വെള്ളാപ്പള്ളി: സംഘപരിവാറിന്റെ ട്രോജൻ കുതിര, പിണറായിയുടെ രാഷ്ട്രീയബന്ധു

കേരളത്തിലെ ഇടതുപക്ഷം, പ്രത്യേകിച്ച് സി.പി.എം, വെള്ളാപ്പള്ളി നടേശനെന്ന ശ്രീനാരായണ ധർമ പരിപാലന യോഗം - SNDP യോഗം ജനറൽ സെക്രട്ടറിയെ, മലയാള ഭാഷ കൊണ്ട് വർഗ്ഗീയത മാത്രം പറയുന്നൊരു മുതലാളിയെ, മദ്യക്കച്ചവടക്കാരനെ ഇനിയെന്തു ചെയ്യും? വെള്ളാപ്പള്ളി നടേശൻ്റെ നിർത്താതെയുള്ള വർഗ്ഗീയ വാഗ്ധോരണികളെ, പ്രപഞ്ച നിയമങ്ങൾക്കും പ്രകൃതിനിയമങ്ങൾക്കും അനുസൃതമായി ആദരിച്ചിരുന്നതുപോലെ ഇനിയും ആദരിക്കും. സി പി എമ്മിനാൽ ആദരിക്കപ്പെടാൻ നടേശൻ്റെ ജന്മം ഇനിയും ബാക്കി. ശ്രീനാരായണഗുരു സി.പി.എമ്മിനോട് ക്ഷമിക്കട്ടെ! കാലം സാക്ഷി ചരിത്രം സാക്ഷി.

കാലം കുറച്ച് പിറകോട്ട് പോകാം.
2015, കൃത്യം ഒരു ദശാബ്ദം മുൻപ്.
സി. പി. എമ്മിൻ്റെ സെക്രട്ടറിയായിരുന്നു പിണറായി വിജയൻ. അന്ന് കേരളമെന്ന ദേശം ഭരിച്ചിരുന്നത് UDF ആയിരുന്നു. 2015 സെപ്തംബർ ഇരുപതിന് പിണറായി വിജയൻ പീപ്പിൾസ് ഡെമോക്രസിയിൽ ഒരു ലേഖനം എഴുതി:
“Narayana Guru, An Icon of Humanity”

അതിലെ ചില വരികൾ ഇവിടെ ഉദ്ധരിക്കാം വെള്ളാപ്പള്ളി നടേശനെക്കുറിച്ചാണ്,

The leadership of SNDP Yogam, once held by none other than Kumaran Asan, is now in the hands of Vellappalli Natesan who furthers his business interests above everything else.

കഴിഞ്ഞില്ല;

With the assumption of power by the BJP at the centre, the section of leadership led by Natesan makes use of the social influence of the Yogam to appease the political force at the centre and to explore new vistas in the field of business relations. On the other hand, the BJP leadership which has consistently failed in its efforts to make inroads into the parliamentary politics of Kerala seeks to woo the SNDP leadership.

ചരിത്രത്തിലൊരിടത്തും എസ്.എൻ.ഡി.പി നേതൃത്വം ഇടതുപക്ഷത്തോടൊപ്പം ആയിരുന്നില്ല എന്ന് ലേഖനത്തിൽ പിണറായി പറയുന്നുണ്ട്. ഇ.എം.എസ് മന്ത്രിസഭ അധികാരമേറ്റപ്പോൾ, വിമോചന സമരകാലത്ത്, പുന്നപ്ര വയലാർ സമരകാലത്ത് ഒന്നും SNDP നേതൃത്വം ഇടതുപക്ഷത്തിനൊപ്പമായിരുന്നില്ല.

തുടർന്ന് അന്നത്തെ സി.പി.എം സെക്രട്ടറി എഴുതി:

Irrespective of the stand taken by the SNDP leadership, the Ezhava community has all along been overwhelmingly supporting the Left and it continues even now.

അതായത് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് കേട്ടിട്ടല്ല ഈഴവ സമുദായം ഇടതുപക്ഷത്തിന് വോട്ട് ചെയ്തു കൊണ്ടിരുന്നിരുന്നത് എന്നും ചെയ്യുന്നത് എന്നും. കാലം മാറിയപ്പോൾ ചരിത്രവും മാറിയോ അന്നത്തെ സെക്രട്ടറിയും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് എന്നറിയില്ല, ഓർമയില്ലാഞ്ഞിട്ടാണോ എന്നും അറിയില്ല. വെള്ളാപ്പള്ളി നടേശനും പിണറായി വിജയനും ഇപ്പോൾ രാഷ്ട്രീയ ബന്ധുക്കളാണ്. വെള്ളാപ്പള്ളി നടേശൻ പറയുകയൊന്നും വേണ്ട ഈഴവർ പാർട്ടിയ്ക്ക് വോട്ടു ചെയ്യാനെന്നറിയുന്ന പിണറായി സഖാവ് എന്തിനായിരിക്കും വർഗ്ഗീയ വിഷം ചീറ്റിക്കൊണ്ടിരിക്കുന്ന വെള്ളാപ്പള്ളി മുതലാളിയെ ഇങ്ങനെ ചേർത്തു നിർത്തുന്നത്. നിലപാടുകൾ മാറിയത് ആരുടേതാണ്?

2015 -16 കാലത്ത്, പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് നിരവധി ഫേസ്ബുക്ക് പോസ്റ്റുകൾ പിണറായി വിജയൻ നടേശൻ മുതലാളിക്കെതിരെ എഴുതിയിട്ടുണ്ട്.

2016 മെയ് 31 ന് എഴുതിയ കുറിപ്പിൽ വെള്ളാപ്പള്ളി നടേശന്റെ കാർമ്മികത്വത്തിൽ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് എന്നും തീവ്ര വര്ഗീയത ഇളക്കി വിട്ടു രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നവരുമായി കൂട്ട് ചേരാൻ ഒരു മടിയും ഇല്ലാത്ത തലത്തിലേക്ക് കോണ്ഗ്രസ്സിനെ തരംതാഴ്ത്തുകയാണ് ഉമ്മൻചാണ്ടിയും സംഘവും എന്നും. നമ്മുടെ സംസ്ഥാനത്തിൻറെ മതനിരപേക്ഷതയ്ക്ക് ഗുരുതരമായ ഭീഷണി നേരിടുന്ന സാഹചര്യം ഇത് സൃഷ്ടിക്കും എന്നും എഴുതിയ ആളാണ് പിണറായി വിജയൻ

ആർ എസ് എസിന്റെ നാവ് കടമെടുത്താണ് വെള്ളാപ്പള്ളി നടേശൻ സഖാവ് വി എസ് അച്യുതാനന്ദനെയും മറ്റു നേതാക്കളെയും അവഹേളിക്കുന്നത് എന്നും ശ്രീനാരായണ ഗുരുവിന്റെ ദർശനത്തെ ഒരിക്കലും ഉൾക്കൊള്ളുന്നതല്ല ആർ എസ് എസ് രാഷ്ട്രീയമെന്നും അത് തിരിച്ചറിയുന്ന ജനങ്ങളെ ഇത്തരം അഭ്യാസം കൊണ്ട് വഴിതെറ്റിക്കാനാവില്ല എന്നും അന്നത്തെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്.

അഴുക്കുചാല്‍ വൃത്തിയാക്കവേ മാന്‍ഹോളില്‍ കുടുങ്ങിയ രണ്ട് തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോൾ ജീവൻ നഷ്ടപ്പെട്ട ഓട്ടോ തൊഴിലാളി നൗഷാദിനെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ നടത്തിയ അധിക്ഷേപം മനുഷ്യത്വമില്ലായ്മയും വെളിവില്ലായ്മയും ആണ് എന്നും കേരളത്തിലെ തൊഗാഡിയ ആകാൻ നോക്കുന്ന വെള്ളാപ്പള്ളി വർഗീയവിഷം വമിപ്പിക്കുകയാണ് എന്നും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്.

പിന്നേയും കാലം സാക്ഷി,
ചരിത്രം സാക്ഷി.

മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പുകാലം മുന്നിൽ വന്നു നിൽക്കുന്നു. പിണറായി വിജയനും എം.വി. ഗോവിന്ദനും പാർട്ടിവക്താക്കളും വെള്ളാപ്പള്ളി നടേശനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കുമുന്നിൽ രാഷ്ട്രീയ നിസ്സഹായതയെയും രാഷ്ട്രീയ ഇരട്ടത്താപ്പിനേയും മലയാളഭാഷ കൊണ്ട് സാധ്യമാവുന്ന എല്ലാ സങ്കീർണ വ്യാകരണവും നിരത്തിവെച്ച് മറികടക്കാൻ ശ്രമിക്കുകയാണ്.

വോട്ടു ചെയ്യാനിരിക്കുന്ന ഈഴവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഭരണപക്ഷത്തെയും ഇടതുപക്ഷത്തെയും അല്ലാത്ത പക്ഷത്തെയും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും മതേതര- ജനാധിപത്യ വിശ്വാസികളും ജൻ സീയുമൊക്കെ ഇവരുടെ വർത്തമാനങ്ങൾ കേൾക്കുകയും പെർഫോമൻസ് കാണുകയും ചെയ്യുന്നു.
തദ്ദേശതെരഞ്ഞെടുപ്പിൽ ഒരു റെഡ് സിഗ്നൽ കൊടുത്തതാണ് ജനം.

ഒരു വർഷത്തിനുള്ളിൽ വെള്ളാപ്പള്ളി നടേശൻ മുസ്ലിം മതവിഭാഗത്തെ മാത്രം ലക്ഷ്യം വെച്ച് നടത്തിയ കടുത്ത വർഗ്ഗീയ പരാമർശങ്ങൾ അറുപതിലേറെയാണ്. കേരളീയം മാസിക ആ പ്രസ്താവനകളെ ക്രോഡീകരിച്ചിട്ടുണ്ട്. ആ ഒരു വർഷം തന്നെയാണ് പിണറായി വിജയൻ സർക്കാർ നിരന്തരം വെള്ളാപ്പള്ളിയെ പലവിധത്തിൽ ആദരിച്ചതും മുഖ്യമന്ത്രി സ്വന്തം കാറിൽ ആനയിച്ചതും. കഴിഞ്ഞദിവസം മര്യാദയില്ലാതെ ചാനൽ പ്രവർത്തകരോട് തട്ടിക്കയറുന്ന വെള്ളാപ്പള്ളിയെ കേരളം കണ്ടു. ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകൻ്റെ മുസ്ലീം പേര് വെച്ച് തീവ്രവാദിയെന്ന് വർഗ്ഗീയ നാവുകൊണ്ട് പരസ്യമായും പരിഹാസ്യമായും വിളിച്ച് നിയമപരമായ കുറ്റകൃത്യം നടത്തിയതും കണ്ടു.

മതേതരത്വത്തിൻ്റെ വിശുദ്ധ ഭൂമിയൊന്നുമായിരുന്നില്ല കേരളം ഒരു കാലത്തും. പക്ഷേ പച്ചയ്ക്ക് ഇടതടവില്ലാതെ മുസ്ലീം വിരുദ്ധത, വർഗ്ഗീയത പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒരു സമുദായ സംഘടനാനേതാവിന് ഇടതുപക്ഷ ഭരണകക്ഷിയിൽ നിന്ന് ഇത്രയുമധികം ആദരവും പ്രോത്സാഹനവും കിട്ടുന്നത് ആദ്യമായിട്ടാണ്. സംഘപരിവാറിൻ്റെ ഹിന്ദുത്വ അജണ്ടയാണ് വെള്ളാപ്പള്ളി നടേശൻ നടപ്പാക്കുന്നത് എന്ന് അറിയാത്തവരല്ല സി. പി.എം എന്ന പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും. സംഘപരിവാർ വക്താക്കൾ പോലും ഉറക്കെ പറയാൻ മടിക്കുന്ന അവരുടെ പ്രത്യയശാസ്ത്ര ആശയങ്ങളാണ് വെള്ളാപ്പള്ളി നടേശൻ ഇടതുപക്ഷത്തിൻ്റെ ചെലവിൽ കേരളത്തിൽ വിതരണം ചെയ്യുന്നത്. പിണറായി വിജയനും വെള്ളാപ്പള്ളി നടേശനും ഈ വീടിൻ്റെ ഐശ്വര്യം എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ബി.ജെ.പിയുടേയും ആർ.എസ്. എസിൻ്റേയും കാര്യാലയങ്ങളിലാണ്. അവരെടുക്കേണ്ട പണി എളുപ്പത്തിൽ ചെയ്തു കൊടുക്കുകയാണ് രണ്ടു പേരും.

സംഘപരിവാർ അതിൻ്റെ ആശയങ്ങൾക്കും രീതികൾക്കും സ്വീകാര്യതയുണ്ടാക്കുന്നത് ഇങ്ങനെയാണ്. മലപ്പുറത്തെക്കുറിച്ച് വെള്ളാപ്പള്ളി മുസ്ലീം വിരുദ്ധമായി പ്രസംഗിക്കുമ്പോൾ പിണറായി വിജയൻ അതേ ആശയത്തിൽ ദ ഹിന്ദുവിന് അഭിമുഖം കൊടുക്കുന്നത് വെറും യാദൃച്ഛികതയല്ല. ആഗോള അയ്യപ്പസംഗമം നടത്തി യോഗി ആദിത്യനാഥിൻ്റെ ആശംസാസന്ദേശം ഉൾപ്പുളകത്തോടെ വായിച്ച് നിർവൃതിയടയുന്ന സി.പി.എം സംസ്ഥാന കമ്മറ്റി അംഗവും മന്ത്രിയുമായ വി.എൻ. വാസവനും യാദൃച്ഛികതയല്ല.

പാർലമെൻ്റെറി ജനാധിപത്യത്തിൽ പ്രപഞ്ച- പ്രകൃതി നിയമങ്ങൾക്കനുസരിച്ച് വസ്തുനിഷ്ഠമായി അതാതു കാലത്ത് അഭിപ്രായം പറയും എന്ന് പാർട്ടിസെക്രട്ടറി സിദ്ധാന്തം പറയുമ്പോൾ പ്രകൃതിനിയമത്തിന് സംഘപരിവാർ പ്രത്യയശാസ്ത്രത്തിൽ എന്തൊക്കെയോ നാനാർത്ഥങ്ങളുണ്ട് എന്നാണ് മതേതര കേരളം മനസ്സിലാക്കുന്നത്. വോട്ടു ചെയ്യുന്ന ഈഴവർ വെള്ളാപ്പള്ളി നടേശൻ്റെ ബാങ്കിലില്ല എന്ന് അറിഞ്ഞിട്ടും എന്തിനാവും ഈ ചങ്ങാത്തം?

ഇപ്പോൾ എൻ.ഡി. എയിലുള്ള ബി.ഡി.ജെ.എസി നോട്, സ്വന്തം മകൻ തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടിയോട്, എൻ.ഡി.എ വിട്ടൂടേ എന്ന് അച്ഛൻ നടേശൻ ചോദിച്ചിട്ടുണ്ട്. എൻ.ഡി.എയിൽ അവഗണനയാണ് എന്ന് മകൻ തുഷാർ പറഞ്ഞിട്ടുമുണ്ട്. പക്ഷേ സി.പി.എമ്മിൻ്റെ രാഷ്ട്രീയ അനുഭവവും സ്ഥിതിവിവരക്കണക്കും വെച്ച് അതൊന്നും വോട്ടുബാങ്കിൽ എത്തില്ല. അപ്പോൾ ആർക്കുവേണ്ടിയാണ് വെള്ളാപ്പള്ളി പണിയെടുത്തു കൊണ്ടിരിക്കുന്നത്. സംഘപരിവാറിനു വേണ്ടി. സംഘപരിവാറിൻ്റെ ഹിന്ദുത്വ ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തെ, മുസ്ലീം വിരോധത്തെ, അധികാരത്തിലേക്കുള്ള മണ്ണൊരുക്കലിനെ സഹായിക്കാൻ കേരളത്തിൽ സാധിക്കുന്നയാളാണ് വെള്ളാപ്പള്ളി. അയാൾക്ക് സവർണതയുടെ സമുദായ ഭാരമില്ല. നവോത്ഥാന നായകനായ ശ്രീനാരായണ ഗുരുവിൻ്റെ പ്രതിമകളും ചിത്രങ്ങളും ബാക്ഗ്രൗണ്ടിൽ വെച്ച് ഗുരുവമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കാൻ പണ്ടേ ലൈസൻസ് കിട്ടിയിട്ടുമുണ്ട്.

സംഘപരിവാറിന് കേരളത്തിൽ കിട്ടാവുന്ന മികച്ച ചോയ്സാണ് വെള്ളാപ്പള്ളി നടേശൻ. സമുദായോദ്ധാരണമെന്ന പേരിൽ ഹിന്ദു വർഗ്ഗീയത പറഞ്ഞോളും നടേശൻ. ഗുരുസൂക്തങ്ങൾ അതിനിടയ്ക്ക് പാടുകയും ചെയ്തോളും. മുസ്ലീങ്ങൾക്കെതിരായി നിരന്തരം പ്രസ്താവനകൾ നടത്തിക്കോളും. സംഘപരിവാറാണ് അത് ചെയ്യുന്നതെങ്കിൽ കേരളത്തിലെ ഇടതുപക്ഷം അതിനെതിരെ നിൽക്കും. വെള്ളാപ്പള്ളിയാവുമ്പോൾ ആ പ്രശ്നവുമില്ല. മാത്രമല്ല, വെള്ളാപ്പള്ളി നടേശനെ പിണറായി വിജയനും പാർട്ടിയ്ക്കും വേണ്ടി ന്യായീകരിക്കാനും അതിനു സിദ്ധാന്തമുണ്ടാക്കാനും തയ്യാറാവുന്ന പാർട്ടി അണികളും കടന്നലുകളുമാണ് സംഘപരിവാറിൻ്റെ ആശ്വാസവും ആഹ്ളാദവും. ചാനൽ ചർച്ചകളിൽ സി.പി.എമ്മിൻ്റെയും സംഘപരിവാറിൻ്റെയും വക്താക്കൾക്ക് ഒരേ ശബ്ദമാവുന്നതും യാദച്ഛികമല്ല.

കേരളത്തിൻ്റെ മതേതര മണ്ണിലേക്ക് സംഘപരിവാർ ഇറക്കിവിട്ട ട്രോജൻ കുതിരയാണ് വെള്ളാപ്പളളി നടേശൻ. ആ കുതിരയ്ക്ക് ചുവന്ന പരവതാനി വിരിച്ച് ആദരിക്കുകയാണ് കേരളത്തിൻ്റെ മുഖ്യമന്ത്രിയും സി.പി.എം നേതാവുമായ പിണറായി വിജയൻ.

കാലം സാക്ഷി, ചരിത്രം സാക്ഷി.

Comments