വി.ഡി. സതീശൻ

വി.ഡി. സതീശനു
മുന്നിലെ ജനസഞ്ചയവും
വെല്ലുവിളികളും

അതിപ്രബലമാണ് വി.ഡി. സതീശനുമുന്നിലുള്ള പ്രതികൂല ഘടകങ്ങൾ. ഏതൊരു വീഴ്ചയും മുതലെടുക്കാൻ കാത്തിരിക്കുന്ന ശക്തികൾ സ്വന്തം ചേരിയിലും പുറത്തും ധാരാളം. അതിനും അപ്പുറമാണ് സതീശന്റെ തന്നെ ഉള്ളിലെ വ്യക്തിപരവും രാഷ്ട്രീയവുമായ വിരുദ്ധ ഘടകങ്ങൾ- രാധാകൃഷ്ണൻ എം.ജി. എഴുതുന്നു.

സംഘടനയെ ജനത നേരിട്ട് തിരുത്തുന്ന ചരിത്രത്തിലെ അസാധാരണ മുഹൂർത്തങ്ങളിലൊന്നാണ് വി. ഡി. സതീശന്റെ മുഖ്യമന്ത്രി പദപ്രാപ്‌തി. പല അർത്ഥങ്ങളിലും 2006- ലും 2011-ലും വി.എസ്. അച്ചുതാനന്ദന്റെ കാര്യത്തിൽ നടന്ന സംഭവങ്ങളുമായി ഇതിന്റെ വിസ്മയകരമായ സാമ്യം ചെറുതല്ല.

രണ്ടുതവണ തുടരെ സ്ഥാനാർത്ഥിത്വം നിഷേധിച്ച സി.പി.എമ്മിന് ജനസഞ്ചയത്തിന്റെ ശക്തമായ പ്രതിരോധത്തെ തുടർന്ന് മുട്ടുമടക്കേണ്ടിവന്നത് അഭൂതപൂർവമായിരുന്നു. സംഘടനാനിയമങ്ങളും അച്ചടക്കവും മറ്റും ഉരുക്കുചട്ടയായ കമ്യൂണിസ്റ്റ് പാർട്ടിയിലാണിത് നടന്നതെന്നത് കൂടുതൽ ശ്രദ്ധേയം. സംഘടനാനിയമങ്ങളുടെയും സംഖ്യകളുടെയും അപ്പുറത്ത്, ധാർമ്മികത ഉയർത്തിപ്പിടിച്ച ജനകീയ ശബ്ദം നേടിയ മേൽക്കെയാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തെ മറികടന്ന വി.എസിന്റെയും വി.ഡിയുടെയും വിജയത്തിനുപിന്നിൽ.

വി.എസ്. അച്യുതാനന്ദന് എന്ന പോലെ വി.ഡി. സതീശന് അനുകൂലമായി ജനസഞ്ചയം ശബ്ദമുയർത്തിയത് രാഷ്ട്രീയാതീതമായി അദ്ദേഹം സ്വീകരിച്ച ചില ധാർമ്മിക നിലപാടുകൾ മൂലമാണ്.

ആഗോളവൽക്കരണത്തിന്റെ കടന്നുകയറ്റത്തോടെ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം ആവിർഭവിച്ചതാണ് പരമ്പരാഗതമായ പല ഘടനകളും ദുർബലമായ പ്രത്യയശാസ്ത്രാനന്തര കാലം. വർഗരാഷ്ടീയവും തൊഴിലാളിവർഗങ്ങളും ദുർബലപ്പെട്ട ഇക്കാലത്ത് സാമ്പത്തിക രാഷ്ട്രീയ ചൂഷണങ്ങൾക്കെതിരായ പ്രതിരോധരീതിക്ക് ചില യൂറോപ്യൻ ‘സ്വതന്ത്ര’ മാർക്സിസ്റ്റ് പണ്ഡിതർ ഇട്ട പേരാണ് ജനസഞ്ചയരാഷ്ട്രീയം. (Politics of multitudes).

വ്യവസ്ഥാപിതമായ ഒരു കേന്ദ്രമോ നേതൃത്വമോ ഇല്ലാത്ത ‘നൈസർഗികവും വൈകാരികവുമായ’ ജനസഞ്ചയരാഷ്ട്രീയത്തിന്റെ ചില മിന്നലാട്ടങ്ങൾ കേരളത്തിൽ സമീപകാലത്ത് നടന്ന പല സമരങ്ങളിലും ഈ വിഎസ് - വി.ഡി.എസ് അനുകൂല പ്രക്ഷോഭങ്ങളിലും കാണാം. ജനസഞ്ചയ രാഷ്ട്രീയത്തിന്റെ പരിമിതികളും അതിനെതിരെ ഉയർന്നിട്ടുള്ള വിമർശനങ്ങളുടെ പ്രസക്തിയും ഈ പ്രക്ഷോഭങ്ങളിൽ ദൃശ്യമാണെന്നതും നിസ്സംശയം.

വി.ഡി. സതീശൻ, വി.എസ്. അച്യുതാനന്ദൻ. സംഘടനാനിയമങ്ങളുടെയും സംഖ്യകളുടെയും അപ്പുറത്ത് ധാർമ്മികത ഉയർത്തിപ്പിടിച്ച ജനകീയ ശബ്ദം നേടിയ മേൽക്കെയാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തെ മറികടന്ന വി.എസിന്റെയും വി.ഡിയുടെയും വിജയത്തിനുപിന്നിൽ.
വി.ഡി. സതീശൻ, വി.എസ്. അച്യുതാനന്ദൻ. സംഘടനാനിയമങ്ങളുടെയും സംഖ്യകളുടെയും അപ്പുറത്ത് ധാർമ്മികത ഉയർത്തിപ്പിടിച്ച ജനകീയ ശബ്ദം നേടിയ മേൽക്കെയാണ് പാർട്ടിക്കുള്ളിലെ ഭൂരിപക്ഷത്തെ മറികടന്ന വി.എസിന്റെയും വി.ഡിയുടെയും വിജയത്തിനുപിന്നിൽ.

തീർച്ചയായും 24 മണിക്കൂർ പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ സാന്നിധ്യവും ഈ പുതിയ ജനസഞ്ചയരാഷ്ട്രീയത്തെ പല മടങ്ങ് ഫലപ്രദമാക്കുന്നുണ്ട്. സാമൂഹ്യമാധ്യമങ്ങളുടെ രംഗപ്രവേശത്തോടെ അത് നൂറു മടങ്ങ് വർധമാനമാവുകയും ചെയ്തു. പക്ഷേ സോപ്പുകുമിള പോലെ വീർക്കുകയും അനിവാര്യമായി പൊട്ടിപ്പോവുകയും ചെയ്യുന്ന ഒന്നു മാത്രമല്ല ഈ പുതിയ ജനസഞ്ചയരാഷ്ട്രീയം. അതിന്റെ മൂലാധാരവും ഉരകല്ലും ധാർമ്മികതയാണ്. ഹ്രസ്വായുസ്സ് ആയാൽ തന്നെയും ധാർമ്മികമായി ന്യായീകരിക്കാനാവാത്ത ഒന്നിനും ജനസഞ്ചയ രാഷ്ട്രീയത്തിൽ ഉയർന്നുവരാൻ കഴിയില്ല.

അഞ്ചുവർഷം പ്രതിപക്ഷത്തെ ശക്തമായി നയിക്കുകയും തുടർച്ചയായ രണ്ടാം തോൽവിയോടെ തകർന്നുപോയ കോൺഗ്രസിനെയും യു ഡി എഫിനെയും പുനരുജ്ജീവിപ്പിക്കുകയും പടുകൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്തതിന്റെ മുന്നിൽ നിന്നത് വി.ഡി. സതീശനാണെന്നതിൽ സംശയമില്ല. അതുകൊണ്ടുതന്നെ മറ്റാരെക്കാളും മുഖ്യമന്ത്രി പദത്തിന് ഏറ്റവും അർഹനും മറ്റാരുമായിരുന്നില്ല. പക്ഷേ വി.എസിന് എന്ന പോലെ സതീശന് അനുകൂലമായി ജനസഞ്ചയം ശബ്ദമുയർത്തിയത് രാഷ്ട്രീയാതീതമായി അദ്ദേഹം സ്വീകരിച്ച ചില ധാർമ്മിക നിലപാടുകൾ മൂലമാണ്.

സംഘടനക്കുള്ളിൽ എന്ന പോലെ മുഖ്യമന്ത്രിക്കസേരയിൽ വി.എസിന് നേരിടേണ്ടിവന്ന വെല്ലുവിളികളും സതീശനെ കാത്തിരിക്കുന്നുണ്ട്. അതിപ്രബലമാണ് പ്രതികൂല ഘടകങ്ങൾ. ഏതൊരു വീഴ്ചയും മുതലെടുക്കാൻ കാത്തിരിക്കുന്ന ശക്തികൾ സ്വന്തം ചേരിയിലും പുറത്തും ധാരാളം.

പിണറായി വിജയൻ പ്രതിനിധീകരിച്ച അധികാര കേന്ദ്രീകരണത്തിനും അതിന്റെ ജനാധിപത്യവിരുദ്ധ പ്രയോഗത്തിനുമെതിരെ സതീശന്റെ ശക്തമായ പ്രതിഷേധം, പാർട്ടിക്കുള്ളിൽനിന്നുപോലും ഉയർന്ന സ്ത്രീവിരുദ്ധനടപടികൾക്കും, സാമുദായിക നേതാക്കന്മാരുടെ സമ്മർദ്ദരാഷ്ട്രീയത്തിനും എതിരെ കൈകൊണ്ട ഉറച്ച നിലപാടുകൾ, പാരിസ്ഥിതിക വിഷയങ്ങളിൽ സ്വീകരിച്ച ജാഗ്രത എന്നിവയൊക്കെ സതീശനെ വർത്തമാനകാലത്തെ രാഷ്ട്രീയ നേതാക്കളിൽനിന്ന് വ്യത്യസ്തനാക്കുന്നു. ധാർമ്മിക രാഷ്ട്രീയം ഉയർത്തുന്നതിലും ഹരിത രാഷ്ടീയവും സ്ത്രീപക്ഷരാഷ്ട്രീയവും അടക്കം സൂക്ഷ്മ രാഷ്ട്രീയ വിഷയങ്ങൾ ആദ്യമായി മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന വി.എസുമായുള്ള സാമ്യം ഇവിടെയും കാണാം. വി.എസിന്റെ യഥാർത്ഥ പിൻഗാമി കോൺഗ്രസിൽനിന്ന് ഉയർന്നുവന്നത് ശ്രദ്ധയമാണ്. ‘ഞാനാണ് യഥാർത്ഥ ഇടതുപക്ഷ’മെന്നും പിണറായി വലതുപക്ഷമാണെന്നുമുള്ള സതീശന്റെ നിരന്തരപ്രസ്താവനകൾ ഓർക്കാം.

വി.ഡി. സതീശൻ. അഞ്ചുവർഷം പ്രതിപക്ഷത്തെ ശക്തമായി നയിക്കുകയും തുടർച്ചയായ രണ്ടാം തോൽവിയോടെ തകർന്നുപോയ കോൺഗ്രസിനെയും യു ഡി എഫിനെയും പുനരുജ്ജീവിപ്പിക്കുകയും പടുകൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്തതിന്റെ മുന്നിൽ നിന്നത് വി.ഡി. സതീശനാണെന്നതിൽ സംശയമില്ല.
വി.ഡി. സതീശൻ. അഞ്ചുവർഷം പ്രതിപക്ഷത്തെ ശക്തമായി നയിക്കുകയും തുടർച്ചയായ രണ്ടാം തോൽവിയോടെ തകർന്നുപോയ കോൺഗ്രസിനെയും യു ഡി എഫിനെയും പുനരുജ്ജീവിപ്പിക്കുകയും പടുകൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് മടക്കിക്കൊണ്ടുവരുകയും ചെയ്തതിന്റെ മുന്നിൽ നിന്നത് വി.ഡി. സതീശനാണെന്നതിൽ സംശയമില്ല.

പക്ഷേ സംഘടനക്കുള്ളിൽ എന്ന പോലെ മുഖ്യമന്ത്രിക്കസേരയിൽ വി.എസിന് നേരിടേണ്ടിവന്ന വെല്ലുവിളികളും സതീശനെ കാത്തിരിക്കുന്നുണ്ട്. അതിപ്രബലമാണ് പ്രതികൂല ഘടകങ്ങൾ. ഏതൊരു വീഴ്ചയും മുതലെടുക്കാൻ കാത്തിരിക്കുന്ന ശക്തികൾ സ്വന്തം ചേരിയിലും പുറത്തും ധാരാളം. അതിനും അപ്പുറമാണ് സതീശന്റെ തന്നെ ഉള്ളിലെ വ്യക്തിപരവും രാഷ്ട്രീയവുമായ വിരുദ്ധ ഘടകങ്ങൾ.

ആന്തരികവും ബാഹ്യവുമായ ഈ വെല്ലുവിളികൾ നേരിടാനുള്ള മൂല്യബോധവും ഇച്ഛാശക്തിയും പ്രായോഗികബുദ്ധിയും സതീശനിൽ ഉണ്ടാകുമോ എന്നത് വരും ദിവസങ്ങൾ തെളിയിക്കേണ്ടതുണ്ട്. ജനസഞ്ചയരാഷ്ട്രീയത്തിന്റെ പരിമിതികൾ എത്രത്തോളം മറികടക്കാനാകുമെന്നതാണ് സതീശന്റെ ഏറ്റവും വലിയ വെല്ലുവിളി.

Comments