ഒരു നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ നമ്മുടെ പരമ്പരാഗത ധാരണയും രീതിയുമനുസരിച്ച് വോട്ടു ചെയ്ത ജനം വീട്ടിൽപ്പോവുകയും ദൈനംദിന വിരസജീവിതവ്യവഹാരങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്യേണ്ടതാണ്. പോളിംഗ് ബൂത്തിലെ വരികളിൽ നിന്ന് ജനാധിപത്യത്തിന്റെയും ഭരണനിർവഹണത്തിന്റെയും പ്രദേശങ്ങളിലേക്ക് ആ വരികൾ തുടരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവരും തെരഞ്ഞെടുത്തവരും തമ്മിലുള്ള അകലം തെരഞ്ഞെടുപ്പിനുമുമ്പേ സ്വീകാര്യമായൊരു പൊതുബോധമായി ഉറപ്പിച്ചുവെച്ചിട്ടുണ്ട്. സാധാരണയായി ജനങ്ങളും അതൊന്നും മാറ്റാൻ ശ്രമിക്കാറില്ല, രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വമടങ്ങുന്ന ഭരണകൂടം അതൊട്ട് സമ്മതിക്കാറുമില്ല. വളരെ അപൂർവമായാണ് അത്തരം ശ്രമം ജനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടാകാറുള്ളത്.
ചരിത്രത്തിൽ അത്തരം ശ്രമങ്ങൾ ഒരേ തരത്തിലാകണമെന്നില്ല. തികഞ്ഞ സമഗ്രാധിപത്യ ഭരണകൂടങ്ങളുടേയും അതിസങ്കീർണ്ണമായ ആഭ്യന്തപ്രതിസന്ധികളുടെയുമൊക്കെ പശ്ചാത്തലത്തിൽ അത്തരം ശ്രമങ്ങൾ സർക്കാരുകളെ അട്ടിമറിക്കുന്നതിലേക്കോ മാറ്റുന്നതിലേക്കോ നയിക്കാറുണ്ട്. അതിൽ ഭരണകൂടത്തിന്റെ എല്ലാവിധ താത്പര്യങ്ങൾക്കും വിരുദ്ധമായ രാഷ്ട്രീയ, സാമൂഹ്യശക്തികൾ നേതൃത്വത്തിലേക്ക് വരുമ്പോൾ, അത് വിപ്ലവമായി മാറുകയും നിലനിന്നിരുന്ന ഭരണകൂടത്തെ തന്നെ തകർത്തെറിഞ്ഞ് പുതിയൊരു രാഷ്ട്രീയ, സാമൂഹ്യാധികാര സംവിധാനം സൃഷ്ടിക്കപ്പെടുകയും ചെയ്യും.
പൗരസമൂഹത്തിന്റെ വികാസത്തെയും ജനാധിപത്യ ഇടപെടൽശേഷിയേയും രാഷ്ട്രീയകക്ഷികളും പരമ്പരാഗത അധികാരഘടനയും പലതരത്തിൽ പ്രതിരോധിക്കുകയും അടിച്ചമർത്തുകയും ചെയ്യും.
കേവലമായ സർക്കാർ മാറ്റങ്ങൾ മുതൽ ഭരണകൂടത്തെത്തന്നെ തകർത്ത പുതിയ രാഷ്ട്രീയ, സാമൂഹ്യസംവിധാനം വരെ സൃഷ്ടിക്കുന്ന ഇടപെടലുകളുടെ തരംഗരാജിയാണ് ചരിത്രത്തിൽ കാണാൻ കഴിയുക. പാർലമെന്ററി തെരഞ്ഞെടുപ്പ് സംവിധാനത്തിൽ ഇത്തരം ജനകീയ ഇടപെടലുകളുടെ സാധ്യത ദുർബ്ബലമായിരിക്കും. അത് വ്യാജമായൊരു പങ്കാളിത്തബോധത്തെ കൗശലത്തോടെ നിലനിർത്തുന്നു എന്നതുകൊണ്ടാണത്.
ഇത്തരത്തിലുള്ള ബൂർഷ്വാ പാർലമെന്ററി ജനാധിപത്യപ്രക്രിയ പോലും അതിന്റെ ശൈശവാവസ്ഥയിൽ നിലനിലനിൽക്കുകയോ അല്ലെങ്കിൽ വളർച്ചയുടെ ചില ഘട്ടങ്ങളിൽ മുരടിച്ചുനിൽക്കുകയോ ചെയ്യുന്ന സമൂഹങ്ങളിൽ ജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ ശേഷി അതിദുർബ്ബലമായിരിക്കും. ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷം ഇലക്ടറൽ ഓട്ടോക്രസിയിൽനിന്ന് (electoral autocracy) ഫാഷിസ്റ്റ് ഭരണകൂടത്തിലേക്ക് അതിവേഗം സംക്രമിക്കുമ്പോൾ അതിനെ സാധ്യമാക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരു ഘടകം, നിശ്ചലവും നിസ്സഹായരുമായി നിൽക്കുന്ന രാഷ്ട്രീയകർതൃത്വം മോഷ്ടിക്കപ്പെട്ട പൊതുസമൂഹം കൂടിയാണ്.

ഇത്തരത്തിലൊരു പൊതുസമൂഹത്തിൽനിന്ന് ജനാധിപത്യ രാഷ്ട്രീയ ഇടപെടൽ ശേഷിയുള്ള പൗരസമൂഹം (civil society) രൂപപ്പെട്ടുവരുന്നത് എളുപ്പമല്ല. എന്നാൽ ബൂർഷ്വാസിക്ക് ഒരു വർഗ്ഗമെന്ന നിലയിൽ അധികാരമുള്ളതും സാമൂഹ്യ, രാഷ്ട്രീയാധികാരമണ്ഡലങ്ങളിൽ ഉദാര ജനാധിപത്യക്രമത്തിന്റെ ഘടന നിലനിൽക്കുന്നതുമായ സമൂഹങ്ങളിൽ ഇത്തരത്തിലൊരു പൗരസമൂഹം ഉണ്ടായി വരികതന്നെ ചെയ്യും. എന്നാൽ അതിന്റെ ശക്തിവിശേഷങ്ങൾ എല്ലായ്പ്പോഴും ഒരുപോലെയാകണമെന്നില്ല. നിരവധി ചരിത്രഘടകങ്ങൾ അതിനെ സ്വാധീനിക്കും.
വി.ഡി. സതീശൻ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നത് കേരളീയ സമൂഹത്തിൽ ഉയർന്നുവരുന്ന, രൂപപ്പെടുന്ന പൗരസമൂഹത്തിന്റെ രാഷ്ട്രീയ കർതൃത്വശേഷിയുടെ നിർണ്ണായകമായ ശക്തിപ്രകടനത്തിലൂടെ കൂടിയാണ് എന്നാണ് ഈ പൗരസമൂഹനിർമ്മിതിയുടെ ചരിത്രപരമായ രൂപപ്പെടലിനെ മനസ്സിലാക്കി പറയാനാവുക. അത് സതീശനെന്ന രാഷ്ട്രീയനേതാവിന്റെ പിന്നിൽ അണിനിരക്കുന്ന ജനങ്ങളോ അല്ലെങ്കിൽ അദ്ദേഹത്തിന് നൽകുന്ന രാഷ്ട്രീയ പിന്തുണയോ ബഹളമോ എന്ന മട്ടിലല്ല കാണേണ്ടത്. കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രക്രിയയിലടക്കം പൗരസമൂഹത്തിന് നിരന്തരമായ ഇടപെടൽശേഷിയും അധികാരവും അവകാശവുമുണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള, അത്തരത്തിലൊരു രാഷ്ട്രീയ, സാമൂഹ്യ പ്രക്രിയയുടെ അതിശക്തമായ സൂചനയായിട്ടാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രക്രിയയിലടക്കം പൗരസമൂഹത്തിന് നിരന്തരമായ ഇടപെടൽശേഷിയും അധികാരവും അവകാശവുമുണ്ടെന്ന് സ്ഥാപിക്കുന്നതിനുള്ള, അത്തരത്തിലൊരു രാഷ്ട്രീയ, സാമൂഹ്യ പ്രക്രിയയുടെ അതിശക്തമായ സൂചനയായിട്ടാണ്, വി.ഡി. സതീശന് ലഭിച്ച പിന്തുണയെ കാണേണ്ടത്.
ഇതൊരു നേതാവിനോ രാഷ്ട്രീയപാർട്ടിക്കോ അനുകൂലമായോ പ്രതികൂലമായോ എന്ന തരത്തിൽ കാണുന്നതിനുപകരം, ജനം കേവലം വോട്ടുകുത്തി യന്ത്രങ്ങളായി മാത്രം കഴിഞ്ഞുപോയാൽമതിയെന്ന ചട്ടക്കൂടിനെയും ബോധത്തെയും മറികടക്കാനുള്ള പൗരസമൂഹത്തിന്റെ ശ്രമമാണെന്ന് കാണാം. ‘വോട്ടുചെയ്തു കഴിഞ്ഞാൽ വീട്ടിൽ പൊയ്‌ക്കോളൂ, ബാക്കി കാര്യങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളാം’ എന്ന രാഷ്ട്രീയകക്ഷികളുടെ സ്വാഭാവികമെന്ന മട്ടിൽ സ്ഥാപിച്ചെടുത്ത അധികാരത്തെയാണ് ജനം ചോദ്യം ചെയ്യുന്നത്. വോട്ടു ചെയ്തുകഴിഞ്ഞും ഞങ്ങളീ തെരുവിൽ കാണും എന്ന സൂചനായാണിത്. ആ സൂചനയെ ഒരു രാഷ്ട്രീയബോധമായി തുടർ രാഷ്ട്രീയപ്രക്രിയയിലൂടെ വികസിപ്പിക്കാനാകുമോ എന്നതും വികസിക്കുമോ എന്നതും മറ്റൊരു ചോദ്യമാണ്.
എന്തുതന്നെയായാലും ഇതിൽനിന്ന് തിരിച്ചുപോകാനാകില്ല എന്നത് വസ്തുതയാണ്. ചരിത്രത്തിലും കാലത്തിലും മുന്നോട്ടുള്ള രൂപപ്പെടലുകളും ഉരുത്തിരിയലുകളുമേ ഉള്ളൂ, തിരിച്ചുപോക്ക് എന്നൊന്നില്ല. അത് നല്ലതായാലും മോശമായാലും.
കേരളത്തിലെ രാഷ്ട്രീയാധികാരസംവിധാനത്തെ ചിട്ടപ്പെടുത്തിവെച്ചിരിക്കുന്നത് രാഷ്ട്രീയകക്ഷികളും സാമുദായിക സംഘടനകളും മധ്യവർഗ ഉദ്യോഗസ്ഥ സംഘടനകളും പിടിമുറുക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന രാഷ്ട്രീയ, സാമൂഹ്യ യന്ത്രസംവിധാനമായിട്ടാണ്. അതിന്റെ ചലനത്തിനിടയിൽ മറ്റൊരു വിഭാഗത്തിന് കയറാനോ ഭാഗമാകാനോ വഴിയില്ല. ഏതെങ്കിലും തരത്തിൽ അതിന്റെ ഭാഗമാവുകയെന്നാൽ മേൽപ്പറഞ്ഞ യന്ത്രസംവിധാനത്തിന്റെ ചലനയുക്തിയ്ക്ക് സമ്പൂർണ്ണമായി അടിപ്പെട്ടുകൊണ്ടാണ്. അതിനുപുറത്തുനിന്നുകൊണ്ട് ആ ചലനസംവിധാനത്തെ നിയന്ത്രിക്കാനാകില്ല.

അപ്പോൾ പുറത്തുനിൽക്കുന്ന ഒരു ഘടകത്തിന് അതിലിടപെടാനുള്ള ഏകവഴി അതിനെ താറുമാറാക്കുകയോ തടസപ്പെടുത്തുകയോ ആണ്. രാഷ്ട്രീയ, സാമൂഹ്യാധികാര സംവിധാനത്തിനോട് ഏറ്റുമുട്ടുന്ന പൗരസമൂഹം ഇത്തരത്തിലൊരു disruptive force ആയാണ് പ്രവർത്തിക്കുന്നത്. അത് സംവിധാനത്തെ തകർക്കുകയോ മറ്റൊരുതരം രാഷ്ട്രീയ, സാമൂഹ്യ ഘടനയെ സൃഷ്ടിക്കുകയോ ചെയ്യുന്നില്ല. എന്നാൽ നിലവിലെ സംവിധാനത്തിന്റെ സുഗമമായ ചലനാത്മകതയെ അത് തടസപ്പെടുത്തുന്നു. അതിൽ തങ്ങളുടെ ജനാധിപത്യ ഇടപെടലിലൂടെ ഇടങ്കോലിടുന്നു. ഇത്തരത്തിലൊരു പ്രക്രിയ തീർച്ചയായും ഉദാര ജനാധിപത്യത്തിന്റെ ചട്ടക്കൂടിനുള്ളിൽ സാധ്യമായ ഗുണാത്മകമായ പ്രക്രിയയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വി.ഡി. സതീശൻ മുഖ്യമന്ത്രിയായേക്കില്ല എന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത, സംസ്ഥാന രാഷ്ട്രീയത്തിൽ പ്രത്യക്ഷമായി സജീവമല്ലാതിരുന്ന കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകും എന്നുമുള്ള ധാരണ ശക്തമായപ്പോഴാണ് സംസ്ഥാനത്ത് സതീശന് അനുകൂലമായി പരസ്യമായിത്തന്നെ വലിയ വിഭാഗം ജനങ്ങൾ രംഗത്തിറങ്ങിയത്. ഇത് കേവലം സതീശനുവേണ്ടിയുള്ള ബഹളമായി ചുരുക്കിക്കാണരുത്. തങ്ങൾ വളരെ കൃത്യമായി പങ്കെടുക്കുകയും രാഷ്ട്രീയാഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തൊരു പ്രക്രിയയിൽ, അതിന്റെ രണ്ടാംഘട്ട നടപ്പാക്കലെന്നു പറയാവുന്ന സർക്കാർ രൂപവത്ക്കരണസമയത്ത്, ജനാധിപത്യ മര്യാദകളെയും സാമാന്യമായ നൈതികതയേയും അട്ടിമറിച്ചുകൊണ്ടുള്ള ഒരു തീരുമാനമുണ്ടാകുന്നു എന്നതിനെ ജനം തങ്ങളുടെ രാഷ്ട്രീയ ഇടപെടൽ ശേഷിയോടും സവിശേഷമായ ജനാധിപത്യാവകാശത്തോടുമുള്ള കൊഞ്ഞനം കുത്തലായി കണ്ടു എന്നതാണ് വസ്തുത.
തങ്ങൾക്കുമുന്നിൽ ഒരു ജനാധിപത്യപ്രക്രിയയുടെ സന്ദിഗ്ധതകൾക്കായി നിന്നുതരാത്ത ഒരാൾ, സാങ്കേതികതയും മറ്റ് അധികാരബന്ധങ്ങളും ഉപയോഗിച്ച് മുഖ്യമന്ത്രിയാകാനും ജനം പ്രകടിപ്പിച്ച രാഷ്ട്രീയാർജ്ജവത്തെ തട്ടിയെടുക്കാനും ശ്രമിക്കുന്നത് അവർക്ക് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതായില്ല.
രണ്ടു ഘടകങ്ങൾ ഇതിൽ വളരെ ശക്തമായി പ്രവർത്തിച്ചു. ഒന്ന്; തെരഞ്ഞെടുപ്പിൽ ജനം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും നാനാവിധമായ രാഷ്ട്രീയ കാരണങ്ങളാൽ സംശയങ്ങൾക്കിടയില്ലാത്തവിധം പ്രതികരിച്ചതാണ്. ഇന്ത്യയിലെ മുഖ്യധാരാ ഇടതുപക്ഷകക്ഷികളുടെ ചരിത്രത്തിലും കേരളത്തിലെ ഇടതുമുന്നണിയുടെയും സി.പി.എം- സി.പി.ഐ കക്ഷികളുടെയും തെരഞ്ഞെടുപ്പ് ചരിത്രത്തിലെയും ചരിത്രപരമായ തോൽവികളിലൊന്നാണ് അവർ നേരിട്ടത്. അതിനാകട്ടെ, വളരെ പ്രത്യക്ഷത്തിലുള്ള രാഷ്ട്രീയമാനങ്ങളാണുള്ളത്.
അത്തരത്തിലൊരു രാഷ്ട്രീയ തീരുമാനമെടുത്ത ജനങ്ങൾ തങ്ങളാർജ്ജിക്കുകയും പ്രകടിപ്പിക്കുകയും ചെയ്ത രാഷ്ട്രീയശേഷിയെ വളരെ എളുപ്പത്തിൽ, കൗശലത്തോടെ തട്ടിയെടുക്കുന്നത് അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതായത്, തങ്ങൾക്കുമുന്നിൽ ഒരു ജനാധിപത്യ പ്രക്രിയയുടെ സന്ദിഗ്ധതകൾക്കായി നിന്നുതരാത്ത ഒരാൾ, സാങ്കേതികതയും മറ്റ് അധികാരബന്ധങ്ങളും ഉപയോഗിച്ച് മുഖ്യമന്ത്രിയാകാനും ജനം പ്രകടിപ്പിച്ച രാഷ്ട്രീയാർജ്ജവത്തെ തട്ടിയെടുക്കാനും ശ്രമിക്കുന്നത് അവർക്ക് ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതായില്ല.

രണ്ട്; സതീശൻ കേരളത്തെ മാറ്റിത്തീർക്കുമെന്നോ ഭൂമിയിൽ സ്വർഗം പണിയുമെന്നോ ഒന്നും മലയാളികൾ കരുതുന്നില്ല. എന്നാൽ, പരമ്പരാഗത രാഷ്ട്രീയസഖ്യങ്ങളിൽ നിന്നുള്ള വിച്ഛേദം ജനം കാണുന്നുണ്ട്. അത് അവർ കാണുന്നത്ര വലുതോ യഥാർത്ഥമോ ആണെന്ന അഭിപ്രായം എനിക്കില്ല. എന്നാൽ അത്തരത്തിലൊരു സാധ്യതയും സൂചനയും ഉണ്ടെന്ന ജനേച്ഛ വസ്തുതയാണ്. ഈ സാധ്യത സതീശൻ സൃഷ്ടിക്കുന്നതല്ല, അത്തരത്തിലൊരു സാധ്യതയിലേക്ക് അയാളെ എടുത്തുവെക്കുന്ന പൗരസമൂഹം ഉണ്ടാക്കിയെടുക്കുന്നതാണ്. അത് വിജയിക്കുകയോ നിലനിൽക്കുകയോ ചെയ്യണമെന്നില്ല. എന്നാൽ അത്തരത്തിലൊരു ഇടപെടലിന്റെ സാധ്യതയെ പൗര സമൂഹം ഉപയോഗിക്കുകയായിരുന്നു.
ഈ പൗരസമൂഹത്തിന്റെ രൂപപ്പെടലിന്റെ ജൈവാന്തരീക്ഷത്തിന് ഒട്ടും യോജിക്കാത്ത, പഴയ കാലത്തിന്റെ ജീർണ്ണബോധ്യങ്ങളെല്ലാം പ്രകടമായി പേറുന്നതായിരുന്നു കെ.സി. വേണുഗോപാലിന്റെ വരവിനുള്ള അടവുതന്ത്രങ്ങളെന്നത് പൗരസമൂഹ ഇടപെടലിന്റെ ആക്കം കൂട്ടി. “സാധാരണക്കാരായ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പമുള്ള” കപ്പയും ചമ്മന്തിയും കഴിക്കുന്ന നാടകങ്ങൾ തുടങ്ങി അടുക്കളയിൽ വിലക്കയറ്റം തേടുന്ന നാടകങ്ങൾ വരെ അയാളെ പുതിയ കാലവുമായി ഒട്ടും ചേർച്ചയില്ലാത്തൊരു നേതാവാക്കി മാറ്റിയിരുന്നു. ഒപ്പം, കോൺഗ്രസിന് സ്വാഭാവികമായ വാഗ്ദാനങ്ങളും അധികാരവുപയോഗിച്ച് ജനാധിപത്യപ്രക്രിയയെയും എം എൽ എമാരെയും കൂടെനിർത്തുന്ന ഗ്രൂപ്പു തന്ത്രങ്ങളുമായപ്പോൾ അത് കേരളത്തിൽ സാവകാശമെങ്കിലും രൂപപ്പെടുന്ന പൗരസമൂഹത്തെ അത്യധികം രോഷാകുലരാക്കിയെന്നതാണ് വസ്തുത.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വെള്ളാപ്പള്ളിയും കൂട്ടുകൃഷി നടത്തി വിളവെടുക്കാൻ ശ്രമിച്ച മുസ്‌ലിം വെറുപ്പിന്റെ വിഷവിത്തിനെ കരിച്ചുകളഞ്ഞ ജനം, അതേ അധമവ്യാപാരികളെ വീണ്ടും കൊണ്ടുനടക്കാൻ തയ്യാറായിരുന്നില്ല.
കേരളത്തിൽ ഇതിനുമുമ്പ് വി.എസ്. അച്യുതാനന്ദനു വേണ്ടിയും അദ്ദേഹത്തിനൊപ്പവുമായിട്ടാണ് ഈ പൗരസമൂഹം രാഷ്ട്രീയകക്ഷികളുടെ നേർക്കുനേരെനിന്ന് വലിയ ഇടപെടലുകൾക്ക് തുനിഞ്ഞിട്ടുള്ളത്. വി.എസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചപ്പോൾ മാത്രമല്ല, അദ്ദേഹം ഏറ്റെടുത്ത പാരിസ്ഥിതിക സമരങ്ങളടക്കമുള്ള നവ ഉദാരീകരണകാലത്തെ ഇടതുപക്ഷ സമരങ്ങൾക്കൊപ്പം ഒരളവോളം ഒപ്പം നിന്നാണ് ജനങ്ങൾ അത് പ്രകടിപ്പിച്ചത്. രാഷ്ട്രീയമായും ആശയതലത്തിലും വർഗവീക്ഷണത്തിലുമെല്ലാം യാതൊരു സാമ്യവും വി.എസും വി.ഡി. സതീശനും തമ്മിലില്ലെങ്കിലും വി.എസിനുവേണ്ടി ഉയർന്ന “കണ്ണേ കരളേ വി.എസേ” എന്ന മുദ്രാവാക്യം “കണ്ണേ കരളേ വി.ഡി.എസേ” എന്നായി പകർത്തുന്നത് ഒരേതരത്തിലുള്ള ജനാഭിലാഷങ്ങളുടെ സ്രോതസിനെയാണ് അതുപയോഗിക്കാൻ ശ്രമിക്കുന്നത് എന്നതുകൊണ്ടാണ്. അതെങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ വലിയ സാദൃശ്യമൊന്നുമുണ്ടായിരിക്കാൻ സാധ്യതയില്ലെങ്കിലും സാധ്യമെന്ന് തോന്നിയൊരു സൂചനയെ തൊട്ടുനിൽക്കാനുള്ള പൗരസമൂഹത്തിന്റെ അഭിവാഞ്ഛ ഇതിൽ പ്രകടമാണ്.
പൗരസമൂഹത്തിന്റെ വികാസത്തെയും ജനാധിപത്യ ഇടപെടൽശേഷിയേയും രാഷ്ട്രീയകക്ഷികളും പരമ്പരാഗത അധികാരഘടനയും പലതരത്തിൽ പ്രതിരോധിക്കുകയും അടിച്ചമർത്തുകയും ചെയ്യും. പൗരസമൂഹം എന്ന സങ്കല്പനം തന്നെ അതിനുള്ളിലെ വർഗ, ജാതി ഘടനകളാൽ സങ്കീർണ്ണമായ വിധത്തിൽ പല തട്ടുകളും തലങ്ങളും വിഘടിത രൂപങ്ങളുമൊക്കെയായി നിൽക്കുന്നൊരു രൂപമാണ് എന്നത് കൂടുതൽ വിശാലമായ സംവാദവിഷയമാണ്. എങ്കിലും വിശാലാടിസ്ഥാനത്തിൽ ഈ പൗരസമൂഹത്തിന്റെ രൂപപ്പെടലിനെ അധികാരത്തിന്റെ പരമ്പരാഗത ഘടനകൾ ചെറുക്കും. പൗരരെ ഒഴിവാക്കി പൗരപ്രമുഖരെ തന്റെ പ്രാതലിനും അത്താഴത്തിനും കൂട്ടുവിളിച്ച് നവകേരള “രഥയാത്ര” നടത്തിയ പിണറായി വിജയൻ മന്ത്രിസഭ, അതിന്റെ ലജ്‌ജാരഹിതമായ പ്രകടനം നടത്തുകയായിരുന്നു. പിണറായി സർക്കാരിന്റെ പൗരപ്രമുഖരെ ജനാധിപത്യത്തിന്റെ ഊട്ടുപുരകളിൽനിന്ന് പുറത്താക്കാനുള്ള, മറ്റൊരു തരത്തിൽ പൗരപ്രമുഖർ സ്ഥലം കയ്യേറുന്നതിനെതിരെ കൂടിയാണ് സതീശന് വേണ്ടിയുയർന്ന പിന്തുണ.

വെള്ളാപ്പള്ളി നടേശനും സുകുമാരൻ നായരും പോലുള്ള ഈഴവ- നായർ സാമുദായിക സംഘടനാനേതാക്കൾ സതീശനെതിരെയെടുത്ത കർക്കശ നിലപാട് പൗരസമൂഹം തള്ളിക്കളഞ്ഞു. അത്തരമൊരു നിലപാടിനെ തോൽപ്പിച്ചില്ലെങ്കിൽ അവരുമായി സാമ്പ്രദായിക പരസ്പരസഹായസംഘമുണ്ടാക്കുന്ന രാഷ്ട്രീയകൗശലങ്ങൾ മുന്നോട്ടുവെക്കുന്ന കെ.സി. വേണുഗോപാൽ, തങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണിക്കനുകൂലമായി പ്രകടിപ്പിച്ച മതേതര രാഷ്ട്രീയബോധത്തിന്റെ ധ്രുവീകരണമെന്ന രാഷ്ട്രീയാഭിപ്രായത്തെ അട്ടിമറിക്കുമെന്ന ബോധ്യവും പൗരസമൂഹം പ്രകടിപ്പിക്കുകയായിരുന്നു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും വെള്ളാപ്പള്ളിയും കൂട്ടുകൃഷി നടത്തി വിളവെടുക്കാൻ ശ്രമിച്ച മുസ്‌ലിം വെറുപ്പിന്റെ വിഷവിത്തിനെ കരിച്ചുകളഞ്ഞ ജനം, അതേ അധമവ്യാപാരികളെ വീണ്ടും കൊണ്ടുനടക്കാൻ തയ്യാറായിരുന്നില്ല.
കേരളത്തിൽ ഇത്തരത്തിലൊരു പൗരസമൂഹ ഇടപെടൽ വലതുപക്ഷത്തെപ്പോലെ മുഖ്യധാരാ ഇടതുപക്ഷത്തിനും സ്വീകാര്യമായിരുന്നില്ല. വി.എസ്. അച്യുതാനന്ദന് അനുകൂലമായി നിർണ്ണായകമായ രീതിയിൽ ഇടപെട്ട പൗരസമൂഹത്തിന്റെ ശേഷി വളരുന്നത് “ഔദ്യോഗിക പാർട്ടി സംഘടന” ഒട്ടും ആശാസ്യമായല്ല കണ്ടത്. “ജനങ്ങൾക്കുവേണ്ടി” രാഷ്ട്രീയനേതൃത്വം എന്നതിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയ കർതൃത്വവും ജൈവികമായ വിപ്ലവശേഷിയും രൂപപ്പെടുന്നത് കേവലം സർക്കാർ അധികാരത്തിലേക്ക് ചുരുങ്ങിപ്പോയ മുഖ്യധാരാ ഇടതുപക്ഷത്തിന് സ്വീകാര്യമല്ല. എന്നാൽ ഇടതുപക്ഷ കക്ഷികൾക്കകത്തേക്ക് കേരളത്തിലെ പൗരസമൂഹത്തിന്റെ ആവാസവ്യവസ്ഥ വ്യാപിക്കുകയും പ്രവർത്തിക്കുകയും ചെയ്യാൻ തുടങ്ങിയെന്നതിന്റെ സൂചനയാണ് പയ്യന്നൂരിലും തളിപ്പറമ്പിലും സി പി എം വിമത സ്ഥാനാർത്ഥികൾ വിജയിച്ചതും സി പി എം ശക്തികേന്ദ്രങ്ങളായ മണ്ഡലങ്ങളിൽ പാർട്ടിവോട്ടുകൾ കുത്തനെയിടിഞ്ഞതും. ജനങ്ങളുടെ രാഷ്ട്രീയ ഇടപെടൽശേഷി കേവലമായ അനുസരണയ്ക്കപ്പുറത്തേക്ക് വളരുകയാണ് വേണ്ടത്.
കേരളത്തിൽ വി.ഡി. സതീശനെ പിന്തുണച്ച പൗരസമൂഹം വാസ്തവത്തിൽ സംവാദാത്മകമായൊരു പൊതുമണ്ഡലത്തെ അതിന്റെ എല്ലാവിധ വൈരുധ്യങ്ങളോടും കൂടി പ്രകടിപ്പിക്കുമ്പോഴും, തങ്ങളുടെ സവിശേഷമായ ജനാധിപത്യ ഇടപെടൽശേഷിയുടെ സൂചന നൽകുന്നുണ്ട്.
ഇതെല്ലാം വളരെ ജനാധിപത്യപരമായി മാത്രം വികസിക്കുന്ന പ്രതിഭാസമല്ല എന്നും തിരിച്ചറിയണം. വലതുപക്ഷത്തിന് തികഞ്ഞ ഇടപെടൽ സാധ്യതകളുള്ള ഒരാന്തരീക്ഷവും ഇതിലുണ്ട്. പരമ്പരാഗതമായി ജനം ശീലിച്ച ഹിന്ദുത്വ രാഷ്ട്രീയ വിരുദ്ധ സംഘടനാസംവിധാനങ്ങൾ പിന്തിരിപ്പൻ നിലപാടുകളാൽ ജീർണ്ണമായിപ്പോകുമ്പോൾ അവിടെ വലതുപക്ഷത്തിന്റെ ഫാഷിസ്റ്റ് രാഷ്ട്രീയം ഇടംപിടിക്കുന്നതിന്റെ അപായസാധ്യതകൾക്ക് ചരിത്രം സാക്ഷിയാണ്.
കേരളത്തിലെ പൗരസമൂഹത്തിന്റെ വികാസം പത്തൊമ്പതാം നൂറ്റാണ്ടു മുതൽ കൊളോണിയൽ ആധുനികതയുടെ കാലത്തുതന്നെ രൂപപ്പെട്ടു തുടങ്ങിയതാണ്. അതുണ്ടാക്കിയ സംവാദാത്മകമായൊരു പൊതുമണ്ഡലം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സ്വാതന്ത്ര്യ സമരത്തിന്റെയും ജന്മിത്വ വിരുദ്ധ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയസമരത്തിന്റെയും ഭാഗമായി കൂടുതൽ ശക്തി പ്രാപിക്കുകയും ചെയ്തു. കൊളോണിയൽ വിരുദ്ധ സമരങ്ങളിൽനിന്നു മാറി ജാതിവിരുദ്ധ സമരങ്ങളുടെ ഭാഗമായും മറ്റ് അവകാശ സമരങ്ങളുടെ ഭാഗമായും ഇത് രൂപപ്പെട്ടിരുന്നു.
മറുവശത്ത്, കൊളോണിയൽ വിരുദ്ധ- ജന്മിത്വ വിരുദ്ധ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയവും ദേശീയ രാഷ്ട്രീയത്തിന്റെ അനുബന്ധ ഘടകങ്ങളുമൊക്കെയായി വളരെ സജീവമായൊരു പൗരസമൂഹ വികാസസാധ്യത കേരളത്തിലുണ്ടായി. എന്നാൽ രാഷ്ട്രീയ, സാമുദായിക സംഘടനകളുടെ മാരകമായൊരു മിശ്രിതമായി രൂപപ്പെട്ട കേരളം പിന്നീട് ആ പൗരസമൂഹ വികാസസാധ്യതയെ ഞെരുക്കിക്കളഞ്ഞു. വിമോചനസമരം പോലെ ജനാധിപത്യവിരുദ്ധമായൊരു രാഷ്ട്രീയസഖ്യം വന്നതോടെ തുടർന്നുള്ള ഇടതുപക്ഷ രാഷ്ട്രീയവും അത്തരം സഖ്യങ്ങളിലൂടെ പിടിച്ചുനിൽക്കാനുള്ള ശ്രമങ്ങളിലായി.

എന്നാൽ ആഗോളീകരണവും അതിനൊപ്പം വളർന്ന പ്രതിരോധങ്ങളും അതേസമയം ആഗോളീകരണത്തിന്റെ ഭാഗമായിവന്ന പുതിയ വിവരവിനിമയ ജ്ഞാനസാധ്യതകളും ചേർന്ന് പൗരസമൂഹത്തിന്റെ പുതിയൊരു കാലത്തിലേക്ക് പ്രേരണ നൽകിത്തുടങ്ങി. ആ പൗരസമൂഹ രൂപപ്പെടലിനോട് മുഖം തിരിച്ചുനിന്ന്, പരമ്പരാഗത വിധേയസംഘങ്ങളാക്കി ജനങ്ങളെ നിലനിർത്താനാണ് മതേതര, ജനാധിപത്യ കക്ഷികൾ എന്ന് പറയുന്ന രാഷ്ട്രീയകക്ഷികൾ പോലും ശ്രമിക്കുന്നത്. അവയുടെ ജനിതകഘടന അങ്ങനെയാണ്. പൗരസമൂഹം ജനാധിപത്യ വ്യവഹാരങ്ങളിലൂടെ വികസിക്കുമ്പോൾ അതിനെ സാവകാശം ദുർബ്ബലമാക്കുകയാണ് ചെയ്യുക. അതുകൊണ്ട് അവരുടെ ഭയം അസ്ഥാനത്തല്ല താനും.
ഇപ്പോൾ കേരളത്തിൽ രൂപപ്പെടുന്ന പൗരസമൂഹത്തിന്റെ വികാസത്തിൽ അതിലെ സാമൂഹ്യവൈരുധ്യങ്ങൾ തീർച്ചയായും പ്രകടമാകും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലും അങ്ങനെത്തന്നെയായിരുന്നു. സാധുജനപരിപാലന സംഘവും പ്രത്യക്ഷരക്ഷാ ദൈവസഭയും എൻ എസ് എസും എസ് എൻ ഡി പിയും ഒക്കെത്തമ്മിൽ യാതൊരു യോജിപ്പും സാധ്യമല്ലാത്ത വൈരുധ്യങ്ങളാണ് നിലനിന്നിരുന്നത്. ജാതിനിരാസത്തിലൂന്നിയ നാരായണഗുരുവും സഹോദരൻ അയ്യപ്പനും ഉള്ളപ്പോൾത്തന്നെ അവർക്കൊപ്പം ജാതിയിലൂന്നിയ സ്വത്വവാദ അവകാശരാഷ്ട്രീയവും ഉയർന്നിരുന്നു. എന്നാലതെല്ലാം ഒരു പൊതുസംവാദാത്മകതയുടെ പൊതുമണ്ഡലത്തെ സൃഷ്ടിക്കുക എന്ന ചരിത്രധർമ്മം നിർവ്വഹിച്ചുകൊണ്ടിരുന്നു. അത് തികഞ്ഞ വൈരുധ്യങ്ങൾക്കും അവയുടെ സംഘർഷങ്ങൾക്കുമിടയിൽ ആ പണി ചെയ്തുകൊണ്ടിരിക്കും.
കേരളത്തിൽ വി.ഡി. സതീശനെ പിന്തുണച്ച പൗരസമൂഹം വാസ്തവത്തിൽ സംവാദാത്മകമായൊരു പൊതുമണ്ഡലത്തെ അതിന്റെ എല്ലാവിധ വൈരുധ്യങ്ങളോടും കൂടി പ്രകടിപ്പിക്കുമ്പോഴും, തങ്ങളുടെ സവിശേഷമായ ജനാധിപത്യ ഇടപെടൽശേഷിയുടെ സൂചന നൽകുന്നത് അങ്ങനെയാണ്.
കേരളത്തിലെ നിരന്തര പ്രതിപക്ഷമായി മലയാളി പൗരസമൂഹം സ്വയംനിർമ്മിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഗതിവേഗം ഇപ്പോൾ അളക്കാനാകില്ല. എന്നാൽ അത് നടന്നുകൊണ്ടിരിക്കുകതന്നെയാണ്. വാസ്തവത്തിൽ വി.ഡി. സതീശന് കിട്ടിയിരിക്കുന്നത് പുലിപ്പുറത്തെ സവാരിയാണ്. ദയാരഹിതമായ അസാധ്യതകളിലേക്ക് തങ്ങൾ നൽകിയ അധികാരത്തെ നയിച്ചുകൊണ്ടുപോകുന്ന, അപ്രവചനീയമായ വനാന്തരങ്ങളെ കാത്തുവെക്കുന്ന പൗരസമൂഹമാണ് ദുരധികാരത്തെ തടഞ്ഞുനിർത്തുക. ദുരധികാരത്തിനു വഴിതെറ്റുന്ന വനമാകണം ജനാധിപത്യം.
