‘അന്തരിച്ച’
അധ്യാപകരും
അന്തകരാകുന്ന
BEd കോളേജുകളും

വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാളേറെ മുന്നിലുള്ളത് ബി.എഡ് കോളേജുകളാണ്. മാനസികമായി പിരിമുറുക്കവും അക്കാദമികമായി ശൂന്യതയും മാത്രം സമ്മാനിക്കുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്- BEd വിദ്യാർത്ഥി അമൽജിത്ത് തേറമ്പത്ത് എഴുതുന്നു.

ഴു മുതൽ പതിനൊന്നു വയസ്സു വരെയുള്ളവരിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കുസൃതികളിൽ ഒന്നാണ് അനുകരണം. വീട്ടിലുള്ളവർ മുതൽ സമൂഹത്തിലെ പ്രധാന മേഖലയിലുള്ള എല്ലാവരേയും കുട്ടി സ്വതസിദ്ധമായ ശൈലിയിലൂടെ അനുകരിക്കുന്നു. എല്ലാവരേയും ഉൾപ്പെടുത്തുന്നതിനോടൊപ്പം തന്നെ ഏറ്റവും കൂടുതലായി അനുകരണവിധേയമാക്കുന്നത് അധ്യാപകരെയാണ്. അവരുടെ നടത്തം, പെരുമാറ്റം, ശബ്ദം, ഭാഷ, നോട്ടം, ക്ലാസെടുക്കുന്ന രീതി, ഭക്ഷണം കഴിക്കുന്ന രീതി തുടങ്ങി എല്ലാറ്റിനെയും കുട്ടി കൃത്യമായി നിരീക്ഷിക്കുകയും അനുകരിമാക്കുകയും ചെയ്യുന്നു.

അതിന്റെ പ്രധാന കാരണം അധ്യാപകർ അതോറിറ്റിയാണ് എന്നതാണ്. ശ്രദ്ധ ആകർഷിക്കപ്പെടുന്ന മനുഷ്യരെ ശ്രദ്ധിക്കുന്നത് സ്വാഭാവികമാണ്. ഇതേ സ്വാഭാവികത കുട്ടി നിരന്തരം കാണുന്ന അധ്യാപകരിലും പ്രാവർത്തികമാക്കുന്നു. ചുരുക്കത്തിൽ കുട്ടികൾ അധ്യാപകരെ ഏറെ ശ്രദ്ധിക്കുന്നുണ്ടെന്നർത്ഥം. കുട്ടികൾക്ക് മാതൃകയായി മാറേണ്ട അധ്യാപകർ നിർബന്ധമായും ചെയ്യേണ്ട BEd കോഴ്സ് എടുക്കേണ്ടി വരുന്ന (അധ്യാപക) വിദ്യാർത്ഥികളുടെ സാഹചര്യങ്ങൾ പരിശോധിച്ചാൽ തീർത്തും വ്യത്യസ്തമായ ഒരു സംവിധാനമാണ് കാണാനാകുന്നത്.

ഡിഗ്രി അല്ലെങ്കിൽ പിജി കഴിഞ്ഞവരാണ് BEd കോഴ്സ് തെരഞ്ഞെടുക്കുന്നത്. വിദ്യാർത്ഥികൾക്ക് അറിവ് പകരണമെന്ന ആഗ്രഹത്തോടെ ഈ കോഴ്സ് തെരഞ്ഞെടുത്തവർക്കുമുന്നിൽ ഇന്ന് നിരവധി വെല്ലുവിളികളുണ്ട്. അതിൽ ഏറ്റവും പ്രധാനം, പരിഷ്കരണത്തിന് വിധേയപ്പെടാത്ത സിലബസാണ്.

വിദ്യാർത്ഥിതാത്പര്യങ്ങളെ തച്ചുടച്ച് അവരുടെ അഭിപ്രായങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്ന സംവിധാനമാണ് ബി.എഡ് കോളേജുകൾക്കുള്ളത്. (Representative Image)
വിദ്യാർത്ഥിതാത്പര്യങ്ങളെ തച്ചുടച്ച് അവരുടെ അഭിപ്രായങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്ന സംവിധാനമാണ് ബി.എഡ് കോളേജുകൾക്കുള്ളത്. (Representative Image)

ടെക്നോളജി ശക്തമായി ഇടപെടുന്ന ഈ കാലത്ത് ചാർട്ട് എഴുത്തും വർക്കിംഗ് - സ്റ്റിൽമോഡൽ സംവിധാനങ്ങളും കൊണ്ട് എന്താണ് പ്രയോജനം എന്ന ചോദ്യത്തിന് വലിയ പ്രസക്തിയുണ്ട്. BEd വിദ്യാർഥികൾ വീട്ടിൽനിന്ന് ഒരു മോഡൽ നിർമ്മിച്ച് ക്ലാസിൽ കൊണ്ടുപോയി അവതരിപ്പിക്കുന്നു. ഇതുകൊണ്ട്, വിദ്യാർത്ഥികൾക്ക് എന്താണ് ഗുണം? ദ്വിമാന ചിത്രങ്ങളിൽനിന്ന് ത്രിമാനചിത്രങ്ങളിലേക്ക് ക്ലാസ് റൂം സംവിധാനം പ്രവേശിക്കുകയാണ്, ഇവിടെ കുട്ടികൾ കൂടുതൽ വിശദവും ആഴത്തിലുള്ളതുമായ അറിവ് നേടുന്നു. ഈയൊരു ക്ലാസ് റൂമിൽ ഇത്ര ചാർട്ട്, ഇത്ര മോഡൽ എന്നിങ്ങനെ എണ്ണം നൽകി നിർമിച്ചെടുക്കപ്പെടുന്നവ, ശാസ്ത്രവിഷയങ്ങളിലുള്ള പുതിയ സാധ്യതകളെ ഊതിക്കെടുത്തുകയാണ് ചെയ്യുന്നത്. മനഃശാസ്ത്രപരമായി പഠിക്കുന്ന പല തിയറികളും കാലഹരണപ്പെട്ടതും പ്രായോഗിക പ്രശ്നങ്ങളുള്ളതുമാണ്. ഹെർമ്മൻ ഹെബിംഗസ്സിന്റെ theory of fogetting പുനർ പഠനത്തിനും പുനഃപരിശോധനയ്ക്കും വിധേയമാക്കേണ്ടതാണ് എന്നിരിക്കേ, അത് തുടർച്ചയുടെ ഭാഗമായി മാറുന്നു. വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ചല്ല, വിദ്യാഭ്യാസത്തെ മഹത്വവൽക്കരിക്കുന്ന സംവിധാനങ്ങളും രീതികളുമാണ് ഇന്ന് ബി. എഡ് കോളേജുകളിലുള്ളത്.

ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന തൊഴിൽ സംവിധാനം തന്നെയാണ് അധ്യാപനവും. സംവദിക്കുന്നത് മനുഷ്യരോടും കുട്ടികളോടുമാണെന്ന കാരണത്താൽ അതിന് ‘വിശുദ്ധ സംസ്കാര’ പദവി നൽകേണ്ടതില്ല. എന്നാൽ, ഇത്തരമൊരവസ്ഥ അടിച്ചേൽപ്പിക്കാൻ പല BEd കോളേജുകളും ആവേശത്തോടെ മുന്നോട്ട് വരുന്നുണ്ട്. അതിനുവേണ്ടി ഭീഷണിയുടെ സ്വരം ഉയർത്താനും ഇന്റേർണൽ മാർക്കിന്റെ പേരിൽ വിദ്യാർത്ഥികളെ ഭയപ്പെടുത്താനും ഈ അധ്യാപകർ തയ്യാറാകുന്നു. അതോടൊപ്പം, തങ്ങൾ പറയുന്നത് കേൾക്കുന്ന, തങ്ങളുടെ ആശയത്തോട് ചേർന്നു നിൽക്കുന്ന വിദ്യാർത്ഥികളോട് പ്രത്യേക മമതയും കൂറും ഇത്തരം അധ്യാപകർ പുലർത്തുകയും ചെയ്യുന്നു എന്നത് അപകടകരമായ കാര്യമാണ്.

വിദ്യാർത്ഥിതാത്പര്യങ്ങളെ തച്ചുടച്ച് അവരുടെ അഭിപ്രായങ്ങളെയും ആഗ്രഹങ്ങളെയും ഇല്ലാതാക്കുന്ന സംവിധാനമാണ് ബി.എഡ് കോളേജുകൾക്കുള്ളത്. ജനാധിപത്യപരമായ ചർച്ചകൾക്കുള്ള ഇടമില്ലാതാക്കി, ഐകകണ്ഠ്യേന തീരുമാനമെടുക്കുകയും എന്നാൽ അതിൽ നിന്ന് വിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന രീതി പൊതുവേയുണ്ട്. രണ്ടുവർഷക്കാലത്തേക്ക് വിദ്യാർത്ഥികൾ ഇത്തരം അധ്യാപകരുടെ താൽപര്യങ്ങൾക്കും ഇഷ്ടങ്ങൾക്കും ഇച്ഛകൾക്കും അനുസരിച്ച് വളർത്തിയെടുക്കേണ്ട ഗിന്നിപ്പന്നികളാണെന്ന ധാരണ നിലനിൽക്കുന്നു. ഈ ധാരണയെ ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികൾ നോട്ടപ്പുള്ളികളാകും, അവരെ ‘അടക്കിയൊതുക്കി’ നിർത്തുകയാണ് അധ്യാപകർ ചെയ്യുന്നത്.

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള സാമൂഹ്യ സഹവാസ ക്യാമ്പ് പരിപാടി പ്രയോജനരഹിതവും അപ്രായോഗികവുമാണ്.  (Representative Image)
കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള സാമൂഹ്യ സഹവാസ ക്യാമ്പ് പരിപാടി പ്രയോജനരഹിതവും അപ്രായോഗികവുമാണ്. (Representative Image)

സർഗാത്മക സാഹചര്യങ്ങളും സംവിധാനങ്ങളുമില്ലാത്തവയാണ് ഇന്നത്തെ ബി.എഡ് ക്ലാസ് മുറികൾ. സർക്കസ് കൂട്ടിലെ മൃഗങ്ങളെ പോലെ തീവളയത്തിലൂടെ ചാടാൻ പറഞ്ഞാൽ ചാടുകയും മൂക്കിൽ പന്തുവെച്ച് ഇരുകാലിൽ നടക്കാൻ പറഞ്ഞാൽ നടക്കുകയും ചെയ്യുന്ന രീതി ഈ സംവിധാനത്തിലുണ്ട്. അധ്യാപക വിദ്യാർത്ഥികൾ എന്തിനാണിത് ചെയ്യുന്നതെന്നോ എന്താണ് ഇതുകൊണ്ടുള്ള പ്രയോജനമെന്നോ അറിയാതെ പല വർക്കുകളും സമയബന്ധിതമായും മാർക്കിനുവേണ്ടിയും മാത്രം സബ്മിറ്റ് ചെയ്യുന്നു, ‘ലക്ഷ്യ’മടയുന്നു.

കാലിക്കറ്റ് സർവകലാശാലയിൽ സാമൂഹ്യ സഹവാസ ക്യാമ്പ് എന്നൊരു പരിപാടിയുണ്ട്. (കണ്ണൂർ സർവ്വകലാശാലയിൽ ഒഴിവാക്കിയിട്ടുണ്ട്). നാലു പകലും മൂന്നു രാത്രിയും നീളുന്ന ക്യാമ്പിന്റെ ലക്ഷ്യം അധ്യാപക വിദ്യാർത്ഥികൾക്കിടയിൽ ഐക്യം ഊട്ടിയുറപ്പിക്കുക, സഹവാസ മനോഭാവം ഉണ്ടാക്കിയെടുക്കുക, ‘learning to live together’, ‘democratic living’ തുടങ്ങിയവയാണ്. എന്നാൽ, ഇത്തരം ക്യാമ്പുകൾ, ഈ ലക്ഷ്യങ്ങൾക്കുവേണ്ട ജനാധിപത്യപരമായ ഒന്നല്ല. രാവിലെ മുതൽ വൈകീട്ട് വരെ നടത്തുന്ന സെഷനുകളിൽ പലതും പ്രയോജനരഹിതവും അപ്രായോഗികവുമാണ്. വിദ്യാർത്ഥികളിൽ നിന്ന് പണം ഈടാക്കി നടത്തുന്ന ഇത്തരം ക്യാമ്പുകളിൽ സെഷൻ നയിക്കാൻ വരുന്നത് വർഷങ്ങളായി വരുന്ന ഒ​രേ വ്യക്തികളാണ്, അവർ പ്രധാന അധ്യാപകരുടെ സുഹൃത്തുക്കളുമാകും. മുൻ വർഷങ്ങളിൽ ഇവരുടെ ക്ലാസ് മോശമാണെന്നു പറഞ്ഞാലും രക്ഷയില്ല, വീണ്ടും അവർ തന്നെ പ്രത്യക്ഷപ്പെടും. അതുകൊണ്ടുതന്നെ, പല സെഷനുകളും വെള്ളത്തിൽ വരച്ച വര പോലെയാകുന്നു. ചോദ്യം ചെയ്യുന്ന വിദ്യാർത്ഥികളുടെ വായടപ്പിക്കും. ഇന്റേർണൽ മാർക്ക് പേടിച്ച്, അധ്യാപക പ്രീതിക്കുവേണ്ടി എതിർത്തൊന്നും പറയാതെ വിദ്യാർത്ഥികൾ ഒന്നടങ്കം മൗനം പാലിക്കും, അധ്യാപകപക്ഷം ചേർന്ന് സംസാരിക്കും. ഇത്തരം കൊള്ളരുതായ്മയ്ക്കെതിരെ സംസാരിക്കുന്ന വിദ്യാർത്ഥികളെ ഒറ്റപ്പെടുത്താനും നിലപാടുകൾ തിരുത്തിക്കാനും പ്രത്യേകമായ മാർഗങ്ങളുണ്ട്.

വിദ്യാർത്ഥിവിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്നതിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളെക്കാളേറെ മുന്നിലുള്ളത് ബി.എഡ് കോളേജുകളാണ്. മാനസികമായി പിരിമുറുക്കവും അക്കാദമികമായി ശൂന്യതയും മാത്രം സമ്മാനിക്കുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അല്ലാത്തപക്ഷം, മോശം അധ്യാപകരിലൂടെ ഈ മോശം സംവിധാനം ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കും.


Summary: How B.Ed colleges adopt anti-student practices, causing mental stress and academic stagnation, and why these outdated systems must come to an end — by Amaljith Therambath.


അമൽജിത്ത് തേറമ്പത്ത്

ദേവകി അമ്മ മെമ്മോറിയൽ ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ ബി എഡ് വിദ്യാർത്ഥി.

Comments