90- കളിലും ഈ നൂറ്റാണ്ടിന്റെ തുടക്കകാലത്തും കേരളത്തിന്റെ ദേശീയ വികസന നയത്തെക്കുറിച്ച് ലേഖനങ്ങളെഴുതിയ ഒരാളാണീ ലേഖകൻ. ആഗോളവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനുമെതിരെ ദേശീയതയെ കേന്ദ്രമാക്കിയാണ് അന്ന് ഇടതുപക്ഷമെന്നു കരുതിയവർ രാഷ്ട്രീയ സാമ്പത്തിക നയങ്ങളെക്കുറിച്ചു ചിന്തിച്ചത്.
കൊളോണിയൽ താല്പര്യങ്ങളെ മുൻനിർത്തിയാണ് അന്ന്, ഒരു പുതിയ നയമായി, ആഗോളവൽക്കരണത്തെ അമേരിക്കയുടെ നേതൃത്വത്തിൽ പാശ്ചാത്യ ശക്തികൾ നടപ്പാക്കാൻ ശ്രമിച്ചത്. പലരും ഈ നയങ്ങളുടെ മാപ്പുസാക്ഷികളാകുന്നതും അന്നു കണ്ടു. എന്നാൽ തുടർന്നുള്ള ദശകങ്ങളിൽ അവരാവിഷ്കരിച്ച നയങ്ങളെ പ്രശ്നവൽക്കരിച്ച്, ശാസ്ത്ര സാങ്കേതികതയടക്കം സാമ്പത്തിക രാഷ്ട്രീയ മേഖലകൾ ഈ നയങ്ങളെ അവഗണിച്ചു. സ്വയമേവ ഒരു വ്യത്യസ്ത ദിശയിലേക്കാണ് ലോകത്തെ നയിക്കുന്നതെന്നുവേണം കരുതാൻ.
സാമ്രാജ്യത്വം, കോളണി തുടങ്ങി പഴയ ഇടതുപക്ഷത്തിന്റെ ദ്വന്ദ്വങ്ങളെ ആധാരമാക്കുന്ന കാഴ്ചാപരിമിതിയുള്ള കണ്ണടകൾ കൊണ്ട് പുതിയ കാലത്തെയും അതിന്റെ വളർച്ചാദിശകളെയും മനസ്സിലാക്കാനാകില്ല
പാശ്ചാത്യ ശക്തികളുടെ പ്രഭാവം ദുർബലമാവുകയും പഴയ കോളണിരാജ്യങ്ങളിൽ പലതും മുമ്പോട്ടുവരുകയും ചെയ്യുന്നതാണിന്ന് കാണുക. ആഗോളവൽക്കരണത്തിനെതിരെ കണ്ഠക്ഷേപം ചെയ്ത് ഭരണത്തിലേക്ക് വന്നവർ പ്രയോഗത്തിൽ കൂടുതൽ അതിന്റെ ഇരകളായി മാറി. ഈ ലേഖകനടക്കമുള്ളവരുടെ, തുടക്കത്തിൽ പറഞ്ഞ എഴുത്തുകൾക്കും, വലിയൊരു പങ്കും വിലയില്ലെന്ന് കാണാനുള്ള വിനയമിന്നാവശ്യമാണ്. മറുവശത്ത് പാശ്ചാത്യശക്തികൾ സങ്കുചിത ദേശീയതയിലേക്ക് വീഴുന്നതും ഇന്നു കാണുന്നു.
ഇത്രയും ആമുഖമായി പറഞ്ഞത്, സാമ്രാജ്യത്വം, കോളണി തുടങ്ങി പഴയ ഇടതുപക്ഷത്തിന്റെ ദ്വന്ദ്വങ്ങളെ ആധാരമാക്കുന്ന കാഴ്ചാപരിമിതിയുള്ള കണ്ണടകൾ കൊണ്ട് പുതിയ കാലത്തെയും അതിന്റെ വളർച്ചാദിശകളെയും മനസ്സിലാക്കാനാകില്ല എന്നു സൂചിപ്പിക്കാനാണ്. വേലി കെട്ടിയ ഒരു ദേശീയ നയവും വികസനവും ഇന്നില്ല. പകരം ആഗോള സാമ്പത്തിക രാഷ്ട്രീയഗതികളെ തിരിച്ചറിഞ്ഞ് അതിനനുരോധമായും അതിനെ സ്വാധീനിക്കാൻ കഴിയും വിധവും ദേശരാഷ്ട്രങ്ങളെ സജ്ജമാക്കുകയാണിന്ന് വേണ്ടത്.

മുതലാളിത്തത്തിന്റെ തുടക്കം മുതൽ ലോകത്തിന്റെ അരങ്ങിൽ കേന്ദ്രസ്ഥാനത്തുനിന്ന് നയിച്ചു പോന്ന ദേശീയത പതുക്കെ സാർവ്വദേശീയതയുടെ പിറകിലേക്ക് പോവുകയാണ്. തടുക്കാനാകാത്ത വിധം 'ഏക ലോക' ത്തിലേക്കാണിന്ന്, കുറച്ചുകൂടി കാലങ്ങളെടുത്തേക്കാമെങ്കിലും നീങ്ങിക്കൊണ്ടിരിക്കുന്നത്.
ശാസ്ത്ര സാങ്കേതിക രംഗത്തടക്കം അതിവേഗം ലോകത്തു നടക്കുന്ന മാറ്റങ്ങളെ ചില ജനപ്രിയ നിലവാരത്തിലൊഴിച്ച് കണ്ടറിഞ്ഞ് നയങ്ങളാവിഷ്കരിക്കാനുള്ള വിവരവും പ്രതിഭയുമില്ലാത്തവരാണിന്ന് മിക്കവാറും ഇവിടത്തെ രാഷ്ട്രീയ നേതൃത്വങ്ങൾ. പാർട്ടിപരിപാടികളിലും തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോകളിലും എഴുതി വെക്കുന്ന സൂക്ഷ്മവും വിശദവുമായ കർമ്മ പരിപാടികൾ പലതും ഏട്ടിലെ പശു വാകുന്നത്, വെറും തട്ടിപ്പെന്നതിനെക്കാളേറെ, മനുഷ്യൻ എഴുതി വെക്കുന്നത് അതേപടി നടപ്പാക്കുന്നതല്ല ചരിത്രത്തിന്റെ പണി എന്നതുകൊണ്ടുകൂടിയാണ്. പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ് വളരെ സാമാന്യമായതും സാഹചര്യത്തിനനുസരിച്ച് മാറ്റാൻ കഴിയുന്നതുമായ ഒരു ദിശ ചൂണ്ടിക്കാട്ടുകയാണ് പ്രധാനം.
കൃഷിയും വ്യവസായവുമടക്കം ഉൽപാദനമേഖല മുരടിച്ചുനില്ക്കുന്നതും സേവനത്തുറ ആനുപാതികമായല്ലാതെ വികസിച്ചു കൊണ്ടിരുന്നതുമായിരുന്നു, ‘കേരള മാതൃക’ എന്നു പേരുകേട്ടത്.
കൃഷിയും വ്യവസായവുമടക്കം ഉൽപാദനമേഖല മുരടിച്ചുനില്ക്കുന്നതും സേവനത്തുറ ആനുപാതികമായല്ലാതെ വികസിച്ചു കൊണ്ടിരുന്നതുമായിരുന്നു, ‘കേരള മാതൃക’ എന്നു പേരുകേട്ടത്. ദേശീയതയിലൂന്നിനിന്ന പഴയ കാഴ്ചപ്പാടിൽ ഇത് തകർച്ചയിലേക്കാണ് നീങ്ങുന്നതെന്ന് പലരും പറഞ്ഞതിൽ കാര്യമുണ്ടായിരുന്നു താനും. എന്നാലിന്ന് ആഗോള വ്യവസ്ഥയുമായി അധികാധികം കെട്ടുപിണഞ്ഞുകൊണ്ടിരിക്കേ, ഈ പരിമിതിയെ എങ്ങനെ ബലമാക്കി മാറ്റാം എന്നു വേണം ചിന്തിക്കുന്നത്.
വിദ്യാഭ്യാസം, ആരോഗ്യം, കലാ- സാഹിത്യം, ടൂറിസം തുടങ്ങി സേവനമേഖല വരെ, മലയാളിയുടെ ജീവിതനിലവാരത്തിന്റെ വളർച്ചക്കൊപ്പം ലോകവിപണിയെക്കൂടി വളർത്തുംവിധം വികസിപ്പിക്കാനുള്ള വഴിയാണ് തേടേണ്ടത്. ഈ മേഖലകളെല്ലാം ആസൂത്രണവും നിയന്ത്രണവുമില്ലാതെ കുത്തഴിഞ്ഞ രീതിയിൽ, നടന്ന വഴി തെളിക്കുകയാണിന്ന് ചെയ്യുന്നത്.

വിദ്യാഭ്യാസരംഗമാണ് ഇക്കാര്യം എളുപ്പം മനസ്സിലാക്കാവുന്ന മേഖല. സാർവ്വത്രിക സാക്ഷരത നേടിയതോടൊപ്പം നിലവാരമിടിഞ്ഞുകൊണ്ടിരിക്കുന്ന ഉന്നതവിദ്യാഭ്യാസ മേഖലയാണിവിടെയുള്ളത്. നിക്ഷേപവും പകരം ലഭിക്കുന്ന ഫലവും തമ്മിൽ ബന്ധം നഷ്ടപ്പെട്ട ഒന്നാണിന്നത്. ലോക നിലവാരമുള്ള ശാസ്ത്ര സാങ്കേതിക നേട്ടങ്ങളോ പ്രബന്ധങ്ങളോ അത്യപൂർവമാണ്. അത്യുദാരമായ സേവന- വേതന വ്യവസ്ഥകളുള്ള ഒരാഡംബര മേഖലയാണത്. സ്വജനപക്ഷപാതങ്ങളും പിൻവാതിൽ നിയമനങ്ങളുമെല്ലാമായി അതിന്റെ നിലവാരത്തകർച്ച ഭീകരമാണ്. ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാൽ പോലും പുറത്തുനിന്ന് വിദ്യാർത്ഥികളെ ആകർഷിക്കാനുള്ള കഴിവില്ലായ്മ തന്നെ ഇത് തുറന്നുകാട്ടും. പുറത്തുപോയി വിദ്യാഭ്യാസം നേടുന്ന പല മലയാളികളും വലിയ നേട്ടങ്ങളുണ്ടാക്കുന്നുണ്ടെന്നിരിക്കെ സിസ്റ്റത്തിന്റെ പൊള്ളത്തരത്തെയാണ് ഇത് എടുത്തുകാട്ടുക. ജ്ഞാനമൂലധനം ഏറെ പ്രധാനമാകുന്ന കാലത്ത് നിലവാരമില്ലാത്ത ഒരു ജ്ഞാനലോകത്തെ പടച്ചുവിടുന്ന വിദ്യാഭ്യാസമേഖലയെ ഒരർബുദബാധ പോലെ തിരിച്ചറിയേണ്ടതുണ്ട്. മാത്രമല്ല നാടിനെ നയിക്കേണ്ടവർ എന്നു കരുതുന്ന വിഭാഗത്തിന്റെ തന്നെ ഈ ബൗദ്ധികമാന്ദ്യം ഇത്തരം വിഷയങ്ങൾ തിരിച്ചറിയാനോ ചർച്ച ചെയ്യാനോ അപ്രാപ്തമായ സാഹചര്യം കൂടിയാണ് നാട്ടിലുണ്ടാക്കുന്നതും.
നാടിന്റെ ഭാവിയെ തന്നെയാണ് ഇത് ഇരുട്ടിലാക്കുന്നത്. മേഖലയെ ലോകനിലവാരത്തിലാക്കുന്ന ദീർഘ വീക്ഷണത്തോടെയുള്ള പൊളിച്ചെഴുത്താണുണ്ടാകേണ്ടത്. ശാസ്ത്ര സാഹിത്യ പരിഷത്ത് കുറേ കാലം കൊണ്ട് രൂപപ്പെടുത്തിയ പൾപ്പ് ബൗദ്ധികതയാകരുത് അതിൻ്റ മാതൃക.
ലോകനിലവാരമുള്ള കുറവല്ലാത്ത പ്രൊഫഷണലുകൾ മലയാളികളായുണ്ടായിരുന്നിട്ടും നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത ഒന്നായാണ് ആരോഗ്യമേഖല വളരുന്നത്.
ലോകനിലവാരമുള്ള കുറവല്ലാത്ത പ്രൊഫഷണലുകൾ മലയാളികളായുണ്ടായിരുന്നിട്ടും നാട്ടുകാരുടെ ജീവനും സ്വത്തിനും സുരക്ഷയില്ലാത്ത ഒന്നായാണ് ആരോഗ്യമേഖല വളരുന്നത്. ഇന്നത് കോർപ്പറേറ്റുകൾ കയ്യടക്കുന്നത് നേരത്തെ തന്നെ മോശമല്ലാത്ത ലോകനിലവാരത്തിൽ പ്രവർത്തിച്ചു പോന്ന മേഖലയെ മെച്ചപ്പെടുത്താനല്ല, കേരളത്തെ കൊള്ളയടിക്കാനാണെന്ന വസ്തുത കണ്ടില്ലെന്ന് നടിക്കാവുന്നതല്ല. ഇവിടുത്തെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആരോഗ്യ പ്രൊഫഷണലുകളുൾപ്പെടെയുള്ള അധോഘടന കേരളത്തെ ലോകത്തിന്റെ തന്നെ ഒരാരോഗ്യ താവളമാക്കാൻ എന്തുകൊണ്ടും പ്രാപ്തിയുള്ളതാണെന്നിരിക്കെയാണിത്. സർക്കാരാശുപത്രികൾ - സ്വകാര്യ ആശുപത്രികൾ എന്നിങ്ങനെ വീണ്ടും ദ്വന്ദ്വങ്ങളാക്കി അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാത്ത വൈരുദ്ധ്യശാസ്ത്രവാചകമടിയല്ല ഇതിനാവശ്യം. നിയമനിർമ്മാണം നടത്തി മേഖലയെ ആകെ ചികിത്സാച്ചെലവുകളെയടക്കം നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നതാണ്. പൊതുമേഖലയായാലും സ്വകാര്യമേഖലയായാലും സാമൂഹ്യനിയന്ത്രണം സാദ്ധ്യമാക്കുന്ന നിയമപരിരക്ഷയാണ് പ്രധാനം.
വിദ്യാഭ്യാസ- ആരോഗ്യ മേഖലകൾ, സേവനത്തുറ കളായിരിക്കുമ്പോൾ തന്നെ പുതിയ കാലത്ത് പ്രാധാന്യമുള്ള ഉല്പാദന മേഖലകൾ എന്നു കൂടി കണ്ടുവേണം നയരൂപീകരണം നടത്തുന്നത്.
കേരളത്തിന്റെ ദേശീയ വരുമാനത്തിൽ മനുഷ്യവിഭവ കയറ്റുമതിക്കുള്ള പങ്കുമായി കൂടി ഇതിനെ ചേർത്തു കാണണം. വിശേഷിച്ച് ഗൾഫ് മേഖലയെക്കാൾ ഇപ്പോൾ പ്രാധാന്യം കൂടി വരുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നത് ഗൗരവമുള്ളതാണ്. ഫലത്തിൽ അത് വിഭവചോർച്ചയായാണ് വരുക.

സങ്കീർണ്ണമായ ഈ സാഹചര്യത്തെ എന്തെങ്കിലും ചെറിയ കുറിപ്പടി കൊണ്ട് പറഞ്ഞുതീർക്കാവുന്നതുമല്ല.
ഒരു സമഗ്ര വികസനനയത്തെക്കുറിച്ച് പറയുമ്പോൾ അതിൽ കൃഷിയും വ്യവസായവുമൊക്കെയാണ് പ്രധാനം. ഭൂമിയുടെ തുണ്ടുവൽക്കരണണവും അതിലെ ആവാസക്രമവമെല്ലാം ചേർന്ന് ഭൂവില ഉൾപ്രദേശങ്ങളിലടക്കം ക്രമാതീതമായി ഉയർന്നിരിക്കുന്നു. അതുകൊണ്ടു കൂടി പരമ്പരാഗത രീതിയിലുള്ള വികാസം ഈ മേഖലകളിൽ ഏതാണ്ട് അസാദ്ധ്യം എന്നു തന്നെ തോന്നിക്കുന്നു. ഇടക്കാലത്തെ അത്തരം കാർഷിക പരീക്ഷണങ്ങൾ ആവർത്തന സാദ്ധ്യതയില്ലാത്ത രാഷ്ട്രീയവിദ്യകൾ മാത്രമാണെന്ന് തെളിയിക്കപ്പെട്ടതുമാണ്.
മാതൃകകൾ ഏറെയില്ലാത്തതായിരിക്കെ, പ്രതിഭാ പുർവ്വമായ അന്വേഷണങ്ങളും ചർച്ചകളുമാണാവശ്യം. കേരളത്തിന്റെ സവിശേഷമായ ആവാസവ്യവസ്ഥയും ഭൂപ്ര കൃതിയുമെല്ലാം ആസൂത്രിതവും ഭാവനാപൂർവ്വവുമായി ലോകത്തിലെ ഒരു പ്രധാന വരുമാനമേഖലയായി മാറിക്കഴിഞ്ഞ ടൂറിസവുമായി കൂടി ഇണക്കി ചർച്ച ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.
വർഗീയതയെ അതിന്റെ പ്രത്യക്ഷരൂപങ്ങളിൽ അതായി മാത്രം ഒറ്റപ്പെടുത്തി ചർച്ച ചെയ്താൽ പോരാ. സ്ത്രീ- ജാതി വിഷയങ്ങളുമെല്ലാമായി ചേർത്തുവേണം ചർച്ച ചെയ്യേണ്ടത്.
വർഗീയതയെ അതിന്റെ പ്രത്യക്ഷരൂപങ്ങളിൽ അതായി മാത്രം ഒറ്റപ്പെടുത്തി ചർച്ച ചെയ്താൽ പോരാ. സ്ത്രീ- ജാതി വിഷയങ്ങളുമെല്ലാമായി ചേർത്തുവേണം ചർച്ച ചെയ്യേണ്ടത്. സ്ത്രീകൾക്കും ദലിത്- ഗോത്ര വിഭാഗങ്ങൾക്കുമെല്ലാം പ്രാതിനിധ്യാടിസ്ഥാനത്തിൽ സീറ്റുകൾ വേണമെന്നത് പ്രധാനം തന്നെയാണ്. ‘എന്നാൽ ഇതിനപ്പുറം കടുത്ത സ്ത്രീ- ജാതി വിവേചനങ്ങൾക്ക് ഒളിച്ചിരിക്കാൻ ഒരു പാടിടങ്ങളുള്ളതാണ് നിലനിൽക്കുന്ന സാമൂഹ്യാചാരക്രമങ്ങൾ. കുടുംബ ലൈംഗിക സദാചാരക്രമങ്ങളെ പൊളിച്ചെഴുതി ഒരു ജനാധിപത്യ സമൂഹത്തിനടിത്തറയാകേണ്ട പൗരരെ രൂപപ്പെടുത്തുന്നതിലൂടെ മാത്രമേ വർഗീയതയുടെ അടുപ്പുകൾ ചുരുങ്ങൂ. യാഥാസ്തികമെന്ന് വിലയിരുത്തുന്ന പാർട്ടികളിൽ മാത്രമല്ലാതെ പുരോഗമനപരമെന്ന് പറയുന്ന ഇടതുപക്ഷ ലേബലുള്ള പാർട്ടികളിലും ശക്തമായ അടിത്തറയുള്ളതാണീ 'സാമൂഹ്യാചാരങ്ങൾ'. ഒരു തെരഞ്ഞെടുപ്പു മാനിഫെസ്റ്റോ വഴി പരിഹരിക്കാവുന്നതല്ല ഈ വിഷയങ്ങൾ. തെരഞ്ഞെടുപ്പു വിജയത്തെ ലാക്കാക്കി കൂടിയാകാം, മുസ്ലീം വിരുദ്ധത പ്രചരിപ്പിച്ച് ഹിന്ദു വർഗ്ഗീയതക്ക് വളം വെക്കുന്നതിൽ കുടുതൽ അപകടകരമായ പ്രവർത്തി ചെയ്യുന്നതിപ്പോൾ തീവ്ര വലതുപക്ഷം മാത്രമല്ലല്ലോ.

പ്രധാന വിഷയം, ലോകമിന്നൊരു പരിവർത്തനത്തിന്റെ പടിവാതിൽക്കലാണ്. പ്രത്യക്ഷ ലക്ഷണങ്ങളും സംഭവഗതികളും മാത്രം വെച്ച് അതിനെ തിരിച്ചറിയാൻ കഴിയണമെന്നില്ല. ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക രംഗത്തെ വളർച്ചാ ദിശകളും ലോകസമ്പദ്ഘടനയിൽ അതുണ്ടാക്കുന്ന നിശ്ശബ്ദചലനങ്ങളും ലോകരാഷ്ട്രീയത്തിൽ അതുണ്ടാക്കുന്ന സമ്മർദ്ദങ്ങളുമൊക്കെ അല്പം സൂക്ഷ്മമായി അടുത്തു പരിശോധിച്ചാൽ ഇത് തിരിച്ചറിയാവുന്നതേയുള്ളൂ.
രാഷ്ട്രീയത്തിലെയും സമ്പദ് ശാസ്ത്രത്തിലെയും പഴയ രാസചേരുവകളും സൂത്രവാക്യങ്ങളുമൊന്നുമല്ല പുതിയ സാമൂഹ്യ സമവാക്യങ്ങളെ നിശ്ചയിക്കാനിരിക്കുന്നത്. മാറ്റത്തിന്റെ നാളും നാഴികയുമൊന്നും പ്രവചിക്കുന്നത് ശരിയാകണമെന്നില്ലെന്ന് മാത്രം. വലിയ മാറ്റങ്ങില്ലാതെ പോയ കാലത്തുനിന്ന് വ്യത്യസ്തമായി പുതിയ ഭരണകർത്താക്കൾ ഇതെല്ലാം ആഴത്തിൽ പഠിക്കണം. അല്ലാത്തപക്ഷം നാടിനോടു ചെയ്യുന്ന വലിയ അപരാധമാകുമത്.
