2026- ലെ നിയമസഭാ തെരഞ്ഞടുപ്പിൽ, തോറ്റ മന്ത്രിമാരിൽ ഒരാൾ ആരോഗ്യമന്ത്രി വീണാ ജോർജ്ജാണ്. തോൽവിയുടെ കയ്പുരസം വോട്ടെണ്ണൽ വേളയിൽ ചില മണിക്കൂറുകളെങ്കിലും പിണറായി വിജയന് അനുഭവിക്കേണ്ടിവന്നു. ഘടാഘടിയന്മാരായ മന്ത്രിമാരെല്ലാം മുമ്പെങ്ങുമില്ലാത്ത വിധം പരാജയം ഏറ്റുവാങ്ങി. എന്തുകൊണ്ട് ഈ പതനം എന്ന് ചിന്തിക്കുന്നവർക്കു മുന്നിൽ തെളിയുന്ന ഒരു ചിത്രമാണ് ആശാ വർക്കാർമാരുടെ സമരം. സ്ത്രീതൊഴിലാളികൾ മിനിമം കൂലിക്ക് നടത്തിയ സമരം. പിണറായി ഗവൺമെന്റ് എത്രമേൽ തൊഴിലാളിവിരുദ്ധരും സ്ത്രീവിരുദ്ധരും ജനാധിപത്യവിരുദ്ധരുമാണെന്ന് തെളിയിച്ച സമരം.
233 രൂപ ദിവസവേതനക്കാരായ ആശ വർക്കർമാർ മിനിമം കൂലി അടക്കമുള്ള അവകാശങ്ങൾ ചോദിച്ചപ്പോൾ ഇടതുസർക്കാർ അത് നൽകിയില്ലെന്നുമാത്രമല്ല, അവരെ ആക്ഷേപിക്കാനും അപഹസിക്കാനും മടിച്ചില്ല.
കോവിഡ് കാലത്ത് സ്വന്തം ജീവൻ അപകടത്തിലാക്കി നടത്തിയ പ്രവർത്തനങ്ങളെ പോലും മറന്ന്, ആശമാരെ ഈർക്കിലി സംഘടയെന്നും പാട്ട പെറുക്കികളെന്നും കീടമെന്നും വിളിക്കാൻ മന്ത്രിമാരുൾപ്പെടെയുള്ള പാർട്ടി നേതാക്കൾ മത്സരിച്ചു. സമരക്കാർക്കെതിരെ ദിവസവും നേതാക്കൾ പ്രസ്താവനയിറക്കി. കള്ളക്കേസുകൾ ചുമത്തി. മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ നടന്ന മാർച്ചിൽ സമരക്കാരുടെ വസ്ത്രം വലിച്ചു കീറി, പോലീസ് ജീപ്പ് ദേഹത്തു കയറ്റി കൊല്ലാനും ശമിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ പേരു പറഞ്ഞ് അധികാരത്തിലേറിയ സർക്കാരിന്റെ തൊഴിലാളിവിരുദ്ധതയും സ്ത്രീവിരുദ്ധതയും ഈ നടപടികളിലൂടെ ജനം തിരിച്ചറിഞ്ഞു.
സമരത്തിന്റെ ന്യായയുക്തത പരിഗണിക്കുന്നതിനുപകരം സമരത്തിനു പിന്നിലാര് എന്ന ചോദ്യം അവർ ആവർത്തിച്ചുകൊണ്ടിരുന്നു. സമരത്തിനുപിന്നിൽ കേരളത്തിലെ പൗരസമൂഹം അണിനിരക്കുന്നത് കാണാൻ LDF നേതൃത്വത്തിന് കഴിയാതെ പോയി. സാംസ്കാരിക പ്രവർത്തകരും എഴുത്തുകാരും ബുദ്ധിജീവികളും സാധാരണ മനുഷ്യരും സമരക്കാരോടൊപ്പം പരസ്യമായി അണിചേരുന്നത് കാണാൻ അവർക്ക് കഴിഞ്ഞില്ല. കഴിഞ്ഞ പത്തു വർഷമായി അമർന്നിരുന്നു ഭരിക്കുന്ന LDF ഗവൺമെന്റിന്റെ നിലപാടുകൾ മാറ്റുരച്ചുനോക്കാനുള്ള അവസരമായി ആശ സമരത്തെ ജനം നോക്കിക്കണ്ടു. കേരളത്തിന്റെ ഇടതുപക്ഷമനസ്സ് വല്ലാതെ നീറിപ്പുകഞ്ഞു. തീവ്ര വലതുപക്ഷ പ്രസ്ഥാനങ്ങൾക്കുള്ള തൊഴിലാളി സ്നേഹം പ്രകടിപ്പിക്കാൻ പോലും 'ഇടതു' ഗവൺമെന്റിനായില്ല.

കഴിഞ്ഞ പത്തു വർഷക്കാലം സമരരഹിതമായ ഒരു പുതിയ കേരളം കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതരായിരുന്നു 'ഇടതു' ഗവൺമെന്റ്. മുതലാളിമാരെ ആനയിച്ചുകൊണ്ടുവരുമ്പോൾ എതിർപ്പിന്റെ യാതൊരു അപസ്വരവും ഉണ്ടാകാതാരിക്കാൻ അവർ പ്രത്യേകിച്ച് ശ്രമിച്ചു. സമരത്തിന്റെ സാധ്യതകളെ മുളയിലേ നുള്ളിയെറിയാൻ പ്രത്യേക സംഘങ്ങളെ ഓരോ മേഖലയിലും നിയോഗിച്ചു. സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിൽ ആയുധമേന്തിയ പ്രത്യേക സേനയെ കാവലിരുത്തി. ജനാധിപത്യ പ്രക്ഷോഭങ്ങളുടെ വേദിയായ സെക്രട്ടേറിയറ്റ് പരിസരത്ത് സംഘം ചേരുന്നതും കൊടിതോരണങ്ങൾ കെട്ടുന്നതിനും വിലക്കേർപ്പെടുത്തി. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടം സർക്കാർ തന്നെ 10 വർഷം അടച്ചിട്ട് ഉപരോധമേർപ്പെടുത്തി. ആവലാതിക്കാരെ കാണുന്നതിന്, അവരുടെ പ്രശ്നം കേൾക്കുന്നതിന് വിലക്കേർപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാനുള്ള പൊതുജനത്തിന്റെ അവകാശം നിഷേധിച്ചു. ന്യായമായ സമരങ്ങൾ മറ്റാരു നടത്തിയാലും എത്ര നാൾ നടത്തിയാലും ഒരു തരിമ്പും പരിഗണിക്കില്ലെന്ന് സർക്കാർ പലതവണ തെളിയിച്ചു.
ഈ സന്ദർഭത്തിലാണ് ഭരണത്തിന്റെ അവസാന വർഷം 2025 ഫെബ്രുവരി 10 ന് ആശാ സമരം ആരംഭിക്കുന്നത്. വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന ആശ വർക്കർമാരുടെ സ്വതന്ത്ര സംഘടനയായ KAHWA- യുടെ നേതൃത്വത്തിൽ ഡിമാന്റുകൾ നേടിയെടുക്കാതെ മടങ്ങിപ്പോകില്ലെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച സ്ത്രീകളുടെ സമരത്തെ കേരളീയ സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചു. സ്ത്രീതൊഴിലാളികളുടെ ഇച്ഛാശക്തി പൊതുസമൂഹത്തിന് ആവേശം പകർന്നു. നവോത്ഥാന പ്രക്ഷോഭങ്ങളിലൂടെ ആർജ്ജിച്ച സമരവീര്യം വീണ്ടെടുക്കാൻ കേരളം തയ്യാറെടുത്തു.

വ്യവസായി എം.എ. യൂസഫലിയെ കേരളത്തിന്റെ അംബാസഡറായും അദാനിയെ പാർട്ട്ണറായും അവരോധിച്ച് കേരളത്തെ ഈസ് ഓഫ് ഡ്യൂയിങ്ങ് ബിസിനസ് കേന്ദ്രമാക്കാനുള്ള പരിശ്രമങ്ങൾക്കു മേൽ വന്നു പതിച്ച ഒരാഘാതം കൂടിയാണ് ആശാ സമരം. മുതലാളിമാർക്ക് യാതൊരു അലോസരവുമില്ലാതെ ചൂഷണം ഉറപ്പാക്കാനുള്ള ശ്രമങ്ങൾക്കുള്ള തിരിച്ചടി ഉറപ്പാക്കുവാൻ തൊഴിലാളികൾ ഉണരുന്നതിന്റെ, കേരളം സമരച്ചൂടറിഞ്ഞ സന്ദർഭമായി ആശാ സമരം മാറി. കാസർകോട്ടുനിന്ന് തിരുവനന്തപുരം വരെയുള്ള നല്ല മനുഷ്യർ രാഷ്ട്രീയ വ്യത്യാസമില്ലാതെ ആശാ സമരത്തിനു പിന്നിൽ അണിനിരന്നു. ഈ മനസ്സാണ് 10 വർഷം എതിരാളികളെ വെട്ടിവീഴ്ത്തി തേരോട്ടം നടത്തിവന്ന സർക്കാരിനെ പിടിച്ചുകെട്ടുന്നതിൽ ഒരു പ്രധാന കാരണമായി തീർന്നത്. സമരത്തിന്റെ നാളുകളിൽ നടന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പും തദ്ദേശ തെരഞ്ഞെടുപ്പും ഭരണപക്ഷത്തിന് വലിയ തിരിച്ചടി നൽകി.
നിയസഭാ തെരഞ്ഞെടുപ്പുഫലം 'ഇടതു' സർക്കാരിന്റെ തൊഴിലാളിവിരുദ്ധ, സ്ത്രീ വിരുദ്ധ, ജനാധിപത്യ വിരുദ്ധ നിലപാടുകൾക്കുള്ള ജനങ്ങളുടെ ആവർത്തിച്ചുറപ്പിച്ച മറുപടിയായി. തുടർന്ന് ഭരണത്തിലേറുന്ന ഏതൊരു ഗവൺമെന്റിനുമുള്ള പാഠവുമായി മാറി. അങ്ങനെ സുശക്തമായ സംഘടനാസംവിധാനമുണ്ടെന്ന് കരുതിയ ഒരു പാർട്ടിയെ അടിമുടി ഉലച്ച ഒന്നായി ആശാ സമരം മാറിയിരിക്കുന്നു.

