ചെങ്കോട്ട തകർന്നു, കൊല്ലം കോർപ്പറേഷൻ പിടിച്ച് യു.ഡി.എഫ്

കാൽ നൂറ്റാണ്ടിന് ശേഷം കൊല്ലം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നേറ്റം. കനത്ത തകർച്ച നേരിട്ട് എൽ.ഡി.എഫ്. നില മെച്ചപ്പെടുത്തി ബി.ജെ.പി മുന്നേറ്റം.

Election Desk

കൊല്ലം കോർപ്പറേഷനിലെ ഇടതുമുന്നണിയുടെ മേൽക്കൈ തകർന്നടിഞ്ഞു. സി.പി.എമ്മിനും സി.പി.ഐക്കും വലിയ അടിത്തറയുള്ള കോർപ്പറേഷനിൽ ഇത്തവണ നേരിട്ടത് കനത്ത തിരിച്ചടി. 25 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി ഭരണം പിടിച്ച് യു.ഡി.എഫ്. എൽ.ഡി.എഫിൻെറ മുൻ മേയർമാരായ രാജേന്ദ്രബാബു, ഹണി ബെഞ്ചമിൻ എന്നിവരെല്ലാം പരാജയപ്പെട്ടു. സമീപകാലത്തൊന്നും ഇത്ര ദയനീയമായ തിരിച്ചടി കൊല്ലത്ത് ഇടതുമുന്നണി നേരിട്ടിട്ടില്ല. നിയമസഭയിലും തദ്ദേശ തെരഞ്ഞെടുപ്പിലുമൊക്കെ കഴിഞ്ഞ കുറച്ച് കാലമായി പൂർണമായും ഇടത്തോട്ട് നിൽക്കാറുള്ള മണ്ഡലമാണ് കൊല്ലം. യു.ഡി.എഫ് ഭരണത്തിലേക്ക് എത്തുന്നുവെന്നത് മാത്രമല്ല, ബി.ജെ.പിയും മുമ്പെങ്ങുമില്ലാത്ത വിധത്തിൽ ഇവിടെ നേട്ടമുണ്ടാക്കി. 21 സീറ്റുകളിൽ ലീഡുമായാണ് യു.ഡി.എഫ് കൊല്ലത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാവുന്നത്. ഭരിക്കാനാവുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. 14 സീറ്റുകളിലാണ് എൽ.ഡി.എഫ് മുന്നേറ്റം. 10 സീറ്റുകളുമായി രണ്ടക്കം തികച്ച് ബി.ജെ.പി നേട്ടമുണ്ടാക്കി. ഒരു സീറ്റിൽ മറ്റുള്ളവർക്കാണ് ലീഡ്.

കാൽനൂറ്റാണ്ടായി ഇടതുപക്ഷം ഭരിക്കുന്ന കോർപ്പറേഷനാണ് കൊല്ലം. മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് ഉണ്ടായ സിപിഐ - സിപിഎം തർക്കം കൊല്ലം കോർപ്പറേഷനിലെ എൽ.ഡി.എഫ് ഭരണത്തിലെ പ്രധാന കല്ലുകടിയായിരുന്നു. 2020-ലെ തെരഞ്ഞെടുപ്പിൽ ആകെയുള്ള 55-ൽ 38 സീറ്റുകളും പിടിച്ച് വലിയ ആധിപത്യത്തിലാണ് എൽ.ഡി.എഫ് ഭരണം പിടിച്ചിരുന്നത്. യു.ഡി.എഫിന് ആകെ 10 സീറ്റാണ് കിട്ടിയിരുന്നത്. ആറ് സീറ്റുകളിൽ ബി.ജെ.പിയും വിജയിച്ചിരുന്നു. 2000-ത്തിലാണ് കൊല്ലം കോർപ്പറേഷൻ രൂപീകൃതമാവുന്നത്. അത്തവണ യു.ഡി.എഫിനും എൽ.ഡി.എഫിനും തുല്യസീറ്റുകൾ, അതായത് 23 സീറ്റുകൾ വീതമാണ് ലഭിച്ചിരുന്നത്. ജയിച്ച ഒരു സ്വതന്ത്രനെ ഒപ്പം കൂട്ടി ആദ്യമായി കൊല്ലം കോർപ്പറേഷൻ ഭരിക്കാൻ തുടങ്ങിയതാണ് ഇടതുമുന്നണി. പിന്നീടങ്ങോട്ട് നില മെച്ചപ്പെടുത്തി കൊല്ലം ചെങ്കോട്ടയാക്കി മാറ്റി എൽ.ഡി.എഫ്. എന്നാൽ അതെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് ഇത്തവണ കണ്ടത്. സംസ്ഥാനത്ത് പൊതുവിൽ എൽ.ഡി.എഫിനെതിരെ ഉയർന്ന ഭരണവിരുദ്ധ വികാരം തന്നെയാണ് കൊല്ലത്തും കണ്ടത്.

Comments