തദ്ദേശ തെരഞ്ഞെടുപ്പു ഫലം യു.ഡി.എഫിന് 80 നിയമസഭാ മണ്ഡലങ്ങളിൽ ഭൂരിപക്ഷം നേടിക്കൊടുത്തു. എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള 58 മണ്ഡലങ്ങളുണ്ട്. എൻ.ഡി.എയ്ക്ക് വെറും രണ്ട് മണ്ഡലങ്ങളിലാണ് ഭൂരിപക്ഷം, തിരുവനന്തപുരം ജില്ലയിലെ നേമവും വട്ടിയൂർക്കാവും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ പിടിച്ചെടുത്ത ബി.ജെ.പിയ്ക്ക് തൃശൂരിലെ ഒരു നിയമസഭാ മണ്ഡലത്തിൽ പോലും ഭൂരിപക്ഷമില്ല.
യു.ഡി.എഫിന്റെ 100,
എൽ.ഡി.എഫിന്റെ 71+
ആകെ 140 സീറ്റുളള നിയമസഭയിൽ കേവല ഭൂരിപക്ഷത്തിനുവേണ്ടത് 71 സീറ്റാണ്. ഇന്നത്തെ നിലയിൽ ഒമ്പതു സീറ്റു മാത്രമാണ് യു.ഡി.എഫിന് കൂടുതലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേറ്റെങ്കിലും എൽ.ഡി.എഫിനെ സംബന്ധിച്ച് നിയമസഭാ തെരഞ്ഞെടുപ്പു ജയം ബാലികേറാമലയൊന്നുമല്ല എന്നാണ് തദ്ദേശ ഇലക്ഷൻ റിസൽട്ട് സൂചിപ്പിക്കുന്നത്. അതായത്, ഇനിയുള്ള മാസങ്ങളിലെ രാഷ്ട്രീയ ചൂണ്ടുപലകകളെ ശ്രദ്ധപൂർവം പരിഗണിച്ച് മുന്നോട്ടുപോയാൽ 58-ൽ നിന്ന് 71+ നേടുക അസാധ്യമായ ലക്ഷ്യമല്ല.

യു.ഡി.എഫ് കടന്നുകയറ്റത്തെ തുടർന്ന് സ്വാധീനം ചോർന്നുപോയ ചില മേഖലകൾ തിരിച്ചുപിടിക്കുക എന്നതാണ് എൽ.ഡി.എഫിനുമുന്നിലെ വെല്ലുവിളി. മലപ്പുറം, വയനാട്, പത്തനംതിട്ട, എറണാകുളം ജില്ലകൾ എൽ.ഡി.എഫിനെ സംബന്ധിച്ച് ഇപ്പോൾ 'വട്ടപ്പൂജ്യ'മാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിലാണ് എൽ.ഡി.എഫിന് മേൽക്കൈയുള്ളത്. കണ്ണൂരിൽ ഒരു നിയമസഭാ മണ്ഡലത്തിന്റെ മുൻതൂക്കമാണ് എൽ.ഡി.എഫിനുള്ളത്. എൽ.ഡി.എഫ് കോട്ടയായ കോഴിക്കോടാകട്ടെ, പത്ത് മണ്ഡലങ്ങളിൽ ഭൂരിപക്ഷവുമായി യു.ഡി.എഫ് വൻ മുന്നേറ്റമാണ് നടത്തിയത്. 15 വർഷമായി കോൺഗ്രസിന് ഒരു എം.എൽ.എ പോലുമില്ലാത്ത ജില്ലയാണ് കോഴിക്കോട്.
മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന് 5000 മുതൽ 45,000 വരെ വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാൽ, എൽ.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള തൃശൂരിൽ അത്ര ഉയർന്ന ഭൂരിപക്ഷമില്ല.
നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷത്തിന്റെ കണക്കിലും ചില ശ്രദ്ധേയ സൂചനകളുണ്ട്. മലപ്പുറത്തെ നിയമസഭാ മണ്ഡലങ്ങളിൽ യു.ഡി.എഫിന് 5000 മുതൽ 45,000 വരെ വോട്ടിന്റെ വ്യക്തമായ ഭൂരിപക്ഷമുണ്ട്. എന്നാൽ, എൽ.ഡി.എഫിന് ശക്തമായ സ്വാധീനമുള്ള തൃശൂരിൽ അത്ര ഉയർന്ന ഭൂരിപക്ഷമില്ല. ഏറ്റവും കൂടിയ ഭൂരിപക്ഷം 18,696 ആണ്, കയ്പമംഗലം. ഏറ്റവും കുറവ് 1281- ഗുരുവായൂർ.
തിരുവനന്തപുരം ജില്ലയിലും നിയമസഭാ മണ്ഡലങ്ങളിൽ എൽ.ഡി.എഫിനുള്ള ഭൂരിപക്ഷം കുറവാണ്. വാമനപുരത്ത് 905 വോട്ടിന്റെ ഭൂരിപക്ഷമേയുള്ളൂ. കൂടിയ ഭൂരിപക്ഷം നെടുമങ്ങാട്ടാണ്, 13,115. അതായത്, നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരമുണ്ടാകുകയാണെങ്കിൽ എൽ.ഡി.എഫിൽനിന്ന് കൂടുതൽ സീറ്റുകൾ പിടിക്കാൻ യു.ഡി.എഫിന് കഴിയുന്ന സാഹചര്യമാണുള്ളത്. യു.ഡി.എഫിനെ സംബന്ധിച്ച് 100 സീറ്റ് എന്ന ലക്ഷ്യം അത്ര ദുഷ്‌കരവുമല്ല.

തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ മാത്രമായി ഒതുങ്ങിയ എൻ.ഡി.എയ്ക്ക് നേമത്ത് 5049 വോട്ടിന്റെയും വട്ടിയൂർക്കാവിൽ 2497 വോട്ടിന്റെയും ഭൂരിപക്ഷമാണുള്ളത്. ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ എൻ.ഡി.എയെ തോൽപ്പിക്കാൻ കഴിയുന്ന നേരിയ ഭൂരിപക്ഷമാണിതും.
UDF 80, LDF 58
തദ്ദേശ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ
നിയമസഭാ മണ്ഡലങ്ങളിലെ ഭൂരിപക്ഷം:
തിരുവനന്തപുരം ജില്ല:
യു.ഡി.എഫ്:
1. നെയ്യാറ്റിൻകര
2.ചിറയിൻകീഴ്
എൽ.ഡി.എഫ്:
1. കോവളം
2. കാട്ടാക്കട
3. പാറശ്ശാല
4. അരുവിക്കര
5. തിരുവനന്തപുരം
6. കഴക്കൂട്ടം
7. വാമനപുരം
8. നെടുമങ്ങാട്
9. ആറ്റിങ്ങൽ
10. വർക്കല
കൊല്ലം:
യു.ഡി.എഫ്:
1. പത്തനാപുരം
2. കുന്നത്തൂർ
3. കരുനാഗപ്പള്ളി
4. ചവറ
എൽ.ഡി.എഫ്:
1. കുണ്ടറ
2. ചാത്തന്നൂർ
3. പുനലൂർ
4. കൊട്ടാരക്കര
5. ചടയമംഗലം
6. ഇരവിപുരം
7. കൊല്ലം
പത്തനംതിട്ട:
യു.ഡി.എഫ്:
1. കോന്നി
2. തിരുവല്ല
3. അടൂർ
4. ആറന്മുള്ള
5. റാന്നി
ആലപ്പുഴ:
യു.ഡി.എഫ്:
1. ഹരിപ്പാട്
2. അരൂർ
എൽ.ഡി.എഫ്:
1. അമ്പലപ്പുഴ
2. ആലപ്പുഴ
3. ചെങ്ങന്നൂർ
4. കായംകുളം
5. മാവേലിക്കര
6. കുട്ടനാട്
7. ചേർത്തല
കോട്ടയം:
യു.ഡി.എഫ്:
1. പൂഞ്ഞാർ
2. ചങ്ങനാശ്ശേരി
3. പുതുപ്പള്ളി
4. കോട്ടയം
5. ഏറ്റുമാനൂർ
6. കടുത്തുരുത്തി
എൽ.ഡി.എഫ്:
1. കാഞ്ഞിരപ്പള്ളി
2. വൈക്കം
3. പാലാ
ഇടുക്കി:
യു.ഡി.എഫ്:
1. പീരുമേട്
2. ഇടുക്കി
3. ദേവികുളം
4. തൊടുപുഴ
എൽ.ഡി.എഫ്:
1. ഉടുമ്പൻചോല
എറണാകുളം:
1. കോതമംഗലം
2. മൂവാറ്റുപുഴ
3. പിറവം
4. പെരുമ്പാവൂർ
5. കുന്നത്തുനാട്
6. പറവൂർ
7. വൈപ്പിൻ
8. കൊച്ചി
9. കളമശ്ശേരി
10. തൃപ്പുണിത്തുറ
11. എറണാകുളം
12. തൃക്കാക്കര
13. ആലുവ
14. അങ്കമാലി
തൃശൂർ:
യു.ഡി.എഫ്:
1. ചാലക്കുടി
2. തൃശൂർ
എൽ.ഡി.എഫ്:
1. ഒല്ലൂർ
2. പുതുക്കാട്
3. ഇരിങ്ങാലക്കുട
4. കയ്പമംഗലം
5. കൊടുങ്ങല്ലൂർ
6. ചേലക്കര
7. വടക്കാഞ്ചേരി
8. കുന്നംകുളം
9. മണലൂർ
10. ഗുരുവായൂർ
11. നാട്ടിക
പാലക്കാട്:
യു.ഡി.എഫ്:
1. മണ്ണാർക്കാട്
2. പട്ടാമ്പി
3. തൃത്താല
4. പാലക്കാട്
എൽ.ഡി.എഫ്:
1. ഒറ്റപ്പാലം
2. ഷൊർണൂർ
3. തരൂർ
4. നെന്മാറ
5. ചിറ്റൂർ
6. ആലത്തൂർ
7. കോങ്ങാട്
8. മലമ്പുഴ
മലപ്പുറം:
യു.ഡി.എഫ്:
1. മഞ്ചേരി
2. തിരൂർ
3. പെരിന്തൽമണ്ണ
4. തവനൂർ
5. മലപ്പുറം
6. തിരൂരങ്ങാടി
7. വള്ളിക്കുന്ന്
8. കൊണ്ടോട്ടി
9. ഏറനാട്
10. കോട്ടക്കൽ
11. വണ്ടൂർ
12. നിലമ്പൂർ
13. പൊന്നാനി
14. വേങ്ങര
15. മങ്കട
16. താനൂർ
കോഴിക്കോട്:
യു.ഡി.എഫ്:
1. കുന്നമംഗലം
2. തിരുവമ്പാടി
3. കോഴിക്കോട് സൗത്ത്
4. കൊടുവള്ളി
5. കൊയിലാണ്ടി
6. പേരാമ്പ്ര
7. ബാലുശ്ശേരി
8. വടകര
9. കുറ്റ്യാടി
10. നാദാപുരം
എൽ.ഡി.എഫ്:
1. ബേപ്പൂർ
2. കോഴിക്കോട് നോർത്ത്
3. എലത്തൂർ
വയനാട്:
യു.ഡി.എഫ്:
1. മാനന്തവാടി
2. ബത്തേരി
3. കൽപ്പറ്റ
കണ്ണൂർ:
യു.ഡി.എഫ്:
1. ഇരിക്കൂർ
2. അഴിക്കോട്
3. പേരാവൂർ
4. തളിപ്പറമ്പ്
5. കണ്ണൂർ
എൽ.ഡി.എഫ്:
1. കൂത്തുപറമ്പ്
2. കല്യാശ്ശേരി
3. തലശ്ശേരി
4. പയ്യന്നൂർ
5. ധർമ്മടം
6. മട്ടന്നൂർ
കാസർകോട്:
യു.ഡി.എഫ്:
1. ഉദുമ
2. കാസർകോട്
3. മഞ്ചേശ്വരം
എൽ.ഡി.എഫ്:
1. തൃക്കരിപ്പൂർ
2. കാഞ്ഞങ്ങാട്
എൻ.ഡി.എയ്ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങൾ:
തിരുവനന്തപുരം ജില്ല:
1. നേമം
2. വട്ടിയൂർക്കാവ്.
‘കേവല ഭൂരിപക്ഷ’മില്ലാതെ
300-ലേറെ തദ്ദേശ സ്ഥാപനങ്ങൾ
ഒരു മുന്നണിയ്ക്കും കേവല ഭൂരിപക്ഷമില്ലാത്ത 300-ലേറെ തദ്ദേശ സ്ഥാപനങ്ങളുണ്ട്. 310 ഗ്രാമപഞ്ചായത്തുകളിലും 24 ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് ജില്ലാ പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളും മൂന്ന് കോർപറേഷനുകളിലും ആർക്കും കേവല ഭൂരിപക്ഷമില്ല. ആകെ 1403 സ്വതന്ത്രരാണ് ഇത്തവണ ജയിച്ചത്. സീറ്റുകൾ തുല്യനിലയിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഇവരായിരിക്കും ആര് ഭരിക്കണം എന്ന് തീരുമാനിക്കുക.

തദ്ദേശ സ്ഥാപനങ്ങളിൽ കേവല ഭൂരിപക്ഷം എന്നത് സാങ്കേതികം മാത്രമാണ്. ഏറ്റവും കൂടുതൽ സീറ്റ് നേടിയ പാർട്ടിക്കോ മുന്നണിക്കോ ഭരണത്തിലേറുന്നതിൽ തടസ്സമില്ല. എന്നാൽ, ഭരണപക്ഷത്തേക്കാൾ കൂടുതൽ അംഗങ്ങൾ പ്രതിപക്ഷത്തുണ്ടാകുന്ന സാഹചര്യത്തിൽ തീരുമാനങ്ങളെടുക്കുന്നതിൽ സമവായം അനിവാര്യമായി വരും. സ്ഥിരം സമിതി അധ്യക്ഷപദവികൾ പ്രതിപക്ഷവുമായി പങ്കിടേണ്ടിയും വരും.
കോർപറേഷനുകളുടെ കഥ
തിരുവനന്തപുരം കോർപറേഷനിൽ ഇലക്ഷൻ നടന്ന 100 ഡിവിഷനുകളിൽ എൻ.ഡി.എ 50 സീറ്റ് നേടി, കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവ്. എൽ.ഡി.എഫ്- 29, യു.ഡി.എഫ്- 19 ഡിവിഷനുകളിൽ ജയിച്ചു.
16 വാര്‍ഡുകളില്‍ ജയം നേരിയ ഭൂരിപക്ഷത്തിനാണ്. ചന്തവിള വാര്‍ഡില്‍ രണ്ട് വോട്ടിനാണ് ബി.ജെ.പി എല്‍.ഡി.എഫില്‍നിന്ന് പിടിച്ചെടുത്തത്. ഇടവക്കോട് വാര്‍ഡില്‍ 26 വോട്ടിനാണ് ബി.ജെ.പി ജയിച്ചത്. ആറ്റുകാല്‍ ഡിവിഷനില്‍ ബി.ജെ.പി ജയം 11 വോട്ടിനാണ്.
രണ്ട് സ്വതന്ത്രരുള്ളതിനാൽ ഇവരുടെ പിന്തുണ ഉറപ്പാക്കാനാണ് എൻ.ഡി.എ നീക്കം. എന്നാൽ, രണ്ട് സ്വതന്ത്രരുടെ പിന്തുണ നേടിയെടുത്ത് എൽ.ഡി.എഫും യു.ഡി.എഫും യോജിച്ചുനീങ്ങിയാൽ 50- 50 എന്ന തുല്യനിലയിലാകും. തെരഞ്ഞെടുപ്പ് നടക്കാൻ ബാക്കിയുള്ള വിഴിഞ്ഞം ഡിവിഷൻ കൂടി ജയിക്കാനായാൽ എൻ.ഡി.എക്കെതിരെ വ്യക്തമായ മുൻതൂക്കവുമാകും.
കൊല്ലം കോർപറേഷനിൽ ആകെ 57 ഡിവിഷനുകളിൽ 27 ഇടത്ത് ജയിച്ച യു.ഡി.എഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. എൽ.ഡി.എഫിന് 16 സീറ്റുണ്ട്.
സീറ്റുകളുടെ നഷ്ടക്കണക്കെടുത്താൽ മുന്നിൽ എൽ.ഡി.എഫ് തന്നെയാണ്. വാർഡ് പുനർനിർണയത്തിൽ 1694 വാർഡുകൾ കൂടിയിട്ടും വലിയ നഷ്ടമാണ് മുന്നണിയ്ക്കുണ്ടായത്.
കോഴിക്കോട്ട് 76-ൽ എൽ.ഡി.എഫ് 34 ഡിവിഷനാണ് നേടിയത്. യു.ഡി.എഫ് 28, എൻ.ഡി.എ 13 ഡിവിഷനുകൾ വീതം നേടി.
എൽ.ഡി.എഫിന് 294 വോട്ടു മാത്രമാണ് യു.ഡി.എഫിനേക്കാൾ അധികമുള്ളത്. ഏഴ് ഡിവിഷനുകളിലാണ് ഈ വോട്ടുകളുടെ കുറവ്. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് യു.ഡി.എഫ് കോഴിക്കോട് കോർപറേഷനിൽ, 28 സീറ്റുകൾ നേടി കാഴ്ച വെച്ചത്. ഏഴ് ഡിവിഷനുകൾ ഒമ്പതു മുതൽ 92 വരെയുള്ള വോട്ടുകൾക്കാണ് നഷ്ടമായത്. നേരിയ ഭൂരിപക്ഷത്തിനാണ് നഷ്ടമായത്. 2010-ൽ നേടിയ 34 സീറ്റുകൾക്കുശേഷമുള്ള യു.ഡി.എഫിന്റെ മികച്ച വിജയം കൂടിയാണിത്.
മുന്നണികളെ വട്ടം കറക്കുന്ന ഗ്രാമപഞ്ചായത്തുകൾ
505 ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫ് മുന്നിലെത്തിയെങ്കിലും 123 ഇടത്ത് വളരെ നേരിയ ഭൂരിപക്ഷമാണുള്ളത്. എൽ.ഡി.എഫ് മുന്നിലെത്തിയ 340 ഗ്രാമപഞ്ചായത്തുകളിൽ 101 ഇടത്തും നേരിയ ഭൂരിപക്ഷമാണുള്ളത്. 26 ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ എൻ.ഡി.എയ്ക്ക് ആറിടത്താണ് ഭരണം ഉറപ്പിക്കാനായത്.
ജില്ലാ പഞ്ചായത്തുകളിൽ കോഴിക്കോട്ട് യു.ഡി.എഫും കാസർകോട് എൽ.ഡി.എഫും ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്. കേവല ഭൂരിപക്ഷമില്ലെങ്കിലും ഇവിടെ ഈ മുന്നണികൾക്കുതന്നെ ഭരിക്കാവുന്ന സാഹചര്യമുണ്ട്.
അനിശ്ചിത മുനിസിപ്പാലിറ്റികൾ
മുനിസിപ്പാലിറ്റികളിൽ എൻ.ഡി.എ കൂടുതൽ സീറ്റുകൾ നേടിയ പാലക്കാട്ടും തൃപ്പുണിത്തുറയിലുമാണ് ഏറ്റവും അനിശ്ചിതത്വം. രണ്ടിടത്തും ആർക്കും കേവല ഭൂരിപക്ഷമില്ല.

പാലക്കാട്ട് ആകെയുള്ള 53-ൽ എൻ.ഡി.എയ്ക്ക് 25 വാർഡുകളാണുള്ളത്. യു.ഡി.എഫിന് 17, എൽ.ഡി.എഫിന് 8 വീതം. മൂന്ന് സ്വതന്ത്രരുമുണ്ട്. സ്വതന്ത്രരിൽ ഒരാൾ യു.ഡി.എഫ് വിമതനുമാണ്. യു.ഡി.എഫിനും എൽ.ഡി.എഫിനും വേണമെങ്കിൽ സ്വതന്ത്രരെ മുൻനിർത്തി എൻ.ഡി.എയെ ഭരണത്തിൽനിന്ന് മാറ്റിനിർത്താം.
തൃപ്പുണിത്തുറയിലും സമാന സാഹചര്യമാണുള്ളത്. ആകെ 53-ൽ എൻ.ഡി.എയ്ക്ക് 21, എൽ.ഡി.എഫിന് 20, യു.ഡി.എഫിന് 12 സീറ്റു വീതമാണുള്ളത്. 27 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. എൽ.ഡി.എഫും യു.ഡി.എഫും യോജിച്ചാൽ എൻ.ഡി.എ ഭരണത്തിൽനിന്ന് പുറത്താകും.
പാലാ നഗരസഭാഭരണവും ഇത്തവണ കഴിഞ്ഞ തവണത്തേതിന്റെ ആവർത്തനമായേക്കും. 26 സീറ്റിൽ എൽ.ഡി.എഫിന് 12, യു.ഡി.എഫിന് 10 സീറ്റ് വീതുമാണുള്ളത്. മുൻ സി.പി.എം നേതാവ് കൂടിയായ ബിനു പുളിക്കക്കണ്ടം, മകൾ ദിയ പുളിക്കക്കണ്ടം, സഹോദരൻ ബിജു എന്നിവർ സ്വതന്ത്രരായാണ് ഇത്തവണ മത്സരിച്ച് ജയിച്ചത്. മൂന്നിടത്തും യു.ഡി.എഫ് സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.
കഴിഞ്ഞ ഭരണത്തിൽ കേരള കോൺഗ്രസ് എമ്മുമായി ഉടക്കിയതിനെതുടർന്നാണ് ബിനുവിന് ചെയർമാൻ സ്ഥാനം നഷ്ടമായത്. ഇത്തവണ ബിനുവും കുടുംബവും യു.ഡി.എഫിന് പിന്തുണ നൽകാൻ തീരുമാനിച്ചാൽ, പാലാ യു.ഡി.എഫിൻേറതാകും. എന്നാൽ, നഗരസഭാ ചെയർപേഴ്‌സൻ സ്ഥാനം ബിനുവിന്റെ കുടുംബത്തിന് നൽകേണ്ടിവരും- ദിയയെ ചെയർപേഴ്‌സണാക്കിയുള്ള ധാരണയ്്ക്കാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
സീറ്റു നഷ്ടത്തിൽ
എൽ.ഡി.എഫ് മുന്നിൽ,
നേട്ടത്തിൽ കോൺഗ്രസ്
സീറ്റുകളുടെ നഷ്ടക്കണക്കെടുത്താൽ മുന്നിൽ എൽ.ഡി.എഫ് തന്നെയാണ്. വാർഡ് പുനർനിർണയത്തിൽ 1694 വാർഡുകൾ കൂടിയിട്ടും വലിയ നഷ്ടമാണ് മുന്നണിയ്ക്കുണ്ടായത്. ഗ്രാമപഞ്ചായത്തുകളിൽ 628 വാർഡുകളും ബ്ലോക്ക് പഞ്ചായത്തുകളിൽ 325 വാർഡുകളും ജില്ലാ പഞ്ചായത്തുകളിൽ 72 ഡിവിഷനുകളും മുനിസിപ്പാലിറ്റികളിൽ 53 വാർഡും കോർപറേഷനുകളിൽ 80 ഡിവിഷനുകളും എൽ.ഡി.എഫിന് നഷ്ടമായി.

ഇത്തവണ എൽ.ഡി.എഫ് ആകെ 8864 വാർഡുകളാണ് നേടിയത്.
വാർഡുകളുടെ എണ്ണം, ബ്രാക്കറ്റിൽ 2020-ൽ നേടിയ വാർഡുകൾ:
- ഗ്രാമപഞ്ചായത്ത്: 6568 (7196).
- ബ്ലോക്ക് പഞ്ചായത്ത്: 923 (1248).
- ജില്ലാ പഞ്ചായത്ത്: 148 (204).
- മുനിസിപ്പാലിറ്റി: 1100 (1153)
- കോർപറേഷൻ: 125 (205).
എൽ.ഡി.എഫ് ഘടകകക്ഷികൾ
നേടിയ വാർഡുകൾ:
സി.പി.എം: 7455
സി.പി.ഐ: 1018
കേരള കോൺഗ്രസ്- എം.: 246
ആർ.ജെ.ഡി: 63
ജെ.ഡി (എസ്): 44
കേരള കോൺഗ്രസ് ബി: 15
ഐ.എൻ.എൽ: 9
കോൺഗ്രസ് എസ്: 8
ജെ.കെ.സി: 6
അതേസമയം, യു.ഡി.എഫ് 2020-ലേതിനേക്കാൾ വൻ മുന്നേറ്റം നടത്തി. ആകെ നേടിയത് 11.103 വാർഡുകൾ. 2321 ഗ്രാമപഞ്ചായത്ത് വാർഡുകളും 548 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളും 79 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 317 മുനിസിപ്പാലിറ്റി വാർഡുകളും 67 കോർപറേഷൻ ഡിവിഷനുകളും അധികമായി യു.ഡി.എഫ് നേടി.
ഇത്തവണ യു.ഡി.എഫ് നേടിയ വാർഡുകൾ, ബ്രാക്കറ്റിൽ 2020-ൽ നേടിയ വാർഡുകൾ:
- ഗ്രാമപഞ്ചായത്ത്: 8021 (5700).
- ബ്ലോക്ക് പഞ്ചായത്ത്: 1241 (693).
- ജില്ലാ പഞ്ചായത്ത്: 196 (103).
- മുനിസിപ്പാലിറ്റി: 1458 (1141)
- കോർപറേഷൻ: 187 (120).
യു.ഡി.എഫ് ഘടകകക്ഷികൾ
നേടിയ വാർഡുകൾ:
കോൺഗ്രസ്: 7817
മുസ്‍ലിം ലീഗ്: 2844
കേരള കോൺഗ്രസ്: 332
ആർ.എസ്.പി: 57
കേരള കോൺഗ്രസ് (ജേക്കബ്): 34
സി.എം.പി: 10
കെ.ഡി.പി: 8
എ.ഐ.എഫ്. ബി: 1.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഒഴിച്ച് എൻ.ഡി.എയും സീറ്റുകളുടെ എണ്ണം കൂടിയെങ്കിലും പാർട്ടി അവകാശപ്പെട്ടിരുന്ന എണ്ണത്തിലെത്താനായില്ല. ആകെ 1911 ജനപ്രതിനിധികളാണ് എൻ.ഡി.എയ്ക്കുള്ളത്. കുറഞ്ഞത് 2500 പേരായിരുന്നു ലക്ഷ്യം.
എൻ.ഡി.എ ഇത്തവണ നേടിയ വാർഡുകൾ, ബ്രാക്കറ്റിൽ 2020-ൽ നേടിയ വാർഡുകൾ:
- ഗ്രാമപഞ്ചായത്ത്: 1447 (1181).
- ബ്ലോക്ക് പഞ്ചായത്ത്: 54 (37).
- ജില്ലാ പഞ്ചായത്ത്: 1 (2).
- മുനിസിപ്പാലിറ്റി: 324 (320)
- കോർപറേഷൻ: 93 (60).
മുസ്‌ലിം ലീഗും ഇത്തവണ വൻ നേട്ടമുണ്ടാക്കി. 2020-ലേതിനേക്കാൾ 713 സീറ്റുകൾ അധികം പാർട്ടി നേടി. 1980 ഗ്രാമപഞ്ചായത്ത് വാർഡുകളും 269 ബ്ലോക്ക് പഞ്ചായത്ത് വാർഡുകളുമ 51 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളും 510 മുനിസിപ്പാലിറ്റി വാർഡുകളും 34 കോർപറേഷൻ ഡിവിഷനുകളുമാണ് ലീഗ് നേടിയത്.
മറ്റു പാർട്ടികളും സ്വതന്ത്രരും
നേടിയ വാർഡുകൾ:
സ്വതന്ത്രർ: 1403
എസ്.ഡി.പി.ഐ: 97
ട്വന്റി 20: 78
ഡബ്ല്യു. പി.ഐ: 31
ആർ.എം.പി-ഐ: 29
എൻ.സി.പി- എസ്.സി.പി: 25
എൻ.എസ്.സി: 9
പി.ഡി.പി: 5
ബി.എസ്.പി: 3
എ.എ.പി: 3
ബി.എൻ.ജെ.ഡി: 3
എസ്.പി: 1.
യു.ഡി.എഫിന് 40 ശതമാനം
തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 40.7 ശതമാനം വോട്ട് ലഭിച്ചുവെന്നാണ് പ്രാഥമിക കണക്ക്. എൽ.ഡി.എഫിന് 35.7, എൻ.ഡി.എയ്ക്ക് 16 ശതമാനം വോട്ടാണ് ലഭിച്ചത്. സ്വതന്ത്രരും മറ്റുള്ളവരും കൂടി അഞ്ചു ശതമാനം.
