ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മൂന്ന് പതിറ്റാണ്ട് തികയുമ്പോഴാണ് ഇത്തവണ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ പ്രസ്ഥാനത്തിൽ ഇതിനകമുണ്ടായ നേട്ട-കോട്ടങ്ങൾ വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട തദ്ദേശഭരണത്തിനായി എന്തൊക്കെ ചെയ്യണമെന്നതിലായിരുന്നു രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും ശ്രദ്ധിക്കേണ്ടിയിരുന്നത്. എന്നാൽ ഇതുമായി ഒരു ബന്ധവുമില്ലാത്ത വിധമാണ് ഇന്ന് ചർച്ചകൾ നടക്കുന്നത്. കേരളത്തിന്റെ മറ്റൊരു ദൗർഭാഗ്യമായി ഇതിനെയും കാണാം.
വലിയ ലക്ഷ്യങ്ങളോടെയാണ് ജനകീയാസൂത്രണ പ്രസ്ഥാനം ആരംഭിച്ചത്. 93, 94 ഭരണഘടനാ ഭേദഗതിയുടെയും 1957 മുതൽ കേരളത്തിൽ നിലനിൽക്കുന്ന ആസൂത്രണ അന്തരീക്ഷത്തിന്റെയും അടിത്തറയിലാണ് അത് വളർന്നത്. പ്രാദേശികമായി ഉൽപ്പാദനം കൂട്ടിയും സേവനരംഗത്തെ ഗുണനിലവാരം മെച്ചപ്പെടുത്തിയും തൊഴിലും വരുമാനവും വർദ്ധിപ്പിച്ച് പ്രാദേശിക സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും സാമൂഹിക വികസനം സാധ്യമാക്കുകയുമായിരുന്നു പ്രധാന ലക്ഷ്യം. ഇതിലൂടെ രാജ്യമാകെ ശക്തിപ്പെടുന്ന നവലിബറൽ കമ്പോളത്തിന്റെ തള്ളിക്കയറ്റത്തെ കഴിയാവുന്നത്ര പ്രതിരോധിക്കുകയെന്നതും ഒരു സാധ്യതയായി കണ്ടിരുന്നു.
ജനകീയാസൂത്രണത്തിൽ വിഭാവനം ചെയ്ത പദ്ധതികൾ പലതും നടപ്പിലാക്കിയില്ല എന്നതോടൊപ്പം തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകൾ പലതും ദുർബലപ്പെടുന്നതിനും പിന്നീട് കേരളം സാക്ഷ്യം വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ പദ്ധതിപ്പണത്തിന്റെ മൂന്നിലൊന്നോളം താഴെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലൂടെ രൂപപ്പെടുന്ന പദ്ധതികൾക്കായി നൽകുക, അതിനെ പ്രാവർത്തികമാക്കാനുള്ള അധികാരവും ആൾശേഷിയും വികേന്ദ്രീകരിക്കുക എന്നതായിരുന്നു ഒന്നാം ഘട്ടം. ഇത്തരം സാധ്യതകളെ ഉപയോഗിച്ചും ജനപങ്കാളിത്തം ഉറപ്പാക്കിയും പദ്ധതി രൂപപ്പെടുത്താനും നിർവഹിക്കാനും സഹായിക്കുന്ന ഒരു ജനകീയ സംവിധാനം തെരഞ്ഞെടുത്ത ഭരണസംവിധാനത്തെ സഹായിക്കാനായി രൂപപ്പെടുത്തുക എന്നതായിരുന്നു രണ്ടാം ഘട്ടം. സമയബന്ധിതമായി ഇക്കാര്യങ്ങൾ നിർവഹിക്കാനുള്ള പരിപാടി എന്ന നിലക്കാണ് ഇവയെല്ലാം ചേർന്ന് ജനകീയാസൂത്രണ പ്രസ്ഥാനം വിപുലപ്പെട്ടുവന്നത്.
പ്രത്യേക ഗ്രാമസഭകൾ, വികസന റിപ്പോർട്ട്, വികസന സെമിനാർ, പദ്ധതിരേഖ തയ്യാറാക്കൽ, പ്രൊജക്ടുകളുടെ സൂക്ഷ്മപരിശോധന, അംഗീകാരം, നിർവഹണം, വിലയിരുത്തൽ എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കിയത്. ഓരോ ഘട്ടത്തിലും ജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചു / കഴിഞ്ഞു എന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത.
ഇതിനിടയിൽ പ്രസ്ഥാനത്തെ വ്യവസ്ഥാപിത സംവിധാനമാക്കാൻ വേണ്ട നിയമപരമായ പ്രവർത്തനങ്ങളും നടന്നു. അതിനായി കമ്മീഷൻ റിപ്പോർട്ടുകൾ, ഒട്ടേറെ സർക്കാർ ഉത്തരവുകൾ, ചട്ടങ്ങൾ എന്നിവയൊക്കെയും നിലവിൽവന്നു. ഇവയെല്ലാം ചേർന്ന് സമഗ്രമായ ഒരു ആസൂത്രണ സംവിധാനം പ്രാദേശിക തലങ്ങളിലുണ്ടായി. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് അത്ര സമഗ്രമല്ലെങ്കിലും ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഗ്രാമപഞ്ചായത്ത് വികസന പദ്ധതി (GPDP) എന്ന പേരിൽ ജനപങ്കാളിത്തത്തോടെ ഒരു ആസുൂത്രണ പ്രക്രിയ സംഘടിപ്പിക്കാൻ ഇത് സഹായകമായെന്നതും നമ്മെ സംബന്ധിച്ച് അഭിമാനകരമാണ്.

തിരിഞ്ഞുനോക്കുമ്പോൾ ജനകീയാസൂത്രണം കൈവരിച്ച നേട്ടങ്ങളിൽ പ്രധാനപ്പെട്ടവയെ ഇപ്രകാരം അടയാളപ്പെടുത്താം.
1. എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പഞ്ചവത്സര വാർഷിക പദ്ധതികൾ ഉണ്ടായി. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നത്. അതിനായി ജനകീയവും ഔദ്യോഗികവുമായ സംവിധാനങ്ങൾ കൂടിച്ചേർന്ന് പ്രവർത്തിച്ചു. വേണ്ടത്ര ധനസഹായവും ഇതിനായി ലഭ്യമാക്കി.
2. പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും ജനപങ്കാളിത്തം ഉറപ്പാക്കാൻ ശ്രമിച്ചതോടെ കരാർപ്പണികളെ നിയന്ത്രിക്കാൻ കഴിഞ്ഞു.
3. പശ്ചാത്തല വികസന രംഗത്ത് (റോഡ്, കെട്ടിടം എന്നിങ്ങനെ) വലിയ മുന്നേറ്റമുണ്ടായി. ഗ്രാമീണ ഗതാഗത സൗകര്യങ്ങൾ ഏറെ മെച്ചപ്പെട്ടു.
4. സേവനരംഗങ്ങളിലെ (പ്രത്യേകിച്ച് വിദ്യാഭ്യാസം, ആരോഗ്യം) ഗുണനിലവാര വർദ്ധനവിനായി ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. അവ പ്രവർത്തനക്ഷമമായി. കാര്യങ്ങൾ മെച്ചപ്പെട്ടു.
5. ഭവനനിർമാണത്തിൽ വലിയ മുന്നേറ്റം കൈവരിച്ചു. സ്വകാര്യ മേഖലയെ വലിയ തോതിൽ ഇതിലേക്ക് ആകർഷിക്കാൻ കഴിഞ്ഞു.
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ലഭ്യമായ ഓഫീസുകൾ, പ്രവർത്തികൾ, പണം, സംവിധാനം, ഉദ്യോഗസ്ഥർ എന്നിവയെയെല്ലാം ഏകോപിപ്പിച്ച് യഥാർത്ഥ ‘തദ്ദേശ സ്വയംഭരണ’ സ്ഥാപനമായി ഉയർന്നു പ്രവർത്തിക്കാൻ കഴിയുന്നില്ല.
6. മനുഷ്യാദ്ധ്വാനത്തിന്റെ സംഘടിതരൂപമെന്ന നിലയിൽ കുടുംബശ്രീ സംവിധാനം നിലവിൽ വന്നു. ദേശീയ തൊഴിലുറപ്പ് പദ്ധതിയെ ഇതുമായി ബന്ധിപ്പിക്കാൻ കഴിഞ്ഞു. അതുമായി ബന്ധപ്പെട്ട് ഹരിത കർമ്മസേനകൾ മാലിന്യനിർമാർജന രംഗത്ത് സ്തുത്യർഹമായി പ്രവർത്തിക്കുന്നു. ഏറെ മുന്നോട്ടു പോയിരിക്കുന്നു.
7. പദ്ധതികളുടെ സൂക്ഷ്മപരിശോധനക്കായി ഒരു സന്നദ്ധ സാങ്കേതിക സേന (UTC) തന്നെയുണ്ടായി. ഭരണ, സാങ്കേതിക അനുമതിക്കായുള്ള അഴിമതി ഗണ്യമായി കുറഞ്ഞു.
8. ഗുണഭോക്തൃ സമിതികൾക്കും നിർമാണപ്രവർത്തനങ്ങളേറ്റെടുക്കാൻ അവസരമൊരുക്കി. തൊഴിലാളി സഹകരണ സംഘങ്ങളെ സജീവമാക്കാൻ ശ്രമിച്ചു. ചിലത് ശക്തിപ്പെട്ടു.
9. പ്രകൃതിദുരന്തങ്ങളിലും കോവിഡ് കാലത്തും ജനകീയതയുടെ പ്രധാന ആശ്രയമായി.
10. ഇവയെല്ലാം പ്രാദേശിക സമ്പദ്ഘടനയിൽ വലിയ ഉണർവുണ്ടാക്കി. ആത്യന്തികമായി ജനങ്ങളിൽ ദാരിദ്ര്യം കുറക്കുന്നതിനുള്ള വഴിയൊരുക്കി.
എന്നാൽ വിഭാവനം ചെയ്ത പദ്ധതികൾ പലതും നടപ്പിലാക്കിയില്ല എന്നതോടൊപ്പം തുടക്കത്തിലുണ്ടായിരുന്ന പ്രതീക്ഷകൾ പലതും ദുർബലപ്പെടുന്നതിനും പിന്നീട് കേരളം സാക്ഷ്യം വഹിച്ചു. അവയിൽ പ്രധാനപ്പെട്ടവ ഇങ്ങനെ ക്രോഡീകരിക്കാം.
1. ഉൽപ്പാദന രംഗങ്ങളിൽ (കൃഷി, വ്യവസായം എന്നിങ്ങനെ) കാര്യമായി മുന്നേറാൻ കഴിഞ്ഞില്ല. പച്ചക്കറി, നെല്ല് എന്നിവയിലെ കുടുംബശ്രീ ഇടപെടൽ (Joint Liability Groups-JLG) പരിമിതമായ മുന്നേറ്റം മാത്രമേ ഉണ്ടാക്കിയുള്ളൂ.
2. വ്യാവസായികമായി കരുത്തുള്ള ചെറുകിട സംരംഭങ്ങൾ ഉണ്ടായിവന്നില്ല. അതിനായി ആധുനിക സാങ്കേതികവിദ്യാ സാധ്യതകളെ ഉപയോഗപ്പെടുത്തിയുള്ള നൈപുണീ വികസന പരിപാടികളും ഉണ്ടായില്ല.
3. പട്ടികജാതി- പട്ടികവർഗ- മത്സ്യത്തൊഴിലാളി ജനങ്ങളിലേക്ക് പദ്ധതികൾ വേണ്ടത്ര ഗുണപരമാംവിധം ഇറങ്ങിച്ചെന്നില്ല. എടുത്തു പറയത്തക്ക മാതൃകാപദ്ധതികൾ ഉണ്ടായില്ല എന്നു തന്നെ പറയാം.
4. ഗ്രാമസഭകൾ പദ്ധതിരൂപീകരണത്തിൽ നിന്ന് പിന്മാറി. അവ കേവലം ഗുണഭോക്തൃസമിതികളായി മാറി. ഗ്രാമസഭകൾ എല്ലാ വിഭാഗം ജനങ്ങളുടെയും പൊതുപങ്കാളിത്തമുള്ള വേദികളായി തീർന്നില്ല. അത് ജനപങ്കാളിത്തത്തെയും ദുർബലപ്പെടുത്തി.
5. സന്നദ്ധ സംവിധാനങ്ങൾ പലതും ദുർബലപ്പെട്ടതോടെ അഴിമതി ശക്തിപ്പെടാൻ തുടങ്ങി. ഉദ്യോഗസ്ഥ നിയന്ത്രണങ്ങളും കൂടി. ചിലയിടങ്ങളിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഇടയിലെ അനാരോഗ്യ ബന്ധങ്ങളും ഉയർന്നുവന്നു. ഇത് സാർവത്രികമല്ലെങ്കിലും ഒരുതരം പങ്കുപറ്റ് രീതിയിലേക്ക് മാറി. ഓംബുഡ്സ്മാൻ സംവിധാനവും ദുർബലപ്പെട്ടു.
6. സ്വന്തമായി സ്വരൂപിക്കാവുന്ന വരുമാനത്തിൽ (owm fund) ശുഷ്കാന്തി കുറഞ്ഞു. ജീവനക്കാരുടെ കുറവും ഒപ്പം കുറഞ്ഞ നികുതി പിരിക്കുന്നതാണ് ശരിയെന്ന ധാരണയും തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് കൈക്കൊള്ളുന്ന അവസ്ഥയും.
7. കുടുംബശ്രീ സംവിധാനം ദാരിദ്ര്യനിർമാർജന മേഖലയിൽ ഏറെ നേട്ടങ്ങൾ കൈവരിച്ചെങ്കിലും ഒരു ഭാഗത്ത് പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും മറുഭാഗത്ത് മുകളിലെ ബ്യൂറോക്രാറ്റിക് നിയന്ത്രണത്തിന്റെയും നടുവിൽ ഉഴലുന്ന അവസ്ഥയാണ്. ആസ്തികൾ ഉണ്ടായിട്ടുണ്ടെങ്കിലും കടം ഒരു പ്രധാന പ്രശ്നമാണ്. സംഘടിത അദ്ധ്വാനശേഷി എന്നതിലേക്ക് ഉയരാതെ വലിയൊരു ആൾക്കൂട്ടമായി പലപ്പോഴും ചുരുങ്ങിപ്പോകുന്നു.
8. ഔദ്യോഗികമായി ഇപ്പോഴും ദ്വിതല നിയന്ത്രണത്തിൽ നിലനിൽക്കുന്നു. മാറിക്കിട്ടിയ ഉദ്യോഗസ്ഥരിലും സ്ഥാപനങ്ങളിലും വകുപ്പുതല നിയന്ത്രണങ്ങൾ ശക്തമാണ്. തദ്ദേശീയ സ്ഥാപനങ്ങളുടെ പ്രവർത്തന സാധ്യതകൾക്കനുസരിച്ച് സ്ഥിരം സ്റ്റാഫംഗങ്ങൾ വളരെ കുറവാണ്. കൂടുതൽ ജീവനക്കാരുള്ള വകുപ്പുകളിൽ നിന്ന് ശാസ്ത്രീയമായ പുനർ വിന്യാസം നടക്കുന്നില്ല.
9. താഴേക്ക് നൽകുന്ന പദ്ധതിപ്പണം വിനിയോഗിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പലതരം നിബന്ധനകൾ ഏർപ്പെടുത്തുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടേതായ പദ്ധതികൾ മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതിൽ പരിമിതികളുണ്ട്. പലപ്പോഴും പദ്ധതിരേഖകൾ പുതുക്കിയും വെട്ടിമാറ്റിയും ക്രമീകരിക്കുന്നവരുണ്ട്.
10. പ്രത്യേകം പരിഗണന നൽകി വൈദഗ്ധ്യ പോഷണത്തിന്നുപകരിക്കാറുള്ള പരിശീലനം ലക്ഷ്യം കണ്ടില്ല. സവിശേഷ ലക്ഷ്യത്തോടെയുള്ള പരിശീലനവും പഠനസാമഗ്രികളും അനുഭവങ്ങളും പലയിടങ്ങളിലും നടത്താറില്ല. കേരളത്തിൽ പലയിടങ്ങളിലും ശ്രദ്ധേയമായ മാതൃകകൾ ഉണ്ടെങ്കിലും അവ വേണ്ടത്ര ഗൗരവത്തിൽ പ്രചരിക്കുന്നില്ല.
11. തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ലഭ്യമായ ഓഫീസുകൾ, പ്രവർത്തികൾ, പണം, സംവിധാനം, ഉദ്യോഗസ്ഥർ എന്നിവയെയെല്ലാം ഏകോപിപ്പിച്ച് യഥാർത്ഥ ‘തദ്ദേശ സ്വയംഭരണ’ സ്ഥാപനമായി ഉയർന്നു പ്രവർത്തിക്കാൻ കഴിയുന്നില്ല.

ഈയൊരു സാഹചര്യത്തിൽ കൈവരിച്ച നേട്ടങ്ങളെ ശക്തിപ്പെടുത്തി നിലനിർത്താൻ കഴിയുന്നതോടൊപ്പം, പരിമിതികളെ മറികടക്കാനായി പുതിയ ആശയങ്ങളും പ്രവർത്തന പരിപാടികളും ഉണ്ടായിവരികയും വേണം. ആധുനികീകരണവും വൈവിധ്യവൽക്കരണവും പ്രവർത്തനങ്ങളുടെ മുഖമുദ്രയാകണം. അല്ലാത്തപക്ഷം പഴയതിന്റെ ആവർത്തനമല്ലാതെ തദ്ദേശഭരണത്തിന് അവസരത്തിനൊത്ത് ഉയരാൻ കഴിയില്ല. അതിനാൽ രാഷ്ട്രീയ ഇച്ഛാശക്തി, സംഘാടനം, ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ഉപയോഗം, മാനേജ്മെന്റ് എന്നിവയിലെല്ലാം സജീവ ഇടപെടൽ ആവശ്യമുണ്ട്.
ഭരണസമിതികളെ തെരഞ്ഞെടുക്കുന്നതിലും സ്ഥാനങ്ങളിൽ അവരോധിക്കുന്നതിലും രാഷ്ട്രീയ പാർട്ടികൾ സജീവമാണെങ്കിലും ഭരണസമിതികളുടെ തുടർപ്രവർത്തനങ്ങളെ പ്രാദേശിക പ്രസക്തമാം വിധം നിർവഹിക്കുന്നതിനെ സഹായിക്കുക എന്നത് രാഷ്ട്രീയ അജണ്ടയായി മാറുന്നില്ല. മാത്രമല്ല, ചിലയിടങ്ങളിൽ രാഷട്രീയപ്പാർട്ടികൾ തീരുമാനിക്കുന്നതിനുമപ്പുറം പോകാൻ ഭരണസമിതികൾക്ക് കഴിയുന്നില്ല. ഒന്നുകിൽ പൂർണനിയന്ത്രണം അല്ലെങ്കിൽ അവഗണന എന്ന രീതിയും ചിലയിടങ്ങളിൽ പ്രകടമാണ്. ഇതൊക്കെ ജനാധിപത്യപരമായ പങ്കാളിത്ത വികസനത്തിന് അനുപേക്ഷണീയമല്ല. ഇത് രാഷ്ട്രീയ ഇച്ഛാശക്തിയുടെ ഭാഗമാണ്.
ഭാവിയിൽ നടപ്പാക്കേണ്ടിവരുന്ന ചില കാര്യങ്ങൾ കൂടി പരിശോധിക്കാം.
1. പദ്ധതിവിഹിതം വാർഡ് അടിസ്ഥാനത്തിൽ തുല്യമായി വിഭജിക്കുന്ന രീതി ശാസ്ത്രീയമായ ആസൂത്രണത്തിൽ അഭികാമ്യമല്ല. അത് കൂടുതൽ പേർക്ക് ബന്ധപ്പെട്ട തൊഴിലും വരുമാനവും ഉറപ്പാക്കുന്ന വലിയ പദ്ധതികൾ ഏറ്റെടുക്കാൻ തടസ്സമാകും. മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴെങ്കിലും ചിന്ത ആ ദിശയിൽ മാറേണ്ടതുണ്ട്. തദ്ദേശഭരണത്തിന്റെ വിവിധ തലങ്ങൾ കൂടിച്ചേർന്നുള്ള ഉദ്ഗ്രഥന പദ്ധതികളാണ് ഇനി വേണ്ടത്.
2. കേരളത്തിലെ ബാങ്കുകൾ, സഹകരണ സ്ഥാപനങ്ങൾ, സഹകരണ പ്രസ്ഥാനത്തിന്റെ വ്യാപ്തി എന്നിവ കണക്കിലെടുത്ത് തദ്ദേശ ഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ചേർന്നുള്ള ഉൽപ്പാദന സഹകരണ സംരംഭങ്ങൾ വലിയ തോതിൽ ഉണ്ടായിവരണം. അതിന് സഹായകമാം വിധം നിയമനിർമ്മാണം നടക്കണം.
3. മുതിർന്ന പൗരരുടെ സമഗ്ര വികസനത്തെ മുൻനിർത്തിയുള്ള Care Economy പ്രവർത്തനങ്ങളിൽ തദ്ദേശ ഭരണ സ്ഥാപനത്തിൽ വലിയ തോതിൽ ഇടപെടേണ്ടതുണ്ട്. മുതിർന്ന പൗരരുടെ അനുഭവവും അറിവും പ്രാദേശിക വികസനത്തിൽ പ്രയോജനപ്പെടുത്തണം. അതുപോലെ അവരുടെ ജീവിതപ്രയാസങ്ങൾ ലഘൂകരിക്കാനുള്ള പൊതുസംവിധാനങ്ങളും ഉണ്ടായിവരണം.
4. കുട്ടികളുടെ മാനസിക വളർച്ചയിൽ കലാ കായിക പ്രവർത്തനങ്ങൾ കൃത്യമായി പങ്ക് വഹിക്കുമെങ്കിലും ഇന്നത്തെ സ്കൂൾ അന്തരീക്ഷം അതിന് സഹായകമാകുന്നില്ല. അതിനാൽ കലാ കായിക സാംസ്കാരിക കൂട്ടായ്മകൾ ശക്തിപ്പെടുത്തുന്ന പൊതു ഇടങ്ങൾ വലിയ തോതിൽ ഉണ്ടായിവരണം. സൗജന്യമായ പൊതുഇടങ്ങളുടെ ശോഷിപ്പ് ഇന്നൊരു പ്രധാന പ്രശ്നമാണ്.
താഴേക്ക് നൽകുന്ന പദ്ധതിപ്പണം വിനിയോഗിക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ പലതരം നിബന്ധനകൾ ഏർപ്പെടുത്തുന്നതിനാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് അവരുടേതായ പദ്ധതികൾ മുൻഗണനാക്രമത്തിൽ നടപ്പാക്കുന്നതിൽ പരിമിതികളുണ്ട്.
5. പിന്നാക്കവിഭാഗക്കാരും പലതരം ഭിന്നശേഷിക്കാരും പ്രത്യേക പരിഗണന അർഹിക്കുന്നു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗം, മത്സ്യത്തൊഴിലാളികൾ, ലിംഗവൈവിധ്യമുള്ളവർ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് അല്ലലില്ലാത്ത അന്തസ്സുറ്റ ജീവിതഗുണത ഉറപ്പാക്കാൻ കഴിയണം. തൊഴിൽ നൈപുണി വികസനവും സഹകരണ പ്രസ്ഥാനവുമാണ് ഇതിൽ പ്രധാനം. മാനസികാരോഗ്യ വികസനവും പ്രധാന പ്രശ്നമായി കാണേണ്ടതുണ്ട്.
6. പരിസ്ഥിതി സംരക്ഷണം പ്രധാന പ്രാദേശിക വിഷയമാകണം. കാലാവസ്ഥാ മാറ്റത്തിന്റെ ആഘാതം കുറയ്ക്കാൻ പ്രാദേശിക ഇടപെടലാണ് പ്രധാനം. സൗരോർജ ഉപയോഗം, പ്രാദേശിക ഉൽപ്പാദന സംരംഭങ്ങൾ, ഭൂതല സംരക്ഷണം. കാർബൺ പാദമുദ്ര കുറക്കുന്നതിനായി ഇറക്കുമതി ഉപയോഗങ്ങൾ പരമാവധി കുറക്കൽ, വൃക്ഷവൽക്കരണം എന്നിങ്ങനെ വിവിധ വഴികളിലൂടെ ഹരിതഗ്രാമമെന്നത് യാഥാർത്ഥ്യമാക്കണം. അതുവഴി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുംവിധം പാരിസ്ഥിതിക സുസ്ഥിരത വിഭാവനം ചെയ്ത് പദ്ധതികൾ നടപ്പാക്കാൻ കഴിയണം.
7. ‘ജീവിതശൈലീരോഗവിമുക്ത കേരളം’ എന്ന ലക്ഷ്യം മുൻനിർത്തിയും ചികിത്സാച്ചെലവുകൾ പരമാവധി കുറക്കുംവിധം ആരോഗ്യരംഗത്തെ ഇടപെടലുകൾ ക്രമീകരിക്കാൻ ഫലപ്രദമായ പദ്ധതികൾ വേണം. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരെ കൂടാതെ ജനകീയ സംവിധാനങ്ങളെയെല്ലാം ഉപയോഗപ്പെടുത്തി സാക്ഷരതാപ്രസ്ഥാനം പോലെ ഒരു ജനകീയ ബോധവൽക്കരണം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും ഉണ്ടായിവരണം. ലഹരി ഉപയോഗം കുറക്കാനുള്ള ജാഗ്രതാസംവിധാനവും പ്രധാനമാണ്.

8. സ്ത്രീസൗഹൃദ ഇടപെടലുകൾ, വനിതാ വികസന സംരംഭങ്ങൾ, ജൻഡർ ബജറ്റിങ്, ലിംഗവൈവിധ്യമുള്ളവരുടെ സംരക്ഷണം, സ്ത്രീകളുടെ മാനസിക വളർച്ച എന്നിവയെല്ലാം ഉൾക്കൊണ്ട് സമഗ്രപദ്ധതി രൂപീകരിച്ച് നടപ്പാക്കാൻ കഴിയണം. മുഴുവൻ സ്കൂൾ കുട്ടികൾക്കും വേണ്ടത്ര രക്തമുണ്ടെന്ന് ഉറപ്പാക്കുന്നവിധം സ്കൂൾ ഉച്ചഭക്ഷണ പരിപാടി ശാസ്ത്രീയമായി ക്രമീകരിക്കണം. പാചകക്കാർക്ക് പ്രത്യേക പരിശീലനം നൽകണം.
9. കഴിയാവുന്ന ഉദ്ഗ്രഥിത പദ്ധതികൾക്കായിരിക്കണം മേലിൽ ഊന്നൽ. ഉദാഹരണം: കൃഷി, മൃഗം വളർത്തൽ, കോഴി- താറാവ് കൃഷി, തീറ്റപ്പുൽ കൃഷി, മാലിന്യത്തെ വളമാക്കി മാറ്റൽ, മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം എന്നിവയെ ഒന്നിനൊന്ന് പൂരകമായി വികസിപ്പിക്കാനും സംഘടിപ്പിക്കാനും കഴിയണം.
10. ഓരോ തദ്ദേശ ഭരണ പ്രദേശത്തും ലഭ്യമായ മനുഷ്യ- പ്രകൃതി വിഭവങ്ങളുടെ അളവ്, ഗുണം, പ്രത്യേകത, ഉപയോഗസാധ്യത എന്നിവയെപ്പറ്റിയെല്ലാമുള്ള വിഭവ സ്റ്റോക്കെടുപ്പ്, വിഭവമാപ്പിങ്ങ്, വിവരശേഖരണം എന്നിവ ശാസ്ത്രീയമായി തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലാകണം ഭാവി ആസൂത്രണം സംഘടിപ്പിക്കുന്നത്.
