മതേതര– ജനാധിപത്യത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ഇടത്– വലത് മുന്നണികൾ ഒരുപോലെ എതിർക്കുന്ന സംഘപരിവാരത്തോടും അതിന്റെ പ്രത്യയശാസ്ത്രത്തോടുമുള്ള അവരുടെ നിഗൂഢവിധേയത്വം അപൂർവ്വമായെങ്കിലും മറനീക്കി പുറത്തുവരാറുണ്ടെങ്കിലും, സ്വാഭാവികമെന്ന മട്ടിൽ അവയെ അവഗണിക്കുകയാണ് നമ്മൾ.
ഭൂരിപക്ഷവർഗ്ഗീയതയിലൂടെ ഹിന്ദു രാഷ്ട്രം ലക്ഷ്യമാക്കിയ ആർ.എസ്.എസ്സിനെയും ബി.ജെ.പിയെയും എന്നപോലെ ന്യൂനപക്ഷ വർഗ്ഗീയതയുടെ പ്രയോക്താക്കളായ ജമാഅത്തെ ഇസ്ലാമിയെയും കത്തോലിക്കാ സഭയെയുമെല്ലാം പ്രീണിപ്പിക്കുന്നതിൽ ഇരുമുന്നണികളും പ്രകടിപ്പിക്കുന്ന ജാഗ്രതയെയാണ്, ന്യായീകരിക്കാനാവാതെ വരുമ്പോൾ ജാഗ്രതക്കുറവ് എന്ന ഓമനപ്പേരുപയോഗിച്ച് അവർ സ്വയം ലഘൂകരിക്കാറുള്ളത്. ഉദാഹരണങ്ങളേറെയാണ്. പൊലീസതിക്രമങ്ങളും ലോക്കപ്പ് മരണങ്ങളും ഉണ്ടാവുമ്പോൾ പോലും പൊലീസിന്റെ ജാഗ്രതക്കുറവാണതെന്ന് പറയാൻ മടിയില്ലാത്ത, മനുഷ്യപ്പറ്റില്ലാത്ത ആഭ്യന്തരവകുപ്പുമന്ത്രിമാരുടെ പേരുകൾ എടുത്തുപറഞ്ഞാൽ രണ്ട് മുന്നണികളും നമുക്കെതിരെ തിരിയും. ജനജീവിതത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള മറവി അനുഗ്രഹമായിക്കരുതുന്ന മലയാളികളിൽനിന്ന് അതുണ്ടാവില്ലെന്ന് അധികാരാർത്തിപൂണ്ട രാഷ്ട്രീയോപജീവികൾക്കുമറിയാം.
നിയമനങ്ങളിൽ
ജാഗ്രതയോ
ജാഗ്രതക്കുറവോ?
അധികാരമേറ്റശേഷം ഒരു മാസത്തിനുള്ളിൽത്തന്നെ പുതിയ യു.ഡി.എഫ് സർക്കാർ നടത്തിയ ചില വിവാദനിയമനങ്ങൾ നോക്കുക. നേരത്തെ സൂചിപ്പിച്ച തീവ്ര വർഗ്ഗീയ നിലപാടുകൾ സ്വയം പരസ്യമാക്കിയിട്ടുള്ള വ്യക്തികളെത്തന്നെ തെരഞ്ഞുപിടിച്ച് സർക്കാർ പദവികളിൽ നിയമിക്കാൻ മുതിർന്നുവെന്നത് അവരുടെ ജാഗ്രതയോ ജാഗ്രതക്കുറവോ എന്ന് വ്യക്ത മാകാനിരിക്കുന്നതേയുള്ളൂ.
ശബരിമലക്കേസിലെ പ്രതികളുടെ അഭിഭാഷകനായ ഒരാളെ അതേ കേസിൽ വാദിഭാഗത്തുള്ള ദേവസ്വം ബോർഡിന്റെ സ്പെഷൽ പ്ലീഡറായി നിയമിച്ചതിനെത്തുടർന്നുണ്ടായ മാദ്ധ്യമവിവാദങ്ങളാണ് അയാളുടെ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രിയെ നിർബ്ബന്ധിതനാക്കിയതെന്നോർക്കുക. അതുമാത്രമല്ല ഇതിലെ അധാർമ്മികത. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നിരുപാധിക ഭക്തിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയോടുള്ള പുച്ഛവും സാമൂഹികമാദ്ധ്യമങ്ങളിലൂടെ പരസ്യമായി പ്രകടിപ്പിച്ച ഒരഭിഭാഷകനുവേണ്ടി പുതിയൊരു പദവി തന്നെ സൃഷ്ടിക്കുകയായിരുന്നുവോ എന്നുപോലും സംശയം ജനിപ്പിക്കുന്നതായിരുന്നു ഈ നിയമനം.
ഏറ്റവുമൊടുവിൽ, ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമിയുടെ സജീവ പ്രവർത്തകനെ നിയമിച്ചതിനെതിരെ പ്രതിപക്ഷമോ മാദ്ധ്യമങ്ങളോ അല്ല, യൂത്ത് കോൺഗ്രസ് തന്നെയാണ് രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്.
ദേവസ്വം ബോഡ് സ്പെഷൽ പ്ലീഡറായി നിയമിതനായ അഭിഭാഷകന്റെ യോഗ്യത, കോൺഗ്രസിന്റെ ദേശീയനേതാവായ രാഹുൽഗാന്ധിയുടെ വിമർശകൻ എന്നതാണെങ്കിൽ ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിമാരിലൊരാളായി നിയമിതനായ ആളുടെ യോഗ്യത, തന്റെ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയുടെ പ്രചാരകനായിരുന്നു എന്നതാണ്. സ്വന്തം പാർട്ടിയുടെയും മുന്നണിയുടെയുംപോലും പ്രഖ്യാപിത നയങ്ങളോട് കടപ്പാടില്ലാത്ത, അഥവാ അതിനെക്കുറിച്ച് അറിവില്ലാത്തവരാണോ യുഡിഎഫ് മന്ത്രിമാർ?

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിതനായ ബി. അശോകിനെക്കുറിച്ചും സമാനമായ ചില ആരോപണങ്ങൾ സാമൂഹികമാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്നു. വിവിധ വിഷയങ്ങളെക്കുറിച്ചുള്ള തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പ്രകടിപ്പിച്ചിട്ടുള്ള രാഷ്ട്രീയ നിലപാടുകളും സംഘപരിവാരപ്രത്യയശാസ്ത്രത്തിന്റെ പരോക്ഷ ന്യായീകരണങ്ങളാണെന്നതാണ് വിമർശനം. അത് വിശദീകരിക്കപ്പെടുകയോ തെളിയിക്കപ്പെടുകയോ ചെയ്തിട്ടില്ലെങ്കിലും ചില മതേതര ജനാധിപത്യ ഗ്രൂപ്പുകൾക്കുള്ളിൽ അതൊരു ചർച്ചയായിത്തുടരവേയാണ്, കാർഷിക സർവ്വകലാശാല വിസി എന്ന അധികപദവിയിൽനിന്ന് അദ്ദേഹത്തെ മാറ്റാനും പകരം ബി.ജെ.പി അനുഭാവിയായ അദ്ധ്യാപകനെ നിയമിക്കാനും നീക്കം നടക്കുന്നതായി മലയാള മനോരമ ( ജൂൺ,18) റിപ്പോർട്ടു ചെയ്തത്. സർവ്വകലാശാലയിൽ ഈയിടെ രൂപീകരിച്ച ബി.ജെ.പി.അനുകൂല സംഘടനയിലെ അംഗമാണെത്ര ഈ പ്രൊഫസർ. ബി.ജെ.പി. അദ്ധ്യാപക സംഘടനാഭാരവാഹി ഡോ. ഡി. മാവൂത്തിനെ മഹാത്മാഗാന്ധി സർവ്വകലാശാലയിൽ താൽക്കാലിക വി.സിയായി ഗവർണർ നിയമിച്ചിരുന്നുവെങ്കിലും കാർഷിക സർവ്വകലാശാലയിലെ വി.സി നിയമനം ഗവർണർക്ക് ഏകപക്ഷീയമായി നടത്താനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാന സർക്കാരുമായി ആലോചിക്കാതെ അത് സാദ്ധ്യമ ല്ലെന്നർത്ഥം.
RSS ശാഖകളിൽ വിദ്യാഭ്യാസം നേടിയ വ്യക്തികൾ ഗവർണർമാരും ചാൻസലർമാരുമായതോടെ സർവ്വകലാശാലകളിലെ കാവിവൽക്കരണം കേരളത്തിലും സംഭവിച്ചുകഴിഞ്ഞുവെന്നാണല്ലോ മഹാത്മാഗാന്ധി സർവ്വകലാശാലയുമായി ബന്ധപ്പെട്ട പുതിയ വാർത്തകൾ വ്യക്തമാക്കുന്നത്. അതുകൊണ്ടായിരിക്കാം ഉന്നത വിദ്യാഭ്യാസവകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നിയമനത്തെയും പലരും സംശയദൃഷ്ടിയോടെ കാണുന്നത്. ഇതിലൊന്നും വിശദീകരണമോ സുതാര്യതയോ വേണമെന്ന് സർക്കാരുകൾക്ക് നിർബ്ബന്ധമുള്ളതായിത്തോന്നുന്നുമില്ല എന്നതാണ് ആപത്കരമായ വസ്തുത.
മത–വർഗ്ഗീയ സംഘടനകളുമായി ബന്ധമില്ലാത്ത, മതേതരവാദികളായ വ്യക്തികളെ ഈ പദവികളിലേക്ക് കണ്ടെത്തണമെന്ന നിർബ്ബന്ധം രണ്ട് മുന്നണി സർക്കാരുകൾക്കുമില്ലെന്നതാണ് പേടിപ്പിക്കുന്ന സംഗതി. സഹജമായ സംഘപരിവാര വിധേയത്വവും ബോധപൂർവ്വമുള്ള സംഘപരിവാരപ്രീണനവുമാകാം ഇതിന്റെ പിന്നിലെ പ്രേരണയെന്ന സംശയം എന്നെപ്പോലുള്ള പൗരർക്കുണ്ട്. സർക്കാരിന് വേണമെങ്കിൽ ഇനിയും അത് വിശദീകരിക്കാവുന്നതേയുള്ളൂ.
RSS ദേശീയ മേധാവിയായ മോഹൻ ഭാഗവത് വിളിച്ചുചേർത്ത രാഷ്ട്രീയയോഗത്തിൽ പങ്കെടുത്ത മൂന്ന് വൈസ് ചാൻസലർമാർ മാപ്പു പറയണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷവുമെല്ലാം ഒരുപോലെ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇത്തരമാളുകൾ എങ്ങനെ ഇത്തരം പദവികളിൽ കയറിക്കൂടുന്നുവെന്നതിനെക്കുറിച്ച് എല്ലാവരും മൗനംപാലിക്കുന്നു എന്നതാണ് കൗതുകകരമായ സംഗതി.
മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് നാല് വൈസ് ചാൻസലർമാർ RSS പരിപാടിയിൽ പങ്കെടുത്തത് വിവാദമായപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ഉന്നതവിദ്യാഭ്യാസമന്ത്രി അതിനെ ന്യായീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. ഗവർണർമാരിലൂടെ സർവ്വകലാശാലകൾ കൈയടക്കിയ ബി.ജെ.പി ഭരണകൂടം വിദ്യാഭ്യാസമേഖലെയാകെ കാവിവൽക്കരിക്കുകയാണെന്നത് വെറുമൊരു ആക്ഷേപമല്ല. പിണറായി സർക്കാറിന്റെ കാലത്ത് ഗവർണറായിരുന്ന ആരിഫ് മുഹമ്മദ് ഖാന്റെ ഇത്തരം നടപടികൾക്കെതിരെ ഇടതുപക്ഷ വിദ്യാർത്ഥിസംഘടനകൾ തെരുവിൽ പ്രക്ഷോഭം നടത്തിയപ്പോൾ, യു.ഡി.എഫും പോഷകസംഘടനകളും ഗവർണറുടെ പക്ഷത്തായിരുന്നുവെന്നതും മറക്കാറായിട്ടില്ല.

ഒരുവശത്ത് കേന്ദ്ര സർക്കാർ പ്രതിനിധിയായ ഗവർണറിലൂടെ ആർ എസ് എസുകാർ സർവ്വകലാശാലകളെ നിയന്ത്രിക്കുമ്പോൾ സംസ്ഥാന സർക്കാരുകൾതന്നെ അത്തരമാളുകളെ പ്രധാനപ്പെട്ട തസ്തികകളിലും സാംസ്കാരിക സ്ഥാപനങ്ങളിലും പ്രതിഷ്ഠിക്കുകയാണ്. ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമായിരുന്നു പിണറായി സർക്കാറിന്റെ കാലത്ത് മോദിഭക്തനായ ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ ചലച്ചിത്ര അക്കാദമി ചെയർമാനാക്കിയ സംഭവം. നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനത്തിന് ആശംസയർപ്പിച്ച് ഇയാളെഴുതിയ ലേഖനത്തിൽപ്പറയുന്നത്, മോദിയുടെ ശബ്ദം ഓംകാരമന്ത്രംപോലെ ജനങ്ങളെ ആകർഷിക്കുന്നതാണെന്നാണ്. ആ മംഗളപത്രത്തിലെ അവസാന ഖണ്ഡികമാത്രം ഉദ്ധരിക്കാം:
‘‘A sound, which is visible is a sound that has reached supreme and sublime state of its being. Just like this may the supreme consciousness pour the boon upon the sound of Modi to be visible in the minds of our people as a unifying factor of diverse, cultural and multitude of ethnic sounds of India to be tuned into one – eka sruti."
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്തുമാത്രം ഇന്ത്യയിലുടനീളം നടത്തിയ പ്രചരണയോഗങ്ങളിൽ, മുമ്പൊരു പ്രധാനമന്ത്രിയും മുതിർന്നിട്ടില്ലാത്തവിധം വർഗ്ഗീയത ആയുധമാക്കിയ ഒരാളെക്കുറിച്ച് റസൂൽ പൂക്കുട്ടി എഴുതിയ ഈ സ്തുതിഗീതം വിവേകാനന്ദ യൂത്ത് കണക്ട് ഫൗണ്ടേഷൻ വെബ്സൈറ്റിൽ ഇപ്പോഴുമുണ്ട്. അതൊന്നും അറിയാതെയാണോ കേരളത്തിലെ ചലച്ചിത്രരംഗത്ത് സജീവമല്ലാത്ത ഒരാളെ ഇടതുപക്ഷ സർക്കാർ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ അവരോധിച്ചത്? അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ചില ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചപ്പോൾ അതിനെ ന്യായീകരിക്കുക മാത്രമല്ല; ചോദ്യങ്ങളുന്നയിച്ച മാദ്ധ്യമപ്രവർത്തകരോട് ദേശഭക്തിയെക്കുറിച്ച് ഉദ്ബോധിക്കുവാനും അക്കാദമി ചെയർമാൻ ജാഗരൂകനായിരുന്നുവല്ലോ.
ചലച്ചിത്ര അക്കാദമിയെത്തന്നെ കച്ചവടസിനിമക്കാരുടെ താവളമാക്കിയ മുൻ സർക്കാരിന്റെ സമീപവർഷങ്ങളിലെ സാംസ്കാരികനയവും സംശയാസ്പദമാണ്. ഇടതുപക്ഷത്തിന്റെ സാംസ്കാരികനയം പൈങ്കിളിസിനിമയെയും സിനിമാതാരങ്ങളെയും കൊണ്ടാടുന്നതിലാണ് അഭിരമിക്കുന്നത്. അവരുടെ ജനപ്രീതിയുപയോഗിച്ച് ഭരണം നിലനിർത്താമെന്ന മൂഢസ്വർഗ്ഗത്തിലാണവർ. നല്ല സിനിമയ്ക്കായി ജീവിതം മാറ്റിവെച്ച ചലച്ചിത്രപ്രവർത്തകരെ കാണാതെ, കച്ചവടസിനിമയിലെ പ്രതിലോമകാരികളെ സാംസ്കാരിക സ്ഥാപനങ്ങളിലെ പദവികളിൽ അവരോധിക്കാനായിരുന്നു ഇടതുപക്ഷ സർക്കാരിന് താൽപ്പര്യം. സാമൂഹിക സാക്ഷരതയില്ലാത്ത ഒരു സാംസ്കാരികമന്ത്രിയിലൂടെയാണ് സർക്കാരത് സാധിച്ചെടുത്തത്.
മൂന്ന് സർവ്വകലാശാലാ വൈസ് ചാൻസലർമാർ പരസ്യമായി ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവതിന്റെ പരിപാടിയിൽ പങ്കെടുത്തതിനെ മുഖ്യമന്ത്രിയും പ്രതിപക്ഷവും ഇപ്പോൾ വിമർശിക്കുന്നുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് സംസ്ഥാനത്തിന്റെ ക്രമസമാധാനച്ചുമതലയുള്ള പൊലീസ് മേധാവി അജിത് കുമാർ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതുമായി രഹസ്യകൂടിക്കാഴ്ച നടത്തിയ സംഭവം പുറത്തുവരികയും വിവാദമാവുകയും ചെയ്തപ്പോൾ സർക്കാരോ ആഭ്യന്തരവകുപ്പുമന്ത്രിയോ അതിലൊരു തെറ്റും കണ്ടില്ലെന്നു മാത്രമല്ല, ഈ ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം നൽകുകയുമാണുണ്ടായത്. തൃശൂർ പൂരം കലക്കുന്നതിലും ഇയാൾക്ക് പങ്കുള്ളതായി വാർത്തകളുണ്ടായിരുന്നുവെങ്കിലും സർക്കാർ അതിനുനേരെയും കണ്ണടയ്ക്കുകയായിരുന്നു.

പി.എം ശ്രീ തുടർച്ച
കേന്ദ്ര സർക്കാറിന്റെ കാവിവൽക്കരണ അജണ്ടയുടെതന്നെ ഭാഗമായ പി.എം. ശ്രീ പദ്ധതിയിൽ യാതൊരു സുതാര്യതയുമില്ലാതെ തിടുക്കത്തിൽ ഒപ്പുവെച്ച ഇടതുപക്ഷ സർക്കാരിനെ വിമർശിച്ചിരുന്ന ഇന്നത്തെ യു.ഡി.എഫ് സർക്കാർ ഇപ്പോൾ പറയുന്നത് ആ പദ്ധതിയുമായി മുന്നോട്ടുപോകാൻ തങ്ങൾ ബാദ്ധ്യസ്ഥരാണെന്നാണ്. വിമർശനങ്ങളുണ്ടായപ്പോൾ പദ്ധതിയിൽനിന്ന് മുൻ സർക്കാർ പിൻവാങ്ങിയിരുന്നുവെന്ന സത്യം യു.ഡി.എഫ് സർക്കാർ മറച്ചുവെയ്ക്കുന്നത് എന്തിനാണെന്ന ചോദ്യം പ്രസക്തമാണ്. പദ്ധതിക്കരാറിൽ മുൻ സർക്കാർ ഒപ്പിട്ടുവെങ്കിലും അത് തൽക്കാലം നടപ്പാക്കാനില്ലെന്ന് ഔദ്യോഗികമായി കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്തതാണ്. കേന്ദ്രത്തിൽനിന്ന് ലഭിക്കാനിടയുള്ള ഭീമമായ ഫണ്ടിനു വേണ്ടിയാണോ കേന്ദ്രസർക്കാരിനോടുള്ള വിധേയത്വം കൊണ്ടാണോ ഈ നയംമാറ്റമെന്ന സംശയവും അവശേഷിക്കുന്നു. സംഘപരിവാറിനെ പ്രീണിപ്പിക്കുവാനാണ് പിണറായി സർക്കാർ പി.എം.ശ്രീ പദ്ധതിയിൽ രഹസ്യമായി ഒപ്പുവെച്ചതെന്ന വിമർശനം ഉന്നയിച്ച പ്രതിപക്ഷം അധികാരത്തിലേറിയപ്പോൾ ആ പദ്ധതിയിൽനിന്നൊഴിയാനാവില്ലെന്നു പറയുന്നതും സംഘപരിവാറിനെ പ്രീണിപ്പിക്കുവാനാണോ? വാസ്തവത്തിൽ, ഈ ഇടപാടിലെ വസ്തുതകളെക്കുറിച്ചാണ് അടിയന്തിരമായി സർക്കാർ ഒരു ധവളപത്രം ഇറക്കേണ്ടത്.
ബ്യൂറോക്രസിയുടെ
വലതുപക്ഷത്തുടർച്ച
കേരളത്തിലെ ബ്യൂറോക്രസിയിൽ കാൽനൂറ്റാണ്ടിലേറെക്കാലമായി രഹസ്യമായി നടന്നുവരുന്ന കാവിവൽക്കരണം ബി.ജെ.പി.യുടെ ഒരു പതിറ്റാണ്ടുകാലത്തെ കേന്ദ്രഭരണത്തോടെ കൂടുതൽ ശക്തവും പരസ്യവുമായിരിക്കുന്നു. മാറിമാറിവരുന്ന സർക്കാരുകൾ ഈ പ്രക്രിയക്ക് പ്രോത്സാഹനം നൽകുന്നുവെന്നതാണ് ഭയജനകമായ വസ്തുത. ഒരു അർദ്ധ സൈനിക സംഘടനയെന്ന് അറിയപ്പെടുന്ന ആർ എസ് എസുമായി കേരളത്തിലെ സമസ്ത മേഖലകളിലുമുള്ള ഉന്നത ഉദ്യോഗസ്ഥർ പുലർത്തുന്ന രഹസ്യവും പരസ്യവുമായ ബന്ധവും വിധേയത്വവും ഏതുസർക്കാർ ഭരിച്ചാലും RSS- BJP അജണ്ടകളാണ് നടപ്പാവുക എന്ന അവസ്ഥയിലേക്ക് കേരളത്തെ നയിച്ചിട്ടുണ്ട്. എൽ.ഡി.എഫും യു.ഡി.എഫും ഭരിക്കുമ്പോഴെല്ലാം കേരളത്തിൽ നടക്കുന്ന പൊലീസ് അതിക്രമങ്ങളുടെയും ലോക്കപ്പ് മരണങ്ങളുടെയും പിന്നിലുള്ളതും പൊലീസിനുള്ളിൽ സംഭവിച്ച കാവിവൽക്കരണമാണെന്നതാണ് വാസ്തവം. സാധാരണക്കാരുടെ സുരക്ഷിതത്വത്തിന് ഭീഷണിയാവുന്ന ഇത്തരം ഗുരുതര പ്രശ്നങ്ങളെക്കുറിച്ചൊന്നും രണ്ടു മുന്നണികൾക്കും വേവലാതിയില്ലെന്നുമോർക്കുക.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളുമല്ല. കേരളത്തിലെ ബ്യൂറോക്രസി കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ആന്തരവൽക്കരിച്ചുകഴിഞ്ഞ സംഘപരിവാര പ്രത്യയശാസ്ത്രം സർക്കാർ മാറുമ്പോഴും അതിന്റെ തുടർച്ച നിലനിർത്തുകയാണ്. പല തലങ്ങളിലായി പടർന്നുകിടക്കുകയാണ് അതിന്റെ വേരുകൾ. വികസനത്തിന്റെ മറവിൽ ഈ സംഘപരിവാര അജണ്ടകൾ കണ്ടില്ലെന്നു നടിക്കുകയാണ് നമ്മൾ. ഭരണകൂട മെഷിനറിയുടെ പിന്തുണയിലും കൂടിയാണ് കാവിവൽക്കരണം അതിവേഗം കേരളീയ സമൂഹത്തിന്റെ സമസ്ത മേഖലകളിലും വ്യാപിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലെ ആദിവാസി–ദലിത് സമൂദായങ്ങൾക്കുള്ള സർക്കാർ പദ്ധതികളെല്ലാം അട്ടിമറിക്കപ്പെടുന്നതിന്റെ കാരണം, ബ്യൂറോക്രാസിയുടെ സഹജമായ വരേണ്യപ്രത്യയശാസ്ത്രത്തിന്റെ നിർബ്ബന്ധങ്ങളാണെന്ന വാസ്തവം ഇടതുപക്ഷം പോലും തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് എന്നെ പേടിപ്പിക്കുന്നത്. ഇടതുപക്ഷം വലതുപക്ഷത്തേക്കാളും വലതുപക്ഷവൽക്കരക്കപ്പെട്ടുവെന്ന് പരോക്ഷമായെങ്കിലും സമ്മതിക്കുന്ന ഇപ്പോഴത്തെ സ്വയംവിമർശനം ശുഭസൂചനയാണെങ്കിലും, അധികാരത്തിലിരുന്ന കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം ഇതൊന്നും ആലോചിക്കാനുള്ള സമചിത്തത ഉണ്ടായില്ലെന്നത്, ഇടതുപക്ഷം എന്ന വിശേഷണം അവർ അർഹിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.
ഇടതുകാലിലെ മന്ത് വലതുകാലിലേക്ക് മാറുന്നതുകൊണ്ട് പ്രയോജനമൊന്നുമില്ലെങ്കിലും, ഭരണരംഗത്തുണ്ടായ ആ മാറ്റംപോലും ഒരു സമൂഹത്തിന് വലിയ ആശ്വാസമാണെന്ന് പറയേണ്ടിവരുന്നതും അതുകൊണ്ടാണ്. മുൻ ഭരണാധികാരികളിൽ കണ്ട അധികാരലഹരിയുടെ ലക്ഷണങ്ങൾ തുടക്കത്തിലേ ഈ സർക്കാരിലും പ്രത്യക്ഷപ്പെട്ടുതുടങ്ങിയെന്നും പറയാതെവയ്യ.

