പിണറായി വിജയനെ അധികാരഭ്രഷ്ടനാക്കുകയും സി.പി.എമ്മിനെ തിരുത്തുകയും എൽ ഡി എഫിന് മുന്നറിയിപ്പ് നൽകുന്നതുമായ 2026- ലെ നിയമസഭാ തെരഞ്ഞെടുപ്പുഫലത്തിന്റെ പല കാരണങ്ങളിലൊന്ന് ന്യൂനപക്ഷ ഏകീകരണമാണ് എന്നാണ് പൊതുവെ പങ്കിടുന്ന ഒരു നീരീക്ഷണം. മലപ്പുറം, വയനാട്, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യു.ഡി.എഫ് എല്ലാ സീറ്റും നേടി സ്ഥാപിച്ച സമ്പൂർണ ആധിപത്യമാണ് ഈ നിരീക്ഷണത്തിന് അടിസ്ഥാനം. മാത്രമല്ല; കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ എൽ ഡി എഫിന് ആധിപത്യമുണ്ടായിരുന്ന മണ്ഡലങ്ങൾ പിടിച്ചെടുക്കുന്നതിൽ യു ഡി എഫിന് ന്യൂനപക്ഷ വോട്ടുകളുടെ നിർണായക പിൻബലമുണ്ടായിരുന്നതായും നീരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പത്തനംത്തിട്ട ജില്ലയിലെ യു ഡി എഫിന്റെ മുന്നേറ്റത്തിലും ന്യൂനപക്ഷ വോട്ടുകൾ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.
മുസ്ലിം വോട്ട് ഏകീകൃതമായി ലീഗ് ഘടകകക്ഷിയായ യു ഡി എഫിനെ പിന്തുണച്ചുവെന്ന സംഘ്പരിവാർ സോഷ്യൽ മീഡിയാ പ്രചാരണം വ്യാപകമാണ്. വ്യാജ കണക്കും വികൃതമായ ആഖ്യാനവും ഹിന്ദു ഏകീകരണം ലാക്കാക്കിയാണെന്ന കാര്യം ഇത്തരം സോഷ്യൽ മീഡിയാ പോസ്റ്റുകൾ മൂടിവെയ്ക്കുന്നില്ല. കേരളത്തിൽ കുറച്ചേറെ കാലമായി വിദ്വേഷ പ്രചാരണം ശക്തമാണ്. സെക്യുലർ മുഖംമൂടി ധരിച്ചും ഇതേ വാദഗതികൾ പ്രചരിക്കുന്നുണ്ട്.
ഈ തെരഞ്ഞെടുപ്പിൽ മുസ്ലിം -ക്രൈസ്തവ സമൂഹങ്ങളുടെ ഏകീകരണം ഉണ്ടായിരുന്നോ?
ഉണ്ടായെങ്കിൽ തന്നെ അത് മതാധിഷ്ഠിതമായ ഏതെങ്കിലും ആവശ്യം നിറവേറ്റാൻ ലക്ഷ്യം വെച്ചായിരുന്നോ?
ഇത്തരമൊരു ഏകീകരണത്തിനായി മതവിശ്വാസപരമായ ഏതെങ്കിലും സാമുദായിക കേന്ദ്രം പ്രവർത്തിച്ചിരുന്നുവോ?
ന്യൂനപക്ഷ ഏകീകരണം ലക്ഷ്യംവെച്ചുള്ള ആസൂത്രിത നീക്കം, ഇതിന്റെ ഗുണഫലം ലഭിച്ചുവെന്ന് പറയുന്ന, യു ഡി എഫ് നടത്തിയിരുന്നോ?
യു ഡി എഫിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് ന്യൂനപക്ഷ ഏകീകരണം ലക്ഷ്യമാക്കി പ്രചാരണം നടത്തിയിരുന്നോ?
തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യുമ്പോൾ ഇതോടൊപ്പം നിരവധി ചോദ്യങ്ങൾ ഉയർന്നുവരുന്നുണ്ട്.
2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പുഫലം മുന്നിൽവെച്ച് മുസ്ലിം ഏകീകരണം ഒരു പ്രചാരണവിഷയമായി സംഘ്പരിവാർ സംഘടനകൾ ഏറ്റെടുത്തിരുന്നു. സംഘ്പരിവാർ സംഘടനകളുടെ പ്രചാരണത്തിലെ വിദ്വേഷ ഉള്ളടക്കം കേരളത്തിൽ അവർ ലക്ഷ്യം വെയ്ക്കുന്ന "ഏകീകൃത ഹിന്ദു പൊതുസമൂഹം" ഇതുവരെ അത്ര ഗൗരവത്തിലെടുത്തിട്ടില്ല. എങ്കിൽ തന്നെയും ബി ജെ പിക്ക് നേട്ടമായുണ്ടായ തെരഞ്ഞെടുപ്പായിരുന്നു 2024-ലേത്. തൃശ്ശരിൽനിന്ന് ബിജെപിക്ക് ഒരു എം.പിയെ ലഭിച്ചു. പ്രസ്തുത തെരഞ്ഞെടുപ്പിനു മുന്നോടിയായി മുസ്ലിം അപരവൽക്കരണത്തിന്റെ പ്രചാരണം ക്രൈസ്തവ സമൂഹത്തിൽ കൂടി വ്യാപകമാക്കി. ആ സമൂഹത്തിലെ ഇസ്ലാമോഫോബിക് ശക്തികളെ കൂടെചേർത്ത് മുസ്ലിം വിരുദ്ധ കേന്ദ്രീകരണമായിരുന്നു ലക്ഷ്യം. തൃശ്ശൂരിലെ വിജയത്തിൽ ക്രൈസ്തവ വോട്ടുകളുടെ നിർണായക പിന്തുണയുണ്ട്. സഭാ പിന്തുണയും നരേന്ദ്ര മോദിക്ക് അനുകൂലമായ വിചാരവും ഉപയോഗപ്പെടുത്തുകയായിരുന്നു. അപ്പോഴും സംഘ്പരിവാർ പ്രവർത്തനങ്ങളുടെ വിദ്വേഷ പരാമർശങ്ങൾ സോഷ്യൽ മീഡിയയുടെ സ്വകാര്യലോകത്തിൽ തന്നെ ഒതുങ്ങിനിന്നു. ഇത്തരം വിദ്വേഷ കാമ്പയിൻ മുഖ്യധാരയിലേക്ക് വ്യാപിപ്പിക്കുമ്പോഴാണ് സമൂഹത്തിൽ അതിന്റെ പ്രത്യാഘാതം പ്രകടമാകാൻ തുടങ്ങുന്നത്. മുഖ്യധാരാ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം ഒരു സ്വാഭാവിക പ്രവർത്തനമാകുമ്പോൾ വിദ്വേഷഭാഷണങ്ങളെ പൊതുവെ അകൽച്ചയിൽ നിർത്തുന്ന സമൂഹത്തിൽ വിദ്വേഷത്തോടുള്ള അറപ്പ് കുറഞ്ഞുവരും. ഇതോടെ അതേ വിദ്വേഷഉള്ളടക്കം പരസ്യമായി തന്നെ സാമൂഹികഭാഷണങ്ങളിലേക്ക് കടന്നുവരും. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്വേഷത്തിന് അറപ്പില്ലാതെ കടന്നുവരാനുള്ള സാധ്യത ഒരുക്കിയത് ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തലപ്പത്തു തുടരുന്ന വെള്ളാപ്പള്ളി നടേശനാണ്.

2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സി പി എമ്മിനെ അസ്വസ്ഥമാക്കിയിരുന്നു. മലബാർ പ്രദേശത്ത് മുസ്ലിം വോട്ടുകൾ സി പി എമ്മിന് ലഭിക്കുമെന്ന പ്രതീക്ഷയിൽ സമസ്തയുടെ പിന്തുണ ലാക്കാക്കിയുള്ള സ്ഥാനാർഥിനിർണയം പോലും ഇടതുമുന്നണി നടത്തിയിരുന്നു. ചില മുസ്‌ലി മതപണ്ഡിതരുടെ ലീഗ് വിരുദ്ധ നിലപാട് ഉപയോഗപ്പെടുത്താനും ശ്രമമുണ്ടായി. സാർവദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടാണ്, സാർവദേശീയ വിമോചന സമരങ്ങളോട് ഐക്യദാർഢ്യപ്പെടുക എന്നത്. പലസ്തീൻ വിമോചന പ്രസ്ഥാനങ്ങളോടുള്ള സമീപനം ഇതിന്റെ അടിസ്ഥാനത്തിലുള്ളതാണ്. പലസ്തീനെയും ഇറാഖിലെയും ഇറാനിലെയും സാമ്രാജ്യത്വ അധിനിവേശത്തെയും മുസ്ലിം കേന്ദ്രിത വിഷയമായി ഇടതുപക്ഷം ചുരുക്കിക്കാണാറില്ല.
എന്നാൽ, ലോക്സഭാതെരഞ്ഞെടുപ്പിനു മുന്നോടിയായി പലസ്തീൻ വിഷയത്തിൽ മലബാർ പ്രദേശങ്ങളിൽ നടന്ന രാഷ്ട്രീയ പരിപാടികൾ പാരമ്പരഗത സുന്നി സമൂഹത്തെ കൂടെ ചേർക്കാനുള്ള പരിപാടിയായാണ് സംഘടിപ്പിക്കപ്പെട്ടത്. സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടിൽ സി പി എമ്മിന് സ്വതന്ത്രമായി നടത്താവുന്നതും നടത്തേണ്ടതുമായ ഒരു രാഷ്ട്രീയ പരിപാടി കേരളത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങളെ മുൻനിർത്തിയാണ് സംഘടിപ്പിച്ചതെന്ന കാര്യം മറച്ചുവെയ്ക്കാൻ പറ്റാത്ത രീതിയിൽ വെളിപ്പെട്ടിരുന്നു. രാഷ്‌ടീയ വിദ്യാഭ്യാസമുള്ള കേരളത്തിലെ സമൂഹത്തിന്, തങ്ങൾക്ക് അത്രയധികം ചിരപരിചിതമായ സി പി എമ്മിന്റെ ചിഹ്നവിന്യാസങ്ങളെ വായിക്കാൻ കഴയാതിരിക്കുമോ?. അന്താരാഷ്ട്ര പ്രത്യയശാസ്ത്ര പരിവേഷമുണ്ടെങ്കിലും കേരളത്തിലെ സി പി എം കേരളീയ പാർട്ടിയാണ്. കോൺഗ്രസും മുസ്ലിംലീഗും കേരള കോൺഗ്രസും അങ്ങനെത്തന്നെ. എത്ര മറച്ചുവെച്ചാലും ഈ രാഷ്ട്രീയപാർട്ടികളുടെ ഇംഗിതങ്ങളും അതിന്റെ നേതാക്കളുടെ താൽപര്യങ്ങളും മലയാളിക്ക് ഉള്ളംകൈയിലെ രേഖപോലെ വായിക്കാനാകും.
ലോക്സഭ ലക്ഷ്യമാക്കി നടത്തിയ മുസ്ലിം മത-സാമുദായിക നേതൃത്വത്തോടുള്ള അടുപ്പംകൂടൽ പക്ഷെ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല എന്നതിൽ സി പി എം സംസ്ഥാന നേതൃത്വം ഖിന്നരായിരുന്നു. മുസ്ലിം സമൂഹത്തെ പഴിക്കാൻ സെക്യുലറിസം മുഖമുദ്രയാക്കിയ സി പി എമ്മിന് സാധിക്കില്ല, എന്നാൽ പഴിക്കുകയും വേണം. ഈ ഘട്ടത്തിലാണ് സംഘ്പരിവാറിനെ സന്തോഷിപ്പിക്കുകയും സി പി എമ്മിന് സേവനം ചെയ്യുകയും എന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ ആദ്യം, ഈഴവ വോട്ടുകൾ സി പി എമ്മിൽനിന്ന് അകന്നതിനെക്കുറിച്ചു പറഞ്ഞും മദ്ധ്യേ മുസ്ലിംഭീതി പ്രചരിപ്പിച്ചും രംഗത്തുവരുന്നത്. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങൾ ആദ്യമായിട്ടല്ല. പക്ഷെ, മുമ്പ് അത്തരം വിദ്വേഷ പ്രചാരണത്തെ തത്സമയം രൂക്ഷമായ ഭാഷയിൽ സി പി എം നേതൃത്വവും പിണറായി വിജയനും നേരിട്ടിട്ടുണ്ട്. ആ നിലപാട് തുടരുമെന്നാണ് കേരളീയ സമൂഹം പ്രതീക്ഷിച്ചത്. അങ്ങനെയുണ്ടായില്ല എന്നു മാത്രമല്ല പരോക്ഷമായി അതിനെ പിന്തുണയ്ക്കുന്ന മട്ടിലായിരുന്നു ചിട്ടപ്പെടുത്തിയ പ്രതികരണങ്ങൾ.
വെള്ളാപ്പള്ളിയുടെ വെറുപ്പിന്റെ പ്രസ്താവനകൾക്ക് അറുതിയുണ്ടാകുമെന്നു കരുതിയവർക്ക് തെറ്റി. വെള്ളാപ്പള്ളിയെ ശ്ലാഘിക്കുന്ന നിലയിലേക്ക് പിണറായി വിജയൻ മാറിയതോടെ സെക്യുലർ സമൂഹത്തിന് സി.പി.എമ്മിനോടുണ്ടായിരുന്ന വിശ്വാസത പ്രതിസന്ധിയിലായി. പിണറായി വിജയൻ ‘ഹിന്ദു’ പത്രത്തിനു നൽകിയ അഭിമുഖത്തിൽ മലപ്പുറത്തെക്കുറിച്ച് നടത്തിയ പരാമർശം വിദ്വേഷനിലപാടിന്റെ ആവർത്തനമാണെന്ന വിമർശനമുയർന്നു. കേരളത്തിന്റെ മതനിരപേക്ഷ സമൂഹം പിണറായി വിജയനുമായി അകലാൻ തുടങ്ങുന്നത് ഇവിടം മുതൽക്കാണ്.

ഹിന്ദുത്വ സമഗ്രാധികാരകാലത്ത് മതേതരരാഷ്ട്രീയം ജീവശ്വാസമാണെന്ന് തിരിച്ചറിയുന്ന മുസ്ലിം സമൂഹത്തിലെ വ്യത്യസ്ത സാമൂഹിക രാഷ്ട്രീയ നിലപാടുകളുള്ള മനുഷ്യർ, മതേതരനിലപാടിൽ ഉറച്ചുനിൽക്കുമെന്ന് അവർ കരുതിയ പിണറായി വിജയന്റെ സമീപനത്തെക്കുറിച്ച് ആഴത്തിൽ സന്ദേഹികളായി. സി പി എം വിരോധം മുൻനിർത്തിയുള്ള രാഷ്ട്രീയ നിലപാടായിരുന്നില്ല ഈ സന്ദേഹത്തിനുകാരണം, പകരം ഉറച്ച മതേതര നിലപാട് പുലർത്തുമെന്ന് കരുതിയ സി പി എം മതവർഗീയതയുടെ കാലത്ത് വർഗീയതയോട് മൃദു സമീപനം സ്വീകരിക്കുന്നു എന്ന രാഷ്ട്രീയ സന്ദേഹമായിരുന്നു അത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദി സർക്കാരിനുപകരം ഒരു മതേതരസർക്കാർ അധികാരത്തിൽ വരണമെങ്കിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനായി ചെയ്ത രാഷ്ട്രീയവോട്ടിനെ സാമുദായിക വോട്ടായി ലഘൂകരിച്ചുകണ്ടതാണ് സി പി എമ്മിനു പറ്റിയ അബദ്ധം. സമുദായികമായി മാത്രമേ മുസ്ലിം സമൂഹം വോട്ടു ചെയ്യൂ എന്ന സി പി എം മുൻവിധിയാണ് ആ പാർട്ടിയുടെ സെക്രട്ടറിയേറ്റ് അംഗമായ സജി ചെറിയാൻ നടത്തിയ സംഘബോധസ്വഭാവമുള്ള പ്രസ്താവനയിലുണ്ടായിരുന്നത്. സാമൂഹികവിരുദ്ധമായ പ്രസ്താവന നടത്തുകയും അതിന്റെ ആഘാതം സമൂഹത്തിൽ സൃഷ്ടിച്ചശേഷം തന്ത്രപരമായി പിൻവലിക്കുകയും ചെയ്യുന്ന രീതി സജി ചെറിയാൻ സ്ഥിരമായി അവലംബിച്ചുകൊണ്ടിരിക്കുന്നതാണ്, ഇദ്ദേഹമായിരുന്നു കേരളത്തിലെ സാംസ്കാരിക വകുപ്പ് മന്ത്രിയെന്നത് രണ്ടാം പിണറായി സർക്കാറിന്റെ അരാഷ്ട്രീയ പ്രതിലോമ ദൃഷ്ടാന്തമാകുന്നു.
വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസ്താവനകൾ സി പി എം ശക്തിയുക്തം എതിർക്കുകയോ അതിൽ നിന്ന് അകലം പാലിക്കുകയോ ചെയ്യാതിരുന്നത് ‘ഒറ്റപ്പെട്ട’ സംഭവമായി തള്ളിക്കളയാൻ പറ്റാത്തവിധം, സി പി എം നേതൃത്വത്തിൽ നിന്നുതന്നെ മുസ്ലിംവിരുദ്ധ പരാമർശങ്ങൾ പ്രവഹിക്കാൻ തുടങ്ങി. ഹൈന്ദവവികാരം വർഗീയമായി ഇളക്കിവിടുമ്പോൾ, അതിന്റെ ഗുണഫലം ബി ജെ പി ക്ക് ലഭിച്ചാലും തങ്ങളുടെ വോട്ട് സുരക്ഷിതമായിരിക്കുമെന്ന വിചിത്രമായ സാമൂഹ്യമനഃസ്ഥിതിയോടെയുള്ള ആസൂത്രിത പ്രതികരണങ്ങളാണ് പല ഉന്നത സി പി എം നേതാക്കളുടെയും പിന്നീടുള്ള പ്രസ്താവനകളിൽ നിഴലിച്ചത്. ജമാഅത്തെ ഇസ്ലാമിയെ പഴിച്ച് ലീഗിനെ ആക്രമിക്കുക, സാമുദായികമായ അന്തഃസംഘർഷം സൃഷ്ടിക്കാനാകുമോ എന്ന് നോക്കുക തുടങ്ങിയ സമീപനങ്ങളാണ് സി പി എം നടത്തിക്കൊണ്ടിരുന്നത്.

യഥാർത്ഥത്തിൽ സി പി എം സൈബർ അണികൾ മുസ്ലിം ലീഗിനെക്കാളും വർഗീയത ആരോപിച്ച് ആക്രമിച്ചത് കോൺഗ്രസിന്റെ പുതുതലമുറ നേതാവായ ഷാഫി പറമ്പിലിനെയാണ്. സി പി എം യുവജന സംഘടനകൾ ഇത്രമാത്രം ആക്രമിച്ച മറ്റൊരു യുവനേതാവുണ്ടാകില്ല. ബി ജെ പിപോലും ഷാഫി പറമ്പിലിനെ വ്യക്തിപരമായി ഈവിധം ആക്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കേരളത്തിലെ പുതുതലമുറ രാഷ്ട്രീയ നേതാക്കളിൽ ഷാഫി പറമ്പിലിനെ വേർപെടുത്തി സൈബർ ആക്രമണത്തിനിരയാക്കാനുള്ള കാരണമെന്താണ്? തീർച്ചയായും മറ്റു യുവജനസംഘടനകളിൽ ഷാഫി പറമ്പിലിന് പകരംവെയ്ക്കാൻ താൽക്കാലികമായെങ്കിലും ഒരു നേതാവില്ലെന്ന വസ്തുത ഇത്തരമൊരു പ്രതികരണത്തിലേക്കാണോ നയിക്കേണ്ടത്?. ലോക്സഭയിൽ ഷാഫി പറമ്പിലിൽ നടത്തുന്ന ഇടപെടലുകൾ ഇതര പാർട്ടികളിലെ യുവനേതാക്കൾക്ക് സാധിക്കുന്നില്ലെങ്കിൽ സ്വയം നവീകരിക്കാൻ ശ്രമിക്കുന്നതിനുപകരം, ആ ഈർഷ്യയെ വർഗീയച്ചുവയുള്ള ആരോപണങ്ങളാക്കി മാറ്റുന്നത് കേരളീയ സമൂഹത്തിന് മനസ്സിലാക്കാൻ കഴിയില്ലെന്ന് വിചാരിക്കുന്നത്, കേരളത്തെക്കുറിച്ചുള്ള സാമൂഹികബോധം കൈമോശം വന്നതുകൊണ്ടാണ്. ഇത്തരം അനഭിലഷണീയമായ പ്രവണതകളോട് രാഷ്ട്രീയമായി വിയോജിക്കുന്നതിനെ ന്യൂനപക്ഷ ഏകീകരണമെന്നോ മുസ്ലിം കൺസോളിഡേഷൻ എന്നോ അല്ല വിളിക്കേണ്ടത്, കേരളീയ മനഃസാക്ഷിയുടെ ചെറുത്തുനിൽപ്പ് എന്നാണ്.
2016-ലും 2021-ലും ന്യൂനപക്ഷ വോട്ടുകൾ എൽ ഡി എഫിന്റെ രാഷ്ട്രീയ അടിത്തറയുടെ വിസ്തീർണം വർധിപ്പിക്കാൻ പറ്റുന്ന വിധത്തിൽ ലഭിച്ചിട്ടുണ്ടായിരുന്നു. എൽ ഡി എഫിനോട് ന്യൂനപക്ഷം സ്വാഭാവികമായി പ്രകടിപ്പിച്ച ആഭിമുഖ്യം തെറ്റായ നിഗമനങ്ങളിലൂടെയും അതിനനുസൃതമായ പ്രചാരണങ്ങളിലൂടെയും നഷ്ടപ്പെടുത്തുന്നതാണ് 2024 മുതൽ കണ്ടുവരുന്നത്. മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ സംഘടനയ്ക്കെതിരെ 2016- ലും 2021-ലും സി പി എം നേതൃത്വം വിമർശനമുന്നയിച്ചിരുന്നു. പ്രസ്തുത വിമർശനം രാഷ്ട്രീയ വിമർശനത്തിന്റെ സ്വഭാവമുള്ളതായിരുന്നു. മുസ്ലിം സമൂഹം അതിൽ ഖിന്നരാവുകയോ ഇടതുമുന്നണിയോട് അകലുകയോ ചെയ്തില്ല. അതേസമയം, വർഗീയമായ ലക്ഷ്യങ്ങളോടെയുള്ള വിമർശനം രാഷ്ട്രീയമായി ചെറുക്കപ്പെടും. ഇത് കേരളത്തിന്റെ വ്യത്യസ്തമായ രാഷ്ട്രീയബോധത്തിന്റെ പ്രതിഫലനമാണ്. ലീഗിനോടുള്ള എതിർപ്പ് ക്രൈസ്തവ സംഘടനകളുടെ വോട്ട് എൽ ഡി എഫിന് ലഭിക്കാൻ സഹായകമായി. എന്നാൽ അത്തരം അകൽച്ചകളെ ഭിന്നിപ്പായി വികസിപ്പിക്കുന്നത് സംഘ്പരിവാറിന്റെ രാഷ്ട്രീയലക്ഷ്യങ്ങൾക്കാണ് ഗുണം ചെയ്യുക എന്ന പ്രാഥമിക രാഷ്ട്രീയബോധ്യം എൽ.ഡി.എഫിനും യു.ഡി.എഫിനും ഉണ്ടാകേണ്ടതാണ്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പേ, ഭരണഘടന വിഭാവനം ചെയ്യുന്ന മതമൈത്രി- സെക്യുലർ സങ്കൽപ്പങ്ങൾക്കനുസരിച്ചുള്ള പ്രതിരോധസ്വഭാവമുള്ളതായിരുന്നു കോൺഗ്രസ് നിലപാട്. ഇത് ന്യൂനപക്ഷ സമൂഹത്തെ സ്വാധീനിക്കാൻ പോന്നതുമായിരുന്നു.

വി.ഡി സതീശന്റെ രാഷ്ട്രീയ സമീപനം രാഹുൽ ഗാന്ധിയുടെ നിലപാടുകളുടെ സാരാംശം ഉൾക്കൊണ്ടതായിരുന്നു. വർഗീയ പ്രചാരണം നടത്തുന്ന സാമുദായിക നേതാക്കളെ അവരുടെ സംഘടനാവോട്ടുകളെ ഭയന്ന് വിമർശിക്കാതിരിക്കുക എന്നതായിരുന്നില്ല പ്രതിപക്ഷ നേതാവായിരുന്ന വി. ഡി. സതീശന്റെ നിലപാട്. പരസ്യമായി വിമർശനം ഉന്നയിക്കാൻ അദ്ദേഹം മടിച്ചില്ല. അത്തരം രാഷ്ട്രീയ നിലപാട് ഹിന്ദുത്വ സമഗ്രാധികാരത്തിന്റെ ഘട്ടത്തിൽ ന്യൂനപക്ഷ സമൂഹങ്ങളിൽ അനുകൂല അനുരണനം സൃഷ്ടിക്കും. അതിന്റെ ഗുണഫലം കേരളത്തിൽ അങ്ങോളമിങ്ങോളം യു ഡി എഫിന് അനുഗുണമായി.
സെക്യുലർ റിപ്പബ്ലിക്ക് അതിജീവന പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്നു തിരിച്ചറിയുന്ന മതനിരപേക്ഷ ജനാധിപത്യ പാർട്ടികളെ സംബന്ധിച്ച്, ഏതു പൊതുതെരഞ്ഞെടുപ്പും ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ജനഹിതം തേടലാണ്. രാഷ്ട്രീയ പ്രതികരണമായി അത് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കപ്പെടും. വിശ്വാസം (faith) സമൂഹത്തിലെ വർഗീയവൽക്കരണത്തിനെതിരായ ചെറുത്തുനില്പാവുകയാണെങ്കിൽ വിശ്വാസവും രാഷ്ട്രീയമാകും. വിശ്വാസം എന്നത് ആധിപത്യപരവുമാകാം, പ്രതിരോധപരവുമാകാം. പ്രതിനിധാന പ്രതിസന്ധിയുടെയും സന്ദിഗ്ധതയുടെയും സന്ദർഭത്തിൽ ആധിപത്യപരമായ വിശ്വാസം വർഗീയതയിലേക്കും സമഗ്രാധികാരത്തിലേക്കും നീങ്ങുമ്പോൾ പ്രതിരോധപരമായ വിശ്വാസം ജനാധിപത്യത്തിലേക്കും ഉൾക്കൊള്ളൽ രാഷ്ട്രീയത്തിലേക്കുമാണ് സമൂഹത്തെ നയിക്കുക. അത്തരമൊരു ഉൾക്കാഴ്ച തെരഞ്ഞെടുപ്പ് വേളയിൽ പ്രതിപക്ഷനേതൃത്വത്തിനുണ്ടായിരുന്നു. ഇനി അവർ ഭരണം കൈയാളുമ്പോൾ അത് നഷ്ടപ്പെടുമോ എന്ന് കണ്ടുതന്നെ അറിയണം.

