കോവിഡ്​ കാലത്ത്​ ഒരു പഞ്ചായത്തിൽമാത്രം ദിവസക്കൂലിക്കാർക്ക്​ നഷ്​ടം 18 കോടി രൂപ

കോവിഡ് കാലത്തെ ലോക്ക്ഡൗൺ ഒരു പഞ്ചായത്തിന്റെ ദിവസ തൊഴിൽ- വേതന മേഖലയെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ചുള്ള ആധികാരിക പഠനമാണിത്. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പേരാമ്പ്ര മേഖല കമ്മിറ്റിയുടെ സഹായത്തോടെ കോഴിക്കോട് ജില്ലയിലെ നൊച്ചാട് ഗ്രാമപഞ്ചായത്താണ് ഈ പഠനത്തിന് നേതൃത്വം നൽകിയത്. മാർച്ച് 23 മുതൽ മെയ് 21 വരെയുള്ള ലോക്ക്ഡൗൺ കാലത്ത് ദിവസക്കൂലിക്കാർക്ക് മൂന്നു ലക്ഷം തൊഴിൽദിനങ്ങളും 18 കോടിയുടെ വരുമാന നഷ്ടവുമുണ്ടായതായി ഈ പഠനം കാണിക്കുന്നു. കോവിഡ് സംസ്ഥാനത്തെ സാധാരണ മനുഷ്യരുടെ നിത്യജീവിതത്തെ എത്ര മാരകമായി ബാധിച്ചുവെന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ പഠനം.

കേരളത്തിന്റെ പൊതു പ്രത്യേകതയായി പറയാറുള്ളതുപോലെ; നവോത്ഥാന പ്രവർത്തനങ്ങളിൽ തുടങ്ങി, ദേശീയ പ്രസ്ഥാനത്തിലേക്കും സ്വാതന്ത്ര്യസമരത്തിലേക്കും അവിടുന്ന് കോൺഗ്രസ്- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളായി മാറി ജനജീവിതത്തെ പല രീതിയിൽ സ്വാധീനിച്ച, സ്പർശിച്ച സാമൂഹിക- രാഷ്ട്രീയ മാറ്റങ്ങൾ നൊച്ചാട് പ്രദേശത്തും കാണാൻ കഴിയും.

നൊച്ചാട് പഞ്ചായത്ത്​ രൂപീകരണം നടക്കുന്നത് കേരളപ്പിറവിക്ക് മുമ്പാണ്. 1955 നവംബർ മാസത്തിൽ മദ്രാസ് സർക്കാരിന്റെ ഉത്തരവനുസരിച്ചാണ് ഇത്തരത്തിലൊരു യോഗം വിളിച്ചുചേർത്തത്. കക്ഷി രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള മത്സരം ഒഴിവാക്കി ഓരോ രാഷ്ട്രീയകക്ഷിയുടേയും ബലാബലം അംഗീകരിച്ച് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അഞ്ചും കോൺഗ്രസിന് രണ്ടും പി.എസ്.പിക്ക് ഒന്നും എന്ന നിലയിലായിരുന്നു സീറ്റുകൾ വിഭജിച്ചിരുന്നത്.

കോൺഗ്രസ്സിലെ പി. ഗോവിന്ദൻ അടിയോടി അധ്യക്ഷനായും കമ്യൂണിസ്റ്റ് പാർട്ടിയിലെ ഇ.കെ. കുഞ്ഞിക്കണ്ണൻ ഉപാധ്യക്ഷനായും 1955-ൽ തന്നെ ഭരണസമിതി നിലവിൽ വന്നുവെങ്കിലും 1956 ജനുവരി 1 മുതലാണ് അധികാര നിർവ്വഹണം നടത്തിയിരുന്നത്.

ഒൻപതാമത്തെ ഭരണസമിതിയാണ് ഇപ്പോൾ അധികാരത്തിലുള്ളത്.

തൊഴിൽ വേതന നഷ്ടം- പ്രാഥമിക അവലോകനം

നൊച്ചാട് പഞ്ചായത്തിൽ ലോക്ക്​ഡൗൺ കാലത്ത് ജനങ്ങളുടെ തൊഴിലിലും കൂലിയിലും ഉണ്ടായ നഷ്ടം കണക്കാക്കുന്നതിന് ഞങ്ങളൊരു എളിയ ശ്രമം നടത്തുകയുണ്ടായി. ഇതിനെ ഒരു പ്രാഥമിക അവലോകനം മാത്രമായേ കണക്കാക്കാൻ കഴിയൂ. നിത്യക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളികൾക്കുണ്ടായ നഷ്ടമാണ് കണക്കാക്കാൻ ശ്രമിച്ചത്. സ്ഥിരം വരുമാനക്കാരും സർക്കാർ ഉദ്യോഗസ്ഥരും സർവേ പരിധിയിൽ വന്നിരുന്നില്ല. ആ അർത്ഥത്തിൽ അസംഘടിത മേഖലയിലെ അനുഭവങ്ങളാണ് ഞങ്ങൾ ക്രോഡീകരിക്കാൻ ശ്രമിച്ചത്.

ലോക്ഡൗൺ ആരംഭിച്ച മാർച്ച് അവസാനത്തെ ആഴ്ച മുതൽ മെയ് മൂന്നാംവാരം വരെ, അതായത് എട്ട് ആഴ്ചയിലെ തൊഴിൽ- വരുമാന നഷ്ടമാണ് പരിശോധിച്ചത്. ഒക്ടോബറിലും തൊഴിൽ പുനരാരംഭിക്കാൻ കഴിയാത്ത വാഹനം, ഹോട്ടൽ, ബ്യൂട്ടീഷ്യൻ, പാചകം തുടങ്ങിയ രംഗങ്ങളിലെല്ലാമുള്ള ധാരാളം തൊഴിലാളികൾ ഉണ്ടെന്നറിയാം. ഞങ്ങളുടെ കണ്ടെത്തലുകളെ മൂന്ന് മാസത്തേക്ക് വരെ ദീർഘിപ്പിക്കാവുന്നതാണ്. അതിന് സഹായകമായ രീതിശാസ്ത്രമാണ് ഉപയോഗിച്ചത്. അതിനായി ഒരു സർവ്വെ മെയ് മാസം നടത്തിയിരുന്നു.

ഗ്രാമപഞ്ചായത്തിലെ 10% വീടുകളെയെങ്കിലും ഉൾപ്പെടുത്തും വിധത്തിലുള്ള ഒരു Systematic Random Sampling രീതിയാണ് ഉപയോഗിച്ചത്. കെട്ടിട നികുതി നിർണയ രജിസ്റ്റർ അടിസ്ഥാനമാക്കി വീടുകൾ കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ വീടുകളിലെ അംഗങ്ങൾ, അവരുടെ തൊഴിൽ ലഭ്യത എന്നിവയുടെ വിശദാംശങ്ങൾ ശേഖരിച്ചിരുന്നു. ഓരോ വീട്ടുകാരും പറഞ്ഞുതന്ന വിവരങ്ങളെ മുഖവിലക്കെടുക്കുകയായിരുന്നു. പഞ്ചായത്തിലെ 782 അതായത് 11% വീടുകളെ സർവ്വെയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞു.

പട്ടിക 1- ജനസംഖ്യ (2020)

സർവ്വെ കണ്ടെത്തലുകൾ കമ്പ്യൂട്ടർ സഹായത്തോടെ പട്ടികപ്പെടുത്തി. പ്രധാന നിരീക്ഷണങ്ങൾ പ്രത്യേകം പ്രത്യേകം പട്ടികകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. ജനസംഖ്യ സംബന്ധിച്ച വിവരങ്ങളാണ് പട്ടിക 1 ൽ നൽകിയത്. ഇതിൽ സാമ്പിൾ അനുസരിച്ചുള്ള ജനസംഖ്യയും പഞ്ചായത്തിലെ മൊത്തം ജനസംഖ്യയും നൽകിയിരിക്കുന്നു. രണ്ടും 2020 വർഷത്തേതാണ്. സാമ്പിൾ അനുസരിച്ച് 3401 പേർ പഠനത്തിന്റെ പരിധിയിൽ വരുന്നു. ഇതിൽ 1709 സ്ത്രീകളും 1692 പുരുഷന്മാരുമാണ്.

പഞ്ചായത്തിലെ മൊത്തം ജനസംഖ്യ കണക്കാക്കാനുള്ള സ്രോതസ്സ് 2011 ലെ സെൻസസ് ആണ്. അതനുസരിച്ച് 14,042 സ്ത്രീകളും 12,815 പുരുഷന്മാരുമടക്കം ആകെ 26,857 പേരാണ് 2011 ൽ ഉള്ളത്. 2020 ജനസംഖ്യ ഞങ്ങൾ രണ്ട് രീതിയിൽ ശേഖരിച്ചു. ഒന്ന്, 2020 സപ്തംബറിൽ ആശാപ്രവർത്തകർ, വാർഡ് അടിസ്ഥാനത്തിൽ വീട് സന്ദർശിച്ച് രേഖപ്പെടുത്തിയതിൽ നിന്ന്. രണ്ട്, സംസ്ഥാനത്തിന്റെ 2011 മുതൽ 2020 വരെയുള്ള സെൻസസ് ജനസംഖ്യയുടെ Incremental Ratio അടിസ്ഥാനത്തിൽ കണക്കാക്കി. (IR 4% ആണെന്നാണ് കണക്കുകൾ കാണിക്കുന്നത്). ആദ്യത്തേത് അനുസരിച്ച് 13,403 പുരുഷന്മാരും, 14,323 സ്ത്രീകളും അടക്കം 27,726 പേരാണുള്ളത്. രണ്ടാമത്തേത് അനുസരിച്ച് 13,328 പുരുഷന്മാരും, 14604 സ്ത്രീകളുമടക്കം 27,932 പേരാണുള്ളത്. ഞങ്ങളുടെ സാമ്പിൾ സർവ്വെ നടത്തിയത് പ്രധാനമായും കുടുംബശ്രീ, പരിഷത്ത് അംഗങ്ങൾ ആയിരുന്നു. അതിനാൽ, അവരുടെ കണക്കുകളെയാണ് ഇവിടെ ആശ്രയിക്കുന്നത്.

പട്ടിക 2- കുടുംബങ്ങൾ റേഷൻ കാർഡ് അടിസ്ഥാനത്തിൽ

സമയം, ആൾശേഷി, പണം, തുടങ്ങിയവയുടെ ദൗർലഭ്യം ഉണ്ടായിരുന്നതുകൊണ്ട് തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം എന്നിവയെപ്പറ്റി വിശദമായ കണക്കെടുപ്പുകൾ നടന്നിട്ടില്ല. ജനങ്ങളിലെ ദാരിദ്ര്യാവസ്ഥ മനസ്സിലാക്കാൻ റേഷൻ കാർഡിന്റെ നിറം അടിസ്ഥാനത്തിൽ കുടുംബങ്ങളെ വേർതിരിക്കുകയായിരുന്നു, (പട്ടിക 2). ഇത് ഔദ്യോഗികമായ തരംതിരിവ് കൂടിയാണല്ലോ.

സർവ്വെ അനുസരിച്ച് ആകെ പുരുഷന്മാരിൽ 876 (52%) പേരാണ് വിവിധ ജോലികൾ എടുക്കുന്നത്. സ്ത്രീകളിൽ ഇത് 380 (22%) പേരാണ്. സർവ്വെ വീടുകളിൽ നിന്ന് മൊത്തം 1256 (37%) പേർ വിവിധ പണികൾക്ക് പോകുന്നു, (പട്ടിക 3).

പട്ടിക 3- തൊഴിൽ പങ്കാളിത്തം (നിത്യകൂലി) സാമ്പിൾ

കോവിഡിന് മുമ്പ് ഒരാൾക്ക് ആഴ്ചയിൽ 5.49 ദിവസം പണി കിട്ടിയതായി തൊഴിലാളികൾ പറയുന്നു. എന്നാൽ കോവിഡ് കാലത്തെ ശരാശരി ലഭ്യത 1.9 ദിവസം മാത്രമാണ്. പല രംഗങ്ങളിലും ഒറ്റ ദിവസം പോലും പണി കിട്ടിയിരുന്നില്ല. എന്നാൽ പലചരക്ക് കടകൾ, നാമമാത്രമായ കൃഷിപ്പണി, പാൽ വിതരണം, പച്ചക്കറികടകൾ, മീൻ-മാംസ വിൽപ്പന, റേഷൻകട, മരുന്ന് കച്ചവടം എന്നിങ്ങനെയുള്ള ജോലികൾ നടന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവൃത്തികളടങ്ങിയതാകാം 1.9 എന്നത്. അതായത്, കോവിഡ് കാലത്ത് ഒരാഴ്ചയിൽ മൊത്തം തൊഴിലിൽ 65% ത്തിന്റെ കുറവുണ്ടായി, (പട്ടിക 4).

പട്ടിക 4 -തൊഴിൽ നഷ്ടം (ദിവസം/ ആഴ്ച)

പ്രധാന തൊഴിലുകളിലെ പങ്കാളിത്തം പട്ടിക 5 ൽ നൽകിയിരിക്കുന്നു.

പട്ടിക 5 പ്രധാന തൊഴിലിലെ പങ്കാളിത്തം

കാർഡിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിൽ പങ്കാളിത്തം പട്ടിക 6 ൽ നൽകിയിരിക്കുന്നു. മഞ്ഞ കാർഡുകാരായ, അതിദരിദ്ര (ആശ്രയ) കുടുംബങ്ങളിൽ 89 (7.09%) പേർ വരുന്നു. പിങ്ക് നിറത്തിലുള്ള ദരിദ്രകുടുംബങ്ങളിൽ പെട്ടവരാണ് ഏറ്റവും കൂടുതൽ, 568 (45.23%). നീലനിറ കാർഡിൽ പെട്ടവർ 317 (25.23%) ഉം വെള്ളനിറ കാർഡിൽ പെട്ടവർ (എ.പി.എൽ.) 282 (22.45%) പേരുമാണ്. ഇതിൽ മഞ്ഞ, പിങ്ക് എന്നിവ കൃത്യമായിതന്നെ ബി.പി.എൽ. വിഭാഗത്തിൽ പെടുന്ന കുടുംബങ്ങളാണ്. വെള്ളയാകട്ടെ എ.പി.എൽ. ഉം. എന്നാൽ നീല സബ്സിഡൈസ്ഡ് എ.പി.എൽ വിഭാഗമാണ്.

പട്ടിക 6- ജോലിക്കാർ, റേഷൻ കാർഡ് അടിസ്ഥാനത്തിൽ (വ്യക്തികൾ)

ഇവർക്കിടയിൽ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടാവില്ലല്ലോ. 1000 ച. അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടോ, സ്വന്തമായി നാല് ചക്ര വാഹനമോ ഇല്ലെങ്കിലാണ് ഇവർ നീല കാർഡുകാരാകുന്നത്. അങ്ങനെ വരുമ്പോൾ പഞ്ചായത്തിൽ 52.26 (മഞ്ഞ, പിങ്ക്) ജനങ്ങൾ ബി.പി.എൽ. വിഭാഗവും 22.23% എ.പി.എൽ. ഉം 25.23 ഇവ രണ്ടിലും പെടാത്തവരുമാണ്. നീല കാർഡുകാരെ കൂടി എ.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്തിയാൽ അവരുടെ അനുപാതം 47.74 ശതമാനം വരും.

പട്ടിക 7- പ്രധാന തൊഴിലുകളിൽ സ്ത്രീ പുരുഷ അനുപാതം

തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള മറ്റൊരു പരിശോധന കാണിക്കുന്നത് 56% തൊഴിലാളികളും (704 പേർ) ഏർപ്പെടുന്നത് 5 തരം തൊഴിലുകളിൽ ആണെന്നാണ്, (പട്ടിക 7 കാണുക). തൊഴിലുറപ്പ്, കൃഷിപ്പണി, കെട്ടിട നിർമ്മാണം, വാഹനം, പീടികതൊഴിലാളികൾ എന്നിങ്ങനെ. ഇതിൽതന്നെ തൊഴിലുറപ്പിലാണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ഏർപ്പെടുന്നത് (90.8%). 240 പേർ തൊഴിലുറപ്പ് പണിയിൽ ഏർപ്പെടുന്നതിൽ 218 പേരും സ്ത്രീകളാണ്. തൊഴിലെന്നതിലുപരി ജീവിതമാർഗമെന്ന നിലയിൽ കേരളത്തിലെ നാട്ടിൻപുറങ്ങളിലെ സ്ത്രീകൾ പ്രധാനമായി ആശ്രയിക്കുന്ന രംഗമാണ് തൊഴിലുറപ്പ്. ബാക്കി നാല് പ്രധാന തൊഴിലിലും സ്ത്രീ പങ്കാളിത്തം നാല് ശതമാനത്തിൽ കുറവാണ്. വാഹനതൊഴിലാളികളിലാകട്ടെ 68 പേരിൽ ഒരാൾ മാത്രമാണുള്ളത്. ഗൾഫിൽ പണിയെടുത്തിരുന്ന 158 പേർ (22.68%) കണക്കെടുപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ വരുമാനം കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിരുന്നില്ല. ഇവരിൽ 44 പേർ മാത്രമാണ് വെള്ള (എ.പി.എൽ) കാർഡുടമസ്ഥരായിട്ടുള്ളത്.

നേരത്തെ സൂചിപ്പിച്ചതുപോലെ, സർവ്വെയിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഒരാൾക്ക് ഒരാഴ്ച നഷ്ടപ്പെടുന്ന തൊഴിലും വേതനവും സംബന്ധിച്ച കണക്കെടുപ്പിലാണ്. തൊഴിൽ പലർക്കും പല തരത്തിലാണ്. ഉദാഹരണത്തിന് സ്വർണ്ണപ്പണി, ശാന്തിപ്പണി, ബ്രോക്കർ, ഫ്ളോർമിൽ, കാടുവെട്ട്, അടുപ്പ് നിർമ്മാണം, ഫോട്ടോഗ്രാഫർ, ട്യൂഷൻ എന്നിങ്ങനെ. എങ്കിലും നമ്മുടെ സർവ്വെയിൽ ഓരോ തൊഴിലിലും ഒന്നോ രണ്ടോ പേർ മാത്രമാണുള്ളത്. അതിനാലാണ് മറ്റുള്ളവർ എന്ന വിഭാഗത്തിൽ കൂടുതൽ ആൾക്കാർ ഉൾപ്പെട്ടിരിക്കുന്നത്.

നിത്യക്കൂലിക്കാരുടെ തൊഴിൽ, വേതന നഷ്ടം ഞങ്ങൾ രണ്ട് രീതിയിൽ കണക്കാക്കി. ഒന്ന്, തൊഴിൽ നഷ്ടപ്പെട്ടവരുടെ യഥാർത്ഥ എണ്ണം, നഷ്ടപ്പെട്ട യഥാർത്ഥ തൊഴിൽ ദിനങ്ങൾ, നഷ്ടപ്പെട്ട യഥാർത്ഥ വേതനം എന്നിവയുടെ അടിസ്ഥാനത്തിൽ നേരിട്ടു തന്നെ കണക്ക്കൂട്ടി. രണ്ട്, മൊത്തം തൊഴിലാളികളുടെ എണ്ണവും വേതനവും ശരാശരി മൂല്യത്തിന്റെ അടിസ്ഥാനത്തിൽ കണക്കാക്കി. ആദ്യത്തേതാണ് കൂടുതൽ ശരിയെങ്കിലും രണ്ടിന്റെയും മൂല്യം തമ്മിൽ കാര്യമായ വ്യത്യാസമില്ലെന്നതാണ് അനുഭവം.

വരുമാന നഷ്ടം - യഥാർത്ഥ കൂലിയിൽ

ഞങ്ങളുടെ കണക്കെടുപ്പിൽ മറ്റുള്ളവരുടെ കൂട്ടത്തിൽ കുറെ സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാരും, ശമ്പളം പറ്റുന്ന മറ്റ് ഉദ്യോഗസ്ഥരും ഉൾപ്പെട്ടിരുന്നതായി മനസ്സിലായി. ഇവർക്ക് പുറമെ കോവിഡ് കാലത്ത് പണി നഷ്ടപ്പെടാതിരുന്ന അംഗൻവാടി ജീവനക്കാർ, പഞ്ചായത്ത്, മെഡിക്കൽ, ആശുപത്രി ജീവനക്കാർ എന്നിവരും ഉണ്ടായിരുന്നു. ഇവരെല്ലാം ചേർന്ന് 123 പേർ (9.8%) ഉണ്ട്, (പട്ടിക 8 ). തൊഴിലുറപ്പിൽ പെട്ടവർ 240 പേർ (19.1%) ഉണ്ടായിരുന്നു.

പട്ടിക 8- തൊഴിൽ നിലനിന്നതും നഷ്ടപ്പെട്ടതും

യഥാർത്ഥത്തിൽ തൊഴിലുറപ്പിൽ പെട്ടവർക്ക് സാങ്കേതികമായി തൊഴിൽ നഷ്ടപ്പെടുന്നില്ല. കാരണം അവർക്ക് ലോക്ഡൗൺ കാലത്ത് തന്നെ പണി ലഭിക്കണമെന്നില്ല. വർഷത്തിൽ 100 ദിവസം പണി ലഭിച്ചാൽ മതി. അത് ഇനിയുമാകാം. നമ്മുടെ കണക്ക് കൂട്ടലിൽ നിന്ന് തൊഴിലുറപ്പുകാരെ മാറ്റിയാൽ ഇക്കാലയളവിൽ പണി കിട്ടിയത് ആഴ്ചയിൽ ശരാശരി ഒരു ദിവസം മാത്രമാണ്. എന്നാൽ, ശ്രദ്ധിക്കേണ്ട കാര്യം 65 വയസ്സിന് മുകളിലുള്ളവർക്ക് ഇക്കാലത്ത് തൊഴിലുറപ്പിൽ പണി അനുവദിച്ചിരുന്നില്ല. അവരുടേത് കോവിഡ് കാലത്തെ യഥാർത്ഥ നഷ്ടം തന്നെയാണ്.

മറ്റൊരു വിഭാഗം ഗൾഫ് തൊഴിലാളികളാണ്; 158 പേർ (12.6%) ഗൾഫിൽ പണിയെടുക്കുന്നവരായുണ്ട്. ഞങ്ങളുടെ സർവ്വെയിൽ തിരിച്ചുവന്നവരും വരാത്തവരും ഉള്ള കുടുംബങ്ങളെ പൊതുവിൽ ഗൾഫ് എന്നാണ് ചേർത്തുപോയത്. മാത്രമല്ല, മെയ് രണ്ടാമത്തെ ആഴ്ചയോടെയാണ് പുറത്തുനിന്ന് കൂടുതൽ പേർ വരാൻ തുടങ്ങിയത്. ലോക്ഡൗൺ കാലത്ത് ആരും വന്നിരുന്നില്ലല്ലോ. അതിനാൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഗൾഫ് പ്രവാസികളെ ഉൾപ്പെടുത്തുന്നില്ല. ആ രീതിയിൽ കണക്കാക്കുമ്പോൾ മൊത്തം പണിക്ക് പോകുന്ന 1256 പേരിൽ 521 പേർക്ക് (41.5%) ഇക്കാലത്ത് പണിയും വേതനവും നഷ്ടപ്പെടുന്നില്ല. ബാക്കി 735 (58.5%) പേർക്കാണ് തൊഴിലും കൂലിയും ഇല്ലാതായത്, (പട്ടിക 8 ). അവരിൽ നല്ലൊരു ഭാഗം ഇപ്പോഴും കോവിഡിന് മുമ്പത്തെ അവസ്ഥയിലേക്ക് എത്തിയിട്ടുമില്ല.

പട്ടിക 9- തൊഴിൽ വേതന നഷ്ടം (യഥാർത്ഥ കൂലിയിൽ)

ഈ 735 പേർ 59 തരം പണികൾ എടുത്തിരുന്നു. എങ്കിലും കൂടുതൽ പേർ പണിയെടുക്കുന്ന 9 തരം പ്രവൃത്തികളും ബാക്കി 50 തരം പണികൾ (ഓരോന്നിലും ഒന്നോ രണ്ടോ പേർ) ഒന്നിച്ച് "മറ്റു ജോലികൾ' എന്ന നിലയിലും കണക്കാക്കിയിരിക്കുന്നു. (പട്ടിക 9). ഈ 735 പേർക്ക് കോവിഡിന് മുമ്പ് ശരാശരി 5.33 ദിവസത്തെ പണി കിട്ടിയിരുന്നു. കോവിഡ് കാലത്ത് ഇത് 0.62 ദിവസമായി കുറഞ്ഞു. അതായത് ഒരാഴ്ചയിൽ 4.71 ദിവസത്തെ കുറവ്. അവരിൽ ഓരോ വിഭാഗത്തിനും നഷ്ടപ്പെട്ട തൊഴിലും ലഭിക്കുന്ന വേതനവും (സ്ത്രീ-പുരുഷ വ്യത്യാസം കണക്കിലെടുത്ത്) പ്രത്യേകം ശേഖരിച്ച് തൊഴിൽ, വേതന നഷ്ടം കണക്കാക്കിയിരുന്നു. (പട്ടിക 9 ).

പട്ടിക 9 തുടർച്ച

ഇതനുസരിച്ച് നൊച്ചാട് പഞ്ചായത്തിൽ കോവിഡ് ലോക്ഡൗൺ കാലത്തെ രണ്ട് മാസത്തെ വേതന നഷ്ടം (നിത്യക്കൂലിക്കാരുടേത് മാത്രം) 16.98 കോടി രൂപ വരും. ഇതോടൊപ്പം 65 വയസ്സിന് മീതെയുള്ള തൊഴിലുറപ്പുകാർക്ക് നഷ്ടപ്പെട്ടതും ഗൾഫിൽ നിന്നുള്ള വരുമാനക്കുറവും ഒക്കെ പരിഗണിക്കേണ്ടതാണ്. കൃത്യത ഇല്ലാത്തതിനാൽ അവ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. എന്തായാലും നൊച്ചാട് പോലെ ചെറിയൊരു ഗ്രാമപഞ്ചായത്തിൽ കോവിഡിന്റെ ലോക്ഡൗൺ കാലത്ത് 17 കോടി രൂപയുടെയെങ്കിലും വേതന നഷ്ടം ഉണ്ടായിരിക്കുന്നു.

വരുമാനനഷ്ടം 18 കോടി

ഇത് കൂടിയ കൂലി, കുറഞ്ഞ കൂലികൾക്കിടയിലെ ശരാശരി അടിസ്ഥാനമാക്കിയുള്ള വരുമാന നഷ്ടം കണക്കാക്കലാണ്. ഏറ്റവും കൂടുതൽ പേർ പണിയെടുക്കുന്ന രണ്ട് രംഗങ്ങളിലാണ് പൊതുവിൽ കൂടുതലും കുറഞ്ഞതുമായ കൂലി നിലവിലുള്ളത്. അവ യഥാക്രമം കെട്ടിട നിർമ്മാണവും തൊഴിലുറപ്പുമാണ്.

ഇവരുടെ കൂലി സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തി. ദിവസക്കൂലി കൂടുതൽ നിർമ്മാണതൊഴിലിനാണ്. സ്ത്രീ-പുരുഷ വേതനത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇരുകൂട്ടർക്കും കൂടുതൽ കൂലി ലഭിക്കുന്നത് നിർമ്മാണ രംഗത്താണ്. യഥാക്രമം 1000 രൂപ, 850 രൂപ എന്നിങ്ങനെ. മിനിമം കൂലി ലഭിക്കുന്നത് തൊഴിലുറപ്പിനായതിനാലും അവിടെ വേതനവ്യത്യാസം ഇല്ലാത്തതിനാലും ഇരുകൂട്ടർക്കും മിനിമം വേതനം തുല്യമാണ് - 294 രൂപ. ഇവയുടെ ശരാശരിയാണ് ഇവർക്കിടയിലെ ഒരു ദിവസത്തെ ശരാശരി വേതനമായി കണക്കാക്കിയത്.

അതായത് പുരുഷന് ദിവസം 647 രൂപയും സ്ത്രീക്ക് 572 രൂപയും. ഇതനുസരിച്ച് കണക്കാക്കിയ വേതനത്തിന്റെ വിശദാംശങ്ങൾ പട്ടിക 10 ൽ നൽകിയിരിക്കുന്നു. കോവിഡിന് മുമ്പ് ഒരാഴ്ചത്തെ വേതനമെന്നാൽ പുരുഷൻ 647 X 5.49 ഉം സ്ത്രീക്ക് 572 X 5.49 ഉം ആയിരിക്കും. അതായത് പുരുഷന് ആഴ്ചയിൽ 3552 രൂപയും സ്ത്രീക്ക് ആഴ്ചയിൽ 3140 രൂപയും.

അതനുസരിച്ച് പഞ്ചായത്തിലെ നിത്യകൂലി തൊഴിലാളികളായ 52% പുരുഷന്മാരുടെയും 22% സ്ത്രീകളുടെയും ഒരാഴ്ചത്തെ വേതന വരുമാനം യഥാക്രമം 2.48 കോടി രൂപയും, 98.94 ലക്ഷം രൂപയുമായിരിക്കും. ഇത് രണ്ട് മാസത്തേക്ക് (എട്ടാഴ്ചത്തേക്ക്) കണക്കാക്കിയാൽ 19.81 കോടി രൂപയും 7.91 കോടി രൂപയും വരും. അതായത് മൊത്തം 27.75 കോടി രൂപ. ഈ അളവിൽ കോവിഡിന് മുമ്പ് ലഭിച്ചിരുന്ന വരുമാനത്തിലാണ് 65% ത്തിന്റെ കുറവുണ്ടായത്. അതായത് കോവിഡ് കാലത്തെ നിത്യക്കൂലി ഇനത്തിൽ മാത്രമുണ്ടായ നൊച്ചാട് പഞ്ചായത്തിലെ വരുമാന നഷ്ടം 18 കോടി രൂപയായിരിക്കും.

തൊഴിൽ നഷ്ടം മൂന്നുലക്ഷം ദിനങ്ങൾ

തൊഴിൽ ദിനങ്ങളിലെ നഷ്ടം കണക്കാക്കുമ്പോൾ ഇത് 2.3 ലക്ഷത്തോളം വരും. അതായത് സാമ്പിൾ ജനസംഖ്യയിൽ 58.5% പേർക്കാണ് തൊഴിൽ നഷ്ടപ്പെടുന്നത്. 735 പേർ. പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുമായി ബന്ധപ്പെടുത്തി കണക്കാക്കുമ്പോൾ തൊഴിലിനു പോകുന്നവർ 10,259 പേർ (37%) വരും. അവരിൽ 58.5% ആണ് അതായത് 6002 പേർക്കാണ് തൊഴിൽനഷ്ടം. അവർക്ക് ഒരാഴ്ചത്തെ തൊഴിൽ നഷ്ടം (6002 X 4.71) 28629 ദിനങ്ങളാണ്. അതിനെ പരിശോധനാകാലമായ എട്ട് ആഴ്ചയിലേക്ക് കണക്കാക്കിയാൽ 2.26 ലക്ഷം തൊഴിൽ ദിനത്തിന്റെ നഷ്ടം ആയിരിക്കും. ഇതോടൊപ്പം അക്കാലത്തെ തൊഴിലുറപ്പ്, ഗൾഫ് തൊഴിൽ എന്നിവ കൂടി പരിഗണിച്ചാൽ തൊഴിൽ നഷ്ടം 3 ലക്ഷം തൊഴിൽ ദിനങ്ങളോളം വരുന്നുണ്ട്.

തൊഴിൽ വേതന നഷ്ടം

മുകളിൽ നൽകിയ കണക്കുകൂട്ടലുകളിൽ പരിമിതികൾ ഉണ്ടായേക്കാമെന്ന് ഞങ്ങൾ അംഗീകരിക്കുന്നു. എന്നാലും, ഒരു പ്രാഥമിക അവലോകനം എന്ന നിലയിൽ ഈ കണ്ടെത്തലുകൾ പ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. എല്ലാറ്റിന്റെയും മിനിമം വെച്ചാണ് ഞങ്ങൾ കണക്കാക്കിയത്. രണ്ട് മാസത്തേക്കാണ് കണക്ക്. എന്നാൽ, ഇപ്പോഴും ജോലി തുടരാൻ കഴിയാത്ത, എന്നുവെച്ചാൽ മെയ് മുതൽ ഒക്ടോബർ വരെ കോവിഡിന്റെ മുമ്പത്തെ അവസ്ഥയിലെത്താൻ കഴിഞ്ഞിട്ടില്ലാത്ത ധാരാളം പേരുണ്ട്. ബസ്​, ടാക്സി, ഹോട്ടൽ, ബ്യൂട്ടീഷ്യൻ, ടെയ്​ലർ, ദന്തഡോക്ടർ എന്നീ രംഗങ്ങളിലൊക്കെ ഇത് ബാധകമാണ്.

നിത്യക്കൂലിയല്ലാത്ത രീതിയിലുള്ള വരുമാനനഷ്ടവും പ്രധാനമാണ്. ഉദാഹരണം ഗൾഫിൽ നിന്നുള്ള വരുമാനം, കാർഷിക രംഗത്ത് നിന്ന് കിട്ടുമായിരുന്ന വരുമാനം, വീടുകളിൽ നിന്നും പാൽ, മുട്ട, കോഴി എന്നിവയൊന്നും വിൽക്കാൻ കഴിയാതെ വന്നത് വഴിയുള്ള നഷ്ടം, വാടക ഇനത്തിലുള്ള വരുമാനം ലഭിക്കാതിരിക്കുന്നത് എന്നിങ്ങനെ. ഇതിനെല്ലാം ഉപരിയാണ് സ്വന്തമായി പല സംരംഭങ്ങളും നടത്തിയവർക്കുണ്ടായ വ്യക്തിപരമായ നഷ്ടങ്ങൾ. ഇതിനു പുറമെ വായ്പ എടുത്ത് സാധനസാമഗ്രികൾ വാങ്ങിവെച്ച, എന്നാൽ ഉപയോഗിക്കാൻ കഴിയാതെ പോയ വാടകക്കടകൾ പോലുള്ളവരുടെ നഷ്ടം. ഇവർക്ക് വരുമാനം ലഭിച്ചില്ലെന്ന് മാത്രമല്ല, ബാങ്കിൽ പലിശ നൽകേണ്ടതിനാൽ നഷ്ടവും സഹിക്കേണ്ടിവന്നു. ഇവയെല്ലാം ഒന്നിച്ച് പരിഗണിച്ചാൽ സമൂഹത്തിൽ മൊത്തം ഉണ്ടായിട്ടുള്ള യഥാർത്ഥ നഷ്ടം നമ്മുടെ കണക്ക് കൂട്ടലിനേക്കാൾ എത്രയോ കൂടുതലായിരിക്കും. എങ്കിലും നിത്യക്കൂലി ഇനത്തിലുള്ള നഷ്ട കാര്യത്തിൽ ഈ കണക്കെടുപ്പ് ഒരു പ്രധാന കാൽവെപ്പായിരിക്കും.

കോവിഡ് കാലം എല്ലാ അർത്ഥത്തിലും സാമൂഹ്യ സാമ്പത്തിക ജീവിതം സ്തംഭിച്ച കാലമായിരുന്നു എന്ന പൊതുനിരീക്ഷണത്തെ സ്പഷ്ടീകരിക്കുന്നതാണ് ഞങ്ങളുടെ ഈ പ്രാഥമിക സർവ്വെ നൽകുന്ന വിവരങ്ങൾ.

പ്രധാന നിർദ്ദേശങ്ങൾ

തൊഴിലിലും കൂലിയിലും ഉണ്ടായ യഥാർത്ഥ നഷ്ടം ഞങ്ങൾ കണ്ടെത്തിയതിനേക്കാൾ കൂടുതലാകാനാണ് സാധ്യത. അതിനാൽ അതിന്റെ പ്രശ്നങ്ങൾ കൂടുതൽ കാലം നീണ്ടുനിൽക്കാനിടയുണ്ട്. പ്രശ്നത്തിന്റെ തീവ്രത കുറയ്ക്കാൻ കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്താൻ കഴിയുംവിധം വികസന പദ്ധതികൾ ആവിഷ്‌കരിക്കണം.

ഭീഷണി ഒഴിവാകുന്നില്ല. കാലാവസ്ഥാ വ്യതിയാനവും മനുഷ്യ ഇടപെടലും കൂടുതൽ പ്രകൃതി ദുരന്തങ്ങൾക്കിടയാക്കും. അതിനാൽ, തൊഴിലവസരങ്ങൾ കണ്ടെത്തുമ്പോൾ തന്നെ, അത് പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്ന രീതിയിലായിരിക്കണം.

പഞ്ചായത്തിൽ മൊത്തം ലഭ്യമായ മനുഷ്യാധ്വാനം, പ്രകൃതി വിഭവം എന്നിവ തിട്ടപ്പെടുത്തണം.

താറുമാറായ സാമൂഹ്യജീവിതം പൂർവ്വസ്ഥിതിയിലാക്കാൻ വേണ്ടി ജനകീയ കൂട്ടായ്മകൾ, കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾ, കൂടിച്ചേരലുകൾ എന്നിവയും മതേതര-ജനാധിപത്യ വേദികളും വിപുലപ്പെടുത്തേണ്ടതുണ്ട്.

കക്ഷിരാഷ്ട്രീയത്തിനതീതമായി മാനവസൗഹൃദം ശക്തിപ്പെടുത്തും വിധം വികസന സംസ്‌കാരവും വിശാലമായ വികസന രാഷ്ട്രീയവും സാധ്യമാക്കണം.

(നൊച്ചാട്​ ഗ്രാമപഞ്ചായത്ത്​ ഭരണസമിതി പ്രസിദ്ധീകരിച്ച ‘കോവിഡും ജീവിതവും: നൊച്ചാടിന്റെ നേർക്കാഴ്​ചകൾ’ എന്ന കൃതിയിൽനിന്ന്​)

Comments