മലപ്പുറത്തെ എം.എസ്.പി. ആസ്ഥാനം / Photo: Wikimedia Commons

എം.എസ്.പി. എന്ന കൊളോണിയൽ പദ്ധതിക്ക് നൂറാണ്ടു തികയുമ്പോൾ

മലബാറിനൊരു പ്രത്യേക പൊലീസ്

1921 ൽ എം.എസ്.പി.യുടെ രൂപീകരണത്തിന് കാരണമായ മലബാർകലാപത്തിന് 100 വർഷം പൂർത്തിയാവുന്ന ഈ വേളയിൽ എം.എസ്.പി.യുടെ അധിനിവേശാനന്തര ചരിത്രവും അനുഭവങ്ങളും കൂടുതൽ പുറത്തുവരട്ടെ, അങ്ങനെ ഔദ്യോഗിക ആഖ്യാനത്തിൽ വിട്ടുപോയ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനും സാധിക്കട്ടെ.

‘‘എനിക്ക് ഭാവി പ്രവചിക്കാൻ കഴിയില്ല. മാപ്പിളമാരുടെ തിരിച്ചടിക്കെതിരെ നാം കരുതിയിരിക്കുക എന്നതാണ് വിവേകം എന്നേ എനിക്ക് ആകെ പറയാൻ കഴിയൂ. സമാധാനം പുനഃസ്ഥാപിക്കുകയോ അല്ലെങ്കിൽ അതിനോടടുത്തു എത്തുകയോ ചെയ്യുമ്പോൾ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ഏതാനും പ്രധാന പ്രദേശങ്ങളിലായി നിലനിൽക്കുന്ന ബ്രിട്ടീഷ് സേനയ്ക്കുപുറമേ കൂടുതൽ സായുധസേന പോസ്റ്റുകൾ മലപ്പുറത്ത് തീർച്ചയായും വേണ്ടിവരും എന്ന് എനിക്ക് തോന്നുന്നു. തിരൂരങ്ങാടി, തിരൂർ, പെരിന്തൽമണ്ണ, പാണ്ടിക്കാട് എന്നിവിടങ്ങളിലായി ഈ പോസ്റ്റുകളിൽ ഓരോന്നിലും 70 പേർ വീതം ഉണ്ടാവുകയും നിയമലംഘകരെ പ്രതിരോധിക്കാനായി അവയ്ക്ക് ഒരു ഹെഡ് ക്വാർട്ടേഴ്സ് ഉണ്ടാവുകയും വേണം. കർണാട്ടിക് റെജിമെന്റിൽ നിന്നും മലബാർ ഇൻഫന്ററിയിൽ നിന്നും പിരിച്ചുവിട്ട നിരവധിയായ ഹിന്ദു ശിപായിമാരിൽ നിന്ന് തെരഞ്ഞെടുത്തവരെ സാധാരണ ഭടന്മാർ ആയി നിയമിക്കാം. നമുക്ക് വേണ്ടതരത്തിലുള്ള വിശ്വസ്തരായ ആളുകളെ തെരഞ്ഞെടുക്കാൻ മിസ്റ്റർ ഹിച്കോക്കിന് കഴിയും. മലപ്പുറം ഒരു മിലിറ്ററി സ്റ്റേഷനായി പുനഃസ്ഥാപിക്കുന്നതും ശക്തമായ ഒരു ഗാരിസണായി നിലനിർത്തുന്നതും ആവശ്യമാണ്. ആക്‌സിലറി പോലീസ് എന്ന പേരിൽ പോലീസ് സേനയുടെ ആസ്ഥാനം മലപ്പുറത്ത് ആവുകയും അവിടെ മറ്റു നാല് പോസ്റ്റുകളിലേക്കോ അവയുടെ സ്വാധീനമേഖലയ്ക്ക് പുറത്തേക്കോ പിന്തുണയ്ക്കായി ഏതുസമയവും മുന്നോട്ടുനീങ്ങാൻ തയ്യാറായി ഒരു ഡിറ്റാച്‌മെന്റിനെ നിലനിർത്തേണ്ടതുമാണ്. എല്ലാ സേനകളും മലപ്പുറം അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിന്റെ നിയന്ത്രണത്തിലായിരിക്കും. അവർ മാഗസിൻ റൈഫിളുകളാൽ സായുധരാവണം. ഞാൻ മനസ്സിൽ കാണുന്ന സേന, ഫലത്തിൽ യൂറോപ്യൻ സർജന്മാരുടെയും ഇൻസ്‌പെക്ടർമാരുടെയും പിന്തുണയുള്ള ഇന്ത്യൻ ഓഫിസർമാരാൽ ഭരിക്കപ്പെടുന്ന ഒരു മിലിറ്ററി പോലീസ് സേനയാണ്. അവരുടെ സംരക്ഷണത്തിന് കീഴിൽ സാധാരണ പൊലീസിന് തങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കാനും പിടികൊടുക്കാത്ത കലാപകാരികളെ അറസ്റ്റുചെയ്യാനും സാധിക്കും. തിരൂരങ്ങാടി ഡെപൂട്ടി തഹസിൽദാറുടെ കാര്യാലയം സ്ഥിതിചെയ്യുന്ന അംശമായ തൃക്കുളത്തെ ഒരു നായരിൽ നിന്ന് എനിക്കിപ്പോൾ ലഭിച്ച ഒരു റിപ്പോർട്ടിൽ അത്തരമൊരു ആവശ്യം വരച്ചുകാട്ടുന്നുണ്ട്. ട്രൂപ്പുകളുടെ വരവോടെ സ്ഥലംവിട്ടുപോയ മാപ്പിളമാർ മെല്ലെ തിരിച്ചുവരുന്നു, അവരിൽ പലരും ഇപ്പോഴും നിയന്ത്രിതാവസ്ഥയിലല്ല. സേനയെ സംഘടിപ്പിക്കാനും ഈ ഡിറ്റാച്ചുമെന്റുകളെ വസിപ്പിക്കാനുമുള്ള യോഗ്യമായ കെട്ടിടങ്ങൾ തെരഞ്ഞെടുക്കാനും സമയമെടുക്കുമെന്നതിനാൽ ഞാൻ ഇപ്പോൾ ഈ നിർദേശം മുന്നോട്ട് വെക്കുന്നു.''

1921 സെപ്റ്റംബർ ഏഴിന് മലബാർ കലക്ടർ ഇ.എഫ്. തോമസ് ‘മലപ്പുറത്തിന് ഒരു പ്രത്യേക പോലീസ് സംവിധാനം' വേണമെന്ന അന്നത്തെ ജില്ലാ പൊലീസ് സൂപ്രണ്ടായിരുന്ന ഹിച്ച്‌കോക്കിന്റെ ആവശ്യത്തെ പിന്താങ്ങി മദ്രാസ് സർക്കാറിലേക്ക് അയച്ച കത്താണ് മുകളിൽ ഉദ്ധരിച്ചത്. മലബാറിനെ, മലപ്പുറത്തെ ടാർഗെറ്റ് ചെയ്ത്​ ഇത്തരം ‘പ്രത്യേക പദവികൾ' നൽകൽ തോമസിന്റെയോ ഹിച്‌കോക്കിന്റെയോ കാലത്ത് തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി തുടർന്നു പോന്നിരുന്ന പല കൊളോണിയൽ പദ്ധതികളിൽ ഒന്നുമാത്രമാണ് ‘മലബാറിന് ഒരു പ്രത്യേക പോലീസ് സംവിധാനം' അഥവാ എം.എസ്.പി. മലപ്പുറം കത്തി, മാപ്പിള മതഭ്രാന്തൻ, മാർഷ്യൽ ലോ, മാപ്പിള ഔട്ട്‌റേജ്സ് ആക്ട്, നാടുകടത്തൽ തുടങ്ങിയവ മലബാർ സ്‌പെഷ്യൽ പൊലീസും മലബാർ സ്‌പെഷ്യൽ ട്രിബ്യൂണലും പിറക്കുന്നതിനു മുൻപേ ഈ ഗണത്തിൽ നൽകപ്പെട്ട ‘പ്രത്യേക പദവികൾ' ആണ്.

ഫ്രഞ്ച് മാർക്‌സിസ്റ്റ് ചിന്തകൻ ലൂയി അൽത്തൂസർ തന്റെ വിഖ്യാതമായ ‘റെപ്രെസ്സിവ് സ്റ്റേറ്റ് അപ്പാരറ്റസ്, ഐഡിയോളജിക്കൽ സ്റ്റേറ്റ് അപ്പാരറ്റസ്’ എന്നീ സങ്കല്പങ്ങളെ പരിചയപ്പെടുത്തി ഇപ്രകാരം പറയുന്നു: ‘‘രാഷ്ട്ര ഉപകരണങ്ങൾ, മർദനപരമായതോ പ്രത്യയശാസ്ത്രപരമായതോ ആവട്ടെ, പ്രവർത്തിക്കുന്നത് ഹിംസ കൊണ്ടും പ്രത്യയശാസത്രം കൊണ്ടുമാണ്.’’

ആർ.എച്ച്. ഹിച്ച്‌കോക്ക് സ്മാരകം

ഉപകരണങ്ങൾ എന്നതുകൊണ്ട് സർക്കാർ, പൊലീസ്, കോടതി, തുടങ്ങിയവയാണ് അദ്ദേഹം വിവക്ഷിക്കുന്നത്. പ്രത്യയശാസ്ത്രപരമായ ഉപകരണങ്ങൾ കുറേക്കൂടി പരോക്ഷമായതും അമൂർത്തവുമാണ്. കൊളോണിയൽ മലബാറിൽ രാഷ്ട്ര ഉപകരണങ്ങൾ രണ്ടും ഒരേപോലെ പ്രവർത്തിച്ചത് എങ്ങനെയാണെന്ന് കൊളോണിയൽ ഉദ്യോഗസ്ഥന്മാർ തമ്മിലുള്ള വ്യവഹാരങ്ങൾ സൂക്ഷ്മമായി പരിശോധിച്ചാൽ മനസ്സിലാക്കാം. ഒരു ഭാഗത്ത് മാപ്പിളയെ മതഭ്രാന്തനും ഹാലിളകിയവനും ചാവേറുകളും ആയി ‘അദൃശ്യമായി' അവതരിപ്പിക്കുമ്പോൾ മറുവശത്ത് ‘വാർ നൈവ്‌സ് ആക്ട്’, ‘മാപ്പിള ഔട്ട്‌റേജ്സ് ആക്ട്’, പ്രത്യേക പൊലീസ് സംവിധാനം തുടങ്ങിയ ഉപകരണങ്ങൾ പ്രത്യക്ഷമായി തന്നെ നടപ്പാക്കുന്നതായും കാണാം. ബ്രിട്ടീഷ് ആധിപത്യത്തോടെ മലബാറിൽ ജന്മികൾക്കനുകൂലവും കുടിയാന്മാർക്ക് അസംതൃപ്തി ഉണ്ടാക്കുന്നതുമായ തരത്തിലുള്ള ഭൂബന്ധ നിയമനിർമാണങ്ങളെ തുടർന്ന് നടന്ന തദ്ദേശീയരുടെ ചെറുത്തുനിൽപ്പും കലാപങ്ങളും തടയാനായി ഭരണസംവിധാനത്തിന് ഒരു സേന രൂപീകരിക്കേണ്ടി വന്നു. അങ്ങനെ രൂപീകരിക്കപ്പെട്ട സേനയാണ് മലപ്പുറം സ്‌പെഷ്യൽ ഫോഴ്‌സ്. ‘‘1885-ൽ മാപ്പിള കലാപങ്ങളെക്കുറിച്ച് വില്യം ലോഗൻ റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ട് ലോഗന്റെ മാന്വൽ എന്ന പേരിൽ അറിയപ്പെടുന്നു. ഈ റിപ്പോർട്ടിലെ നിർദേശപ്രകാരം മലപ്പുറം സ്‌പെഷ്യൽ പൊലീസ് എന്ന പേരിൽ 300 പേരടങ്ങുന്ന ഒരു സേനയ്ക്ക് മലപ്പുറത്ത് രൂപംനൽകുകയായിരുന്നു. 1906-ൽ മലബാർ സ്‌പെഷ്യൽ പോലീസിന് 106 പോലീസ് സ്റ്റേഷനുകളും 188 കാര്യാലയങ്ങളും 1278 സേനാംഗങ്ങളും ഉണ്ടായിരുന്നു. 1921 -ൽ മലബാർ കലാപം ശക്തമായപ്പോൾ ഈ സേന നിലവിൽ ഉണ്ടായിരുന്നെങ്കിലും അത് ഒരു സാധാരണ സായുധ റിസർവിൽ കഴിഞ്ഞ ഒന്നുമായിരുന്നില്ല.''

Malabar Rebellion 1921 ന്റെ കവർ

ഇന്ന് നൂറാം വാർഷികം ആഘോഷിക്കുന്ന മലബാർ സ്‌പെഷ്യൽ പൊലീസിന്റെ സ്ഥാപകനും ആദ്യത്തെ കമാണ്ടന്റും സൗത്ത് മലബാറിലെ പൊലീസ് സൂപ്രണ്ടായിരുന്ന ആർ.എച്ച്. ഹിച്ച്‌കോക്ക് ആയിരുന്നു. 1921 ആഗസ്റ്റ് 20 ഓടെ മലബാറിലെ സ്ഥിതി ആകെ മാറി. കലക്ടർ തോമസിന് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയാതെ വരികയും കലാപം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു. പൊതുവേ എടുത്തുചാട്ടകാരനും കാര്യനിർവഹണത്തിൽ പാളിച്ചകൾ പറ്റുകയും ചെയ്തിരുന്ന തോമസിന്റെ കൂടെ നിന്ന് സധൈര്യം സേനയെ നയിച്ച, മലബാർ സമരാഖ്യാനങ്ങളിൽ ക്രൂരമുഖമുള്ള, കഠിന ഹൃദയനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്നു ആർ.എച്ച്. ഹിച്ച്‌കോക്ക്. മലബാർ കലാപം അടിച്ചമർത്തിയ ശേഷം ഏതാനും വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങിപ്പോകുമ്പോൾ മരണപ്പെട്ട ഹിച്ച്‌കോക്കിന് കൊണ്ടോട്ടിക്കും മഞ്ചേരിക്കുമിടയിൽ സ്മാരകം നിർമിച്ചതും അത് പിന്നീട് പൊളിച്ചുമാറ്റേണ്ടി വന്നതും ചരിത്രം. ആ സംഭവത്തെക്കുറിച്ച് കമ്പളത്ത് ഗോവിന്ദൻ നായർ രചിച്ച ഏറനാട്ടിൽ വീരമക്കൾ എന്ന പടപ്പാട്ടിൽ ഇങ്ങനെ പറയുന്നു: ‘‘മഞ്ചേരി നിന്നഞ്ചാറുമൈല് ദൂരവെ മോങ്ങത്തില് സഞ്ചരിച്ചീടുന്നോർക്ക് കാണാനാകുമാ നിരത്തില് ചത്തുപോയ ഹിച്ച്‌കോക്ക് സായിപ്പിന്റെ സ്മാരകം ചാത്തനെ കുടിവെച്ചപോലെ ആ ബലാലിൻ സ്മാരകം നമ്മളുടെ നെഞ്ചിലാണാ കല്ലു നാട്ടീ വെച്ചത് നമ്മളുടെ കൂട്ടരെയാണാ സുവർ കൊന്നത്''

തിരൂരങ്ങാടിക്കാരനായ കെ.ടി. മുഹമ്മദ് തന്റെ വിഖ്യാതമായ 1921 -ലെ മലബാർ ലഹള എന്ന മലബാർ കലാപം ഇതിവൃത്തമായി രചിച്ച ചരിത്ര കാവ്യത്തിൽ പറയുന്നു:‘‘ക്രൂരൻ ഹിച്ച്‌കോക്ക് ഡി.എസ്.പി. റിട്ടെർഡായി കൊണ്ടിൻഗ്ലണ്ടിൽ പോകും മാർഗം ഹാർട്ട്‌ഫെയിലായി വാർത്ത പരന്ന ഉടൻ സ്മാരകം പണിയാനായി വൻതുക മാപ്പിളമാരിൽ നിന്നീടാക്കലായി''

എം.എസ്.പി.യുടെ രൂപീകരണത്തിലുള്ള ഹിച്ച്‌കോക്കിന്റെ പങ്കും അദ്ദേഹത്തിന് ലഭിച്ച പിന്തുണയും ഇതുമായി ബന്ധപ്പെട്ട കത്തിടപാടുകളിൽ പ്രകടമാണ്. ഈ കൊളോണിയൽ പദ്ധതി നടപ്പാക്കാൻ ‘വേണ്ട തരത്തിലുള്ള വിശ്വസ്തരായ ആളുകളെ തെരഞ്ഞെടുക്കാൻ മിസ്റ്റർ ഹിച്കോക്കിന് കഴിയു'മെന്ന് തോമസ് സർക്കാറിലേക്ക് എഴുതിയ കത്തിൽ (ഈ ലേഖനത്തിന്റെ തുടക്കത്തിൽ നൽകിയിട്ടുള്ളത്) പറയുന്നത് ഈ അർഥത്തിൽ ശ്രദ്ധേയമാണ്. എം.എസ്.പി. രൂപീകരിക്കേണ്ടതിന്റെ കാരണവും അത് വേഗം ആകേണ്ടതിന്റെ അനിവാര്യതയും ഹിച്ച്കോക്ക് 1921 സെപ്റ്റംബർ 24-ന് ഇൻസ്‌പെക്ടർ ജനറൽ പോലീസിന് എഴുതിയ കത്തിൽ വ്യക്തമായി വിശദീകരിക്കുന്നുണ്ട്: ‘‘കലാപം അടിച്ചമർത്തുന്നതിനും, ട്രൂപ്പുകൾ പിൻവലിക്കപ്പെടുന്നതിനെ തുടർന്ന് സുരക്ഷിതമായി മുന്നോട്ടുപോകുന്നതിനും, ജില്ലാ പൊലീസിനെ സഹായിക്കുന്നതിനുമായി നമുക്ക് നമ്മുടെ സേന അടിയന്തരമായി ഉണ്ടാകേണ്ടതുണ്ട്. ആളുകളെ നിയമിക്കുന്നതിനുള്ള നടപടികൾ ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. പക്ഷെ മാഗസിൻ റൈഫിളുകളും അനുബന്ധ കോപ്പുകളുമായി സായുധരല്ലെങ്കിൽ സേനയെ വെക്കുന്നത് ഉപയോഗശൂന്യമാണ്. 300 ആളുകൾ, 30 കോൺസ്റ്റബിൾമാർ, 8 അഞ്ചാം ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാർ, 4 ഒന്നാം ഗ്രേഡ് സബ് ഇൻസ്‌പെക്ടർമാർ, ഒരു അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് എന്നിവ നമുക്ക് ആവശ്യമുണ്ട്. 303 റൈഫിൾ, അനുബന്ധ ഉപകരണങ്ങൾ, ഹീലിയോ വിളക്കുകൾ, ടെലിസ്‌കോപ്പുകൾ, 6 സെറ്റ് സിഗ്‌നൽ ഉപകരണങ്ങൾ എന്നിവയും ആവശ്യമാണ്. കലാപം അടിച്ചമർത്തുന്നത് വരെ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പറഞ്ഞതുപോലെ ഇവരെ ഒരു ആക്രമണ സേനയായി നിർത്താനും പിന്നീട് നാല് പോസ്റ്റുകളിലായി വിഭജിക്കാനും ഞാൻ ഉദ്ദേശിക്കുന്നു. കൊല്ലപ്പെട്ടവരുടെയും സ്ഥിരമായി അംഗഭംഗപ്പെട്ടവരുടെയും ആശ്രിതർക്ക് പെൻഷൻ നൽകുമെന്ന് അവർക്ക് ഉറപ്പുനൽകണം. ഈ സേനയ്ക്ക് അനുമതി ലഭിക്കുന്നപക്ഷം ഒരാഴ്ചയ്ക്കുള്ളിൽ തന്നെ അതിനെ സംഘടിപ്പിക്കാനാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. പരിശീലനം ലഭിച്ചിട്ടുള്ളവരായതിനാൽ മൂന്നാഴ്ചത്തെ കഠിന പരിശീലനം മതിയാകും. സജ്ജീകരണത്തിനും പരിശീലനത്തിനുമായി സേനയെ, ഈ പ്രധാന ദൗത്യം ഏറ്റെടുത്തിരിക്കുകയും എന്താണ് വേണ്ടതെന്ന് കൃത്യമായി അറിയുകയും ചെയ്യുന്ന, മിസ്റ്റർ ടോട്ടൻഹാമിന് കീഴിൽ കണ്ണൂരിലേക്ക് അയക്കണമെന്ന് ഞാൻ നിർദ്ദേശിക്കുന്നു.''

എം.എസ്.പി. ക്യാമ്പസ്‌

മുകളിലുദ്ധരിച്ച കൊളോണിയൽ ഉദ്യോഗസ്ഥർ തമ്മിൽ നടന്ന ആശയവിനിമയത്തിൽ നിന്ന് അവർ വിഭാവനം ചെയ്ത എം.എസ്.പി. എന്താണെന്നും, അത് കലാപം അടിച്ചമർത്താനായുള്ള സ്റ്റേറ്റിന്റെ ഒരുപകാരമാണെന്നും സുവ്യക്തമാണ്. ഉദ്യോഗസ്ഥന്മാർ തുടക്കം മുതലേ മാപ്പിളമാർക്കെതിരെ കൊണ്ടുവരാൻ ശ്രമിച്ച ആക്ഷേപങ്ങളുടെയും പദ്ധതികളുടെയും നിർമിതിയും നടപ്പാക്കലും എങ്ങനെയായിരുന്നു എന്നതിനുള്ള ലിഖിതമായ തെളിവുകൂടിയാണിവ. 1921 സെപ്റ്റംബർ 30-ന് സർക്കാർ മലബാർ സ്‌പെഷ്യൽ പൊലീസ് എന്ന പ്രൊപ്പോസലിന് അംഗീകാരം നൽകിയതോടെ എം.എസ്.പി. തത്വത്തിൽ നിലവിൽവന്നു. സജ്ജീകരണവും തീവ്രപരിശീലനവും കഴിഞ്ഞ് ഒക്ടോബർ 27-ന് ആദ്യ മൂന്നു കമ്പനികൾ ബൂട്ടിട്ട് ഫീൽഡിലിറങ്ങി. ആ ബൂട്ടടികൾ പിറന്ന നാടിനുവേണ്ടി പിടഞ്ഞുമരിച്ച നിശബ്ദരാക്കപ്പെട്ട സമരപോരാളികളുടെ രക്തംപുരണ്ട ഓർമകളുടെ ശബ്ദിക്കുന്ന രൂപകമാണ്.

മറ്റുള്ള പ്രദേശങ്ങളിൽ നിന്നും ദേശീയ നേതാക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാർഷ്യൽ ലോയിലൂടെ പൂർണമായും വിച്ഛേദിക്കപ്പെട്ട മലബാറിൽ നിന്ന് കലാപകാലത്തെ കിരാതമായ പട്ടാള- പൊലീസ് വേട്ടയുടെ കൂട്ടകരച്ചിലുകൾ വളരെ വിരളമായേ പുറംലോകം കേട്ടുള്ളൂ.

ഒരു കൊളോണിയൽ മർദക ഉപകരണം ആയി നിലവിൽവന്ന എം.എസ്.പി.യിലേക്കുള്ള റിക്രൂട്ട്‌മെൻറ്​, പ്രത്യേകിച്ച് അതിന്റെ വേഗതയും സ്വഭാവവും, കൂടുതൽ പഠനവിധേയമാക്കേണ്ടതാണ്. കലാപകാലത്തും തുടർന്നും കൊളോണിയൽ ഭാഷ്യത്തിൽ പറയുന്ന "സമാധാനം പുനഃസ്ഥാപിക്കൽ' തദ്ദേശീയരെ സംബന്ധിച്ച്​ അടിച്ചമർത്തലിന്റെ അനുഭവമായിരുന്നുവെന്ന് കാണാം. സമാധാനം പുനഃസ്ഥാപിക്കാനുള്ള അടിച്ചമർത്തലിലും നരവേട്ടയിലും ഗൂർഖ റെജിമെൻറ്​, ഡോർസെറ്റ്, ലീൻസ്റ്റർ, സാഫോൾക്കർ, ചിൻ കച്ചിൻസ് തുടങ്ങിയവർക്കൊപ്പം തന്നെയായിരുന്നു മലബാർ സ്‌പെഷ്യൽ പൊലീസുകാരും എന്നത് 1921- 22 കാലത്തെ പത്ര റിപ്പോർട്ടുകളിൽ നിന്ന് വായിച്ചെടുക്കാം. കലാപകാരികളുടെ വീടുകളിൽ നിരന്തരം കയറിയിറങ്ങിയും തീവെച്ചും തെരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്തും നാടുകടത്തിയും സേന അവരുടെ ദൗത്യം നിർവഹിച്ചു. അടിച്ചമർത്തുന്നതിനായുള്ള നരവേട്ടയെക്കുറിച്ചുള്ള ആഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്ത റെജിമെന്റുകളുടെ പ്രവർത്തികൾ പ്രത്യേകം പ്രത്യേകമായി വേർതിരിച്ചെടുത്ത് പരിശോധിക്കുക എന്നത് ശ്രമകരമാണ്. കാരണം സമരക്കാരെ സംബന്ധിച്ച്​ ആക്രമണം അഴിച്ചുവിട്ടത് പട്ടാളവും പൊലീസുമായിരുന്നു. പട്ടാളവും പൊലീസും എന്നതിൽ യൂറോപ്പുകാരും തദ്ദേശീയരുമായ പട്ടാളക്കാരും പൊലീസുകാരും എല്ലാം ഉൾപ്പെടുന്നു. മറ്റുള്ള പ്രദേശങ്ങളിൽ നിന്നും ദേശീയ നേതാക്കളിൽ നിന്നും മാധ്യമങ്ങളിൽ നിന്നും മാർഷ്യൽ ലോയിലൂടെ പൂർണമായും വിച്ഛേദിക്കപ്പെട്ട മലബാറിൽ നിന്ന് കലാപകാലത്തെ കിരാതമായ പട്ടാള- പൊലീസ് വേട്ടയുടെ കൂട്ടകരച്ചിലുകൾ വളരെ വിരളമായേ പുറംലോകം കേട്ടുള്ളൂ. കലാപഭൂമിയികയിലെ കദനകഥകളുടെ ഒച്ചപ്പാടുകൾ മൂടിവെക്കാനുള്ള കൃത്യമായ ഉപകരണങ്ങളും അധിനിവേശശക്തിക്ക് ഉണ്ടായിരുന്നുവല്ലോ.

ഇ.എച്ച്. കോൾബ്രൂക്ക് 1928-ൽ പുറപ്പെടുവിച്ച സർക്കുലർ

കലാപാനന്തരം മലബാറിൽ സമാധാനം നിലനിർത്തുക എന്ന പേരിൽ നിലയുറപ്പിച്ച എം.എസ്.പി.യുടെ മലബാർ കലാപശേഷമുള്ള കാലത്തെ പ്രവർത്തനങ്ങൾ കൂടി ഈ സന്ദർഭത്തിൽ വിലയിരുത്തേണ്ടതുണ്ട്. മലബാർ കലാപത്തോടെ ഉടുതുണിക്ക് മറുതുണിയില്ലാത്ത വിധത്തിൽ അവശേഷിക്കപ്പെട്ട മാപ്പിളജീവിതത്തിൽ സ്റ്റേറ്റിന്റെ ഉപകരണമായി എം.എസ്.പി. ‘മേൽനോട്ടം' വഹിച്ചതിന്റെ ഉദാഹരണങ്ങൾ ഏറെയാണ്. 1921-ലെ ചെറുത്തുനിൽപ്പിന്റെ ഓർമകളെ, അടയാളങ്ങളെ തിരിച്ചുകിട്ടാത്ത വിധത്തിൽ മായ്ച്ചുകളയാൻ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1928 ജൂണിൽ ഇറങ്ങിയ ഇത്തരത്തിലുള്ള ഒരു സർക്കുലർ എം.എസ്.പി. രേഖകളിൽ തന്നെയുണ്ട്. മലബാറിൽ പ്ലാന്റർ ആയിരുന്ന പിൽക്കാലത്ത് അസിസ്റ്റൻറ്​ പോലീസ് സൂപ്രണ്ടും തുടർന്ന് എം.എസ്.പി. കമാണ്ടന്റും ആയ ഇ.എച്ച്. കോൾബ്രൂക്ക് പുറപ്പെടുവിച്ച സർക്കുലറിൽ ഇങ്ങനെ പറയുന്നു: ‘‘ഇക്കഴിഞ്ഞ കലാപത്തിലോ അതിനുമുമ്പുള്ള ഏതെങ്കിലും കലാപങ്ങളിലോ മരണപ്പെട്ട മാപ്പിളമാരുടെ ഭൗതികശരീരം കുഴിച്ചുമൂടുകയോ, കത്തിക്കുകയോ, മറ്റേതെങ്കിലും രീതിയിലോ ഉള്ള സ്ഥലങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുന്നതിനായി ഇൻസ്‌പെക്ടർമാർ തങ്ങളുടെ സബ്ഇൻസ്‌പെക്ടർമാരോട് കൽപ്പിക്കേണ്ടതാണ്. മരണപ്പെട്ട മാപ്പിളമാരുടെ കൃത്യമായ പേരും എങ്ങനെയാണ് അവർ കൊല്ലപ്പെട്ടതെന്നും ഭൗതികശരീരം എങ്ങനെയാണ് ഒഴിവാക്കിയതെന്നും ഒരു ചെറുവിവരണത്തോടെ പട്ടികയിൽ കാണിക്കണം. പ്രസ്തുത സ്ഥലങ്ങൾ പ്രാർഥന നിരോധിക്കപ്പെട്ട'താണോ എന്ന് ഒരു കുറിപ്പ് തയ്യാറാക്കി പറയണം. പട്ടിക തയ്യാറാക്കി കഴിഞ്ഞാൽ ഓരോ ഇൻസ്‌പെക്ടർമാരും തൊട്ടടുത്തുള്ള എം.എസ്.പി. കമ്പനി കമാൻഡറോട് ഒരു ഇന്ത്യൻ ഓഫിസറെ വിട്ടുതരാൻ അപേക്ഷിക്കുകയും അവരോടൊപ്പം സബ്ഇൻസ്‌പെക്ടറെയും ഓരോ പ്രദേശത്തേക്കും പറഞ്ഞയച്ച് ഒരു ഭൂപടം തയ്യാറാക്കുകയും വേണം. ഈ വിവരം സ്റ്റേഷനിൽ രേഖപ്പെടുത്തേണ്ടതും അതതു എം.എസ്.പി. കമ്പനി കമ്മാണ്ടർമാർക്ക് അയച്ചുകൊടുക്കേണ്ടതുമാണ്''.

എം.എസ്.പി. ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്റർ

ഈ സർക്കുലർ പ്രകാരം കാളികാവ്, പോരൂർ, എടപ്പറ്റ, നിലമ്പൂർ, ചുങ്കത്തറ, പാണ്ടിക്കാട്, ചെമ്പ്രശ്ശേരി, എളങ്കൂർ, വെട്ടിക്കാട്ടിരി, ആനക്കയം, മങ്കട, കടന്നമണ്ണ, കൊണ്ടോട്ടി തുടങ്ങി അനേകം ദേശങ്ങളിലെ മലബാർ സമരപോരാളികളുടെ വിവരങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ പട്ടികയും എം.എസ്.പി. രേഖകളിൽ നിന്ന് കണ്ടെത്താൻ സാധിച്ചിട്ടുണ്ട്. 1921-ലെയും അതിനുമുമ്പുമുള്ള മലബാർ സമരപോരാളികളുടെ പേര് വിവരങ്ങളടങ്ങിയ ഒരു ഡോക്യുമെൻറ്​ എന്നതിലപ്പുറം കലാപാനന്തര കാലത്ത് സ്റ്റേറ്റിന്റെ സർവൈലൻസിനായി എം.എസ്.പിയെ ഉപയോഗപ്പെടുത്തിയതിന്റെ തെളിവുകൂടിയാണിത്. പിൽക്കാലത്ത് ഭരണകൂടങ്ങൾ തങ്ങളുടെ താൽപര്യത്തിനനുസരിച്ച് സമരപോരാളികളുടെ ഡിക്ഷണറിയും മാന്വലും തയ്യാറാക്കി കൂട്ടിച്ചേർക്കുകയോ, മായ്ച്ചുകളയുകയോ, നിരോധിക്കുകയോ ചെയ്താലും അത്തരം ചരിത്രവിരുദ്ധ പ്രവർത്തനങ്ങൾ എല്ലാം റദ്ദ് ചെയ്യാൻ കെൽപ്പുള്ള ചരിത്രരേഖകൾ ഇനിയും ഉപയോഗിക്കപ്പെടാതെ ആർക്കൈവുകളിലും പുറത്തും കിടക്കുന്നുണ്ട് എന്ന യാഥാർഥ്യം കൂടി ഇത് വിളിച്ചോതുന്നു.

സ്വതന്ത്ര ഇന്ത്യയിലും കേരള സംസ്ഥാന രൂപീകരണത്തിനുശേഷവും എം.എസ്.പി. എന്ന പൊലീസ് ഘടകം തുടർന്നു. രാജ്യത്തെ തന്നെ പഴക്കം ചെന്ന സേന ആയതിനാൽ ഇതിനകം തന്നെ പ്രശംസയും പ്രതിഷ്ഠയും നേടാനും വിവിധ കലാപങ്ങളെ നേരിടാനുള്ള ദൗത്യം ഏറ്റെടുക്കാനും എം.എസ്.പിയ്ക്ക് സാധിച്ചിരുന്നു.‘‘1948-ൽ ഹൈദരാബാദിനെ ഇന്ത്യയുമായി കൂട്ടിച്ചേർക്കാൻ വേണ്ടി നടത്തിയ സൈനിക നടപടിയിൽ എം.എസ്.പി.യും പങ്കെടുത്തിരുന്നു. ഒരു മിലിറ്ററി ഓപ്പറേഷനിൽ ഇന്ത്യയിലെ ഒരു പോലീസ് സേന പങ്കെടുത്ത ആദ്യ സംഭവമായിരുന്നു ഇത്.’’ .
1953-ലെ മദിരാശി പൊലീസ് സ്‌ട്രൈക്ക് അടിച്ചമർത്തുന്നതിലും നാഗാലാൻഡിൽ നാഗപ്രക്ഷോഭകാരികളെ അമർച്ച ചെയ്യുന്നതിനും എം.എസ്.പി. കാര്യമായ പങ്കുവഹിച്ചു.‘‘1964-ൽ രജതജൂബിലി വേളയിൽ ഇൻസ്‌പെക്ടർ ജനറൽ സന്ദേശത്തിൽ ഉപമിച്ചതുപോലെ ഉറയിലിട്ടാൽ ആർക്കും ഉപദ്രവം ഇല്ലാത്തതും പുറത്തെടുത്താൽ ആക്രമിക്കാനും പ്രതിരോധിക്കാനും തക്ക ശക്തമായ ആയുധവുമായ, നന്നായി കടഞ്ഞെടുത്ത, വിശ്വസിക്കാവുന്ന വാൾ പോലെ’’ യായി എം.എസ്.പി. മാറി.

എം.എസ്.പി. രൂപീകൃതമായ കാലം മുതലുള്ള കോളോണിയൽ ആഖ്യാനങ്ങളെയാണോ അതോ അതിന്റെ ഇരയാക്കപ്പെട്ട തദ്ദേശീയരുടെ ആഖ്യാനങ്ങളെയാണോ മ്യൂസിയം ഒരുക്കുന്നതിന് അവലംബിച്ചിരിക്കുന്നത് എന്ന അന്വേഷണം ചരിത്രപരമായി പ്രസക്തമാണ്.

മലബാർ കലാപം അടിച്ചമർത്താനും ജില്ലാ പൊലീസിനെ സഹായിക്കാനുമായി എം.എസ്.പി. രൂപീകൃതമായിട്ട് ഒരു നൂറ്റാണ്ട് തികയുന്ന ഈ വേളയിൽ, വിശിഷ്യ മലബാർ കലാപവുമായി ബന്ധപ്പെട്ട് ചർച്ചകൾ സജീവമായി നടക്കുന്ന സാഹചര്യത്തിൽ എം.എസ്.പി.യുടെ ശതവാർഷിക പ്രവർത്തനങ്ങളും ജനശ്രദ്ധയാകർഷിക്കുന്നതാണ്. അതേസമയം, മലബാർ കലാപം ആഘോഷിക്കാൻ പാടുണ്ടോ ഇല്ലയോ എന്ന ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ടപോലെ വൈയക്തികമായി എം.എസ്.പി.യുടെ ആഘോഷത്തിന്റെ കാര്യത്തിലും ഈ ചോദ്യങ്ങൾ പ്രസക്തമാണ്. നൂറാം വാർഷികാഘോഷങ്ങളുടെ തുടക്കംകുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജനുവരി 27-ന് എം.എസ്.പി. ആസ്ഥാനത്ത് സെന്റിനറി ഗേറ്റ് ഉദ്ഘാടനംചെയ്തു. ഇതിനുപുറമേ, ആസ്ഥാനത്ത് പൊലീസുകാർക്കും പ്രദേശത്തെ ജനങ്ങൾക്കുമായി 100 കിടക്കകളോടെ ഒരു ആശുപത്രി, പോലീസ് മ്യൂസിയം, ഫുട്‌ബോൾ അക്കാദമി, ജൈവവൈവിധ്യ പാർക്ക് തുടങ്ങിയവ നിർമിക്കുമെന്നും ഇതിനകം പ്രഖ്യാപിക്കുകയും പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഈ അവസരത്തിൽ പ്രഖ്യാപിക്കപ്പെട്ട ഓരോ പദ്ധതിയും പ്രാധാന്യമർഹിക്കുന്നതും ശ്രദ്ധയാകർഷിക്കുന്നതുമാണ്.

മാപ്പിളമാരുടെയും മലബാറിന്റെയും ചരിത്രത്തിൽ ‘ഒരു വഴിത്തിരിവ്' എന്ന് വിശേഷിപ്പിക്കാവുന്ന മലബാർ കലാപത്തിന്റെ ചരിത്രശേഷിപ്പുകൾ എന്ന വിശാലാർഥത്തിൽ എന്തൊക്കെയാണ് മ്യൂസിയം പ്രദർശിപ്പിക്കുന്നത് എന്നത് ഏറെ ഗൗരവമുള്ള കാര്യമാണ്; ചരിത്രപഠനത്തിന്റെ പരിപ്രേക്ഷ്യത്തിൽ കൂടുതൽ പ്രാധാന്യമുള്ളതാണ്. എം.എസ്.പി. രൂപീകൃതമായ കാലം മുതലുള്ള കോളോണിയൽ ആഖ്യാനങ്ങളെയാണോ അതോ അതിന്റെ ഇരയാക്കപ്പെട്ട തദ്ദേശീയരുടെ ആഖ്യാനങ്ങളെയാണോ മ്യൂസിയം ഒരുക്കുന്നതിന് അവലംബിച്ചിരിക്കുന്നത് എന്ന അന്വേഷണം ചരിത്രപരമായി പ്രസക്തമാണ്. മലബാർ കലാപ ചരിത്രം ദേശീയതലത്തിൽ തന്നെ പുനരാഖ്യാനം ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്ന സാഹചര്യം കൂടിയാണിത് എന്നത് അതിന്റെ ഗൗരവം വർധിപ്പിക്കുന്നു. അതേസമയം, ഈ രണ്ടു ആഖ്യാനങ്ങളിൽ ഏത് തിരഞ്ഞെടുത്താലും കൊളോണിയൽ സർക്കാരിന്റെ മർദന ഉപകരണം എന്ന ധർമം മറച്ചുവെക്കാൻ സാധിക്കില്ല. പൊലീസ് മ്യൂസിയത്തിലെ പല പ്രദർശിത വസ്തുക്കളുടെയും സാന്നിധ്യം ഒരു പക്ഷെ എം.എസ്.പി.യുടെ തന്നെ ആത്മകഥാപരമായ ആഖ്യാനത്തിലെ അപോറിയ ആയി നിലനിൽക്കും.

എം.എസ്.പി. സ്‌കൂൾ

ഇതിനകം വിദ്യാഭ്യാസരംഗത്ത് ചുവടുവെപ്പുകൾ നടത്തിയ എം.എസ്.പി. ആരോഗ്യ രംഗത്തേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുന്നു എന്നത് ശ്ലാഘനീയമായ പ്രവർത്തിയാണെങ്കിലും നൂറാംവാർഷിക ആഘോഷത്തിന്റെ ഭാഗമായി അതിന് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന് വ്യക്തത വരുത്തേണ്ടതുണ്ട്. എന്നാൽ എം.എസ്.പി. നിലവിൽ ഒരുക്കിയിട്ടുള്ള മ്യൂസിയത്തിൽ ഗവേഷകരെയും ചരിത്ര കുതുകികളെയും ഒരേപോലെ ആകർഷിക്കുന്നതാണ് ആരോഗ്യ/ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട് അവിടെ നിരത്തിവെച്ചിരിക്കുന്ന എക്‌സിബിറ്റുകൾ. ഓപ്പറേഷൻ തിയേറ്ററിൽ ഉപയോഗിച്ചിരുന്ന ഓപ്പറേഷൻ ടേബിൾ, മുകളിലെ ലൈറ്റ്, സർജറിയുമായി ബന്ധപ്പെട്ട മാന്വൽ, ഒപ്പേറേഷൻ ഉപകരണങ്ങൾ എന്നിവയെല്ലാം ഏറ്റവും കുറഞ്ഞത് ഒരു നൂറ്റാണ്ടിന്റെ ചരിത്രം പറയുന്ന ശേഷിപ്പുകളാണ്. മലബാർ കലാപ പഠനങ്ങളിലോ, എം.എസ്.പി.യുടെ ചരിത്രത്തിലോ ഇതുവരെ പറയാത്ത പ്രത്യേകിച്ച് അന്തർ വിഷയാത്മകമായ പുതിയ പഠനങ്ങളിലേക്ക് ഈ ശേഷിപ്പുകൾ ചരിത്രവിദ്യാർഥികളെ എത്തിച്ചേക്കാം. തന്റെ വിഖ്യാതമായ എ ഹിസ്റ്ററി ഓഫ് ദി മലബാർ റെബെല്യനിൽ ആദ്യ കമാണ്ടൻറ്​ കൂടിയായിരുന്ന ആർ.എച്ച്. ഹിച്ച്‌കോക്ക് എം.എസ്.പി.യെക്കുറിച്ച് പറയുന്നിടത്ത് ഒരു ആശുപത്രിയെ പരാമർശിക്കുന്നുണ്ട്: ‘‘There is a central hospital at Malappuram with an Assistant Surgeon and two Sub-Assistant Surgeons and a motor ambulance. Difficulty was experienced during the rebellion through some Sub-Assistant Surgeons refusing to accompany men in action and they were within their rights in doing so. The difficulty was then overcome partly by arrangement between the Surgeon- General, Madras, and the Assistant Director of Medical Services partly through the kindness of Colonel T.T.H Robinson DSO., R.A.M.C., the Senior Medical Officer and partly by a volunteer, Sub-Assistant Surgeon Kelan, offering his services.'

കെ.വി. ബാബുവിന്റെ മലബാർ പോലീസ് രേഖകൾ എന്ന പുസ്തകത്തിന്റെ കവർ

ആർക്കൈവ്‌സിലെ രേഖകളിലും പൊലീസ് സേനയ്ക്കായി നിർമിച്ച ആശുപത്രിയും അതിനോട് ചേർന്ന വസ്തുവഹകളും പരാമർശിക്കുന്നുണ്ട്. ആയതുകൊണ്ടുതന്നെ നൂറാം വാർഷികത്തോടനുബന്ധിച്ച് ആശുപത്രി നിർമിക്കുക എന്നതിലേറെ, ചരിത്രപരമായി കൊളോണിയൽ കാലത്ത് എം.എസ്.പി.യോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ആശുപത്രിയും അതിന്റെ പ്രവർത്തനങ്ങളും കൂടുതൽ പ്രാധാന്യമർഹിക്കുന്നു. ആശുപത്രിയും (പ്രത്യേകിച്ച് പൊലീസിന് കീഴിലുള്ളത്) കോടതി, ജയിൽ തുടങ്ങിയ മറ്റു സ്ഥാപനങ്ങളെപ്പോലെ രാഷ്ട്രത്തിന്റെ കയ്യിലെ മർദക ഉപകാരണമാകാമല്ലോ! കെട്ടിടങ്ങളുടെ പുനർനിർമാണത്തോടെ നശിപ്പിക്കപ്പെട്ട/ നഷ്ടപ്പെട്ട മലബാറിലെ അമൂല്യമായ ചരിത്രശേഷിപ്പുകളുടെ ഗതി എം.എസ്.പിയുടെ ചരിത്രത്തിന് വരാതിരിക്കട്ടെ. ‘മലബാറിനൊരു പ്രത്യേക പോലീസ് സംവിധാനം' എന്ന പദ്ധതിയിലൂടെ രൂപീകൃതമായ എം.എസ്.പി.യുടെ ചരിത്രത്തിലേക്ക് പുനർസന്ദർശനം നടത്തുന്നതിലൂടെ അതിന്റെ ബൂട്ടിനാൽ അടിച്ചമർത്തപ്പെട്ട തദ്ദേശീയരുടെ ശബ്ദങ്ങളും പുറംലോകം കേൾക്കട്ടെ! നൂറു വർഷങ്ങൾക്കിപ്പുറം ഫുട്‌ബോൾ അക്കാദമിയിൽ സൗഹൃദ മത്സരത്തിനായി കെട്ടുന്ന ബൂട്ടുകളുടെ ശബ്ദം ഇരുപത്തൊന്നിലെ നെഞ്ചിടിപ്പിനെ ഓർമിപ്പിക്കാതിരിക്കുമോ?

മലബാർ സ്‌പെഷ്യൽ പൊലീസ് എന്ന നാമം തന്നെ പലപ്പോഴും പ്രശ്‌നവൽക്കരിക്കപ്പെട്ടതും പേര് മാറ്റുന്നതിനുള്ള ചർച്ചകൾ സജീവമായതും ആണ്. എംഎസ്.പി.യുടെ കമാണ്ടന്റായി സേവനമനുഷ്ഠിച്ച എ.കെ. വാസുദേവൻ തന്റെ പുസ്തകത്തിൽ എം.എസ്.പി.യുടെ പേര് മാറ്റാനുള്ള വിഫലമായ ശ്രമത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: ‘‘After two unsuccessful attempts to shift MSP from Malappuram, there was a calculated effort to change the name of MSP to eradicate the memory of the unit from the minds of the future generation. One of the ruling alliance parties having their roots in Malabar area was behind the attempt. The matter came up for discussion during officers' conference... TAS Iyer, DGP wrote that a few excesses as alleged may have been there but the glorious performances and splendid service to the country for over 80 years all along would always remain a sparkling performance in the annals of the history of MSP. With that report that chapter was closed for ever.’’ 12

ചരിത്രം ഏത് വീക്ഷണകോണിലൂടെയാണ് രചിക്കപ്പെടുന്നത്, വായിക്കപ്പെടുന്നത് എന്നത് ചരിത്രപഠനത്തിലെ എക്കാലത്തെയും സങ്കീർണ പ്രശ്‌നമാണല്ലോ. 1921 -ൽ എം.എസ്.പി.യുടെ രൂപീകരണത്തിന് കാരണമായ മലബാർകലാപത്തിന് 100 വർഷം പൂർത്തിയാവുന്ന ഈ വേളയിൽ എം.എസ്.പി.യുടെ അധിനിവേശാനന്തര ചരിത്രവും അനുഭവങ്ങളും കൂടുതൽ പുറത്തുവരട്ടെ, അങ്ങനെ ഔദ്യോഗിക ആഖ്യാനത്തിൽ വിട്ടുപോയ ഭാഗങ്ങൾ കൂട്ടിച്ചേർക്കാനും സാധിക്കട്ടെ. ▮

ഗ്രന്ഥ സൂചി: 1. G.R.F Tottenham, Mappilla Rebellion 1921-1922, Govt. Press, Madras,1922. pp380 2. Louis Althusser, Lenin and Philosophy and Other Essays. Monthly Review Press, New York and London. Pp145.
3. അലക്‌സാണ്ടർ ജേക്കബ്, എം.എസ്.പിയും മലബാർ കലാപവും, മലബാർ കലാപം കഥയും പൊരുളും (എഡി. ബോബി തോമസ്), സൈൻ ബുക്‌സ്, തിരുവനന്തപുരം. 2021. Pp 275
4. കമ്പളത്ത് ഗോവിന്ദൻ നായർ, ഏറനാട്ടിൻ വീരമക്കൾ, ദേശാഭിമാനി വാരിക,1944.
5. കെ.ടി മുഹമ്മദ്, 1921 ലെ മലബാർ ലഹള-ചരിത്ര കാവ്യം, സി.എച്ച് മുഹമ്മദ് & സൺസ് തിരുരങ്ങാടി. 1975
6. G.R.F Tottenham, Mappilla Rebellion 1921-1922, Govt.Press, Madras,1922. pp382
7. E.H Colebrook. Circular dated 24.06.1928
8. എ.പി കുഞ്ഞാമു; ‘‘എം.എസ്.പിയുടെ ശതാബ്ദിയും ആഘോഷിക്കുകയോ?'' പാഠഭേദം ആഗസ്ത് 2021.
9. അലക്‌സാണ്ടർ ജേക്കബ്, എം.എസ്.പിയും മലബാർ കലാപവും, മലബാർ കലാപം കഥയും പൊരുളും (എഡി. ബോബി തോമസ്). സൈൻ ബുക്‌സ്, തിരുവനന്തപുരം. 2021. Pp 278
10. https://keralapolice.gov.in/page/malabar-special-police.11. R.H Hitchcock, A History of Malabar Rebellion 1921. Government Press. Madras. 1925.Pp.17312. A.K Vasudevan, IPS (Retired), Views from the Ringside Seat (Reminiscences of Four Decades of Police Service). Samayam Publications Kannur 2011. Pp. 222.


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


അബ്​ദുൽ ബാരി സി.

വേങ്ങര മലബാർ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻറ്​പ്രൊഫസർ. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വിഭാഗത്തിൽ ഗവേഷണം നടത്തുന്നു.

Comments