വി.ഡി. സതീശൻ മന്ത്രിസഭയും
സമുദായിക പ്രാതിനിധ്യവും
- ഒരു പരിശോധന

“കേരളത്തിലെ അധികാരഘടനകളിൽ ചരിത്രപരമായി ആരൊക്കെയാണ് കൂടുതൽ പ്രാതിനിധ്യം നേടിയിരുന്നത് / നേടുന്നത്? ആരൊക്കെയാണ് സ്ഥിരമായി അവഗണിക്കപ്പെട്ടത്? ഈ ചർച്ചയെ വികാരപരമായി മാത്രം കാണാതെ, ജനസംഖ്യ, സാമൂഹികഘടന, ഭരണഘടനയുടെ തുല്യതാ കാഴ്ചപ്പാട്, ചരിത്രപരമായ അധികാരം പങ്കിടൽ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്,” മനോജ് വി. കൊടുങ്ങല്ലൂർ എഴുതുന്നു.

നാധിപത്യത്തിൽ 'ആരാണ് ഭരിക്കുന്നത്' എന്ന ചോദ്യത്തിനുള്ള ഉത്തരം 'രാഷ്ട്രീയം' എന്നായിരിക്കും. എന്നാൽ, രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന സമുദായിക സമവാക്യങ്ങൾ കൂടിയാണ് ഇവിടെ 'ഭരണം' നടത്തുന്നതെന്നത് അത്ര പെട്ടെന്ന് ആർക്കും നിഷേധിക്കാൻ കഴിയുന്ന ഒരു കാര്യമല്ല.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്, പുതിയ മന്ത്രിസഭയിലെ സമുദായിക പ്രാതിനിധ്യം. പ്രത്യേകിച്ച് മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചെതോടെ, 'കേരളം മതേതരത്വത്തിൽ നിന്ന് മാറുന്നു' എന്ന തരത്തിലുള്ള വാദങ്ങൾ ചില കോണുകളിൽ നിന്ന് ഉയർന്നുവന്നു, ആ ചർച്ച തുടരുകയാണ്.

അതേസമയം, ഒരു അടിസ്ഥാന ചോദ്യവും ഉയരുന്നുണ്ട്. കേരളത്തിലെ അധികാരഘടനകളിൽ ചരിത്രപരമായി ആരൊക്കെയാണ് കൂടുതൽ പ്രാതിനിധ്യം നേടിയിരുന്നത് / നേടുന്നത്? ആരൊക്കെയാണ് സ്ഥിരമായി അവഗണിക്കപ്പെട്ടത്? ഈ ചർച്ചയെ വികാരപരമായി മാത്രം കാണാതെ, ജനസംഖ്യ, സാമൂഹികഘടന, ഭരണഘടനയുടെ തുല്യതാ കാഴ്ചപ്പാട്, ചരിത്രപരമായ അധികാരം പങ്കിടൽ എന്നിവയുടെ അടിസ്ഥാനത്തിൽ പരിശോധിക്കേണ്ടത് അനിവാര്യമാണ്.

മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചെതോടെ, 'കേരളം മതേതരത്വത്തിൽ നിന്ന് മാറുന്നു' എന്ന തരത്തിലുള്ള വാദങ്ങൾ ചില കോണുകളിൽ നിന്ന് ഉയർന്നു വന്നു, ആ ചർച്ച ഇപ്പോഴും തുടരുകയാണ്.
മുസ്‌ലിം ലീഗിന് അഞ്ച് മന്ത്രിസ്ഥാനം ലഭിച്ചെതോടെ, 'കേരളം മതേതരത്വത്തിൽ നിന്ന് മാറുന്നു' എന്ന തരത്തിലുള്ള വാദങ്ങൾ ചില കോണുകളിൽ നിന്ന് ഉയർന്നു വന്നു, ആ ചർച്ച ഇപ്പോഴും തുടരുകയാണ്.

സമുദായിക പ്രാതിനിധ്യം എന്തുകൊണ്ട് പ്രധാനമാണ്?

ഇന്ത്യൻ ഭരണഘടന മുന്നോട്ട് വെക്കുന്നത് വെറും 'വോട്ടവകാശ' ജനാധിപത്യമല്ല; അത് പങ്കാളിത്ത ജനാധിപത്യമാണ്. അതായത്, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഭരണസംവിധാനങ്ങളിൽ തുല്യ പങ്കാളിത്തം ലഭിക്കണം. ഒരു വിഭാഗം സ്ഥിരമായി അധികാരകേന്ദ്രങ്ങളിൽ ആധിപത്യം പുലർത്തുകയും മറ്റൊരു വിഭാഗം സ്ഥിരമായി പുറത്താക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം സാമൂഹിക അസമത്വം കൂടുതൽ ശക്തിപ്പെടുത്തും. അതുകൊണ്ടാണ് മന്ത്രിസഭാ രൂപീകരണത്തിൽ സാമൂഹിക സന്തുലിതാവസ്ഥയെ രാഷ്ട്രീയ പാർട്ടികൾ/ മുന്നണികൾ പരിഗണിക്കാറുള്ളത്.

കേരളത്തിൽ പലപ്പോഴും 'മതേരത്വം' എന്ന ആശയം മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യത്തെ സംശയത്തോടെ നോക്കി കാണുന്ന രീതിയിലേക്ക് ചുരുങ്ങിപ്പോകുന്നുണ്ട്.

കേരളത്തിലെ അധികാര ഘടനയും
ചരിത്രപരമായ മേൽക്കോയ്മയും

കേരളം സാമൂഹിക നവോത്ഥാനത്തിന്റെ നാട് എന്നറിയപ്പെടുന്നുണ്ടെങ്കിലും അധികാര ഘടനകളിൽ ദീർഘകാലമായി ചില വിഭാഗങ്ങളുടെ ആധിപത്യം നിലനിന്നിട്ടുണ്ട്.

പ്രത്യേകിച്ച്:

  • നായർ സമുദായം.

  • സവർണ ക്രിസ്ത്യൻ വിഭാഗങ്ങൾ.

  • ഉയർന്ന ജാതി ഹിന്ദു വിഭാഗങ്ങൾ.

ഇവർ ഭരണസംവിധാനങ്ങളിൽ, ബ്യൂറോക്രസിയിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, മാധ്യമങ്ങളിൽ, ഭൂസ്വത്തുടമസ്ഥതയിൽ എന്നിവിടങ്ങളിൽ ചരിത്രപരമായി വലിയ സ്വാധീനം പുലർത്തി പോരുന്നവരാണ്. ഇത് കേരളത്തിൽ മാത്രമല്ല; ഇന്ത്യയുടെ സാമൂഹിക ഘടനയുടെ ഭാഗമാണ് എന്നതും നമുക്കറിയാം. കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ (2021 - 2026) സാമൂഹികഘടനയും മന്ത്രിമാരുടെ സാമുദായിക പങ്കാളിത്തവും പലപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.

കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ (2021 - 2026) സാമൂഹികഘടനയും മന്ത്രിമാരുടെ സാമുദായിക പങ്കാളിത്തവും പലപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അന്ന് 21 അംഗ മന്ത്രിസഭയിൽ ഏകദേശം 10 പേർ നായർ വിഭാഗക്കാരായിരുന്നു.
കഴിഞ്ഞ പിണറായി മന്ത്രിസഭയുടെ (2021 - 2026) സാമൂഹികഘടനയും മന്ത്രിമാരുടെ സാമുദായിക പങ്കാളിത്തവും പലപ്പോഴും വലിയ വിമർശനങ്ങൾക്കിടയാക്കിയിരുന്നു. അന്ന് 21 അംഗ മന്ത്രിസഭയിൽ ഏകദേശം 10 പേർ നായർ വിഭാഗക്കാരായിരുന്നു.

അന്ന് 21 അംഗ മന്ത്രിസഭയിൽ ഏകദേശം 10 പേർ നായർ വിഭാഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു, ഒപ്പം തുടക്കത്തിൽ കാബിനറ്റ് പദവിയുള്ള സ്പീക്കറും ഒപ്പം മുന്നണി ചീഫ് വിപ്പും നായർ വിഭാഗത്തിൽ നിന്നുള്ളവർ തന്നെയായിരുന്നു. അതോടൊപ്പം സവർണ്ണ ക്രിസ്ത്യൻ വിഭാഗത്തിൽനിന്നുള്ള 2 മന്ത്രിമാർ വേറെയും ഉണ്ടായിരുന്നു. ഈ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകളുടെയും ഉപദേഷ്ടാക്കളുടെയും നിയമനങ്ങൾ, ഉന്നത ഭരണപദവികൾ എന്നിവിടങ്ങളിലുമുള്ള സവർണ്ണ സാന്നിധ്യം കൂടുതലാണെന്ന ആരോപണവും ശക്തമായി ഉണ്ടായിരുന്നു. ഒപ്പം, മന്ത്രിമാരുടെ വകുപ്പുകളുടെ കീഴിൽ വരുന്ന ബോർഡ് /കോർപ്പറേഷനുകളിലേക്കുള്ള നോമിനേഷനുകളിലും ഉയർന്ന ജാതിപ്രാതിനിധ്യം കൂടുതലായിരുന്നുവെന്ന വിമർശനം അക്കാലത്ത് ഉയർന്നുവന്നിരുന്നു.

പട്ടികജാതി വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികയായി ലഭിക്കേണ്ട പ്രാതിനിധ്യം ഒരു കാലത്തും ഒരു മന്ത്രിസഭയും നൽകിയ ചരിത്രമില്ല. രണ്ടു മന്ത്രിമാർക്ക് അവകാശമുള്ള വിഭാഗമായിട്ട് കൂടി പലപ്പോഴും ഒരു മന്ത്രിയെ മാത്രമേ പേരിനുപോലും ഉറപ്പാക്കാറുള്ളൂ. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഒരു ഘട്ടത്തിൽ പട്ടികജാതി വിഭാഗങ്ങളിൽനിന്ന് ഒരു മന്ത്രി പോലും ഉണ്ടായിരുന്നില്ല. ഒപ്പം, ഈഴവ- മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ അസന്തുലിതാവസ്ഥയും ആ മന്ത്രിസഭയിൽ പ്രകടമായിരുന്നു. ഈ സാഹചര്യങ്ങൾക്കെതിരെ വലിയ പൊതുചർച്ച ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

രണ്ടാം പിണറായി സർക്കാരിന്റെ ഒരു ഘട്ടത്തിൽ പട്ടികജാതി വിഭാഗങ്ങളിൽനിന്ന് ഒരു മന്ത്രി പോലും ഉണ്ടായിരുന്നില്ല. ഒപ്പം, ഈഴവ- മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ അസന്തുലിതാവസ്ഥയും ആ മന്ത്രിസഭയിൽ പ്രകടമായിരുന്നു. ഈ സാഹചര്യങ്ങൾക്കെതിരെ വലിയ പൊതുചർച്ച ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.

സവർണ്ണ സംവരണവും
കേരളവും

എക്കാലത്തും സംഘപരിവാർ മുന്നോട്ട് വെച്ചിട്ടുള്ള രാഷ്ട്രീയത്തിന്റെ ഭാഗമാണ് സവർണ്ണ സംവരണം അഥവാ EWS (Economically Weaker Section) എന്നത് നമുക്കറിയാം. ഇന്ത്യൻ പാർലമെന്റിന്റെ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക അടിസ്ഥാനത്തിലുള്ള 10% സവർണ സംവരണം നടപ്പാക്കിയപ്പോൾ, രാജ്യത്തെ പല പുരോഗമന രാഷ്ട്രീയ വിഭാഗങ്ങളും അതിനെതിരായി ശക്തമായ വിമർശനം ഉന്നയിച്ചു. ഇത് ഭരണഘടന വിഭാവനം ചെയ്ത സംവരണതത്വത്തിന്റെ അന്തഃസത്തയെത്തന്നെ ദുർബലപ്പെടുത്തുന്നതായിരുന്നു. ഇന്ത്യയിൽ 'സംവരണം' എന്നത് കേവലം സാമ്പത്തിക ദാരിദ്ര്യനിവാരണ പദ്ധതിയല്ല. മറിച്ച് നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ജാതിയധിഷ്ഠിതമായ സാമൂഹിക പീഡനങ്ങൾക്കും, വിദ്യാഭ്യാസ - തൊഴിൽ മേഖലകളിലെ പ്രാതിനിധ്യക്കുറവിനുമുള്ള ഭരണഘടനാപരമായ പരിഹാരവും 'പ്രാതിനിധ്യം ഉറപ്പുവരുത്തലുമാണ്. ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച സംവരണ ആശയത്തിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

ഇന്ത്യൻ പാർലമെന്റിന്റെ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക അടിസ്ഥാനത്തിലുള്ള 10% സവർണ സംവരണം നടപ്പാക്കിയപ്പോൾ, രാജ്യത്തെ പല പുരോഗമന രാഷ്ട്രീയ വിഭാഗങ്ങളും അതിനെതിരായി ശക്തമായ വിമർശനം ഉന്നയിച്ചു.
ഇന്ത്യൻ പാർലമെന്റിന്റെ 103-ാം ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക അടിസ്ഥാനത്തിലുള്ള 10% സവർണ സംവരണം നടപ്പാക്കിയപ്പോൾ, രാജ്യത്തെ പല പുരോഗമന രാഷ്ട്രീയ വിഭാഗങ്ങളും അതിനെതിരായി ശക്തമായ വിമർശനം ഉന്നയിച്ചു.

നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ, 2019-ൽ 103-ാം ഭരണഘടനാഭേദഗതി കൊണ്ടുവന്നതുവഴി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ ജോലികളിലും 10% സംവരണം ഏർപ്പെടുത്തി. ഇതിനായി ഭരണഘടനയിൽ രണ്ട് പ്രധാന മാറ്റങ്ങൾ വരുത്തി:

ആർട്ടിക്കിൾ 15 (6): സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളുടെ പുരോഗതിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ (എയ്ഡഡ്, അൺ-എയ്ഡഡ് പ്രൈവറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെ) പ്രത്യേക ഇളവുകൾ നൽകാൻ സർക്കാരിന് അധികാരം നൽകി.

ആർട്ടിക്കിൾ 16 (6): സർക്കാർ ഉദ്യോഗങ്ങളിൽ ഇത്തരത്തിൽ പെട്ടവർക്ക് 10% വരെ സംവരണം അനുവദിക്കാൻ വ്യവസ്ഥ ചെയ്തു.

ഭൂമി, വിദ്യാഭ്യാസം, അധികാരം, ഭരണസംവിധാനം എന്നിവയിൽ ചരിത്രപരമായി ആധിപത്യം പുലർത്തിയ സവർണ വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം നൽകുന്നത് സാമൂഹികനീതിയെ അട്ടിമറിക്കുന്നു. സംവരണത്തെ ക്രമേണ ഒരു 'ദാരിദ്ര്യനിവാരണ പദ്ധതി'യാക്കി ചുരുക്കാനുള്ള രാഷ്ട്രീയ ശ്രമമാണിതെന്ന ആക്ഷേപമുണ്ടായി. ദാരിദ്ര്യം ഇല്ലാതാക്കാൻ സ്കോളർഷിപ്പുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ നൽകാമെന്നിരിക്കെ, അതിനായി സംവരണ സംവിധാനത്തെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് വിമർശകർ ചൂണ്ടിക്കാണിച്ചു.

'സവർണ്ണ' പ്രാതിനിധ്യം കൂടുതലായപ്പോൾ ഉയരാത്ത 'മതേതര ഭീഷണി' വാദം, മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാകുമ്പോൾ മാത്രം എന്തുകൊണ്ട് ഉയരുന്നു? ഈ ചോദ്യം കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഗൗരവമായി പരിഗണിക്കപ്പെടേണ്ട ഒന്നാണ്.

ഈ നിയമം യാതൊരു പഠനങ്ങളോ കണക്കെടുപ്പുകളോ ഇല്ലാതെയാണ് പിണറായി സർക്കാർ കേരളത്തിൽ നടപ്പിലാക്കിയത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയാണ് (Social and Educational Backwardness), അല്ലാതെ സാമ്പത്തിക പിന്നാക്കാവസ്ഥ മാത്രമല്ല എന്ന ചരിത്രസത്യം മുന്നാക്ക വിഭാഗങ്ങൾക്ക് ഭൂരിപക്ഷമുള്ള കേരള സർക്കാരും അവരുടെ രാഷ്ട്രീയവും അട്ടിമറിക്കുകയായിരുന്നു. രാജ്യത്ത് ആദ്യമായി സവർണ്ണ സംവരണം നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്ന് കേരളമായിരുന്നു. സവർണ്ണ മേധാവിത്വത്തിന് മുൻതൂക്കമുള്ള ഒരു ഭരണകൂടത്തിന് മാത്രമേ, ഇത്തരം ഒരു തീരുമാനം 'കൈ വിറക്കാതെ' എടുക്കാൻ കഴിയുകയുള്ളൂ.

ഈ പശ്ചാത്തലത്തിലും കൂടിയാണ് സംസ്ഥാനത്തെ അധികാരഘടനയിലെ ഏറ്റവും ഉയർന്ന ശ്രേത്‍യായ സംസ്ഥാന മന്ത്രിസഭയിലെ സമുദായിക പ്രാതിനിധ്യം സംബന്ധിക്കുന്ന പരിശോധനയ്ക്ക് പ്രാധാന്യമേറുന്നത്.

വി.ഡി. സതീശൻ മന്ത്രിസഭ:
ഒരു സാമൂഹിക വായന

പുതിയ മന്ത്രിസഭയിലെ സാമുദായിക പ്രാതിനിധ്യം ഇങ്ങനെയാണ്:

1. നായർ – സവർണ ക്രിസ്ത്യൻ പ്രാതിനിധ്യം ഇപ്പോഴും ഉയർന്നുതന്നെയാണ്. ജനസംഖ്യാനുപാതത്തേക്കാൾ കൂടുതൽ പ്രാതിനിധ്യം ഈ രണ്ട് വിഭാഗങ്ങൾക്കും ലഭിച്ചിട്ടുണ്ട്.

  • നായർ വിഭാഗം:

ജനസംഖ്യ ഏകദേശം: 14.1%
അർഹമായ മന്ത്രിമാരുടെ എണ്ണം: 3.
ലഭിച്ചത്: 5.

  • സവർണ ക്രിസ്ത്യൻ വിഭാഗം:

ജനസംഖ്യ ഏകദേശം: 11.9%
അർഹമായ മന്ത്രിമാരുടെ എണ്ണം: 2.
ലഭിച്ചത്: 6.

സ്പീക്കർ, മുഖ്യമന്ത്രി കൂടാതെ ധനം, ആഭ്യന്തരം, ആരോഗ്യം, ദേവസ്വം, ടൂറിസം, സംസ്ക്കാരം, ജലം, നിയമം, പൊതുഭരണം തുടങ്ങി കനപ്പെട്ട വകുപ്പുകളും ഈ വിഭാഗങ്ങൾക്കാണ്. ഇത് കേരളത്തിലെ അധികാരഘടനകളിൽ പരമ്പരാഗത സ്വാധീനം തുടരുന്നുവെന്ന് സൂചിപ്പിക്കുന്നു.

2. മുസ്‌ലിം പ്രാതിനിധ്യം ജനസംഖ്യാനുപാതത്തിന് അടുത്തുമാത്രമേ എത്തിയിട്ടുള്ളൂ.

നായർ – സവർണ ക്രിസ്ത്യൻ പ്രാതിനിധ്യം ഇപ്പോഴും മന്ത്രിസഭയിൽ ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ജനസംഖ്യാനുപാതത്തേക്കാൾ കൂടുതലായ പ്രാതിനിധ്യം ഈ രണ്ട് വിഭാഗങ്ങൾക്കും ലഭിച്ചിട്ടുണ്ട്.
നായർ – സവർണ ക്രിസ്ത്യൻ പ്രാതിനിധ്യം ഇപ്പോഴും മന്ത്രിസഭയിൽ ഉയർന്നുതന്നെയാണ് നിൽക്കുന്നത്. ജനസംഖ്യാനുപാതത്തേക്കാൾ കൂടുതലായ പ്രാതിനിധ്യം ഈ രണ്ട് വിഭാഗങ്ങൾക്കും ലഭിച്ചിട്ടുണ്ട്.

കേരളത്തിലെ മുസ്‌ലിം ജനസംഖ്യ ഏകദേശം 26 - 30 ശതമാനം വരെയാണെന്ന് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നു. അതനുസരിച്ച് 6 മന്ത്രിസ്ഥാനം ഈ വിഭാഗത്തിന് ലഭിക്കണം, ഇപ്പോൾ മുസ്ലീം ലീഗിൽനിന്നും കോൺഗ്രസിൽ നിന്നുമായി 6 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറുമാണ് മുസ്ലിം പ്രാതിനിധ്യമായി വരുന്നത്. ഡെപ്യൂട്ടി സ്പീക്കർ കോൺഗ്രസിൽ നിന്നുള്ള മുസ്ലിം വനിതയാണ്, എന്നാൽ ഈ പദവി ക്യാബിനറ്റ് റാങ്കിൽ പെടുന്ന ഒന്നല്ല.

ഇവിടെ ഉയരുന്ന പ്രധാന ചോദ്യമിതാണ്:

'സവർണ്ണ' പ്രാതിനിധ്യം കൂടുതലായപ്പോൾ ഉയരാത്ത 'മതേതര ഭീഷണി' വാദം, മുസ്‌ലിം പ്രാതിനിധ്യം ഉണ്ടാകുമ്പോൾ മാത്രം എന്തുകൊണ്ട് ഉയരുന്നു? ഈ ചോദ്യം കേരളത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഗൗരവമായി പരിഗണിക്കപ്പെടേണ്ട ഒന്നാണ്.

3. പട്ടികജാതി പ്രാതിനിധ്യത്തിലെ അസമത്വം പരിഹരിക്കാൻ ഒരു പരിധിവരെ ശ്രമമുണ്ടായി:

കേരളത്തിലെ പട്ടികജാതി ജനസംഖ്യ ഏകദേശം 8-9 ശതമാനമാണ്. ആ അനുപാതത്തിൽ പട്ടികജാതി വിഭാഗത്തിന് 2 മന്ത്രിസ്ഥാനം ലഭിച്ചത് പോസിറ്റീവ് ഘടകമായി കാണാം. എന്നാൽ ചരിത്രപരമായി ഈ വിഭാഗം സ്ഥിരമായി കുറഞ്ഞ പ്രാതിനിധ്യം നേരിട്ടിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്.

4. പട്ടികവർഗ വിഭാഗങ്ങളുടെ അവഗണന തുടരുന്നു:

കേരളത്തിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ അവഗണന നേരിടുന്ന വിഭാഗങ്ങളിൽ ഒന്നാണ് പട്ടികവർഗക്കാർ. ജനസംഖ്യയിൽ ചെറിയ ശതമാനമായ ഇവർ ഭൂമി, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം തുടങ്ങിയ മേഖലകളിൽ ഏറ്റവും പിന്നാക്കാവസ്ഥ നേരിടുന്ന വിഭാഗമാണ്. എന്നാൽ മന്ത്രിസഭകളിൽ സ്ഥിരമായ പ്രാതിനിധ്യം ഈ വിഭാഗത്തിന് ലഭിക്കാറില്ല. ഇപ്പോഴും ആ സ്ഥിതി തുടരുന്നു. ഇത് കേരളത്തിന്റെ പുരോഗമന രാഷ്ട്രീയത്തിനോടുനുള്ള വലിയ ചോദ്യം തന്നെയാണ്.

5. ഈഴവ / മറ്റു പിന്നാക്ക ഹിന്ദു വിഭാഗങ്ങളുടെ കുറവ്:

ഈ വിഷയം ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ട്. കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗങ്ങളിലൊന്നായ ഈഴവ- പിന്നാക്ക വിഭാഗങ്ങൾക്ക് പുതിയ മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യമാണുള്ളതെന്ന വിമർശനം ശക്തമാണ്. ജനസംഖ്യയിൽ ഏകദേശം 30% വരെ സ്വാധീനമുള്ള വിഭാഗങ്ങൾക്ക് 6 മന്ത്രിമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയണം, എന്നാൽ കേവലം 3 ഈഴവ മന്ത്രിമാർ മാത്രമാണ് അധികാരമേറ്റിരിക്കുന്നത് എന്നത് വലിയ സമുദായിക അസന്തുലിതാവസ്ഥയെയാണ് സൂചിപ്പിക്കുന്നത്.

സമുദായിക പ്രാതിനിധ്യത്തെ എങ്ങനെ കാണണം?

സമുദായിക പ്രാതിനിധ്യത്തെ രണ്ട് അതിരുകളിലായി നിന്ന് നോക്കിക്കാണുന്നത് തീർത്തും അപകടകരമാണ്.

ഒരു വശത്ത്: 'സമുദായം പറയരുത്' എന്ന ലിബറൽ സമീപനം.

മറുവശത്ത്: സമുദായം മാത്രം' എന്ന ഐഡന്റിറ്റി പൊളിറ്റിക്സ്.

ഇരുവർക്കുമിടയിൽ ഒരു ജനാധിപത്യ സമീപനം ആവശ്യമുണ്ട്.

അതായത്:

  • ചരിത്രപരമായ അവഗണന പരിഗണിക്കുക.

  • സാമൂഹിക സന്തുലിതാവസ്ഥ ഉറപ്പാക്കുക.

  • അധികാര കേന്ദ്രീകരണം ഒഴിവാക്കുക.

  • എല്ലാ വിഭാഗങ്ങൾക്കും പങ്കാളിത്തം നൽകുക.

ഇതാണ് ഭരണഘടനാ മൂല്യങ്ങൾക്ക് അനുയോജ്യമായ സമീപനം. മതേതരത്വം എന്നത് മുസ്‌ലിം പങ്കാളിത്തത്തെ ഭയക്കുന്നതല്ല. കേരളത്തിൽ പലപ്പോഴും 'മതേരത്വം' എന്ന ആശയം മുസ്‌ലിം രാഷ്ട്രീയ പ്രാതിനിധ്യത്തെ സംശയത്തോടെ നോക്കി കാണുന്ന രീതിയിലേക്ക് ചുരുങ്ങിപ്പോകുന്നുണ്ട്.

കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗങ്ങളിലൊന്നായ ഈഴവ-പിന്നാക്ക വിഭാഗങ്ങൾക്ക് പുതിയ മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യമാണുള്ളതെന്ന വിമർശനം ശക്തമാണ്.
കേരളത്തിലെ ഏറ്റവും വലിയ സാമൂഹിക വിഭാഗങ്ങളിലൊന്നായ ഈഴവ-പിന്നാക്ക വിഭാഗങ്ങൾക്ക് പുതിയ മന്ത്രിസഭയിൽ കുറഞ്ഞ പ്രാതിനിധ്യമാണുള്ളതെന്ന വിമർശനം ശക്തമാണ്.

എന്നാൽ യഥാർത്ഥ മതേതരത്വം എല്ലാ മതവിഭാഗങ്ങൾക്കും തുല്യ അവകാശം നൽകുന്നതാണ്. രാഷ്ട്രീയ പങ്കാളിത്തം അംഗീകരിക്കുന്നതാണ്. അത് ജനസംഖ്യയുടെ യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നതാണ്. മുസ്‌ലിം വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതത്തിലുള്ള പ്രാതിനിധ്യം ലഭിക്കുന്നത് മതേതര വിരുദ്ധമല്ല, മറിച്ച് ജനാധിപത്യത്തിന്റെ സ്വാഭാവിക പ്രകടനം മാത്രമാണ്.

കേരളത്തിലെ പുതിയ മന്ത്രിസഭയെക്കുറിച്ചുള്ള ചർച്ച ഒരു വ്യക്തിയെയോ ഒരു പാർട്ടിയെയോ മാത്രം സംബന്ധിക്കുന്നതല്ല. അത് കേരളത്തിലെ അധികാര ഘടനകളെ കുറിച്ചുള്ള വലിയ സാമൂഹിക ചർച്ചയാണത്.

  • ആരാണ് ഭരിക്കുന്നത്?

  • ആർക്കാണ് സ്ഥിരമായി അധികാരം ലഭിക്കുന്നത്?

  • ആരാണ് പുറത്താക്കപ്പെടുന്നത്?

  • ആരാണ് 'അധിക പ്രാതിനിധ്യം' എന്ന് ആരോപിക്കപ്പെടുന്നത്?

  • എന്തുകൊണ്ട് ചില വിഭാഗങ്ങളുടെ അധികാര കേന്ദ്രീകരണം സാധാരണമാക്കപ്പെടുന്നു?

ഈ ചോദ്യങ്ങളിലൂടെ മാത്രമേ കേരളത്തിലെ ജനാധിപത്യത്തെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ കഴിയൂ. 'സമത്വം' എന്നത് കേവലം എല്ലാവരും ഒരുപോലെ കാണപ്പെടുന്നതല്ല, മറിച്ച് ചരിത്രപരമായി പിന്നിലാക്കപ്പെട്ടവർക്കും കൂടി അധികാരത്തിൽ തുല്യസ്ഥാനവും പങ്കാളിത്തവും ഉറപ്പാക്കൽ കൂടിയാണ്.


Summary: Who historically have more representation in the power structures of Kerala? V.D. Satheesan's ministry and community representation, Manoj V Kodungallur writes.


മനോജ്​ വി. കൊടുങ്ങല്ലൂർ

റിട്ട. അധ്യാപകൻ, വിദ്യാഭ്യാസ പ്രവർത്തകൻ. സ്കൂൾ ഉച്ചഭക്ഷണ പരിപാടിയുടെ - ദേശീയ റിവ്യൂ മിഷൻ - മോണിറ്ററിങ്ങ് കമ്മിറ്റിയിലേക്ക് സുപ്രീം കോടതി നാമനിർദ്ദേശം ചെയ്തിട്ടുള്ള അംഗം.

Comments