മറ്റാരുണ്ട്
എൽ.ഡി. എഫ് അല്ലാതെ?
തോൽക്കാൻ

ജയിച്ച മണ്ഡലങ്ങളിൽ പോലും ആധികാരികത ഉറപ്പിക്കാൻ പറ്റാത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയത്തിൻ്റെ ആഴം എത്ര വലുതാണ് എന്ന് ഓർമിപ്പിക്കുന്നുണ്ട്. EDITORIAL / MANILA C MOHAN.

ധികാരവും മതേതര ജനാധിപത്യവും തമ്മിലുള്ള പോരാട്ടമാണ് 16-ാ മത് നിയമസഭയിലേക്ക് നടന്നത്. അതിൽ മതേതര ജനാധിപത്യം ഏറ്റവും മനോഹരവും ആധികാരികവുമായ വിജയം നേടിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി, ഇടതുപക്ഷ മൂല്യങ്ങളെയും മതേതര നിലപാടുകളെയും മുഴുവൻ കയ്യൊഴിഞ്ഞതിന് ജനം നൽകിയ മറുപടിയാണ് യു.ഡി.എഫ് നേടിയ വിജയവും എൽ.ഡി.എഫിൻ്റെ ആധികാരിക പരാജയവും.

ജനത്തെ ഔദാര്യം പറ്റുന്നവരായി മാത്രം പരിഗണിച്ച ഒരു നേതൃത്വത്തോട് ജനങ്ങളുടെ വിവേചനാധികാരമാണ് ജനാധിപത്യത്തിലെ അധികാരം എന്ന് ഇടതുപക്ഷത്തുള്ള നേതാക്കളെ ജനം കൃത്യമായി ഓർമപ്പെടുത്തി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽനിന്ന് ഒരു കാലത്തും പ്രതീക്ഷിക്കാതിരുന്ന തരത്തിലുള്ള മുസ്‌ലിം വിരുദ്ധത, ജമാഅത്തെ ഇസ്‌ലാമിയുടെ പേരിലും മുസ്‌ലിം ലീഗിൻ്റെ പേരിലും മുഖ്യമന്ത്രി മുതൽ സോഷ്യൽ മീഡിയാ അണികൾ വരെ ഒരേ ഭാഷയിൽ വ്യാപകമായി പ്രചരിപ്പിച്ചതിന് സി. പി. എം വലിയ വിലയാണ് നൽകേണ്ടിവന്നിരിക്കുന്നത്. വർഗ്ഗീയവാദിയും സംഘരിവാറിൻ്റെ ട്രോജൻ കുതിരയുമായ വെള്ളാപ്പള്ളി നടേശനെ കൂട്ടുപിടിച്ച് മുസ്‌ലിം വിരോധമെന്ന വിഷം പരത്തിയപ്പോൾ മതേതര കേരളം ഇടതുപക്ഷത്തെ വോട്ട് ചെയ്ത് തോൽപ്പിച്ചു.

തെരഞ്ഞെടുപ്പുകാലത്ത് മതേതര രാഷ്ട്രീയം പറയാൻ വി.ഡി സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് രാഷ്ട്രീയ ജാഗ്രത പുലർത്തുകയും ചെയ്തു.

യു.ഡി.എഫിന് അനുകൂലമായി എന്നതിനേക്കാൾ എൽ.ഡി.എഫിന് എതിരായി ആവേശത്തോടെ വോട്ടു ചെയ്ത ആ ജനത്തിലെ വലിയൊരു വിഭാഗം ഇടതുപക്ഷത്തു നിൽക്കുന്നവരാണ് എന്നതിൻ്റെ തെളിവാണ് സി.പി.എമ്മിൻ്റെ കണ്ണൂർ കോട്ട അടപടലം പൊളിഞ്ഞു വീണതും പാർട്ടിയെ അണികൾ തിരുത്തും എന്ന മുദ്രാവാക്യം വിളിയോടെ പാർട്ടിയ്ക്കു പുറത്തുവന്ന വി. കുഞ്ഞികൃഷ്ണൻ്റെ ഉജ്ജ്വല വിജയവും. ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും ഗംഭീരമായ രാഷ്ട്രീയ വിജയം വി. കുഞ്ഞികൃഷ്ണൻ്റേതാണ്.

ജി. സുധാകരനും ടി.കെ. ഗോവിന്ദനും ഇടതുപക്ഷത്തിൻ്റെ വഴിതിരിഞ്ഞുപോക്കിൽ ഇടഞ്ഞ് പാർട്ടിയിൽനിന്ന് പുറത്തുവന്ന് മത്സരിച്ച് വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു കാണിച്ചു. പിണറായി വിജയൻ്റെ ഭൂരിപക്ഷത്തേക്കാൾ വലിയ ഭൂരിപക്ഷമാണ് ജി.സുധാകരൻ നേടിയിരിക്കുന്നത്. അതൊരു രാഷ്ട്രീയ മറുപടി കൂടിയായി മാറുന്നു.

പാർട്ടിയെന്നാൽ പിണറായി വിജയൻ ചെയർമാനായി രജിസ്റ്റർ ചെയ്ത കോർപ്പറേറ്റ് കമ്പനിയാണെന്നും കേരളമെന്നാൽ 2016- ൽ പിണറായി വിജയൻ കടലിൽനിന്ന് മുങ്ങിയെടുത്തതാണെന്നും മുദ്രാവാക്യം വിളിക്കുന്ന സാംസ്‌കാരിക നായകരും പി. ആർ ഏജൻസി മുതലാളിമാരും സോഷ്യൽ മീഡിയയിലെ തിരുവാതിര കളിക്കാരും പോരാളികളും മാധ്യമപ്രവർത്തകരുടെ മുഖം മൂടിയിട്ട് പാർട്ടിയെ പ്രശംസിച്ച് പറ്റിക്കുന്നവരും ഇലക്ഷൻ റിസൾട്ടിലെ നമ്പറുകൾ മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്. ജയിച്ച മണ്ഡലങ്ങളിൽ പോലും ആധികാരികത ഉറപ്പിക്കാൻ പറ്റാത്ത എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ പരാജയത്തിൻ്റെ ആഴം എത്ര വലുതാണ് എന്ന് ഓർമിപ്പിക്കുന്നുണ്ട്.

ബംഗാളിൽ തോറ്റ മമതയും തമിഴ്നാട്ടിൽ തോറ്റ സ്‌റ്റാലിനും കേരളത്തിൽ തോൽവിയുടെ ക്യാപ്റ്റനായ പിണറായിയും ഒരുപോലെയാണ് എന്ന് ഈ പ്രശംസകർ ഇനിയും പറയും. കേന്ദ്രത്തിൽ ബി.ജെ.പിയെ, എൻ. ഡി.എയെ നേരിട്ട് എതിർത്തവരൊക്കെ സമൂഹത്തിൻ്റെ വലതു വ്യതിയാനത്തിൻ്റെ ഭാഗമായി തോറ്റതാണെന്ന് പറഞ്ഞ് സ്ഥാപിക്കാനും ഇവർ ശ്രമിക്കും. കേരളത്തിൽ എൽ.ഡി.എഫ് തോറ്റത് നരേന്ദ്ര മോദിയെ നേരിട്ട് എതിർത്തിട്ടല്ല എന്ന് വോട്ടവകാശമുള്ളവർക്കെല്ലാം അറിയാം. സംഘ്പരിവാറിനോട് ഒതുക്കത്തിൽ കൂട്ടുകൂടിയിരുന്നെന്നും സംഘ്പരിവാറിനോളം വർഗീയത കളിച്ചിരുന്നെന്നും അറിയാം.

ഭരണമെന്നാൽ വികസനമാണ് എന്നാണ് എൽ.ഡി.എഫ് കരുതിയതും പ്രചരിപ്പിച്ചതും. വികസനമെന്നാൽ കെട്ടിടങ്ങളും റോഡും മാത്രവും. ആശുപത്രി കെട്ടിടം തകർന്നുവീണ് ഒരാൾ അടിയിൽ പെട്ട് മരിക്കുമ്പോൾ കാത്ത് ലാബുകളുടെ എണ്ണം പറയുന്നതായിരുന്നില്ല വികസനമാവേണ്ടിയിരുന്നത്. സമരം ചെയ്യുന്ന മനുഷ്യരോട് ഇടതു സർക്കാർ കാണിച്ച ശത്രുത ചരിത്രസമരങ്ങളുടെ ഓർമകളുള്ള കേരളം മറന്നില്ല എന്നതു കൂടിയാണീ തെരഞ്ഞെടുപ്പ് ഫലം. അതിൽ കെ. റെയിൽ സമരങ്ങളും വിഴിഞ്ഞവും ആശാ സമരവും കരിങ്കൊടി സമരങ്ങളുമെല്ലാം ഉൾപ്പെടും. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ തന്നെയായിരുന്നു അടിമുടി പരാജയമായിരുന്ന ആഭ്യന്തര വകുപ്പിൻ്റെയും മന്ത്രി. എത്രയോ കസ്റ്റഡിമരണങ്ങൾ, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ, ഗുണ്ടാവിളയാട്ടങ്ങൾ തുടങ്ങി എണ്ണിപ്പറയാൻ എത്രയോ സംഭവങ്ങൾ.

വിമർശിക്കുന്നവരേയും വിയോജിക്കുന്നവരെയും യഥാർത്ഥ ഇടതുപക്ഷം എന്ന് പരിഹസിച്ച് നേതൃത്വവും അണികളും കൂട്ടം ചേർന്ന് ആക്രമിച്ചതിൻ്റെ അന്തിമ ഫലം. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള രഥത്തിൽ കേരള ജനതയെ മുഖം കാണിക്കാൻ ബസ്സിൽ കറങ്ങിയതിൻ്റെയും രക്ഷാപ്രവർത്തനം നടത്തിയതിൻ്റേയും കൺവെൻഷൻ സെൻ്ററുകളിൽ പൗരപ്രമുഖർക്കൊപ്പം മാത്രം ഭുജിച്ചതിൻ്റെയും പി.ആർ കമ്പനികൾ നടത്തുന്ന മാധ്യമപ്രവർത്തകരുടെ സ്തുതികൾ മാത്രം കേട്ട്, അതാണ് ജനം എന്ന് ധരിച്ചുവശായതിൻ്റെയും കൂടി ഫലമാണിത്.

യു.ഡി.എഫിന് അനുകൂലമായ തരംഗത്തിൽ കേരളത്തിൻ്റെ ചരിത്രത്തിലാദ്യമായി മൂന്ന് സീറ്റുകൾ ബി ജെ പിക്ക് ലഭിച്ചു എന്നത് കേരളത്തെ ആശങ്കപ്പെടുത്തേണ്ടതുണ്ട്. ഈ മൂന്ന് മണ്ഡലങ്ങളിലും രണ്ടാം സ്ഥാനത്ത് എൽ.ഡി.എഫാണ് വന്നിരിക്കുന്നത്. കടകംപള്ളി സുരേന്ദ്രനും വി.മുരളീധരനും തമ്മിൽ ഒരു മത്സരം വരുമ്പോൾ ബെറ്റർ ചോയ്‌സ് മുരളീധരനാണ് എന്ന് ജനത്തിന് തോന്നുന്നുവെങ്കിൽ അത് ഹിന്ദുത്വ രാഷ്ട്രീയത്തിലെ ബെറ്റർ ചോയ്‌സാവാനാണ് വഴി.

എൽ.ഡി. എഫ് മന്ത്രിസഭയിലെ ഭൂരിപക്ഷം മന്ത്രിമാരും തോറ്റിരിക്കുകയാണ്. വി. ശിവൻകുട്ടി, വി.എൻ. വാസവൻ, പി. രാജീവ്, വീണ ജോർജജ്, ആർ. ബിന്ദു, ഒ.ആർ. കേളു, എ. കെ. ശശീന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, എം.ബി. രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ, വി. അബ്‌ദുറഹ്‌മാൻ, ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിൻ എന്നീ 13 മന്ത്രിമാർ.

പരാജയത്തോളം പോന്ന വിജയമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉണ്ടായത്.

കഴിഞ്ഞ നാല് നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നിലും എൽ.ഡി.എഫിന് തന്നെയായിരുന്നു വിജയം. ഒരു തെരഞ്ഞെടുപ്പിൽ ജയത്തോടടുത്ത തോൽവി. അതായത് കഴിഞ്ഞ 20 വർഷം കേരളത്തിൻ്റെ രാഷ്ട്രീയ പരിസ്ഥിതിയിൽ ഉറച്ച സാന്നിധ്യമായി എൽ.ഡി. എഫിൻ്റെ ജനപ്രതിനിധികൾ ഉണ്ടായിരുന്നു. അവിടെ നിന്നാണ് 35 സീറ്റിൻ്റെ വളരെ വളരെ ദുർബലമായ ഒരു പ്രാതിനിധ്യത്തിലേക്ക് എൽ ഡി എഫ്, അതിലെ മുഖ്യ ഘടക കക്ഷിയായ സി.പി.എം വീണിരിക്കുന്നത്. വിജയങ്ങളിൽ പോലും ദുർബല വിജയങ്ങളാണ് ഏറെയും.

അധികാരം എങ്ങനെയാണ് ഒരു ഇടതുപക്ഷപ്രസ്ഥാനത്തെ ഉള്ളിൽ നിന്ന് ശിഥിലമാക്കുന്നത് എന്നതിൻ്റെ ഉദാഹരണമാണീ വീഴ്ച. അടിസ്ഥാന ജനവിഭാഗത്തെ മറന്നുപോയൊരു പ്രസ്ഥാനത്തിൻ്റെ അനിവാര്യമായ വീഴ്ചയാണത്. വിമർശനങ്ങളെ മുഴുവൻ പരിഹാസത്തോടെയും ധാർഷ്ട്യത്തോടെയും കണ്ട നേതൃത്വത്തിൻ്റെ പതനം. പ്രതിപക്ഷ ബഹുമാനത്തിൻ്റെ തരിമ്പുപോലുമില്ലാതെ പ്രതിപക്ഷ നേതാവിനെയടക്കം നേരിട്ട അധികാര രാഷ്ട്രീയത്തിൻ്റെ സ്വാഭാവികമായ പരാജയം. വികസനത്തിൻ്റെയും വർഗ്ഗീയ രാഷ്ട്രീയത്തിൻ്റെയും ഉപഭോക്താക്കളായ ഉപരിവർഗ്ഗം മാത്രല്ലേ വോട്ടർമാർ എന്ന് മനസ്സിലാക്കുന്നതിൽ വന്ന വീഴ്ച. തങ്ങൾക്കൊപ്പം നിൽക്കാത്ത മാധ്യമങ്ങളെ, മുഖ്യധാരയിലേയും സമാന്തരധാരയിലെയും മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരേയും മുഴുവൻ ആക്രമിച്ച് ഇല്ലാതാക്കാൻ നടത്തിയ ശ്രമങ്ങൾ. ദുരാരോപണങ്ങൾ. മുഖ്യധാരാ മാധ്യമങ്ങളിൽ പലതിനേയും വിലയ്ക്കെടുത്ത് പരസ്യവും വാർത്തയും തിരിച്ചറിയാത്ത വിധത്തിൽ പാർട്ടി കണ്ടൻ്റ് പ്ലാൻ്റ് ചെയ്ത് ജനങ്ങളെ വിഡ്‌ഢികളാക്കാൻ ശ്രമിച്ചത്. ഹിന്ദുത്വ വർഗ്ഗീയതയുടെ ആനയെഴുന്നെള്ളിപ്പിനും ചെണ്ടകൊട്ടിനും സംഘ്പരിവാറിനെപ്പോലും നാണിപ്പിക്കും വിധത്തിൽ മുന്നിൽ നിന്നത്.

എണ്ണിയാൽ തീരാത്ത വീഴ്ചകളുടെ ഫലമാണ് എൽ.ഡി.എഫിൻ്റെ വീഴ്‌ച. സി. പി.എമ്മും എൽ.ഡി.എഫും പാഠം പഠിക്കുമെന്ന് പ്രതീക്ഷിക്കാം. കുറഞ്ഞപക്ഷം പരാജയം അംഗീകരിക്കുമെന്നെങ്കിലും പ്രതീക്ഷിക്കാം.

Comments