കേരളത്തിന്റെ ജനസംഖ്യയിൽ ഗണ്യമായൊരു ഭാഗം ജനിച്ചുവീണത് ജനകീയാസൂത്രണപ്രക്രിയ നിർണ്ണായകമായ പങ്കു വഹിച്ച് രൂപപ്പെടുത്തിയ ഒരു സാമൂഹ്യ- രാഷ്ട്രീയ അന്തരീക്ഷത്തിലാണെന്ന് പറയാം. ഇന്ന് കാണുന്ന പഞ്ചായത്ത് ഭരണസംവിധാനങ്ങളൊന്നും ഇല്ലാത്ത ഒരു കാലത്തേക്കുറിച്ച് അവർക്ക് കാര്യമായി സങ്കൽപ്പിക്കാൻതന്നെ കഴിഞ്ഞെന്നു വരില്ല.
ഒഴുക്കിനെതിരായ ശക്തമായൊരു മുന്നേറ്റമായാണ് ജനകീയാസൂത്രണപ്രസ്ഥാനം കടന്നുവന്നത്. ‘തദ്ദേശീയ ഭരണസ്ഥാപനങ്ങൾക്ക് നൽകുന്ന അധികാരം പഴാകും’, ‘അവയ്ക്ക് ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയില്ല’, ‘സ്ത്രീകൾക്കും പട്ടികജാതി - പട്ടികവിഭാഗങ്ങൾക്കും ഭരണകാര്യങ്ങളിൽ പ്രാപ്തി ഉണ്ടാകില്ല’ എന്നിങ്ങനെയുള്ള പൊതുബോധത്തെ ഉലച്ചുകൊണ്ടാണ് അത് മുന്നോട്ടുപോയത്.
അപ്രാപ്യമായ ഇടങ്ങളിൽ നടക്കുന്ന ഒരു പ്രതിഭാസമാണ് ഭരണം എന്ന് കരുതിയിരുന്ന അടിത്തട്ടിലെ മനുഷ്യർക്ക് ആ പ്രക്രിയ എന്തെന്ന് അറിയാനും മനസ്സിലാക്കാനും ഇടപെടാനും ചലിപ്പിക്കാനും കഴിയുന്നിടത്തേക്കുള്ള യാത്ര വിഭാവന ചെയ്യപ്പെട്ടതുകൊണ്ടാണ് ഈ വികസനപദ്ധതി ‘ജനകീയാസൂത്രണപ്രസ്ഥാന’ മായി മാറിയത്. അതിന്റെ പെരുമ ലോകത്താകെ പരന്നു. സംസ്ഥാനത്തിന്റെ മുന്നോട്ടുപോക്കിന് ഏറെ സഹായിച്ചു. അത് രൂപപ്പെടുത്തിയ, അല്ലെങ്കിൽ ശാക്തീകരിച്ച ഔപചാരികവും അനൗപചാരികവുമായ ജനകീയ സംവിധാനങ്ങളും സ്ഥാപനങ്ങളും ദുരന്തവേളകളിൽ ജനങ്ങൾക്ക് വലിയ താങ്ങായി. ഓരോ വിഭാഗങ്ങളും വ്യക്തികളും വ്യത്യസ്ത കാഴ്ചപ്പാടുകളോടുകൂടിയാണ് സമീപിച്ചതെങ്കിലും ‘ വികസനത്തിനായി കക്ഷിരാഷ്ട്രീയഭേദമന്യേ ഒന്നിച്ചുനിൽക്കണം’ എന്ന മുദ്രാവാക്യത്തിന് പ്രചാരം ലഭിച്ചു. അഥവാ, അതിനൊപ്പം നിൽക്കാൻ പുറമേക്കെങ്കിലും രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിർബന്ധിതമാകുന്ന തരത്തിലേക്ക് ജനകീയപ്രസ്ഥാനമായി പുതിയ വികസനമുന്നേറ്റം മാറി.
മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോൾ മറ്റൊരു പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പ്രചാരണം അന്ത്യ ഘട്ടത്തിലേക്ക് കടക്കുകയാണ്. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നേട്ടകോട്ടങ്ങൾ ആഴത്തിൽ പൊതുസംവാദത്തിന് വിധേയമാകേണ്ട സമയം.

തൃതല പഞ്ചായത്തുകളുടെ ഭരണം ഏതെങ്കിലും മുന്നണി ഏകപക്ഷീയമായി നേടാറില്ല. നിയമസഭയിൽ പ്രതിപക്ഷത്തിരിക്കുന്നവർ ഗണ്യമായ എണ്ണം തൃതല പഞ്ചായത്തുകളിൽ ഭരണപക്ഷത്താണ്. സ്വാഭാവികമായും പ്രാദേശിക ഭരണസംവിധാനങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് ആരോഗ്യകരമായ ചർച്ച നടത്തുന്നതിന് എളുപ്പമാണ്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെയും നടന്നുവരുന്ന പൊതുസംവാദങ്ങളുടെയും ഉള്ളടക്കം അത്തരമൊരു ചർച്ചക്ക് വഴിതുറക്കുന്ന തരത്തിലല്ലെന്ന് കരുതേണ്ടിവരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി ബീഹാറിലെ ഗ്രാമങ്ങളിൽ സഞ്ചരിച്ച മലയാള പത്രപ്രവർത്തകർ എത്ര അവികസിതാവസ്ഥയിലാണ് അവിടുത്തെ ഗ്രാമീണരെന്ന് വിവരിക്കുകയുണ്ടായി. ആ നിലയൊക്കെ കേരളം ഏറെ മുമ്പുതന്നെ മറികടന്നിരുന്നു. കാൽ നൂറ്റാണ്ട് മുമ്പുതന്നെ കേരളത്തിലെ വീടുകളിൽ 90 ശതമാനത്തിന് മുകളിൽ കക്കൂസ് എത്തിയിരുന്നുവെങ്കിൽ, ഇപ്പോഴും ബീഹാറിലെ ഗ്രാമങ്ങളിൽ വെളിയിടങ്ങളെ ആശ്രയിക്കുന്നത് പതിവുകാഴ്ചയാണ്. വീട്, കുടിവെള്ളം, റോഡ് ശൃംഖല, വൈദ്യുതീകരണം, മാലിന്യസംസ്കരണം എന്നിവയിലുണ്ടായ ശ്രദ്ധേയമായ പുരോഗതി ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ മുഖ്യസവിശേഷതയാണ്.
ഇതൊക്കെ സംബന്ധിച്ച് ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതുമാണ്. എന്നാൽ, വിഭാവനം ചെയ്ത നിലയിലേക്ക് പ്രാദേശിക ഭരണസംവിധാനങ്ങൾ വളർന്നിട്ടുണ്ടോ? കേരളത്തിന്റെ ചരിത്രത്തിലെ നാഴികകല്ലായ മഹാപ്രസ്ഥാനം മുരടിപ്പിലേക്ക് വഴുതിവീണോ? ദൗർബല്യങ്ങളും വിടവുകളും എന്തൊക്കെ? എങ്ങനെ പരിഹരിക്കാം? തുടങ്ങിയ ചർച്ചയാണ് നടക്കേണ്ടത്.

‘ജനകീയത’യും ‘പ്രസ്ഥാന’വും
അപ്രത്യക്ഷമാകുന്നു
73, 74 ഭരണഘടനാഭേദഗതികൾ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമായിരുന്നു. എന്നാൽ, മറ്റിടങ്ങളിൽ മിക്കവാറും അത് പരമാവധി കേവല അധികാരവികേന്ദ്രീകരണമായി പരിമിതപ്പെട്ടപ്പോൾ, കേരളത്തിലാണ് ജനകീയാസൂത്രണപ്രസ്ഥാനമായി മാറിയത്. പ്രദേശിക വിഭവങ്ങളെയും മനുഷ്യവിഭവത്തെയും വിലയിരുത്തി ജനപങ്കാളിത്തത്തോടെ ആസൂത്രണം, പദ്ധതി തയ്യാറാക്കൽ, നിർവ്വഹണം എന്നിവക്കായി രൂപപ്പെടുത്തിയ ഗ്രാമസഭ, പ്രദേശിക ഭരണത്തിന്റെ ആസൂത്രണബോർഡായ കർമ്മസമിതികൾ, ആസൂത്രണസമിതി, വികസന സെമിനാർ എന്നിവയെല്ലാം ഫലത്തിൽ നിർജീവമായി. ‘പഞ്ചായത്തായാൽ ഒരു പദ്ധതി വേണമല്ലോ’ എന്ന ബാധ്യതയിൽ പദ്ധതി തയ്യാറാക്കൽ പലയിടങ്ങളിലും തട്ടിക്കൂട്ട് പരിപാടിയായി മാറി. പദ്ധതിയുടെ സോഷ്യൽ ഓഡിറ്റിങ് അജണ്ടയിൽ ഇല്ലാതായി. ജനകീയത ഇടിയുന്ന മുറക്ക് സുതാര്യത അപ്രത്യക്ഷമാകൻ തുടങ്ങി. ഇത് താല്പരകക്ഷികൾക്കും വ്യക്തികൾക്കും സഹായകമാകുകയും ഭരണത്തിന്റെ ഇടനാഴികളിൽ ജീർണ്ണത തിരികെയെത്താനും വഴിയൊരുക്കി. നിസ്വാർത്ഥരായ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പലപ്പോഴും ഇതിലൊക്കെ നിസ്സഹായകരായി. ജനകീയതയുടെ ഈ പിൻവാങ്ങൽ ഒരു ‘പ്രസ്ഥാനം ’ എന്ന നിലയിലുള്ള ജനകീയാസൂത്രണപരിപാടിയുടെ അസ്തിത്വത്തെ ഘടനപരമായിത്തന്നെ ദുർബലപ്പെടുത്തി.
സംസ്ഥാന ബഡ്ജറ്റിന്റെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നത് സ്വാഗതാർഹമാണ്. എന്നാൽ, ഇതിൽ ഗണ്യമായൊരു ഭാഗം പദ്ധതികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ രൂപപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നവയാണ്. അവയുടെ ആസൂത്രണത്തിൽ പ്രാദേശിക ഭരണസംവിധാനങ്ങൾക്കോ ജനങ്ങൾക്കോ പങ്കില്ല.
സ്വയംഭരണാവകാശവും
അധികാരവും ചോരുന്നു
പ്രാദേശിക ഭരണസംവിധാനങ്ങളുടെ അധികാരാവകാശങ്ങൾ നാൾക്കുനാൾ മെച്ചപ്പെടുത്തി, കാലക്രമേണ എല്ലാ അർത്ഥത്തിലും ശാക്തീകരിക്കപ്പെട്ട ലക്ഷണമൊത്ത ‘പ്രദേശിക ഭരണകൂട’ മായി മാറണമെന്നായിരുന്നു വിഭാവനം ചെയ്തിരുന്നത്. എന്നാൽ, ആദ്യകാലത്തെ മികച്ച ചുവടുവെയ്‌പിനുശേഷം പിന്നോട്ടടിയാണുണ്ടായത്. ധനവികേന്ദ്രീകരണം മാത്രമല്ല, അതിനു പൂരകമായി അധികാരങ്ങളും പ്രദേശിക ഭരണസംവിധാനങ്ങളിലേക്ക് എത്തണം.
സംസ്ഥാന ബഡ്ജറ്റിന്റെ 40 ശതമാനം തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറുന്നത് സ്വാഗതാർഹമാണ്. എന്നാൽ, ഇതിൽ ഗണ്യമായൊരു ഭാഗം പദ്ധതികൾ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ രൂപപ്പെടുത്തി തദ്ദേശസ്ഥാപനങ്ങൾ വഴി നടപ്പിലാക്കുന്നവയാണ്. അവയുടെ ആസൂത്രണത്തിൽ പ്രാദേശിക ഭരണസംവിധാനങ്ങൾക്കോ ജനങ്ങൾക്കോ പങ്കില്ല. നവലിബറൽകാലം അധികാര വികേന്ദ്രീകരണത്തിന്റേതു കൂടിയാണ്. ഫെഡറലിസത്തിന്റെ തകർച്ചയെയും ഭരണപരമായ അവകാശങ്ങളും സാമ്പത്തികവിഭവ സമാഹരണ ഉപാധികളും സംരക്ഷിച്ചുപോരുന്നതിൽ സംസ്ഥാന സർക്കാരുകൾ നേരിടുന്ന വെല്ലുവിളികളെയും ആ നിലയിൽ സമീപിക്കുന്നതാണ് ഫലപ്രദം.
അങ്ങനെ നോക്കുമ്പോൾ, തൃതല പഞ്ചായത്തുകളും ദുർബലപ്പെടുകയാണ്. അവയുടെ അധികാരാവകാശങ്ങൾ പലതും കേന്ദ്ര- സംസ്ഥാന സർക്കാരുകളിലേക്ക് മടങ്ങിപ്പോകുന്നുണ്ട്. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിലും വിനിയോഗങ്ങളിലും പഞ്ചായത്തുകൾക്ക് ലഭ്യമായിരുന്ന അധികാരവകാശങ്ങൾ പോലും ‘ഈസ് ഓഫ് ഡൂയിങ് ബിസിനസ്സി’ ന്റെയൊക്കെ പേരിൽ നഷ്ടപ്പെടുകയാണ്. മനുഷ്യർ നേരിടുന്ന മുഖ്യമായൊരു വെല്ലുവിളി പാരിസ്ഥിതികമായി മാറിയ ഒരു കാലത്താണ് ഈ പിന്നോട്ടുപോക്കെന്നത് ആശങ്കജനകമാണ്. വിവിധ വകുപ്പുകളിൽനിന്നും കാര്യാലയങ്ങളിൽനിന്നും തദ്ദേശസ്ഥാപനങ്ങളിലെത്തിച്ചേർന്ന അധികാരങ്ങൾക്ക് പൂരകമായി നടക്കേണ്ട ഉദ്യോഗസ്ഥവിന്യാസവും മറ്റ് സംവിധാനങ്ങളുടെ ലഭ്യതയും ഉറപ്പുവരുത്താൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

മുഖ്യലക്ഷ്യം ഇപ്പോഴും അകലെ
ജനകീയാസൂത്രണപ്രക്രിയ രൂപപ്പെട്ട സാഹചര്യം സുപ്രധാനമാണ്. ജീവിതഗുണതയിൽ മികച്ചുനിൽക്കുക, അതേസമയം സാമ്പത്തികവളർച്ചയിൽ പിന്നിലാകുക എന്ന കേരളത്തിന്റെ സവിശേഷമായ നില അഭിലഷണീയമല്ലെന്നും കാർഷിക- വ്യാവസായിക മേഖലകളിലെ മുരടിപ്പ് മറികടന്നില്ലെങ്കിൽ ജീവിതഗുണതയിലുണ്ടായ നേട്ടങ്ങൾ പോലും നിലനിർത്താൻ കഴിയുകയില്ലെന്നും 1970- കളിൽത്തന്നെ വിലയിരുത്തൽ വരുന്നുണ്ട്. സെന്റ്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ (CDS) ഇതു സംബന്ധിച്ച പഠനം പുറത്തുവരികയും അതിനെ ശാസ്ത്രസാഹിത്യ പരിഷത്തിനെപ്പോലുള്ള സംഘടനകളും ഇ.എം.എസിനെ പോലുള്ള രാഷ്ട്രീയനേതാക്കളും ഗൗരവത്തിലെടുക്കുകയും വിശാലമായ ഇടങ്ങളിലേക്ക് ആ ചർച്ച വ്യാപിക്കുകയും ചെയ്യുന്നുണ്ട്.
73, 74 ഭരണഘടനഭേദഗതികളെ ഉപയോഗപ്പെടുത്തി വലിയൊരു വികസനമുന്നേറ്റത്തിന് കളമൊരുങ്ങുന്നതിൽ ഈ ചർച്ചകളുടെ പരിണതി നിർണ്ണായകമായി. ജനകീയാസൂത്രണത്തിന്റെ മർമ്മവും അതുതന്നെയായിരുന്നു. ഇവിടെ ലഭ്യമായ വിഭവങ്ങളെയും അദ്ധ്വാനശേഷിയെയും ഉപയോഗപ്പെടുത്തി കാർഷിക- വ്യവസായിക മേഖലകളിൽ മുന്നേറുക, അത്തരമൊരു പ്രക്രിയയുടെ വിജയത്തിന് എല്ലാ അതിർവരമ്പുകൾക്കുമപ്പുറം ജനകീയ പങ്കാളിത്തം ഉണ്ടാകണം. സാമ്പത്തിക വളർച്ചനിരക്കിൽ മുന്നോട്ടുപോകാൻ കഴിഞ്ഞെങ്കിലും കാർഷിക- വ്യാവസായിക മേഖലകളിൽ മെച്ചപ്പെടാൻ കഴിഞ്ഞിട്ടില്ല. മുഖ്യമായും സേവന, നിർമ്മാണ മേഖലകളിലെ വളർച്ചയെയും പ്രവാസിപ്പണത്തെയും ആശ്രയിച്ചാണ് സാമ്പത്തികവളർച്ച കൈവരിച്ചത്. ഇതും ഒരു സൂസ്ഥിര മാതൃകയല്ല. ജനകീയാസൂത്രണപ്രസ്ഥാനം അതിന്റെ മുഖ്യലക്ഷ്യം കൈവരിക്കുന്നതിൽ വിജയിച്ചില്ലെന്നു സാരം.
ജനകീയാസൂത്രണകാലത്തെ സുപ്രധാനമായൊരു മുന്നേറ്റം സ്ത്രീശാക്തീകരണമായിരുന്നു. എന്നാൽ, ഒരു പരിധിക്കപ്പുറം വളരാൻ കഴിയുന്നില്ല. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും ഈ മുരടിപ്പ് പ്രകടമാണ്.
‘വികസനത്തിന് രാഷ്ട്രീയമില്ല!’
കക്ഷിരാഷ്ട്രീയ, ജാതി- മത വ്യത്യാസങ്ങൾക്കപ്പുറം വിശാലമായ വികസനമുന്നേറ്റമായി ജനകീയാസൂത്രണപ്രസ്ഥാനം മാറണമെന്ന കാഴ്ചപ്പാട് പിൽക്കാലത്ത് വഴുതിമാറിപ്പോയിട്ടുണ്ട്. വികസനത്തിന് കക്ഷിരാഷ്ട്രീയമില്ലെന്ന മുദ്രാവാക്യം കാലക്രമത്തിൽ വികസനത്തിന് രാഷ്ട്രീയമേ ഇല്ലെന്ന അവസ്ഥയിലേക്ക് നീങ്ങുന്നതിനിടയായി. പുതിയ കാലത്തെ ഒഴുക്കിനു ചേർന്ന വികസനപരിപ്രേക്ഷ്യത്തിലേക്ക് രാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികൾ നീങ്ങിത്തുടങ്ങി. വികസന മുൻഗണനകളിലെ അടിസ്ഥാനപരമായ വ്യത്യാസം നേർത്തുവരികയാണ്.
കേവലസൽഭരണ (good governance) ത്തിലുള്ള പ്രാവീണ്യം, സ്വഭാവമഹിമയിലുള്ള ഏറ്റക്കുറച്ചിലുകൾ, വികസന നായികാ- നായകന്മാരാകാനുള്ള മത്സരം എന്നിവയൊക്കെയായി ജനപ്രതിനിധികളുടെയും ഭരണാധികാരികളുടെയും രാഷ്ട്രീയം ചുരുങ്ങിപ്പോകുന്നു. അതേസമയം, രാഷ്ട്രീയ ഉള്ളടക്കത്തിലുണ്ടായ ഈ മുരടിപ്പ് സങ്കുചിതകക്ഷി രാഷ്ട്രീയത്തിന്റെ വളർച്ചക്കും സുതാര്യതയുടെ പിൻവാങ്ങലിനും വഴിയൊരുക്കുകയും അഴിമതിക്കും മറ്റ് ഭരണജീർണ്ണതകൾക്കും സഹായകമാകുകയും ചെയ്യുന്നു.
ജനകീയാസൂത്രണകാലത്തെ സുപ്രധാനമായൊരു മുന്നേറ്റം സ്ത്രീശാക്തീകരണമായിരുന്നു. എന്നാൽ, ഒരു പരിധിക്കപ്പുറം വളരാൻ കഴിയുന്നില്ല. കുടുംബശ്രീ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിലും ഈ മുരടിപ്പ് പ്രകടമാണ്. വിദ്യാഭ്യാസരംഗത്തെ സ്ത്രീകളുടെ പങ്കാളിത്തത്തിലെ ഉയർന്ന നിരക്ക് തുടരുമ്പോൾത്തന്നെ തൊഴിൽപങ്കാളിത്തത്തിൽ രാജ്യത്തുതന്നെ പിന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം.
ആരോഗ്യകരമായ സംവാദങ്ങൾ വിരളമായി മാറുന്ന കാലമാണിത്. ഗൗരവമേറിയ അക്കാദമിക ചർച്ചകളും കുറയുകയാണ്. കേരളത്തിന്റെ മുന്നോട്ടുപോക്കിന് മൂന്നു പതിറ്റാണ്ടുകൊണ്ട് ജനകീയാസൂത്രണപ്രസ്ഥാനം നൽകിയ സംഭാവനകളെ വസ്തുതാപരമായി വിശകലനം ചെയ്യാനും വിടവുകളെയും ദൗർബല്യങ്ങളെയും ചൂണ്ടിക്കാട്ടുവാനും തുടർവികാസം എങ്ങനെയെന്ന ഗൗരവമേറിയ ചിന്തകൾ പങ്കുവെക്കാനും തെരഞ്ഞെടുപ്പ് പ്രചാരണവും ചർച്ചകളും എത്രത്തോളം സഹായിക്കുമെന്ന ആശങ്കയുണ്ട്.

കലാലയ രാഷ്ട്രീയവും യൂണിയൻ പ്രവർത്തനവും അപ്രസക്തമാണെന്ന് കരുതുന്നവരുടെ എണ്ണം ഏറിവരാനും അവയെ നിരോധിക്കണമെന്ന ശക്തമായ വാദങ്ങൾ ഉയരാനും ഒരു പ്രധാന കാരണം, അവയുടെ രാഷ്ട്രീയ ഉള്ളടക്കചോർച്ചയാണ്. അധികാരം കൂടുതൽ കൂടുതൽ കേന്ദ്രീകരിക്കപ്പെടുന്ന ഒരു കാലത്ത്, സംസ്ഥാനങ്ങൾ പോലും ആവശ്യമില്ല, ഡൽഹിയിൽ ഒരു ചക്രവർത്തിയും രാജസദസ്സും മാത്രം മതിയെന്ന് കരുതുന്ന ഒരു കാലത്ത്, ഒഴുക്കിനൊപ്പം നീങ്ങിയും മെരുങ്ങിയും സമരസപ്പെട്ടും നിന്നുപിഴച്ചുപോകാം എന്ന ചിന്തയിലേക്ക് പ്രാദേശിക ഭരണസംവിധാനങ്ങൾ എത്തുന്നതും എത്തിക്കുന്നതും ആൽമഹത്യാപരമായിരിക്കും. ഗൗരവമേറിയ ചർച്ചക്ക് തെരഞ്ഞെടുപ്പ് പ്രചാരണവേദികൾ വഴിതുറക്കട്ടെ.
