2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുൻനിർത്തി പരിശോധിച്ചാൽ, മുൻകാല തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി ചില പ്രധാനപ്പെട്ട വസ്തുതകൾ കാണാൻ കഴിയും.
ഒന്ന്: അധികാരം പ്രത്യയശാസ്ത്രമായി മാറിയ തെരഞ്ഞെടുപ്പാണിത്. എല്ലാ പാർട്ടികളും അവരുടെ പ്രത്യയശാസ്ത്രപരവും ആശയപരവും നയപരവുമായ നിലപാടുകളെല്ലാം മാറ്റിവെച്ചാണ് ഇത്തവണ മത്സരിക്കുന്നത്.
ഇടതുമുന്നണിയെ സംബന്ധിച്ച്, എങ്ങനെയും അധികാരം നിലനിർത്തണം. ഐക്യമുന്നണിക്ക് ഏതു വിധേനയും അധികാരം പിടിച്ചെടുക്കണം. എൻ.ഡി.എയുടെ അധികാരസ്വപ്നം കുടികൊള്ളുന്നത് വിദൂരഭാവിയിലാണ്.
എല്ലാ യുദ്ധങ്ങളും ജയിക്കണമെന്ന് വാശിപിടിക്കുമ്പോൾ, യുദ്ധം എന്തിനാണെന്ന് മറന്നുപോകും എന്നു പറയും പോലെ, ഇവിടെ അധികാരം എന്തിനാണെന്ന് എല്ലാവരും മറക്കുന്നു.
അതായത്, അധികാരത്തിൽ കുറഞ്ഞ ഒന്നും മുന്നണികളെയും രാഷ്ട്രീയ പാർട്ടികളെയും തൃപ്തിപ്പെടുത്തുന്നില്ല എന്നുവന്നിരിക്കുന്നു. അധികാരം വിട്ടൊഴിയാൻ ഭയക്കുന്ന ഇടതു മുന്നണിക്കും അതിന്റെ നേതൃത്വത്തിനും ചുറ്റുമാണ് കേരള രാഷ്ട്രീയം ഇപ്പോൾ വട്ടം കറങ്ങുന്നത്. മുമ്പൊരിക്കലും അധികാരം വിട്ടൊഴിയാനുള്ള ഭയം ഇടതുമുന്നണിക്കോ സി.പി.എമ്മിനോ ഉണ്ടായിട്ടില്ല. നിലപാടുകൾക്കുവേണ്ടി അധികാരം വലിച്ചെറിഞ്ഞതാണ് അതിന്റെ പാരമ്പര്യം.

ഒരു പക്ഷെ, കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ അധികാരക്കൊതി ഇത്രയേറെ ബാധിച്ച മറ്റൊരു തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. മുമ്പും ഈ പ്രവണതയുണ്ടായിരുന്നുവെങ്കിലും അതിന് ഇത്ര രൂക്ഷതയുണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആശയപരമായ ചെറിയ വ്യത്യാസങ്ങളെങ്കിലും പാർട്ടികൾക്കിടയിൽ പ്രകടമായിരുന്നു. ഇത്തവണ അത്തരം വ്യത്യാസങ്ങളെല്ലാം ഇല്ലാതായിരിക്കുന്നു.
രണ്ട്: അധികാരത്തിലുള്ള ഒരു രാഷ്ട്രീയപാർട്ടിക്ക് - സി.പി.എമ്മിന് - മുമ്പ്, പ്രതിപക്ഷത്താവുന്നതിൽ വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. കാരണം, പ്രതിപക്ഷപ്രവർത്തനം എന്നത് രാഷ്ട്രീയപ്രവർത്തനമായി കരുതിയിരുന്ന കാലഘട്ടമായിരുന്നു അത്. എന്നാൽ ഇപ്പോൾ അത് മാറി. അവർ പ്രതിപക്ഷത്തിരിക്കുന്നതിനെ ഒരു രാഷ്ട്രീയപ്രവർത്തനമായിട്ടില്ല കാണുന്നത്. അധികാരമില്ലെങ്കിൽ പാർട്ടിയില്ല എന്നാണ് ഇപ്പോഴത്തെ ചിന്ത.
മൂന്ന്: കേരളത്തിൽ സി.പി.എമ്മും കോൺഗ്രസും ബി.ജെ.പിയും ഹൈബ്രിഡ് പാർട്ടികളായി മാറിയിരിക്കുന്നു. മൂന്നും കൂടിച്ചേരുന്നതാണ് എല്ലാ കക്ഷികളും; ‘മുക്കൂട്ട് കക്ഷികൾ’. ബി.ജെ.പിയും കോൺഗ്രസും കമ്യൂണിസ്റ്റും സമാസമം ചേർത്താൽ ഉണ്ടാകുന്ന ‘അത്ഭുത ജീവികൾ’.
ബി.ജെ.പിയിൽ, ബി.ജെ.പിക്കാരും കോൺഗ്രസുകാരും സി.പി.എംകാരുമുണ്ട്. സി.പി.എമ്മിലുമുണ്ട്, സി.പി.എംകാരും ബി.ജെ.പിക്കാരും കോൺഗ്രസുകാരും. കോൺഗ്രസിന്റെ കാര്യവും തഥൈവ.
എല്ലാ പാർട്ടികളും അവരുടെ പ്രത്യയശാസ്ത്രപരവും ആശയപരവും നയപരവുമായ നിലപാടുകളെല്ലാം മാറ്റിവെച്ചാണ് ഇത്തവണ മത്സരിക്കുന്നത്.
പ്രധാന നേതാക്കളുടെയും സിറ്റിങ് എം.എൽ.എമാരുടെയും പഴയ എം.എൽ.എമാരുടെയും ഇത്ര വ്യാപക കൂറുമാറ്റങ്ങൾ - പ്രത്യേകിച്ച് കമ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് - കേരള രാഷ്ട്രീയത്തിൽ ഇതാദ്യമായാണ്. ഇന്നിപ്പോൾ, സ്വന്തം പാർട്ടി വിട്ട് എതിർപക്ഷത്തേക്ക് പോകാൻ ആർക്കും യാതൊരു ബുദ്ധിമുട്ടില്ല, അവരെ സ്വീകരിക്കുന്നവർക്കും പ്രശ്‌നമില്ല. ഇത് പാർട്ടികളുടെ കേഡർ സ്വഭാവത്തെ തന്നെ മാറ്റിമറിക്കുകയാണ്. സി.പി.എം കേഡർ- കോൺഗ്രസ് കേഡർ- ബി.ജെ.പി കേഡർ എന്നീ പൊസിഷനുകളിൽ വലിയ മാറ്റം വരുന്നു, അതിലേക്ക് പുറത്തുനിന്നുള്ള ഘടകങ്ങൾ വന്നുചേർന്നിരിക്കുന്നു. അങ്ങനെ ഓരോ പാർട്ടിയും എല്ലാ പാർട്ടികളും ചേർന്ന ഒന്നായി മാറി, അവയുടെ വ്യക്തിത്വം നഷ്ടമായി. ആശയപരമായും ഈ സങ്കരത കാണാം, ഇടത്- വലത്- മധ്യ പക്ഷങ്ങൾ കൃത്യമായി തിരിച്ചറിയാനാകാത്ത അവസ്ഥ.

നാല്: 1957 മുതലുള്ള കേരള രാഷ്ട്രീയം 70 വർഷം പിന്നിട്ട്, 2026-ലെത്തിനിൽക്കുമ്പോൾ കാണുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്; ജാതി- മത ശക്തികൾക്കുമുന്നിൽ അടിയറവു പറഞ്ഞുനിൽക്കുന്ന രാഷ്ട്രീയസമൂഹത്തെയാണ്. രാഷ്ട്രീയപാർട്ടികൾ ജാതി- മത ശക്തികളുടെ മുന്നിൽ ഇത്ര കുമ്പിട്ടുനിന്ന സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല. ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ അത് ഏറ്റവും കൂടുതൽ കാണിച്ചിട്ടുള്ളത് കോൺഗ്രസും യു.ഡി.എഫുമായിരുന്നു. ഇപ്പോൾ, സി.പി.എമ്മിനും കുമ്പിടാൻ ഒരു മടിയുമില്ല. വെള്ളാപ്പള്ളി നടേശനായാലും ജി. സുകുമാരൻ നായരായാലും കാന്തപുരം അബൂബക്കർ മുസ്‌ലിയാരായാലും പള്ളികളായാലും ശരി, ഏതു വിഭാഗവുമായും എന്തുതരം കോംപ്രമൈസിനും അവർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതായിരിക്കുന്നു. വർഗീയശക്തികളെ പ്രീണിപ്പിക്കുന്നതിൽ ഒരു വ്യത്യാസവുമില്ലാതായിരിക്കുന്നു. കേരള രാഷ്ട്രീയം ഒരു വൈരുധ്യത്തിന്റെ നടുവിലാണ്, ജാതിമത ശക്തികളെ പ്രീണിപ്പിക്കുന്നതാണ് ഇപ്പോഴത്തെ ‘മതനിരപേക്ഷത’. ഇതിന് കേരളം വലിയ വില നൽകേണ്ടിവരും, കാരണം ഇത് ബി.ജെ.പിയുടെ വരവിനുള്ള വഴിയൊരുക്കലാണ്.
ബി.ജെ.പിക്ക് നിർണായക സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ, പാർട്ടി നിശ്ശബ്ദമാകുകയോ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്യാം. മുമ്പ്, കോൺഗ്രസിന് അനുകൂലമായി ചെയ്ത വോട്ടുകളാണിവ. ഈ വോട്ട് ഇടതുപക്ഷത്തേക്കും ഷിഫ്റ്റ് ചെയ്യാം.
ഇക്കാര്യത്തിൽ, കമ്യൂണിസ്റ്റ് പാർട്ടികളെ എടുത്തുപറയാൻ കാരണം, മതനിരപേക്ഷ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ ഏറ്റവം പ്രധാന പങ്ക് വഹിച്ചത് ഈ പാർട്ടികളായതുകൊണ്ടാണ്. അത്തരത്തിലൊരു ക്ലെയിം കോൺഗ്രസിന് വെക്കാനുമില്ല. അങ്ങനെയുള്ള ഇടതുപക്ഷമാണ് ഇപ്പോൾ അധികാരത്തിനുവേണ്ടി ആരുമായും ചങ്ങാത്തത്തിൽ ഏർപ്പെടാം എന്ന സാഹചര്യത്തിലെത്തിനിൽക്കുന്നത്. ഇത് കേരള രാഷ്ട്രീയത്തിലെ യു- ടേൺ ആണ്.
അഞ്ച്: ഏതു മുന്നണി ജയിച്ചാലും ചിലർക്ക് രാഷ്ട്രീയ വനവാസമായിരിക്കും ഫലം. ഇക്കാര്യം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രഖ്യാപിച്ചുകഴിഞ്ഞു, യു.ഡി.എഫ് നല്ല ഭൂരിപക്ഷത്തിന് അധികാരത്തിലെത്തിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന്. അതായത്, ഇത്തവണ ജയിച്ചില്ലെങ്കിൽ യു.ഡി.എഫ് ശിഥിലീകരിക്കപ്പെടും എന്ന് സതീശൻ തന്നെ സമ്മതിച്ചിരിക്കുന്നു.
ദേശീയതലത്തിൽ കോൺഗ്രസ് അഭിമുഖീകരിക്കുന്ന തകർച്ചയുടെ അവസാനഘട്ടം കൂടിയാകും കേരളത്തിലെ യു.ഡി.എഫ് പരാജയം എന്ന് പറയേണ്ടിവരും. കാരണം, കേരളത്തെപ്പോലെ 50 ശതമാനത്തോളം ന്യൂനപക്ഷങ്ങളുള്ള സംസ്ഥാനത്ത് കോൺഗ്രസ് തുടർച്ചയായ മൂന്നാമത്തെ വട്ടവും തോൽക്കുന്നു എന്നു പറയുമ്പോൾ, പിന്നെ പാർട്ടിയ്ക്ക് നിലനിൽക്കാനുള്ള അവസരം തീർത്തും ഇല്ലാതാകും. ദേശീയതലത്തിൽ സംഘ്പരിവാറിനെ എതിർത്തുനിൽക്കുന്ന ശക്തി കോൺഗ്രസ് തന്നെയാണ്, ആ എതിർപ്പ് ഇല്ലാതാകും. ബി.ജെ.പിയുടെ അപ്രമാദിത്വത്തിന് കേരളത്തിൽ യു.ഡി.എഫിന്റെ തോൽവി ഇങ്ങനെയാണ് ഒരു ഘടകമായിത്തീരുക.

സി.പി.എമ്മാണ് പരാജയപ്പെടുന്നത് എങ്കിൽ, അതും കനത്ത തോൽവിയാണെങ്കിൽ, അത് പിണറായി വിജയന്റെ അപ്രമാദിത്വത്തിന്റെ അന്ത്യം കുറിക്കും. മാത്രമല്ല, പാർട്ടിനേതൃത്വത്തെ ചോദ്യം ചെയ്യുന്ന വിധത്തിലുള്ള ശബ്ദങ്ങൾ പാർട്ടിക്കുള്ളിൽനിന്ന് ഉയർന്നുവരാൻ തുടങ്ങും.
മറുവശത്ത്, രണ്ടോ മൂന്നോ സീറ്റെങ്കിലും നേടാനും വോട്ട് ശതമാനം വർധിപ്പിക്കാനും ബി.ജെ.പിക്ക് കഴിയുന്നില്ല എങ്കിൽ, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടും.
അതായത്, ആര് ജയിച്ചാലും, ചിലരുടെ രാഷ്ട്രീയ വനവാസത്തിന് അതിടയാക്കും. അതായത്, കേരള രാഷ്ട്രീയത്തിൽ വലിയൊരു കടഞ്ഞെടുക്കൽ പ്രക്രിയയ്ക്ക്- രാഷ്ട്രീയ മഥനം- Political Churning- കാരണമാകുന്ന റിസൾട്ടാണ് വരാൻ പോകുന്നത്.
മുമ്പത്തെപോലെ കമ്യൂണിസ്റ്റ് വിരോധം ആർ.എസ്.എസിനോ ബി.ജെ.പിക്കോ ഇപ്പോൾ ഇല്ല. മാത്രമല്ല, പഴയ കമ്യൂണിസ്റ്റ് വിരോധം ഇപ്പോൾ കോൺഗ്രസ് വിരോധമായി മാറിയിട്ടുമുണ്ട്. ഇതിനെ കമ്യൂണിസ്റ്റ് പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള 'ഡീൽ' ആയല്ല, രണ്ടു പാർട്ടികളുടെയും തന്ത്രമായിട്ടാണ് കാണേണ്ടത്.
മുഖ്യശത്രുവാകുന്ന
കോൺഗ്രസും
പരോക്ഷ ഡീലും
കേരളത്തിൽ കോൺഗ്രസ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും മുഖ്യശത്രുവാകുന്ന സ്ഥിതി നിർണായകമാണ്. ചില മണ്ഡലങ്ങളിൽ സി.പി.എം- ബി.ജെ.പി 'ഡീൽ' എന്ന ആരോപണം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചിട്ടുണ്ട്. ആ തലത്തിലല്ല എങ്കിലും കേരളത്തിൽ സി.പി.എമ്മിനെയും ബി.ജെ.പിയെയും സംബന്ധിച്ച് മുഖ്യശത്രു കോൺഗ്രസാണ്. അധികാരത്തിൽ തുടരാൻ ഇടതുപക്ഷത്തിന് കോൺഗ്രസിനെ നേരിട്ടേ മതിയാകൂ. അതുകൊണ്ട്, സ്വാഭാവികമായും അവർക്ക് കോൺഗ്രസിനെ തോൽപ്പിക്കേണ്ടിവരും. അതിന് ഇടതുപക്ഷത്തെ കുറ്റം പറയാനാകില്ലെങ്കിലും ഈ നിലപാട്, പരോക്ഷമായി, ബി.ജെ.പിയുടെ 'കോൺഗ്രസ് മുക്ത ഭാരതം' എന്ന ആശയത്തിനാണ് വളംവെക്കുന്നത്.
ബി.ജെ.പിയെ സംബന്ധിച്ച് എതിരാളികൾ കോൺഗ്രസും സി.പി.എമ്മുമാണെങ്കിലും, അവരുടെയും പ്രധാന ടാർഗറ്റ് കോൺഗ്രസാണ്. ഇത്തവണയും കേരളത്തിൽ അധികാരത്തിനു പുറത്തുനിൽക്കേണ്ടിവന്നാൽ, കോൺഗ്രസും യു.ഡി.എഫും നാമാവശേഷമാകും. മുസ്‌ലിംലീഗ് അടക്കമുള്ള പാർട്ടികൾ മുന്നണി വിട്ടുപോകുന്ന ഒരു പൊളിറ്റിക്കൽ റീ അലൈൻമെന്റുണ്ടാകാനും സാധ്യതയുണ്ട്. അങ്ങനെ സൃഷ്ടിക്കപ്പെടുന്ന Power Vaccum നികത്താൻ തങ്ങളല്ലാതെ മറ്റൊരുമില്ലെന്ന് ബി.ജെ.പി കരുതുന്നു. അതുകൊണ്ടുതന്നെ ബി.ജെ.പിക്ക് സി.പി.എമ്മിനേക്കാൾ തോൽപ്പിക്കേണ്ടത് കോൺഗ്രസിനെയാണ്.

ഇക്കാര്യം എങ്ങനെയാണ് ഇലക്ഷനിൽ വർക്കൗട്ട് ചെയ്യുക എന്നത് പ്രധാന പ്രശ്‌നമാണ്. ബോധപൂർവമായ ഒരു വോട്ട് ഷിഫ്റ്റ് ഉണ്ടാകുമോ എന്നത് ന്യായമായും സംശയിക്കാവുന്ന കാര്യമാണ്. ബി.ജെ.പിക്ക് നിർണായക സ്വാധീനമില്ലാത്ത മണ്ഡലങ്ങളിൽ, പാർട്ടി നിശ്ശബ്ദമാകുകയോ വോട്ട് ചെയ്യാതിരിക്കുകയോ ചെയ്യാം. മുമ്പ്, കോൺഗ്രസിന് അനുകൂലമായി ചെയ്ത വോട്ടുകളാണിവ. ഈ വോട്ട് ഇടതുപക്ഷത്തേക്കും ഷിഫ്റ്റ് ചെയ്യാം.
ശ്രദ്ധിക്കേണ്ട ഒരു കാര്യം, മുമ്പത്തെപോലെ കമ്യൂണിസ്റ്റ് വിരോധം ആർ.എസ്.എസിനോ ബി.ജെ.പിക്കോ ഇപ്പോൾ ഇല്ല എന്നതാണ്. മാത്രമല്ല, പഴയ കമ്യൂണിസ്റ്റ് വിരോധം ഇപ്പോൾ കോൺഗ്രസ് വിരോധമായി മാറിയിട്ടുമുണ്ട്. ഇതിനെ കമ്യൂണിസ്റ്റ് പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള 'ഡീൽ' ആയല്ല ഞാൻ കാണുന്നത്, മറിച്ച്, രണ്ടു പാർട്ടികളുടെയും തന്ത്രമായിട്ടാണ് (strategy).
ഡീലും സ്ട്രാറ്റജിയും രണ്ടും രണ്ടാണ്. കോൺഗ്രസിനെ തകർക്കുക എന്നത് ബി.ജെ.പിയുടെ തന്ത്രമാണ്. കോൺഗ്രസിന്റെ ഒരു സീറ്റെങ്കിലും കുറയ്ക്കുക എന്നത് സി.പി.എമ്മിന്റെയും തന്ത്രമാണ്. ആത്യന്തികമായി രണ്ടു പാർട്ടികളുടെയും ഈ സ്ട്രാറ്റജിയുടെ ഫലം, കോൺഗ്രസിനെ ഇല്ലാതാക്കുന്നു എന്നതാണ്.
മലബാർ മേഖലയിലെ മണ്ഡലങ്ങളിൽ ഒരു ഷിഫ്റ്റിനുള്ള സാധ്യത കാണുന്നുണ്ട്. അതിന് പ്രധാന കാരണം, സി.പി.എമ്മിലെയും സി.പി.ഐയിലെയും അസാധാരണമായ ആഭ്യന്തരപ്രശ്‌നങ്ങളാണ്.
ബി.ജെ.പിയുടെ
‘സ്‌പോയ്‌ലർ ഇഫക്റ്റ്’
ഇലക്ഷനെ സ്വാധീനിക്കാനിടയുള്ള മറ്റൊരു ഘടകം, ബി.ജെ.പിയുടെ ‘സ്‌പോയ്‌ലർ ഇഫക്റ്റ്’ ആണ്. പല മണ്ഡലങ്ങളിലും ബി.ജെ.പി പിടിക്കുന്ന വോട്ടുകൾ ആരെയാണ് ബാധിക്കുക എന്നത് ത്രികോണമത്സരത്തിന്റെ സാധ്യത അനുസരിച്ചിരിക്കും. ന്യൂനപക്ഷമേഖലകളിൽ ബി.ജെ.പി വോട്ടുപിടിച്ചാൽ അത് കമ്യൂണിസ്റ്റ് പാർട്ടിയെ ബാധിക്കും. മറിച്ച്, ഭൂരിപക്ഷവിഭാഗത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളാണെങ്കിൽ, ബി.ജെ.പി.വോട്ട് കോൺഗ്രസിനെയും ഇടതുപക്ഷത്തെയും ഒരുപോലെ ബാധിക്കാം. കോൺഗ്രസിന്റെ സവർണവോട്ടുകളിൽ ഒരു ഭാഗം നഷ്ടമായിക്കഴിഞ്ഞു. സി.പി.എമ്മിന്റെ ഒ.ബി.സി- ദലിത് വോട്ടിൽ വളരെ ചെറിയ ഭാഗം മാത്രമേ ബി.ജെ.പിയിലേക്ക് പോയിട്ടുള്ളൂ. എന്നാൽ, സി.പി.എമ്മിൽ അവശേഷിക്കുന്ന ഈ വോട്ടുകളിൽ ഒരു ഭാഗം ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലേക്ക് പോയിക്കൂടായ്കയില്ല. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും സംഭവിച്ച കാര്യമാണിത്. അതുകൊണ്ട്, മണ്ഡല അടിസ്ഥാനത്തിലാകും ബി.ജെ.പി സമാഹരിക്കുന്ന വോട്ടുകളുടെ സ്‌പോയ്‌ലർ ഇഫക്റ്റ്.

മലബാറിലെ
ഷിഫ്റ്റ് സാധ്യത
മലബാർ മേഖലയിലെ മണ്ഡലങ്ങളിൽ ഒരു ഷിഫ്റ്റിനുള്ള സാധ്യത കാണുന്നുണ്ട്. അതിന് പ്രധാന കാരണം, സി.പി.എമ്മിലെയും സി.പി.ഐയിലെയും അസാധാരണമായ ആഭ്യന്തരപ്രശ്‌നങ്ങളാണ്. പാലക്കാട്ടും കണ്ണൂരിലും തൃശൂരിലെ നാട്ടികയിലുമെല്ലാം പ്രധാന നേതാക്കളും സിറ്റിങ് എം.എൽ.എയും പാർട്ടിയെ വിമർശിക്കുക മാത്രമല്ല, പാർട്ടി വിട്ട് പോകുകയുമാണ്. സി.പി.എമ്മിലെ Pent-up frustration പുറത്തുവരാൻ തുടങ്ങി എന്നാണ് ഇതെല്ലാം കാണിക്കുന്നത്. അറുപതോളം വർഷം പാർട്ടിയിൽ പ്രവർത്തിച്ച, അഴിമതിയാരോപണങ്ങളില്ലാത്ത നേതാക്കൾ പാർട്ടി വിടുമ്പോൾ, പ്രത്യക്ഷത്തിൽ കാണാനാകാത്ത അടിയൊഴുക്കുകളുണ്ട് എന്നുതന്നെയാണർഥം. ഇതിനോടൊപ്പം, ഭരണവിരുദ്ധവികാരം കൂടിയാകുമ്പോൾ മലബാർ മേഖലയിൽ എൽ.ഡി.എഫ് 2021-ൽ ജയിച്ച സീറ്റുകൾ നിലനിർത്തുക അസാധ്യമാകും.
ഈ മേഖലയിലെ മുസ്‌ലിം ഫാക്ടറും എൽ.ഡി.എഫിന് പ്രതികൂലമാകാനിടയുണ്ട്. മുസ്‌ലിം വിഭാഗത്തിനെതിരായി നടത്തിയ ചില പരാമർശങ്ങളും ചില സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചതുമെല്ലാം മുസ്‌ലിം ജനവിഭാഗത്തെ അകറ്റിയ ഘടകങ്ങളാണ്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിക്ക് കിട്ടിയതുപോലുള്ള ക്രിസ്ത്യൻ വോട്ട്, ഇത്തവണ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് കിട്ടാനുള്ള സാധ്യത കാണുന്നില്ല.
മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും പൊതുവായി സ്വാധീനിക്കുന്ന മറ്റൊരു ഘടകമുണ്ട്. യു.ഡി.എഫ് തോറ്റാൽ, അഖിലേന്ത്യാതലത്തിൽ സെക്യുലർ ശക്തികളുടെ തകർച്ചയ്ക്ക് വഴിവെക്കുകയും സംഘ്പരിവാർ ശക്തിപ്പെടാൻ വഴിയൊരുക്കുകയും ബി.ജെ.പിക്കെതിരായ പ്രതിപക്ഷപോരാട്ടം ദുർബലപ്പെടുകയും ചെയ്യുമെന്ന ഭീഷണി, ഈ വിഭാഗങ്ങളുടെ ഇലക്ഷൻ ബിഹേവിയറിനെ കാതലായി സ്വാധീനിക്കും.
കേരളത്തിൽ ചില ക്രിസ്ത്യൻ വിഭാഗങ്ങളെ ബി.ജെ.പിക്ക് കൂടെനിർത്താനായിട്ടുണ്ട് എന്നതല്ലാതെ, ക്രിസ്ത്യൻ വിഭാഗമൊന്നാകെ ബി.ജെ.പിയിലേക്ക് പോയി എന്നു പറയാനാകില്ല. മാത്രമല്ല, ഈ ബി.ജെ.പി അനുകൂല നിലപാട് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടുണ്ടായതാണ്. പുരോഹിതവർഗം നേരിടുന്ന ചില പ്രശ്‌നങ്ങൾ ബി.ജെ.പി ചൂഷണം ചെയ്യാൻ ശ്രമിക്കുകയും മറ്റും ചെയ്തതുകൊണ്ടുണ്ടായ മാറ്റമാണത്. താൽക്കാലിക പ്രതിഭാസത്തിനപ്പുറം അതിനെ ഒരു മനംമാറ്റമായി കാണാനാവില്ല. അതുകൊണ്ടുതന്നെ അത്തരം വോട്ടിംഗിന് തുടർച്ചയോ സ്ഥിരതയോ ഉണ്ടാകാനിടയില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ഗോപിക്ക് കിട്ടിയതുപോലുള്ള ക്രിസ്ത്യൻ വോട്ട്, ഇത്തവണ ഏതെങ്കിലും നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് കിട്ടാനുള്ള സാധ്യത ഞാൻ കാണുന്നില്ല. മാത്രമല്ല, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി അധികാരത്തിൽ വരും എന്നുറപ്പുള്ള സാഹചര്യത്തിലാണ് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വിഭാഗം ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടുള്ളത്, അതാകട്ടെ, സംസ്ഥാനവ്യാപകമായി വന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അത്തരമൊരു സാഹചര്യമില്ല എന്ന വസ്തുത അവശേഷിക്കുന്നു.

നേമം, പാലക്കാട്:
ചില സൂചനകൾ
ഭൂരിപക്ഷ- ന്യൂനപക്ഷ ഏകീകരണം എങ്ങനെയാണ് സംഭവിക്കുക എന്നതിന് നേമം, പാലക്കാട് മണ്ഡലങ്ങളെ ഒരു സൂചനയായി എടുക്കാം.
നേമം:
എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ ജയസാധ്യത തള്ളിക്കളയാനാകില്ല. സി.പി.എം സ്ഥാനാർഥി വി. ശിവൻകുട്ടിക്ക് മുമ്പത്തെ പോലെ വോട്ട് കിട്ടുമോ എന്നും സംശയമുണ്ട്. നേമം ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണ്. കഴിഞ്ഞതവണ ന്യൂനപക്ഷവോട്ട് സി.പി.എമ്മിനാണ് കിട്ടിയത്. ഇത്തവണ അത് ആർക്ക് ലഭിക്കുമെന്ന് തീരുമാനിക്കുന്നത്, യു.ഡി.എഫ് സ്ഥാനാർഥി കെ.എസ്. ശബരീനാഥും ശിവൻകുട്ടിയും തമ്മിലുള്ള മത്സരത്തിൽ ആര് മേൽകൈ നേടുമെന്നതിനെ ആശ്രയിച്ചിരിക്കും. ഒന്നും രണ്ടും സ്ഥാനങ്ങളിൽ ആര് വരുമെന്നതിനനുസരിച്ച്, അത്, ശിവൻകുട്ടിക്കോ ശബരീനാഥിനോ അനുകൂലമാകും. രണ്ടാമത് വരുന്ന ആൾക്ക് അനുകൂലമായി ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണം ഉണ്ടായാൽ മാത്രമേ രാജീവ് ചന്ദ്രശേഖറിന് അത് ഭീഷണിയായി മാറൂ.
പാലക്കാട്:
ന്യൂനപക്ഷ ഏകീകരണം യു.ഡി.എഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് അനുകൂലമായി സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി എൻ.എം.ആർ. റസാഖിന് ന്യൂനപക്ഷവോട്ട് സമാഹരിക്കാനാകുമെന്ന് കരുതുന്നില്ല. പാലക്കാട്ട് രണ്ടാം സ്ഥാനത്ത് വരുന്നത് ബി.ജെ.പിയാണ്, മൂന്നാമതാണ് സി.പി.എം. ഹിന്ദു വോട്ട് ശോഭ സുരേന്ദ്രന് കിട്ടുമെന്ന് വന്നുകഴിഞ്ഞാൽ, രണ്ടാമത് വരുന്ന കോൺഗ്രസിന് ന്യൂനപക്ഷവോട്ട് കിട്ടാനുള്ള സാധ്യത നിലനിൽക്കുന്നു. ശോഭ സുരേന്ദ്രനോ രമേഷ് പിഷാരടിക്കോ ആണ് പാലക്കാട്ട് വിജയസാധ്യത.

ഉണ്ട്,
ഭരണവിരുദ്ധവികാരം
ഇലക്ഷനെ സ്വാധീനിക്കാൻ പോകുന്ന മറ്റൊരു പ്രധാന ഘടകം ഭരണവിരുദ്ധവികാരമാണ്. അടിസ്ഥാനസൗകര്യവികസനം, വൈദ്യുതി പോലുള്ള ചില മേഖലകൾ എന്നിവയിൽ എൽ.ഡി.എഫ് സർക്കാറിന് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായിട്ടുണ്ട്. എന്നാൽ, ഈ നേട്ടങ്ങളെ നിഷ്പ്രഭമാക്കുംവിധം, ആഭ്യന്തരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ പരാജയവുമാണ്. ശബരിമലയിലെ സ്ത്രീപ്രവേശനക്കാര്യത്തിലുള്ള നിലപാട് മാറ്റം, ശബരിമലയിലെ സ്വർണക്കൊള്ള പോലുള്ള പ്രശ്‌നങ്ങൾ വേറെയും.
മറ്റൊന്ന്, അഴിമതി ആരോപണങ്ങളാണ്. മുമ്പ് ഒരു ഇടതുപക്ഷ സർക്കാറിനെതിരെയും ഇത്രത്തോളം അഴിമതി ആരോപണങ്ങളുണ്ടായിട്ടില്ല.
സാധാരണക്കാർ അഭിമുഖീകരിക്കുന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും മറ്റൊരു പ്രശ്‌നമാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാറിനുമാത്രമായി ചെയ്യാവുന്ന കാര്യങ്ങൾക്ക് പരിമിതിയുണ്ട് എന്നതും കേന്ദ്രം കേരളത്തോട് ശക്തമായ വിവേചനം കാണിക്കുന്നുണ്ട് എന്നതും ശരിയാണെങ്കിലും, ജനം പ്രാഥമികമായി ഇതിനെ വിലയിരുത്തുക, സംസ്ഥാന സർക്കാറിന്റെ പിടിപ്പുകേടായിട്ടാണ്.
കേരളത്തിൽ ഇടതുപക്ഷ ബദൽ കൊണ്ടുവരാനായി എന്ന എൽ.ഡി.എഫ് സർക്കാറിന്റെ അവകാശവാദം നിലനിൽക്കുന്നതല്ല. ഇടതുപക്ഷനയങ്ങൾ വലതുപക്ഷത്തേക്ക് ചായുകയാണ് യഥാർഥത്തിൽ സംഭവിച്ചത്.
വിദ്യാഭ്യാസമേഖലയിലെ പ്രശ്‌നങ്ങൾ മറ്റൊരു ഉദാഹരണമാണ്. സർവകലാശാലകളിൽ വൈസ് ചാൻസലർമാരില്ലാതായിട്ട് എത്രയോ വർഷങ്ങളായിരിക്കുന്നു. ഗവൺമെന്റ് കോളേജുകളിൽ പ്രിൻസിപ്പൽമാരില്ലാതെ എത്രയോ വർഷങ്ങൾ കഴിഞ്ഞുപോയി. ഈയടുത്താണ് പ്രിൻസിപ്പൽ നിയമനം നടന്നത്. പി.എം ശ്രീ മാത്രമല്ല, നാലു വർഷ ബിരുദം അടക്കമുള്ള കാര്യങ്ങളിൽ കേന്ദ്ര വിദ്യാഭ്യാസനയം അതേപടി നടപ്പാക്കുകയാണ് ഇടതു സർക്കാർ ചെയ്തത്. ഇതിന്റെ പ്രത്യാഘാതം അടുത്ത പത്തു വർഷത്തിനുള്ളിലാണ് അറിയാനാകുക. ഇതിലും എത്രയോ പരിതാപകരമാണ് ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ. പല മേഖലകളിലും പറ്റുമായിരുന്ന കാര്യങ്ങൾ ചെയ്യാതെ പോയതിന്റെ കൂടി ഫലമാണ് ഭരണവിരുദ്ധവികാരം.
കേരളത്തിൽ ഇടതുപക്ഷ ബദൽ കൊണ്ടുവരാനായി എന്ന എൽ.ഡി.എഫ് സർക്കാറിന്റെ അവകാശവാദം നിലനിൽക്കുന്നതല്ല. ഇടതുപക്ഷനയങ്ങൾ വലതുപക്ഷത്തേക്ക് ചായുകയാണ് യഥാർഥത്തിൽ സംഭവിച്ചത്. ആഗോളീകരണം, വിദേശവായ്പകൾ, വിദ്യാഭ്യാസ- സാമ്പത്തിക നയങ്ങൾ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇടതുപക്ഷ നയം കൈയൊഴിഞ്ഞ്, 1991-ലെ കോൺഗ്രസ് സർക്കാർ മുതൽ ഇപ്പോഴത്തെ ബി.ജെ.പി സർക്കാർ വരെയുള്ളവ തുടരുന്ന നയങ്ങളിലേക്ക് ചായുന്ന ഇടതുപക്ഷത്തെയാണ് കേരളത്തിൽ കാണാനായത്. ഇടതുപക്ഷനയം എന്ന ലേബലിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കാൻ ശ്രമിച്ചത് വലതുപക്ഷ നയങ്ങളായിരുന്നു എന്നതിൽ സംശയമില്ല. ഇത് കേരളത്തിന്റെ മാത്രം സവിശേഷതയല്ല, ലോകമെങ്ങും രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഇതേ പാതയിലൂടെയാണ് നീങ്ങുന്നത്. അതുകൊണ്ടുതന്നെ എൽ.ഡി.എഫ് സർക്കാർ അവകാശപ്പെടുന്ന ഇടതുപക്ഷ ബദൽ എന്നത് സത്യവിരുദ്ധമാണ്, അത് വലതുപക്ഷ നയങ്ങൾ തന്നെയാണ്. ഒരിടതുപക്ഷ ഭാവന കൊണ്ടുവരുന്നതിൽ എൽ.ഡി.എഫ് പരാജയപ്പെട്ടു എന്ന അർഥം കൂടി ഇതിനുണ്ട്.

നാറാണത്തു ഭ്രാന്തന്റെ കല്ലുരുട്ടലു പോലെയാണ് മലയാളികളുടെ തെരഞ്ഞെടുപ്പുകളോടുള്ള പൊതു സമീപനം. അവർ ഗവൺമെന്റുകളെ സംശയത്തോടെ വീക്ഷിക്കുന്നു. അരാജകവാദികളുടെ സന്ദേഹം. അവർ മുന്നണികളെ അധികാരത്തിലേറ്റുന്നു, ഇറക്കുന്നു. അവർ ഈ പതിവ് സ്വഭാവത്തിലേക്ക് മടങ്ങിയാൽ, അത് ഇടതുപക്ഷത്തിന് തിരിച്ചടിയാവും.
പ്രതിപക്ഷത്തിന്റെ റോൾ എന്തായിരുന്നുവെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. പ്രതിപക്ഷം ചില കാര്യങ്ങൾ ചെയ്തിട്ടുണ്ട്, ചെയ്യാൻ കഴിയുമായിരുന്ന പല കാര്യങ്ങളും ചെയ്തിട്ടുമില്ല. സർക്കാറിനെതിരെ ശക്തമായ സമരങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല എന്നതാണ് ഏറ്റവും പ്രധാനം. 1996- 2001 കാലത്ത്, എ.കെ. ആന്റണി പ്രതിപക്ഷനേതാവായിരുന്ന കാലം മുതൽ, യു.ഡി.എഫ് പ്രതിപക്ഷമാകുമ്പോഴെല്ലാം സംഭവിക്കുന്നതാണിത്. അതിനുകാരണം, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് കേഡറില്ല എന്നതാണ്.
നിയമസഭയിലെ വാദപ്രതിവാദങ്ങളിൽ സജീവമായി പങ്കെടുക്കാനും പല വിഷയങ്ങളും പൊതുജനമധ്യത്തിൽ കൊണ്ടുവരാനും പ്രതിപക്ഷത്തിനായിട്ടുണ്ടെങ്കിലും വി.എസ്. അച്യുതാനന്ദനെപ്പോലൊരു പ്രതിപക്ഷനേതാവിനെ സൃഷ്ടിക്കാൻ യു.ഡി.എഫിനായിട്ടില്ല.
വി.എസ്. അച്യുതാനന്ദനെപ്പോലൊരു പ്രതിപക്ഷനേതൃത്വവും പ്രതിപക്ഷപ്രവർത്തനവും കോൺഗ്രസിൽനിന്നുണ്ടായില്ല എന്നതായിരുന്നു, യു.ഡി.എഫിന്റെ ഏറ്റവും വലിയ പോരായ്മ.
വി.എസ്. പ്രതിപക്ഷനേതാവായിരുന്നപ്പോൾ, സി.പി.എം ഇടപെടുന്നതിലും അപ്പുറം അച്യുതാനന്ദൻ എന്ന വ്യക്തിക്ക് ഇടപെടാനായി. സ്വന്തം പാർട്ടി ഒപ്പമില്ലെങ്കിൽ പോലും പ്രതിപക്ഷനേതാവിന് എന്തെല്ലാം ചെയ്യാൻ കഴിയും എന്ന് കാണിച്ചുകൊടുത്ത കാലഘട്ടമായിരുന്നു വി.എസിൻേറത്. വി.എസ് ഒരേസമയം സോക്രട്ടീസും കമ്യൂണിസ്റ്റുമായിരുന്നു, ‘സോക്രട്ടിക്- കമ്യൂണിസ്റ്റ്’. സോക്രട്ടീസിന്റേതുപോലുള്ള നിലപാടുകളിലെ തെളിമയും ദൃഢതയും, കമ്യൂണിസ്റ്റുകാരുടെ പോരാട്ടവീര്യവും. നിയമസഭാ ഡിബേറ്റുകളിൽ ഒരുപക്ഷെ, വി.ഡി. സതീശനെപ്പോലെ മുന്നിട്ടുനിന്നില്ലായിരിക്കാം, വി.എസ്. എന്നാൽ, വി.എസ് ജനങ്ങളിലേക്കിറങ്ങി, അവരുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തു, ഒരു ഒറ്റയാന് കഴിയുന്നിടത്തോളം. പ്രസ്ഥാനം കൂടെയില്ലാത്തൊരു മനുഷ്യന് ചെയ്യാവുന്ന കാര്യത്തിന് പരിമിതികളുണ്ടല്ലോ.
2001-2006, 2011- 2016 കാലത്ത്, വി.എസ് പ്രതിപക്ഷനേതാവായിരുന്നതിനുശേഷം നടന്ന രണ്ട് ഇലക്ഷനുകളിലും എൽ.ഡി.എഫാണ് ജയിച്ചത്.
അക്കാലത്ത് ഭരിച്ചിരുന്ന സർക്കാറുകൾക്കെതിരായ ഭരണവിരുദ്ധവികാരം യാഥാർഥ്യമായിരുന്നുവെങ്കിലും, ഭരണമാറ്റത്തിനുള്ള ഒരു ഘടകം, വി.എസിന്റെ പ്രതിപക്ഷനേതൃത്വം തന്നെയായിരുന്നു. അത്തരമൊരു പ്രതിപക്ഷപ്രവർത്തനം കോൺഗ്രസിൽനിന്നുണ്ടായില്ല എന്നതായിരുന്നു, അവരുടെ ഏറ്റവും വലിയ പോരായ്മ.

വോട്ട് ആർക്ക്?
ഏറെ നിർണായകമായ ഈ തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്തമുള്ള വോട്ടർക്ക് ചെയ്യാനുള്ള ഏറ്റവും പ്രധാന കാര്യം, ബി.ജെ.പി സ്ഥാനാർഥിക്ക് വോട്ട് ചെയ്യാതിരിക്കുക എന്നതാണ്. പിന്നെ ആർക്ക് വോട്ട് ചെയ്യണം എന്നത് അവരുടെ തീരുമാനമാണ്. യു.ഡി.എഫോ എൽ.ഡി.എഫോ, ആര് അധികാരത്തിൽ വന്നാലും ഭൂരിപക്ഷ ടെയ്ക്- ഓവർ എന്ന ബി.ജെ.പി ഭീഷണി ഒഴിവാക്കാനാകും, തൽക്കാലത്തേക്കെങ്കിലും.
കേരളത്തിനുമുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി, എല്ലാതരം വർഗീയതകളെയും, പ്രത്യേകിച്ച്, ഭൂരിപക്ഷ വർഗീയതയെ തോൽപ്പിക്കുക എന്നതാണ്. ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയെപ്പോലെ ഒരു ഇലക്ടറൽ ടെയ്ക്ക് ഓവറിലേക്ക് വളർന്നിട്ടില്ല. ഭൂരിപക്ഷ വർഗീയതയാകട്ടെ, അധികാരത്തിന്റെ പടിവാതിൽക്കലുമാണ്. അതുകൊണ്ടുതന്നെ, എല്ലാതരം വർഗീയതയെയും ചെറുക്കുന്ന, അതിൽ തന്നെ ഭൂരിപക്ഷ വർഗീയതയെ പരാജയപ്പെടുത്താനുതകുന്ന വിധത്തിൽ വോട്ട് ചെയ്യുക എന്നതാണ് പ്രധാനം.
