“ഉപ്പാന്റെ ചെറിയൊരു ശരീരഭാഗം മാത്രമാണ് കിട്ടിയത്. അത് കേട്ടപ്പോൾ വല്ലാതെ തളർന്നു പോയി. ഇനി അനിയനെയും ഉമ്മയുടെ ആങ്ങളയുടെ മോളെയും കൂടി കിട്ടാനുണ്ട്.” വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ 11 പേരെ നഷ്ടമായ സനൂജയുടെ വാക്കുകളാണിത്. ഇടർച്ചയോടെ തകർന്നുകലങ്ങിയ മാനസികാവസ്ഥയിലാണ് സനൂജ സംസാരിച്ചത്. മുണ്ടക്കൈയിലെ തോട്ടം തൊഴിലാളികളായിരുന്നു സനൂജയുടെ ഉപ്പ ബഷീറും ഉമ്മ സീനത്തും. തോട്ടം തൊഴിലാളികളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി തന്റെ കുട്ടിക്കാലത്ത് ഉമ്മ ജയിലിലായതും സനൂജ ഓർക്കുന്നു. സനൂജയുടെ ഉപ്പ, സഹോദരൻ അപ്പൂസെന്ന സൽമാൻ ഫാരിസ്, അമ്മാവന്റെ മകൾ സന മറിയം എന്നിവരെയാണ് ഇനിയും കിട്ടാനുള്ളത്. ഉപ്പയുടെ ചെറിയൊരു ശരീരഭാഗം ലഭിച്ചതായി ഡി.എൻ.എ ഫലം വന്നെങ്കിലും അടക്കം ചെയ്യാൻ മാത്രമില്ലാത്തതിനാൽ തിരുവനന്തപുരത്തെ ലാബിലാണ് ഇപ്പോഴുമുള്ളത്. ഇതെല്ലാം സനൂജയെ വല്ലാതെ തളർത്തുന്നുണ്ട്. ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നതിനിടയിൽ വീടിന്റെ അടുക്കളയിൽ നിന്നും തീ ആളിക്കത്തി. വെളിച്ചെണ്ണയൊഴിച്ച പാത്രം അടുപ്പത്ത് വെച്ചത് മറന്നതായിരുന്നു. തീ കെടുത്തുന്നതിനിടയിൽ ഇപ്പോ എല്ലാ ദിവസവും ഇങ്ങനെയാണെന്നാണ് സനൂജ പറഞ്ഞത്. ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മറന്നു പോകുന്നു, അത്രയും വലിയ മാനസികാഘാതമാണ് മുണ്ടക്കൈ ഉരുൾപൊട്ടൽ അവരിൽ ബാക്കിയാക്കിയത്. കഴിഞ്ഞ ആറ് മാസത്തോളമായി തന്റെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെയോർത്ത് മരിച്ച് ജീവിക്കുകയാണ് സനൂജയെപോലെയുള്ള മുണ്ടക്കൈയിലെ മനുഷ്യർ.
മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവരെ മരിച്ചവരായി കണക്കാക്കി അവരുടെ ആശ്രിതർക്ക് മരണസർട്ടിഫിക്കറ്റ് കൈമാറാനാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനം. ദുരന്തത്തിൽ കാണാതായ 32 പേരുടെ ലിസ്റ്റാണ് ഡിഡിഎംഎ പുറത്തുവിട്ടത്. കാണാതായവരുടെ ആശ്രിതർക്ക് അർഹമായ നഷ്ടപരിഹാരവും ആനുകൂല്യങ്ങളും നൽകുന്നതിനാണ് അഞ്ചുമാസങ്ങൾക്കിപ്പുറം സംസ്ഥാന സർക്കാർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ട്രൂ കോപ്പി തിങ്ക് ഇവരെയെല്ലാം ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഇവരിൽ പലരും തങ്ങൾ സംസാരിക്കാനുള്ള മാനസികാവസ്ഥയിലല്ല എന്നാണ് പറഞ്ഞത്. ആറ് മാസത്തോളമായി തങ്ങളുടെ പ്രിയപ്പെട്ടവരെയോർത്ത് വിഷമിച്ചിരിക്കുന്ന ഈ മനുഷ്യരോട് നീതിപുലർത്തണമെന്നാണ് മുണ്ടക്കൈ ദുരിതബാധിതർ പറയുന്നത്.

ദുരന്തത്തിൽ കാണാതായവരുടെ അന്തിമ പട്ടിക പുറത്തുവിട്ട് എത്രയും പെട്ടന്ന് മരണസർട്ടിഫിക്കറ്റ് നൽകാമെന്ന് പറയുമ്പോഴും ഇതിനും കടമ്പകൾ ഏറെയാണ്. പ്രാദേശികതല സമിതികളും സംസ്ഥാനതല സമിതികളും രൂപീകരിച്ച് കാണാതായവരെ സംബന്ധിച്ച പട്ടിക തയ്യാറാക്കി അത് വിശദമായി പരിശോധിച്ച ശേഷമാണ് മരണസർട്ടിഫിക്കറ്റ് നൽകുന്ന നടപടികൾ ആരംഭിക്കുക. ഇതിന്റെ ആദ്യപടിയായി ഉരുൾപൊട്ടലിൽ കാണാതായവരുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ നിന്ന് റവന്യൂ ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കണമെന്നാണ് സംസ്ഥാന ദുരന്തനിവാരണ വകുപ്പ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്.

തുടർന്ന് കാണാതായവരുടെ പട്ടിക തയ്യാറാക്കുന്നതിനായി വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി, സ്റ്റേഷൻ ഹൗസ് ഓഫീസർ എന്നിവരടങ്ങിയ പ്രാദേശികസമിതി രൂപീകരിക്കണം. ഈ സമിതി ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച് കാണാതായവരെ കണ്ടെത്താൻ സാധിച്ചിട്ടുണ്ടോയെന്ന പ്രത്യേക റിപ്പോർട്ടും തയ്യാറാക്കണം. പ്രാദേശി സമിതിയുടെ റിപ്പോർട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിച്ച് ഇത് പരിശോധിച്ച് സംസ്ഥാനതല സമിതിയ്ക്ക് സൂക്ഷ്മപരിശോധനക്കായി അയക്കണം. സംസ്ഥാന തല സമിതി സൂക്ഷ്മ പരിശോധനക്കു ശേഷം സർക്കാരിന് റിപ്പോർട്ട് നൽകുകയും പട്ടികയിൽ ഉൾപ്പെട്ടവരെ മരിച്ചവരായി കണക്കാക്കി അടുത്ത ബന്ധുക്കൾക്ക് ധനസഹായം നൽകുന്നതടക്കമുള്ള സർക്കാർ ഉത്തരവ് ഇറക്കണമെന്നുമാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി 13-01-2025 നു പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. 2024 ജൂലൈ 30 നാണ് ദുരന്തം സംഭവിച്ചതെന്നാണ് ഇതിലെ ഏറ്റവും വലിയ വൈരുദ്ധ്യം. ദുരന്തം സംഭവിച്ച ആദ്യ നാളുകളിലുള്ളതിനേക്കാൾ മോശം അവസ്ഥയിലാണ് ഇപ്പോൾ മുണ്ടക്കൈയിലെ ഓരോ മനുഷ്യരും ജീവിക്കുന്നത്. ഓരോ ദിവസവും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട മനുഷ്യരെയോർത്ത് വിലപിക്കുകയാണ് ഈ മനുഷ്യർ. തിരച്ചിൽ അവസാനിച്ചതും തിരിച്ചറിയാൻ ബാക്കിയുള്ള ശരീരഭാഗങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലം കിട്ടാൻ വൈകുന്നതും ഈ മനുഷ്യരെ വല്ലാതെ തളർത്തുന്നുണ്ട്. അപ്പോഴും ഇങ്ങനെയൊരു സർക്കുലർ പുറപ്പെടുവിക്കാൻ തന്നെ സർക്കാരിന് അഞ്ചു മാസം സമയമെടുക്കേണ്ടി വന്നു.

“ഡെത്ത് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സർക്കാർ തീരുമാനം. അതിന്റെ നടപടികൾ ആരംഭിച്ചിട്ടുണ്ട്. പക്ഷെ അതിന് കുറെ മാനദണ്ഡങ്ങളുണ്ട്. അതിന്റെ ഭാഗമായി അദാലത്ത് നിശ്ചയിച്ചിട്ടുണ്ട്. കാണാതായവരുടെ കുടുംബത്തിൽ ബാക്കിയുള്ള കാണാതായവരുമായി നേരിട്ട് ബന്ധമുള്ള മുഴുവൻ ആളുകളെയും വിളിച്ചുവരുത്തി കാര്യങ്ങൾ ചോദിച്ചറിഞ്ഞ ശേഷമാണ് ഡെത്ത് സർട്ടിഫിക്കറ്റ് നൽകുക. ഇപ്പോ അദാലത്ത് നടന്നുകൊണ്ടിരിക്കുകയാണ്. കാണാതായവരുടെ കുടുംബാംഗങ്ങൾ അദാലത്തിലെത്തി വിവരങ്ങൾ നൽകുന്നുണ്ട്. അദാലത്ത് നടക്കുന്നത് കൊണ്ട് തന്നെ കാണാതായവരുടെ ഫൈനൽ ലിസ്റ്റ് വന്നിട്ടില്ല.” - ദുരിതബാധിതർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ചെയർമാൻ നസീർ അലക്കൽ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
എന്നാൽ ആറ് മാസം പിന്നിട്ടിട്ടും തുടരുന്ന നടപടി ക്രമങ്ങൾ ഇനിയും വൈകുമോയെന്ന ആശങ്ക കാണാതായവരുടെ കുടുംബാംഗങ്ങൾക്ക് ഇപ്പോഴുമുണ്ട്. അദാലത്തും മറ്റ് സർക്കാർ നടപടികളുമെല്ലാം പെട്ടന്ന് പൂർത്തിയാക്കണമെന്ന് തന്നെയാണ് ദുരിതബാധിതരുടെ പ്രധാന ആവശ്യം.
“ഒരു മാസം കൊണ്ട് ഡെത്ത് സർട്ടിഫിക്കറ്റ് തരാമെന്നാണ് ദുരന്തം നടന്നയുടനെ ഞങ്ങളോട് പറഞ്ഞിരുന്നത്. ഇപ്പൊ ആറ് മാസം കഴിഞ്ഞു. ഇത് വരെ ഒന്നുമായിട്ടില്ല. ഇനിയുമെത്ര കാലതാമസമെടുക്കുമെന്ന് അറിയില്ല. ഓരോരുത്തരും എവിടെയാണ് എന്ന് അറിയാനുള്ള ആഗ്രഹം കൊണ്ടാണ്. അതിന് കഴിയില്ലെങ്കിൽ എത്രയും പെട്ടന്ന് ഡെത്ത് സർട്ടിഫിക്കറ്റ് തരണം. ഡെത്ത് സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാമെന്നാണ് ഏറ്റവുമൊടുവിൽ സർക്കാർ പറഞ്ഞത്. അതിനായി കുറെ സമിതിയെ എല്ലാം നിയോഗിച്ചിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി അവരുടെ തീരുമാനങ്ങളും പഠനങ്ങളും കഴിഞ്ഞ് ഇനിയും എപ്പോഴാണ് സർട്ടിഫിക്കറ്റ് കിട്ടുക എന്ന് അറിയില്ല. ദുരിതബാധിതരോട് ചെയ്യേണ്ട പരിഗണന തന്നെ ഇനി അവരെ ബുദ്ധിമുട്ടിക്കാതിരിക്കുക എന്നതാണ്. ഇത്രയും ഒഫീഷ്യൽസ് വയനാട്ടിലുണ്ട്. ദുരിതബാധിതർ ഇനിയും ഓഫീസുകൾ കയറിയിറങ്ങി മാനസികമായി തകരുന്ന സാഹചര്യം വരരുത്. നഷ്ടങ്ങൾ സംഭവിച്ചു, അതിന് പുറമെ ഇനിയും ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഉണ്ടാവരുത്. അതിലുപരി പുത്തുമല പൊതുശ്മശാനത്തിൽ ഇനിയും തിരിച്ചറിയാത്ത ബോഡികളുണ്ട്. അത് കൊണ്ട് ഡി.എൻ.എ പരിശോധന ഇനിയും നടക്കണം.” - വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപ്പയെ കാണാതായ സഫാദ് ട്രൂകോപ്പിതിങ്കിനോട് പറഞ്ഞതാണിത്.

പുത്തുമല പൊതുശ്മശാനത്തിൽ തിരിച്ചറിയാൻ ബാക്കിയുള്ള ശരീരഭാഗങ്ങളുടെ ഡി.എൻ.എ റിപ്പോർട്ട് ഇനിയും പൂർത്തിയായിട്ടില്ല. തിരിച്ചറിയപ്പെടാത്ത ശരീരഭാഗങ്ങൾ തങ്ങളുടെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടേയോ ആയിരിക്കുമെന്ന പ്രത്യാശയിലാണ് ഇനിയും കിട്ടാനുള്ള 32 പേരുടെയും കുടുംബാംഗങ്ങൾ പുത്തുമലയിലെത്തുന്നത്.
“പുത്തുമലയിലെ തിരിച്ചറിയപ്പെടാത്ത ബോഡികളുടെ ഡി.എൻ.എ കിട്ടുകയാണെങ്കിൽ സൗകര്യമായിരുന്നു. തിരിച്ചറിഞ്ഞ ബോഡികളുടെ കുഴിമാടത്തിനരികെ അവരുടെ പേരും ഫോട്ടോയുമൊക്കെ അവരവരുടെ കുടുംബക്കാർ കൊണ്ട് വെച്ചിട്ടുണ്ട്. ബാക്കിയുള്ള കുഴിമാടങ്ങളിൽ ഏതെങ്കിലുമൊന്നിൽ എന്റെ അമ്മയായിരിക്കുമെന്ന പ്രതീക്ഷയിലാണ് അവിടെ പോകാറുള്ളത്. അമ്മയുടെ കുഴിമാടത്തിലും ഫോട്ടോയും പേരും വെക്കാൻ താൽപര്യമുണ്ടായിരുന്നു. എന്നാൽ അമ്മയെ തിരിച്ചറിയാതെ ഏത് കുഴിയിലാണ് അമ്മയുള്ളത് എന്ന ആശങ്കിയിൽ അവിടെ പോകുന്നത് വല്ലാതെ സങ്കടപ്പെടുത്തുന്നുണ്ട്. മുണ്ടക്കൈയിൽ ഇനിയും ബോഡികൾ ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. അത് കൊണ്ട് തിരച്ചിൽ തുടരണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. പക്ഷെ അത് ഇത് വരെ നടന്നിട്ടില്ല.” - ദുരന്തത്തിൽ അമ്മയെ കാണാതായ മുരളീധരൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.

മന്ത്രിക്കും കളക്ടർക്കുമെല്ലാം ഇനിയും തിരച്ചിൽ നടത്താനുള്ള നിവേദനം നൽകിയിട്ടും ഒരു കാര്യവുമുണ്ടായില്ലെന്നാണ് കാണാതായവരുടെ കുടുംബാംഗങ്ങൾ പറയുന്നത്.
“പൂർണമായി തിരച്ചിൽ നടക്കില്ലെന്നാണ് പറയുന്നത്. മാനസികമായി വലിയ സങ്കടമുണ്ടാക്കുന്ന കാര്യമാണത്. 32 പേർ ഇനിയും കിട്ടാനുണ്ടായിട്ടും മുണ്ടക്കൈ ഉരുൾപൊട്ടൽ മേഖല ഇപ്പോൾ ടൂറിസ്റ്റുകളുടെ കേന്ദ്രമായി മാറുകയാണ്. കാണാതായവരുടെ നെഞ്ചത്ത് ചവിട്ടിയാണ് ഇങ്ങനെ പോകുന്നത്. ഇത്രയും വിഷമത്തിൽ കഴിയുന്ന ഒരുപാട് രക്ഷിതാക്കളും സഹോദരങ്ങളും മക്കളുമെല്ലാമുണ്ട്. അത് കൊണ്ട് നൂറ് ശതമാനം തിരച്ചിൽ നടക്കണം. അല്ലെങ്കിൽ ഡി.എൻ.എ റിപ്പോർട്ട് എങ്കിലും തരണം.” - ദുരന്തത്തിൽ രണ്ട് മക്കളെ നഷ്ടമായ സുബൈർ ട്രൂ കോപ്പിതിങ്കിനോട് പറഞ്ഞു.

32 പേർ ഇനിയും കാണാമറയത്തുള്ളതിനാൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം കൃത്യമായി നൽകുന്നതും തടസ്സമാകുന്നുണ്ട്. ഒരാൾ മാത്രം ബാക്കി വന്ന കുടുംബത്തിൽ ഒന്നോ രണ്ടോ പേരെ കണ്ടുകിട്ടിയില്ലെങ്കിൽ നഷ്ടപരിഹാരം കൃത്യമായി നൽകാൻ കഴിയില്ല.
“ഒരാളൊക്കെ ബാക്കി വന്ന കുടുംബങ്ങളുണ്ട്. അഞ്ചു പേരുള്ള കുടുംബമാണെങ്കിൽ രണ്ട് പേരുടെ ബോഡിയോ ഡി.എൻ.എയോ ലഭിച്ചിട്ടുണ്ടാകും. രണ്ട് പേരുടെ ചിലപ്പോൾ കിട്ടിയിട്ടുണ്ടാവില്ല. അപ്പോൾ മരിച്ച ആളുകൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം അവശേഷിച്ച ആളുകൾക്ക് ലഭിക്കണമെങ്കിൽ മറ്റ് രണ്ട് പേരുടെ കൂടി ഡെത്ത് സർട്ടിഫിക്കറ്റ് കിട്ടണം. കാരണം അവരും അവകാശികളാണ്. ഇങ്ങനെയുള്ള ഒരു സങ്കടകരമായ അവസ്ഥയുണ്ട്.” - ആക്ഷൻ കമ്മിറ്റി കൺവീനർ ഷാജി മോൻ ട്രൂ കോപ്പി തിങ്കിനോട് പറഞ്ഞു.
കുടുംബത്തിൽ 11 പേർ നഷ്ടമായ സനൂജ ഇതിന് ഉദാഹരണമാണ്. സനൂജയുടെ കുടുംബത്തിൽ ഉപ്പയും ഉമ്മയും സഹോദരങ്ങളുമെല്ലാം നഷ്ടമായി. അതിൽ ഒരു സഹോദരനെ ഇനിയും കിട്ടിയിട്ടില്ലാത്തതിനാൽ സർക്കാർ സഹായത്തിന്റെ അവകാശികളിൽ കാണാതായ സഹോദരനും ഉൾപ്പെടും. അത് മാറണമെങ്കിൽ ആ സഹോദരൻ എവിടെയെന്ന് അറിയണം. ഡി.എൻ.എ ഫലമോ ഡെത്ത് സർട്ടിഫിക്കറ്റോ ലഭിക്കണം. എന്നാൽ ഇത് വൈകുന്നതോടെ നഷ്ടപരിഹാരവും വൈകുന്ന അവസ്ഥയുണ്ടാകുന്നു. ഇത് കൂടാതെ കാണാൻ ബാക്കിയുള്ളവർക്ക് ലോണോ മറ്റ് വായ്പ ഇടപാടുകളോ ഉണ്ടെങ്കിൽ അതിലെല്ലാം തീരുമാനമാകാൻ ഡെത്ത് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കഴിഞ്ഞ അഞ്ചുമാസമായി തുടരുന്ന ഈ വൈകൽനടപടി എല്ലാം നഷ്ടമായ, ജീവിതത്തിന്റെ താളം പൂർണമായും തെറ്റിയ ഈ മനുഷ്യരെ വല്ലാതെ വേട്ടയാടുന്നതാണ്.