പിണറായി വിജയൻ സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാരനാളുകൾ പിന്നിട്ട മുഖ്യമന്ത്രി എന്ന പേരിൽ, മറ്റൊരാൾ ആ സ്ഥാനത്തേക്ക് വരും വരെ ചരിത്രത്താളുകളിൽ ഒരു ചോദ്യത്തിന്റെ ഉത്തരമായി അറിയപ്പെടും. ഇനി ക്വിസ് ചോദ്യങ്ങളിലെ പ്രധാനപ്പെട്ടതും ആവർത്തിച്ചു വരാനിടയുള്ളതുമായ, കേരളം തുടർച്ചയായി ഏറ്റവും കൂടുതൽ ഭരിച്ച മുഖ്യമന്ത്രിയാര് എന്ന ചോദ്യത്തിന്റെ / ഉത്തരം: പിണറായി വിജയൻ.
സി.അച്യുതമേനോൻ കൈയാളിയ ആ ചോദ്യത്തിന്റെ ഉത്തരത്തിലേക്കാണ് പിണറായിയുടെ കടന്നുവരവ്. 1970 ഒക്ടോബർ നാലു മുതൽ 1977 മാർച്ച് 25 വരെയാണ് അച്യുതമേനോൻ കേരളം ഭരിച്ചത്. 2016 മെയ് 25 ന് മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ 2365 ദിവസങ്ങൾക്കപ്പുറം പിന്നിട്ടു.
പിണറായി വിജയനെ അധികാരം കൈയാളിയ ഓർമകളുടെ തുടർച്ചയിൽ, ഭാവിയുടെ ചരിത്രം എങ്ങനെയാവും രേഖപ്പെടുത്തുക? ക്വിസ് മാർക്ക് ചോദ്യത്തിന്റെ ഒറ്റ മാർക്ക് ഉത്തരത്തിനപ്പുറം ആ മുഖ്യമന്ത്രിയുടെ അധികാരകാലങ്ങൾ എങ്ങനെയാണ് ചരിത്രത്തിന്നും ആ ചരിത്രത്തിന്റെ സമകാലികതയ്ക്കും അനുഭവപ്പെട്ടത്? രാഷ്ട്രീയ പക്ഷപാതിത്വങ്ങളില്ലാതെ, ആരാധനയുടെ മുൻ വിധി ഭാരങ്ങളില്ലാതെ ആ ചോദ്യത്തിന് മുന്നിൽ സന്നിഹിതനാവുമ്പോൾ കിട്ടുന്ന ഉത്തരം, ഏറെ കലർപ്പുകൾ കലർന്നതാണ്.
ഏറ്റവും പെട്ടെന്ന് കിട്ടുന്ന ഉത്തരം, സി.അച്യുതമേനോനെക്കുറിച്ച് പറയാവുന്നത് പോലെ, വളരെ ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാവാണ്. പക്ഷെ, ഈച്ഛരവാര്യർ എന്ന അച്ഛനും രാജൻ എന്ന മകനും ചരിത്രത്തിന്റെ തിളക്കുന്ന വെയിലിൽ ഇപ്പോഴുമുണ്ട്. ചരിത്രം, ഇപ്പോഴും, സി.അച്യുതമേനോനെ, ആ ഓർമയുടെ മുൾമുനയിൽ തന്നെ നിർത്തുന്നു.
ഭാവി, അലങ്കാരത്തിന്റെ തൂവലുകളില്ലാതെ ഭരണാധികാരികളെ വിലയിരുത്തുന്ന സന്ദർഭമുണ്ട്. കേരളം കണ്ട ഏറ്റവും മോശം ആഭ്യന്തരമന്ത്രി എന്ന നിലയിലായിരിക്കുമോ പിണറായി വിജയനെക്കുറിച്ചുള്ള ഭാവിയുടെ അവതരണങ്ങൾ? ആഭ്യന്തരവകുപ്പ് ഇത്രയേറെ വിമർശിക്കപ്പെട്ട രാഷ്ട്രീയ സന്ദർഭമുണ്ടായിട്ടില്ല. ഇനിയും നേരം വെളുത്തിട്ടില്ലാത്ത പ്രാകൃതപീഡകരുടെ വാർത്തകൾ കൊണ്ട് നമ്മുടെ വാർത്തകൾ നിറഞ്ഞ കാലമായിരുന്നു, പിണറായിയുടെ ഭരണകാലം. ഭയം, മാധവിക്കുട്ടിയുടെ ശീർഷകം പോലെ, നിശാവസ്ത്രം പോലെ ഒരു വാസ്തവമായി.

കോവിഡ് കാലത്ത് ജനങ്ങളും കാലവും സ്തംഭിച്ചു നിന്ന നാളുകളിൽ ശരിയായ മാർഗ്ഗനിർദ്ദേശം നൽകി മുഖ്യമന്ത്രി ജനങ്ങളോടൊപ്പം നിന്നു. പ്രളയകാലത്തും മനുഷ്യരെ 'ഒറ്റ മനുഷ്യരായി 'ഒന്നിപ്പിക്കുകയും ഒരേ തോണിയിലെ തുഴകളായി മനുഷ്യരെ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന ആ നേതൃശേഷി നാം കണ്ടു. ഭാവിയുടെ അവതരണങ്ങളിൽ ആ കാലത്തെ മുഖ്യമന്ത്രി തിളക്കത്തോടെ നിലനിൽക്കും. എന്നാൽ / കെ. റെയിൽ വിഷയത്തിൽ, മുഖ്യമന്ത്രി പൗരരുടെ ധർമ്മസങ്കടങ്ങൾക്ക് കാതോർത്തില്ല. സ്ത്രീകൾ തെരുവിലിറങ്ങിയ ആ നാളുകളിൽ പോലീസ് വലയം നിർദാക്ഷിണ്യം അവരുടെ മുഖാമുഖം നിന്നു. നിർഭയരായി സ്ത്രീകൾ മുഖ്യമന്ത്രിയോടും ഇടതുപക്ഷത്തോടും നിരവധി ചോദ്യങ്ങൾ തൊടുത്തുവിട്ടു. തെരുവിലിറങ്ങിയും വീട്ടുമുറ്റത്തിറങ്ങിയും നിന്ന സ്ത്രീകൾ മുഖ്യമന്ത്രി എന്ന 'ധാർഷ്ട്യത്തെ' രോഷത്തോടെയും കണ്ണീരോടെയും ചോദ്യമുനമ്പിൽ നിർത്തി. ഭാവിയുടെ അവതരണങ്ങളിൽ വീട്ടമ്മമാർ തെരുവിലറങ്ങിയ ആ കാലവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്. കോഴിക്കോട് ഇടതുപക്ഷം തൂത്തെറിയപ്പെട്ടതിൽ ആ കണ്ണീര് കൂടിയുണ്ട്.
വി.എസ് എന്ന തരംഗം എഴുത്തുകാരെയും ചിന്തകരേയും രാഷ്ട്രീയത്തിൽ കയ്യാലപ്പുറത്തു നിൽക്കുന്നവരെയും വരെ സ്വാധീനിച്ച കാലമുണ്ടായിരുന്നു. വി.എസിനാൽ സ്വാധീനക്കപ്പെടാത്ത ഒരാൾ പോലുമില്ല എന്ന അവസ്ഥയുണ്ടായിരുന്നു. എന്നാൽ, വി.എസിനാൽ സ്വാധീനക്കപ്പെടാതിരുന്ന ഒരേ ഒരാൾ പിണറായി വിജയനാണ്.
എന്നാൽ, നാഗരികമായ വേഗതയെ / പുതുലോകക്രമത്തിന്റെ വമ്പിച്ച മാറ്റങ്ങളെ എങ്ങനെ പ്രായോഗികമായി പരിഹരിക്കും എന്ന ചോദ്യം, വി.എസ് പ്രഭാവത്തിൽ ആരുമത്ര ശ്രദ്ധിച്ചില്ല. എന്നാൽ, കേരളത്തിൽ വികസനവുമായി ബന്ധപ്പെട്ട അഭാവങ്ങളുമുണ്ട്. വി.എസ് എന്ന വ്യക്തിപ്രഭാവം / കേരളത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട നിരവധി അഭാവങ്ങൾ - ഈ ദ്വന്ദ്വ 'പ്രഭാവ / അഭാവ' പിരിമുറുക്കങ്ങൾക്കിടയിൽ പക്ഷെ, കേരളത്തിന്റെ പ്രശ്നങ്ങൾ കയ്യാലപ്പുറത്തായിരുന്നു. താത്വികമായി മാത്രമുള്ള അവതരണങ്ങൾ കൊണ്ടു എന്തു പ്രയോജനം? പുതുലോകത്തെ നിർവ്വചിക്കാൻ വേറൊരു തരത്തിൽ പിണറായി ശ്രമിച്ചു കൊണ്ടിരുന്നു.
പഴയൊരു കാര്യം പറയാം. വിസ്മയ പാർക്ക്. അത് ഡിസ്നി ലാൻറിന്റെ പാർട്ടി എന്നു വിശേഷിപ്പിക്കുമ്പോൾ കേൾക്കുന്നവരിൽ 'ഓ, ശരിയാണല്ലൊ' എന്ന ധാരണയുണ്ടാക്കും. എന്നാൽ, ലോകസഞ്ചാരങ്ങളുടെയും ടൂറിസത്തിന്റെയും കാലത്ത് ദിനേശ് ബീഡിയുടെ ചരിത്രകാലം മാത്രം പറഞ്ഞാൽ പുതുതായിക്കൊണ്ടിരിക്കുന്ന കാലത്തെ ഉൾക്കൊള്ളാനാവുമായിരുന്നില്ല. ആളുകൾ ബഹുസ്വരമായി ഇടകലർന്നാനന്ദിക്കുന്ന ലോക സങ്കൽപങ്ങളിൽ വിനോദകേന്ദ്രങ്ങൾക്കും സഞ്ചാരങ്ങൾക്കുമുള്ള പങ്ക് വളരെ വലുതാണ്. നിശ്ചലതയിൽ നിന്ന് ചലനാത്മകയിലേക്ക് മാറുമ്പോൾ, വ്യക്തികൾ സ്വയം പുതുക്കുന്നുണ്ട്. ചിലപ്പോഴെങ്കിലും വ്യക്തിഗതമായ പ്രതിലോമപ്രവർത്തനങ്ങളെ അവ തടയും. പലതരം സംശങ്ങളുടെ കൊമ്പുകളിൽ ആ നാളുകൾ പാർട്ടിയെ നിർത്തി. പാർട്ടി മാറാൻ പറ്റാത്ത ആശയങ്ങളുടെ ആർക്കൈവ് എന്ന ഒരു ചിന്തയാണ് ചിലരിലെങ്കിലും അത്തരം പാഠങ്ങളിൽ രൂപപ്പെട്ടത്. വി.എസ്. ആ ആർക്കൈവിന്റെ സൂക്ഷിപ്പുകാരനായി. സംശയമില്ല, അതിന് അതിൻ്റേതായ ചരിത്ര മൂല്യമുണ്ട്.

എന്നാൽ, വി.എസ് എന്ന പോലെ പിണറായിക്കും അവരുടേതായ ആരാധകവൃന്ദവും വ്യക്തിപ്രഭാവലയങ്ങളുമുണ്ട്. കാലത്തിന്റെ മാറ്റങ്ങളോട് മുഖാമുഖം നിൽക്കുന്ന ഒരു പാർട്ടി നേതാവായിട്ടാണ് മധ്യവർഗ്ഗ മലയാളികൾ പിണറായിയെ കാണുന്നത്. വി.എസ് പരിസ്ഥിതിയുടെയും ഭൂമിയുടെയും രാഷ്ട്രീയം പറഞ്ഞു. എന്നാൽ, പാർട്ടിക്കെതിരായ റിക്രൂട്ടിങ്ങ് ഗ്രൗണ്ടായാണ്, ചിലരെങ്കിലും, അതിനെ കണ്ടത്. പാർട്ടിക്കുവേണ്ടി മുദ്രാവാക്യം മുഴക്കിയ തൊണ്ടകൾ ' വി.എസ് / വി.എസ് ' എന്നാർത്തു വിളിച്ചു.
കാലം പക്ഷെ, പിണറായിയുടെ മുന്നിൽ പുതിയ ചരിത്രമായി. ഇടയിൽ ഇരുന്നവർ എങ്ങോ പോയി. ചരിത്രം, ഏറ്റവും കൂടുതൽ കേരളം ഭരിച്ച മുഖ്യമന്ത്രി എന്ന നിലയിൽ ഇപ്പോൾ കാലം പിണറായി വിജയനോടൊപ്പമാണ്. ഭാവിയുടെ അവതരണങ്ങളിൽ എന്നാൽ ഒരുപാട് ചോദ്യങ്ങൾ ചരിത്രത്തിനു മുന്നിൽ വെക്കും.
പയ്യന്നൂർ എന്ന പാഠപുസ്തകം
എം.എൻ. വിജയൻ ചോദിക്കുമായിരുന്ന രാഷ്ട്രീയ ചോദ്യങ്ങൾ ഇടതുപക്ഷത്തിനു മുന്നിൽ വെക്കാൻ ഇപ്പോൾ ആരുമില്ല എന്ന രാഷ്ട്രീയ സന്ദേഹമാണ് പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ തിരുത്തിയത്. ‘നേതൃത്വത്തെ അണികൾ തിരുത്തണം’ എന്ന ആ ശീർഷകത്തിൽ പോലുമുണ്ട് ഒരു നിർഭയത.
ഈ കാലത്ത് രാഷ്ട്രീയക്കാരനായിരിക്കുന്നതാണോ, രാഷ്ട്രീയ ദല്ലാളായിരിക്കുന്നതാണോ ഏറ്റവും നല്ലത്? വിജയത്തിലേക്കുള്ള പാതയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ, രാഷ്ട്രീയ ദല്ലാൾ ആയിരിക്കുന്നതാണ് നല്ലത്. നിങ്ങൾ ഓഡിറ്റ് ചെയ്യപ്പെടില്ല. അതായത്, നിങ്ങൾ യഥാർഥഇടതു പക്ഷക്കാരനാണെങ്കിൽ കൂടി നിങ്ങൾക്ക് പാർട്ടിയുടെ അരികുകളിലാണിടം. എന്തിനാണ് ഇത്രയും സത്യസന്ധത? എന്തിനാണ് ഇത്രയും ആദർശം? 'ആദർശത്തിന്റെ സൂക്കേട് ഉള്ള ആൾ' എന്നായിരിക്കാം, നിങ്ങൾ ഏറ്റുവാങ്ങുന്ന പരിഹാസം. പ്രമേഹവും രക്തസമ്മർദ്ദവും പോലെ, അടവുനയം എന്നത് ഇക്കാലത്ത് ഒരു ജീവിതശൈലീ രോഗമാണ്.
ഇരിക്കട്ടെ, നിങ്ങൾക്ക് ആദർശവും സത്യസന്ധതയുമുണ്ടല്ലെ. എങ്കിൽ, കടയിൽ നിന്ന് ഇത്തിരി മൈദ വാങ്ങി, കലക്കി, ഏതെങ്കിലും പോസ്റ്ററിൽ 'ലഹരി വിരുദ്ധ കാമ്പയിൻ' എന്നോ, 'ഞാൻ സ്ത്രീധനം വാങ്ങില്ല, കൊടുക്കില്ല' എന്നോ രണ്ടു വരി എഴുതി ഒട്ടിക്കുക. ഇതിനെ 'പോസ്റ്റർ മെഡിറ്റേഷൻ' എന്നു പറയും. മനസ്സിന്റെ ഇരമ്പങ്ങൾ ഈ മെഡിറ്റേഷൻ കൊണ്ട് ഒരു വിധം അടങ്ങും.

കെ.വി. തോമസ് കാബിനറ്റ് റാങ്കോടു കൂടി സംസ്ഥാന സർക്കാറിന്റെ പ്രത്യേക പ്രതിനിധിയായി ദൽഹിയിൽ അവരോധിതനാകുമ്പോൾ ഇടതുപക്ഷ സർക്കാർ കേരളത്തിന് നൽകുന്ന സന്ദേശമെന്തായിരുന്നു? വളരെ ലളിതമായി പറഞ്ഞാൽ, കേരളത്തിലെ വിവേകശാലികളായ മുഖ്യധാരാ ഇടത് രാഷ്ട്രീയ യൗവ്വനത്തിന്, എസ്.എഫ്.ഐ മുതൽ ഡി.വൈ എഫ് ഐ ഉൾപ്പെടുന്ന ആ 'പ്രചോദിത യൗവ്വനങ്ങൾ'ക്ക് ഒരാദർശ ബിംബവും ഇടതിൽനിന്നില്ല എന്ന് ഉറപ്പിച്ചു പറയുകയാണ് പിന്നിട്ട പിണറായി ഭരണകാലങ്ങൾ. ഇലക്ഷൻ വരുമ്പോൾ പാട്ടു പാടാനും തെരുവു നാടകം കളിക്കാനും പോസ്റ്ററൊട്ടിക്കാനുമുള്ള ചുമതലാനിർവ്വഹണങ്ങൾ മാത്രമായി ചുരുക്കുകയായിരുന്നു യുവശക്തിയെ. സർക്കാർ പ്രതിനിധിയായി ദൽഹിയിൽ കെ.വി തോമസ് വന്നപ്പോൾ എങ്ങനെയൊക്കെ ന്യായീകരിച്ചത്? കെ.വി. തോമസിനെപ്പോലെ വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന ഒരു മനുഷ്യനെ കാബിനറ്റ് റാങ്കോടെ ദൽഹിയിൽ അയക്കുമ്പോൾ അതിനെതിരെ ഒരു പ്രമേയം പാസ്സാക്കാൻ പോലും ഡി വൈ എഫ് ഐ ക്ക് സാധിച്ചില്ല. എങ്കിലും, കെ.വി. തോമസിനെ ദൽഹിയിൽ സർക്കാർ പ്രതിനിധിയായി നിയമിക്കാമെന്ന ആ വലതുപക്ഷബുദ്ധി ആരുടേതാണ് എന്നെങ്കിലും ഡി. വൈ. എഫ്. ഐ പോസ്റ്ററെഴുതി ചോദിച്ചിരുന്നോ? ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കാനുള്ളതല്ലെങ്കിൽ ചുവരുകൾ എന്തിനായിരുന്നു?
തോമസ് ദൽഹിയിൽ ഇടതു സർക്കാറിനെ പ്രതിനിധീകരിക്കുമ്പോൾ, തെരഞ്ഞെടുപ്പുകാലത്തെ തെരുവ് നാടകങ്ങളിൽ കോർപറേറ്റ് ചങ്ങാത്തമെന്നോ ചങ്ങാത്ത മുതലാളിത്തമെന്നോ പരിഹസിക്കാൻ കഴിയുമോ? അഥവാ, അങ്ങനെ ഇടനിലക്കാരനായി പ്രത്യക്ഷപ്പെടേണ്ട ഒരു കഥാപാത്രത്തെ സൃഷ്ടിക്കേണ്ടിവരുമ്പോൾ ആരെ മാതൃകയാക്കും?
മുഖസ്തുതി ഒരു കലാപ്രവർത്തമായി മാറുമ്പോൾ, രാഷ്ട്രീയ ചോദ്യങ്ങൾ വരികയേയില്ല.
ഇപ്പോൾ എം.എൻ. വിജയൻ ചോദിക്കുമായിരുന്ന രാഷ്ട്രീയ ചോദ്യങ്ങൾ ഇടതുപക്ഷത്തിനു മുന്നിൽ വെക്കാൻ ആരുമില്ല എന്ന് കണ്ണൂരെങ്കിലും പറയില്ല. കണ്ണൂർ ഇടതുകോട്ടകൾ ചരിത്രവും ഇതിഹാസവും പറഞ്ഞ് നമ്മെ ബോധവൽക്കരിക്കാൻ പലരുമുണ്ടായിരുന്നു. എന്നാൽ, അരാഷ്ട്രീയമായ സ്ഥാനലബ്ധികളെക്കുറിച്ച് ഉറക്കെ ചോദിക്കാനാരുമില്ല എന്ന ആധിയും വ്യാധിയും കണ്ണൂർ ഇടതു മനുഷ്യർ തിരുത്തി.

വ്യക്തിപരമായി ഞാൻ ഏറെ ആദരവോടെ കാണുന്ന സുനിൽ പി. ഇളയിടം എന്തുകൊണ്ടാണ് പിണറായി ഭരണവർഷങ്ങളിൽ ചോദ്യം ചോദിക്കാതിരുന്നത്? കവികളിൽ നിർഭാഗ്യവശാൽ ഇത്തരം ചോദ്യങ്ങളുന്നയിക്കാൻ ഇന്നാരുമില്ല. വലതുപക്ഷമെന്നത് പലതരം രൂപപ്പകർച്ചകളിലൂടെ ഇടതായി മാറുകയാണ്. ദൈനംദിന ജീവിതത്തിലെ സമഗ്ര തലങ്ങളിലും ഈ രൂപപ്പകർച്ചയുടെ വിന്യാസം കാണാം. അതുകൊണ്ടാണ് അടൂർ ഇപ്പോഴും നമുക്ക് സ്വീകാര്യമാവുന്നത്. ചരിത്രത്തിന്റെ കാലികമായ സ്പന്ദങ്ങൾ കേൾക്കുന്നതിലും തിരിച്ചറിയുന്നതിലും ഇടതുപക്ഷം നിരാശപ്പെടുത്തുന്നു.
ഇനി കോൺഗ്രസ് വന്നാൽ ഈ നിരാശകൾ മാറുമെന്നാണോ? ഒരിക്കലുമില്ല.
നേതൃപരമായി ഉജ്ജ്വലനായ ഒരു രാഷ്ട്രീയ നായകനെ ആശ്രിതരായ വാഴ്‌ത്തുപാട്ടുകാർ ഇടതേതര മൂല്യങ്ങളിലേക്ക് വഴിതിരിച്ചുവിട്ട പാർട്ടിവർഷങ്ങൾ കണ്ണൂർ തിരുത്തുന്നു.
