പിണറായി വിജയൻ സർക്കാറിന്റെ തെരഞ്ഞെടുപ്പു പരാജയം, തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലെത്തിയ ഒരു സർക്കാരിന്റെയോ രണ്ടാം പിണറായി സർക്കാരിന്റെയോ പരാജയമായി ചുരുക്കിക്കണ്ടുകൂടാ. അത് ഇന്ത്യയിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ ദുരന്തസമാനമായ പരിണതി കൂടിയാണ്. പിണറായി വിജയനിലേക്കോ പിണറായി സർക്കാരിന്റെ ഭരണപരമായ പിടിപ്പുകേടുകളിലേക്കോ അതിനെ ചുരുക്കേണ്ടതില്ല. ഒരു തെരഞ്ഞെടുപ്പിന്റെ മാത്രം പാശ്ചാത്തലത്തിൽ നോക്കിയാൽ അത്തരം നിരവധി ഘടകങ്ങൾ ഒട്ടും അവഗണിക്കാതെ പറയേണ്ടതുണ്ടെങ്കിലും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുള്ള ഇടതുപക്ഷകക്ഷികളുടെ രാഷ്ട്രീയചരിത്രം പ്രായോഗികമായി അതിന്റെ അവസാന അദ്ധ്യായങ്ങളിലൊന്നാണ് ഇപ്പോൾ എഴുതിത്തീർത്തത്.
1977-നു ശേഷം ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇടതുപക്ഷ സർക്കാരില്ലാത്ത കാലമാണ് വന്നിരിക്കുന്നത്. സർക്കാരുകൾക്കും തെരഞ്ഞെടുപ്പിനും പുറത്ത് ശക്തമായ സാന്നിധ്യമായി ഇടതുപക്ഷകക്ഷികൾ തങ്ങളുടെ രാഷ്ട്രീയത്തെ വളർത്തിയെടുക്കാത്തതുകൊണ്ട് രാഷ്ട്രീയാധികാരത്തിന്റെ പുറത്തുമാത്രമായി നിലനിൽക്കുകയെന്നത് അവർക്ക് കരയിൽപ്പിടിച്ചിട്ട മത്സ്യത്തെപ്പോലെ ദുഷ്‌കരമായ ഒരവസ്ഥയുമാണ്.
അസാധാരണമായ വിധത്തിൽ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ കൈയൊഴിഞ്ഞു എന്നതാണ് ഇടതുപക്ഷത്തെ ഈ കനത്ത തോൽവിയുടെ ചരിത്രസന്ധിയിലേക്കെത്തിച്ചത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളും കണക്കിലെടുത്തുകൊണ്ടുള്ള രാഷ്ട്രീയപരിപാടി നടപ്പാക്കുന്നതിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേണ്ടത്ര മുന്നോട്ടു പോകാനായില്ല. എന്നാൽ അതിനുള്ള ശ്രമം നടന്നിരുന്നു എന്നത് വസ്തുതയാണ്. എങ്ങനെയാണ് ഇന്ത്യയിലെ ദേശീയ ബൂർഷ്വാസിയെ കൈകാര്യം ചെയ്യണ്ടതെന്ന തർക്കത്തിൽനിന്ന് നൂറ്റാണ്ടു കഴിഞ്ഞിട്ടും മോചനം കിട്ടാതെനിന്ന ഇടതുപക്ഷം സാവകാശത്തിൽ ദേശീയ ബൂർഷ്വാസിയുടെ അതേ സ്വഭാവസവിശേഷതകളുടെ ഗുണഭോക്താക്കൾ മാത്രമായ നിഴലുകളായി മാറിയിരിക്കുന്നു എന്നതാണ് വസ്തുത.
കേരളത്തിൽ ഇപ്പോൾ സംഭവിച്ച തെരഞ്ഞെടുപ്പ് പരാജയം അതിന്റെ അളവിൽ പശ്ചിമ ബംഗാളിൽ 34 വർഷക്കാലത്തെ തുടർച്ചയായ ഭരണത്തിനുശേഷം സംഭവിച്ച പരാജയവുമായി പുലർത്തുന്ന സമാനതകൾ, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മാത്രമല്ല ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ഗതിമാറ്റങ്ങളെ സൂക്ഷ്മമായി നോക്കുന്നവർക്ക് എളുപ്പം പിടികിട്ടും. ബംഗാളിൽ പിന്നീട് ഒരൊറ്റ നിയമസഭാംഗമോ ലോക്സഭാംഗമോ ഇല്ലാത്ത സ്ഥിതിയിലേക്കെത്തി ഇടതുപക്ഷവും സി പി എമ്മും. വോട്ടുശതമാനം ഓരോ തെരഞ്ഞെടുപ്പിലും താഴേക്കു പോവുകയാണ്. 2026-ൽ ഒരു സീറ്റ് മാത്രമാണ് ലഭിച്ചത്. കഷ്ടി നാലര ശതമാനം വോട്ടു മാത്രമാണ് പാർട്ടിക്ക് ലഭിച്ചത്. മറ്റാരെ വിജയിപ്പിച്ചാലും സി പി എമ്മിന് വോട്ടു ചെയ്യില്ല എന്ന നിലപാടിലേക്ക് ജനങ്ങളെ എത്തിച്ചു, സി പി എം.

സുദീർഘമായ ഭരണകാലയളവിൽ ഒപ്പം നിന്ന ജനവിഭാഗങ്ങളെ കേവലം വിധേയവോട്ടുകുത്തിയന്ത്രങ്ങളായി കണ്ടു എന്നുമാത്രമല്ല, മൂർത്തമായ സാഹചര്യങ്ങളെ ഒട്ടും കണക്കിലെടുക്കാതെ ആഗോളീകരണത്തിന്റെ ആദ്യത്തെ വണ്ടി പിടിക്കാൻ ഓടിയതും സി പി എം നേതൃത്വമായിരുന്നു.
മൂന്നരപ്പതിറ്റാണ്ട് അധികാരത്തിലിരുന്നൊരു സംസ്ഥാനത്ത്, വിപ്ലവകരമായ മാറ്റം കൊണ്ടുവന്നു എന്നവകാശപ്പെടുന്നൊരു സംസ്ഥാനത്ത്, യാതൊരുവിധത്തിലും സ്വാധീനം ചെലുത്താൻ കഴിയാത്ത, ജനങ്ങൾ വെറുക്കുന്നൊരു രാഷ്ട്രീയപ്രസ്ഥാനമായി അതിനെ മാറ്റിയെടുത്ത മിടുക്ക് സി പി എമ്മിനെയും ഇടതുപക്ഷ കക്ഷികളേയും വിട്ടുപോകുന്നേയില്ല.
ഇന്ത്യയിലെ ഇടതുപക്ഷം അതിന്റെ രാഷ്ട്രീയ പരിപാടിയെ വെറും തെരഞ്ഞെടുപ്പ് പരിപാടിയാക്കി മാറ്റിയതോടെ, എന്തിനാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി എന്ന ചോദ്യത്തിന് അവർക്ക് ഉത്തരമില്ലാതായി. ഇന്ത്യയിൽ പാർലമെന്ററി തെരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയസമരമായി കാണുകയും അതിൽ പങ്കെടുക്കുകയും ജനങ്ങളോട് രാഷ്ട്രീയം സംസാരിക്കുകയും പാർലമെന്ററി വഴികളിൽ ഇടതുപക്ഷരാഷ്ട്രീയം പറയുകയും ചെയ്യുക എന്നതൊന്നും തീർത്തും ഒഴിവാക്കേണ്ട കാര്യമാകുന്നില്ല. എന്നാൽ, പാർലമെന്ററി പ്രവർത്തനങ്ങൾ മാത്രമായി ഇടതുപക്ഷ രാഷ്ട്രീയം മാറി. പാർലമെന്റിനു പുറത്തുള്ള എല്ലാ രാഷ്ട്രീയ സമരങ്ങളും പാർലമെന്ററി- തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ താത്പര്യങ്ങൾക്ക് കീഴ്‌പ്പെട്ടു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലാകട്ടെ ബൂർഷ്വാ കക്ഷികളുമായുണ്ടാക്കുന്ന അവസരവാദ കൂട്ടുകെട്ടുകൾക്കുപരി എന്തെങ്കിലുമൊരു പ്രസക്തി തങ്ങൾക്കുണ്ടെന്ന് തെളിയിക്കാൻ ഇടതുകക്ഷികൾക്ക് കഴിഞ്ഞില്ല.
ഇതിന്റെ അടിസ്ഥാന കാരണങ്ങളിലൊന്ന് ഇടതുപക്ഷം അതിന്റെ രാഷ്ട്രീയത്തെ ഉപേക്ഷിച്ചു എന്നതാണ്. ഒരു കമ്യൂണിസ്റ്റ് പാർട്ടി മൂർത്തമായ സാഹചര്യങ്ങളെ കണക്കിലെടുത്തുകൊണ്ടായിരിക്കണം രാഷ്ട്രീയപ്രവർത്തനം നടത്തേണ്ടത്. അതുകൊണ്ടുതന്നെ ആഗ്രഹചിന്തകളുടെ അടിസ്ഥാനത്തിലല്ല അത് നയങ്ങളും പരിപാടിയുമുണ്ടാക്കേണ്ടത്. വിപ്ലവപാർട്ടി എന്ന് പറയുമ്പോഴും അത് എക്കാലത്തും ഒരേതരത്തിൽ രാഷ്ട്രീയാധികാരത്തിനുവേണ്ടി ഒരു മാറ്റവുമില്ലാത്ത തന്ത്രവും അടവുകളുമൊക്കെയായി നീങ്ങുന്ന ഒന്നാണ് എന്നല്ല അർത്ഥം. മറ്റെല്ലാ രാഷ്ട്രീയ സംവിധാനങ്ങളെയും പോലെ കമ്യൂണിസ്റ്റ് പാർട്ടികൾക്കും അതാത് കാലത്തിനൊത്ത് സംവദിക്കുകയും അതിന്റെ സമ്മർദ്ദങ്ങളിൽ പല തരത്തിൽ പ്രവർത്തനമാറ്റങ്ങൾ വരുത്തുകയും രാഷ്ട്രീയ അജണ്ടകൾ രൂപപ്പെടുത്തുകയും ഒക്കെ ചെയ്യേണ്ടിവരും. ഇതിലൊന്നും തർക്കമില്ല. എന്നാൽ അപ്പോഴൊക്കെയും കമ്യൂണിസ്റ്റ് പാർട്ടി കൈവിടാൻ പാടില്ലാത്ത അടിസ്ഥാനപരമായ ഒരു രാഷ്ട്രീയബോധം എന്നത്, അത് വിപ്ലവരാഷ്ട്രീയത്തിന്റെ അടിത്തറയിലാണ് നിൽക്കുന്നത് എന്നാണ്. ഈ വിപ്ലവരാഷ്ട്രീയത്തെ കാല്പനികമായ എടുത്തുചാട്ടം എന്ന അർത്ഥത്തിലൊന്നും കാണേണ്ടതില്ല. നാളെ രാവിലെ തൊട്ടടുത്ത പോലീസ് സ്റ്റേഷൻ ആക്രമിക്കാൻ പോകണമെന്നൊന്നുമല്ല ഇതിനർത്ഥം. പലപ്പോഴും സി പി എം നേതൃത്വമൊക്കെ വിപ്ലവം എന്ന വാക്കിനെ പരിഹസിക്കുന്ന തലത്തിലേക്കെത്തിയത് ഇത്തരം വികൃതധാരണകളെ പ്രചരിപ്പിച്ചുകൊണ്ടാണ്.
വിപ്ലവരാഷ്ട്രീയം എന്നത് നിരന്തര രാഷ്ട്രീയ പ്രക്രിയയാണ്. അത് നിലവിലുള്ള രാഷ്ട്രീയക്രമത്തിൽ നടത്തുന്ന നിരന്തരസമരം കൂടിയാണ്. അതായത് കമ്യൂണിസ്റ്റ് രാഷ്ട്രീയകക്ഷി എടുക്കുന്ന രാഷ്ട്രീയ നിലപാടുകളുടെ അടിത്തറ ഈ വിപ്ലവരാഷ്ട്രീയബോധമാകണം. അത് വിപ്ലവ രാഷ്ട്രീയത്തിന്റെ നൈരന്തര്യമാണ്. മാർക്സിസ്റ്റ് ചിന്തകൻ ഗ്രിഗറി ലുക്കാച്ച് പറയുന്ന

“Actuality of revolution” ഇങ്ങനെ പ്രവർത്തിക്കുന്നതാണ്. വിപ്ലവത്തിന്റെ വാസ്തവികതയെ തങ്ങളുടെ രാഷ്ട്രീയപ്രവർത്തനത്തിന്റെ അഭേദ്യഭാഗമാക്കാത്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു കമ്യൂണിസ്റ്റ് പാർട്ടിയായി നിലനിൽക്കാനാവില്ല. വിപ്ലവമെന്നാൽ നിരന്തരമായ ഒരു രാഷ്ട്രീയ സമരപ്രക്രിയാണെന്നും അതിനെ ഏതെങ്കിലും തരത്തിൽ ഒരു പ്രത്യേകതരം സമരരൂപമായി ചുരുക്കിക്കാണേണ്ടതില്ലെന്നും നമ്മൾ അംഗീകരിക്കുമ്പോൾത്തന്നെ അതിന്റെ അടിസ്ഥാനം എന്നത് വർഗ്ഗരാഷ്ട്രീയത്തിലധിഷ്ഠിതമായ സമരങ്ങളാണ്. ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിന് അവരുടെ രാഷ്ട്രീയ പരിപാടിയുടെ കാതലാകേണ്ട ഈ വിപ്ലവ രാഷ്ട്രീയബോധം നഷ്ടപ്പെട്ടുപോയി എന്നതാണ് വസ്തുത.
ബംഗാളിൽ തുടച്ചുനീക്കപ്പെട്ട പരാജയത്തിനും ഏതാണ്ട് സമാനമായ ത്രിപുരയിലെ തിരിച്ചടിക്കും ശേഷം കേരളത്തിലെ ഭരണവും സി.പി.എം- സി പി ഐ ഘടകങ്ങളും മാത്രമാണ് ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷത്തിനുണ്ടായിരുന്ന ഏക തുരുത്ത്. അതുകൂടിയാണ് 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിയോടെ ഗുരുതരമായ അസ്‌തിത്വ പ്രതിസന്ധി നേരിടുന്നത്. ഇതിനുമുമ്പും തോറ്റിട്ടുണ്ട്, കൂടുതൽ ശക്തിയോടെ തിരിച്ചുവരും എന്നൊക്കെ സി പി എം നേതൃത്വം പറയുന്നുണ്ടെങ്കിലും അതൊന്നുമല്ല നേരിടാൻ പോകുന്ന പ്രതിസന്ധിയുടെ ആഴം എന്നവർക്കുമറിയാം.
കേരളത്തിലെ തോൽവിയുടെ സവിശേഷമായ ‘കേരള കാരണങ്ങൾ’ നിശ്ചയമായും കാണാതെ പോകരുത്. എന്നാൽ അവയെല്ലാം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെയും ആഗോള തകർച്ചയുടെ പല കാരണങ്ങളോടും ചരിത്രപരമായ ചാർച്ചയുള്ളതാണ് എന്നത് ഈ പ്രതിസന്ധിയുടെ സങ്കീർണ്ണതയെ ഒന്നുകൂടി പെരുപ്പിക്കുന്നുണ്ട്.
ഒരൊറ്റ നേതാവ്, സർവ്വാധികാരിയായ ഭരണാധികാരി എന്ന നിലയിലേക്ക് കേരളത്തിലെ സി പി എമ്മും എൽ.ഡി.എഫ് ഭരണവും എത്തിച്ചേർന്നിരുന്നു. പിണറായി വിജയനെ കാരണഭൂതനായ സർവ്വരക്ഷകനായി വാഴ്ത്തുന്ന വാഴ്ത്തുപാട്ടുകൾ പാടി തിരുവാതിര കളിക്കുമ്പോൾ താളം പിടിച്ചിരുന്ന ഒരാളാണ് ഇപ്പോൾ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി. എത്രമാത്രം ജനാധിപത്യവിരുദ്ധമായ, നാടുവാഴിഭരണത്തിന്റെ നടുമുറ്റത്തുള്ള അശ്ലീലത്തിനാണ് താൻ താളം പിടിക്കുന്നതെന്ന സാമാന്യമായ ജനാധിപത്യ തിരുത്തൽ ശേഷിപോലും ഇല്ലാത്ത ഒരു നേതൃനിരയാണ്, ഇപ്പോഴും പാർട്ടി എന്തുകൊണ്ട് തോറ്റു എന്ന് വിലയിരുത്തും എന്നു പറയുന്നത്.
‘ജനങ്ങൾക്ക് തെറ്റുപറ്റി’ എന്നതൊഴികെ മറ്റൊന്നും കണ്ടുപിടിക്കാനാകാത്ത നിലയിലേക്ക് അവർ ചുരുങ്ങുന്നത്, സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്താനോ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെയും വർഗ്ഗരാഷ്ട്രീയത്തിൻെറയും വിശകലനോപായങ്ങളിലൂടെ സമൂർത്ത സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനോ ഉള്ള ശേഷി സി പി എമ്മിനും ഇടതുപക്ഷ രാഷ്ട്രീയകക്ഷികൾക്കും നഷ്ടപ്പെട്ടതുകൊണ്ടാണ്. അവർ തങ്ങളുടെ പ്രതിസന്ധികളെ കാണുന്നത് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ കണക്കുകളിലൂടെയും കളികളിലൂടെയുമാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുമ്പോഴും കമ്മ്യൂണിസ്റ്റ്, ഇടതുപക്ഷ, വർഗ രാഷ്ട്രീയത്തെ മുന്നോട്ടുകൊണ്ടുപോകുമ്പോൾ മാത്രമാണ് തങ്ങൾക്ക് പ്രസക്തിയുള്ളതെന്നും അല്ലാത്തപക്ഷം മറ്റ് ബൂർഷ്വാ രാഷ്ട്രീയകക്ഷികൾ ഇക്കളിയിൽ തങ്ങളെ നിലംപരിശാക്കുമെന്നും അവർ തിരിച്ചറിയാതെ പോയി. ചുവപ്പുകൊടിയിൽപ്പൊതിഞ്ഞൊരു അവസരവാദ കക്ഷിയായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിജയിക്കാനാകില്ല. അത്തരത്തിലായിത്തീർന്നൊരു രാഷ്ട്രീയകക്ഷിയുടെ പതനം കൂടിയാണ് സി പി എമ്മിനും സി പി ഐയ്ക്കും നേരിട്ടത്.

വർഗ്ഗരാഷ്ട്രീയത്തിന്റെയും ജനാധിപത്യ സമൂഹത്തിന്റെയും അന്തഃസത്തക്ക് വിപരീതമായി ഒരൊറ്റ നേതൃബിംബത്തിലേക്ക് സർവ്വതും ചുരുക്കുന്നത് ദുരധികാരത്തിന്റെ വഴിയാണ്. അത്തരത്തിലൊരു ജീർണ്ണതയിലേക്ക് പതിക്കാതിരിക്കാൻ ലോകത്തെത്തന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടില്ല. ഒരുപക്ഷേ ആഗോള കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന്റെ ഏറ്റവും വലിയ ദൗർബ്ബല്യങ്ങളിലൊന്നായി മാറിയത് കേന്ദ്രീകൃത ജനാധിപത്യ ഘടനയുടെ മറവിൽ സർവ്വശക്തനായ ഒരൊറ്റ നേതാവിലേക്കും അയാൾക്ക് ചുറ്റുമുള്ള അധികാരവൃത്തത്തിലേക്കും രാഷ്ട്രീയാധികാരം ചുരുങ്ങുകയും പാർട്ടിയും അതിനുമപ്പുറം പൊതുസമൂഹവും അതീവദുർബ്ബലമായ രാഷ്ട്രീയ ഇടപെടൽ ശേഷിയുള്ള വിഭാഗങ്ങളായി മാറുകയും ചെയ്തതാണ്.
ഈ പ്രവണതയെ ഒരു രാഷ്ട്രീയ, പ്രത്യായശാസ്ത്ര സ്വഭാവവും അവശ്യഘടകവുമായി പരസ്യമായി പ്രഖ്യാപിക്കുകയാണ് ലോകത്തെങ്ങും ഫാഷിസ്റ്റുകൾ ചെയ്യുന്നത്. ഒരൊറ്റ നേതാവും രക്ഷകബിംബവും അനുസരണയും വിധേയത്വവുമുള്ള സമൂഹവും എന്നത് ഫാഷിസം ഒളിച്ചുകടത്തുന്ന പരിപാടിയല്ല, മറിച്ച് അവരുടെ പ്രഖ്യാപിത രാഷ്ട്രീയ പരിപാടിയാണ്. അത് ഹിറ്റ്ലറും മുസോളിനിയും മുതൽ ഇവിടെ മോദി വരെ ചരിത്രത്തിലുടനീളം അനുവർത്തിക്കുന്നു. ഫാഷിസ്റ്റ് രാഷ്ട്രീയാധികാര പരിപാടിയുടെ പ്രയോഗരീതികളെ ജനാധിപത്യ രാഷ്ട്രീയത്തിന്റെയോ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയോ രാഷ്ട്രീയശരീരത്തിനുള്ളിലേക്ക് ഒളിച്ചുകടത്താൻ ശ്രമിക്കുമ്പോൾ എന്താണോ സംഭവിക്കുക അതാണ് പിണറായി വിജയനും സി പി എമ്മിനും സംഭവിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് കേരളമൊട്ടാകെ ഉയർന്ന പിണറായി വിജയന്റെ മാത്രം ചിത്രങ്ങളുള്ള പടുകൂറ്റൻ പ്രചാരണപ്പലകകൾ അങ്ങനെ സംഭവിച്ചതാണ്. ജനാധിപത്യബോധത്തിന്റെ ഉള്ളിൽ നിന്നുള്ളൊരാന്തലിലാണ് മലയാളി ആ പ്രചാരണഹുങ്കിനുനേരെ വോട്ടു ചെയ്തത്.
ഇന്ത്യയിൽ രാഷ്ട്രീയാധികാരം കയ്യാളുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ പ്രത്യയശാസ്ത്രം അതിന്റെ പ്രയോഗരീതികളെ ഒരു സ്വാഭാവികതയാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ പ്രതിഫലനം കൂടിയാണ് മോദിക്ക് പകരം പിണറായി വിജയനെന്ന മട്ടിൽമാത്രം മാറിപ്പോയ ആ പരസ്യപ്പലകകൾ. ഒരു ഇടതുപക്ഷ, ജനാധിപത്യ രാഷ്ട്രീയകക്ഷിയുടെ പ്രചാരണരീതികൾക്ക് ഫാഷിസ്റ്റ് രാഷ്ട്രീയകക്ഷിയുടെ പ്രചാരണരീതികളിൽനിന്ന് ഒരു വ്യത്യാസവുമില്ലാതായി എന്നുമാത്രമല്ല, അതിന്റെ ആശയഘടനയെവരെ പകർത്തുന്ന തരത്തിലേക്ക് അമ്പരപ്പിക്കുന്ന വിധത്തിൽ മാറുകയും ചെയ്തു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ പലസ്തീൻ പ്രശ്നവും പൗരത്വ നിയമഭേദഗതിയുമൊക്കെ ഉയർത്തി മുസ്‌ലിം ജനവിഭാഗത്തിന്റെ വോട്ടുകൾ ഒന്നടങ്കം പിടിക്കാമെന്ന ഇടതുമുന്നണി തന്ത്രം വിജയിച്ചില്ല. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക്കായി നിലനിൽക്കണോ എന്ന ചോദ്യമുയരുന്ന പൊതുതെരഞ്ഞെടുപ്പിൽ ബി ജെ പിക്കെതിരെ ദേശീയതലത്തിൽ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് രാഷ്ട്രീയസാധ്യത എന്ന കണക്കിൽ മുസ്ലീങ്ങൾ കോൺഗ്രസിനനുകൂലമായാണ് വോട്ടു ചെയ്തത്. എന്നാൽ ഇതോടെ കളം മാറിച്ചവിട്ടിയ സി പി എം സംഘ്പരിവാറിലേക്ക് പോകുന്ന തങ്ങളുടെ ഭൂരിപക്ഷ ഹിന്ദു വോട്ടുകളെ ഉറപ്പിച്ചുനിർത്താൻ മുസ്ലീങ്ങൾക്ക് നേരെയുള്ള ഹിന്ദുത്വ രാഷ്ട്രീയ വെറുപ്പിനെ തങ്ങൾക്കനുകൂലമാക്കാൻ ശ്രമിക്കുകയായിരുന്നു. ഹിന്ദുത്വബോധമുള്ള ഹിന്ദുക്കൾക്ക് വോട്ടു ചെയ്യാവുന്ന ഒരു പാർട്ടിയായി മാറാനുള്ള തിരക്കിട്ട ശ്രമമായിരുന്നു പിന്നീട് സി.പി.എം നടത്തിയത്. ഇതിനുവേണ്ടി കേരളത്തിലെ സംഘപരിവാർ സഖ്യകക്ഷിയായ, ഈഴവ സമുദായ സംഘടനയായ എസ് എൻ ഡി പി യോഗത്തിന്റെ ജനറൽ സെക്രട്ടറി കൂടിയായ വെള്ളാപ്പള്ളി നടേശനൊപ്പം നിൽക്കുകയെന്ന നിലപാടിലേക്ക് അവരെത്തി.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ മുസ്‌ലിം വെറുപ്പിനെ കേരളത്തിലെ സംഘപരിവാർ നേതാക്കളെപ്പോലും വെല്ലുന്ന തരത്തിൽ വിഷംതുപ്പി പ്രചരിപ്പിക്കുന്ന നടേശനെന്ന അധമ വർഗീയവ്യാപാരിയെ നാടൊട്ടുക്കും ഓടിനടന്ന് ആദരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സഹമന്ത്രിമാരും. ഓരോ വേദിയിലും നടേശൻ പറയുന്ന മുസ്‌ലിം വിരുദ്ധതയെ അയാളെ ആദരിച്ചുകൊണ്ട് സാധൂകരിക്കുന്നതിലൂടെ ഭൂരിപക്ഷ ഹിന്ദുക്കളിലെ ഹിന്ദുത്വ രാഷ്ട്രീയത്തെക്കൂടി ഉൾക്കൊള്ളാവുന്നൊരു കക്ഷിയും മുന്നണിയുമായി തങ്ങളെ പ്രദർശിപ്പിക്കുകയായിരുന്നു സി.പി.എമ്മും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും. കേരളത്തിലെ മതേതര ജനാധിപത്യ രാഷ്ട്രീയം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഈ അവസരവാദ അടവ്.
കേരളം ഈ തെരഞ്ഞെടുപ്പിൽ നടത്തിയ ഏറ്റവും നിർണ്ണായകമായൊരു തീരുമാനം, ഈ വർഗീയ അവസരവാദ അടവിനെ ദയാരഹിതമായി പരാജയപ്പെടുത്തി എന്നതാണ്. വാസ്തവത്തിൽ ഒരു തെരഞ്ഞെടുപ്പ ജയിക്കാനുള്ള ആർത്തിയിൽ സി പി എം കുരുതികൊടുത്തത്, മതേതര കേരളത്തോട് ഇടതുപക്ഷ രാഷ്ട്രീയം ഏറ്റക്കുറച്ചിലുകളോടെയെങ്കിലും പുലർത്തിയിരുന്ന രാഷ്‌ട്രീയപ്രതിബദ്ധതയെയാണ്.

സംഘപരിവാറിന്റെ ഹിന്ദുത്വരാഷ്ട്രീയം വളരുന്നതും രാഷ്ട്രീയവും സാമൂഹ്യവുമായ ശക്തിയായി മാറുന്നതും കേവലം തെരഞ്ഞെടുപ്പ് വിജയങ്ങളിലൂടെ മാത്രമല്ല. 1925-ൽ ആർ.എസ്.എസ് രൂപവത്ക്കരണത്തോടെ സംഘടിത ഫാഷിസ്റ്റ് ഘടനയിലേക്ക് വരുന്നതിനു മുമ്പുതന്നെ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഹിന്ദു മഹാസഭയായും പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കൊളോണിയൽ ആധുനികതയുമായുള്ള ഏറ്റുമുട്ടലുകളുമായും ഹിന്ദുത്വ രാഷ്ട്രീയം ഇന്ത്യയിൽ ഇടപെട്ടുകൊണ്ടിരുന്നു എന്നോർക്കണം. അതായത് നൂറ്റാണ്ടു പിന്നിട്ട സജീവവും ക്ഷമാപൂർവ്വവുമായ ഇടപെടലുകളിലൂടെ നിർമ്മിച്ചെടുത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ ശരീരത്തിനെയാണ് തങ്ങളുടെ രാഷ്ട്രീയാധികാരത്തിലേക്കുള്ള യാത്രയിൽ ഹിന്ദുത്വ ഫാഷിസം രാഷ്ട്രീയവാഹനമാക്കുന്നത്. അത്തരത്തിലുള്ളൊരു രാഷ്ട്രീയ വാഹനമാക്കാൻ പാകത്തിൽ കേരളീയ സമൂഹത്തിനെ മാറ്റാനുള്ള സ്വീകാര്യതയും സ്വാഭാവികതയും സംഘപരിവാറിന്റെ മുസ്‌ലിം വിരുദ്ധതയുടെ വർത്തമാനങ്ങൾക്കും വാദങ്ങൾക്കും കേരളത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തിൽ ഇടതുപക്ഷത്തിന്റെ ചെലവിൽ ഉണ്ടാക്കിക്കൊടുത്തു എന്നത് മാപ്പർഹിക്കാത്ത ചരിത്ര, രാഷ്ട്രീയ വഞ്ചനയാണ്.
കേരളത്തിലെ സവർണ്ണ ഹിന്ദു സമൂഹം വലിയ തോതിൽ ബി ജെ പിക്കാണ് വോട്ടു ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു സമുദായമായ ഈഴവരിൽ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണ് നിന്നിരുന്നത്. അത് സാമുദായികാടിസ്ഥാനത്തിലല്ല. ചെത്തുതൊഴിലാളികളും കർഷകത്തൊഴിലാളികളും നാമമാത്ര, ചെറുകിട ഭൂവുടമകളുമൊക്കെയായ ജനസമൂഹം എന്ന നിലയിൽ അവരുടെ സ്വാഭാവികമായ രാഷ്ട്രീയ തെരഞ്ഞെടുപ്പായിരുന്നു അത്. ഭൂപരിഷ്ക്കരണവും വിദ്യാഭ്യാസ രംഗത്തെയടക്കമുള്ള സാർവ്വത്രിക ക്ഷേമപദ്ധതികളുടെ ഗുണഫലങ്ങളും ഈഴവ സമുദായത്തെ വലിയ രീതിയിൽ സാമൂഹ്യ ചലനാത്മകതയുള്ള സമുദായമാക്കി മാറ്റിയിട്ടുണ്ട്. ഈ സാമൂഹ്യചലനാത്മകതയെ വലതുപക്ഷ രാഷ്ട്രീയത്തിലേക്ക് ചേർന്നുനിൽക്കാവുന്ന ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവണതയാക്കി വളർത്തിയെടുക്കാനുള്ള ശ്രമമാണ് സംഘപരിവാർ നടത്തുന്നത്. എം.എൻ. ശ്രീനിവാസിന്റെ ‘സംസ്കൃതവത്ക്കരണം’ (Sanskritization) എന്ന പ്രക്രിയയിലേക്ക് ഏറ്റവും പാകമാവുന്നൊരു ഹിന്ദു സമുദായമായി കേരളത്തിലെ ഈഴവർ മാറുന്നുണ്ട്. ജാതിവിവേചനത്തിന്റെയും സാമ്പത്തികാസമത്വത്തിന്റെയും ദുരിതങ്ങൾ നേരിടുന്ന സമുദായമെന്ന നിലയിൽനിന്ന് സാമാന്യമായി മധ്യവർഗവത്കരിക്കപ്പെടുകയും കേരളത്തിലെ രാഷ്ട്രീയാധികാരത്തിൽ കുറഞ്ഞതല്ലാത്ത സാന്നിധ്യമുണ്ടാക്കുകയും ചെയ്തിട്ടുണ്ട് ഈഴവ സമുദായം.

എന്നാൽ ജാതിഘടനയിലെ സാമൂഹ്യാധികാരത്തിൽ കൂടുതൽ സ്വീകാര്യത ലഭിക്കുന്നതിനും രാഷ്ട്രീയാധികാരത്തിൽ കൂടുതൽ ഇടം കിട്ടുന്നതിനും സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയ മണ്ഡലത്തിൽ കൂടുതൽ ഇടമുണ്ടാക്കുകയാണ് വേണ്ടത് എന്ന പ്രവണത ഈഴവ സമുദായത്തിൽ രൂപപ്പെടുന്നുണ്ട്. ഹിന്ദുത്വ രാഷ്ട്രീയത്തെയും യാഥാസ്ഥിതിക ഹിന്ദു സവർണ്ണ ആചാരങ്ങളെയുമൊക്കെ സ്വകീയമാക്കാനും സ്വാംശീകരിക്കാനുമുള്ള നവ യാഥാസ്ഥിതിക പ്രവണത ഈഴവ സമുദായത്തിൽ ശക്തിപ്പെടുന്നുണ്ട്. ഈയൊരു വിഭാഗത്തിനെ തങ്ങളുടെ വോട്ടുബാങ്കിൽനിന്ന് നഷ്ടപ്പെടുത്താതിരിക്കാനാണ് കേരളത്തിലെ ഇടതുകക്ഷികൾ ഹിന്ദുത്വ രാഷ്ട്രീയത്തിനുകൂടി ഇടമുള്ള ഒന്നാക്കി അവരുടെ രാഷ്ട്രീയ സംഘടനയെയും നിലപാടുകളേയും മാറ്റാൻ ശ്രമിച്ചത്.
സാമൂഹ്യവും സാമ്പത്തികവുമായ ചലനാത്മകത പുതുതായി നേടിയ സമുദായമെന്ന നിലയിൽ ഈഴവ സമുദായത്തിലും അതിനൊപ്പം സവർണ്ണ ഹിന്ദുക്കളടക്കമുള്ള മറ്റ് വിഭാഗങ്ങളിലും മുസ്ലീങ്ങളോടുള്ള വെറുപ്പിനെ രാഷ്ട്രീയമായി പ്രതിഷ്ഠിക്കാൻ കഴിയുമെന്ന സംഘപരിവാറിന്റെ അടവിനെ അതേ അടവുപയോഗിച്ചാണ് സി പി എം നേരിട്ടത്. ഇതിനായി തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘ്പരിവാറിനെതിരായ രാഷ്ട്രീയ എതിർപ്പ് മയപ്പെടുത്തുകയും നിശ്ശബ്ദമാക്കുകയും ചെയ്ത സി പി എം ഇന്ത്യയും കേരളവും നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇസ്‌ലാമിക വർഗീയതയാണെന്ന മട്ടിലുള്ള പ്രതീതിയാണ് പ്രചാരണത്തിലുടനീളം ഉണ്ടാക്കാൻ ശ്രമിച്ചത്. മതേതര ജനാധിപത്യ കേരളം അതിനുകൊടുക്കാൻ പോകുന്ന വില ചെറുതല്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പിക്ക് മൂന്ന് എം എൽ എമാരെ വിജയിപ്പിക്കാനായ മണ്ഡലങ്ങൾ സാമാന്യമായി മേൽപ്പറഞ്ഞ രാഷ്ട്രീയ, സാമൂഹ്യ പ്രവണതകൾ ശക്തമായ പ്രദേശങ്ങൾ കൂടിയാണ്. ഹിന്ദുത്വ രാഷ്ട്രീയം പതിറ്റാണ്ടുകളായി പ്രയോഗിക്കുന്ന അടവുകളെ സ്വീകാര്യമാകുന്ന തരത്തിൽ പൊതുസമൂഹത്തിന്റെ രാഷ്ട്രീയ വ്യവഹാരത്തെ മാറ്റിയെടുക്കാൻ ആത്മഹത്യാപരമായ രീതിയിൽ സഹായിക്കുകയായിരുന്നു സി.പി.എം ചെയ്തത്. ഒരളവോളം കേരളം ഈ കുടിലതന്ത്രത്തെ ചെറുത്തുനിന്നു എന്നുപറയാം. എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ അതുണ്ടാക്കാൻ പോകുന്ന അപകടങ്ങളുടെ ആഴം ചെറുതായിരിക്കാനിടയില്ല.
തെരഞ്ഞെടുപ്പിന് മുന്നോടിയായി മന്ത്രിസഭയെപ്പോലും അറിയിക്കാതെ കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടുകൊടുത്തത് ഇത്തരത്തിലൊരു നിലപാടിന്റെ ഭാഗമായാണ്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയപദ്ധതി വിദ്യാഭ്യാസപദ്ധതിയുടെ ഭാഗമാക്കാനുള്ള ദീർഘകാല അജണ്ടയുടെ പരിപാടിയാണ് പി.എം. ശ്രീ പദ്ധതിയെന്ന് ദേശീയതലത്തിൽ ഇടതുകക്ഷികൾത്തന്നെ പറയുമ്പോഴും പിണറായി സർക്കാർ ആ പദ്ധതിയിൽ ഒപ്പുവെച്ചത് ഹിന്ദുത്വ രാഷ്ട്രീയവുമായി ചില സാമ്പത്തിക തർക്കങ്ങൾ മാത്രമാണ് തങ്ങൾക്കുള്ളതെന്നുള്ള സന്ദേശം നൽകുക കൂടിയായിരുന്നു.

ഒരു ആധുനിക ജനാധിപത്യ സമൂഹമെന്ന നിലയിൽ രൂപപ്പെടാനുള്ള കേരളീയ സമൂഹത്തിന്റെ സാധ്യതകളെ സമഗ്രാധിപത്യ ഭരണകൂട രീതികളിലൂടെ അടിച്ചമർത്താനായിരുന്നു പിണറായി സർക്കാരും പാർട്ടിയും ശ്രമിച്ചത്. ജനാധിപത്യ സമൂഹത്തിന്റെ ജൈവികമായ പൗരസമൂഹ, പൊതു സംവാദ മണ്ഡലങ്ങളെ വികസിപ്പിക്കുന്നതിനുപകരം ഭരണകൂടത്തിനോടും അധികാരത്തിനോടും പാർട്ടിയോടും ആത്യന്തികമായി വിധേയത്വമുള്ള രാഷ്ട്രീയ ആവാസവ്യവസ്ഥയാണ് പിണറായി സർക്കാരും പാർട്ടിയും ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചത്. ഏതൊരു വിമതശബ്ദതത്തെയും സംഘടിതവും ശക്തവുമായി ആർത്തലച്ചാക്രമിക്കുന്ന സംവിധാനം രൂപപ്പെട്ടു. അത് തെരുവിൽ രക്ഷാപ്രവർത്തനം നടത്തുന്ന പാർട്ടി ഗുണ്ടകളായും സൈബർ ആക്രമണം നടത്തുന്ന കടന്നലുകളുമായും പ്രത്യക്ഷപ്പെട്ടു. പ്രതിഷേധങ്ങളോടും വിമതശബ്ദങ്ങളോടും പിണറായി വിജയൻ ഇപ്പോഴും പ്രയോഗിക്കുന്ന പ്രതികരണം ‘മനോനില തെറ്റിയത്’ എന്നായിരുന്നു. തങ്ങളെ എതിർക്കുന്നതിന് ഒന്നുകിൽ മാനസിക രോഗമുണ്ടായിരിക്കണം അല്ലെങ്കിൽ സാമൂഹ്യവിരുദ്ധരായിരിക്കണമെന്ന തലത്തിലാണ് ആക്രമണങ്ങൾ നടന്നത്.
ജനാധിപത്യപരമായ എന്തെങ്കിലും സംവാദങ്ങളിലോ കൊടുക്കൽ വാങ്ങലുകളിലോ ഏർപ്പെടാൻ ശേഷിയില്ലാത്ത ഒന്നായിമാറി ഇടതുകക്ഷികളും അവരുടെ വൈതാളിക വൃന്ദങ്ങളും. ഇന്ത്യയുടെ ജനാധിപത്യ ഘടനയെ ഫാഷിസ്റ്റ് ഭരണകൂടം ദിനേന ഇല്ലാതാക്കുമ്പോൾ അതേ മാതൃകയിൽ രാഷ്ട്രീയ വിമതത്വത്തെ കൈകാര്യം ചെയ്യാനാണ് കേരളത്തിലെ ഭരണാധികാര ഇടതുപക്ഷം ശ്രമിച്ചത്. സ്ത്രീകളാണ് എതിർശബ്ദമെങ്കിൽ ലൈംഗികാധിക്ഷേപം നടത്തുന്നതടക്കം ഒരു സംഘടിത രാഷ്ട്രീയ മാഫിയാ സംഘമായിട്ടായിരുന്നു കേരളത്തിൽ കഴിഞ്ഞ ഒരു ദശാബ്ദം കൊണ്ട് മുഖ്യധാരാ ഇടതുപക്ഷം തങ്ങളുടെ ദുരധികാരത്തിന്റെ ആവാസവ്യവസ്ഥയെ രൂപപ്പെടുത്തിയെടുത്തത്.
കേരളത്തിലെ ധനിക കച്ചവടക്കാരമടക്കമുള്ളവരും പ്രവാസി സമ്പന്നരും ഉയർന്ന വരുമാനമുള്ള സർക്കാർ ജീവനക്കാരുമടങ്ങുന്ന ഒരു’പുത്തൻ വർഗം’ ഇടതുപക്ഷ ഭരണത്തിനുകീഴിൽ ‘നവ ഇടതുപക്ഷ’മായി പ്രദർശിപ്പിക്കുകയും ഇടതുപക്ഷ പ്രതിനിധികളായി സ്വയം അവതരിപ്പിക്കുകയും ചെയ്തു. സാമൂഹ്യമാധ്യമങ്ങളിലെ ഇടതുകക്ഷികളുടെ പോരാളികളിൽ മിക്കവാറും ഇക്കൂട്ടരാണ്. ഈ ജനാധിപത്യവിരുദ്ധ ആവാസവ്യവസ്ഥ ഒരു വൈദേശികസസ്യത്തിന്റെ അള്ളിപ്പിടിച്ചുള്ള അധിനിവേശം പോലെ കേരളീയസമൂഹത്തെ ശ്വാസം മുട്ടിക്കുന്നു എന്ന തിരിച്ചറിവുകൂടിയാണ് ഈ തെരഞ്ഞെടുപ്പിലെ ജനവിധിയിൽ പ്രതിഫലിച്ചത്.

സാധാരണഗതിയിൽ ഇടതുപക്ഷ വർഗ്ഗരാഷ്ട്രീയവുമായി പൊരുത്തപ്പെടാൻ കഴിയാത്ത വലിയൊരു വിഭാഗം ധനികരെ തങ്ങൾക്കൊപ്പം കൂട്ടാൻ ഇടതുപക്ഷത്തിന് കഴിഞ്ഞത്, വലതുപക്ഷത്തിൽനിന്ന് ഒട്ടും വ്യത്യസ്തരല്ല വികസന കാഴ്ചപ്പാടിൽ എന്ന് ഉറക്കെപ്പറഞ്ഞതുകൊണ്ടാണ്. സിൽവർ ലൈൻ പദ്ധതിയടക്കമുള്ള വിഷയങ്ങളിൽ പൊതുസമൂഹമുയർത്തിയ എതിർപ്പുകളെ ഈ ധനികവർഗത്തിനൊപ്പം നിന്ന് എതിർക്കാനും അടിച്ചമർത്താനുമാണ് അവർ ശ്രമിച്ചത്. കടുത്ത പ്രതിഷേധത്തെ തുടർന്ന് സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കേണ്ടിവന്നെങ്കിലും ആ സമീപനം ഇടതുമുന്നണി വിട്ടുകളഞ്ഞില്ല. കോർപ്പറേറ്റ് വികസനത്തെ പൊതുസമൂഹത്തിന്റെ വികസനമായി അവതരിപ്പിക്കുന്ന വലതുപക്ഷ നയത്തിൽനിന്നും വ്യത്യസ്തമായ ഒന്നും പിണറായി സർക്കാരിനുണ്ടായിരുന്നില്ല. അതുകൊണ്ടാണ്, സി പി എം സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോൾ പിണറായി വിജയൻ, 6000 കോടി രൂപയുടെ അഴിമതിയുണ്ടെന്നാരോപിച്ച വിഴിഞ്ഞം അദാനി തുറമുഖ പദ്ധതിയെ, അധികാരത്തിലെത്തിയപ്പോൾ മുമ്പുള്ളതിനേക്കാൾ ആനുകൂല്യങ്ങൾ അദാനിക്ക് നൽകി കോർപ്പറേറ്റ് മൂലധനത്തിന്റെ ദാസ്യവേല നടത്തിയത്.
കേരളീയ സമൂഹത്തെ എന്നത്തേക്കാളും ഭീകരമായി പൊലീസ് ഭരണത്തിനുകീഴിലേക്ക് വലിച്ചിട്ടുകൊടുക്കുകയായിരുന്നു പിണറായി സർക്കാർ. അത് പിടിപ്പുകേടുകൊണ്ട് സംഭവിച്ചതല്ല. സമഗ്രാധിപത്യ സ്വഭാവമുള്ളൊരു ഭരണകൂടം പൗരസമൂഹത്തിന്റെ ജനാധിപത്യ വിമതത്വത്തെ ഇല്ലാതാക്കുന്നതിന് ചെയ്ത നടപടിയായിരുന്നു. രാഷ്ട്രീയ നേതൃത്വത്തിനുപോലും ഇടപെടാൻ കഴിയാത്ത സ്വയംഭരണറിപ്പബ്ലിക്കുപോലെ കേരളത്തിലെ പൊലീസ് സേന ജനങ്ങളുടെ പൗരാവകാശങ്ങളെ ലംഘിച്ചുകൊണ്ടിരുന്നു. അതിനെയല്ലാം പൊലീസ് സേനയുടെ മനോവീര്യത്തിന്റെ കണക്കിൽപ്പെടുത്തി അഭിനന്ദിച്ചുകൊണ്ടിരുന്നു ആഭ്യന്തരമന്ത്രി കൂടിയായ പിണറായി വിജയൻ.
പൊലീസ് സേനയുടെ ജനാധിപത്യവത്ക്കരണം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അജണ്ടയാണ്. അതിനുപകരം പൊലീസിനെ അതിന്റെ ഏറ്റവും ജനാധിപത്യവിരുദ്ധമായ രൂപത്തിലേക്ക് വളരാൻ വിടുകയായിരുന്നു പിണറായി സർക്കാർ ചെയ്തത്. വ്യാജ ഏറ്റുമുട്ടലിലൂടെ ഒമ്പത് പേരെ കൊല്ലുകയും നിരവധി കസ്റ്റഡി കൊലപാതകങ്ങളും പരസ്യമായ മനുഷ്യാവകാശ, പൗരാവകാശ ലംഘനങ്ങളും നടത്തുകയും ചെയ്ത പൊലീസ് പിണറായി വിജയൻ സർക്കാരിന്റെ കൈപ്പിഴയായിരുന്നില്ല, ബോധപൂർവ്വമായ രാഷ്ട്രീയ തീരുമാനമായിരുന്നു.
ഇതൊക്കെ സംഭവിക്കുമ്പോൾ എവിടെയായിരുന്നു സി പി എം എന്ന പാർട്ടി എന്നതൊരു സ്വാഭാവിക ചോദ്യമാണ്. ആ പാർട്ടിക്കുള്ളിൽ ഇത്തരം നീക്കങ്ങളെ ചെറുക്കാൻ ആവശ്യമായ രാഷ്ട്രീയശബ്ദങ്ങൾ ഉയരാഞ്ഞത് എന്തുകൊണ്ടാണ്? അതിനുത്തരമാണ് നമ്മളാദ്യം പറഞ്ഞത്, കഴിഞ്ഞ അഞ്ചുകൊല്ലം കൊണ്ടല്ല ഇതൊന്നും രൂപപ്പെട്ടതെന്ന്.

എത്രയോ കാലങ്ങളായി സി പി എമ്മിൽ സംഭവിക്കുന്നത് രണ്ടു പ്രധാന സംഗതികളാണ്.
ഒന്ന്, വർഗരാഷ്ട്രീയം ദുർബ്ബലമാവുകയും അതിനെ ഓരോ ഘട്ടത്തിലും കയ്യൊഴിയുകയും ചെയ്യുന്നു.
രണ്ട്, ഉൾപ്പാർട്ടി ജനാധിപത്യം കേവലം വാചകമടി മാത്രമാവുകയും ഒരു മാഫിയാസംഘത്തിന് ചേരുന്ന മട്ടിലുള്ള വിധേയത്വവും പ്രതിബദ്ധതയും പാർട്ടി അണികളുടെ ഗുണമായി കണക്കാക്കപ്പെടുകയും ചെയ്യുന്നു.
ഇത് വാസ്തവത്തിൽ വലതുപക്ഷത്തിന്റെ രാഷ്ട്രീയ മാതൃകയാണ്. ജനങ്ങളെ കേവലം വിധേയ സംഘങ്ങളായി മാറ്റുകയും അനുസരണയും അച്ചടക്കവും മാത്രമുള്ള കൂട്ടമാക്കി മാറ്റുകയും ചെയ്യുകയെന്നത് വലതുപക്ഷ അജണ്ടയാണ്. ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയവും അതുതന്നെയാണ് ചെയ്യുന്നത്. എന്നാൽ ഈ വലതുപക്ഷ ജനാധിപത്യവിരുദ്ധതയെ തങ്ങളുടെ പാർട്ടിയിലേക്ക് വരെ സന്നിവേശിപ്പിച്ചു സി.പി.എം. അതുകൊണ്ടുതന്നെ ഇപ്പോൾ ജനങ്ങൾ നൽകിയ അതിരൂക്ഷമായ തിരിച്ചടിയെ മറികടക്കാനുള്ള ആന്തരിക ജനാധിപത്യ ശേഷിയോ വർഗ്ഗരാഷ്ട്രീയത്തിന്റെ വിശകലനശേഷിയോ ഇല്ലാത്ത ഒരു സംഘമാണ് പാർട്ടി.
എങ്ങനെയാണ് തങ്ങൾ ജനാധിപത്യ, വർഗ്ഗരാഷ്ട്രീയത്തെ കയ്യൊഴിഞ്ഞ അന്തസ്സാരശൂന്യമായൊരു സംഘമാണെന്നത് തെരഞ്ഞെടുപ്പു തോൽവിക്ക് തൊട്ടുപിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ ഒരംഗം പുറപ്പെടുവിച്ച പരസ്യപ്രസ്താവനയിലുണ്ട്. ‘ജനങ്ങളുടെ ഉദാസീനവും അരാഷ്ട്രീയവുമായ ചിന്തയിൽ നിന്നുണ്ടായ അനർഹമായ പരാജയമാണ്’ തങ്ങൾ നേരിട്ടത് എന്നാണ് അദ്ദേഹം കണ്ടുപിടിച്ചത്! സ്വന്തം പാർട്ടിയിലെ അംഗങ്ങളും സമിതികളുമായി ഒന്ന് കൂടിയാലോചിച്ച് അവർക്കെന്തെങ്കിലും പറയാനുണ്ടോ എന്നുപോലും നോക്കാതെ ‘ജനങ്ങളുടെ ഉദാസീനമായ അരാഷ്ട്രീയത’യെ പഴിക്കുന്ന ഈ അധികാരഗർവ്വിന് എന്തെങ്കിലും തരത്തിലുള്ള കമ്മ്യൂണിസ്റ്റ്, ജനാധിപത്യ രാഷ്ട്രീയ നവീകരണത്തിനുള്ള ശേഷിയുണ്ടെന്ന് കരുതാൻ വയ്യ.
ജനങ്ങൾക്ക് തങ്ങൾ നൽകിയ പെൻഷനും ഉണ്ടാക്കിയ പാലങ്ങളുമുമൊക്കെ നന്ദിയുള്ള വോട്ടായി തിരിച്ചുതരണമെന്നാണ് ഇടതുപക്ഷത്തിന്റെ ആവശ്യം. ഏതൊരു സമൂഹത്തിന്റെയും സ്വാഭാവികമായ മുന്നോട്ടുപോക്കിലുണ്ടാകുന്ന കുറഞ്ഞ സംഗതികൾ മാത്രമേ കേരളത്തിലുമുണ്ടായിട്ടുള്ളൂ. തെരഞ്ഞെടുപ്പടുക്കുമ്പോൾ സ്ത്രീകൾക്കും മറ്റ് ചില ജനവിഭാഗങ്ങൾക്കും പെൻഷനും ആനുകൂല്യങ്ങളും വർദ്ധിപ്പിച്ചുകൊടുക്കുന്ന bribing the electorate എന്ന പരിപാടിയാകട്ടെ ഇന്ത്യയിലെ എല്ലാ സർക്കാരുകളും ചെയ്യുന്നതുമാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ബംഗാളിലും ബിഹാറിലും ഹരിയാനയിലും എല്ലാം തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം പരിപാടികളുണ്ടായി. അതിൽ മിക്കവയും നിലവിലെ സർക്കാരുകൾക്ക് തെരഞ്ഞെടുപ്പിൽ നേട്ടമാകുകയും ചെയ്തു. കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായി പിണറായി സർക്കാരും ഇതേ മാതൃകയിൽ പെൻഷനും ആനുകൂല്യങ്ങളും വർധിപ്പിക്കുകയും പുതുതായി നൽകുകയും ചെയ്തു. എന്നാൽ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും അത്തരം കൗശലങ്ങളെ കേരളീയർ തള്ളിക്കളഞ്ഞു എന്നത് ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യസൂചികയിലെ നല്ല ലക്ഷണമാണ്.
പ്രചണ്ഡ പ്രചാരണമാണ് രാഷ്ട്രീയ സംവാദങ്ങൾക്ക് മുകളിൽ പിണറായി സർക്കാർ അടിച്ചേൽപ്പിച്ചത്. ആരോഗ്യമേഖലയൊക്കെ ഇതിന്റെ വലിയ ഉദാഹരണങ്ങളാണ്. സർക്കാർ ആശുപത്രികളും സ്വകാര്യ ആശുപത്രികളുമടങ്ങുന്ന പൊതുജനാരോഗ്യ സംവിധാനത്തിലാണ് രോഗികളുടെ Out of pocket expenditure (രോഗികൾ ചികിത്സക്കായി സ്വന്തം കയ്യിൽ നിന്നും മുടക്കേണ്ട തുക) ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ. സർക്കാർ ആശുപത്രികളുടെ അടിസ്ഥാന സൗകര്യം കാലക്രമേണ കൂട്ടുകയെന്ന സ്വാഭാവികമായ പരിപാടിയല്ലാതെ മഹാത്ഭുതങ്ങളൊന്നും സംഭവിച്ചിരുന്നില്ല. മാത്രവുമല്ല സേവനങ്ങളെ ഔദാര്യമായി കാണുന്ന ഏറ്റവും ഹീനമായ പൗരാവകാശവിരുദ്ധത നിലനിൽക്കുന്ന സർക്കാർ വകുപ്പുകളിലൊന്നായി ആരോഗ്യവകുപ്പ് തുടരുകയും ചെയ്യുന്നുണ്ട്.

2014-15 കാലയളവിൽ സർക്കാർ ആശുപത്രികളിൽ കിടത്തിചികിത്സ കിട്ടിയത് 14.18 ലക്ഷം രോഗികൾക്കാണ്. 2023-24 ആയപ്പോൾ അത് പകുതിയോളം കുറഞ്ഞ്, 7.56 ലക്ഷമായി. ഇതേ കാലയളവിൽ സർക്കാർ ആശുപത്രികളിൽ ഗൗരവസ്വഭാവമുള്ള ശസ്ത്രക്രിയകൾക്ക് വിധേയമായവർ 1,01,953-ൽ നിന്ന് 89,775 ആയി കുറഞ്ഞു. അതായത് സർക്കാർ ആരോഗ്യരക്ഷാ സംവിധാനങ്ങളിൽ വൻ പുരോഗതിയുണ്ടായി എന്നുപറയുന്ന ഇക്കാലയളവിൽ രോഗികൾ സ്വകാര്യ ആശുപത്രികളെയാണ്, അത്തരം സ്ഥാപനങ്ങളിലെ വലിയ കൊള്ളക്ക് വിധേയരായിട്ടുപോലും, ആശ്രയിക്കുന്നത്. ഡോക്ടറെ കാണാനെത്തുന്ന രോഗികളുടെ എണ്ണത്തിൽ വലിയ വർദ്ധന സർക്കാർ ആശുപത്രികളിൽ ഉണ്ടാകുമ്പോഴും കിടത്തി ചികിത്സയോ ശാസ്ത്രക്രിയകളോ വേണ്ടത്ര നൽകാനാകാത്ത, രോഗികൾക്ക് വിശ്വാസമില്ലാത്ത ഇടങ്ങളായി സർക്കാർ ആശുപത്രികൾ തുടരുന്നു എന്നതാണ് വാസ്തവം. ഇതിനെയെല്ലാം വെറും പ്രചാരണനാടകങ്ങളിലൂടെ മറികടക്കാനാണ് പിണറായി സർക്കാർ ശ്രമിച്ചത്.
ആരോഗ്യ മേഖലയിലെ മാത്രമല്ല കേരളത്തിലെ സാമ്പത്തിക അസമത്വത്തിന്റെ ഭീകരതയെക്കൂടി തുറന്നുകാണിക്കുന്ന ഒന്നായിരുന്നു ആരോഗ്യമേഖലയിലെ ആശാ തൊഴിലാളികളുടെ സമരം. മിനിമം കൂലി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തോട് പിണറായി സർക്കാരും ഇടതുമുന്നണിയും നടത്തിയ ആക്രമണം തൊഴിലാളി സമരങ്ങളുടെ ഒറ്റുകാരുടെ വേഷത്തിലേക്ക് കേരളത്തിലെ ഇടതുപക്ഷകക്ഷികൾ മാറിയതിന്റെ നേർച്ചിത്രമായിരുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടിയെ, ഇടതുപക്ഷ രാഷ്ട്രീയത്തെ സാധ്യമാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന എല്ലാ രാഷ്ട്രീയ മുദ്രാവാക്യങ്ങളേയും പിണറായി സർക്കാരും അതിന്റെ രാഷ്ട്രീയകക്ഷികളും ഉന്മാദവിഭ്രാന്തിയോടെ കൂട്ടിയിട്ട് കത്തിച്ചുകളഞ്ഞ ഒരു പതിറ്റാണ്ടാണ് കടന്നുപോയത്. ഇടതുപക്ഷ രാഷ്ട്രീയം പറയാനുള്ള ഒരിടത്തെ കൂടി ഇല്ലാതാക്കാനുള്ള ശ്രമം കൂടിയായിരുന്നു അത്. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും കോർപ്പറേറ്റ് മൂലധനസേവയുടെയും നടത്തിപ്പുകാർ തമ്മിലുള്ള മത്സരം മാത്രമായി നമ്മുടെ രാഷ്ട്രീയം മാറുകയാണ്.
കേരളത്തിലെ പൗരസമൂഹത്തിന് പ്രതീക്ഷ നൽകുന്ന ചില ഘടകങ്ങൾ ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ട്. അതിൽ പ്രധാനം, ദുരധികാരത്തിന്റെ പ്രചണ്ഡമായ പ്രചാരണ ആക്രോശങ്ങളെ ദയാരഹിതമായി കേരളീയർ തകർത്തുകളഞ്ഞു എന്നതാണ്. പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ രക്തസാക്ഷിഫണ്ടിലെ കള്ളത്തരങ്ങൾ ചോദ്യം ചെയ്തപ്പോൾ, ‘കള്ളൻ ചോദിച്ചാൽ കൊടുക്കാനുള്ളതല്ല രക്തസാക്ഷി ഫണ്ടിന്റെ കണക്കെ’ന്നാണ് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ് പറഞ്ഞത്. അത്രയും ജനാധിപത്യവിരുദ്ധതയെ ഒരു പാർട്ടിക്കൂറിന്റെ പേരിലും അംഗീകരിക്കാനാവില്ല എന്നാണ് പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനെ വിജയിപ്പിച്ച പാർട്ടി അണികൾ പറഞ്ഞത്. പാർട്ടിഅണികളും പാർട്ടി സംഘടനയും തമ്മിലുള്ള വേർപിരിയലിന്റെ തുടക്കമാണിത്. അതിനെ തടഞ്ഞുനിർത്താനുള്ള ആന്തരിക ജനാധിപത്യാരോഗ്യം സി.പി.എമ്മിന് ഇപ്പോഴുണ്ടോ എന്നത് സംശയമാണ്.

കേരളത്തിലെ പൗരസമൂഹമാണ് കഴിഞ്ഞ അഞ്ചു വർഷം സവിശേഷമായും പ്രതിപക്ഷമായി പ്രവർത്തിച്ചത്. ചെറുതും വലുതുമായ നിരന്തര ഇടപെടലുകളിലൂടെ രാഷ്ട്രീയ നേതൃത്വത്തെ വരെ നിലപാടുകളെടുക്കാൻ അത് നിർബന്ധിതമാക്കിക്കൊണ്ടിരുന്നു. കേരളീയ പൗരസമൂഹത്തിലെ സംവാദാത്മകമായ പൊതുമണ്ഡലത്തിന്റെ വികാസത്തിന് ഇത് സാഹായിച്ചേക്കാം. അമിതപ്രതീക്ഷ വേണ്ടതില്ലെങ്കിലും ആധുനികമായൊരു ലോകവീക്ഷണത്തിലേക്ക് പോകാനുള്ള മലയാളിയുടെ ത്വരയെ ശക്തിപ്പെടുത്താനുള്ള ഒരു സാധ്യത ഇതവശേഷിപ്പിക്കുന്നു.
അധികാരമേറ്റെടുക്കാൻ പോകുന്ന കോൺഗ്രസ് സർക്കാർ രാഷ്ട്രീയ, സാമ്പത്തിക നയങ്ങളുടെ കാര്യത്തിൽ പിണറായി സർക്കാരിൽ നിന്ന് വലിയ വ്യത്യാസമൊന്നുമുള്ളതായിരിക്കില്ല. പൊലീസ് നയം മുതൽ കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾവരെ അതിന്റെ ഏറ്റവും പിന്തിരിപ്പൻ സ്വഭാവത്തിൽ ഇന്ത്യയിൽ നടപ്പാക്കിയ രാഷ്ട്രീയ കക്ഷി കൂടിയാണ് കോൺഗ്രസ്. എന്നാൽ ജനങ്ങളുടെ നിരന്തരമായ പ്രതിപക്ഷരാഷ്ട്രീയ സമ്മർദ്ദത്തിലൂടെ രാഷ്ട്രീയകക്ഷികൾ മാറാൻ നിർബന്ധിതരാകും. ജനാധിപത്യ രാഷ്ട്രീയത്തിന്റെ നിരന്തര സമ്മർദ്ദം ഉണ്ടാവുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ അത്രയെളുപ്പം കേരളത്തെ കൂടുതൽ ജനാധിപത്യരഹിതമായി മാറ്റാൻ കഴിയണമെന്നില്ല. എന്നാൽ, അത്തരത്തിലൊരു സർക്കാരിനുമേൽ കനത്ത ജാഗ്രതയുടെയും നിരന്തരമായ ചോദ്യം ചെയ്യലുകളുടെയും നിരന്തര പ്രതിപക്ഷമായിരിക്കുക എന്ന പൗരസമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയ സാധ്യതകളെ ഉപയോഗിക്കാനുള്ള കേരളീയ സമൂഹത്തിന്റെ ശേഷിയാണ് മലയാളിയുടെ നാളെകളെ നിർണ്ണയിക്കാൻ പോകുന്നത്.
സംഘപരിവാർ രാഷ്ട്രീയവും അതിന്റെ വലതുപക്ഷ സ്വഭാവം ആവേശിച്ച മറ്റ് മതേതര കക്ഷികളും അടക്കമുള്ളവയാകുമ്പോൾ, മലയാളിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ മാത്രമല്ല, ദൈനംദിന സാമൂഹ്യജീവിതത്തിന്റെ സൂക്ഷ്മകോശങ്ങളിലും പൗരസമൂഹത്തിന്റെ നിരന്തരമായ ജനാധിപത്യ, മതേതര, ഇടതുപക്ഷ രാഷ്ട്രീയ ഇടപെടൽ ഉണ്ടായേ മതിയാകൂ.
