രാധാകൃഷ്ണൻ എം.ജി.

‘ഏത് ചെകുത്താനെയും’ കൂട്ടുപിടിക്കുന്ന
ഒത്തുതീർപ്പുകാലം

ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താൻ ഇടതുപക്ഷം നടത്തുന്ന അത്യന്തം ആപൽക്കരമായ ഒത്തുതീർപ്പുകളെയും അത് കേരളത്തിന്റെ സെക്യുലർ അടിത്തറയ്ക്കുണ്ടാക്കുന്ന ആഘാതങ്ങളെയും കുറിച്ച് ട്രൂകോപ്പി വെബ്സീൻ ചോദിച്ച ചോദ്യങ്ങൾക്ക് രാധാകൃഷ്ണൻ എം.ജി മറുപടി എഴുതുന്നു.

ട്ടേറെ നല്ല ഗുണഗണങ്ങളുള്ള പാർലമെൻ്ററി ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദോഷം തെരഞ്ഞെടുപ്പ് ജയിക്കാൻ രാഷ്ട്രീയപ്പാർട്ടികൾക്ക് സ്വന്തം പ്രത്യയശാസ്ത്രത്തിലും മൂല്യ പ്രമാണങ്ങളിലും വരുത്തേണ്ടിവരുന്ന ഒത്തുതീർപ്പുകളാണ്. പ്രത്യേകിച്ച് പ്രത്യയശാസ്ത്രം മർമ്മപ്രധാനമായ പാർട്ടികളെ സംബന്ധിച്ച് ഇതിന് നൽകേണ്ടിവരുന്നത് പലപ്പോഴും വലിയ വിലയാണ്.

ലോകചരിത്രത്തിൽ വോട്ടെടുപ്പിലൂടെ അധികാരമേറിയ ആദ്യത്തെ കമ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നാണ് ഇന്ത്യയിലെ പാർട്ടി. 1957- ൽ കേരളത്തിൽ അരങ്ങേറിയ ഈ ചരിത്ര നിമിഷത്തിൽ തന്നെ അതിന്റെ നായകനും ആചാര്യനും ആയിരുന്ന ഇ.എം.എസിന്റെ മനസ്സിൽ ഏറ്റവുമധികം നിറഞ്ഞതും തങ്ങൾക്ക് നൽകേണ്ടിവരുന്ന ഒത്തു തീർപ്പുകളെക്കുറിച്ചുള്ള വേവലാതിയായിരുന്നു. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ തന്റെ ആദ്യ പ്രസംഗത്തിൽ തന്നെ അദ്ദേഹം സ്വതസിദ്ധമായ യാഥാർത്ഥ്യബോധത്തോടെ തുറന്നുപറഞ്ഞത് ഇതാണ്. വിപ്ലവശേഷം അധികാരമേറുന്ന ഒരു കമ്യൂണിസ്റ്റ് സർക്കാരിനെച്ചൊല്ലി ഉണ്ടാകുന്ന തരം കാൽപനിക സ്വപ്നങ്ങൾ വോട്ടെടുപ്പിലൂടെ ഭരണത്തിലെത്തിയ തങളെക്കറിച്ച് വേണ്ടെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകിയത്. കേന്ദ്രത്തിലെ ബൂർഷ്വാ സർക്കാരിന്റെ കീഴിൽ അതിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടനയ്ക്ക് വിധേയമായി പ്രവർത്തിക്കുന്ന തങ്ങളുടെ സർക്കാരിന്റെ ലക്ഷ്യം ഒരു കമ്യൂണിസ്റ്റ് ഭരണം അല്ലെന്ന് അദ്ദേഹം പ്രസ്താവിച്ചു. കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ വാഗ്ദാനം ചെയ്തിട്ടും നടപ്പാക്കാതിരുന്ന ബൂർഷ്വാ ജനാധിപത്യ വിപ്ലവം പൂർത്തിയാക്കാനുള്ള ശ്രമങ്ങൾക്ക് അപ്പുറം ഒന്നും തങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം ഈ പരിമിതിക്കുള്ളിൽ നിന്നുതന്നെ ആ സർക്കാർ തുടക്കമിട്ട ‘വിപ്ലവകരമായ’ ഭൂപരിഷ്കാരവും സാർവത്രിക വിദ്യാഭ്യാസ പ്രവർത്തനങളുമെല്ലാം വാസ്തവത്തിൽ മുതലാളിത്ത ജനാധിപത്യ വിപ്ലവപരിപാടികൾക്ക് അപ്പുറമുള്ള ഒന്നും ആയിരുന്നില്ല. എന്നാൽ ഏഴ് പതിറ്റാണ്ടിനടുത്ത് കാലം പിന്നിട്ടിട്ടും കേന്ദ്രത്തിലോ മറ്റ് സംസ്ഥാനങ്ങളിലോ ഭരിച്ച സർക്കാരുകൾ നടപ്പിലാക്കാൻ ശ്രമിക്കുക പോലും ചെയ്യാതിരുന്നതിനാൽ കേരളത്തിന്റെ റാഡിക്കൽ പരിഷ്ക്കാരങ്ങളായി അവ ചരിത്രത്തിൽ ഇന്നും തുടരുന്നു. ഇവക്ക് തുടക്കം കുറിച്ചെങ്കിലും അധികാരത്തിൽ വന്ന ആ കമ്യൂണിസ്റ്റ് പാർട്ടിക്ക് ചെയ്യേണ്ടിവന്ന നിരവധി ഒത്തുതീർപ്പുകൾ നിസ്സാരമല്ല. ബിർല എന്ന കുത്തക മുതലാളിക്ക് പരിസ്ഥിതി നാശം പോലും കൊണ്ടുവരുന്ന (അക്കാലത്ത് ആർക്കും ആ ബോധമുണ്ടായിരുന്നില്ല എന്നത് സത്യം) വ്യവസായം തുടങ്ങാൻ സൗജന്യങ്ങൾ അനുവദിച്ചതു​മുതൽ സമരം ചെയ്ത തൊഴിലാളികൾക്കു നേരെ നടത്തിയ പോലീസ് വെടിവെയ്പ് വരെ ആ നിർബന്ധിത ഒത്തു തീർപ്പുകൾ നീളുന്നു. കമ്യൂണിസ്റ്റു പാർട്ടിയെ അധികാരത്തിലെത്തിക്കാൻ മുഖ്യ കാരണമായ പുന്നപ്ര വയലാർ പോലീസ് വെടിവെപ്പിന് അന്ന് ഒരു ദശാബ്ദമേ പിന്നിട്ടിരുന്നുള്ളൂ എന്ന് ഓർക്കുക. പക്ഷേ ഇത്രയൊക്കെ ഒത്തുതീർപ്പുകൾ നടത്തിയിട്ടും ആ സർക്കാരിനെപ്പോലും വെച്ചുപൊറുപ്പിക്കാൻ ഇന്ത്യ കണ്ട ഏറ്റവും വലിയ ജനാധിപത്യവാദിയായ പ്രധാനമന്ത്രി നെഹ്‌റുവിന് കഴിഞ്ഞില്ലെന്നും ഓർക്കണം.

തുടർന്നുള്ള കാലത്തും പ്രത്യയശാസ്ത്രത്തിലും മൂല്യ പ്രമാണങ്ങളിലും നിരന്തരം ഒത്തുതീർപ്പുകൾ കമ്യൂണിസ്റ്റ് പാർട്ടികളുടെ പാർലമെൻററി പ്രവർത്തനത്തിന്റെ സന്തത സഹചാരിയായി. പ്രായോഗിക ജനാധിപത്യ രാഷ്ട്രീയത്തിൽ നിലനിൽക്കണമെങ്കിൽ ആ രംഗത്തെ തന്ത്രങ്ങളും കുതന്ത്രങ്ങളും പയറ്റാതെ ഒഴിഞ്ഞുനിൽക്കുക കമ്യൂണിസ്റ്റ് പാർട്ടികൾക്കും അസാധ്യമാണെന്ന് സത്യം. അടവുനയം എന്നൊരു സൈദ്ധാന്തിക പരിവേഷം അവയ്ക്ക് നൽകുകയായി പാപപരിഹാരം. ഭൂരിപക്ഷം സാധാരണക്കാരുടെയും ജീവിതം ചുരുങ്ങിയ സമയം കൊണ്ട് നാടകീയമായി തന്നെ മെച്ചമാക്കിയ തങ്ങളുടെ സർക്കാർ പിരിച്ചു വിടപ്പെടുക മാത്രമല്ല, തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ പരാജയപ്പെടുകയും ചെയ്ത അനുഭവം CPI- യെ അമ്പരപ്പിച്ചു. തുടർന്നുണ്ടായത് അതിലേറെ വലിയ തിരിച്ചടികൾ. പാർട്ടിയിലെ പിളർപ്പ്, ഇന്ത്യ- ചൈന യുദ്ധത്തെ തുടർന്ന് രാജ്യമാകെ CPM നേതാക്കൾ കൂട്ടത്തോടെ നേരിട്ട തടവ്, 1965- ൽ കേരളത്തിൽ തെരഞെടുപ്പ് വിജയിച്ചിട്ടും അധികാരത്തിലേറാനാകാതെ പോയ അനുഭവം എന്നിങ്ങനെ അവ നീളുന്നു.

1957- ൽ കേരളത്തിൽ അരങ്ങേറിയ ഈ ചരിത്ര നിമിഷത്തിൽ തന്നെ അതിന്റെ നായകനും ആചാര്യനും ആയിരുന്ന ഇ.എം.എസിന്റെ മനസ്സിൽ ഏറ്റവുമധികം നിറഞ്ഞതും തങ്ങൾക്ക് നൽകേണ്ടിവരുന്ന ഒത്തു തീർപ്പുകളെക്കുറിച്ചുള്ള വേവലാതിയായിരുന്നു.
1957- ൽ കേരളത്തിൽ അരങ്ങേറിയ ഈ ചരിത്ര നിമിഷത്തിൽ തന്നെ അതിന്റെ നായകനും ആചാര്യനും ആയിരുന്ന ഇ.എം.എസിന്റെ മനസ്സിൽ ഏറ്റവുമധികം നിറഞ്ഞതും തങ്ങൾക്ക് നൽകേണ്ടിവരുന്ന ഒത്തു തീർപ്പുകളെക്കുറിച്ചുള്ള വേവലാതിയായിരുന്നു.

1957- ലെ ചരിത്ര വിജയത്തിനുശേഷം ഒരു ദശാബ്ദം കമ്യൂണിസ്റ്റുകാർക്ക് അധികാരത്തിന് പുറത്തു നിൽക്കേണ്ടിവന്നു. അന്ന് ഇ.എം.എസ് തിരിച്ചറിഞ്ഞ ഒരു സത്യം, ഇടതുപക്ഷ വിരുദ്ധർ ഒന്നിച്ചാൽ അവർക്കാണ് കേരളത്തിൽ പോലും ഭൂരിപക്ഷം എന്നതാണ്. അതുകൊണ്ട് എങ്ങനെയും എതിർപക്ഷത്തെ ഭിന്നിപ്പിക്കാതെ ഇനി ഇടതുപക്ഷത്തിന് ഭരണത്തിൽ ഏറുക അസാധ്യം എന്ന് അദ്ദേഹത്തിന് ബോധ്യമായി. മതപരമായി തന്നെ കമ്യൂണിസത്തോട് അകലം പാലിക്കുന്ന വലിയ നൂനപക്ഷ സാന്നിദ്ധ്യം മറ്റൊരു കടമ്പ. അതോടെയാണ് കോൺഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താന്റെ കൂടെയും ചേരാമെന്ന ഇ.എം.എസിന്റെ പ്രശസ്തമായ പ്രഖ്യാപനം. ഇതിന്റെ ഫലമായിരുന്നു 1957- ലെ സി.പി.ഐ സർക്കാരിനെ അട്ടിമറിച്ച വിമോചന സമരമുന്നണി എന്ന കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തെ പിളർത്തിയുള്ള 1967- ലെ CPM നേതൃത്വത്തിലുള്ള സപ്തകക്ഷി മുന്നണി. തന്ത്രശാലിയായ ഇ.എം.എസിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. മുസ്ലിംലീഗും വിമോചനസമരനേതാക്കൾ നയിച്ച ചില കക്ഷികളും അടക്കം കോൺഗ്രസ് ഒഴികെ എല്ലാ പാർട്ടികളും ഉൾപ്പെട്ട ആ മഴവിൽ സഖ്യം 1967- ൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയം. 133 സീറ്റിൽ 113 സീറ്റ്. വെറും ഒൻപത് സീറ്റിൽ ഒതുങ്ങിയ കോൺഗ്രസ്സിന് ചരിത്രത്തിലേറ്റവും കനത്ത പരാജയം. അധികാരത്തിനു വേണ്ടി കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം പ്രത്യയശാസ്ത്രത്തിലും മൂല്യപ്രമാണത്തിലും കൊണ്ടുവന്ന ആദ്യത്തെ വലിയ ഒത്തുതീർപ്പ് ആയിരുന്നു ആ പരീക്ഷണം.

പക്ഷേ ഒത്തുതീർപ്പുകൾക്ക് ഒരു വലിയ പ്രശ്നമുണ്ട്. താൽക്കാലികമായി അവ ചില പ്രയോജനങ്ങൾ കൊണ്ടുവന്നേക്കാമെങ്കിലും അവ ഹ്രസ്വായുസ്സായാകും. മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിൽ അവ കൊണ്ടുണ്ടാകുന്ന ദോഷങ്ങൾ ഹ്രസ്വകാല പ്രയോജനങ്ങളേക്കാൾ പല മടങ്ങ് വലുതുമാകും. 1967- ൽ മഹാഭൂരിപക്ഷത്തോടെ ചരിത്രവിജയം നേടി അധികാരമേറിയ രണ്ടാം ഇ.എം.എസ് സർക്കാർ നിലനിന്നത് വെറും രണ്ട് വർഷം. ആഭ്യന്തര സംഘർഷങ്ങളുടെ ഫലമായി ആ സഖ്യം തകർന്ന് സർക്കാർ നിലം പൊത്തി. 1957- നുശേഷം വീണ്ടും അധികാരമേറാൻ സി.പി.എമ്മിന് ഒരു ദശാബ്ദം കാത്തിരിക്കേണ്ടി വന്നെങ്കിൽ 1967- നു ശേഷം അതിന് അതിലേറെ വേണ്ടിവന്നു.

1980- ൽ ഒന്നാം നായനാർ സർക്കാർ ഭരണത്തിൽ വന്നത് കമ്യൂണിസ്റ്റ് പാർട്ടിക്ക് രാഷ്ട്രീയമായി ഐക്യമില്ലാത്ത കോൺഗ്രസ്സിലെ ഒരു വിഭാഗവും കേരളാ കോൺഗ്രസ്സുമായും കൈകോർത്താണ്. പക്ഷേ, മുൻ ഒത്തുതീർപ്പ് പരീക്ഷണങ്ങളുടെ അതേ വിധി ആയിരുന്നു ആ സർക്കാരിനെയും കാത്തിരുന്നത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരയോട് പിണങ്ങി ഇടതുപക്ഷത്തു കുടിയേറിയ എ.കെ. ആന്റണിയുടെ കോൺഗ്രസ്സും കെ.എം. മാണിയുടെ കേരള കോൺഗ്രസ്സും അധികം വൈകാതെ പാലം വലിച്ചതോടെ ആ സർക്കാർ രണ്ട് വര്ഷം തികച്ചില്ല.

1980- കളുടെ പകുതിയോടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ അടിസ്ഥാനപരമായ മാറ്റം സൃഷ്ടിച്ചുകൊണ്ടായിരുന്നു ബി. ജെ. പി ആധിപത്യത്തിന്റെ ആവിർഭാവം. ഇന്ത്യ മതരാഷ്ട്രീയത്തിന് വിധേയമായതിന്റെ തുടക്കം. ഇതിന് പ്രതികരണമായാണ് സി.പി.എം എല്ലാ വിധ മതാധിഷ്ഠിത കക്ഷികളുമായുള്ള ബന്ധം അവസാനിപ്പിച്ചത്. അന്ന് പാർട്ടി ജനറൽ സെക്രട്ടറി ആയിരുന്ന ഇ.എം.എസ് ആയിരുന്നു ഈ പുതിയ നയത്തിന്റെ ഏറ്റവും വലിയ വക്താവ്. സ്വാഭാവികമായും അദ്ദേഹത്തിന്റെ സംസ്ഥാനമായി ഈ പുതിയ മതേതര രാഷ്ട്രീയത്തിന്റെ ആദ്യ പരീക്ഷണശാല. അപ്പോഴേക്കും ഷാബാനു കേസ് വിധിയുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക തീവ്രവാദവും തലപൊക്കിയിരുന്നു. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ശരീയത്ത് വിരുദ്ധ പ്രചാരണവും ലീഗിന്റെ എതിർപ്രചാരണവും ഒക്കെ ചരിത്രം. കേരളത്തിൽ എൽ ഡി എഫിൽ നിന്ന് മതകക്ഷിയാണെന്ന കാരണത്താൽ അഖിലേന്ത്യ ലീഗും കേരളാ കോൺഗ്രസും പുറത്ത് പോകുന്നത് CPM- ന്റെ വിട്ടുവീഴ്ചയില്ലാത്ത മതേതര നിലപാട് മൂലമായിരുന്നു.

1987- ലെ ജനവിധി വിസ്മയകരമായി. ഹിന്ദു - ക്രിസ്ത്യൻ- മുസ്ലിം സമുദായങ്ങളിലെ എല്ലാ കക്ഷികളുമായി കൂട്ടുപിടിച്ചിട്ടും കോൺഗ്രസ് മുന്നണിയെ തറപറ്റിച്ച ജനം CPM നയിച്ച മതേതര മുന്നണിക്ക് വൻ വിജയം സമ്മാനിച്ചു. പൊതുധാരണക്ക് വിരുദ്ധമായി ജനങ്ങൾ മതത്തിനും ജാതിയ്ക്കുമല്ല, അവയ്ക്ക് അതീതമായ നല്ല രാഷ്ട്രീയം ഉയർന്നാൽ അതിനെയാകും പിന്തുണയ്ക്കുക എന്ന് തെളിയിക്കപ്പെട്ടു. ന്യൂനപക്ഷ രാഷ്ട്രീയത്തെ പാഠം പഠിപ്പിച്ച CPM- നെ അന്ന് ഹിന്ദു വോട്ട് പിന്തുണച്ചിരുന്നു എന്ന് അഭിപ്രായം ഉയർന്നെങ്കിലും അതിന് മൂർത്തമായ തെളിവില്ല. മാത്രമല്ല NSS, SNDP തുടങ്ങി വലിയ ഹിന്ദു സംഘടനകൾ എന്നറിയപ്പെടുന്നവ അന്ന് UDF- ന് ഒപ്പമായിരുന്നു. ജനങ്ങൾ മതേതര രാഷ്ട്രീയത്തിനെ ഒരിക്കലും പിന്തുണക്കില്ലെന്ന സിനിസിസത്തിന് മാത്രമേ ആ തെരഞ്ഞെടുപ്പുഫലത്തിന്റെ നന്മ കാണാതിരിക്കാനാവൂ. തുടർന്നുള്ള വർഗീയ രാഷ്ട്രീയ കാലം ഈ നിലപാടിന്റെ പ്രസക്തി സംശയരഹിതമായി തെളിയിച്ചു. കേരളത്തിൽ പ്രബലമായിരുന്ന രാഷ്ട്രീയ അസ്ഥിരത അവസാനിച്ചു.

1987- ലെ കറകളഞ്ഞ മതേതര രാഷ്ട്രീയത്തിൽ പിൽക്കാലത്ത് ഇടതുപക്ഷം വെള്ളം ചേർത്തെങ്കിലും സാമുദായിക കക്ഷികളുടെ വിലപേശൽ രാഷ്ട്രീയത്തിന്റെ കരുത്തിന് ഏറെക്കുറെ അന്ത്യം കുറിക്കപ്പെട്ടു. NDP- യും SRP- യും ഒക്കെ മൺമറഞ്ഞു. ഇടതു ജനാധിപത്യ മുന്നണിയിൽ ഐ എൻ എല്ലും ചില കേരളാ കോൺഗ്രസുകളും ഉണ്ടെങ്കിലും അവയുടെ സമ്മർദ്ദശക്തി താരതമ്യേന ദുർബലമാണ്. ലീഗ് യു ഡി എഫിൽ ശക്തമാണെങ്കിലും 2006 മുതൽ ആ മുന്നണി പ്രതിരോധത്തിലാണ്. അതേസമയം ഹിന്ദുത്വ രാഷ്ട്രീയം അടിക്കടി വളരുന്നതിനും ഇക്കാലം സാക്ഷിയായി എന്നതും സത്യം.

 അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരയോട് പിണങ്ങി ഇടതുപക്ഷത്തു കുടിയേറിയ എ.കെ. ആന്റണിയുടെ കോൺഗ്രസ്സും കെ.എം. മാണിയുടെ കേരള കോൺഗ്രസ്സും അധികം വൈകാതെ പാലം വലിച്ചതോടെ ആ സർക്കാർ രണ്ട് വർഷം  തികച്ചില്ല.
അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരയോട് പിണങ്ങി ഇടതുപക്ഷത്തു കുടിയേറിയ എ.കെ. ആന്റണിയുടെ കോൺഗ്രസ്സും കെ.എം. മാണിയുടെ കേരള കോൺഗ്രസ്സും അധികം വൈകാതെ പാലം വലിച്ചതോടെ ആ സർക്കാർ രണ്ട് വർഷം തികച്ചില്ല.

ഒത്തുതീർപ്പിന്റെ
വർത്തമാനകാലം

1987- ൽ ഉയർത്തിപ്പിടിച്ച LDF- ന്റെ മതേതര രാഷ്ട്രീയത്തിൽ പിൽക്കാലത്ത് പല കുറി വെള്ളം ചേർക്കപ്പെട്ടെങ്കിലും ആ നിലപാട് അടിസ്ഥാനപരമായി തന്നെ അട്ടിമറിക്കപ്പെടുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കാണുന്നത്. ഇക്കഴിഞ്ഞ രണ്ട് ദശാബ്ദക്കാലത്ത് ചെങ്കൊടി ഉയർന്നു പറന്ന ഏക സംസ്ഥാനം കേരളമായിട്ടും ആണ് ഇതെന്നതും ശ്രദ്ധിക്കണം. 2024- ലെ പൊതു തെരഞ്ഞെടുപ്പിലുണ്ടായ വമ്പൻ പരാജയവും രണ്ട് ഊഴമായി തുടരുന്ന ഭരണത്തിനെതിരെ ഉണ്ടായേക്കാവുന്ന വിരുദ്ധ വികാരവും ആണ് ഇതിന്റെ കാരണം. കഴിഞ്ഞ പരാജയം തങ്ങൾക്കൊപ്പമുണ്ടായിരുന്ന ഹിന്ദു സമുദായ വോട്ടിന്റെ BJP യിലേക്കുള്ള കാലുമാറ്റം കൊണ്ടാണെന്ന് LDF വിലയിരുത്തിയിട്ടുണ്ട്. അതേ സമയം ബി ജെ പിയുടെ കടുത്ത ഹിന്ദുത്വ ആധിപത്യത്തിനടിയിൽ അടിച്ചമർത്തപ്പെടുന്ന മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾക്കുവേണ്ടി തങ്ങൾ ശക്തമായി നിലകൊണ്ടിട്ടും ആ വിഭാഗത്തിന്റെ വോട്ട് തങ്ങൾക്ക് കിട്ടുന്നില്ലെന്നും CPM തിരിച്ചറിഞ്ഞു. ഇതേ തുടർന്ന് ചരിത്രത്തിലാദ്യമായി വൻതോതിൽ CPM തങ്ങളുടെ ഹിന്ദു വിരുദ്ധ പ്രതിഛായ കുടഞ്ഞുകളയാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഒരു വശത്ത് മുസ്ലിം ലീഗിനോടും യു ഡി എഫിനോട് അടുത്ത ജമാഅത്ത് ഇസ്ലാമിയോടുമുള്ള കടുത്ത എതിർപ്പ് ആണെങ്കിൽ മറുവശത്ത് ഹിന്ദുത്വ രാഷ്ട്രീയത്തോട് പലപ്പോഴും സന്ധിചെയ്യുകയും മറയില്ലാത്ത ന്യൂനപക്ഷ വിരോധം പ്രകടിപ്പിക്കുകയും ചെയ്യുന്ന SNDP നേതാവ് വെള്ളാപ്പള്ളിയോടുള്ള സൗഹൃദമാണ്.

ഈ രാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ കാൽവെയ്പ്പ് ആണ് ആഗോള അയ്യപ്പസംഗമം. ഇതേ തുടർന്ന് വിമോചന സമരകാലം മുതൽ ഇടതുപക്ഷത്തിന്റെ കടുത്ത ശത്രു ആയിരുന്ന NSS- ആയിപ്പോലും സന്ധിചെയ്യുന്ന ദയനീയാവസ്ഥയിലായി CPM. കേരളത്തിൽ ആദ്യമായി ഭരണത്തിൽ രണ്ടാമൂഴം ലഭിച്ച അസാധാരണ നേട്ടത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും 2026- ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റാൽ ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഭരണത്തിലില്ലാത്ത സാഹചര്യമാകും ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശതാബ്ദി വേളയിലെന്നത് ഏത് വിധേനയും ജയിക്കേണ്ട അനിവാര്യതയ്ക്ക് അടിവര ഇടുന്നുണ്ട്.

പുതിയ ഒത്തുതീർപ്പിന് രണ്ട് മൂന്ന് ന്യായങ്ങൾ CPM -പരസ്യമായല്ലെങ്കിലും- ഉന്നയിക്കുന്നുണ്ട്.

ഏറ്റവും പ്രധാനം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പരിമിതികളാണ്. ന്യൂനപക്ഷ സമുദായങ്ങൾ UDF- നും ഭൂരിപക്ഷ സമുദായത്തിലെ മഹാഭൂരിപക്ഷം BJP-ക്കും ഒപ്പം പോയാൽ ഇടതുപക്ഷം രാഷ്ട്രീയമായി വനവാസമോ ആത്മഹത്യയോ ചെയ്യണമോ എന്നാണ് ഒരു ചോദ്യം. ഹിന്ദു സമുദായത്തെ മുഴുവൻ BJP-ക്ക് തീറെഴുതിക്കൊടുക്കണമോ എന്നതാണ് മറ്റൊരു ചോദ്യം. കുറച്ചുകാലമായി ഈ രീതിയിൽ ഹിന്ദു സമുദായത്തിന്റെ ഉള്ളിൽ നിന്ന് BJP യെ ചെറുക്കാൻ CPM ശ്രമിക്കുന്നുണ്ട്. ക്ഷേത്ര കമ്മിറ്റികൾ പിടിച്ചെടുക്കുക, ഹൈന്ദവ ഉത്സവങൾ സംഘടിപ്പിക്കുക എന്നിവ ഉദാഹരണങൾ. മലബാറിൽ പറശ്ശിനിക്കടവ് പോലെയുള്ള ക്ഷേത്രങ്ങൾ BJP പിടിച്ചെടുക്കാതെ സൂക്ഷിക്കാൻ ഇതുമൂലം കഴിയുന്നുണ്ട് എന്നാണ് CPM ചൂണ്ടിക്കാട്ടാറുള്ളത്. ഗാന്ധിജി ചെയ്തതുപോലെ ഹിന്ദു മതത്തിൽ തന്നെയുള്ള നല്ല പാരമ്പര്യങ്ങളെ -അന്യമത സൗഹൃദം, ബഹുസ്വരത, മതേതര ആത്മീയത- വീണ്ടെടുക്കാനും ശക്തിപ്പെടുത്താനും ഇത് സഹായിക്കും എന്നും CPM ലെ പലരും വിശ്വസിക്കുന്നു. ഹിന്ദു എന്നാൽ ഹിന്ദുത്വം അല്ലെന്ന് തെളിയിക്കുകയാണ് അത്.

മറ്റൊരു ലക്ഷ്യം, സ്വന്തം ചേരി ഉറപ്പിച്ചു നിർത്തുകയാണ്. BJP യിലേക്ക് ഒഴുകിയിരുന്ന നായർ -ഈഴവ സമുദായങ്ങളെ പിടിച്ചുനിർത്താനും ഇതിന്റെ മുൻനിരയിലുണ്ടായിരുന്ന NSS- ന്റെയും SNDP- യുടെയും ഉള്ളിൽ രണ്ട് ചേരി സൃഷ്ടിക്കാനും കഴിഞ്ഞത് രാഷ്ട്രീയ വിജയമായും CPM കാണുന്നുണ്ട്. 1967- ൽ സപ്തക്ഷി മുന്നണിയിലൂടെ “ഏത് ചെകുത്താനെയും കൂട്ടുപിടിച്ച്” ഇടതു വിരുദ്ധവിമോചനസമരസഖ്യം ഇ.എം.എസ് പൊളിച്ചതിന് സമാനമായി പിണറായിയുടെ പുതിയ നീക്കം പ്രകീർത്തിക്കപ്പെടുന്നു.

 ഹിന്ദു സമുദായത്തിന്റെ ഉള്ളിൽ നിന്ന് BJP യെ ചെറുക്കാൻ CPM ശ്രമിക്കുന്നുണ്ട്. ക്ഷേത്ര കമ്മിറ്റികൾ പിടിച്ചെടുക്കുക, ഹൈന്ദവ ഉത്സവങൾ സംഘടിപ്പിക്കുക എന്നിവ ഉദാഹരണങൾ. മലബാറിൽ പറശ്ശിനിക്കടവ് പോലെയുള്ള ക്ഷേത്രങ്ങൾ BJP പിടിച്ചെടുക്കാതെ സൂക്ഷിക്കാൻ ഇതുമൂലം കഴിയുന്നുണ്ട് എന്നാണ് CPM ചൂണ്ടിക്കാട്ടാറുള്ളത്.
ഹിന്ദു സമുദായത്തിന്റെ ഉള്ളിൽ നിന്ന് BJP യെ ചെറുക്കാൻ CPM ശ്രമിക്കുന്നുണ്ട്. ക്ഷേത്ര കമ്മിറ്റികൾ പിടിച്ചെടുക്കുക, ഹൈന്ദവ ഉത്സവങൾ സംഘടിപ്പിക്കുക എന്നിവ ഉദാഹരണങൾ. മലബാറിൽ പറശ്ശിനിക്കടവ് പോലെയുള്ള ക്ഷേത്രങ്ങൾ BJP പിടിച്ചെടുക്കാതെ സൂക്ഷിക്കാൻ ഇതുമൂലം കഴിയുന്നുണ്ട് എന്നാണ് CPM ചൂണ്ടിക്കാട്ടാറുള്ളത്.

CPM- ന്റെ മറ്റൊരു ചോദ്യം, കോൺഗ്രസ് നഗ്നമായി തന്നെ നവലിബറലിസവും മൃദു ഹിന്ദുത്വവും ജമാഅത്ത് സഖ്യവും സാമുദായിക സംഘടനാബന്ധവും പുലർത്തുമ്പോൾ കണ്ണടയ്ക്കുന്ന ബുദ്ധിജീവികൾ ഇടതുപക്ഷത്തെ മാത്രം ഇതിന് കുറ്റപ്പെടുതുന്നതിന്റെ ന്യായത്തെ ചൊല്ലിയാണ്. പ്രത്യേകിച്ച് ഇപ്പോൾ രാഹുൽ ഗാന്ധിയിൽ പുതിയ മിശിഹയെ കണ്ടെത്തുന്ന ഇടതു ബുദ്ധിജീവികളോടാണ് ഈ ചോദ്യം.

ഈ ചോദ്യങ്ങളിലൊക്കെ ശരിയുടെ അംശങ്ങൾ ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. പക്ഷേ ഈ നീക്കത്തിന്റെ അപകടങ്ങൾ അവയിലേറെയാണ്. അവയിൽ ഏറ്റവും പ്രധാനം CPM- ന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിനും മൂല്യപ്രമാണങ്ങൾക്കും വിരുദ്ധമായ ഒത്തുതീർപ്പുകളാണ് ഇത് എന്നതു തന്നെ. തീർച്ചയായും ഈ തരം ഒത്തുതീർപ്പുകൾ സാമ്പത്തിക വ്യാവസായിക രംഗങ്ങൾ അടക്കം പലയിടത്തും പ്രകടമാണ്. പക്ഷേ ഇപ്പോഴത്തെ രാഷ്ട്രീയ- സാമൂഹ്യ ഒത്തുതീർപ്പുകൾ കാതലായ ഇടതുപക്ഷ നിലപാടുകൾക്ക് വിരുദ്ധമാണ്. അവയിൽ മുഖ്യം മതേതരത്വത്തോടുള്ള പ്രതിബദ്ധതയിൽ കാണുന്ന ഒത്തുതീർപ്പ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുവേണ്ടി വെള്ളം ചേർക്കാനാവുന്ന ഒന്നല്ല ആ പ്രതിബദ്ധത. മതങ്ങളുമായി ശത്രുത ആവശ്യമില്ലെങ്കിലും മതവും രാഷ്ട്രീയവും കൂടിക്കലരുന്ന ഒരു പരിപാടിയും മതേതരത്വത്തിന് നിരക്കുന്നതേയല്ല. അത് ക്ഷേത്ര സമിതികളിലെ പങ്കാളിത്തമായാലും ഗണേശ ഉത്സവത്തിന്റെയും ജന്മാഷ്ടമിയുടെയും അയ്യപ്പ സംഗമത്തിന്റെയും നടത്തിപ്പായാലും അതിൽ ഉൾച്ചേരുന്നത് മതരാഷ്ട്രീയം തന്നെയാണ്. പ്രത്യേകിച്ച് BJP- യുടെ നേതൃത്വത്തിൽ മതേതരവിരുദ്ധ രാഷ്ട്രീയം രാജ്യത്തെ ആകെ ഗ്രസിച്ച കാലത്ത് ഈ രംഗത്ത് നടത്തുന്ന ഒത്തുതീർപ്പ് മഹാദുരന്തത്തിലേക്കുള്ള ക്ഷണപത്രമാണ്. 1987- ൽ ഇ.എം.എസ് അക്കാര്യമാണ് തിരിച്ചറിഞ്ഞത്. കോൺഗ്രസ് കളിക്കുന്ന മൃദു മതരാഷ്ടീയം പോലെയല്ല ഇടതുപക്ഷം ഇതിലേക്ക് കാൽ കുത്തുന്നത്.

ഇടതുപക്ഷത്തിന് ഒത്തുതീർപ്പിന് കഴിയാത്ത മറ്റൊരു പ്രതിബദ്ധതയാണ് ന്യൂനപക്ഷ അവകാശ സംരക്ഷണം. മതേതരത്വം പോലെ തന്നെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായി അടിയറവ് വെക്കാവുന്ന ഒന്നല്ല അത്. പ്രത്യേകിച്ച് ന്യൂനപക്ഷ വിരുദ്ധതയും ഇസ്ലാമോഫോബിയയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും സാമൂഹ്യശരീരത്തിന്റെയും ഭീകരമായ മുഖമുദ്രയായ കാലത്ത് ഇസ്ലാമിക തീവ്രവാദത്തെ ചെറുക്കേണ്ടതുണ്ടെങ്കിലും ഇടതുപക്ഷത്തിന് സ്വയം കൈവരുന്ന ഇസ്ലാം വിരുദ്ധ പ്രതിഛായയെയും ചെറുക്കേണ്ടത് അനിവാര്യമാണ്. ഇടതുപക്ഷം തന്നെ മുമ്പ് തനിനിറം തിരിച്ചറിഞ്ഞിട്ടുള്ള വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും പോലെയുള്ളവരുമായുള്ള അളവറ്റ സൗഹൃദം ആ പ്രതിഛായ ഊട്ടിയുറപ്പിക്കുകയേ ഉള്ളൂ. കോൺഗ്രസും ലീഗും ഈ വ്യക്തികളുമായി സൗഹൃദപ്പെടുന്നതുപോലെയല്ല ഇടതുപക്ഷത്തിന്റെ കാര്യം.

അനാചാര വിരുദ്ധത, സ്ത്രീ- പുരുഷ സമത്വം എന്നിവയും ഇടതുപക്ഷത്തിന്റെ മൗലികമായ മൂല്യ പ്രമാണങ്ങളിൽ മുഖ്യമാണ്. മതങ്ങളുടെ അടിസ്ഥാന സ്വഭാവം തന്നെ ആചാരബദ്ധതയും സ്ത്രീവിരുദ്ധതയുമാണ്. മതങ്ങളുമായും മതസംഘടനകളുമായുള്ള അടുപ്പം ഇടതുപക്ഷത്തെയും അനാചാരങ്ങളുടെയും സ്ത്രീവിരുദ്ധതയുടെയും താവളത്തിലേക്കുള്ള വഴിയിൽ എത്തിക്കും എന്ന് ഉറപ്പാണ്. കാന്തപുരം മൗലവിയുമായും സമീപകാലത്ത് സമസ്തയും ആയുമുള്ള സൗഹൃദം ഈ വിഭാഗങ്ങളുടെ നഗ്നമായ സ്ത്രീവിരുദ്ധതയ്ക്കുനേരെ CPM കണ്ണടയ്ക്കുന്നതിലേക്ക് നയിച്ചു. ഇപ്പോൾ ആഗോള അയ്യപ്പസംഗമവും SNDP, NSS ചങ്ങാത്തവും മൂലം ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തിൽ CPM കൈക്കൊണ്ട നിലപാടിൽ നിന്ന് പിന്നാക്കം പോകുന്നതിലേക്കുള്ള തുടക്കം കുറിച്ചു കഴിഞ്ഞു. ഇക്കാര്യത്തിലുള്ള കോടതിയിലെ സത്യവാങ്ങ്മൂലം ഇതുവരെ പിൻവലിക്കപ്പെട്ടില്ലെങ്കിലും നിലവിലുള്ള നിലപാട് ഇന്ന് ആവർത്തിച്ച് പ്രഖ്യാപിക്കാൻ CPM- ന് ചങ്കുറപ്പ് നഷ്ടമായി കഴിഞ്ഞു.

ഇതിനൊക്കെ പുറമേയാണ് മത- സാമുദായികബന്ധം ദീർഘകാലാടിസ്ഥാനത്തിൽ തന്നെ ഇടതുപക്ഷത്തിന്റെ സ്വന്തം അസ്തിത്വത്തിന് തന്നെ ഉയർത്തുന്ന വെല്ലുവിളി. CPM ക്ഷേത്ര കമ്മിറ്റികൾ പിടിച്ചെടുക്കുകയും മത ഉത്സവങൾ സംഘടിപ്പിക്കുകയും ഒക്കെ ചെയ്തിട്ടും ബി ജെ പിയുടെ വളർച്ച തടയാനായില്ലെന്ന് വ്യക്തം. മാത്രമല്ല ഇടതുപക്ഷം കൂടി മതപരിപാടികളിൽ വ്യാപൃതരാകുമ്പോൾ സമൂഹത്തിൽ മതാത്മകത കൂടുതൽ ആഴത്തിലും വ്യാപ്തിയിലും വളരുകയാണ് ചെയ്യുക. ഇത് കേവല യുക്തിവാദമല്ല. വളരുന്ന മതാത്മകത വലിയ വിഭാഗം വിശ്വാസികളെയും ഉന്നതമായ ആത്മീയതയിലേക്കല്ല നയിക്കുക. പകരം അന്ധവിശ്വാസത്തിലേക്കും അനാചാരങ്ങളിലേക്കും ആത്യന്തികമായി സങ്കുചിതത്വത്തിലേക്കും അപരമത വിദ്വേഷത്തിലേക്കും വർഗീയതയിലേക്കും എത്തിച്ചതാണ് ചരിത്രത്തിന്റെ പാഠം. മതവികാരം - എല്ലാ മതങ്ങളിലും- ഏറ്റവും തീവ്രമായ വർത്തമാനകാലത്ത് പ്രത്യേകിച്ചും.

ആഗോള അയ്യപ്പസംഗമവും SNDP, NSS ചങ്ങാത്തവും മൂലം ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തിൽ CPM കൈക്കൊണ്ട നിലപാടിൽ നിന്ന് പിന്നാക്കം പോകുന്നതിലേക്കുള്ള തുടക്കം കുറിച്ചു കഴിഞ്ഞു.
ആഗോള അയ്യപ്പസംഗമവും SNDP, NSS ചങ്ങാത്തവും മൂലം ശബരിമലയിലെ യുവതീപ്രവേശനക്കാര്യത്തിൽ CPM കൈക്കൊണ്ട നിലപാടിൽ നിന്ന് പിന്നാക്കം പോകുന്നതിലേക്കുള്ള തുടക്കം കുറിച്ചു കഴിഞ്ഞു.

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിലനിൽപ്പിന് ഈ ഒത്തുതീർപ്പുകൾ അനിവാര്യമാണെന്ന CPM വിശ്വാസത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ച് പറഞ്ഞുകൊണ്ട് അവസാനിപ്പിക്കാം. എന്നു മുതലാണ് തെരഞ്ഞെടുപ്പ് ജയിക്കാൻ തങ്ങൾ നടപ്പാക്കുന്ന ജനക്ഷേമ പരിപാടികളല്ല, NSS- ന്റെയും SNDP- യുടെയും പിന്തുണയാണ് ആവശ്യമെന്ന് CPM വിശ്വസിക്കാൻ തുടങ്ങിയത്? ഇവരുടെ പിന്തുണ കിട്ടിയതോടെ 2026- ൽ തുടർഭരണം ഉറപ്പായതായി പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രസ്താവിച്ചതായി കണ്ടു. അങ്ങനെയെങ്കിൽ ഏതെങ്കിലും തെരഞ്ഞെടുപ്പിൽ ഇവിടെ ഇടതുപക്ഷം വിജയിക്കുമായിരുന്നുവോ? 1967- ലും 1980- ലും CPM പരീക്ഷിച്ച ഒത്തുതീർപ്പ് സഖ്യങ്ങൾ പൊളിഞ്ഞു വീണത് ദിവസങ്ങൾക്കകമാണ്. സ്വന്തം മൂല്യങ്ങളിലോ രാഷ്ട്രീയത്തിലോ അടിസ്ഥാനമാക്കിയ ഒരൊറ്റ നിലപാടിന്റെ പ്രഖ്യാപനം മതി ഈ പുതിയ ബന്ധങ്ങളും തകരാൻ. അതല്ലെങ്കിൽ പിന്നെ ശബരിമലയിലെ സ്ത്രീ പ്രവേശനം അടക്കമുള്ള നിലപാടുകളിൽ നിന്ന് തുടർച്ചയായി പിന്നാക്കം പോയ്ക്കൊണ്ടേ ഇരിക്കണം. CPM എന്താണ് ചെയ്യാൻ പോകുക എന്ന് കണ്ടറിയാം.

സ്വന്തം രാഷ്ട്രീയ-ധാർമ്മിക മൂല്യങ്ങൾക്ക് വിരുദ്ധമാകാതെതന്നെ നിലയുറപ്പിക്കാനും ഭരണവിരുദ്ധവികാരം തടയാനും മാർഗ്ഗമുള്ളപ്പോഴാണ് LDF ഇത്തരം വഴികൾ തെരഞ്ഞെടുക്കുന്നത്. ശബരിമല, ഗുരുവായൂർ ക്ഷേത്രപൂജാരി നിയമനത്തിലടക്കമുള്ള നിയമവിരുദ്ധമായ സവർണസംവരണം അവസാനിപ്പിച്ചാൽ മാത്രം ഇടതുപക്ഷത്തിന് ചരിത്രത്തിൽ ഇടവും ജനസമ്മതിയും ഉറപ്പിക്കാൻ കഴിഞ്ഞേക്കും. അതോടൊപ്പം ഇനിയും ഭൂമിയില്ലാത്ത പട്ടികജാതി- വർഗക്കാർക്ക് വേണ്ടിയുള്ള രണ്ടാം ഭൂപരിഷ്ക്കാരം എന്ന വി.എസ്. അച്യുതാനന്ദന്റെ സ്വപ്നം പ്രാബല്യത്തിൽ കൊണ്ടുവരാം. ഇവ നൽകുന്ന പ്രത്യയശാസ്ത്രപരവും മൂല്യപരവും ധാർമികവുമായ വിജയത്തിൽ വിശ്വസിക്കുന്നില്ലെങ്കിൽ എണ്ണത്തിൽ ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങളുടെ പിന്തുണയിലെങ്കിലും വിശ്വസിച്ച് ഇക്കാര്യങ്ങൾ ചെയ്യാൻ എന്തിന് മടിക്കണം? ഒറ്റയടിക്ക് എതിർപക്ഷത്തെ പ്രതിരോധത്തിലാക്കാൻ ഇതിൽപരം ശക്തമായ നീക്കമുണ്ടോ? മന്ദിർ പ്രക്ഷോഭത്തെ മണ്ഡൽ കൊണ്ട് നേരിട്ട വി.പി. സിങ്ങിനെ എങ്കിലും ഓർത്തുകൂടേ? പക്ഷേ സ്വന്തം രാഷ്ട്രീയം മറന്നവരോട് ഇതൊക്കെ പറഞ്ഞിട്ട് എന്തു കാര്യം?

Comments