മഹാനായ ഇ.എം.എസിനെ എ.ഐ-യുടെ സഹായത്തോടെ ഗണവേഷം ധരിച്ച് ആർ.എസ്.എസാക്കി അധിക്ഷേപിക്കുന്നയിടം വരെ എത്തിയിരിക്കുന്നു ലീഗ്-ജമാഅത്തെ ഇസ്ലാമിക്കാരുടെ കമ്യൂണിസ്റ്റ്, ഇടതുപക്ഷ വിരോധവും വിദ്വേഷ പ്രചരണവുമെന്ന് തിരിച്ചറിയണം. ഹിന്ദുത്വത്തിന്റെ മറുപുറം കളിക്കുന്ന ഈ സത്യാനന്തരകാല വാമനന്മാർ മതനിരപേക്ഷതയുടെ ചരിത്രത്തിനും സംസ്കാരത്തിനും നേരെയാണ് നിറയൊഴിക്കുന്നത്. ഇ.എം.എസിനെ ആർ.എസ്.എസാക്കാൻ എ.ഐ യുടെ സഹായത്തോടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരണം നടത്തുന്നവർ നമ്മുടെ നവോത്ഥാന ചരിത്രത്തെയും മതനിരപേക്ഷ സാമൂഹ്യഘടനയെയും തന്നെ വെല്ലുവിളിക്കുന്ന വർഗീയക്രിമിനലുകളാണ്. ഒരു മാപ്പും അർഹിക്കാത്ത സാമൂഹ്യവിരുദ്ധരാണ്. തീവ്രവലതുപക്ഷ വംശീയ അജണ്ടയിൽ നിന്നും മനുഷ്യരാശിയുടെ നിലനിൽപ്പിനാധാരമായ എല്ലാ സാഹോദര്യമൂല്യങ്ങളെയും അത് നിർമ്മിച്ചെടുത്ത സാമൂഹ്യപുരോഗതിയുടേതായ എല്ലാ മതനിരപേക്ഷ ആശയങ്ങളെയും നിരാകരിക്കുന്ന വർഗീയവാദികളെ തിരിച്ചറിയേണ്ടതുണ്ട്.
ഇ.എം.എസ് ആരാണെന്ന് മനസ്സിലാക്കാൻ മൗദൂദിസത്തിന്റെ ആശയസ്വാധീനത്തിൽപ്പെട്ട ലീഗ് നേതാക്കളോട് മഹാനായ ബാഫക്കി തങ്ങളുടെ വാക്കുകളും നിരീക്ഷണങ്ങളും എടുത്ത് വായിക്കണമെന്ന് പറയുതിലൊന്നും ഇന്നത്തേതു പോലൊരു കാലത്ത് കാര്യമുണ്ടെന്ന് തോന്നുന്നില്ല. കമ്യൂണിസ്റ്റുകാർ ഇസ്ലാമിന്റെ ശത്രുക്കളാണെന്നും ഇ.എം.എസ് മതവിശ്വാസത്തെ ഇല്ലാതാക്കുന്ന കമ്യൂണിസ്റ്റ് ഭീകരനാണെും കമ്യൂണിസ്റ്റുകാരുമായി സഹകരിക്കുന്നതിന്റെ ഫലം നരകമാണെന്നും വരെ വിളിച്ചു പറഞ്ഞവരാണ് വിമോചനസമരകാലത്ത് ലീഗുകാർ. അത് തങ്ങൾക്ക് പറ്റിയ തെറ്റായിരുന്നുവെന്ന് തിരിച്ചറിഞ്ഞു കൊണ്ടാണ് ബാഫക്കി തങ്ങൾ വിമോചന സമരാനന്തരം ഇ.എം.എസിനെ കാണുന്നതും കമ്യൂണിസ്റ്റ് പാർടിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കുന്നതിലേക്കു വരെ എത്തുന്നതും.

മലബാർ കലാപത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് കൊളോണിയൽ ശക്തികളാണ് മുസ്ലീം വിരുദ്ധമായ നിരവധി നിയമനിർമ്മാണങ്ങളിലൂടെയും നിരന്തരമായ അടിച്ചമർത്തലുകളിലൂടെയും മലബാറിലെ മുസ്ലീങ്ങളെ സാമൂഹ്യവും സാമ്പത്തികവുമായി തകർത്തത്. 1957-ലെ ഇ.എം.എസ് സർക്കാരാണ് മദ്രാസ് കോൺഗ്രസ് ഗവൺമെന്റ് സ്വാതന്ത്ര്യാനന്തരവും അടിച്ചേൽപ്പിച്ച മുസ്ലീങ്ങൾക്ക് പള്ളിപണിയാനുള്ള നിയന്ത്രണങ്ങളും പ്രത്യേക അനുമതിയും നിർബന്ധമാക്കുന്ന നിയമങ്ങൾ എടുത്തുകളഞ്ഞത്. അതേപോലെ മലബാർ സ്പെഷ്യൽ പോലീസിൽ മുസ്ലീങ്ങൾക്ക് റിക്രൂട്ട്മെന്റ് അനുവദനീയമല്ലാതിരുന്ന നിയമങ്ങൾ എടുത്തുമാറ്റിയതും ഇ.എം.എസ് സർക്കാരാണ്. മലബാറിലെ മാപ്പിള കൃഷിക്കാരുടെ വർഗപരമായ അവകാശപോരാട്ടങ്ങളുടെ ഉജ്ജ്വലമായ പ്രകാശനമായിരുന്നു 1921-ലെ മലബാർ സമരമെന്ന് സൈദ്ധാന്തികമായി സ്ഥാപിച്ചത് ഇ.എം.എസിനെപോലുള്ള കമ്യൂണിസ്റ്റ് ചരിത്രകാരരാണ്.
ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ആർ.എസ്.എസുകാരുടെയും മലബാർ കലാപത്തിനെതിരായ എല്ലാവിധ അപവാദപ്രചരണങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് സമരത്തിന്റെ വർഗപരവും സാമ്രാജ്യത്വവിരുദ്ധവുമായ ഉള്ളടക്കത്തെ ഉയർത്തിക്കൊണ്ടുവന്നത് ഇ.എം.എസ് ഉൾപ്പെടുന്ന കമ്യൂണിസ്റ്റ് നേതാക്കളായിരുന്നു. ഹിന്ദുവർഗീയവാദികളുടെയും അവരോടൊപ്പം ചേർന്ന കോൺഗ്രസ് നേതാക്കളുടെയും നിലപാടുകളെ പ്രതിരോധിച്ചത് കമ്യൂണിസ്റ്റ് പാർടിയായിരുന്നു. ബ്രിട്ടീഷ് കൊളോണിയൽ ശക്തികളുടെ വിലയിരുത്തലുകളോടൊപ്പമായിരുന്നു അഖിലേന്ത്യാ കോൺഗ്രസ് നേതൃത്വവും കേരളത്തിലെ കോൺഗ്രസ് നേതാക്കളും. 1921-ൽ ഡിസംബറിൽ നടന്ന അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനം പാസാക്കിയ പ്രമേയം ഇങ്ങനെയായിരുന്നു.
ഈ ലഹള ഖിലാഫത്ത് പ്രസ്ഥാനം നിമിത്തമോ നിസ്സഹകരണപ്രസ്ഥാനം നിമിത്തമോ ഉണ്ടായിട്ടുള്ളതല്ല. ഏത് കാരണങ്ങളാലാണോ ആ ലഹള ഉണ്ടായത് ആ കാരണങ്ങളും ഈ പ്രസ്ഥാനങ്ങളും തമ്മിൽ യാതൊരുബന്ധവുമില്ല. ഇതായിരുന്നു മലബാർ സമരത്തെ സംബന്ധിച്ച് ആ കാലത്തെ കോൺഗ്രസ് നിലപാട്. ബ്രിട്ടീഷ് ഭരണത്തിന്റെ എല്ലാവിഭാഗം സൈനിക റജിമെന്റുകളും കേന്ദ്രീകരിച്ച് അടിച്ചമർത്തിയ മലബാർ സമരത്തെ തള്ളിപ്പറയുകയാണ് കോൺഗ്രസ് ചെയ്തത്. മുസ്ലീംലീഗും ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായ സമീപനമാണ് കമ്യൂണിസ്റ്റ് പാർട്ടി മലബാർ സമരത്തെ സംബന്ധിച്ച് സ്വീകരിച്ചത്. ഇന്ത്യയിലും കേരളത്തിലും കമ്യൂണിസ്റ്റ്പാർട്ടി പ്രവർത്തനം ആരംഭിക്കുതിന് മുമ്പാണ് മൂന്നാം കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടിയുടെ സ്ഥാപകനേതാക്കളിലൊരാളായ അബനി മുഖർജി മലബാർ കലാപത്തിന്റെ വർഗപരവും സാമ്രാജ്യത്വ വിരുദ്ധവുമായ ഉള്ളക്കത്തെ വിശദീകരിച്ചുകൊണ്ട് പ്രമേയം അവതരിപ്പിച്ചത്.
1920 ൽ താഷ്കെന്റിൽ രൂപീകരിച്ച ഇന്ത്യൻ കമ്യൂണിസ്റ്റ്പാർടിയുടെ പ്രഥമപ്രമേയം തന്നെ മതസൗഹാർദ്ദത്തെക്കുറിച്ചുള്ളതായിരുന്നു. മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദങ്ങൾ കൊണ്ടു മാത്രം മതസൗഹാർദ്ദം ഉണ്ടാവുകയില്ലെന്നും എല്ലാ മതങ്ങളിലും പെട്ട തൊഴിലാളികളുടെയും കൃഷിക്കാരുടെയും സാധാരണ ജനങ്ങളുടെയും സാമ്രാജ്യത്വവിരുദ്ധ ഐക്യത്തിലൂടെ മാത്രമെ അത് സാക്ഷാത്കരിക്കപ്പെടുകയുള്ളൂ എന്നതായിരുന്നു കമ്യൂണിസ്റ്റ്പാർടി പ്രമേയം എടുത്തുപറഞ്ഞത്. 1943-ൽ ഇംഗ്ലീഷിൽ ഇ.എം.എസ് തയ്യാറാക്കിയ 'മലബാറിലെ കർഷകപ്രസ്ഥാനത്തിന്റെ ലഘുചരിത്രം' എന്ന കൃതിയിൽ 1921-ലെ മലബാർ സമരത്തെ ശാസ്ത്രീയമായി തന്നെ വിലയിരുത്തുന്നുണ്ട്. ഇന്ത്യൻ ജനതയുടെ സ്വാതന്ത്ര്യദാഹം, മുസ്ലീം സമുദായത്തിന്റെ വികാരം ഉൾക്കൊള്ളുന്ന ഖിലാഫത്ത് പ്രസ്ഥാനം, ഏറനാട്, വള്ളുവനാട് താലൂക്കുകളിലെ കുടിയാൻ പ്രസ്ഥാനം എന്നിവയെല്ലാം ചേർന്നാണ് മലബാർ സമരം രൂപപ്പെട്ടതെന്ന് ഈ ലഘുലേഖയിൽ ഇ.എം.എസ് വിശദീകരിച്ചു. തികച്ചും മതനിരപേക്ഷമായ ഉള്ളടക്കത്തോടെ തുടങ്ങിയ സമരം പിന്നീട് വർഗീയമായ മാനങ്ങളിലേക്ക് വഴിതെറ്റിപ്പോയ ദൗർബല്യങ്ങെള ഇ.എം.എസ് ആ കൃതിയിൽ വിശകലനം ചെയ്തു.
1946-ൽ മലബാർ കലാപത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് കമ്യൂണിസ്റ്റ്പാർടി പുറപ്പെടുവിച്ച ആഹ്വാനവും താക്കീതുമെന്ന പ്രസ്താവന സാമ്രാജ്യത്വവിരുദ്ധ സമരത്തിൽ പങ്കെടുത്ത മലബാറിലെ മാപ്പിള കൃഷിക്കാരെ അഭിവാദ്യം ചെയ്തുകൊണ്ടാണ് ആരംഭിക്കുന്നത്. കോൺഗ്രസിന്റെയും ഖിലാഫത്ത് കമ്മറ്റിയുടെയും സമരസന്ദേശം കേട്ട് ചെകുത്താൻ ഭരണത്തെ എതിർക്കാൻ മുന്നോട്ടുവന്ന പതിനായിരക്കണക്കിന് വരുന്ന ധീരരായ മാപ്പിളമാരുടെ ശൗര്യത്തെയും സഹനദൃഢതയെയും കമ്യൂണിസ്റ്റ്പാർടി അകംനിറഞ്ഞ അഭിമാനത്തോടുകൂടി ആ രേഖയിൽ അനുസ്മരിക്കുന്നുണ്ട്. ആ രേഖ തയ്യാറാക്കിയതും പാർടിക്കുവേണ്ടി ആ രേഖ വിശദീകരിച്ച് ലേഖനമെഴുതിയതുമെല്ലാം ഇ.എം.എസായിരുന്നു.

ഹിന്ദു-മുസ്ലീം ഐക്യത്തിലധിഷ്ഠിതമായ സാമ്രാജ്യത്വവിരുദ്ധവും ഫ്യൂഡൽവിരുദ്ധവുമായ ജനകീയമുന്നേറ്റത്തെ ശിഥിലീകരിക്കാനാണ് ഹിന്ദുമഹാസഭയും ആർ.എസ്.എസും മുസ്ലീംലീഗും പിൽക്കാലത്ത് ജമാഅത്തെ ഇസ്ലാമിയുമെല്ലാം ശ്രമിച്ചത്. ഹിന്ദുമഹാസഭയെ പോലെ മുസ്ലീംലീഗും സുദീർഘമായ ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യസമരത്തിൽ നിന്ന് മാറിനിൽക്കുകയോ നിസ്സംഗമായ നിലപാടുകൾ സ്വീകരിക്കുകയോ ചെയ്തത് എന്നതാണ് ചരിത്രം. ജിന്നയുടെ ലീഗും സവർക്കറുടെ ഹിന്ദുമഹാഭയും ദ്വിരാഷ്ട്രവാദം ഉന്നയിച്ച് ഹിന്ദുമുസ്ലീം മൈത്രിയെയും ദേശീയസ്വാന്ത്യസമരത്തിനു വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുകയായിരുന്നു.
ഇ.എം.എസിനെ ഗണവേഷത്തിലാക്കി ആർ.എസ്.എസ് ആക്കാൻ ശ്രമിക്കുന്നവരുടെ വഷളത്തരവും ചരിത്രവിരുദ്ധതയും ശക്തമായി തന്നെ ചോദ്യംചെയ്യപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതുമാണ്. ദേശീയസ്വാതന്ത്ര്യസമരത്തിന്റെ കനൽവഴികളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വ നിരയിലേക്കുയർന്നു വന്ന ധിഷണാശാലിയായ ഇന്ത്യൻ മാർക്സിസ്റ്റാണ് ഇ.എം.എസ്. ജാതി ബ്രാഹ്മണ്യം സൃഷ്ടിച്ച അസ്പൃശ്യതയ്ക്കും ഉച്ചനീചത്വങ്ങൾക്കുമെതിരെ നവോത്ഥാനത്തിന്റെ തീപ്പന്തമുയർത്തിയ വിപ്ലവകാരി. വൈദികബ്രാഹ്മണ്യത്തിന്റെ ചിഹ്നങ്ങളായ കുടുമയും പൂണൂലും പൊട്ടിച്ച് കത്തിച്ച് ചാരമാക്കി കൊച്ചിരാജാവിന് അയച്ചുകൊടുത്ത് വരേണ്യയാഥാസ്ഥിതികത്വത്തെ ചോദ്യംചെയ്ത നവോത്ഥാന ധീരതയുടെ പേരാണ് ഇ.എം.എസ് എന്നത്.
ഹിന്ദുത്വത്തിന്റെ വേദാധികാര അധീശത്വത്തെയും അതിന്റെ വരേണ്യ ചൂഷകതാൽപര്യങ്ങളെയും അശ്ലീലകരമായ ധർമ്മശാസ്ത്ര വിവക്ഷകളെയും തുറന്നുകാട്ടിയ ധൈഷണിക ധീരതയാണ് ഇ.എം.എസ് എന്നത്. അതെ ബ്രാഹ്‌മണ്യത്തെയും അതിന്റെ ഭൗതിക അധികാരബന്ധങ്ങളെയും ജീവിതംകൊണ്ട് നിഷേധിച്ച ഇ.എം.എസിനെ പോലെയുള്ള ഒരു മഹാവിപ്ലവകാരിയെ, മതനിരപേക്ഷവാദിയെ ഗണവേഷമിടുവിച്ച് ആർ.എസ്.എസാക്കാൻ നോക്കുന്ന ലീഗ്-ജമാഅത്തെ ഇസ്ലാമിക്കാർ വർഗീയ രാഷ്ട്രീയത്തിന്റെ അന്ധകൂപങ്ങളിൽ പെട്ടുപോയവരാണ്. ലോകാരാധ്യനായ ഒരു ഇന്ത്യൻ മാർക്‌സിസ്റ്റിനെ ഗണവേഷം കെട്ടിക്കുന്നവരുടെ മനസ്സ് വർഗീയതയുടെ കൂത്താടികൾ മാത്രം നുരച്ചുകളിക്കുന്ന അഴുക്കുചാലാണ്. ആധുനികതയുടെയും മാനവസംസ്‌കൃതിയുടെയും മൂല്യങ്ങളെ കാർന്നുതിന്നുന്ന വർഗീയതയുടെ വൈറസ്സുകളെ പ്രജനനം ചെയ്യുന്ന ഇടങ്ങളാക്കി ഇക്കൂട്ടർ സാമൂഹ്യമാധ്യമങ്ങളെ അധഃപതിപ്പിക്കുകയാണ്.
നോം ചോസ്‌കി നിരീക്ഷിക്കുന്നതു പോലെ വിദ്വേഷത്തിന്റെയും ഹിംസയുടെയും ചളിക്കുണ്ടുകളിൽ തിമിർക്കുന്ന വർഗീയതയുടെ കൂത്താടികൾക്കെതിരെ ശക്തമായ പ്രതിരോധം ഉയർത്തിക്കൊണ്ടേ കേരളത്തിന്റെ സെക്യുലർ ഫാബ്രിക്കിനെ സംരക്ഷിക്കാനാവൂ. ജമാഅത്തെ ഇസ്ലാമിയുടെ പ്രത്യയശാസ്ത്ര സ്വാധീനത്തിൽപ്പെട്ട ലീഗ് നേതാക്കളും പ്രവർത്തകരും കമ്യൂണിസ്റ്റ്പാർടി നേതാക്കൾക്കെതിരെ ക്ഷുദ്രവികാരമുണർത്തുന്ന പ്രചരണങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. എം. സ്വരാജ് ഉൾപ്പെടെയുള്ള സി.പി.ഐ(എം) നേതാക്കളെ സംഘാവായി ആക്ഷേപിക്കുന്ന ഫാത്തിമ തെഹ്‌ലിയമാരും ലീഗ്-ജമാഅത്തെ ഇസ്ലാമി പ്രചാരകരും ഗീബൽസിനെ കടത്തിവെട്ടുന്ന നുണപ്രചരണങ്ങളിൽ അഭിരമിക്കുകയാണ്. ഡൽഹിയിലും കേരളത്തിലെ ഇളമക്കരയിലുമുള്ള ആർ.എസ്.എസ് കാര്യാലയങ്ങളിൽ ചെന്ന് നിരന്തരം അടഞ്ഞവാതിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്ന ജമാഅത്തെ ഇസ്ലാമിക്കാർ മതനിരപേക്ഷ ജനാധിപത്യ ശക്തികളെ ആർ.എസ്.എസുമായി ചേർന്നുനിൽക്കുന്നവരായി ആക്ഷേപിക്കുകയാണ്. ആർ.എസ്.എസിനെതിരായി വിട്ടുവീഴ്ചയില്ലാതെ പോരാടിക്കൊണ്ടിരിക്കുന്ന സി.പി.ഐ.എം-ന്റെ നേതാക്കളെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തെയെും സത്താരഹിതമായി അപനിർമ്മിക്കുന്ന ഉത്തരാധുനിക ലീലകളിലാണ് മൗദൂദിസ്റ്റുകളും അവരോടൊപ്പം ചേർന്ന് നിൽക്കുന്ന സ്വത്വരാഷ്ട്രീയക്കാരും.

ഗോൾവാൾക്കറിസ്റ്റുകളെ പോലെ മൗദൂദിസ്റ്റുകളും ചരിത്രവിരുദ്ധവും വിദ്വേഷവിഷം വമിപ്പിക്കുന്നതുമായ നുണപ്രചരണങ്ങൾ നിരന്തരം നടത്തിക്കൊണ്ട് മതനിരപേക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെയാകെ അസ്ഥിരീകരിക്കാനുള്ള കുത്സിത പ്രവർത്തികൾ തുടരുകയാണ്. അങ്ങേയറ്റം വികലവും വാസ്ഥവവിരുദ്ധവുമായ പ്രചരണങ്ങൾക്കുള്ള ഉപാധിയായി സാമൂഹ്യമാധ്യമങ്ങളെ ഹിന്ദുത്വവാദികളും മൗദൂദിസ്റ്റുകളും ഒരുപോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു.
കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ ജമാഅത്തെ ഇസ്ലാമിക്കാർ കമ്യൂണിസ്റ്റുകാരെ വർഗീയവാദികളും ഹിന്ദുത്വവാദികളുമാക്കാനുള്ള ഓവർടൈം പണിയിലാണ്. മതനിരപേക്ഷ രാഷ്ട്രീയത്തെ തകർക്കുന്ന സംഘികൾക്കു വേണ്ടിയുള്ള ക്വട്ടേഷൻ പണിയാണിതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. മാർക്സിസ്റ്റുകളെ എതിർക്കുന്ന കാര്യത്തിൽ ആർ.എസ്.എസുമായി പൊതുലക്ഷ്യം പങ്കിടുന്നവരാണ് മൗദൂദിസ്റ്റുകൾ. മൗലാനാ മൗദൂദിയുടെ നിലപാടിൽ നിന്നാണവർ മാർക്‌സിസത്തെയും ഇടതുപക്ഷ രാഷ്ട്രീയത്തെയുമെല്ലാം ആക്ഷേപിച്ചു കൊണ്ടിരിക്കുന്നത്. കമ്യൂണിസത്തെ മൗദൂദി നിർവചിച്ചത്; ''ഒരു ജർമ്മൻ യഹൂദിയുടെ പ്രതികാരബുദ്ധിയിൽ നിന്നും പൊട്ടിപ്പുറപ്പെട്ടതും റഷ്യയിൽ തഴച്ചുവളർന്നതുമായ വിഷച്ചെടിയാണ് കമ്യൂണിസമെന്നാണല്ലോ. ഈ വിധം നികൃഷ്ടമായ വംശീയവിദ്വേഷനിലപാടുകൾ സൂക്ഷിക്കുന്ന മൗദൂദിസ്റ്റുകളുടെ സ്വത്വരാഷ്ട്രീയവും കമ്യൂണിസ്റ്റുവിരോധവും കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കി സംഘപരിവാറിന് വഴിയൊരുക്കാനാണെന്ന് തിരിച്ചറിയണം.
കഴിഞ്ഞ കുറേക്കാലമായി യഥാർത്ഥ ഇടതുപക്ഷത്തെയും അധിനിവേശവിരുദ്ധതയെയുമെല്ലാം സംബന്ധിച്ച വാചകമടികളിലൂടെ നിലനിൽക്കുന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങളിൽ അവിശ്വാസവും അസ്ഥിരീകരണവും സൃഷ്ടിക്കാനാണ് ജമാഅത്തെ ഇസ്ലാമിക്കാർ കേരളത്തിൽ ശ്രമിച്ചുകൊണ്ടിരുന്നത്. മാധ്യമം വാരികയും പത്രവുമെല്ലാം സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മാവോയിസ്റ്റുകളെയുമെല്ലാം പ്രോത്സാഹിപ്പിച്ചുകൊണ്ട് കേരളീയസമൂഹത്തിൽ സ്വാധീനവും മേൽക്കൈയും ചെലുത്തുന്ന ഇടതുപക്ഷരാഷ്ട്രീയത്തെ ദുർബ്ബലപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരുന്നത്. പുതുതലമുറയിലും മധ്യവർഗ്ഗബുദ്ധിജീവികളിലും കാൽപനികാഭിനിവേശവും സംഘടിതപ്രസ്ഥാനങ്ങളെ അസ്ഥിരീകരിക്കുന്നതും ശിഥിലീകരിക്കുന്നതുമായ ഉത്തരാധുനികാശയങ്ങൾ പ്രചരിപ്പിക്കുകയാണവർ ചെയ്തുകൊണ്ടിരുന്നത്. ഇപ്പോൾ മീഡിയവണും സാമൂഹ്യമാധ്യമ സാധ്യതകൾ ഉപയോഗിച്ച് കൊടുംനുണകൾ പ്രചരിപ്പിച്ച് കമ്യൂണിസ്റ്റ് വിരോധം പടർത്താനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. മതനിരപേക്ഷവും ജനാധിപത്യപരവുമായ ആശയങ്ങളെയെല്ലാം നിരാകരിക്കുന്ന ഉത്തരാധുനിക കസർത്തുകളിലൂടെ തങ്ങളുടെ മതരാഷ്ട്രസിദ്ധാന്തങ്ങൾക്കാവശ്യമായ പ്രത്യയശാസ്ത്ര പരിസരം നിർമ്മിച്ചെടുക്കുകയാണവരുടെ ബൗദ്ധികലക്ഷ്യം. സംഘപരിവാറിന്റെ മറുപുറം കളിച്ച് മതനിരപേക്ഷ സംസ്‌കാരത്തെയും ബഹുസ്വരതയെയും തകർക്കുന്ന വിഭജന രാഷ്ട്രീയമാണവർ ആടിതീർക്കുന്നത്.

ആധുനികദേശരാഷ്ട്രത്തിന്റെയും ആശയങ്ങളുടെയും അസ്ഥിരീകരണങ്ങളിലൂടെ തങ്ങളുടെ മതരാഷ്ട്രനിർമ്മിതിക്കനുകൂലമായ സാഹചര്യമൊരുക്കിയെടുക്കാമെന്നാണ് ഹിന്ദുത്വവാദികളും രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളും കണക്കുകൂട്ടുന്നത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും സ്വാശ്രയത്വത്തെയും തകർത്ത് മൂന്നാം ലോകദേശീയതകൾക്കും സ്വതന്ത്രരാജ്യങ്ങൾക്കുംമേൽ അധിനിവേശം ഉറപ്പിക്കാൻ ശ്രമിക്കുന്ന സാമ്രാജ്യത്വ മൂലധനശക്തികളാണ് ഈ മതരാഷ്ട്രവാദികളെയും മതതീവ്രവാദികളെയും ഫണ്ടും ആശയങ്ങളും ആയുധങ്ങളും നൽകി വളർത്തിയെടുക്കുന്നത്. ഇന്ത്യൻ സാഹചര്യത്തിൽ ഹിന്ദുത്വവാദികളും ഇസ്ലാമികരാഷ്ട്രവാദികളും ഒരേ മൂലധനകേന്ദ്രങ്ങളുടെ കയ്യിൽ കളിക്കുന്ന അസ്ഥിരീകരണ ശക്തികളാണ്. സാമ്രാജ്യത്വത്തിന്റെ ബാൽക്കണൈസേഷൻ പദ്ധതികളുടെ പ്രത്യയശാസ്ത്രകരുക്കളും സാമൂഹ്യായുധങ്ങളുമാണ് സ്വത്വരാഷ്ട്രീയവാദികളും മതവംശീയരാഷ്ട്രം ലക്ഷ്യമിടുന്ന എല്ലാ പ്രതിലോമശക്തികളുമെന്ന് തിരിച്ചറിയേണ്ടതുണ്ട്.

