തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി ആഴത്തിൽ പരിശോധിക്കപ്പെടേണ്ടതും ജനപിന്തുണയിലുണ്ടായ കുറവിനു കാരണമായ തെറ്റുകളും പിഴവുകളും അടിയന്തരമായി തിരുത്തപ്പെടേണ്ടതുമാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഇടതുപക്ഷ പ്രസ്ഥാനവും കമ്യൂണിസ്റ്റ് പാർട്ടികളും തങ്ങൾക്ക് സംഭവിക്കുന്ന തെറ്റുകളും വീഴ്ചകളും ഒരു മടിയുമില്ലാതെ തിരുത്തിപ്പോകുന്നവരാണ്. ഇടതുപക്ഷത്തെ സംബന്ധിച്ച് ഭരണത്തുടർച്ചയുടെ സാഹചര്യത്തിൽ സംഭവിക്കാനിടയുള്ള കമ്യൂണിസ്റ്റ് മൂല്യങ്ങൾക്ക് നിരക്കാത്ത എല്ലാ പ്രവണതകളെയും തിരിച്ചറിയുകയും തിരുത്തുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണെന്ന് നേരത്തെ സി.പി.എം പാർട്ടി കോൺഗ്രസും സംസ്ഥാനകമ്മിറ്റി രേഖയുമെല്ലാം മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
കേവലമായ ധാർമ്മികതയുടെയും വ്യക്തിമൂല്യങ്ങളുടെയും പ്രശ്നമായി മാത്രം രാഷ്ട്രീയ അപചയങ്ങളെയും തിരിച്ചടികളെയും ലളിതവൽക്കരിച്ച് കാണുന്നവരല്ല കമ്യൂണിസ്റ്റുകാർ. എല്ലാ തെറ്റുകൾക്കും പിറകിലുള്ള രാഷ്ട്രീയവും സൈദ്ധാന്തികവുമായ പ്രവണതകളെന്ത് എന്ന് കണ്ടെത്തി തിരുത്തുകയെന്നതാണ് കമ്യൂണിസ്റ്റ് രീതി.
സർക്കാരിന്റെ ക്ഷേമ- വികസന പ്രവർത്തനങ്ങളെയെല്ലാം സമ്പത്തിന്റെ ജനാധിപത്യപരമായ വിതരണത്തിന്റെയും വിഭവങ്ങൾക്കും സമ്പത്തിനും മുകളിലുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും അവകാശത്തിന്റെയും പ്രശ്നമായിട്ടാണ് കമ്യൂണിസ്റ്റുകാർ കാണുന്നത്. വിഭവങ്ങളും സമ്പത്തും ജനങ്ങളിലേക്ക് എത്തുമ്പോഴേ യഥാർത്ഥ ജനാധിപത്യത്തിലേക്ക് ജനസമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്കും നടന്നെത്താനാവൂ എന്നതാണ് കമ്യൂണിസ്റ്റ് സമീപനം. ബൂർഷ്വാ ഫ്യൂഡൽ രാഷ്ട്രീയത്തിെൻ്റ ദാനധർമ്മ സിദ്ധാന്തങ്ങളിലല്ല ആധുനിക ക്ഷേമരാഷ്ട്ര സങ്കൽപവും സോഷ്യലിസ്റ്റ് സമീപനവും വേറുറപ്പിച്ചിട്ടുള്ളത്. അത് സർവ്വരുടെയും ക്ഷേമവും പുരോഗതിയും ലക്ഷ്യം വെക്കുന്ന തൊഴിലാളിവർഗ ദർശനങ്ങളിൽനിന്ന് പിറവിയെടുത്തതും മാനവരാശിയുടെ സാർവ്വത്രിക അംഗീകാരം നേടിയിട്ടുള്ളതുമാണ്.

ഒരു ബൂർഷ്വാ വ്യവസ്ഥക്കകത്തുനിന്ന് ആ വ്യവസ്ഥയെ പരിവർത്തനപ്പെടുത്തുന്ന സാമൂഹ്യവിപ്ലവത്തിനുവേണ്ടി നിലകൊള്ളുന്നവരാണ് കമ്യൂണിസ്റ്റുകാരെന്ന ബോധം ഒരുഘട്ടത്തിലും പാർട്ടിയുടെ കേന്ദ്രകമ്മറ്റി മുതൽ താഴെതട്ടുവരെ പ്രവർത്തിക്കുന്നവർക്ക് നഷ്ടപ്പെട്ടുകൂടാത്തതാണ്. കമ്യൂണിസ്റ്റ് ധാർമ്മികതയെന്നത് വ്യകതിജീവിതവും സാമൂഹ്യതാൽപര്യങ്ങളും പരസ്പരം ബന്ധിപ്പിക്കുന്ന മാതൃകാപരമായ ജീവിതമാണെന്ന് ഹോച്മിൻ, കമ്യൂണിസ്റ്റുകാരുടെ സദാചാരസങ്കൽപത്തെക്കുറിച്ചുള്ള ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്.
ബൂർഷ്വാ സമൂഹത്തിലെ അംഗങ്ങളെന്ന നിലയിൽ ഓരോരുത്തരിലും വേരോടിയിട്ടുള്ള വ്യക്തിവാദപരവും സ്വാർത്ഥതാൽപര്യപരവുമായ നിലപാടുകൾക്കെതിരെ പോരാടുകയെന്നത് വളരെ പ്രധാനമാണ്. സ്വയം മാറാൻ തയ്യാറാകാത്തവർക്ക് സമൂഹത്തെ മാറ്റാനുള്ള പ്രസ്ഥാനത്തെ നയിക്കാനോ സമൂഹത്തെ മാറ്റാനോ കഴിയില്ല.
ബൂർഷ്വാരാഷ്ട്രീയക്കാരിൽ നിന്നും മറ്റ് പിന്തിരിപ്പൻ സംഘടനകളിൽ നിന്നും വ്യത്യസ്തമായി ഏത് പ്രതികൂല സാഹചര്യങ്ങളിലും ഉയർന്ന ധാർമ്മിക നിലവാരവും ആദർശബോധവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് പ്രസ്ഥാനവും നേതാക്കളും പ്രവർത്തകരും മുന്നോട്ടുപോയിട്ടുള്ളതെന്ന ചരിത്രം ഒരിക്കലും വിസ്മരിച്ചുകളയരുത്. ആഗോളവൽക്കരണം സൃഷ്ടിക്കുന്ന കടുത്ത വൈയക്തികവൽക്കരണത്തിന്റെയും ധനസമ്പാദനപ്രവണതകളുടെയും പിടിയിൽപ്പെടാതെ ഉന്നതമായ കമ്യൂണിസ്റ്റ് ധാർമ്മികബോധം സൂക്ഷിച്ചുകൊണ്ടേ ഇടതുപക്ഷ രാഷ്ട്രീയപ്രവർത്തകർക്ക് ജനങ്ങളുടെ നേതാക്കളായി മാറാൻ കഴിയൂ. അതിനാവശ്യമായ രാഷ്ട്രീയ സൈദ്ധാന്തിക വിദ്യാഭ്യാസവും പ്രത്യയശാസ്ത്രബോധവും ഓരോ പാർട്ടി അംഗവും ആർജ്ജിക്കുകയെന്നത് വളരെ പ്രധാനമാണ്. ഒരുതരത്തിലുമുള്ള കരിയറിസത്തിനും കമ്യൂണിസ്റ്റ് രാഷ്ട്രീയ സംഘടനയെ ഒരു ഘട്ടത്തിലും വിട്ടുകൊടുക്കാൻ പാടില്ലെന്ന ലെനിൻ തൊട്ട് ഇ.എം.എസ് വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കൾ മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.
കേരളത്തിന്റെ സവിശേഷമായ സമുദായ സാമൂഹ്യഘടനയും ഭൗതികജീവിതത്തിലുണ്ടായിരിക്കുന്ന മധ്യവർഗ്ഗവൽക്കരണവും സാർവദേശീയതലത്തിൽതന്നെ തീവ്രഗതിയാർജ്ജിച്ചിരിക്കുന്ന പുനരുജ്ജീവനരാഷ്ട്രീയവുമെല്ലാം ചേർന്ന സാഹചര്യത്തെയും അത് സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങളെയും പ്രതിലോമകരമായ ധ്രുവീകരണങ്ങളെയുമെല്ലാം സൂക്ഷ്മതലത്തിൽതന്നെ മനസ്സിലാക്കേണ്ടതുണ്ട്. കുപ്രസിദ്ധമായ വിമോചനസമരം മുതൽ ഭീഷണമായ മാനങ്ങൾ കൈവരിച്ച പ്രമാണിവർഗ വർഗീയ കൂട്ടുകെട്ട് എല്ലാകാലത്തും പുരോഗമനശക്തികൾക്കും ഭരണനടപടികൾക്കുമെതിരായി കേരളത്തിൽ ഗൂഢാലോചനാപരമായി നീങ്ങിയിട്ടുണ്ട്. ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ടും വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷങ്ങൾക്കെതിരായ തുടർച്ചയായ വിദ്വേഷപ്രചാരണവുമായെല്ലാം ബന്ധപ്പെട്ടും സി.പി.എമ്മിനെതിരെ തെറ്റിദ്ധാരണാജനകമായ പ്രചാരണയുദ്ധമാണ് യു.ഡി.എഫും ബി.ജെ.പിയും നടത്തിയത്. ഇതൊക്കെ ജനവിധിയിൽ ഏറിയും കുറഞ്ഞും സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.
ഈ പ്രചാരണയുദ്ധത്തെ എങ്ങനെ നേരിടുമെന്നതാണ് ഇടതുപക്ഷരാഷ്ട്രീയം കേരളം പോലുള്ള സമൂഹങ്ങളിൽ നേരിടുന്ന വെല്ലുവിളി. അതായത്, ഇടതുപക്ഷം മുന്നോട്ടുകൊണ്ടുപോകാൻ ശ്രമിക്കുന്ന ബദൽനയങ്ങൾക്കും ക്ഷേമവികസനപരിപാടികൾക്കുമെതിരായ ആസൂത്രിതമായ വലതുപക്ഷ പ്രചാരവേലകളും കുത്തിത്തിരിപ്പുകളും സൃഷ്ടിക്കുന്ന വെല്ലുവിളികളെ എങ്ങനെ മറികടക്കുമെന്നതാണ് കേരളത്തിലെ സി.പി.എമ്മും ഇടതുപക്ഷപ്രസ്ഥാനവും ഇന്ന് ആലോചിക്കേണ്ടത്.

ബി.ജെ.പിയും കോൺഗ്രസും ഒരേപോലെ പങ്കുവെക്കുന്ന നവലിബറൽ അജണ്ടയുടെ ഗുണഭോക്താക്കളായ സമ്പന്നവർഗശക്തികളും എല്ലാവിധ വർഗീയശക്തികളും ഇവിടെ ഒന്നിച്ചിരിക്കുകയാണെന്നു കാണണം. മനുഷ്യജീവിത ഗുണനിലവാരസൂചികയിൽ എല്ലാ രംഗങ്ങളിലും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് കേരളം. ക്ഷേമവികസനപ്രവർത്തനങ്ങളിൽ നിന്നും സർക്കാരുകൾ പിൻമാറുന്ന, നവ ഉദാരവൽക്കരണത്തെ നിഷേധിക്കുന്ന, മനുഷ്യജീവിതത്തിന്റെ എല്ലാവിധ ആവശ്യനിർവ്വഹണങ്ങളിലും സ്റ്റേറ്റിടപെടലുകൾ ശക്തിപ്പെടുത്തുന്ന ഭരണമാണ് കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാരിലൂടെ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ആരോഗ്യ- വിദ്യാഭ്യാസരംഗത്തും കാർഷിക- വ്യാവസായിക രംഗത്തും കേന്ദ്രസർക്കാരിൽ നിന്ന് വ്യത്യസ്തമായി സ്റ്റേറ്റിടപെടലുകളെ ശകതിപ്പെടുത്തിയിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ.
സാമൂഹ്യമൈത്രിയെയും മതിനിരപേക്ഷതയെയും ജീവിതത്തിന്റെ എല്ലാ വ്യവഹാരമണ്ഡലങ്ങളിലും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുകയാണ് കേരളം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ 10 വർഷക്കാലത്തിനിടയിൽ ഒരൊറ്റ വർഗീയകലാപം പോലും നടന്നിട്ടില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമാണ് മലയാളികളുടെ മാതൃഭൂമിയായ നമ്മുടെ കേരളം. കലാപങ്ങളുണ്ടാക്കി സാമുദായിക ചേരിതിരിവുകളുണ്ടാക്കുകയെന്ന ഹിന്ദുത്വവാദികളുടെയും മറ്റ് വർഗീയശക്തികളുടെയും അജണ്ടയെ ശകതമായി പ്രതിരോധിക്കുകയാണ് കഴിഞ്ഞ 10 വർഷമായി കേരളം ചെയ്തുകൊണ്ടിരിക്കുന്നത്. ഇതെല്ലാം ആഗോളവൽക്കരണത്തിന്റെ സൗകര്യങ്ങളും സൗജന്യങ്ങളും ഉപയോഗിച്ച് വളരാനാഗ്രഹിക്കുന്ന സമ്പന്നവർഗങ്ങളെയും വർഗീയശക്തികളെയും ഒരുപോലെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്.
ഇടതുപക്ഷ കമ്യൂണിസ്റ്റ് ശക്തികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനങ്ങൾക്കും രാഷ്ട്രങ്ങൾക്കുമെതിരായ തീവ്രമായൊരു പ്രചാരണയുദ്ധത്തിന്റെ കാലത്താണ് നമ്മളെല്ലാം ജീവിച്ചുപോകുന്നതെന്ന് മറക്കരുത്. സാമൂഹ്യമാധ്യമങ്ങളിലൂടെ തീവ്രവലതുപക്ഷശക്തികൾ ചിന്തയുടെയും ആശയരൂപീകരണത്തിന്റെയും മണ്ഡലത്തിൽ അഭൂതപൂർവ്വമായ മേൽക്കൈ നേടിക്കൊണ്ടിരിക്കുന്ന കാലവുമാണിത്. സാമൂഹ്യമാധ്യമങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്ന ആശയങ്ങളും വീക്ഷണങ്ങളുമെല്ലാം അങ്ങേയറ്റം വികലവും വിഘടിതവുമാണെന്നുകൂടി തിരിച്ചറിയണം. കമ്യൂണിസ്റ്റ് ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കെതിരായ ക്ഷുദ്രവികാരങ്ങളുണർത്തുന്ന പ്രചാരണങ്ങളാണ് കഴിഞ്ഞ കുറേക്കാലമായി കേരളത്തിലും മതരാഷ്ട്രവാദികളായ ഹിന്ദുത്വശക്തികളും മൗദൂദിസ്റ്റുകളും ഒരേപോലെ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രത്യക്ഷത്തിൽ പരസ്പരം എതിർക്കുന്നുവെന്ന് വരുത്തിക്കൊണ്ട് കമ്യൂണിസ്റ്റ് വിരുദ്ധമായ നിയോലിബറൽ അജണ്ടയുടെയും വിഭജനരാഷ്ട്രീയത്തിന്റെയും ഒരേപോലെയുള്ള പങ്കുവെപ്പുകാരും പിന്താങ്ങികളുമാണ് ഹിന്ദുത്വവാദികളും മൗദൂദിസ്റ്റുകളുമെന്നതാണ് യാഥാർത്ഥ്യം.

മൗദൂദിസ്റ്റുകളും അവരുടെ പ്രൊപ്പഗണ്ട സന്നാഹങ്ങളും കുറേക്കാലമായി സി.പി.എമ്മിനെ ഹിന്ദുത്വ പാർട്ടിയായും പിണറായി വിജയനെ മോദിയുമായൊക്കെ ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ്. വ്യാജോക്തികളും ലളിതോക്തികളുമുപയോഗിച്ച് ആട്ടിനെ പട്ടിയാക്കി, പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സത്യാനന്തരകാല പ്രചാരണതന്ത്രമാണ് മൗദൂദിസ്റ്റുകളുടേതും അവർക്കൊപ്പം ചേർന്ന സ്വത്വരാഷ്ട്രീയവാദികളുടേതും. മീഡിയവൺ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ തെരഞ്ഞെടുപ്പ് ഫലങ്ങളെ വിശകലനം ചെയ്തുകൊണ്ട് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ആഖ്യാനം തിരുവനന്തപുരം കോർപ്പറേഷൻ ബി.ജെ.പിക്ക് കിട്ടിയത് സി.പി.എം നിലപാടുകൊണ്ടാണെന്നാണ്. എന്താണ് വസ്തുതയെന്ന് മനസ്സിലാക്കാതെ, തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി ജയിച്ച സീറ്റുകളിൽ യു.ഡി.എഫ് വോട്ടുകളിൽ വന്ന ഗണ്യമായ കുറവിന്റെ പ്രശ്നങ്ങളെയാകെ അജ്ഞതയിൽ നിർത്തിക്കൊണ്ടാണ് ഈ പ്രചാരണം.
തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി ജയിച്ച 41 ഡിവിഷനുകളിലും കോൺഗ്രസ് മൂന്നാം സ്ഥാനത്താണെന്ന യാഥാർത്ഥ്യം അവർ മറച്ചുപിടിക്കുന്നു. എന്നുമാത്രമല്ല ബി.ജെ.പിക്ക് ജയമുണ്ടായ 25 ഡിവിഷനുകളിൽ കോൺഗ്രസിന് ലഭിച്ചത് ആയിരത്തിൽ താഴെ വോട്ടുകൾ മാത്രമാണ്. ഈ 41 ഡിവിഷനുകളിൽ അഞ്ചിടത്ത് കേവലം 60 വോട്ടിന് താഴെയാണ് എൽ.ഡി.എഫിന് പരാജയമുണ്ടായത്. കോഴിക്കോട് ഉൾപ്പെടെ ബി.ജെ.പി ജയിച്ചുകയറിയ ഭൂരിപക്ഷ സീറ്റുകളിലും യു.ഡി.എഫ് മൂന്നാം സ്ഥാനത്താണെന്നതാണ് വസ്തുത. ബി.ജെ.പി–കോൺഗ്രസ് രഹസ്യധാരണകളെ കുറിച്ച് അത സൃഷ്ടിച്ച് ഭൂരിപക്ഷസമുദായത്തിലെയും ന്യൂനപക്ഷ സമുദായങ്ങളിലെയും ജനങ്ങൾക്കിടയിൽ ഇടതുപക്ഷത്തെ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കുന്ന എല്ലാവിധ പ്രചാരവേലകളെയും ജാഗ്രതയോടുകൂടിതന്നെ നേരിടേണ്ടതുണ്ട്.
