ട്രൂകോപ്പി വെബ്സീൻ: ജനകീയാധികാരം പാർലമെൻ്ററി വഴിയിൽ നേടുന്നതിൻ്റെ ലോകത്തു തന്നെ കൊടുങ്കാറ്റായ പരീക്ഷണമായിരുന്നു കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ. അത് സെക്യുലറായ ഭരണാശയത്തെ അതിവേഗം കേരളീയ സമൂഹത്തിൽ നടപ്പിലാക്കുന്നുണ്ടെന്ന് കണ്ട മതകീയശക്തികൾ ആ ജനാധിപത്യ ഭരണത്തെ വിമോചന സമരത്തിലൂടെ പുറത്താക്കിയത് ചരിത്രം. ദശകങ്ങൾക്കിപ്പുറത്ത് അതേ ജാതി / മത ശക്തികളെ ഉപയോഗിച്ച് പാർലമെൻ്ററി അധികാരം തുടർച്ചയായി നിലനിർത്താനുള്ള ആർത്തിപിടിച്ച ഇടതുപക്ഷത്തെ കേരളം തിരിച്ചറിയുകയാണ്. അത്യന്തം ആപൽക്കരമായ ഈ ഒത്തുതീർപ്പിനെ താങ്കൾ എങ്ങനെയാണ് വീക്ഷിക്കുന്നത്’?
സണ്ണി എം. കപിക്കാട്: സമീപകാലത്ത് വളരെ വലിയ വാർത്താപ്രാധാന്യം നേടിയ ചില സംഭവങ്ങൾ കേരളത്തിലെ വലിയൊരു വിഭാഗത്തെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇവരാകട്ടെ കേരളത്തെക്കുറിച്ച് ഇടതുപക്ഷ ബുദ്ധിജീവികൾ പറഞ്ഞു പരത്തിയ അതിഭാവുകത്വം നിറഞ്ഞ കഥകളിൽ വിശ്വസിച്ചവരും കേരളം ഇടതുപക്ഷ മൂല്യങ്ങളിൽ ജീവിക്കുന്ന ഒരു സമൂഹമാണ് എന്ന് തെറ്റിദ്ധരിച്ചവരും ആണ്.
യഥാർത്ഥത്തിൽ ഈ ആശങ്ക പുതിയൊരു കാര്യമേ അല്ല. ഏറ്റവും കുറഞ്ഞ പക്ഷം ഒരു പതിറ്റാണ്ടിലേറെക്കാലമായി കേരളം അപകടകരമായ ഹിന്ദുത്വവൽക്കരണത്തിന് വിധേയമായി കൊണ്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ ദിശയിലുള്ള സാമൂഹിക- രാഷ്ട്രീയ വിമർശനങ്ങൾ ആസ്ഥാന പണ്ഡിതന്മാരോ മുഖ്യധാരാ എഴുത്തുകാരോ അല്ല ഉന്നയിച്ചത്. അതുകൊണ്ടുതന്നെ കേരളീയ സമൂഹം ഇത്തരം അപായ സൂചനകളെ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കേരളത്തിന്റെ ഇടത് പുരോഗമന മുഖംമൂടി അഴിഞ്ഞുവീഴുന്ന സന്ദർഭമാണിത്.
കേരളത്തിന്റെ മുഖ്യധാരാ സാംസ്കാരിക ജീവിതം എല്ലാക്കാലത്തും വൈദിക പാരമ്പര്യത്തിലും അതിന്റെ മിഥോളജിയിലും ആണ്. വൈദിക ജ്ഞാന വ്യവസ്ഥയോട് വിമർശവബോധത്തോടെ ഇടപെടാൻ അവർക്ക് കഴിഞ്ഞതേയില്ല. അതിനുള്ളിലെ വിപ്ലവാത്മകതയെ പുറത്തെടുക്കുകയാണെന്ന വ്യാജേന നടത്തിയ മുഖ്യധാരാ ജ്ഞാനാന്വേഷണങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തെ ഹിന്ദുത്വവൽക്കരിക്കുന്നതിൽ കനത്ത സംഭാവനയാണ് നൽകിപ്പോന്നിട്ടുള്ളത്. ഹൈന്ദവ ആചാരക്രമങ്ങളും ജീവിതരീതികളും മതേതരമാണെന്ന രാജ്യപ്രതീതിയാണ് അതിലൂടെ സൃഷ്ടിക്കപ്പെട്ടത്. അവരുടെ വീരപുരുഷന്മാർ വിവേകാനന്ദനും ദയാനന്ദ സരസ്വതിയും ആയിരുന്നത് യാദൃച്ഛികമല്ലെന്നുവേണം കരുതാൻ. അവരൊരിക്കലും ജ്യോതിബാ ഫൂലെയെ കുറിച്ചോ ഡോ. ബി.ആർ. അംബേദ്കർ, ഇ.വി. രാമസ്വാമി നായ്കർ, ശ്രീനാരായണഗുരു, അയ്യൻകാളി തുടങ്ങിയ മഹാപ്രതിഭകളെ കുറിച്ചോ പൂർണ്ണ മൗനം പാലിച്ചു. കേരളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികളുടെയും സ്ഥിതി ഭിന്നമായിരുന്നില്ല. ഫലത്തിൽ അവർ ഒരുക്കിയ മണ്ണിലാണ് ഹിന്ദുത്വം ഇന്ന് വിളവെടുക്കുന്നത്.

ഇന്ത്യൻ ഭരണഘടനക്കെതിരെ ഹിന്ദുത്വ വർഗീയതയുടെ കടുത്ത നീക്കങ്ങൾ പ്രായോഗികമായിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മതേതരതത്തിൻ്റെ അടിസ്ഥാനമായ ഭരണഘടനയുടെ കാവലാളാകേണ്ട ഇടതുപക്ഷം ഹിന്ദുത്വ പ്രീണനത്തിൻ്റെയും ന്യൂനപക്ഷ വിരോധത്തിൻ്റെയും പ്രമോട്ടർമാരായി പ്രത്യക്ഷത്തിൽ മാറുന്ന നിരവധി ഉദാഹരണങ്ങൾ കേരളത്തിൽ അടുത്തകാലത്തുണ്ടായി- അമൃതാനന്ദമയി എന്ന ആൾദൈവത്തെയും പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുത്വപക്ഷത്ത് നിലയുറപ്പിച്ചിരുന്ന വെള്ളാപ്പള്ളി നടേശനെയും ആദരിക്കുന്ന സർക്കാർ നടപടി- മുസ്‍ലിം ന്യൂനപക്ഷത്തെ അപരവൽക്കരിക്കുന്ന സംഘ്പരിവാർ നിലപാടിനെ അംഗീകരിക്കുന്ന തരത്തിൽ പ്രത്യക്ഷത്തിൽ തന്നെ മുഖ്യമന്ത്രി അടക്കമുള്ളവർ നടത്തുന്ന പ്രസ്താവനകൾ. ഇതു വഴിയുണ്ടാകുന്ന വർഗീയ ധ്രുവീകരണം കേരളത്തിൻ്റെ കൊട്ടിഘോഷിക്കപ്പെടുന്ന സെക്യുലർ മനസ്സിനെ അപകടകരമായ പ്രതിസന്ധിയിലേക്ക് കൊണ്ടുചെന്നെത്തിക്കുമെന്ന് താങ്കൾക്ക് തോന്നിയിട്ടുണ്ടോ?
വിവാദമായ ആഗോള അയ്യപ്പസംഗമം, കേരളീയ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അടിസ്ഥാനപരമായ ഒരു പരിവർത്തനത്തെ കുറിക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ആണ് ഇതിന് നേതൃത്വം കൊടുത്തത്. ഇടതുപക്ഷം അതിന്റെ മതേതര പുരോഗമന മൂല്യങ്ങളെ കയ്യൊഴിഞ്ഞിരിക്കുന്നു എന്ന വേവലാതിയാണ് പലരും പങ്കുവെക്കുന്നത്. ഇവരാരും മതേതര പുരോഗമന മൂല്യം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നത് വിശദീകരിക്കാറുമില്ല. ഒരു പടി കൂടി കടന്ന്, അടുത്ത തെരഞ്ഞെടുപ്പിൽ അധികാരത്തിൽ വരാനുള്ള ഒരു രാഷ്ട്രീയ തന്ത്രമായി മാത്രം ഇതിനെ വിലയിരുത്തുന്നവരും ഉണ്ട്.
ഇവർ കാണാൻ കൂട്ടാക്കാത്ത, അല്ലെങ്കിൽ അവർക്ക് മനസ്സിലാകാത്ത ചില കാര്യങ്ങൾ കേരളീയ സമൂഹത്തിൽ സംഭവിക്കുന്നുണ്ട്. അയ്യപ്പസംഗമം വെളിപ്പെടുത്തുന്ന പ്രധാനപ്പെട്ട കാര്യം, ഭക്തജനങ്ങൾ എന്ന് വിളിക്കപ്പെടുന്ന ആൾക്കൂട്ടം ഒരു രാഷ്ട്രീയ ഗണമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. എന്നു പറഞ്ഞാൽ ഭക്തരുടെ ആവശ്യങ്ങൾ നിറവേറ്റുക എന്നത് ഗവൺമെന്റിന്റെ പ്രഥമ പരിഗണനയിലേക്ക് വന്നിരിക്കുന്നു. അവരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു കൊണ്ടിരിക്കുകയുമാണ്. എന്നാൽ നാം മനസ്സിലാക്കേണ്ട കാര്യം, ഭക്തജനങ്ങൾ പുതിയ ഒരു കാര്യമേ അല്ല. അവരുടെ സാന്നിധ്യം കേരളത്തിന്റെ ചരിത്രത്തിലെമ്പാടും കാണാൻ കഴിയും. ഈ വിശ്വാസക്കൂട്ടങ്ങളെ രാഷ്ട്രീയമായി എങ്ങനെ ഉപയോഗപ്പെടുത്താൻ കഴിയും എന്ന് വടക്കേ ഇന്ത്യയിലെ അനുഭവങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. സമാന പരിവർത്തനമാണ് കേരളത്തിലും സംഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തെ ഹിന്ദുത്വവൽക്കരിക്കാൻ സംഘപരിവാർ ശക്തികൾ ദീർഘകാലമായി നടത്തിവരുന്ന പരിശ്രമങ്ങൾ ഏറെക്കുറെ ശിഥിലവും ഒറ്റപ്പെട്ടതും ആയിരുന്നു. കേന്ദ്രത്തിൽ ബി ജെ പി തുടർച്ചയായി അധികാരത്തിൽ വന്നതോടെയാണ് കേരളത്തിൽ ബി ജെ പിക്ക് ഒരു രാഷ്ട്രീയ സാന്നിധ്യമായി മാറാൻ കഴിഞ്ഞത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ കേരളത്തിൽ അരങ്ങേറിയെങ്കിലും ഏറ്റവും ജനപങ്കാളിത്തമുള്ള പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തത് എൻ എസ് എസ് ആയിരുന്നു. നാമജപ ഘോഷയാത്ര എന്ന പേരിൽ ആയിരക്കണക്കിന് സ്ത്രീകളെയാണ് എൻ എസ് എസ് തെരുവിലിറക്കിയത്. ശബരിമലയിൽ ഒരു വിധത്തിലുമുള്ള താന്ത്രികാധികാരമില്ലാത്ത നായന്മാർ ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്നും തന്ത്രികളുടെ അധികാരം പരിപാവനമാണെന്നും പന്തളം കൊട്ടാരത്തിന്റെ അവകാശങ്ങൾ നിലനിർത്തണമെന്നും ആവശ്യപ്പെട്ട് രംഗത്ത് വന്നത് എന്തുകൊണ്ടായിരിക്കും? ഈ ചോദ്യം കേരളം ഒരിക്കലും ചർച്ച ചെയ്തിട്ടില്ല.
ജനാധിപത്യ ഭരണ വ്യവസ്ഥയിലും സമ്പത്തും അധികാരവും വലിയ അളവിൽ കൈവശം വെച്ചിരിക്കുന്ന സമുദായം എന്ന നിലയിൽ അത് സംരക്ഷിക്കുവാനുള്ള ബോധപൂർവ്വമായ ഒരു നീക്കമായിരുന്നു ആചാര സംരക്ഷണ പ്രക്ഷോഭം. ആചാരങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിൽ മാത്രമേ സവർണ്ണ ജാത്യാധികാരത്തിന് നിലനിൽക്കാൻ കഴിയൂ എന്ന് എൻ എസ് എസ് നേതൃത്വം മനസ്സിലാക്കിയിട്ടുണ്ട്. ഈ നീക്കത്തിന്റെ വിജയാഹ്ലാദമാണ് അയ്യപ്പസംഗമത്തിൽ മുഴങ്ങി കേട്ടത്. അതായത് നാമജപ ഘോഷയാത്രക്കാർ മുന്നോട്ടുവെച്ച ആചാര സംരക്ഷണം എന്ന ആവശ്യം ഇടതുപക്ഷ ഗവൺമെന്റ് വിപുലമായി ഏറ്റെടുത്ത സംഭവമാണ് അയ്യപ്പസംഗമം. അവിടെ മുഖ്യമന്ത്രി തന്നെ ഭഗവത്ഗീതയ്ക്ക് വ്യാഖ്യാനം ചമയ്ക്കുകയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആശംസ കോരിത്തരിപ്പോടെ വായിക്കുകയും ചെയ്തതിലൂടെ, ‘ഞങ്ങളാണ് യഥാർത്ഥ ഹിന്ദുത്വ സംരക്ഷകർ’ എന്ന പ്രഖ്യാപനമാണ് അയ്യപ്പസംഗമത്തിൽ നടന്നത്. കേരളത്തിലെ സി പി എം നേതാക്കൾ നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ പ്രസ്താവനകളുടെ രാഷ്ട്രീയ അർത്ഥം ഈ സാഹചര്യത്തിലാണ് മനസ്സിലാക്കപ്പെടേണ്ടത്. അതിന്റെ ഒരു തുടർച്ച മാത്രമാണ് സാംസ്കാരിക മന്ത്രിയുടെ അമൃതാനന്ദമയി മഠത്തിലേക്കുള്ള സന്ദർശനം. ഈ കളിയിൽ എൻ എസ് എസ് കാര്യം നേടുകയും എസ് എൻ ഡി പി കഥയറിയാതെ ആട്ടം കാണുകയും കെ പി എം എസ് പുന്നല വിഭാഗം കഥയറിയാതെ കൂടെ നിൽക്കുകയും ചെയ്തു എന്നതാണ് വിചിത്രമായ കാര്യം. ഈ സമുദായ നേതാക്കളെല്ലാം വോട്ടിന്റെ മൊത്തക്കച്ചവടക്കാരാണ് എന്നത് ഒരു കെട്ടുകഥ മാത്രമാണ്. അത് തെളിയിക്കുന്ന ചരിത്രാനുഭവങ്ങൾ ഒന്നും മലയാളിക്ക് മുന്നിലില്ല.

എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെച്ചേര്‍ത്തുകൊണ്ടുള്ള ഒരു ജാതി- സാമുദായിക അലയന്‍സിന് കേരളത്തില്‍ 'ഹിന്ദു വോട്ടി'ന്റെ പ്രാതിനിധ്യം എത്രത്തോളം അവകാശപ്പെടാനാകും? അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 'ഹിന്ദു ഭൂരിപക്ഷം' കേരളത്തിലെ ഇലക്ടറല്‍ പൊളിറ്റിക്‌സില്‍ എങ്ങനെ ഇടപെടുമെന്നാണ് കരുതുന്നത്?
മുസ്ലിം സമുദായത്തിനെതിരെ നിരന്തരം വിഷം ചീറ്റുന്നു വെള്ളാപ്പള്ളി നടേശൻ ബി ജെ പിയുടെ ആശീർവാദത്തോടെ ബി ഡി ജെ എസ് എന്ന രാഷ്ട്രീയപാർട്ടിക്ക് രൂപം കൊടുത്തപ്പോൾ അദ്ദേഹം പ്രഖ്യാപിച്ചത് ഇടതുപക്ഷത്തെ മൂലയ്ക്കിരുത്തും എന്നായിരുന്നു. എന്നാൽ ബി ഡി ജെ എസ് തെരഞ്ഞെടുപ്പിനെ നേരിട്ട ഘട്ടത്തിൽ കേരളത്തിൽ അധികാരത്തിൽ വന്നത് ഇടതുപക്ഷമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ എൻ എസ് എസിന്റെ താലൂക്ക് യൂണിയൻ പരസ്യമായി തന്നെ ഒരു സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിക്കുകയും ഫലം വന്നപ്പോൾ ആ സ്ഥാനാർത്ഥി ജയിക്കുകയും ചെയ്തു എന്നതാണ് നമ്മുടെ അനുഭവം. വി. എം. സുധീരനെ ആലപ്പുഴയിൽ നിന്ന് കെട്ടുകെട്ടിക്കും എന്ന് പ്രഖ്യാപിച്ച് വെള്ളാപ്പള്ളി പ്രവർത്തിച്ച തെരഞ്ഞെടുപ്പിൽ, വി.എം. സുധീരൻ വിജയിക്കുകയാണുണ്ടായത്. അതുകൊണ്ട് ഈ സമുദായ നേതാക്കളുടെ സാന്നിധ്യം വോട്ടായി മാറുമോ എന്നത് കണ്ടറിയേണ്ട കാര്യം മാത്രമാണ്. അങ്ങനെ വിശ്വസിക്കാൻ പറ്റുന്ന തെളിവുകൾ ഒന്നും കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ കാണാനില്ല എന്നതാണ് വസ്തുത.
'വര്‍ഗീയവാദികള്‍ക്ക് ഒപ്പമല്ല, വിശ്വാസികള്‍ക്ക് ഒപ്പമാണ് സി.പി.എം' എന്നാണ് പാര്‍ട്ടി പറയുന്നത്. വര്‍ഗീയവാദത്തെയും വിശ്വാസത്തെയും വേര്‍തിരിക്കാന്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഇടതുപക്ഷം പ്രയോഗിക്കുന്ന സൈദ്ധാന്തിക നിര്‍വചനം എത്രത്തോളം യുക്തിഭദ്രമാണ്, വിശ്വാസ്യതയുള്ളതാണ്?
ഞങ്ങൾ വർഗീയവാദികൾക്കൊപ്പമല്ല, വിശ്വാസികൾക്കൊപ്പമാണ് എന്നതാണ് സി പി എമ്മിന്റെ വിശദീകരണം. ഒരു പാർട്ടി എന്ന നിലക്ക് വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കാൻ അവർക്ക് അവകാശമുണ്ട്. ബി ജെ പി ചെയ്യുന്നത് അതുതന്നെയാണല്ലോ. പ്രശ്നം പാർട്ടി വിശ്വാസികൾക്കൊപ്പമാണോ അല്ലയോ എന്നതല്ല, ഏതെങ്കിലും ഒരു മതത്തിന്റെ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കാൻ ഇന്ത്യൻ ഭരണഘടനയുടെ മതേതര സങ്കല്പം അനുവദിക്കുന്നുണ്ടോ എന്നതാണ്. ഇതിന് ഉത്തരം പറയാൻ ഗവൺമെന്റ് ബാധ്യസ്ഥമാണ്. ഫലത്തിൽ വിശ്വാസികളെയും ആചാരങ്ങളെയും മുൻനിർത്തി ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിക്കാനാണ് പിണറായി വിജയൻ നേതൃത്വം കൊടുക്കുന്നത്. ഹിന്ദു ഭക്തരുടെ കാര്യങ്ങൾ നോക്കി നടത്താൻ ഒരു സംവിധാനം കേരളത്തിലുണ്ട്. അതാണ് ദേവസ്വം ബോർഡ്. അവർ അക്കാര്യം നോക്കി നടത്തട്ടെ. അത് ചെയ്യുമ്പോൾ ഭരണഘടനാ മൂല്യങ്ങൾ മാനിക്കപ്പെടേണ്ടതുണ്ട്. അതുറപ്പുവരുത്തേണ്ടത് കേരളത്തിലെ ഗവൺമെന്റ് ആണ്.
മതേതര പാരമ്പര്യത്തെ ആഘോഷിക്കുകയും വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്ന ഒരു (സര്‍ക്കാര്‍) സംവിധാനമായാണ് തീരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ, ആഗോള അയ്യപ്പസംഗത്തിന്റെ പാശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഉറപ്പിച്ചെടുക്കുന്നത്. എന്നാല്‍, ശബരിമല മേല്‍ശാന്തി നിയമനത്തിലെ ജാതിഅയിത്തം മുതല്‍ ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളിലെ സംവരണ നിഷേധം വരെയുള്ള വിഷയങ്ങള്‍, യഥാര്‍ഥത്തില്‍ക്ഷേത്രനടത്തിപ്പിനെയും സാമൂഹിക നീതിയെയും സംബന്ധിച്ച് ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ഭരണഘടനാപരമായ മതേതരത്വത്തിന്റെ നിഷേധമല്ലേ, വിശ്വാസസംരക്ഷണമെന്ന വ്യാജേന നടത്തുന്ന പരിപാടികളിലൂടെ സംഭവിക്കുന്നത്?
നഗ്നമായ ജാതിവിവേചനങ്ങൾ നിയമമായി പരിപാലിക്കുന്ന ഒരു സ്ഥാപനമാണ് ദേവസ്വം ബോർഡ്. തന്ത്രവിദ്യ പഠിച്ച ഒരു ഈഴവൻ ശബരിമല മേൽശാന്തിയായി നിയമിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ കൊടുത്തപ്പോൾ, ‘താങ്കൾ മലയാള ബ്രാഹ്മണൻ അല്ലാത്തതിനാൽ താങ്കളുടെ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുന്നു’ എന്ന് മറുപടി കൊടുത്ത സ്ഥാപനമാണ് ദേവസ്വം ബോർഡ്. ഒരു നൂറ്റാണ്ട് മുമ്പ് ഡിഗ്രി പാസ്സായ ഒരു ഈഴവൻ സർക്കാർ ജോലിക്ക് അപേക്ഷിച്ചപ്പോൾ, താങ്കൾ കുലത്തൊഴിലായ തെങ്ങുകയറ്റത്തിന് പോകണമെന്ന് മറുപടി കൊടുത്ത മഹാരാജാവിൽ നിന്ന് എന്ത് വ്യത്യാസമാണ് ഈ ദേവസ്വം ബോർഡിനുള്ളത്?. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാൻ എന്ത് നടപടിയാണ് കേരള മന്ത്രിസഭ ദേവസ്വം ബോർഡിനു മുന്നിൽ വെച്ചിട്ടുള്ളത്. ദേവസ്വം ബോർഡ് നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബഹുഭൂരിപക്ഷം തൊഴിലുകളും കൈവശപ്പെടുത്തിയിരിക്കുന്നത് നായർ വിഭാഗമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇതര വിഭാഗങ്ങളുടെ പ്രതിനിധ്യം ഉറപ്പിക്കാൻ പിണറായി ഗവൺമെന്റ് എന്ത് നടപടിയാണ് എടുത്തിട്ടുള്ളത്. ഇത്തരം കാര്യങ്ങളിൽ മൗനം പാലിക്കുകയും ഭരണഘടനാ അട്ടിമറിക്ക് കൂട്ടുനിൽക്കുകയും തങ്ങൾ ഹിന്ദു ഭക്തരോടൊപ്പം ആണെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നതിലൂടെ ഇടതുപക്ഷത്തിന്റെ പുരോഗമന മുഖംമൂടി പൂർണമായും അഴിച്ചു മാറ്റപ്പെട്ടിരിക്കുന്നു.

കേരളത്തില്‍ ഇടതുപക്ഷം അധികാര രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലുള്ളപ്പോള്‍ തന്നെ അതിന് ഐഡിയോളജിക്കലായി സാംസ്‌കാരിക പ്രതിപക്ഷത്തിന്റെ റോള്‍ കൂടിയുണ്ടായിരുന്നു. ഈ സാംസ്‌കാരിക പ്രതിപക്ഷത്തിന് പലപ്പോഴും വിമര്‍ശനാത്മകമായി അധികാര രാഷ്ട്രീയത്തിലെ ഇടതുപക്ഷത്തോട് ഇടപെടാനും കഴിഞ്ഞിരുന്നു. എന്നാല്‍, അയ്യപ്പസംഗമം പോലെയുള്ള ആചാരസംരക്ഷണ പരിപാടികള്‍, ജാതി- സാമുദായിക പ്രീണനം എന്നിവയിലൂടെ ഭരണകൂട ഇടതുപക്ഷത്തിന്റെ ആഭിമുഖ്യത്തില്‍ അതിശക്തമായ വലതുപക്ഷവല്‍ക്കരണം അരങ്ങേറുമ്പോള്‍ എന്തുകൊണ്ട്, കേരളത്തിലെ സാംസ്‌കാരിക പ്രതിപക്ഷം നിശ്ശബ്ദമായിരിക്കുന്നു?
കേരളത്തിലുണ്ടെന്ന് നാം കരുതിയിരുന്നു സാംസ്കാരിക പ്രതിപക്ഷം അവസരം നോക്കി കളുടെ ഒരു കൂട്ടം മാത്രമാണെന്ന് തെളിയിച്ചിട്ട് കാലം കുറെയായി. കക്ഷിരാഷ്ട്രീയ യുക്തിക്ക് അപ്പുറത്തേക്ക് നോക്കാൻ ധൈര്യമില്ലാത്ത ഈ കൂട്ടർ ഇടതുപക്ഷത്തിന്റെ ന്യായീകരണ തൊഴിലാളികളായി അധഃപതിക്കുകയായിരുന്നു. അവരിപ്പോൾ പൂർണ്ണ നിശ്ശബ്ദതയിലാണ്. അവർ നിർമ്മിച്ച ചരിത്രപാഠങ്ങളും സാംസ്കാരിക ആഖ്യാനങ്ങളും ഈ ആപൽഘട്ടത്തിൽ മലയാളികൾക്ക് ആശ്രയിക്കാവുന്ന ഒരു ഇടമല്ല. ഇന്ത്യയുടെ എല്ലാകാലത്തെയും സാമൂഹിക വിപത്തായിരുന്നു ശ്രേണീകൃത ജാതിവ്യവസ്ഥയും അതിന്റെ അധികാര രൂപങ്ങളും അഴിച്ചെടുക്കാൻ കഴിയാതെ പോയ ഇന്ത്യൻ ഇടതുപക്ഷത്തിന്റെ സ്വാഭാവിക പരിണതിയാണ് കേരളത്തിൽ അരങ്ങേറുന്നത്. ആചാരലംഘനത്തിലൂടെ നിർമ്മിക്കപ്പെട്ട ആധുനിക കേരളത്തിന്റെ ധാർമിക വളർച്ചയെ തടയുന്ന ജാതിജീവിതങ്ങളും അധികാരഘടനയുമാണ് ഭക്തരെന്ന് പുതിയ രാഷ്ട്രീയ ഗണത്തിലൂടെ ഉറപ്പിക്കപ്പെടുന്നത്. കേരളത്തിലെ ഇടതുപക്ഷവും ഇതിനു പുറത്തല്ലാത്തത് കൊണ്ടാണ് മന്ത്രിസഭയിലെ 50 ശതമാനത്തിൽ അധികവും നായർ വിഭാഗത്തിൽ നിന്നുള്ളവരായിരിക്കുന്നത്. അവരെല്ലാം കമ്യൂണിസ്റ്റ് വിപ്ലവകാരികളാണെന്നുള്ളത് ഒരു നുണ മാത്രമാണ്.
ജാതിയാധികാരത്തിന്റെ തുടർച്ചയെ അത് ഏതു രൂപത്തിലായാലും നേരിടാൻ എന്ത് പദ്ധതിയാണ് മലയാളി സമൂഹത്തിനുള്ളത് എന്ന നിർണായക ചോദ്യത്തിന് മുന്നിലാണ് നാം എത്തിനിൽക്കുന്നത്. യൂറോപ്യൻ തത്വചിന്തയെക്കുറിച്ച് ഒരു വിമർശനം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതിൽ എല്ലാ കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ജനാധിപത്യം സ്വാതന്ത്ര്യം അധികാരം ലിംഗ നീതി ഏകാധിപത്യം എന്നിങ്ങനെ എല്ലാം. എന്നാൽ അവിടെയൊന്നും ‘വൈറ്റ് സൂപ്പർ മസി’ എന്നൊരു വാക്ക് കാണാനേ കഴിയില്ല. യഥാർത്ഥത്തിൽ ആധുനിക ലോകനിർമ്മിതിയിൽ, അതിന്റെ സ്വാതന്ത്ര്യങ്ങളിൽ, ആധിപത്യ സ്വഭാവങ്ങളിൽ, നിർണായക സ്വാധീനം ചെലുത്തിയ പ്രധാന ഘടകമായിരുന്നു, സ്വാഭാവികം എന്ന് കരുതപ്പെട്ട വെള്ളക്കാരന്റെ അധീശ മനോഭാവം. അത് പ്രശ്നവല്‍ക്കരിക്കപ്പെട്ടാൽ വെള്ളക്കാരൻ കെട്ടിപ്പൊക്കിയ പല തരത്തിലും ഗുണത്തിലുമുള്ള ലോകം തകർന്നടിയും എന്നതുകൊണ്ടാണ് അത് ഒരു അഭാവമായി യൂറോപ്യൻ ചിന്തയിൽ നിൽക്കുന്നത്. സമാനമായ ഒരു കാര്യമാണ് ഇന്ത്യൻ ആധുനിക വിജ്ഞാനത്തിലും സംഭവിക്കുന്നത്. ഇന്ത്യയിലെ വ്യക്തി- സമൂഹ ജീവിതത്തെ നിർണായകമായി രൂപപ്പെടുത്തുന്ന ശ്രേണീകൃതമായ ജാതി നിർണായകമായ ഒരു അഭാവമായി തുടരുകയാണ്. അതിലൂടെ ജാതിവ്യവസ്ഥയ്ക്കെതിരെ രൂപപ്പെട്ട വൈജ്ഞാനികധാരയും സാമൂഹിക പ്രസ്ഥാനങ്ങളും സാമൂഹിക നായകരും ഇരുട്ടിൽ നിൽക്കുകയും അവരുടെ സംഭാവനകൾ സ്വീകരിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. തന്മൂലം ഏകപക്ഷീയമായ ബ്രാഹ്മണിക്കൽ ആഖ്യാനങ്ങളുടെ ദുർമേദസ്സാണ് വിജ്ഞാനം എന്ന പേരിൽ വിതരണം ചെയ്യപ്പെടുന്നത്. അതിൽ ജീവിക്കേണ്ടിവരുന്ന ജനങ്ങൾ പുരാതനകാലങ്ങളെ ആന്തരവൽക്കരിക്കുകയും അനുഷ്ഠാനങ്ങളിൽ ജീവിക്കാൻ നിർബന്ധിക്കപ്പെടുകയും ചെയ്യും. ആചാരനിഷ്ഠമായ ബ്രാഹ്മണ്യപുരുഷാധികാരം ഒരു പോറൽ പോലും ഏൽക്കാതെ നിർബാധം തുടരുകയും ചെയ്യുന്നു. എല്ലാ രാഷ്ട്രീയ നേതൃത്വങ്ങളും ഒരേ കാര്യം ചെയ്യാൻ മത്സരിക്കുമ്പോൾ ബഹുജനങ്ങൾ ഒരു പുതിയ വഴി കണ്ടെത്തേണ്ടിവരും. അതാണ് ചരിത്രം നമുക്ക് നൽകുന്ന പാഠവും.
