പോളിങ് ശതമാനം
കൂടിയാൽ / കുറഞ്ഞാൽ
ഏത് മുന്നണി
ജയിക്കും / തോൽക്കും?

നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, ഏറ്റവും കൂടുതൽ പോളിങുണ്ടായ 1960-ൽ കോൺഗ്രസ് മുന്നണിയും 1987-ൽ എൽ.ഡി.എഫുമാണ് ജയിച്ചത്. 75 ശതമാനത്തിലേറെ പോളിംഗുണ്ടായ ഒമ്പതിൽ നാലു തവണ കോൺഗ്രസ് മുന്നണിയും നാലു തവണ കമ്യൂണിസ്റ്റ് പാർട്ടി മുന്നണിയുമാണ് ജയിച്ചത്. പോളിങ് ശതമാനത്തിന് വിജയവുമായി ബന്ധമുണ്ടോ? ഇതുവരെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഡാറ്റ എന്താണ് സൂചിപ്പിക്കുന്നത്?.

News Desk

രോ നിയമസഭാ തെരഞ്ഞെടുപ്പിലെയും വോട്ടിങ് ശതമാനത്തിന് അതാതുകാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് ചർച്ച നടക്കാറുണ്ട്. പോളിങ് ശതമാനം കൂടുന്നതും കുറയുന്നതും ചില മുന്നണികൾക്ക് നേട്ടവും തിരിച്ചടിയുമുണ്ടാക്കും എന്ന പൊതുധാരണ പ്രബലമാണെങ്കിലും അതിന് സ്റ്റാറ്റിസ്റ്റിക്കലോ രാഷ്ട്രീയമോ ആയ സാധൂകരണമില്ലെന്നു കാണാം. പോളിങ് 80 ശതമാനത്തിൽ കൂടിയാൽ ഒരു മുന്നണിയ്ക്ക് നേട്ടം, മറ്റൊരു മുന്നണിയ്ക്ക് കോട്ടം, കൂടിയ പോളിങ് ഭരണവിരുദ്ധവികാരത്തിന്റെ സൂചന തുടങ്ങിയ വിശകലനങ്ങൾ അത്ര യുക്തിഭദ്രമല്ല എന്നാണ് ഇതുവരെ നടന്ന തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 2.75 കോടി വോട്ടർമാരിൽ 75.39 ശതമാനമാണ് വോട്ട് ചെയ്തത്. സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മുന്നണിയ്ക്ക് തുടർഭരണം നൽകിയ ഇലക്ഷനായിരുന്നു അത്.

ഏറ്റവും കുറവ് പോളിങുണ്ടായ 1957, 1980, 1996, 2006 തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും എൽ.ഡി.എഫിനുമായിരുന്നു ജയം എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും ഉയർന്ന പോളിങ് 1960-ൽ

1957 മുതലുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളിൽ, ഏറ്റവും കൂടുതൽ പോളിങ് 1960-ലായിരുന്നു; 85.72%. അന്ന്, കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും ചേർന്ന് രൂപീകരിച്ച കമ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തിനായിരുന്നു ഭൂരിപക്ഷം.

80 ശതമാനത്തിൽ കൂടുതൽ പിന്നീട് ഒരു വർഷം മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, 1987- ൽ 80.54. അന്ന് എൽ.ഡി.എഫിനായിരുന്നു ജയം.

ഏറ്റവും കുറഞ്ഞ ശതമാനം 1957-ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിലായിരുന്നു; 65.49.

75-80 ശതമാനമാണ് ​നിയമസഭാ തെരഞ്ഞെടുപ്പ് പോളിങിന്റെ ശരാശരി. ഒരു വട്ടം മാത്രമാണ് ശതമാനം 70-ൽ കുറഞ്ഞിട്ടുള്ളൂ, 1957-ൽ.

1960-ലെ ഏറ്റവും ഉയർന്ന പോളിങിന് ചില രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നു. 1957-ലേതിനേക്കാൾ 20 ശതമാനത്തോളം പോളിങ് വർദ്ധനവാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായത്. 1957-ലെ ഇ.എം.എസ് സർക്കാറിനെ അട്ടിമറിച്ചശേഷം നടന്ന രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പ്, കമ്യൂണിസ്റ്റ് വിരുദ്ധ മുന്നണിയുടെ രംഗപ്രവേശനത്തിന് കളമൊരുക്കി. കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും മുസ്ലീം ലീഗും 125 മണ്ഡലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ സഖ്യമുണ്ടാക്കി മത്സരിച്ചു. ഈ തെരഞ്ഞെടുപ്പോടുകൂടിയാണ് മുന്നണി രാഷ്ട്രീയത്തിന് വിത്തു പാകിയതതെന്നു പറയാം. സി.പി.എം, കോൺഗ്രസ് എന്നീ പ്രധാന പാർട്ടികൾക്കുപുറമേ, മുസ്ലിം ലീഗ്, കേരള കോൺഗ്രസ്, സി പി ഐ, ജനതാദൾ തുടങ്ങിയ പാർട്ടികൾ അവരുടെ സ്വാധീനമേഖലകളിൽ വിജയം നേടി. ഇത്, പോളിങ് ശതമാനം വർധിപ്പിച്ചതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

പിന്നീടും മാറിമറിയുന്ന മുന്നണി സമവാക്യങ്ങളും ഘടകക്ഷികളിലുണ്ടാകുന്ന ചേരിതിരിവുകളുമെല്ലാം ഇലക്ഷനെ ചടുലമാക്കുകയും പോളിങിലേക്ക് കൂടുതൽ വോട്ടർമാരെ ആകർഷിക്കുകയും ചെയ്ത ഘടകങ്ങളിലൊന്നാണ്.

രണ്ടാം നിയമസഭയിലെ പട്ടം താണുപിള്ള മന്ത്രിസഭ.
രണ്ടാം നിയമസഭയിലെ പട്ടം താണുപിള്ള മന്ത്രിസഭ.

ഉയർന്ന പോളിങും
വിജയവും തമ്മിൽ?

പോളിങ് ശതമാനവും വിജയവും തമ്മിൽ നേരിട്ടുള്ള ബന്ധമില്ലെന്നാണ് 1957 മുതലുള്ള ഡാറ്റ കാണിക്കുന്നത്. എന്നാൽ, ഏറ്റവും കുറവ് പോളിങുണ്ടായ 1957 (65.49%), 1980 (72.23%), 1996 (71.16%), 2006 (72.38%) തെരഞ്ഞെടുപ്പുകളിൽ കമ്യൂണിസ്റ്റ് പാർട്ടിക്കും എൽ.ഡി.എഫിനുമായിരുന്നു ജയം എന്നത് ശ്രദ്ധേയമാണ്.

ഏറ്റവും കൂടുതൽ പോളിങുണ്ടായ 1960-ൽ കോൺഗ്രസ് മുന്നണിയും 1987-ൽ എൽ.ഡി.എഫുമാണ് ജയിച്ചത്.

75 ശതമാനത്തിലേറെ പോളിംഗുണ്ടായത് ഒമ്പതു തവണയാണ്. ഇതിൽ, നാലു തവണയാണ് കോൺഗ്രസ് മുന്നണി അധികാരത്തിലെത്തിയത്, ഇതിൽ, 1970-ൽ കോൺഗ്രസ്- സി.പി.ഐ മുന്നണിയാണ് ജയിച്ചത്.
നാലു തവണ കമ്യൂണിസ്റ്റ് പാർട്ടി മുന്നണി ജയിച്ചു. ഒരു തവണ, 1965-ൽ, ആർക്കും ഭൂരിപക്ഷമുണ്ടായിരുന്നില്ലെങ്കിലും സി.പി.എം ആയിരുന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി. 75.12 ശതമാനം പോളിംഗുണ്ടായ 2011-ൽ യു.ഡി.എഫിനായിരുന്നു ജയമെങ്കിലും നേരിയ മുൻതൂക്കമാണുണ്ടായിരുന്നത്; 72- 68.

ഏറ്റവും കൂടുതൽ പോളിങുണ്ടായ 1960-ൽ കോൺഗ്രസ് മുന്നണിയും 1987-ൽ എൽ.ഡി.എഫുമാണ് ജയിച്ചത്.

2026: എസ്.ഐ.ആറിൽ സംഭവിച്ചത്

എസ്.ഐ.ആറിനുശേഷമുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് നാളെ നിയമസഭാ വോട്ടെടുപ്പ് എന്നത് ഒരു സവിശേഷതയാണ്. 2.69 കോടി വോട്ടർമാരാണ് ഇത്തവണ പട്ടികയിലുള്ളത്. മരിച്ചവർ, ഇരട്ട വോട്ടുള്ളവർ, സ്ഥിരതാമസം മാറിയവർ, വിദേശ പൗരത്വം നേടിയവർ, എസ്.ഐ.ആറിൽ പ​ങ്കെടുക്കാൻ താൽപര്യമില്ലാത്തവർ എന്നിവരെയാണ് ഒഴിവാക്കിയത് എന്നാണ് ഇലക്ഷൻ കമീഷൻ വിശദീകരണം. ഇത് അതേപടി അംഗീകരിച്ചാൽ, വോട്ടർ പട്ടിക ഇത്തവണ ഏറെ കൃത്യമാണ് എന്ന് സമ്മതിക്കാം. എന്നാൽ, വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ, കേരള നിയമസഭ തന്നെ പ്രമേയം പാസാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ സംഭവിച്ചതുപോലുള്ള ആസൂത്രിതമായ ഒഴിവാക്കലുകളും കൂട്ടിച്ചേർക്കലുകളും നടക്കുമെന്ന ആശങ്ക, അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷവും ഉയർന്നിരുന്നു.

ഏതാണ്ട് 9 ലക്ഷം വോട്ടർമാരാണ് പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്, അതായത്, ഒരു അസംബ്ലി മണ്ഡലത്തിൽ ശരാശരി 6400 പേർ നീക്കം ചെയ്യപ്പെട്ടു. പക്ഷേ,തിരുവനന്തപുരം ജില്ലയിൽ മാത്രം 3.2 ലക്ഷം പേർ വോട്ടർ പട്ടികയ്ക്കു പുറത്തായി. വട്ടിയൂർക്കാവ്, തിരുവനന്തപുരം, നേമം, കഴക്കൂട്ടം എന്നിവിടങ്ങളിലായി ആകെ നീക്കം ചെയ്യപ്പെട്ടത് 1.6 ലക്ഷം വോട്ടുകളാണ്. ഇവരിൽ പകുതിയോളം പേരെ ന്യൂമറേഷൻ പ്രക്രിയയിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലത്രെ. തൃശ്ശൂർ ജില്ലയിലെ തൃശൂർ, ഒല്ലൂർ അസംബ്ലി മണ്ഡലങ്ങളിലും 25000 പേരോളം വോട്ടർ പട്ടികക്ക് പുറത്തായി. ഇത്തരം അസ്വഭാവികതകൾ മറ്റു ചില മണ്ഡലങ്ങളിലെയും വോട്ടർ പട്ടികയിലുണ്ട്.

എസ്.ഐ.ആറിനുശേഷമുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് നാളെ നിയമസഭാ വോട്ടെടുപ്പ് എന്നത് ഒരു സവിശേഷതയാണ്. 2.69 കോടി വോട്ടർമാരാണ് ഇത്തവണ പട്ടികയിലുള്ളത്.
എസ്.ഐ.ആറിനുശേഷമുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലാണ് നാളെ നിയമസഭാ വോട്ടെടുപ്പ് എന്നത് ഒരു സവിശേഷതയാണ്. 2.69 കോടി വോട്ടർമാരാണ് ഇത്തവണ പട്ടികയിലുള്ളത്.

ആദ്യ വോട്ട് ചെയ്യുന്നത് 4.66 ലക്ഷം

ഇത്തവണ 890 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. 2021-ൽ 957 സ്ഥാനാര്‍ഥികളാണുണ്ടായിരുന്നത്. 2.69 കോടി വോട്ടർമാരിൽ 4,66,408 പേർ ആദ്യമായി വോട്ട് ചെയ്യുന്നവരാണ്. 40- നും 50-നും ഇടയ്ക്ക് പ്രായമുള്ളവരാണ് കൂടുതൽ. 100 മുതൽ 109 വയസുവരെയുള്ള 1,501 വോട്ടർമാരും, 110 വയസ്സിനു മുകളിൽ പ്രായമുള്ള 54 പേരും പട്ടികയിലുണ്ട്.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ; 36,32,210. സ്ത്രീ വോട്ടർമാരേക്കാൾ പുരുഷ വോട്ടർമാരുള്ള ഏക ജില്ലയും മലപ്പുറമാണ്. ട്രാൻസ്ജെൻഡർ വോട്ടർമാർ കൂടുതലുള്ളത് തിരുവനന്തപുരത്താണ്.

‘കേരള’ത്തിനുമുമ്പ്…

സംസ്ഥാന രൂപീകരണത്തിനുമുമ്പ് 1952- ൽ നടന്ന തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പിൽ പോളിങ് 67.23 ശതമാനമായിരുന്നു. 50.54 ലക്ഷത്തോളം വോട്ടർമാരിൽ 33.98 ലക്ഷത്തോളം പേരാണ് അന്ന് വോട്ട് ​ചെയ്തത്. 97 നിയമസഭാ മണ്ഡലങ്ങളാണുണ്ടായിരുന്നത്. 108 അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. 97 മണ്ഡലങ്ങളിൽ 11 എണ്ണം രണ്ടംഗ മണ്ഡലങ്ങളും 86 എണ്ണം ഏകാംഗ മണ്ഡലങ്ങളുമായിരുന്നു. തിരു-കൊച്ചി സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 44 സീറ്റുകളിൽ വിജയിച്ചെങ്കിലും കേവല ഭൂരിപക്ഷം ലഭിക്കാത്തതുകൊണ്ട് എ നേശമണി നയിക്കുന്ന ട്രാവൻകൂർ തമിഴ്‌നാട് നാഷണൽ കോൺഗ്രസ്സിന്റെ (ടി ടി എൻ സി) പിന്തുണ സർക്കാർ രൂപീകരണത്തിനായി സ്വീകരിക്കേണ്ടിവന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വിജയിച്ച കോൺഗ്രസ് നേതാവ് എ.ജെ.ജോണാണ് തിരു-കൊച്ചി മുഖ്യമന്ത്രിയായത്.

ഇത്തവണ ഭരണവിരുദ്ധവികാരമുണ്ടെന്ന കാമ്പയിന് യു.ഡി.എഫും വികസനത്തുടർച്ചയുണ്ടാകുമെന്ന കാമ്പയിന് എൽ.ഡി.എഫും ഊന്നൽ നൽകി. സാമുദായികവും പ്രാദേശികവുമായ അടിയൊഴുക്കുകളും ഇത്തവണ ശക്തമാണ്. ഇതെല്ലാം പോളിങ് ശതമാനത്തിൽ വർധനയുണ്ടാക്കുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നു.

1952-ലെ ഒന്നാം പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് കമ്യൂണിസ്റ്റ് പാർട്ടി നിയമവിധേയമാക്കപ്പെട്ടതും നേതാക്കളെ വിട്ടയച്ചതും. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പല നേതാക്കളും സ്വതന്ത്രരായിട്ടാണ് മത്സരിച്ചത്.

ടി ടി എൻ സി പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ട എ.ജെ. ജോൺ മന്ത്രിസഭ 1953 സെപ്റ്റംബർ 23-ന് രാജിവെച്ചു. അതിനെത്തുടർന്ന് 1954- ൽ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നു. കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തിൽ 19 അംഗങ്ങളുള്ള പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയെ പിന്തുണക്കാൻ കോൺഗ്രസ് തീരുമാനിച്ചു. ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കുന്നതിനെ തടയാനാണ്, പട്ടം താണുപിള്ളയെ നേതാവാക്കി കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കാൻ കോൺഗ്രസ് നീക്കം നടത്തിയത്.

തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോൺ
തിരു- കൊച്ചി മുഖ്യമന്ത്രിയായിരുന്ന എ.ജെ. ജോൺ

1952 മെയിലായിരുന്നു മദ്രാസ് നിയമസഭാ തെരഞ്ഞെടുപ്പ്. 243 ഏകാംഗ മണ്ഡലങ്ങളിൽ നിന്നും 66 ഇരട്ട അംഗ മണ്ഡലങ്ങളിൽ നിന്നുമായി 375 അംഗങ്ങളെയാണ് മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുത്തത്. ഒരു പാർട്ടിക്കും കേവല ഭൂരിപക്ഷം ലഭിച്ചില്ല. 152 സീറ്റു നേടി കോൺഗ്രസ് ഏറ്റവും വലിയ പാർട്ടിയായി. സി പി ഐ 62 സീറ്റും ജെ.ബി. കൃപലാനിയുടെ നേതൃത്വത്തിലുള്ള കിസാൻ മസ്ദൂർ പ്രജാ പാർട്ടി 35 സീറ്റും നേടി. കോൺഗ്രസിലെ മുതിർന്ന നേതാവ് സി. രാജഗോപാലാചാരിയെ (രാജാജി) നിയമസഭയിലേക്ക് നോമിനേറ്റഡ് അംഗമായി നാമനിർദ്ദേശം ചെയ്യുകയും വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ അദ്ദേഹം മദ്രാസ് സംസ്ഥാനത്തെ മുഖ്യമന്ത്രിയാവുകയും ചെയ്തു. കോൺഗ്രസിലെ ഭിന്നതയെതുടർന്ന് മുഖ്യമന്ത്രിസ്ഥാനം രാജാജി രാജിവെച്ചതിനെതുടർന്ന് കെ. കാമരാജ് 1954 മാർച്ച് 31-ന് മദ്രാസ് മുഖ്യമന്ത്രിയായി.

1957-ൽ പോളിങ് 65.49%:
ജയം കമ്യൂണിസ്റ്റ് പാർട്ടിയ്ക്ക്

സംസ്ഥാന രൂപീകരണത്തിനുശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ് 1957 ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് നടന്നത്. 126 അംഗ സഭയിലേക്ക് 114 മണ്ഡലങ്ങളാണുണ്ടായിരുന്നത്. 102 ഏകാംഗ മണ്ഡലങ്ങളും 12 ഇരട്ടാംഗ മണ്ഡലങ്ങളും. ജനവിധി തേടിയത് 406 സ്ഥാനാർത്ഥികൾ. 89 ലക്ഷത്തോളം വോട്ടർമാരിൽ 65.49 ശതമാനം പേർ വോട്ടു ചെയ്തു.

കമ്യൂണിസ്റ്റ് പാർട്ടി 60 സീറ്റിലും കോൺഗ്രസ് 43 സീറ്റിലും പ്രജാ സോഷ്യലിസ്റ്റ് പാർട്ടി (പി എസ് പി) 9 സീറ്റിലും ജയിച്ചു, 14 മണ്ഡലങ്ങളിൽ സ്വതന്ത്രരും.

അഞ്ചു സ്വതന്ത്രരുടെ പിന്തുണയോടെ കേവലഭൂരിപക്ഷം നേടിയ കമ്യൂണിസ്റ്റ് പാർട്ടി ഇ.എം.എസിന്റെ നേതൃത്വത്തിൽ 1957 ഏപ്രിൽ 5-ന് അധികാരത്തിലേറി. കോൺഗ്രസിലെ പി.ടി. ചാക്കോയായിരുന്നു ആദ്യ പ്രതിപക്ഷ നേതാവ്. ആർ. ശങ്കരനാരായണൻ തമ്പി ആദ്യ സ്പീക്കറും.

പോളിങ് 80 ശതമാനത്തിൽ കൂടിയാൽ ഒരു മുന്നണിയ്ക്ക് നേട്ടം, മറ്റൊരു മുന്നണിയ്ക്ക് കോട്ടം, കൂടിയ പോളിങ് ഭരണവിരുദ്ധവികാരത്തിന്റെ സൂചന തുടങ്ങിയ വിശകലനങ്ങൾ അത്ര യുക്തിഭദ്രമല്ല എന്നാണ് ഇതുവരെ നടന്ന തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന.

1960-ൽ ​പോളിങ് 85.72%:
ജയം കോൺഗ്രസ് സഖ്യത്തിന്

1960 ഫെബ്രുവരിയിൽ നടന്ന രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിൽ പോളിങ് 85.72 ശതമാനമായിരുന്നു. 96 ലക്ഷത്തോളം വോട്ടർമാരാണുണ്ടായിരുന്നത്. 102 ഏകാംഗ മണ്ഡലങ്ങളും 12 ഇരട്ടാംഗ മണ്ഡലങ്ങളും.

കോൺഗ്രസും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയും മുസ്ലീം ലീഗും 125 മണ്ഡലങ്ങളിലും സഖ്യമുണ്ടാക്കിയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ മത്സരിച്ചത്. കോൺഗ്രസിനും പ്രജാ സോഷ്യലിസ്റ്റ് പാർട്ടിക്കും കൂടി കേവല ഭൂരിപക്ഷം ലഭിച്ചതിനെത്തുടർന്ന് പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലെ പട്ടം താണുപിള്ള മുഖ്യമന്ത്രിയായും കോൺഗ്രസിലെ ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായുമുള്ള മന്ത്രിസഭ 1960 ഫെബ്രുവരി 22-ന് അധികാരമേറ്റു.

1965-ൽ 75.12%:
സി.പി.എം വലിയ ഒറ്റക്കക്ഷി

1965 മാർച്ചിൽ നടന്ന മൂന്നാം നിയമസഭാ തെരഞ്ഞെടുപ്പിൽ 85.57 ലക്ഷം വോട്ടർമാരാണുണ്ടായിരുന്നത്. 75.12 ശതമാനമായിരുന്നു പോളിങ്.

മണ്ഡല അതിർത്തികൾ പുനർനിശ്ചയിക്കാൻ രണ്ടാം ഡീലിമിറ്റേഷൻ കമ്മീഷൻ 1962-ലാണ് കേന്ദ്രസർക്കാർ രൂപീകരിച്ചത്. കമ്മീഷൻ ശുപാർശ പ്രകാരം മണ്ഡല അതിർത്തി 1963-ൽ പുതുക്കി നിശ്ചയിച്ചു. ‘ദ്വയാംഗ മണ്ഡല'മെന്ന രീതി നിർത്തലാക്കാനും മണ്ഡലങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചു. അതിനെ തുടർന്ന് നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികളിലും എണ്ണത്തിലും മാറ്റമുണ്ടായി. 1965- മുതൽ കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 133 ആയി.

40 സീറ്റുമായി സി പി എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. സി പി ഐക്ക് മൂന്നു സീറ്റാണ് ലഭിച്ചത്. 36 സീറ്റുകളുമായി കോൺഗ്രസ് രണ്ടാമതെത്തി. കേരള കോൺഗ്രസ് 23 സീറ്റുകളിലും വിജയിച്ചു. മുസ്ലിം ലീഗ് 6 മണ്ഡലങ്ങളിലും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി 13 മണ്ഡലങ്ങളിലുമാണ് വിജയിച്ചത്. ആർക്കും മന്ത്രിസഭ രൂപീകരിക്കാൻ കഴിയാത്തതിനാൽ ഈ തെരഞ്ഞെടുപ്പ് അസാധുവായി, 1965 മാർച്ച് 25-ന് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി.

1967-ൽ 75.16%:
സി.പി.എം മുന്നണിയ്ക്ക് ജയം

രാഷ്ട്രപതി ഭരണകാലത്തായിരുന്നു 1967-ലെ നാലാം നിയമസഭാ തെരഞ്ഞെടുപ്പ്. 86.13 ലക്ഷത്തോളം വോട്ടർമാരിൽ 75.16 ശതമാനം വോട്ട് ചെയ്തു.

സി പി ഐ, എസ് എസ് പി, മുസ്ലിം ലീഗ്, ആർ എസ് പി, കർഷക തൊഴിലാളി പാർട്ടി, കേരള സോഷ്യലിസ്റ്റ് പാർട്ടി എന്നീ പാർട്ടികളടങ്ങിയ 'സപ്തകക്ഷി മുന്നണി' രൂപീകരിച്ചാണ് സി പി എം നേതൃത്വത്തിൽ മത്സരിച്ചത്‌. കോൺഗ്രസും കേരള കോൺഗ്രസും വെവ്വേറെയും മത്സരിച്ചു. സീറ്റു നിലയിൽ മുസ്ലിം ലീഗും സി പി ഐയും നേട്ടമുണ്ടാക്കി.

സി പി എം-52, സി പി ഐ-19, എസ് എസ് പി-19, മുസ്ലിം ലീഗ്-14 എന്നിങ്ങനെയായിരുന്നു കക്ഷിനില.

133 സീറ്റിലും മത്സരിച്ച കോൺഗ്രസ്സിന് ഒൻപത് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. കേരള നിയമസഭാ ചരിത്രത്തിലെ കോൺഗ്രസിന്റെ ഏറ്റവും വലിയ തോൽവി.

സപ്തകക്ഷി മുന്നണി ഇ.എം.എസിന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിച്ചു.

1967-ൽ നിലവിൽ വന്ന സപ്തകക്ഷിമുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഇ.എ.എസ്. മന്ത്രിസഭ.
1967-ൽ നിലവിൽ വന്ന സപ്തകക്ഷിമുന്നണിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഇ.എ.എസ്. മന്ത്രിസഭ.

1970-ൽ 75.07%:
കോൺഗ്രസ്- സി.പി.ഐ
മുന്നണിയ്ക്ക് ജയം

1970 സെപ്റ്റംബർ 17-ന് നടന്ന നാലാം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം ഒരു കോടിയോളമായി. പോളിങ് 75.07%.

സി പി ഐ, മുസ്ലിം ലീഗ്, പി എസ് പി, ആർ എസ് പി പാർട്ടികളടങ്ങിയ മുന്നണിക്ക് കോൺഗ്രസ് പിന്തുണ നൽകി. സി പി എം നേതൃത്വത്തിൽ ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി (ഐ എസ് പി) , സോഷ്യലിസ്റ്റ് പാർട്ടി, കേരള സോഷ്യലിസ്റ്റ് പാർട്ടി (കെ എസ് പി), കർഷക തൊഴിലാളി പാർട്ടി (കെ ടി പി) എന്നീ ചെറു പാർട്ടികൾ ഉൾപ്പെട്ട മുന്നണിയാണ് എതിർപക്ഷത്തുണ്ടായത്. കോൺഗ്രസിലെ പിളർപ്പിനെത്തുടർന്ന് രൂപീകരിച്ച സംഘടനാ കോൺഗ്രസും കേരള കോൺഗ്രസും ചേർന്ന് ജനാധിപത്യ മുന്നണിയെന്ന പേരിലുള്ള മൂന്നാം മുന്നണിയും രംഗത്തുണ്ടായിരുന്നു.

കോൺഗ്രസ്-30, സി പി ഐ-16, മുസ്ലിം ലീഗ്-11, ആർ എസ് പി-6 , പി എസ് പി -3, സി പി എം-29, കേരള കോൺഗ്രസ്-12, സോഷ്യലിസ്റ്റ് പാർട്ടി-6 എന്നിങ്ങനെയാണ് പ്രധാന പാർട്ടികൾക്ക് ലഭിച്ച സീറ്റുകൾ. കോൺഗ്രസ്- സി പി ഐ മുന്നണി 69 സീറ്റുകളോടെ സി. അച്യുതമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭയുണ്ടാക്കി.

1977-ൽ 79.19%:
വീണ്ടും കോൺഗ്രസ്- സി.പി.ഐ
മുന്നണി

140 സീറ്റുകളിലേക്കായിരുന്നു 1977-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. 1.14 കോടിയോളം വോട്ടർമാരിൽ 79.19% പേരാണ് അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്തത്. സി പി ഐ-കോൺഗ്രസ് മുന്നണി 140-ൽ 111 സീറ്റിലും വിജയിച്ചു. കെ. കരുണാകരനായിരുന്നു മുഖ്യമന്ത്രി.

1980-ൽ 72.23%:
എൽ.ഡി.എഫിന് ജയം

ലോകസഭ തെരഞ്ഞെടുപ്പിനു ശേഷം രണ്ടാഴ്‌ചക്കുള്ളിലായിരുന്നു 1980-ലെ നിയമസഭാ തെരഞ്ഞെടുപ്പ്. 1.32 കോടിയോളം വോട്ടർമാരിൽ 72.23 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഇടതുമുന്നണി 93 സീറ്റുകളിലും യു.ഡി.എഫ് 41 സീറ്റുകളിലും, യു.ഡി.എഫുമായി ധാരണയിൽ മത്സരിച്ച ജനതാപാർട്ടി 5 മണ്ഡലങ്ങളിലും വിജയിച്ചു. പത്തനംതിട്ടയിൽ സ്വതന്ത്രനായ കെ. കെ. നായരും. മുഖ്യമന്ത്രി ഇ.കെ. നായനാർ.

1982-ൽ 73.51%:
യു.ഡി.എഫിന് ജയം

ഏഴാം നിയമസഭാ തെരഞ്ഞെടുപ്പ് 1982 മെയ് 19-നായിരുന്നു. 1.31 കോടി വോട്ടർമാരിൽ 73.51 ശതമാനം പേരാണ് വോട്ട് ചെയ്തത്. കോൺഗ്രസും ആന്റണി വിഭാഗം കോൺഗ്രസും ഉൾപ്പെട്ട ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തിൽ സർക്കാറുണ്ടാക്കി.

ഏഴാം നിയമസഭാ തെരഞ്ഞെടുപ്പ് 1982 മെയ് 19-നായിരുന്നു.   കോൺഗ്രസും ആന്റണി വിഭാഗം കോൺഗ്രസും ഉൾപ്പെട്ട ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തിൽ സർക്കാറുണ്ടാക്കി.
ഏഴാം നിയമസഭാ തെരഞ്ഞെടുപ്പ് 1982 മെയ് 19-നായിരുന്നു. കോൺഗ്രസും ആന്റണി വിഭാഗം കോൺഗ്രസും ഉൾപ്പെട്ട ഐക്യ ജനാധിപത്യ മുന്നണി കെ. കരുണാകരന്റെ നേതൃത്വത്തിൽ സർക്കാറുണ്ടാക്കി.

1987-ൽ 80.54%:
എൽ.ഡി.എഫിന് ജയം

1987 മാർച്ച് 23-ന് നടന്ന എട്ടാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഒരു കോടി അറുപതു ലക്ഷത്തോളം വോട്ടർമാരിൽ 80.54 ശതമാനമാണ് വോട്ട് ചെയ്തത്. 78 സീറ്റ് ഇടതുമുന്നണിയും 60 സീറ്റ് ഐക്യ മുന്നണിയും നേടി. 1987 മാർച്ച് 26-ന് ഇ.കെ. നായനാരുടെ നേതൃത്വത്തിൽ സർക്കാർ അധികാരമേറ്റു.

1991-ൽ 73.36%:
യു.ഡി.എഫിന് ജയം

1991 മെയ് മാസത്തിൽ ലോകസഭാ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ലോകസഭ / നിയമസഭ തെരഞ്ഞെടുപ്പ് തീയതി മെയ് 23 ആയി നിശ്ചയിച്ചു. 1988-ൽ പ്രാബല്യത്തിൽ വന്ന 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ വോട്ടു ചെയ്യാനുള്ള അവകാശം ഇരുപത്തിയൊന്നിൽ നിന്ന് 18 വയസ്സായി കുറച്ചുകൊണ്ടുള്ള തീരുമാനം നടപ്പിലായതു കാരണം വോട്ടർമാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി.

കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകത്തെതുടർന്ന് ഇലക്ഷൻ ജൂൺ 12-ലേക്ക് മാറ്റി. ആകെയുള്ള ഒരുകോടി നാല്പത്തിനാല് ലക്ഷത്തോളം വോട്ടർമാരിൽ 73.36 ശതമാനം പേരാണ് വോട്ട് ചെയ്തത്.

യു.ഡി.എഫ് 91 സീറ്റുകളിലും ഇടതുമുന്നണി 49 മണ്ഡലങ്ങളിലുമാണ് വിജയിച്ചത്. കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1991 ജൂൺ 24-ന് സത്യപ്രതിജ്ഞ ചെയ്തു.

1996-ൽ 71.16%:
എൽ.ഡി.എഫിന് ജയം

1996 ഏപ്രിൽ 27-ന് പത്താം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ടു കോടിയോളം വോട്ടർമാരിൽ 71.16 ശതമാനം പേരാണ് വോട്ട് ചെയ്തത്. എൽ ഡി എഫ് 80 സീറ്റ് നേടി അധികാരത്തിലെത്തി. യു ഡി എഫ് 59 സീറ്റാണ് ലഭിച്ചത്.

2001-ൽ 72.47%:
യു.ഡി.എഫിന് ജയം

2001 മെയ് 10-നായിരുന്നു പതിനൊന്നാം നിയമസഭാ തെരഞ്ഞെടുപ്പ്. രണ്ടുകോടി പതിനേഴ് ലക്ഷത്തോളം വോട്ടർമാരിൽ 72.47 ശതമാനം പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫിന് 99 സീറ്റും എൽ.ഡി.എഫിന് 40 സീറ്റും ലഭിച്ചു. എ.കെ ആന്റണി 2001 മെയ് 17-ന് മുഖ്യമന്ത്രിയായി അധികാരമേറ്റു.

2006-ൽ 72.38%:
എൽ.ഡി.എഫിന് ജയം

2006-ൽ നടന്ന 12-ാം നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ടേകാൽ കോടിയോളം വോട്ടർമാരിൽ 72.38 ശതമാനം പേരാണ് വോട്ട് ചെയ്തത്. ഭരണ മുന്നണിയായ യു.ഡി.എഫിന് 42 സീറ്റുകളിലാണ് വിജയിക്കാനായത്. ഇടതു മുന്നണി 98 സീറ്റുകളിലും വിജയിച്ചു. വി.എസ്. അച്യുതാനന്ദൻ 2006 മെയ് 18-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2006-ൽ നടന്ന 12-ാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 98 സീറ്റുകളിലും  വിജയിച്ചു. വി.എസ്. അച്യുതാനന്ദൻ 2006 മെയ് 18-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
2006-ൽ നടന്ന 12-ാം നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി 98 സീറ്റുകളിലും വിജയിച്ചു. വി.എസ്. അച്യുതാനന്ദൻ 2006 മെയ് 18-ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

2011-ൽ 75.12%:
യു.ഡി.എഫിന് ജയം

2011 ഏപ്രിൽ 13-നായിരുന്നു 13-ാം നിയമസഭാ തെരഞ്ഞെടുപ്പ്. ആകെയുള്ള 2.38 കോടിയോളമുള്ള വോട്ടർമാരിൽ 75.12 ശതമാനം പേരാണ് വോട്ട് ചെയ്തത്.

കേന്ദ്രസർക്കാർ രൂപീകരിച്ച നാലാം ഡീലിമിറ്റേഷൻ കമ്മീഷൻ സമർപ്പിച്ച ശുപാർശ പ്രകാരം 2008 മുതൽ മണ്ഡലങ്ങളുടെ അതിർത്തികൾ പുതുക്കി നിശ്ചയിച്ചു. അതിന്റെ ഭാഗമായി 133 നിയമസഭാ മണ്ഡലങ്ങളുടെയും അതിർത്തികളിൽ കാര്യമായ മാറ്റമുണ്ടായി.

ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വ്യത്യാസമാണ് രണ്ടു മുന്നണികളും തമ്മിലുണ്ടായിരുന്നത്: യു ഡി എഫ്-72; എൽ ഡി എഫ്-68.

75-80 ശതമാനമാണ് ​നിയമസഭാ തെരഞ്ഞെടുപ്പ് പോളിങിന്റെ ശരാശരി. ഒരു വട്ടം മാത്രമാണ് ശതമാനം 70-ൽ കുറഞ്ഞിട്ടുള്ളൂ, 1957-ൽ.

2016-ൽ 77.35%:
എൽ.ഡി.എഫിന് ജയം

2016 മെയ് 16-നായിരുന്നു 14-ാം നിയമസഭാ തെരഞ്ഞെടുപ്പ്. 2.60 കോടിയിലധികം വോട്ടർമാരിൽ 77.35 ശതമാനം പേരാണ് വോട്ടു ചെയ്തത്. പിണറായി വിജയന്റെ നേതൃത്വത്തിൽ എൽ.ഡി.എഫ് മ​ന്ത്രിസഭ അധികാരത്തിലെത്തി.

എൽ.ഡി.എഫിന് 91 സീറ്റും യു.ഡി.എഫിന് 47 സീറ്റും ലഭിച്ചു. എൽ ഡി എഫിന് 43.5 ശതമാനവും യു ഡി എഫിന് 38.8 ശതമാനവുവും വോട്ട്. 98 മണ്ഡലങ്ങളിൽ മത്സരിച്ച ബി ജെ പി 10.53 ശതമാനം വോട്ട് നേടി, എൻ ഡി എ മുന്നണി 15 ശതമാനവും. ഒ. രാജഗോപാലിലൂടെ നിയമസഭയിൽ ബി ജെ പി അക്കൗണ്ട് തുറന്നു. ബി ജെ പി ഏഴിടത്ത് ഇതാദ്യമായി രണ്ടാം സ്ഥാനത്തെത്തി. രണ്ടുമുന്നണിക്കും എതിരായി സ്വതന്ത്രനായി മത്സരിച്ച പി.സി. ജോർജ് പൂഞ്ഞാർ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.

2021-ൽ 75.39%:
എൽ.ഡി.എഫിന് തുടർഭരണം

2021 ഏപ്രിൽ 6-നായിരുന്നു 15-ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്. 2 .75 കോടിയോളം വോട്ടർമാരിൽ 75.39 ശതമാനം പേരാണ് വോട്ട് ചെയ്തത്. എൽ.ഡി.എഫ് തുടർഭരണം നേടി, പിണറായി വിജയൻ രണ്ടാം തവണയും മുഖ്യമന്ത്രിയായി.

2021 ൽ നടന്ന- 15-ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തുടർഭരണം നേടി, പിണറായി വിജയൻ രണ്ടാം തവണയും മുഖ്യമന്ത്രിയായി.
2021 ൽ നടന്ന- 15-ാം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തുടർഭരണം നേടി, പിണറായി വിജയൻ രണ്ടാം തവണയും മുഖ്യമന്ത്രിയായി.

2026-ൽ?

എൽ.ഡി.എഫും യു.ഡി.എഫും ഇത്തവണ അതിശക്തമായ കാമ്പയിനാണ് നടത്തിയത്. ചില മണ്ഡലങ്ങളിൽ എൻ.ഡി.എ ത്രികോണമത്സര പ്രതീതിയുമുണ്ടാക്കി. പ്രധാന പാർട്ടികളുടെ മാത്രമല്ല, മുന്നണി ഘടകകക്ഷികളുടെ സ്വാധീനമേഖലകളിലെല്ലാം അതിശക്തമായ കാമ്പയിനാണ് നടന്നത്. ഭരണവിരുദ്ധവികാരമുണ്ടെന്ന കാമ്പയിന് യു.ഡി.എഫും വികസനത്തുടർച്ചയുണ്ടാകുമെന്ന കാമ്പയിന് എൽ.ഡി.എഫും ഊന്നൽ നൽകി. സാമുദായികവും പ്രാദേശികവുമായ അടിയൊഴുക്കുകളും ഇത്തവണ ശക്തമാണ്. ഇതെല്ലാം പോളിങ് ശതമാനത്തിൽ വർധനയുണ്ടാക്കുമെന്ന് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നു.

തുടർഭരണം എന്ന എൽ.ഡി.എഫ് മുദ്രാവാക്യമാ​ണോ ഭരണമാറ്റം എന്ന യു.ഡി.എഫ് മുദ്രാവാക്യമാണോ വോട്ടർമാരെ സ്വാധീനിക്കുക? നാളെ വൈകീട്ട് പുറത്തുവരുന്ന പോളിങ് ശതമാനം വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പ്.

Comments