അധികാരത്തിന്റെ
ആനന്ദവും
പ്രതീക്ഷയുടെ
കനവും

തെരഞ്ഞെടുപ്പ് ഫലവും അതിനുശേഷം വി.ഡി. സതീശനെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതിൽ ജനം കാണിച്ച ആവേശവും സൂചിപ്പിക്കുന്നത്, സതീശൻ എന്ന മുഖ്യമന്ത്രിയിൽ ജനം വലിയ പതീക്ഷ അർപ്പിച്ചിരിക്കുന്നു എന്നാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഭരണത്തിലെത്തുമ്പോൾ പരിഹാരം കാണുമെന്ന് അവർ സ്വാഭാവികമായും കരുതുന്നു. സതീശനും യു. ഡി. എഫ് സർക്കാരിനും നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരമാണിത്. അതിന് സമയം വളരെ കുറവാണുതാനും- ജെ. പ്രഭാഷ് എഴുതുന്നു.

വഹർലാൽ നെഹ്രുവിന്റെ ആത്മകഥയിൽ മുൻ ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോർജിനെ ഉദ്ധരിച്ച് പറയുന്നൊരു കാര്യമുണ്ട്: ഗർത്തത്തെ രണ്ടു കുതിപ്പിൽ ചാടിക്കടക്കാൻ ശ്രമിക്കുന്നതുപോലെ അപകടകരമായ മറ്റൊന്നില്ല.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിയ ശ്രമം കണ്ടപ്പോൾ ഈ വിധം ചിന്തിച്ചുപോയി എന്നേയുള്ളൂ. രണ്ടല്ല, പലവട്ടം കുതിച്ചുചാടി ഗർത്തം മറികടക്കാൻ ശ്രമിക്കുന്നതുപോലെയാണ് അവർ ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്തത്. എം.എൽ.എ അല്ലാതിരുന്ന കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതാണ് ആദ്യ കുതിപ്പ്. പിന്നീടങ്ങോട്ട് പല കുതിപ്പുകൾ. കോൺഗ്രസ് നേതൃത്വവും ജനപ്രതിനിധികളും യു.ഡി.എഫ് ഘടകക്ഷികളുമെല്ലാം ജനങ്ങളുടെ മുന്നിൽ അപഹാസ്യരായി. വിജയത്തിന്റെ തിളക്കം കെട്ടു.

കാര്യങ്ങൾ ലളിതമാണെങ്കിലും മനുഷ്യൻ അതിനെ സങ്കീർണ്ണമാക്കുമെന്ന ചരിത്രസത്യം നമ്മെ ഓർമ്മപ്പെടുത്തിയ സംഭവപരമ്പരകൾ. ഒടുവിൽ, വലിയ കേടുപാടില്ലാതെ ജനാഭിലാഷത്തിന് വഴങ്ങി തീരുമാനമെടുത്തു എന്നതാണ് ആശ്വാസകരം. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. സി. പി. എമ്മിൽനിന്ന് വ്യത്യസ്തമായി കോൺഗ്രസ് രാഷ്‌ട്രീയത്തിൽ തലമുറമാറ്റം സംഭവിക്കുന്നു എന്ന വ്യക്തമായ സൂചന, ഉന്നതമായ ജനാധിപത്യബോദ്ധ്യത്തിന്റെ വലിയ സന്ദേശം.

വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്.
വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, സണ്ണി ജോസഫ്.

കേരള രാഷ്ട്രീയം
വഴിത്തിരിവിൽ

കേരള രാഷ്ട്രീയം വഴിത്തിരിവിലാണ്. ഇടതുപക്ഷം, പ്രത്യേകിച്ച്, സി.പി.എം, ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടുന്നു, അകത്തുനിന്നും പുറത്തുനിന്നും. ഇടതുപക്ഷ നിലപാടുകളിൽ നിന്ന് അവർ അകന്നുകഴിഞ്ഞു, തലമുറമാറ്റത്തിന് അവശ്യം ആവശ്യമായ രണ്ടാംനിര നേതൃത്വം രൂപപ്പെടുന്നതിന് വിഘ്നമായി നിലവിലെ നേതൃത്വം അവരുടെ കസേരകളിൽ അമർന്നിരിക്കുന്നു. തെരഞ്ഞെടുപ്പിൽനിന്ന് പാഠം പഠിക്കുന്ന ലക്ഷണവും കാണുന്നില്ല. തെറ്റുപറ്റിയത്, തങ്ങൾക്കാണോ ജനങ്ങൾക്കാണോ എന്നതിൽ ഗവേഷണം നടത്തുകയാണ് അവർ.

മറുവശത്ത്, ബി.ജെ.പിയുടെ വേരുകൾ ആഴ്ന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു. പോരെങ്കിൽ, മതസമുദായങ്ങൾ തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ ദുർലക്ഷണങ്ങളും. മുൻ നാളുകളിൽ, മതനിരപേക്ഷനിലപാടുകൾ സ്വീകരിച്ചിരുന്ന എൻ.എസ്.എസ്സിന്റെയും, എസ്.എൻ.ഡി.പിയുടെയും നേതൃത്വങ്ങൾ തന്നെ വിഭാഗീയതയുടെ വിത്ത് വിതയ്ക്കാൻ ആരംഭിച്ചിരിക്കുന്നു. മുസ്ലിംലീഗിനെ ഉന്നം വെച്ചാണ് അവർ വെടിയുതിർക്കുന്നതെങ്കിലും ലക്ഷ്യം മുസ്ലീം സമുദായമാണെന്ന് അരിയാഹാരം കഴിക്കുന്ന ഏതു മലയാളിക്കും ബോദ്ധ്യമാകും. നാളെ ഇത് മുഴുവൻ ന്യൂനപക്ഷങ്ങൾക്കും എതിരായി ഭവിക്കുമെന്നതിലും സംശയം വേണ്ട. കാരണം സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനാണ് അവർ തുനിയുന്നത്.

പ്രതിപക്ഷത്തിരിക്കുന്നതും ഭരണത്തിലിരിക്കുന്നതും രണ്ടും രണ്ടാണെന്ന പ്രശ്‌നവുമുണ്ട്. ആദ്യത്തേത് വിഗ്രഹഭഞ്ജനവും രണ്ടാമത്തേത് രചനാത്മകവും. രണ്ടിനും വ്യത്യസ്ത യോഗ്യതയും ചിന്തയും പ്രവൃത്തിയുമാണ് ആവശ്യം.

സർക്കാരിന്റെ കാര്യത്തിലേക്ക് വന്നാൽ, കടുത്ത സാമ്പത്തികപ്രതിസന്ധി, ആരോഗ്യവും ഉന്നത വിദ്യാഭ്യാസവും തൊഴിലും കൃഷിയും ഉൾപ്പെടെ പല മേഖലകളും നേരിടുന്ന പ്രശ്‌നങ്ങൾ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, വിലവർദ്ധനവ്, ആശ വർക്കർമാരുൾപ്പെടെയുള്ള തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ, പി.എം ശ്രീ തുടങ്ങിയവ പരിഹാരം കാത്തിരിക്കുന്നു. തങ്ങളുടെ കൂടെയല്ലാത്തവരെ ശത്രുക്കളായി കരുതുന്ന, പ്രതിപക്ഷ സർക്കാരുകളെ അസ്ഥിരപ്പെടുത്താനും സാമ്പത്തികമായും രാഷ്‌ട്രീയമായും തകർക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാരും, അതിന് ആലവട്ടവും വെഞ്ചാമരവും വീശുന്ന ഗവർണറും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വേറേയും. എല്ലാറ്റിനുമുപരി, ജനാധിപത്യവും മൂല്യങ്ങളും പൊതുബോധവും നമ്മുടെ രാഷ്ട്രീയത്തിൽനിന്ന് കുടിയിറങ്ങിക്കഴിഞ്ഞു.

ഇതു കൂടാതെയാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടായേക്കാവുന്ന നിഷേധാത്മക നിലപാടുകളും, സ്വന്തം ചേരിയിൽ നിന്ന് സതീശനെതിരെ ഉയർന്നേക്കാവുന്ന വിമതനീക്കങ്ങളും. പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തിന്റെ നയങ്ങളെ കണ്ണുമടച്ച് എതിർക്കുകയും തെരുവിൽ നേരിടുകയും, ഭരണത്തിലെത്തുമ്പോൾ അതേ നയങ്ങൾ നടപ്പിലാക്കുകയും ജനാധിപത്യപരമായ പ്രതിഷേധങ്ങളെപ്പോലും നിർദ്ദാക്ഷിണ്യം അടിച്ചമർത്തുകയും അതിനെ ‘രക്ഷാപ്രവർത്തനമായി’ വ്യാഖ്യാനിക്കുകയും ചെയ്യുന്ന സി. പി. എം നേതൃത്വത്തിൽനിന്ന് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇതിനെല്ലാം പുറമെയാണ് പത്തുവർഷം ‘അധികാരപ്പട്ടിണിയിൽ’ കഴിഞ്ഞ യു.ഡി.എഫുകാരുടെ ആർത്തിയും അവർ കാട്ടികൂട്ടാൻ പോകുന്ന പുകിലും.

ജാതി- സാമുദായിക സംഘടനകളുടെ നേതൃത്വങ്ങളിൽ നിന്ന് എതിർപ്പുണ്ടാകുമെന്നതിലും സംശയം വേണ്ട. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഇതിനകം സതീശനെതിരെ രംഗത്ത് വന്നുകഴിഞ്ഞു. മറ്റുള്ളവർ പുറകെ എത്തുമെന്ന് കരുതാം. ഇതിൽ ആശ്ചര്യപ്പെടാനൊന്നുമില്ല. ഇതാദ്യമായണല്ലോ ഒരു രാഷ്ട്രീയ നേതാവ്, അതും ഒരു കോൺഗ്രസുകാരൻ, മത, സാമുദായിക നേതൃത്വങ്ങളെ തുറന്ന് എതിർക്കുന്നതും അവരുടെ ആശിർവാദം തേടാൻ വിസമ്മതിച്ചതും. തന്നെയുമല്ല, അവരുടെ എതിർപ്പിനെ തള്ളിക്കളഞ്ഞാണ് വി.ഡി. സതീശനെ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതൃത്വം അവരോധിച്ചതും.

മുമ്പ് ഇത്തരക്കാരെ ശക്തിയുക്തം എതിർത്തിരുന്ന മാർക്സിസ്റ്റുകാർ പോലും അവരുടെ അനുഗ്രഹാശിസ്സുകൾക്കായി ഓടിനടക്കുന്ന കാലത്താണ് ഇങ്ങനെയൊന്ന് സംഭവിക്കുന്നത് എന്നത് ചിന്തോദ്ദീപകമാണ്.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.

ജനങ്ങളുടെ പ്രതീക്ഷ

ഈ സാമൂഹിക- രാഷ്ട്രീയ പരിസരത്തിലാണ്, മധ്യ-ഇടത് (Centre-left) അഥവാ നെഹ്റുവിയൻ സോഷ്യലിസ്റ്റ് ആശയങ്ങളുമായി വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നത്. ആശയങ്ങളുടെ ഏറ്റവും വലിയ പ്രശ്‌നം, പ്രയോഗത്തിൽ കൊണ്ടുവന്നില്ലെങ്കിൽ അവ ഇല്ലാതാകുമെന്നതാണ്. പുത്തൻ ആശയങ്ങൾ രൂപപ്പെടാതാകുകയും ആശയങ്ങൾ ഇല്ലാത്ത ശൂന്യതയിൽ നാം പെട്ടുപോകുകയും ചെയ്യും. പ്രതിപക്ഷത്തിരിക്കുന്നതും ഭരണത്തിലിരിക്കുന്നതും രണ്ടും രണ്ടാണെന്ന പ്രശ്‌നവുമുണ്ട്. ആദ്യത്തേത് വിഗ്രഹഭഞ്ജനവും രണ്ടാമത്തേത് രചനാത്മകവും. രണ്ടിനും വ്യത്യസ്ത യോഗ്യതയും ചിന്തയും പ്രവൃത്തിയുമാണ് ആവശ്യം. ഭരണത്തെക്കുറിച്ചുള്ള നിലവിലെ സങ്കല്പനങ്ങളെ ഏതുവിധം മറികടക്കുമെന്ന കാര്യമാണ് മറ്റൊന്ന്. ഇപ്പോഴത്തെ അവസ്ഥയിൽ അത് ‘വികസനവും’ (development), സുരക്ഷയും (security) രാജ്യസ്നേഹവും (patriotism) മാത്രമായി ചുരുങ്ങിയിരിക്കുന്നു. വികസനമാകട്ടെ റോഡുവെട്ടലും കലുങ്ക് കെട്ടലും ഹൈസ്പീഡ് റെയിൽവേയും ട്യൂറിസം പ്രോത്സാഹിപ്പിക്കലും. അതിൽ സാമൂഹിക പരിവർത്തനത്തിനും ആദിവാസികൾക്കും ദലിതർക്കും അരികുവത്ക്കരിക്കപ്പെട്ട മറ്റു ജനവിഭാഗങ്ങൾക്കും പ്രകൃതിക്കും പരിസ്ഥിതിക്കുമൊന്നും യാതൊരു സ്ഥാനവുമില്ല. ബ്രെഹ്ത് പറഞ്ഞതുപോലെ, ഭരണകൂടങ്ങൾ വെളിച്ചത്ത് നിൽക്കുന്നവരേ കാണുകയുള്ളൂ, ഇരുളിൽ മറഞ്ഞിരിക്കുന്നവരെ അവയ്ക്ക് കാണാനാവില്ല.

ബി.ജെ.പി. മൂന്നു സീറ്റിൽ നിന്ന് മുപ്പത് സീറ്റിലെത്താൻ അവർക്ക് അധികസമയം വേണ്ട, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ദ്രുതഗതിയിൽ വർഗീയവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിൽ.

ഇത്തരം കാര്യങ്ങളെ വി.ഡി. സതീശൻ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് ഇപ്പോൾ പറയാനാവില്ല. ഇതെല്ലാം ഒരാളുടെ കയ്യിൽ മാത്രം ഒതുങ്ങുന്നതുമല്ല. എന്നാൽ ഒന്നുണ്ട്, തെരഞ്ഞെടുപ്പ് ഫലവും അതിനുശേഷം അദ്ദേഹത്തെ മുഖ്യമന്ത്രിയായി അവരോധിക്കുന്നതിൽ ജനങ്ങൾ കാണിച്ച ആവേശവും സൂചിപ്പിക്കുന്നത്, അവർ സതീശൻ എന്ന മുഖ്യമന്ത്രിയിൽ വലിയ പതീക്ഷ അർപ്പിച്ചിരിക്കുന്നു എന്നാണ്. പ്രതിപക്ഷത്തിരുന്നപ്പോൾ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾക്ക് ഭരണത്തിലെത്തുമ്പോൾ പരിഹാരം കാണുമെന്ന് അവർ സ്വാഭാവികമായും കരുതുന്നു. അദ്ദേഹം ഒരു കാര്യം ഓർക്കുന്നത് നന്നായിരിക്കും: ഒരാൾ നല്ല മനുഷ്യനായതുകൊണ്ടല്ല നല്ല കാര്യങ്ങൾ ചെയ്യുന്നത്, മറിച്ച് നല്ല കാര്യങ്ങൾ ചെയ്യുന്നതുകൊണ്ടാണ് നല്ല മനുഷ്യനാകുന്നത്. സതീശനും യു. ഡി. എഫ് സർക്കാരിനും നല്ല കാര്യങ്ങൾ ചെയ്യാനുള്ള അവസരമാണ് സമാഗതമായിരിക്കുന്നത്. മറുവശത്ത്, അതിന് സമയം വളരെ കുറവാണുതാനും.

വി.ഡി. സതീശൻ.
വി.ഡി. സതീശൻ.

‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം പ്രാവർത്തികമാകുന്നപക്ഷം, അടുത്ത തെരഞ്ഞെടുപ്പിന് ഇനി മൂന്നു വർഷം മാത്രം. ഇനി അങ്ങനെ സംഭവിച്ചില്ലെങ്കിൽ പോലും 2029 ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വർഷമാണ്. സതീശന്റെയും അദ്ദേഹം നയിക്കുന്ന സർക്കാരിന്റെയും ഓരോ പരാജയവും അന്ന് വിചാരണ ചെയ്യപ്പെടും. പുസ്തകങ്ങളെ പ്രണയിക്കുന്ന അദ്ദേഹത്തിന് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങളിൽ (The Grapes of Wrath) ജോൺ സ്റ്റെയ്ൻബെക്ക് പറഞ്ഞത് ഓർമ്മയില്ലാതിരിക്കാൻ തരമില്ല: “Well, you can vote them out just as quick as you vote them in”. ഇതാണ് ഇടതുപക്ഷത്തിന്റെ കാര്യത്തിൽ സംഭവിച്ചത്. ഇത് യു. ഡി. എഫിനും അതേ അളവിൽ ബാധകമാണ്. എന്നാൽ ഇപ്പോൾ സംഭവിച്ചതിൽ നിന്ന് വിഭിന്നമായിട്ടാവും അത് ആവർത്തിക്കാൻ പോകുന്നത്. ഇത്തവണ അതിന്റെ ഗുണഭോക്താവായത് യു.ഡി.എഫ് ആയിരുന്നെങ്കിൽ, ഇനി അതിന് മറ്റൊരു അവകാശികൂടിയുണ്ട് , ബി.ജെ.പി. മൂന്നു സീറ്റിൽ നിന്ന് മുപ്പത് സീറ്റിലെത്താൻ അവർക്ക് അധികസമയം വേണ്ട, പ്രത്യേകിച്ച് കേരളത്തിന്റെ സാമൂഹികാന്തരീക്ഷം ദ്രുതഗതിയിൽ വർഗീയവത്ക്കരിക്കപ്പെട്ടു കൊണ്ടിരിക്കുന്ന അവസ്ഥയിൽ.

ഇത് ഒഴിവാക്കാൻ യു.ഡി.എഫിനും എൽ.ഡി.എഫിനും കഴിയുമോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലൂടെ മലയാളികൾ ഉന്നയിക്കുന്ന ഏറ്റവും വലിയ രാഷ്‌ട്രീയ ചോദ്യം. ഇതിന് അവർക്ക് കഴിഞ്ഞില്ലെങ്കിൽ കേരളത്തിന്റെ രാഷ്ട്രീയം മാത്രമല്ല ചരിത്രവും തിരുത്തിക്കുറിക്കപ്പെടും. നവോഥാനത്തിന്റെ രാഷ്‌ട്രീയത്തിൽ നിന്ന് പരശുരാമൻ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്ന മിത്തിന്റെ രാഷ്‌ട്രീയത്തിലേക്കുള്ള ചുവടുമാറ്റമാവും അത്.


Summary: The public’s enthusiasm for V. D. Satheesan reflects high expectations that he and the UDF government will deliver solutions and good governance in a short time. J Prabhash Writes


ജെ. പ്രഭാഷ്

പൊളിറ്റിക്കല്‍ സയന്റിസ്റ്റ്‌, എഴുത്തുകാരന്‍, അധ്യാപകന്‍,

Comments