്തെ നോക്കിക്കാണുന്ന കുൽസിത ബുദ്ധിയിൽ നിന്ന്, കമ്യൂണിസ്റ്റ് നേതൃത്വം തിരിച്ചറിവ് നേടിയില്ലെങ്കിൽ, അത് സ്വന്തം ശവക്കുഴിയാണ് പണിയുന്നതെന്ന് ആവർത്തിച്ചു പറയാതിരിക്കാൻ കഴിയില്ല.

പി. രാജീവ്
പി. രാജീവ്

എന്താണ് സംഭവിച്ചത് എന്ന വിശകലനത്തിന് മുതിരുകയാണെങ്കിൽ, ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യക്ക് സംഭവിച്ചത് തന്നെ പിണറായി വിജയനും പാർട്ടി നേതൃത്വത്തിനും സംഭവിച്ചു എന്നു ചുരുക്കിപ്പറയാം. വികസനത്തിന്റെ നിയോലിബറൽ അജണ്ടകളുടെ വക്താക്കളാകാൻ വ്യഗ്രത കൊണ്ട, ക്ഷുദ്രവും നീചവുമായ ഒരു മനസ്സിന്റെ വിൽപത്രം.

"എന്നും ഉരുളക്കിഴങ്ങിൽ 
ഊണുകഴിച്ചു മടുത്തു,
ഇനി നാനോ കാറിൽ
മാളുകൾ കയറിയിറങ്ങി
ഒരു പുതിയ ബംഗാൾ വരട്ടെ," എന്ന സ്വപ്നത്തിന്റെ കേരളീയ പതിപ്പായി പിണറായിയും സഖാക്കളും മാറുകയായിരുന്നു. "മുതലാളിത്തത്തിനെ അതിവർത്തിക്കുന്ന" ഒരു കമ്യൂണിസ്റ്റ് പ്രയോഗത്തിന്റെ സൈദ്ധാന്തിക വചസുകൾ നഷ്ടമായ ഒരു നേതൃത്വം, ചിന്തയോടും സിദ്ധാന്തത്തിനോടും കടുത്ത പുച്ഛം സൂക്ഷിച്ച്, പോപ്പുലിസത്തേക്കാൾ പോപ്പുലിസ്റ്റായ ഒരു രാഷ്ട്രീയത്തിന്റെ വക്താക്കളായി മാറിയതിന്റെ ദുരന്തം. തെരഞ്ഞെടുപ്പ് പരാജയത്തേക്കാൾ, ഉള്ളിൽ ഉറച്ചുപോയ ഈ വികല കാഴ്ചപ്പാട് മാറ്റാൻ ഇനി അതിനു കഴിയില്ല എന്ന യാഥാർത്ഥ്യമാണ് നമ്മെ ഏറ്റവും വിഷമസ്ഥിതിയിലാക്കുന്നത്. പ്രതിരോധത്തിൽ നിന്ന്, അനുരോധത്തിലേക്കുള്ള ആ ചുവടുമാറ്റത്തിൽ നിന്ന്, ഒരിക്കലും അതിനു തിരിച്ചുവരാൻ കഴിയില്ല. വെള്ള യൂണിഫോമിൽ വന്ന കറകൾ മായ്ച്ചുകളയാൻ കഴിയാത്ത വിധം, അത് ആഴത്തിൽ ഒരു മനഃശാസ്ത്ര പ്രശ്നമായി ദൃഢീകരിച്ചിരിക്കുന്നു എന്നർത്ഥം. ആ അർത്ഥത്തിലാണ് കമ്യൂണിസത്തിനു മരണമണി മുഴങ്ങിക്കഴിഞ്ഞു എന്നു പറയുന്നത്. ഒരു ചുവന്ന പ്രഭാതത്തെപ്പറ്റിയുള്ള കമ്യൂണിസ്റ്റ് സ്വപ്നങ്ങൾ അന്തിച്ചുവപ്പിൽ അസ്തമിക്കുകയാണ് എന്ന് വികാരലേശമില്ലാതെ വിലയിരുത്തേണ്ടിവരുന്നത്.

രണ്ട്

ഒന്നോർത്താൽ, കേരളത്തിൽ അധികാരത്തിൽ വന്ന ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ ഭൂപരിഷ്കരണം, വ്യവസായവൽക്കരണം എന്നീ അജണ്ടകളുടെ പൂർത്തീകരണം തന്നെയാണ് പിണറായി സർക്കാറുകളും പത്തുവർഷംകൊണ്ട് പൂർത്തിയാക്കിയത്. ബൂർഷ്വാ വികസനം, അജണ്ടയായി ഏറ്റെടുത്ത കമ്യൂണിസ്റ്റ് പാർട്ടി സർക്കാറുകൾ, അവയുടെ ദൗത്യം പൂർത്തിയാക്കി, ചരിത്രത്തിൽനിന്ന് സ്വാഭാവികമായി നിഷ്ക്രമിക്കുകയാണെന്നു പറയാം. ആഗോളമായും ദേശീയമായും കേരളീയമായും ചരിത്രം കുറിക്കുന്ന ഈ വഴിത്തിരിവിനെയാണ് കേരളീയർ സ്വാഗതം ചെയ്തത് എന്നു വിലയിരുത്താം. അങ്ങനെ, ബംഗാളിലെയും കേരളത്തിലെയും ഇടതുപക്ഷത്തിന്റെ പിൻവാങ്ങൽ ഒരു സ്വാഭാവിക ദുരന്തമായെണ്ണാം.

കൃഷിഭൂമിയിൽ അധിഷ്ഠിതമായ സമ്പദ്ഘടനയുടെ വഴിമാറ്റമായിരുന്നു കേരളത്തിലും ബംഗാളിലും ഇടതുപക്ഷം സാധ്യമാക്കിയത്. കേരളത്തിൽ അത് കൃഷിഭൂമിയെ തുണ്ടുവൽക്കരിക്കുന്നതിലേക്കും സാമൂഹ്യജീവിതത്തെ ഉപഭോഗ സംസ്കൃതിയിലേക്കു ചെന്നെത്തിക്കുന്നതിലേക്കും വഴിവെച്ചുവെങ്കിൽ, ബംഗാളിൽ ആ മാറ്റം ഭാഗികമായിരുന്നുവെന്നു കാണാം. സെമിന്ദാരി സമ്പ്രദായം പൂർണമായി ഇല്ലാതാക്കിക്കൊണ്ടല്ല ബംഗാളിൽ ഭൂപരിഷ്കരണം നടന്നത്. അങ്ങനെ, അർദ്ധ ഫ്യൂഡലായി നിലനിന്ന ബംഗാളിനെ, സിംഗൂരിലും നന്ദിഗ്രാമിലും നടത്തിയ വ്യവസായവൽക്കരണ ഇടപെടലുകളിലൂടെ മുന്നോട്ടുകൊണ്ടുപോകാനാവുമോ എന്നുതന്നെയാണ്, ബുദ്ധദേവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷസർക്കാർ ശ്രമിച്ചു നോക്കിയത്. ബൂർഷ്വാവികസനം അതിന്റെ തനതു രൂപത്തിൽ ഏറ്റെടുക്കുക വഴി, പിണറായി സർക്കാറുകളും, കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് പാർട്ടി മന്ത്രിസഭകൾ കൊണ്ടുവരാൻ ശ്രമിച്ച, വ്യവസായവൽക്കരണനയങ്ങളെ ഒരർത്ഥത്തിൽ പിന്തുടരാനാണ് ശ്രമിച്ചത്.

ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യക്ക് സംഭവിച്ചത് തന്നെ പിണറായി വിജയനും പാർട്ടി നേതൃത്വത്തിനും സംഭവിച്ചു എന്നു ചുരുക്കിപ്പറയാം.
ബംഗാളിൽ ബുദ്ധദേവ് ഭട്ടാചാര്യക്ക് സംഭവിച്ചത് തന്നെ പിണറായി വിജയനും പാർട്ടി നേതൃത്വത്തിനും സംഭവിച്ചു എന്നു ചുരുക്കിപ്പറയാം.

ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ സ്ഥാപനത്തിലൂടെ, കേരളത്തിന്റെ വ്യവസായവൽക്കരണം എന്ന അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച, ഇ എം എസ് സർക്കാർ പരീക്ഷിച്ച് പരാജയപ്പെട്ടിടത്തുനിന്നു തന്നെയാണ്, പിണറായി സർക്കാറുകൾ ആരംഭിച്ചത്. പശ്ചാത്തല സൗകര്യവികസനത്തിലൂടെ, നിയോ- ലിബറൽ വികസനത്തോടൊപ്പം ചരിക്കാൻ കേരളത്തെ പ്രാപ്തമാക്കാനുള്ള നടപടികൾ എന്ന നിലയിൽ അതിന് കാതലായ വ്യത്യാസമുണ്ടായിരുന്നു എന്നു മാത്രം. കമ്യൂണിസത്തിന്റെയും മാർക്സിസത്തിന്റെയും യഥാർത്ഥ ലക്ഷ്യങ്ങളിലും പരിപ്രേക്ഷ്യങ്ങളിലും വെള്ളം ചേർത്തുകൊണ്ടേ, വികസനത്തിന്റെ ഈ ബൂർഷ്വാ നയങ്ങൾ നടപ്പിലാക്കാൻ സാധ്യമാകൂ എന്ന സത്യം അതിന്റെ നേതൃത്വം തിരിച്ചറിഞ്ഞിരുന്നു. കാർഷിക പ്രക്ഷോഭങ്ങളുടെയും വിദ്യാർത്ഥിസമരങ്ങളുടെയും വഴിയിൽ, പാവങ്ങളുടെ രക്തം ചിന്തി സൃഷ്ടിച്ച പാർട്ടിയുടെ സംഘടനാ ബലത്തെ, ഈ നിലയിൽ വികസനത്തിന്റെ ബൂർഷ്വാ അജണ്ടകൾ നടപ്പിലാക്കുന്ന ദൗത്യത്തിനായി ഉപയോഗപ്പെടുത്തുക എന്ന നയം, സ്വാഭാവികമായിരുന്നു എന്നർത്ഥം. കാരണം, കമ്യൂണിസ്റ്റ് പാർട്ടി, വിപ്ലവകരമായ അതിന്റെ നയ പരിപാടികളെപ്പറ്റി പാർട്ടി ക്ലാസുകളിൽ എന്തു വാചോടാപം നടത്തിയാലും, ബൂർഷ്വാ വികസനത്തിന്റെ നാലതിരിലേ, പാർട്ടി നേതൃത്വം കൊടുത്ത സർക്കാറുകൾക്ക് പ്രവർത്തിക്കാനാവൂ എന്ന സത്യം, പകൽവെളിച്ചം പോലെ വ്യക്തമായിരുന്നു. തകർത്തു എന്നവകാശപ്പെട്ട ഫ്യൂഡൽ സമ്പദ്ഘടനയിൽനിന്ന് അതിനെ ബുർഷ്വാ പരിഷ്കരണങ്ങളിലൂടെ മുന്നോട്ടുകൊണ്ടുപോയി, സോഷ്യലിസ്റ്റ് ഭാവിയിലേക്ക് പടികയറ്റുകയാണ് തങ്ങളുടെ ദൗത്യം എന്ന്, നയപരിപാടിയിൽ തന്നെ എഴുതിവെച്ച കമ്യൂണിസ്റ്റ് പാർട്ടികൾക്ക്, ഈ നിലയിൽ ബൂർഷ്വാ- നിയോലിബറൽ നയങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനു ചുക്കാൻ പിടിക്കുകയല്ലാതെ മറ്റെന്തു ചെയ്യാനാകും?

ഈ നിലയിൽ, യാഥാർത്ഥ്യ ബോധത്തോടെ ശരിയായി നമുക്ക് വിശകലനം ചെയ്യാനാകണം. ഇ എം എസ്- നായനാർ സർക്കാറുകൾ, ക്ലാസിക്കൽ ബൂർഷ്വാനയങ്ങൾ, ജനക്ഷേമത്തിന്റെ മൂടുപടമണിഞ്ഞ് നടപ്പിലാക്കിയപ്പോൾ, പിണറായി സർക്കാറുകൾ ഇത്തരം മൂടുപടങ്ങളൊന്നുമില്ലാതെ തന്നെ, ആ നയങ്ങൾ മുന്നോട്ടുവച്ചു നടപ്പാക്കി എന്നു വിലയിരുത്തുന്നതു തെറ്റായിരിക്കുകയില്ല. വാക്കും പ്രവൃത്തിയും, നയവും നടപടിയും, തമ്മിലുള്ള ഈ വൈരുദ്ധ്യങ്ങൾ, ബൂർഷ്വാ പാർലമെന്ററി വ്യവസ്ഥയ്ക്കുള്ളിൽ അധികാരം പങ്കിടാൻ തീരുമാനിച്ച ഒരു കമ്യൂണിസ്റ്റ് പാർട്ടിയെയും അതിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തെയും സംബന്ധിച്ച് അനിവാര്യമായിരുന്നു എന്നർത്ഥം. ബംഗാളിൽ അത് പാതിവഴി നടത്തി പരാജയപ്പെട്ടു മടങ്ങി. കേരളത്തിൽ ആ ദൗത്യം പൂർത്തിയാക്കി ഇതാ മടങ്ങുന്നു. ഇതാണ് ചരിത്രം ഇന്ത്യൻ കമ്യൂണിസത്തിന് ഏൽപ്പിച്ചു കൊടുത്ത തലവിധി.

നേതൃത്വം സ്വീകരിച്ച നയങ്ങളുടെ യാഥാർത്ഥ്യവും, കമ്യൂണിസ്റ്റ് പാർട്ടികളിൽ അണിനിരന്ന ജനങ്ങളുടെ സ്വപ്നങ്ങളും, തമ്മിലുള്ള വൈരുദ്ധ്യത്തിൽ നിന്നാണ്, സ്വന്തം അണികൾ തന്നെ നൽകിയ ഈ കനത്ത പരാജയം സംഭവിച്ചത്. വിപ്ലവ വാചോടാപങ്ങളിലൂടെ ജനങ്ങളെ ആകർഷിച്ച് അണിനിരത്തുക, അതിന് വിദ്യാർഥികളുടെയും യുവജനങ്ങളുടെയും യുവരക്തത്തെ ഉപയോഗപ്പെടുത്തുക, പാർട്ടി അധികാരത്തിൽ എത്തുമ്പോൾ ബൂർഷ്വാ വികസനനയങ്ങൾ തന്നെ ഏറ്റെടുത്തു നടപ്പിലാക്കുക. ഇതാണ് കമ്യൂണിസത്തിനു വന്നുപെട്ട ഗതികേട്. ഇതു കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തെയും സഖാക്കളെയും വക്രബുദ്ധികളാക്കി മാറ്റി. യുക്തി ഉപകരണയുക്തിയായി മാറി. ഈ വൈരുദ്ധ്യം ബൂർഷ്വാ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച് സ്വാഭാവികമായിരുന്നു എന്നു കാണാം.

ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ സ്ഥാപനത്തിലൂടെ, കേരളത്തിന്റെ വ്യവസായവൽക്കരണം എന്ന അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച, ഇ എം എസ് സർക്കാർ പരീക്ഷിച്ച് പരാജയപ്പെട്ടിടത്തുനിന്നു തന്നെയാണ്, പിണറായി സർക്കാറുകൾ ആരംഭിച്ചത്.
ഗ്വാളിയർ റയോൺസ് ഫാക്ടറിയുടെ സ്ഥാപനത്തിലൂടെ, കേരളത്തിന്റെ വ്യവസായവൽക്കരണം എന്ന അജണ്ട നടപ്പിലാക്കാൻ ശ്രമിച്ച, ഇ എം എസ് സർക്കാർ പരീക്ഷിച്ച് പരാജയപ്പെട്ടിടത്തുനിന്നു തന്നെയാണ്, പിണറായി സർക്കാറുകൾ ആരംഭിച്ചത്.

മാർക്സിന്റെ അർത്ഥശാസ്ത്ര വിമർശന പാഠങ്ങളെ, റഷ്യയുടെ സാഹചര്യങ്ങളിൽ വ്യാഖ്യാനം ചെയ്തു രൂപംകൊടുത്ത ലെനിന്റെ ബോൾഷെവിക് പാർട്ടി, വിപ്ലവശേഷം അധികാരത്തിൽ വന്നപ്പോൾ കൊണ്ടുവന്ന പുത്തൻ സാമ്പത്തികനയം (ലെനിന്റെ പുത്തൻ സാമ്പത്തികനയ സിദ്ധാന്തം), ഒരു ബൂർഷ്വാ വികസനരേഖ തന്നെയായിരുന്നു. റഷ്യയുടെ ഫ്യൂഡൽ പരിസ്ഥിതികളെ മുതലാളിത്ത രീതിയില്‍ പുനഃസംഘടിപ്പിക്കുക എന്ന നയം. വിപ്ലവത്തെ സംബന്ധിച്ച സ്വപ്നങ്ങളിൽ നിന്നുള്ള ഈ മലക്കംമറച്ചിൽ, സ്വാഭാവികമായും ജനങ്ങളുടെ സ്വപ്നവും നേതൃത്വത്തിന്റെ നയപരിപാടികളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ പുറത്തുകൊണ്ടുവന്നു. സ്റ്റാലിനിസത്തിന്റെ ഉരുക്കുമുഷ്ടിയിലൂടെ ഈ വൈരുദ്ധ്യത്തെ അടിച്ചമർത്താനുള്ള ശ്രമങ്ങൾ, ഒടുവിൽ പരാജയപ്പെടുകയും, സ്വാഭാവികമായും സോവിയറ്റ് യൂണിയൻ പിരിച്ചുവിടുന്നതിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്തു. ഇന്ത്യൻ വിപ്ലവ സ്വപ്നങ്ങളും, അതിന്റെ പുറത്ത് അധികാരത്തിൽ വന്ന കമ്യൂണിസ്റ്റ് പാർട്ടികൾ കൈക്കൊണ്ട വികസനനയങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങളുടെ ഗതിയും, ഈ വിധത്തിൽ തന്നെയാണ് മുന്നോട്ടു പോയത്. കമ്യൂണിസ്റ്റ് പാർട്ടികൾ അതിന്റെ തത്വവും പ്രയോഗവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ പരിഹരിക്കാനാവാതെ ചരിത്രത്തിൽ നിന്ന് തിരോഭവിക്കുന്ന കാഴ്ചയ്ക്കാണ് നാം ഇപ്പോൾ ഇന്ത്യയിലും സാക്ഷിയാകുന്നത്.

ഇതിനിടയിൽ തന്നെ, ആലപ്പുഴയിൽ നിന്നുയർന്ന ശബ്ദങ്ങൾ നാം കാതോർക്കേണ്ടതാണ്. മലബാറി കമ്മ്യൂണിസ്റ്റുകാരുടെ നയങ്ങളിലും സ്വപ്നങ്ങളിലും നിന്നും വ്യത്യസ്തമായ ചിലത് മുന്നോട്ടുവയ്ക്കാൻ, ആലപ്പുഴയിലെ തൊഴിലാളി വർഗ്ഗത്തിന്റെയും കർഷക തൊഴിലാളി വിഭാഗത്തിന്റെയും നേതാക്കൾക്കു കഴിഞ്ഞിട്ടുണ്ട് എന്നു കാണാതെ പോകരുത്.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി എന്ന നിലയിലും, പ്രതിപക്ഷ നേതാവ് എന്ന പദവിയിലും ഇരുന്നു നടത്തിയ പ്രവർത്തനങ്ങൾ, ബൂർഷ്വാ വികസന മാതൃകകൾക്ക് ഒരു ബദൽ മുന്നോട്ടുവയ്ക്കുന്നതായിരുന്നു. സ്വന്തം ജീവിത പരിതസ്ഥിതികളിൽ നിന്നും, സമര- സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന്, വി.എസ് ആർജ്ജിച്ച അറിവും അനുഭവങ്ങളും, പാരിസ്ഥിതികമായ ഒരു പുത്തൻ രാഷ്ട്രീയത്തിന് മാതൃക പണിയുന്നതായിരുന്നു. ആ മാതൃകകളെ സ്വാംശീകരിക്കുന്നതിലും മുന്നോട്ടു കൊണ്ടുപോകുന്നതിലും പിണറായി വിജയനും അദ്ദേഹത്തിന്റെ ടീമിനും സമ്പൂർണ്ണ ആന്ധ്യമാണ് സംഭവിച്ചത്. വർഗ്ഗരാഷ്ട്രീയത്തെ, പരിസ്ഥിതിക രാഷ്ട്രീയത്തിനോട് കണ്ണി ചേർക്കേണ്ടതിന്റെ അനിവാര്യത, വി.എസിലെ കമ്യൂണിസ്റ്റ് വിപ്ലവകാരി തന്റെ അനുഭവങ്ങളിൽ നിന്നും, ആലപ്പുഴയുടെ സവിശേഷമായ ഭൂമിശാസ്ത്രപരവും സാമൂഹികവുമായ പരിതസ്ഥിതികളിൽ നിന്നും തിരിച്ചറിഞ്ഞിരുന്നു. അതൊരർത്ഥത്തിൽ, കമ്യൂണിസത്തിൽ വേരുകളുള്ള ദലിത് രാഷ്ട്രീയജീവിതത്തിന്റെ സംഭാവന കൂടിയായിരുന്നു. കർഷകപ്രക്ഷോഭങ്ങളിൽ നിന്ന് മുതലെടുത്ത് അധികാരത്തിൽ വന്ന ഒരു കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവി നിർമിക്കുന്ന കർഷകത്തൊഴിലാളി രാഷ്ട്രീയമായിരുന്നു. അതിനെ ഒരു കാല്പനിക സ്വപ്നമായിക്കണ്ട് തള്ളിക്കളഞ്ഞുകൊണ്ട്, ഇ എം എസിന്റെ ക്ലാസിക്കൽ ബൂർഷ്വാ വികസനത്തെ, നിയോ ലിബറൽ വികസനത്തിലേക്ക് വലിച്ചുനീട്ടിക്കൊണ്ട്, വിമർശനരഹിതമായ ഒരു ബൂർഷ്വാ വികസന പാതയാണ് പിണറായി വിജയൻ മുന്നോട്ടു കൊണ്ടുപോയത്. പശ്ചാത്തല വികസനവും ജനക്ഷേമ പദ്ധതികളും പ്രയോഗത്തിൽ വരുത്തിയത് ഒരു ജനകീയ കാഴ്ചപ്പാടിൽ നിന്നായിരുന്നില്ല. മറിച്ച് നിയോ- ലിബറൽ ശക്തികൾക്ക് ഓശാന പാടുന്ന വിധമായിരുന്നു. അതാണ് കമ്യൂണിസ്റ്റ് പാർട്ടിക്ക് "തത്വചിന്തയുടെ ദാരിദ്ര്യം" സംഭവിച്ചു എന്ന് ജി. സുധാകരൻ ശരിയായി വിലയിരുത്തിയത്. വികസനത്തിന്റെ രാഷ്ട്രീയം കൈമോശം വന്നു എന്ന് തോമസ് ഐസക് പറഞ്ഞത്.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രവർത്തനപഥത്തിൽ  വി.എസ് നൽകിയ സംഭാവനകളെ അവഗണിക്കുകയും അടിച്ചമർത്തുകയും മാത്രമല്ല, നിയോ- ലിബറൽ വികസനഭ്രാന്തിൽ, ആ കമ്യൂണിസ്റ്റിന്റെ അറിവും അനുഭവങ്ങളും പാടെ കയ്യൊഴിയുകയും ചെയ്തു. ഇവിടെയാണ് കമ്യൂണിസത്തിന്റെ ശവക്കുഴിയെ കേരളം കണി കണ്ടുണരുന്നത്. കേരളം വികസിക്കുന്നത് ഒരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് എന്ന മുന്നറിവുകൾ, വി.എസ് നൽകിയത്, നമുക്ക് കാണാൻ കഴിയാത്തതിന്റെ ദുരന്തം കൂടിയാണ് ഇടതുപക്ഷത്തിന്റെ ഈ തെരഞ്ഞെടുപ്പ് പരാജയം.

വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി എന്ന നിലയിലും, പ്രതിപക്ഷ നേതാവ് എന്ന പദവിയിലും ഇരുന്നു നടത്തിയ പ്രവർത്തനങ്ങൾ, ബൂർഷ്വാ വികസന മാതൃകകൾക്ക് ഒരു ബദൽ മുന്നോട്ടുവയ്ക്കുന്നതായിരുന്നു.
വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രി എന്ന നിലയിലും, പ്രതിപക്ഷ നേതാവ് എന്ന പദവിയിലും ഇരുന്നു നടത്തിയ പ്രവർത്തനങ്ങൾ, ബൂർഷ്വാ വികസന മാതൃകകൾക്ക് ഒരു ബദൽ മുന്നോട്ടുവയ്ക്കുന്നതായിരുന്നു.

‘‘കഴിഞ്ഞ കുറെ വർഷങ്ങളിലായി കേരളത്തിൽ വികസനം എന്ന വാക്കുകൊണ്ട് ലക്ഷ്യമാക്കുന്നത് ഏതെങ്കിലും കൃഷി ചെയ്യുന്ന ഉത്പാദകരായ മനുഷ്യരെ അവരുടെ ആവാസവ്യവസ്ഥയിൽ നിന്നും പുറന്തള്ളി അവരെ ഉപഭോക്താക്കളാക്കുക എന്നതാണ്. ഇത്തരത്തിൽ നഷ്ടപ്പെടുന്ന ആവാസവ്യവസ്ഥകളിൽ ക്രമബദ്ധമായി സംവിധാനം ചെയ്യേണ്ടിയിരുന്ന നിരവധി ജീവജാലങ്ങളെ അസ്ഥിരപ്പെടുത്തുക കൂടിയാണ് വികസനത്തിന്റെ രീതി. മുതലാളിത്തത്തിന്റെ ബുൾഡോസർ ഉരുളുന്നത് അങ്ങനെയാണ്. ഉൽപാദകർ ഇല്ലാത്ത, എല്ലാവരും ഉപഭോക്തങ്ങളായി മാറുന്ന ഒരു വ്യവസ്ഥിതിയാണ് അതിന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ആവാസവ്യവസ്ഥകളെ നശിപ്പിക്കുന്നത് വെട്ടി നിരത്തി മാത്രമല്ല, ഒരിക്കലും നമ്മുടെ ആവാസവ്യവസ്ഥയിൽ കണ്ടിട്ടില്ലാത്ത നിരവധിതരം രാസവസ്തുക്കളെ അവയിലേക്ക് കോരിയോഴിച്ചുകൊണ്ടും കൂടിയാണ്.
ദേശീയതലത്തിൽ ഈ പ്രക്രിയക്ക് ഇട്ടിരിക്കുന്ന പേര് ‘മേക്ക് ഇൻ ഇന്ത്യ’ എന്നാണ്. ലോകത്ത് എല്ലായിടത്തും പോയി എല്ലാവരോടും ഇവിടെ വന്ന് ഉൽപാദനം നടത്താൻ പറയുക. ഇത് ആദ്യം തുടങ്ങിയ ചൈന ലോകത്തിന്റെ കുപ്പത്തൊട്ടിയായി മാറിക്കഴിഞ്ഞു. കുറഞ്ഞ വേതനം പറ്റുന്ന തൊഴിലാളികളെ കൊണ്ട് ലോകത്തിനു മുഴുവൻ ആവശ്യമായ വസ്തുക്കൾ നിർമ്മിക്കാൻ ശ്രമിച്ച് വലിയതോതിൽ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു ആ വിശാല രാജ്യത്തിന്റെ പലയിടങ്ങളും. കേരളത്തിലെയും രീതി പരിസ്ഥിതിയെക്കുറിച്ച് വേവലാതിപ്പെടുന്നവർ വികസന വിരുദ്ധരാണെന്ന് വിലയിരുത്തുക എന്നതാണ്. ജീവിത സൂചികകൾ എല്ലാം തന്നെ വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന കേരളം മാതൃകയാക്കേണ്ടത് തീർച്ചയായും ആ രാജ്യങ്ങളെ തന്നെയാണ്. അതാകട്ടെ സ്വന്തം ഭൂപ്രകൃതിയെ ഇത്തിരി പോലും മാറ്റിമറിക്കാതെയും നോവിക്കാതെയുമാണ് മുന്നോട്ട് പോകുന്നത്. അത്തരത്തിൽ കേരളത്തിന്റെ പ്രത്യേകതയെ മുൻനിർത്തിയാവണം,-ഇവിടുത്തെ മനുഷ്യരുടെയും മറ്റു ജീവജാലങ്ങളുടെയും ആരോഗ്യവും അതിനെ നിലനിർത്താൻ ആവശ്യമായ നിലനിർത്തേണ്ട ആവാസവ്യവസ്ഥകളെയും- മുൻനിർത്തിയാവണം നമ്മുടെ വികസന ചർച്ചകൾ’’ (ടി. വി. സജീവ് എഴുതിയ ‘നിപ: ശാസ്ത്രവും ഇക്കോളജിയും, എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ എന്ന പുസ്തകത്തിൽനിന്ന്).

മൂന്ന്

പ്രഭാത് പട്നായിക്ക് എഴുതിയ The Crisis of the Left എന്ന ലേഖനത്തിൽനിന്ന്:

(ഇങ്ങനെ ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാർട്ടികളും അകപ്പെട്ട) "ഈ പ്രതിസന്ധി എന്റെ അഭിപ്രായത്തിൽ അനിവാര്യമായും ഒരു താത്വിക പ്രതിസന്ധിയാണ്. സിദ്ധാന്തവും പ്രയോഗവും ഒരു തത്വചിന്തയുടെ സാകല്യത്തിലെ അവിഭാജ്യമായ ഘടകങ്ങളാണ് എന്ന അർത്ഥത്തിൽ മാത്രമല്ല അത്. എല്ലാ പ്രാദേശികമായ തിരിച്ചടികളും ചില സൈദ്ധാന്തിക പരാജയത്തെ പ്രതിഫലിക്കുന്നുണ്ട് എന്നതു ശരി തന്നെ. അതിലുപരി, അതിന്റെ കാതലിൽ തന്നെ, ഒരു സൈദ്ധാന്തിക അവ്യക്തതയിലാണ് ഇടതുപക്ഷം ചരിക്കുന്നത്, എന്ന അർത്ഥത്തിലാണ് ഇതു പറയുന്നത്. ഈ നിമിഷത്തിൽ, പ്രായോഗികമായി നിലനിൽക്കുന്ന, ഈ സൈദ്ധാന്തികമായ അവ്യക്തതയെ മറികടക്കുന്നതിലൂടെ മാത്രമേ, ഈ പ്രതിസന്ധിയെ മറികടക്കാനാകൂ. ഇവിടെ മാർക്സിസ്റ്റ് സിദ്ധാന്തത്തെക്കുറിച്ച് ചില പ്രാഥമിക പരാമർശങ്ങളിൽ നിന്ന് ആരംഭിക്കേണ്ടിയിരിക്കുന്നു.
മാർക്സിന്റെ അഭിപ്രായത്തിൽ മുതലാളിത്തം ഒരു സ്വാഭാവിക വ്യവസ്ഥയാണ് (a ‘spontaneous’ system). സ്വയം ചലിക്കുന്ന ഒന്ന് എന്ന നിലയിൽ. അതിൽ അന്തർഹിതമായ സ്വന്തം പ്രവണതകളുടെ (immanent tendencies) അടിസ്ഥാനത്തിൽ ചലനം കൊള്ളുന്ന വ്യവസ്ഥ. ഈ കാഴ്ചപ്പാട് മുതലാളിത്തത്തെയും സോഷ്യലിസത്തെയും സംബന്ധിച്ച നമ്മുടെ വീക്ഷണങ്ങളിൽ വലിയ നിലയിൽ സ്വാധീനമാകുന്നുണ്ട്. ഉദാഹരണമായി മുതലാളിത്തത്തിന് കീഴിൽ അതിന്റെ ഒരു ‘ഏജന്റ്’ ആയി എത്തുന്ന ‘വ്യക്തി’, മുതലാളിത്തത്തിന്റെ അന്തർഹിതമായ പ്രവണതകളിൽ പ്രവർത്തിക്കുന്ന ഒരു മധ്യസ്ഥ ഏജൻസി എന്നതിൽനിന്നുപരിയായി പരിവർത്തനം കൊള്ളുന്നുണ്ട്. ക്യാപ്പിറ്റലിസ്റ്റിനെ മാർക്സ് മൂലധനം ആന്തരികവൽക്കരിക്കപ്പെട്ട വ്യക്തി -personified- എന്ന നിലയിലാണ് നോക്കിക്കണ്ടത്. അതായത്, സ്വതന്ത്രമായ തെരഞ്ഞെടുപ്പിനെ പ്രയോഗിക്കുന്നതിലല്ല, ക്യാപിറ്റലിസ്റ്റിന്റെ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നത്. മറിച്ച്, മൂലധനത്തിൽ അന്തർഹിതമായ പ്രവണതകളെ കല്പിക്കുകയും പ്രസ്താവിക്കുകയും (dictact) ചെയ്യുന്ന ആളുകളായി അവർ സ്വയം മാറുന്നു. മൂലധനം ക്യാപിറ്റലിസ്റ്റിനെ പ്രത്യേക നിലയിൽ പ്രവർത്തനക്ഷമമാക്കുന്ന ഒരു ഡാർവിനിയൻ അതിജീവന സമരത്തിന്റെ കെണിയിൽ പെടുത്തുന്നു."

"സ്വന്തം ചരിത്രത്തിന്റെ വിഷയിയാകുന്ന പൗരന്മാരെ നിർമ്മിക്കുന്ന ആധികാരികമായ ജനാധിപത്യം, മുതലാളിത്തത്തിന്റെ ഈ "സ്വാഭാവികതയെ" മറികടക്കാനാവുന്ന ഒരു വ്യവസ്ഥയിൽ മാത്രമേ സാധ്യമാകൂ. അതിനെയാണ് നാം സോഷ്യലിസം എന്നുപറയുന്നത്. ഇവിടെ സമ്പദ് വ്യവസ്ഥയുടെ പ്രവർത്തനത്തിന്മേൽ ജനങ്ങൾ രാഷ്ട്രീയ നിയന്ത്രണം കൊണ്ടുവരുന്നു. അതായത് രാഷ്ട്രീയം സമ്പദ്ഘടനയെ നിയന്ത്രിക്കുകയും ചലിപ്പിക്കുകയും ചെയ്യുന്നു’’ .

പ്രഭാത് പട്നായിക്ക് എഴുതിയ The Left in Decline എന്ന ലേഖനത്തിൽനിന്ന്: "ഇടതുപക്ഷത്തിന്റെ (സി പി ഐ- എമ്മിന്റെ) പിന്നോട്ടടിക്കു കാരണമായ പ്രക്രിയയെ ഞാൻ ‘എംപിരിസൈസേഷൻ’ എന്നു വിളിക്കുന്നു. അതിലൂടെ ഞാൻ അർത്ഥമാക്കുന്നത് ‘മുതലാളിത്തത്തെ അതിവർത്തിക്കാനുള്ള’ (transcending capitalism) ഒരു പദ്ധതിയുടെ അഭാവത്തിൽ നടക്കുന്ന രാഷ്ട്രീയ പ്രയോഗത്തെയാണ്. തെരഞ്ഞെടുപ്പ് പരാജയത്തേക്കാൾ, ഒരു ഇടതുപക്ഷ അനുഭാവിയെ കൂടുതൽ അസ്വസ്ഥപ്പെടുത്തുന്നത്, ഈ ‘എംപിരിസൈസേഷൻ’ പ്രക്രിയയാണ്. തെരഞ്ഞെടുപ്പ് പരാജയത്തെ, അടുത്ത തെരഞ്ഞെടുപ്പിൽ മറികടക്കാൻ കഴിഞ്ഞെന്നു വരാം. എന്നാൽ ‘എംപിരിസൈസേഷൻ’ പ്രക്രിയയെ വഴി തിരിച്ചുവിടുക പ്രയാസമാണെന്നു വരുന്നു."

, കേരളത്തിലെ സി പി എം, മുതലാളിത്തത്തിന്റെ ഈ ചതിക്കുഴിയിൽ വീണു പോയിരിക്കുന്നു. അണികൾക്ക് അത് ബോധ്യമായതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിധി.
, കേരളത്തിലെ സി പി എം, മുതലാളിത്തത്തിന്റെ ഈ ചതിക്കുഴിയിൽ വീണു പോയിരിക്കുന്നു. അണികൾക്ക് അത് ബോധ്യമായതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിധി.

"നമ്മുടെ രാഷ്ട്രീയത്തിൽ, ‘എംപിരിസൈസേഷൻ’ ഏറ്റവും കുറച്ച് നാലുതരം പ്രവണതകളെ ജനിപ്പിക്കുന്നു. കരിയറിസം, സത്രാപിസം, ബ്യൂറോക്രാറ്റിസം, പ്രാദേശിക തലത്തിലുള്ള ബോസിസം എന്നിവയാണ്, എതിരാളികളും പാർട്ടിയുടെ സ്വയം വിമർശന രേഖയിലും ചൂണ്ടിക്കാണിക്കുന്ന ആദ്യത്തെ പ്രവണത. രണ്ടാമത്തേത്, വിപ്ലവപ്രയോഗത്തെ (revolutionary praxis) മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിന്നു മാറി, നഷ്ടങ്ങൾ ഒഴിവാക്കാൻ നിലവിലുള്ള പരിതോവസ്ഥകളോട് ഒത്തുതീർപ്പുകൾ ഉണ്ടാക്കുന്നതാണ്. ഇത് തിരിച്ച് അടിസ്ഥാന വർഗ്ഗങ്ങളിൽ നിന്ന് പാർട്ടിയെ അകറ്റുന്നു. തൊഴിലാളി വർഗ്ഗം, കർഷകർ, കർഷകത്തൊഴിലാളികൾ, ദരിദ്ര ഗ്രാമീണർ എന്നു തുടങ്ങിയ അടിസ്ഥാന വർഗങ്ങളിൽ നിന്ന്. പാർട്ടിയുടെ താല്പര്യം ഈ അടിസ്ഥാന വർഗ്ഗങ്ങളുടെ താൽപര്യത്തിൽ നിന്ന് വേറിട്ടു കാണുന്നു. പാർട്ടിയുടെ അടിയന്തര താല്പര്യങ്ങൾ എന്ന നിലയിൽ, അത് സ്വയം അടിസ്ഥാന വർഗങ്ങളിൽ നിന്ന് അകലുന്നു. മൂന്നാമതായി, ‘എംപിരിസൈസേഷൻ’, കമ്യൂണിസ്റ്റ് പാർട്ടിയെ, മറ്റു രാഷ്ട്രീയ രൂപീകരണങ്ങളിൽ നിന്നുള്ള അതിന്റെ അകലത്തെ കുറയ്ക്കുന്നു എന്നതാണ്. ‘എംപിരിസൈസേഷന്റെ’ നാലാമത്തെ പ്രവണത, അതു കൂടുതൽ ‘എംപിരിസൈസേഷനു’ വിധേയമാകുന്നു എന്നതാണ്. ‘എംപിരിസൈസേഷന്റെ’ ഈ  പ്രവണതയെ തടയാൻ കഴിഞ്ഞില്ലെങ്കിൽ, പാർട്ടിയെ മുതലാളിത്ത പ്രത്യയശാസ്ത്രം വിഴുങ്ങുന്ന നിലയിൽ എത്തുന്നു’’.

അങ്ങനെ, കേരളത്തിലെ സി പി എം, മുതലാളിത്തത്തിന്റെ ഈ ചതിക്കുഴിയിൽ വീണു പോയിരിക്കുന്നു. അണികൾക്ക് അത് ബോധ്യമായതിന്റെ പ്രതിഫലനമാണ് ഈ തെരഞ്ഞെടുപ്പ് വിധി. മാർക്സ് പറഞ്ഞപോലെ, മരിച്ചവരെ അവർ അർഹിക്കുന്ന ബഹുമാനത്തോടെ കബറടക്കുക. നമ്മുടെ ചിന്തകളെ പുതിയ ചക്രവാളങ്ങളിലേക്ക് വികസിപ്പിക്കുക. പുതിയ ശബ്ദങ്ങൾക്കായി കാതോർക്കുക. പുതിയ പരിഹാരങ്ങൾക്കായി പ്രവർത്തിക്കുക.


റഫറൻസ്:
1. ടി. വി. സജീവ്, ‘നിപ: ശാസ്ത്രവും ഇക്കോളജിയും, എല്ലാവർക്കും ഇടമുള്ള ഭൂപടങ്ങൾ’, പ്രസക്തി ബുക്ക് ഹൗസ്, പത്തനംതിട്ട, 2024.
2. Prabhath Patnaik, The Crisis of the Left, Economic and Political Weekly, October 31, November 6, 2009.
3. Prabhath Patnaik, The Left in Decline, Economic and Political Weekly, July 16-22, 2011.

Comments