2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ച് തുടർഭരണമെന്ന ആഖ്യാനവും, ഭരണമാറ്റമെന്ന ആഖ്യാനവും തമ്മിലുള്ള സംഘർഷമായി ചുരുങ്ങുകയാണ്. തീവ്രദേശീയതയും അധികാരകേന്ദ്രീകരണവും കൈകോർത്ത് മുന്നോട്ടുപോകുന്ന ഇന്ത്യൻ രാഷ്ട്രീയ ഭൂമികയിൽ വേറിട്ടുനിൽക്കാൻ ശ്രമിക്കുന്ന മലയാളി, ഈ ആഖ്യാനങ്ങളിൽ മയങ്ങുകയാണ്.
തുടർഭരണമോ? ഭരണമാറ്റമോ?- ഏതാണ് ജനാധിപത്യത്തിന് ശക്തി നൽകുക?. മലയാളി സംശയത്തിലാണ്.
‘ഒരേ കക്ഷി തന്നെ കാലങ്ങളായി ഭരണം തുടർന്നാൽ അത് ജനാധിപത്യത്തിനുതന്നെ ദോഷം ചെയ്യും, കേരളത്തിൽ ഒരു തവണ കൂടി ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നാൽ പാർട്ടിയുടെ ശക്തി ക്ഷയിക്കും’- മെമ്പർഷിപ്പില്ലാത്ത ഇടതുപക്ഷ സ്‌നേഹികളുടെ അഭിപ്രായം.
അപ്പോൾ മെമ്പർഷിപ്പുള്ളവർ കത്തിക്കയറും:
‘ഇന്ന് കേരളത്തിൽ വർഗീയത ചെറുക്കുവാനും, ഇതുവരെ ചെയ്‌തുവന്ന വികസനപ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോകാനും ഇടതുപക്ഷം അധികാരം നേടിയേ തീരൂ’.
രാഷ്ട്രീയം സംവാദം അവസാനിക്കുന്നു. മലയാളിയുടെ ഇടതുപക്ഷ മനസ്സ് മെമ്പർഷിപ്പിനും, മെമ്പർഷിപ്പില്ലായ്മക്കും ഇടയിൽ ജനാധിപത്യത്തെ തിരയുകയാണ്.
രാഷ്ട്രീയം സംവാദം അവിടെ അവസാനിക്കുന്നു. മലയാളിയുടെ ഇടതുപക്ഷ മനസ്സ് മെമ്പർഷിപ്പിനും, മെമ്പർഷിപ്പില്ലായ്മക്കും ഇടയിൽ ജനാധിപത്യത്തെ തിരയുകയാണ്. ‘സഖാവേ ഒരു ചോദ്യമുണ്ട്’ എന്ന് നീട്ടിവിളിച്ച് ചോദിച്ചാൽ നേതാവായ സഖാവ് ഭാവിയിൽ വീണ്ടും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം മറന്ന് അധികാരത്തിന്റെ ഭാഷയിൽ സംസാരിക്കുമോ?. മലയാളി ഭയക്കുന്നു. ഇതിനിടയിൽ വർഗീയത പാകി ലാഭം കൊയ്യുവാൻ ശ്രമിക്കുന്ന വലതുപക്ഷ- തീവ്രവലതുപക്ഷ ശക്തികളെ മലയാളി അതിലേറെ ഭയക്കുന്നു. ‘നിങ്ങൾക്കൊരു ഹിന്ദു എം.എൽ.എ വേണ്ടേ?’ എന്ന ചോദ്യത്തിൽ തെരെഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്ന സ്ഥാനാർത്ഥിയോട് ചർച്ച ചെയ്തിട്ട് കാര്യമില്ലാത്തതുകൊണ്ട് മലയാളി മൗനം പാലിക്കുന്നു (അതോ വിധേയത്വം കാട്ടുന്നുവോ?).
കൂറുമാറി അധികാരം തേടുന്ന നേതാക്കളും, അധികാരം തേടിയിറങ്ങുന്ന സെലിബ്രിറ്റികളും നമ്മുടെ തെരഞ്ഞെടുപ്പുകളിൽ അധികരിക്കുന്നു. പല രാഷ്ട്രീയ തീരുമാനങ്ങളിലും രാഷ്ട്രീയപ്രവർത്തകർ ഒരു ഉത്തരേന്ത്യൻ മാതൃക പിന്തുടരുന്നതായും കാണാം. വാളെടുക്കുന്ന സ്ഥാനാർത്ഥികൾ, അമ്പലങ്ങളും പള്ളികളും കയറിയിറങ്ങുന്ന സ്ഥാനാർത്ഥികൾ, സഭ്യമല്ലാത്ത ഭാഷ ഉപയോഗിക്കുന്ന സ്ഥാനാർത്ഥികൾ, സ്ത്രീവിരുദ്ധത പ്രചരിപ്പിക്കുന്ന സ്ഥാനാർത്ഥികൾ എന്നിങ്ങനെ മലയാളിയുടെ തെരെഞ്ഞെടുപ്പ് ജീവിതം എല്ലാ തരത്തിലും മുരടിക്കുകയാണ്.

“മറ്റാരുണ്ട്, LDF അല്ലാതെ” എന്ന ചോയ്സില്ലാ രാഷ്ട്രീയം മുതൽ “മതിയായി ഈ എം.എൽ.എ, മാറ്റം തുടങ്ങാം”, “മാറാത്തത് മാറും” എന്നിങ്ങനെ മാറ്റത്തിന് വാശിപിടിക്കുന്ന വലതുപക്ഷ വിപ്ലവവിളികൾ വരെ നീളുന്ന പരസ്യവാചകങ്ങൾ തീർക്കുന്ന ആഖ്യാനങ്ങളുടെ തെരഞ്ഞെടുപ്പാണ് 2026-ലേത്. നിയമസഭാചർച്ചകളെക്കാൾ ന്യൂസ് ടൈം ഡിബേറ്റുകൾ രാഷ്ട്രീയപ്രാധാന്യം നേടുന്ന കാലത്ത് തെരെഞ്ഞെടുപ്പ്, പരസ്യവാചകങ്ങൾ തമ്മിലുള്ള മത്സരമായി ചുരുങ്ങുന്നതിൽ അത്ഭുതമില്ല.
നാം എത്തിനിൽക്കുന്ന രാഷ്ട്രീയഭൂമികയുടെ പൊതുസ്വഭാവമാണിത്. വോട്ടർമാർ ഉപഭോക്താക്കളായി മാറുന്ന കാലം. ഒരൊറ്റ നേതാവിന്റെ കീഴിൽ അണിനിരക്കപ്പെടുന്ന പാർട്ടികൾ തമ്മിൽ അധികാരത്തിനുവേണ്ടിയുള്ള മത്സരമായിമാത്രം രാഷ്ട്രീയത്തെ ചുരുക്കുന്ന കാലം. ഇവിടെ സംവാദത്തിനും ജനാധിപത്യത്തിനും സാധ്യതയില്ല. സാധ്യതയുള്ളത് ഒരു നേതാവിനു കീഴിൽ സർവ്വരും അണിചേരുക എന്നതു മാത്രം.
കേരളമെന്ന പരിസ്ഥിതിലോലപ്രദേശം വമ്പൻ വികസന പദ്ധതികൾ താങ്ങില്ല എന്നതാണ് പ്രധാന വസ്തുത. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, വന്യജീവി സംഘർഷം എന്നീ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് നാം തെരെഞ്ഞെടുപ്പ് സമയത്ത് ചർച്ച നടത്താറില്ല
അധികാരം മറനീക്കി വോട്ടർമാരുടെ മുന്നിൽ നിൽക്കുകയാണ്. ഏതു തരത്തിലുള്ള അധികാരപ്രയോഗത്തോടാണ് താൽപര്യം എന്ന അടിസ്ഥാനത്തിൽ വോട്ട് ചെയ്യുക, അത്രമാത്രം. ഇന്ത്യൻ ഭരണകൂടത്തിന് ഇപ്പോൾ ഒരു ഏകാധിപത്യ സ്വഭാവം കൈവന്നിരിക്കുന്നു. ഒറ്റ പാർട്ടി ഭരിക്കുന്ന രീതിയാണ് ഇന്നത്തെ ഭരണകൂടത്തിന് കൂടുതലും ചേരുക. ഉറച്ച തീരുമാനങ്ങൾ, ഭരണത്തുടർച്ച നൽകുന്ന രാഷ്ട്രീയ സ്ഥിരത, രാഷ്ട്രീയ ആശയത്തിൽ പുലർത്താൻ കഴിയുന്ന ശുദ്ധതയും, ഏകത്വവുമെല്ലാം പൂർണമായ കേന്ദ്രീകരണത്തിലേക്കാണ് എത്തുക.
കേന്ദ്രത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ പിൻപറ്റുന്ന കേന്ദ്രീകരണ പ്രക്രിയകൾ തന്നെ പ്രയോഗത്തിൽ ഇന്ത്യയിലെ മറ്റെല്ലാ പാർട്ടികളും പിന്തുടർന്നുവരുന്നു. ഇന്ത്യൻ രാഷ്ട്രീയഭൂമികയിൽ സംഭവിക്കുന്ന മാറ്റങ്ങൾ കേരളത്തിലും തെളിയുന്നു. വൈവിധ്യങ്ങളെ വളർത്തേണ്ട, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളെ വളർത്തേണ്ട ജനാധിപത്യം പതിയെ ഏകാധിപത്യത്തിലേക്കുള്ള വഴി തുറന്നിടുന്നു.

ഒരുവശത്ത് രാഷ്ട്രീയമായി നാം ഏകാധിപത്യ സേവകരായി മാറുമ്പോൾ കാതലായ പല പ്രശ്നങ്ങളേയും മറക്കുന്നു. കേരളമെന്ന പരിസ്ഥിതിലോലപ്രദേശം വമ്പൻ വികസന പദ്ധതികൾ താങ്ങില്ല എന്നതാണ് പ്രധാന വസ്തുത. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, വന്യജീവി സംഘർഷം എന്നീ പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ച് നാം തെരെഞ്ഞെടുപ്പ് സമയത്ത് ചർച്ച നടത്താറില്ല. പരിസ്ഥിതി പ്രശ്നങ്ങളെ മാനേജ് ചെയ്യുന്നതിൽ വിജയിച്ചു എന്നതുമാത്രമാണ് തെരഞ്ഞെടുപ്പുകളിൽ കേൾക്കുക, ഭാവിയിൽ അവ സംഭവിക്കാതെ ഇരിക്കാനുള്ള നടപടികളെ കുറിച്ച് ചർച്ചകൾ ഒന്നും തന്നെയില്ല.
വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വേണ്ട രീതിയിൽ ചർച്ചകളില്ല. വർധിച്ചുവരുന്ന വിദ്യാർത്ഥി കുടിയേറ്റവും വിദ്യാഭാസമേഖലയുടെ കച്ചവടവൽക്കരണവും കോച്ചിങ് സംസ്കാരവുമൊന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇടം പിടിക്കുന്നില്ല. മെച്ചപ്പെട്ട തൊഴിൽ സാധ്യതകൾ കുറയുമ്പോൾ കേരളത്തിൽ നിന്നുണ്ടാകുന്ന കുടിയേറ്റത്തെ മേന്മയായി പ്രദർശിപ്പിക്കുന്ന സർക്കാരിനെ വിമർശിക്കുവാൻ ആരും തയ്യാറല്ല. കാതലായ അനേകം പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടേണ്ടതായി നിൽക്കുമ്പോഴും നാം കക്ഷിരാഷ്ട്രീയ മത്സരത്തിൽ, ഇഷ്ട നേതാവിനുകീഴിൽ അണിചേരുന്നു. നമ്മുടെ കഴിവുകേടുകൾ അവർ മേന്മകളായി കാട്ടുന്നു, നാം അവർക്ക് വോട്ട് ചെയ്യുന്നു.
